നിശാഗന്ധി: ഭാഗം 36
Sep 28, 2024, 10:20 IST

രചന: ദേവ ശ്രീ
" ഇവിടെ എന്തുണ്ടാക്കിയാലും ഓന്റെ ഒര് പറച്ചില്ണ്ട്... ന്റെ നന്ദ പെണ്ണ് ഒന്നും കഴിച്ചിട്ടുണ്ടാവില്ല നബീസോ ന്ന്.... " ഉമ്മച്ചിയുമ്മാടെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ കുളിര് തീർത്തു.... " ന്റെ നന്ദ പെണ്ണ്.... " വീണ്ടും വീണ്ടും ആവർത്തിച്ചു പറയുമ്പോൾ ആ പെണ്ണ് അനുഭവിക്കുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല..... പിന്നീട് കാത്തിരിപ്പായിരുന്നു അമീറിന് വേണ്ടി.... 🌕🌕🌕🌕🌕🌕🌕 " നിനക്ക് തോന്ന്യാസം കാണിക്കാനല്ല ഞാനന്റെ മോളെ നിനക്ക് കെട്ടിച്ചു തന്നത്..... " അത്രേം വിശാലിനോട് പറയുമ്പോൾ പൊന്നു പോലെ വളർത്തിയ മകളോടുള്ള അന്ധമായ സ്നേഹമൊന്നു മാത്രമായിരുന്നു അയാളുടെ ഉള്ളിൽ.... " എന്താടാ നിന്റെ നാവ് ഇറങ്ങിയൊ...? ഇതൊന്നുമല്ല... ണീ ഈ ഗംഗാധരൻ ആരാണെന്ന് അറിയാൻ പോകുന്നെള്ളൂ.... നിന്റെ മിണ്ടാട്ടം ഞാൻ ശരിക്കും മുട്ടിക്കുന്നുണ്ട്.... " " ദേ കാർന്നോരെ... വയസിന് മൂത്തതല്ലേന്നുള്ള ബഹുമാനം തരുമ്പോ എന്തും അങ്ങ് കയറി പറയാം എന്ന് കരുതരുത്.... നിങ്ങടെ മകളെ അവസാന നിമിഷത്തിൽ ഞാനൊന്ന് തല്ലി പോയി... അത് നല്ല പ്രായത്തിൽ നിങ്ങള് ചെയ്യാത്ത കാരണം എനിക്ക് ചെയ്യേണ്ടി വന്നതാണ്.... പിന്നെ...... നിങ്ങളെ അവൾ പറഞ്ഞു വിശ്വസിപ്പിച്ച കള്ളങ്ങൾ കേട്ട് എന്റെ മേല് മേക്കിട്ട് കയറാൻ വരരുത്.... ഞാൻ അവളെ ഇവിടെ നിന്നും ഇറക്കി വിട്ടതിന് കാരണങ്ങളുണ്ട്.... അതിന്റെ തെളിവുകളും ഉണ്ട്...." വിശാൽ പറഞ്ഞു... " എന്ത് തെളിവ്....? എന്ത് തെളിവാണേൽ കാണിക്ക്....? " ഗംഗാധരൻ ദേഷ്യം ഒട്ടും കുറക്കാതെ പറഞ്ഞു.., " അത് ഞാൻ കോടതിയിൽ കാണിക്കാം.... നിങ്ങടെ മകള് ഉമ്മറത്തു വെച്ച സിസിടീവി ക്യാമറ കണ്ടിട്ടുണ്ടോ ന്ന് ചോദിച്ചാൽ മാത്രം മതി.... " അത്രേം പറഞ്ഞു ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി.... അയാൾ രോക്ഷം അടങ്ങാതെ ഫോൺ കയ്യിലിട്ട് ഞെരിച്ചു..... " അവൻ കോടതിയിൽ വെച്ചു കാണാം ന്ന്... അവന്റെ കയ്യിൽ തെളിവുണ്ട് പോലും.... അവൻ എന്താ കാണിക്കുന്നത് എന്ന് കാണാലോ.... അവൻ കാണിക്കട്ടെ.... ഡിവോഴ്സ് കിട്ടാൻ സമ്മതിക്കില്ല ഞാൻ...." ശ്രീലക്ഷ്മി സന്തോഷം തോന്നി... വീട്ടുക്കാർ തനിക്കൊപ്പം ഉണ്ട്... വീണ്ടും വിശാലിന്റെ ജീവിതത്തിലേക്ക് ചെന്നില്ലെങ്കിൽ ഇവിടെയുള്ള ജീവിതം നരകമായിരിക്കും..... " എന്ത് തെളിവാ ഗംഗേട്ടാ....? " ലത ഭർത്താവിനെ നോക്കി ചോദിച്ചു.... " ഉമ്മറത്തു സിസിടിവി ഉണ്ട് പോലും... അതിലെന്താണെലും അവൻ കാണിക്കട്ടെ... നമ്മുടെ മകള് തെറ്റ് ചെയ്തിട്ടില്ലല്ലോ... " അയാൾ മകളോടുള്ള സ്നേഹത്തിൽ അന്ധനായിരുന്നു ആ നിമിഷം.... മറുവശത്തെ സത്യത്തേ കുറിച്ച് ചിന്തിക്കാൻ ബോധമില്ലാത്ത പോലെ പുത്രി വാത്സല്യം അയാളുടെ കണ്ണും കാതും മൂഡികെട്ടി..... പക്ഷേ ശ്രീലക്ഷ്മിയിൽ ഭയം നിറഞ്ഞു..... ആ ഒരു കാര്യം പാടെ മറന്നു പോയിരുന്നു.... ഷിനോയ്ടെ കൈയിൽ ചുറ്റി പിടിച്ചു തോളിൽ തല വെച്ചു അകത്തേക്ക് കയറുന്നത് ഓർത്തവൾ.... കേസുമായി മുന്നോട്ട് പോയാൽ എല്ലാവരും എല്ലാം അറിയും... അങ്ങനെയെങ്കിൽ വീട്ടുകാരുടെ മുന്നിൽ തല ഉയർത്താൻ കഴിയില്ല.... " എനിക്കിനി അയാളെ വേണ്ടച്ചാ...... എന്നെ ഇത്രേം സംശയിക്കുന്ന, ദ്രോഹിച്ച അയാളെ എനിക്ക് വേണ്ടാ.... " ശ്രീലക്ഷ്മി അത്രേം പറഞ്ഞു അകത്തേക്ക് കയറി പോകുമ്പോൾ ആ അച്ഛന്റെ മനസ് നൊന്തു.... തന്റെ മകൾ അത്രേം അനുഭവിച്ചു കാണും... പാവം... അയാൾക്ക് വല്ലാത്ത വേദന തോന്നി... അയാളെ ഒന്ന് നോക്കി ലത അകത്തേക്ക് കയറി.... ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് കയറിയതും ബെഡിൽ കമിഴ്ന്നു കിടക്കുന്ന ശ്രീലക്ഷ്മി.... " ഡി... സത്യം പറ... നീ അവിടെ എന്തൊപ്പിച്ചാ വന്നത്... അവൻ പറഞ്ഞതെല്ലാം സത്യമാണല്ലേ...? " അവർ ദേഷ്യത്തോടെ ചോദിക്കുമ്പോൾ ശ്രീലക്ഷ്മി തല താഴ്ത്തിയിരുന്നു.... ഇനിയും അമ്മക്ക് മുന്നിൽ കള്ളം പറഞ്ഞു നിൽക്കാൻ കഴിയില്ല.... " അസത്തെ... അവൻ അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു നീ എന്തെങ്കിലും ഒപ്പിച്ചു കാണുമെന്ന്.... നല്ലൊരു ജീവിതം കൊണ്ടു പോയി തുലച്ചിട്ട്... ഇനി നിനക്ക് നല്ലൊരു ജീവിതം കിട്ടോ..." അവർ കൈ വീശി തലങ്ങും വിലങ്ങും ശ്രീലക്ഷ്മിയെ തല്ലി..... " അമ്മ ഒന്ന് നിർത്തുന്നുണ്ടോ... എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.... ഇനി എന്തു വേണമെന്നും എനിക്ക് അറിയാം.... അമ്മ തത്കാലം അമ്മേടെ പണി നോക്കിയാൽ മതി... എന്റെ കാര്യം അന്വേഷിക്കണ്ട.... " ശ്രീലക്ഷ്മി ദേഷ്യത്തിൽ ചീറി.... " എന്ത് പറഞ്ഞെഡി നീ.... " അവർ കരഞ്ഞു പോയി... " എങ്ങനെ തോന്നിടി നിനക്ക് എന്നോട് ഇങ്ങനെയൊക്കെ പറയാൻ.... നിന്നെ കണ്ണെ പൊന്നെ എന്ന് നോക്കിയതല്ലേ... എന്നിട്ട് നീ തന്നെ ഇങ്ങനെ പറയണമെടി.... " ലത കരഞ്ഞു കൊണ്ടിരുന്നു.... " എന്റെ അമ്മേ... ഒരു അബദ്ധം പറ്റി... അത് പറ്റി പോയി... ഇനി അതെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല... ഇത് പോയത് ഇതിലും നല്ലത് കിട്ടാനാകും.... ". ഇത്രേം നടന്നിട്ടും യാതൊരു കുലുക്കവും കുറ്റബോധവുമില്ലാതെ പറയുന്നവളെ കണ്ണ് മിഴിച്ചു നോക്കിയവർ... " തത്കാലം ഇപ്പൊ ജീവിക്കാൻ മേലെപ്പാട്ടെ വരുമാനമില്ലേ... അത് തന്നെ ധാരാളം... പ്രിയ ആണേൽ ഹോസ്റ്റലിൽ... ഇവിടെ നമ്മള് മൂന്നുപേരല്ലേ ഉള്ളൂ.... " ശ്രീലക്ഷ്മി കാര്യങ്ങളെ നിസാരവത്കരിച്ചു..... " മേലെപ്പാട്ടെ വരുമാനമെല്ലാം നിലച്ചു.... നീ കഥയൊന്നും അറിഞ്ഞില്ലേ....? " അവർ നിർവികാരമായി ചോദിച്ചു..... " ഇല്ല... " ശ്രീലക്ഷ്മി എന്താണെന്നറിയാൻ അമ്മയെ നോക്കി.... " മഹിയും ആ മറ്റവളും ഡിവോഴ്സ് ആയി.... " അത് പറയുമ്പോൾ ശ്രീലക്ഷ്മി ഒന്ന് ഞെട്ടി.... " അതെനിക്ക് തോന്നിയിരുന്നു... അല്ലെങ്കിലും മഹിയേട്ടന് ചേർന്നവളല്ല അവളെന്ന്... " ചിരിയോടെ മഹിയെ കുറിച്ച് പറയുമ്പോൾ അഭിമാനത്തോടെ പറഞ്ഞവൾ... " ഓഹ് ഒരു മഹിയേട്ടൻ... " പുച്ഛത്തോടെ പറഞ്ഞവർ.... " അവന് നാട് നീളെ പെണ്ണുങ്ങളുണ്ട്... ബാംഗ്ലൂരിൽ പെണ്ണും കുട്ടികളും ഉണ്ട്... അല്ലാതെ വേറെ പെണ്ണുങ്ങളും ഉണ്ട്.... നാട്ടിൽ ആ മീനാക്ഷിയുമായായിരുന്നു ഏർപ്പാട്.... കയ്യോടെ പൊക്കി ആ പട്ടാളക്കാരൻ.... ഓൾക്ക് വയറ്റിലുണ്ട്ന്ന് നാട്ടുകാര് പറയുന്നു.... ഓള് ഇപ്പൊ മേലെപ്പാട്ടാണ്....". മഹിയെ കുറിച്ച് കേൾക്കുന്നതിൽ ശ്രീലക്ഷ്മി ഞെട്ടിയെങ്കിലും ശ്രീനന്ദയെ കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിച്ചില്ല...... ✨✨✨✨✨✨✨ രാത്രിയിൽ അമീർ വന്നതും കണ്ണുകൾ കൊണ്ടു പരതിയത് അവളെയാണ്... അവന്റെ നന്ദയെ... അല്ലെങ്കിൽ താൻ വരുമ്പോൾ കോലയിലോ ഹാളിലോ കാണും... വെള്ളമൊ ചായയൊ എന്തെങ്കിലും കയ്യിൽ കാണും.... കഴിക്കാനായോ വിളമ്പട്ടെ തുടങ്ങി ചോദ്യ നിരകൾ വേറെയും... ഇന്ന് എല്ലാം പതിവിന് വിപരീതമാണ്.... അവൻ നേരെ റൂമിലേക്ക് പോയി.... അവിടെ എല്ലാം പതിവ് പോലെ ബെഡ് ഷീറ്റ് കുടഞ്ഞു വിരിച്ചിരിക്കുന്നു..... തുണികളെല്ലാം അലക്കി മടക്കി യഥാ സ്ഥാനങ്ങളിൽ വെച്ചിരിക്കുന്നു..... അമീർ ഒന്ന് കുളിച്ചു.... കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് അളിയൻ കഴിഞ്ഞ തവണ വന്നപ്പോൾ കൊടുത്ത സ്പ്രൈ എടുത്തു പൂശി... തലമുടിയിൽ ഇത്തിരി ജെൽ പുരട്ടി മുടിയൊന്ന് ചീകി മിനുക്കി.... മുഖത്തിരി ക്രീമും പൌഡറും ഇട്ട് അവൻ താഴേക്ക് ഇറങ്ങി.... ഹാളിലാരുമില്ല.... അടുക്കളയിലേക്ക് എത്തി നോക്കിയതും പതിവില്ലാത്ത വിധം ജോലി തിരക്കിൽ ശ്രീനന്ദ.... " ഭക്ഷണം ആയില്ലേ....? " അവനാ കുഞ്ഞി മുഖമൊന്നു കാണാൻ തോന്നി... തന്നെ കാണുമ്പോൾ വിടരുന്ന കണ്ണുകളിലേക്ക് ഒന്ന് നോക്കാൻ തോന്നി.... " മേശയുടെ മുകളിൽ എല്ലാം ഉണ്ട്.... " മുഖം കൊടുക്കാതെ പറഞ്ഞവൾ.... വല്ലാത്തൊരു പരവേശം തോന്നി അവൾക്ക്... ഒരിക്കലൊന്ന് മുഖത്തു നോക്കി സംസാരിച്ചാൽ ഇത്തിരി കോൺഫിഡന്റ്സ് കിട്ടുമെന്ന് അവൾക്കറിയാം... പക്ഷേ അവനെ നോക്കാൻ വയ്യാ... ആ കുഞ്ഞി വെള്ളാരം കണ്ണുകളിൽ കുടുങ്ങി പോയാലോ..... ശ്രീനന്ദ തിരിഞ്ഞില്ല..... അമീർ നിരാശയോടെ മേശയുടെ മുകളിലെ ഭക്ഷണം എടുത്തു കഴിച്ചു.... കൈ കഴുകി.... " തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ....?! തൊട്ടരികിലെ ശബ്ദത്തിൽ ശ്രീനന്ദയൊന്നു ഞെട്ടിയവനെ നോക്കി.... വല്ലാത്തൊരു മുഖഭാവമാണ് അവനിൽ.... തന്നിലെ മാറ്റത്തിന്റെ കാരണം ആകുലതയോടെ ചികയുന്നവൻ.... " ഇത്രേം സ്നേഹിക്കാൻ തനിക്ക് എന്താണ് പ്രത്യേകത.... " മനസ്സിൽ ഉരുവിട്ടവൾ..... അമീറിനെ നോക്കിയ മാത്രയിൽ അവൾ അവനിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.... പിന്നെ അവൻ കഴിച്ച പാത്രങ്ങൾ എടുക്കാൻ ഹാളിലേക്ക് നടന്നു... അവിടെ എല്ലാം കാലിയായിരുന്നു..... അടുക്കളയിൽ എല്ലാം മൂടി വെച്ചിട്ടുണ്ട്... കഴിച്ച പാത്രം കഴുകി വെച്ചിട്ടുണ്ട്.... " താൻ ഈ ലോകത്തൊന്നുമല്ലാരുന്നു.... അതാ ഒന്നും അറിയാഞ്ഞത്.... " ചിരിയോടെ പറയുന്നവനിൽ നിന്ന് കണ്ണുകൾ പിൻവലിക്കാൻ ശ്രമിച്ചവൾ.... അല്ലെങ്കിൽ ആ ചിരിയിൽ കുടുങ്ങി പോകും.... ആരെയും ചിരിച്ചു മയക്കാൻ കഴിവുള്ളവനാണ്.... അമീറിനെ കടന്നു മുറിയിലേക്ക് നടന്നവൾ.... " ഞാൻ വരണോ....? " ഇന്നലെത്തേ ഓർമയിൽ ചിരിയോടെ ചോദിച്ചവൻ.... കൂർപ്പിച്ചൊരു നോട്ടവും കതവ് വലിച്ചടച്ചവൾ..... അമീർ ഒന്ന് ചിരിച്ചു.... ശ്രീനന്ദ ബെഡിലേക്ക് വീഴുമ്പോഴും ചുണ്ടിൽ മനോഹരമായ ചിരിയുണ്ടായിരുന്നു.... ആ ചിരിക്ക് കാരണക്കാരനായ മായാജാലക്കാരനിൽ നിന്നും അത് മറച്ചു പിടിച്ചു കൊണ്ടവൾ ചുണ്ടിലൊളിപ്പിച്ചു.... ഇനി ജീവിതത്തിലൊരു ഇണയുണ്ടാകും എന്ന് കരുതിയതല്ല... ഒരു പുരുഷനാൽ പ്രണയിക്കപ്പെടുമെന്നും തന്റെയുള്ളിലും അങ്ങനെ ഒരു വികാരം ഉടലെടുക്കുമെന്ന് വിചാരിച്ചില്ല.... ഇപ്പൊ തന്നെയൊരാൾ സ്നേഹിക്കുന്നു... അതും കാലങ്ങൾക്ക് മുൻപേ... ചേർത്ത് പിടിക്കുന്നു.... സ്നേഹിക്കുന്നു..... ഇതൊന്നും അനുഭവിക്കാത്ത ശ്രീനന്ദക്ക് ശ്വാസം മുട്ടുന്നൊരാൾക്ക് ജീവവായു ലഭിച്ച പ്രതീതിയായിരുന്നു..... 🍁🍁🍁🍁🍁🍁 " ഇങ്ങളും ഓളും ഒടക്കിയോ....? " അമീർ രാവിലെ കാപ്പി കുടിക്കുമ്പോൾ ഉമ്മച്ചിയുമ്മാട് ചോദിച്ചു..... " ഹേയ്.... അനക്ക് എന്താ ചെക്കാ... ഓള് അന്നോട് അങ്ങനെ പറഞ്ഞോ....? " ഉമ്മച്ചിയുമ്മാ കെറുവിച്ചു നോക്കി .. " പറയാൻ ഓള് നിന്ന് തരേണ്ട.... ഇന്നലെ മുതൽ ഒരു തരാം ഒളിച്ചു കളിയാണ്.... " ഉമ്മച്ചിയുമ്മാ ചിരിച്ചു.... മനോഹരമായി തന്നെ.................തുടരും....