നിശാഗന്ധി: ഭാഗം 38
രചന: ദേവ ശ്രീ
അന്നദ്യാമായി കയ്യിൽ നിന്നും നഷ്ട്ടപെടുത്തിയ ജീവിതത്തേ കുറിച്ച് ഓർത്ത് ദുഃഖിച്ചു മീനാക്ഷി…
തന്റെ മകൻ, സുധിയേട്ടൻ ഓർക്കുമ്പോ നെഞ്ച് വിങ്ങുന്നു……
അവരും ഇതുപോലെ വേദനിച്ചു കാണില്ലേ… കാണും… താൻ അത് ചിന്തിച്ചില്ല… സ്വന്തം സുഖങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ആ പാവങ്ങളെ ഓർത്തില്ല….
മീനാക്ഷിക്ക് കണ്ണ് പുകഞ്ഞു…. നെഞ്ചിലൊരു വെപ്രാളം…..
എഴുന്നേറ്റു അകത്തേക്ക് നടക്കുമ്പോൾ ചിലതെല്ലാം മനസ്സിൽ കണക്ക് കൂട്ടിയിരുന്നു……
മഹേശ്വരിയമ്മ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു…. ഹാളിലെ സംസാരങ്ങൾ അവരെ അത്രേമേൽ തളർത്തിയിരുന്നു…..
മകൻ ഒരു തെമ്മാടിയാണെന്ന് അറിയാൻ വൈകി പോയ വേദന….
അതിലെല്ലാം ഉപരി അവർക്ക് ശ്രീനന്ദയോട് ദേഷ്യം തോന്നി… അവളെ പോലൊരു ജാതകക്കാരി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന അന്ധവിശ്വാസത്തിൽ മുറുകെ പിടിച്ചു….
ദിവസങ്ങൾ മുന്നോട്ട് പോകുത്തോറും മീനാക്ഷി അവന്റെ വികാരശമനത്തിന് പോലും വേണ്ടാതായി….
അവളെ കാണുമ്പോൾ തോന്നുന്ന വികാരം വെറുപ്പാണെന്ന് തോന്നി അവന്…..
മഹി ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിക്ക് കയറി……
പുതിയ ഇടവും ആളുകളും ലഹരി നിയന്ത്രണവും അവനെ വല്ലാതെ മാറ്റി….
ഇപ്പൊ പഴയത് പോലെ സ്ത്രീകളോടുള്ള കമ്പം കുറഞ്ഞിരിക്കുന്നു….
ഒരുവളോട് ഉള്ള അഗാധ പ്രണയം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു….
അവനിപ്പോൾ ലഹരി പോലും നിയന്ത്രണത്തിലാണ് ഉപയോഗം… വല്ലപ്പോഴും രണ്ട് പെഗിൽ നിൽക്കും….
ഉള്ളിൽ അവളിങ്ങനെ നിറഞ്ഞു വരും….
എല്ലും തോലുമായ, സാരിയെല്ലാം വാരി ചുറ്റി വരുന്ന ശ്രീനന്ദ… ആദ്യ കാഴ്ചയിലെ ശ്രീനന്ദയോട് പോലും ഇപ്പൊ പ്രണയമാണ് അവന്….. തിരിച്ചു ഒന്നും ആഗ്രഹിക്കാത്ത നിസ്വാർത്ഥ പ്രണയം….
എല്ലാം നഷ്ട്ടപെടുത്താൻ തോന്നിയ നിമിഷത്തിലെ കുറ്റബോധം അവനെ വേട്ടയാടി….
ആരോഹിയും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി…
മക്കളും വീടും കോളേജുമായി മുന്നോട്ട് നീങ്ങി….
കുട്ടികളുടെ പ്രിയപ്പെട്ട ആരോഹി മിസ്സ്… അധികം സൗഹൃദങ്ങൾ ഒന്നും ആരുമായും സൃഷ്ടിച്ചില്ല അവൾ…..
ഉൾവലിഞ്ഞ ജീവിതം…..
ശ്രീലക്ഷ്മിയുടെ ഡിവോഴ്സ് കേസ് വേഗത്തിലാക്കാൻ വക്കീൽ ഫീസിനായി അവൾ കയ്യിലെ സ്വർണമെല്ലാം വിറ്റു കാശാക്കി…. നല്ലൊരു തുകക്ക് ഷോപ്പിംഗ് നടത്തി വരുന്ന വഴിയാണ് മഹി ശ്രീലക്ഷ്മിയെ കണ്ടത്….
ശ്രീലക്ഷ്മിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി….
” മഹിയേട്ടാ…. ”
അത്രമേൽ സ്നേഹത്തോടെ അവൾ വിളിച്ചതും മഹിക്ക് താല്പര്യമില്ലാത്ത പോലെ അവളെ നോക്കി നിന്നു….
” ഞാൻ കാണാൻ ഇരിക്കുവായിരുന്നു….
എന്തൊക്കെയുണ്ട് വിശേഷം… സുഖല്ലേ….? ”
അവന്റെ കയ്യിൽ പിടിച്ചു ചോദിക്കുമ്പോൾ അവന് താല്പര്യമില്ലാത്തൊരു ചിരി നൽകി…
” ഞാൻ പോട്ടെ… ”
അത്രേം പറഞ്ഞു പോകുന്ന മഹിയെ നിരാശയോടെ നോക്കി ശ്രീലക്ഷ്മി……
തിരികെ വീട്ടിലേക്കുള്ള യാത്രയിലാണ് സുധിയുടെ വീടിന്റെ വഴിയിലൂടെ നടന്നു വരുന്ന മീനാക്ഷിയെ മഹി കണ്ടത്….
അവളെ ശ്രദ്ധിക്കാതെ മഹി വീട്ടിലേക്ക് നടന്നു….
മീനാക്ഷി വീട്ടിൽ വന്നു കയറുമ്പോൾ മഹി പൂമുഖത്തുണ്ട്…
” മീനാക്ഷിക്ക് തോന്നിയത് പോലെ കയറി ഇറങ്ങാൻ ഇവിടെ പറ്റില്ല… നിനക്ക് ഇപ്പൊ ഇവിടെ നിന്നും പോകാം….. ”
മഹി പറഞ്ഞതും മീനാക്ഷി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി വാതിൽ അടച്ചു ഉടുത്ത സാരി കൊണ്ടു മേൽ പുതച്ചിരുന്ന തലപ്പ് വായയിൽ പൊത്തി പിടിച്ചു കരഞ്ഞവൾ….
എല്ലാ പ്രസരിപ്പും നഷ്ട്ടപ്പെട്ടവളുടെ…..
മഹിയോട് പോലും ഇപ്പൊ നിർവികാരതയാണ്….
പ്രണയവും ഇഷ്ട്ടവുമെല്ലാം സുധിയോട് ആണ് ഇപ്പൊ….
എങ്ങനെയും അവനെ പറഞ്ഞു മനസിലാക്കി അവന്റെ ജീവിതത്തിലെക്ക് തിരിച്ചു കയറണം എന്ന് ചിന്തിച്ചവൾ…
അതിനായ് പോയതാണ്…
പക്ഷേ…. കണ്ട കാഴ്ചയിൽ അവളുടെ ഉള്ള് നീറി…
തന്റെ മകന് ചോറ് വാരി കൊടുക്കുന്ന മറ്റൊരു സ്ത്രീ….
തന്റെ സുധി ഏട്ടന്റെ അരികിൽ ഇരുന്നു അമ്മയോട് എന്തോ തമാശ പറഞ്ഞു തന്റെ മകനെ ഊട്ടുന്നവൾ…..
നെഞ്ചിൽ വല്ലാത്തൊരു ഭാരം കനക്കുന്നെന്ന് തോന്നി പോയി….
തിരികെ നടക്കുമ്പോൾ നാണി തള്ള പരിഹസിക്കുന്നത് കേട്ടു… അവൻ കുടുംബത്തിൽ പിറന്ന ഒരുവളെ ഒരാഴ്ച്ച മുന്നേ കെട്ടിയെന്നു….
നല്ല സ്നേഹള്ളോള്….
എല്ലാം നഷ്ട്ടപ്പെടുത്തിയ വിഡ്ഢി…
തന്റെ സുധിയേട്ടനും മകനും സന്തോഷത്തിലാണ്….
മീനാക്ഷി തളർന്നങ്ങനെ ഇരുന്നു….
കുറച്ചു ദിവസങ്ങൾ മുൻപ് രേവതിയെയും പറഞ്ഞു വിട്ടതോടെ ഈ വീട്ടിലെ എല്ലാ പണിയും താൻ ഒറ്റക്ക് ചെയ്യണം…. മടുത്തു തുടങ്ങി…
മഹിയുടെ ഒരു നോട്ടം പോലും ഇപ്പൊ ഇല്ല…..
✨✨✨✨✨✨✨✨✨
അടിക്കടിക്ക് നല്ല ലേലങ്ങൾ നടന്നത് കൊണ്ടു അമീറിന് കൂപ്പിൽ നിന്ന് നല്ലൊരു വരുമാനം തന്നെ കിട്ടി തുടങ്ങി….
” നബീസോ…..
നബീസോ….. ”
അന്നൊരു വെള്ളിയാഴ്ച രാവിലെ പുറത്ത് പോയി വന്ന അമീർ ഉറക്കെ വിളിച്ചു…..
അമീറിന്റെ വിളിയിലെ സന്തോഷം തിരിച്ചറിഞ്ഞ ശ്രീനന്ദയും ഉമ്മച്ചിയുമ്മാടെ കൂടെ കോലായിലേക്ക് വന്നു….
” രാവിലെ പോത്തും വാങ്ങി തന്ന് പോയോനാ… പിന്നെ ഇപ്പഴാ ഓന്റെ വരവ്…. ”
ഉമ്മച്ചിയുമ്മാ അവന്റെ തോളിലടിച്ചു പറഞ്ഞു….
അമീർ അരയിൽ തിരുകിയ ആധാരം ഉമ്മച്ചിയുമ്മയെ ഏൽപ്പിച്ചു….
” ടൗണിൽ പണ്ട് ഞമ്മക്ക് ഉണ്ടായിരുന്ന സ്ഥലം ഉമ്മാറാക്കാടെ കയ്യീന്ന് ഇങ്ങ് വാങ്ങിച്ചു….”
അവർക്ക് സന്തോഷം തോന്നി….
” എവിടുന്നാഡാ അത്രേം പൈസ….? ”
ആധാരം കൈയിൽ പിടിച്ചു ചോദിച്ചവർ….
” കൂപ്പിന്ന് ഇത്തവണ ജാസ്തി ലേലം പോയി… വിചാരിച്ചതിലും ഇരട്ടി തുകയാണ് കയ്യിൽ വന്നത്….
അപ്പൊ പിന്നെ ഒരു ടോക്കൺ തുക കൊടുത്തു ഉമ്മറക്കാടെ കയ്യിന്ന് ആ സ്ഥലം എടുക്കാം എന്ന് കരുതി….
ഇനി നമ്മക്ക് ലോൺ ഒന്നുക്കൂടെ പുതുക്കിട്ട് മാസത്തിന്റെ ഉള്ളിൽ ബാക്കി പൈസ കൊടുക്കണം….”
” എടുത്താൽ പൊന്താത്ത ഭാരം ഒക്കെ എന്തിനാ അമ്യേ….
അനക്ക് ആ കൂപ്പ് തന്നെ നോക്കി നടത്തിയാൽ പോരെ…. ”
അവന്റെ ആത്മവിശ്വാസത്തിലും വളർച്ചയിലും നേരിയ ഭയം തോന്നി അവർക്ക്…..
” കൂപ്പ് ഇനി ഹമീദ്ക്കാ നോക്കും…. ഞാൻ ഈ സ്ഥലത്ത് ഒരു ഹൈപ്പർ മാൾ തുടങ്ങിയാലോ….
സൂപ്പർ മാർക്ക്റ്റും ക്രോക്കറിയും ഫാൻസിയും ഡ്രെസ്സും എല്ലാം ഒരുമിച്ച്….
ഇവിടെ അടുത്ത് എല്ലാം ഒരുമിച്ചു കിട്ടുന്ന നല്ലൊരു മാള് ഇല്ല….. ”
” അനക്ക് നല്ലതാന്ന് തോന്നിയാൽ ഇയ്യ് അത് ചെയ്‌തോ…. ”
ആ വൃദ്ധ അതെ പറഞ്ഞള്ളൂ….
അമീർ ഒന്ന് ചിരിച്ചു….
” ഇത് ഇങ്ങക്കാ…. ”
മുണ്ടും ജാക്കറ്റും ഷാളും അടങ്ങിയ കവർ ഉമ്മച്ചിയുമ്മയെ ഏൽപ്പിച്ചു…..
” ഇത് നിനക്കും…. ”
നാലഞ്ച് കവറുകൾ അവൾക്ക് നേരെ നീട്ടി….
ചിരിയോടെ അതെല്ലാം അവൾ കൈ നീട്ടി വാങ്ങുമ്പോൾ നല്ല ഭാരം തോന്നി……
ഓരോ കവറുകൾ തുറന്നു നോക്കി അവൾ…
ആദ്യത്തേതിൽ ഡ്രെസ്സും ഒരു ചെരുപ്പും ഇത്തിരി ഫാൻസി ഐറ്റംസുമായിരുന്നു…..
രണ്ടാമത്തെ കവർ അവളെ അത്ഭുതപ്പെടുത്തി… കൃഷ്ണന്റെ ഒരു വിഗ്രഹവും ചെറിയ ഒരു വിളക്കും ഭസ്മ തട്ടും ചന്ദനവും തിരിയും എണ്ണയും കർപ്പൂരവും ചന്ദനത്തിരിയും തട്ടും സാമ്രാണിയും കണ്ട് അമീറിനെ പകച്ചു നോക്കി…
” ഇവിടെ വന്നെന്ന് കരുതി നീ നിന്റെ ശീലങ്ങളൊന്നും മാറ്റണ്ടാ….
എവിടെയാണെന്ന് വെച്ചാൽ വച്ചോ…. ”
അമീർ പറഞ്ഞു…
” എനിക്ക് ഇതൊന്നും ശീലമില്ല…. ”
നിസ്സഹായതയോടെ പറഞ്ഞു….
” ഇങ്ങനെയല്ലേ ഓരോന്ന് ശീലിക്കാ…..
ഇയ്യ് ഇതൊക്കെ എടുത്തു വെച്ചോ…. ”
ശ്രീനന്ദ അതെല്ലാം അടുക്കി പെറുക്കി വെച്ചു….
അടുത്ത കവറിൽ നിറയെ പുസ്തകങ്ങൾ….
” വെള്ളിയാഴ്ച എല്ലാത്തിനും നല്ലതാ…
അപ്പൊ ഇന്ന് തന്നെ തുടങ്ങാം എന്ന് കരുതി….”
അമീർ ചിരിയോടെ പറഞ്ഞു…
” എനിക്ക് പഠിക്കാൻ പോവനൊന്നും വയ്യാ….. ”
ശ്രീനന്ദക്ക് ഈ പ്രായത്തിൽ പഠിക്കാൻ പോവാൻ നാണക്കേട് തോന്നി…..
” അതിന് എന്തിനാ പോയി പഠിക്കുന്നത്… വീട്ടിലിരുന്നു പഠിക്കാം…”
അമീർ പറഞ്ഞു…
” ട്യൂഷൻ ഉണ്ടെങ്കിലും സ്കൂളിൽ പോവണ്ടേ…. ”
ശ്രീനന്ദ പരിഭവം പറഞ്ഞു…
” ഓഹ് എന്റെ പൊന്നു പെണ്ണെ നിന്നെ ഞാൻ ഒന്നാം ക്ലാസ്സിൽ കൊണ്ടു പോയി ഇരുത്തുകയൊന്നുമല്ല…
നിന്നെ പോലെ പഠനം തുടരാൻ കഴിയാത്ത ഒരുപാട് പേരുണ്ട്…
അവരൊക്കെ പത്താം ക്ലാസ്സ് ഒറ്റയടിക്ക് പാസ്സ് ആവും എൻ ഐ ഓ എസ് വഴി…..
അങ്ങനെ ഒരു ക്ലാസ്സിന് നിന്നെ കൊണ്ടു ചേർത്താം…
അതാകുമ്പോൾ വല്ലപ്പോഴുമേ പോകേണ്ടി വരൂ…. ”
അമീർ പറഞ്ഞു……………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…