നിശാഗന്ധി: ഭാഗം 41
Oct 2, 2024, 22:54 IST

രചന: ദേവ ശ്രീ
" അനക്ക് പോണം ന്ന് നിർബന്ധമാണോ കുട്ട്യേ.... " ആ വൃദ്ധ ആകുലതയോടെ ചോദിച്ചു.... " പോണം ഉമ്മച്ചിയുമ്മാ... ന്റെ കൂടെ പിറപ്പിനെ പോലെ കണ്ടതല്ലേ... ഒരാപത് വരുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ മാത്രമൊന്നും എനിക്ക് അറിയില്ല..... " അവൾക്കായ് അമീർ വാങ്ങി കൊടുത്ത ചുരിദാറുമിട്ട് മുടിയൊന്ന് ഒതുക്കി കെട്ടി... അമീർ പറഞ്ഞത് പോലെ ഫോൺ എടുത്തു ഒരു പേഴ്സിലാക്കി ചെരുപ്പുമിട്ട് ശ്രീനന്ദ ഇറങ്ങി..... വഴിയിൽ കാണുന്നവരെല്ലാം അവളെ അത്ഭുതജീവിയെ പോലെയാണ് നോക്കുന്നത്... ആദ്യമായാണ് ആ നാട്ടുകാർ അവളുടെ പ്രായത്തിനു ചേർന്ന വേഷത്തിൽ അത്ര വൃത്തിയിൽ ആ പെണ്ണിനെ കാണുന്നത്..... പലരുടെയും മുഖത്തു സഹതാപമാണെങ്കിൽ ചിലരുടെ മുഖത്തു അപ്പോഴും പുച്ഛമാണ്.... പലതും കണ്ടില്ലെന്ന് നടിച്ചവൾ ആ വീടിന്റെ മുറ്റത്തെത്തുമ്പോൾ അന്നത്തെ രാത്രി അവളുടെ ഓർമകളിൽ പ്രകമ്പനം സൃഷ്ട്ടിച്ചു... മഹി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച രാത്രി.... അമീർ തന്നെ കൂടെ കൂട്ടിയ രാത്രി.... എത്ര പെട്ടെന്നാണ് ഒരാളുടെ ജീവിതം മാറിമറിഞ്ഞു പോകുന്നത്.... ഉള്ളിൽ നേരിയ ഭയമുണ്ടെങ്കിലും ശ്രീനന്ദ അടുക്കളവശത്തേക്ക് നടന്നു.... " അപ്പച്ചി...... അപ്പച്ചി....... " അകത്തു നിന്നും ഇറങ്ങി വന്ന ശ്രീലക്ഷ്മി മുന്നിൽ നിൽക്കുന്നവളെ കണ്ട് കണ്ണ് മിഴിച്ചു.... എല്ലും തോലുമായിരുന്നവൾ ഇത്തിരി തടിച്ചിരിക്കുന്നു... മുഖത്തെ വ്യത്യാസം വസ്ത്രങ്ങളിലുമുണ്ട്..... കയ്യിലും കാതിലും സ്വർണം.... ഒറ്റ നോട്ടത്തിൽ ആരുമോന്ന് നോക്കി പോകുന്ന സൗന്ദര്യം കണ്ട് ശ്രീനന്ദയോട് അസൂയ തോന്നി.... " ഓഹ്... വന്നോ തമ്പുരാട്ടി.... നാണമില്ലെടി നിനക്ക്... അന്യ ജാതിക്കാരന്റെ കൂടെ പോയി പൊറുക്കാൻ.... അതും ആ മഹിയേട്ടൻ നിന്നെ എങ്ങനെ സ്നേഹിച്ചതാണ്.... " " ആര് ആരെ സ്നേഹിച്ചെന്നും ഉമ്മവെച്ചെന്നും എനിക്ക് അറിയാം... സ്നേഹിച്ച കഥയെല്ലാം ഞാൻ പറഞ്ഞു തരണ്ടല്ലോ....." " എന്താടി ഇവിടെ ഒച്ച...? " അവിടേക്ക് വന്ന അപ്പച്ചി ചോദിച്ചു..... " കോലോത്തെ തമ്പുരാട്ടി വന്നിട്ടുണ്ട് അമ്മേ...." ശ്രീലക്ഷ്മി പരിഹസിച്ചു.... " ഓഹ്... നീയോ... എരണം കെട്ടവളെ നിന്നെയൊന്നു കാണാൻ കാത്തിരിക്കായിരുന്നെടി ഞാൻ.... എങ്ങനെ തോന്നിയടി നന്ദികെട്ടവളെ നിനക്ക് ഇവിടുത്തെ അന്നം മുട്ടിക്കാൻ.... " അവർ വന്ന് ശ്രീനന്ദയുടെ മുടിയിൽ പിടിച്ചു വലിച്ചു... ഒരുനിമിഷം അവൾ പഴയ ശ്രീനന്ദയായി... അവരെ പേടിച്ചു ഒരു മൂലയിലേക്ക് ഒതുങ്ങിയ ശ്രീനന്ദ..... നോവുന്നതറിഞ്ഞിട്ടും മിണ്ടാതെ നിന്നവൾ.... " സഹിക്കാൻ കഴിയാഞ്ഞിട്ടാ അപ്പച്ചി ഞാൻ.... " ശ്രീനന്ദ പതുകെ പറഞ്ഞു... " എന്തും സഹിക്കണമെടി... ഇത്രേം കാലം പോറ്റിയില്ലെ നിന്നെ... അതിന്റെ നന്ദി പോലുമില്ലാത്ത നശൂലം... ഗതി പിടിക്കില്ല നീ... ഒരുകാലത്തും ഗതി പിടിക്കില്ല.... " അവളെ പ്രാകിട്ടും മനസമാധാനം കിട്ടാതെ അവർ ശരീരം ഉപദ്രവിക്കാൻ മടല് എടുത്തു... ഒരുനിമിഷം അഗ്നി പാറുന്ന അമീറിന്റെ മുഖം മനസിലേക്ക് തെളിഞ്ഞതും കയ്യിലെ മടല് തിരികെ ഇട്ടവർ.... " നീ ഇപ്പൊ ഇവിടുന്ന് ഇറങ്ങണം.... നിന്റെ ആരുമില്ലവിടെ.... " അത്രേം പറഞ്ഞു അകത്തേക്ക് ശ്രീലക്ഷ്മിയെയും കൂട്ടി കതകടക്കുമ്പോൾ ശ്രീലക്ഷ്മി അമ്മയുടെ കൈ കുടഞ്ഞെറിഞ്ഞു.... " അമ്മ എന്ത് പണിയാ കാണിച്ചത്... അവൾക്കിട്ട് രണ്ടു പൊട്ടിക്കാതെ അവളെ പറഞ്ഞു വിട്ടിരിക്കുന്നു.... " അവർ ഒന്നും മിണ്ടിയില്ല... എന്തിനും മടിക്കാത്ത അമീറിന്റെ അരികിലാണ് ഇപ്പൊ അവൾ.... തന്റെ ഭീരുത്തം മകളുടെ മുന്നിൽ തുറന്നു കാണിക്കാനും വയ്യവർക്ക്.... ശ്രീലക്ഷ്മി മുഖം വീർപ്പിച്ചിരുന്നു.... അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ തളർന്നു പോയിരുന്നവൾ... അമ്മാവനെയെങ്കിലും കണ്ടിരുന്നെങ്കിൽ... പ്രിയമോൾടെ കാര്യം അറിയാതെ പോയാൽ ഒരു സമാധാനവും ഉണ്ടാവില്ല.... ശ്രീനന്ദ വഴിയിൽ ഇത്തിരി നേരം നിന്നു.... കയ്യിൽ ഫോൺ ശബ്ദിച്ചതും അതെടുത്തു നോക്കി.... " ഹെലോ.... " " മ്മ്..... " ശ്രീനന്ദ മൂളി..... " എവിടെയാ....? " അമീറിന്റെ ശബ്ദത്തിലെ ആകുലതയറിഞ്ഞതും മനസിലേക്ക് ഒരു കുളിര് വന്നവൾക്ക്..... " ഞാൻ ഇവിടുന്ന് ഇറങ്ങി... വീട്ടിലേക്ക് തിരിച്ച് പോവാ... " " ഓഹ്... ഞാൻ കരുതി ഇനി എങ്ങാനും ആ ഗംഗാധരൻ ന്റെ കെട്ട്യോളെ അവിടെ പിടിച്ചു കെട്ടിയിട്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാ.... " അമീർ കുസൃതിയോടെ പറഞ്ഞു.... " എങ്കിൽ എന്റെ കെട്ട്യോൻ അറിഞ്ഞോ... നിങ്ങടെ കെട്ട്യോളെ ആർക്കും വേണ്ടാ..... ജനിപ്പിച്ച അച്ഛനും അമ്മയും പോലും പോകുമ്പോൾ കൂടെ കൊണ്ടു പോയിട്ടില്ല.... പിന്നെ അല്ലേ ഇവര്... വേഗം പടിയിറങ്ങാൻ പറഞ്ഞു.... ഞാൻ ഇറങ്ങി.... " അമീർ ചിരിച്ചു... " അല്ലെങ്കിലും പൊറുതിക്ക് വന്നതല്ലന്ന് പറഞ്ഞുടായിരുന്നോ അനക്ക്... ഇന്നേ കാത്തു മൊഞ്ചുള്ള ഒരു കെട്ട്യോൻ വീട്ടിലുണ്ട്... ഓനെ വിട്ട് എനിക്ക് പോരാൻ പറ്റില്ലെന്ന്.... " " എന്തിനാ അമീറെ ഞാൻ കള്ളം പറഞ്ഞു ബുദ്ധിമുട്ടുന്നത്.... എനിക്ക് കള്ളം പറയാൻ ഇഷ്ട്ടമല്ല.... " " അത് കള്ളമല്ലോ.... " "അതേലോ.... " അമീർ പറഞ്ഞ താളത്തിൽ ശ്രീനന്ദയും പറഞ്ഞു.... "ഗംഗാധരന്റെ ഭാര്യ നിന്നെ അടിച്ചോ...? " " മടല് കയ്യിലെടുത്തു... അടിച്ചില്ല.... " " അപ്പോഴാണ് ഓര് ഇയ്യ് അമീറിന്റെ കെട്ട്യോളാണ് ന്ന് ഓർത്തിട്ടുണ്ടാവുക...." അമീർ ചിരിയോടെ പറഞ്ഞു.... " പിന്നെ.... അതൊന്നുമല്ല... അവർ പ്രിയനെ കുറിച്ച് ഓർത്ത് കാണും.... " ശ്രീനന്ദ തിരുത്തി..... " അങ്ങനെയെങ്കിൽ അങ്ങനെ... എന്തായാലും അവിടെ അധിക നേരം നിൽക്കാതെ വീട്ടിലേക്ക് പൊയ്ക്കോ...." " ഞാൻ അമ്മാവനെ കണ്ടിട്ട് പോവാം എന്ന് കരുതി " " അത് വേണ്ടാ നന്ദ... നീ ഇപ്പൊ വീട്ടിലേക്ക് ചെല്ല്... കാണണം എന്ന് നിർബന്ധമാണേൽ വൈകുന്നേരം ഞാൻ വന്നിട്ട് കൊണ്ടു പൊക്കോളാം.... " ആരോ അവിടെ നിന്നും വിളിച്ചതും അമീർ ഫോൺ വെച്ചു ശ്രീനന്ദ ചിരിയോടെ മുന്നോട്ട് നടന്നു.... പാടം കഴിഞ്ഞു ഇടവഴിയിലേക്ക് കയറി കുറച്ചു മുന്നോട്ട് പോയാൽ അറക്കൽ എത്തും..... ശ്രീനന്ദ നേരെ പാടത്തേക്ക് ഇറങ്ങി നടന്നു.... ഇടവഴിയും കഴിഞ്ഞുള്ള വളവിൽ വെച്ച് മഹിയെ കണ്ടതും മുഖം താഴ്ത്തി മുന്നോട്ട് നടന്നവൾ.... " ശ്രീ.... " വണ്ടിയൊതുക്കി മുന്നോട്ട് നടന്നവൻ.... ശ്രീനന്ദയുടെ കാലടികൾ വേഗത്തിലായി.... അവസാനത്തെ കൂടി കാഴ്ച്ച.. അവന്റെ മുഖമുരഞ്ഞ വയറും മാറിടങ്ങളും പുഴുവരിക്കുന്നത് പോലെ പുകഞ്ഞവൾക്ക്...... ഏതു നിമിഷവും താൻ ആക്രമിക്കപ്പെടുമെന്ന ഭയത്തിൽ ശ്രീനന്ദ മുന്നോട്ട് ഓടി..... ആ ഓട്ടം ചെന്ന് നിന്നത് അറക്കലെ മുറ്റത്താണ്.... 🍃🍃🍃🍃🍃🍃 " ലതേ....... " ഗംഗാധരൻ വിഷ്ണുവിനെ പോലുമൊന്നു നോക്കാതെ വേഗത്തിൽ ഭാര്യയെയും വിളിച്ചു അകത്തേക്ക് കയറി..... " എടി... ആരാടി ഈ അക്കൗണ്ടിൽ നിന്നും പണം എടുത്തത്....? " അയാൾ കലിപ്പൂണ്ട് ചോദിച്ചു..... " നിങ്ങൾക്കെന്താ മനുഷ്യാ... അതെല്ലാം നിങ്ങളുടെ കയ്യിൽ അല്ലായിരുന്നോ....? " ഭാര്യ അയാളോട് ചോദിച്ചു... "അതെ... പക്ഷെ പിൻ നമ്പർ ഉണ്ടാക്കാൻ എടുത്ത ATM എവിടെ...?" " ATM എന്റെ കയ്യിലൊന്നുമില്ല.... അത് അന്നെ ഞാൻ പ്രിയമോളെ ഏൽപ്പിച്ചതാണ്....." " എങ്കിൽ നിന്റെ പ്രിയമോൾ ചതിച്ചു.... അവള് ആ പണം മുഴുവൻ എടുത്തു... അവിടെ കിടക്കട്ടെ നശൂലം..... ഓടി ഓടി മനുഷ്യന് വയ്യാതായി " അയാൾ നിറഞ്ഞ ദേഷ്യത്തോടെ പറഞ്ഞു ആ ചാരുകസേരയിൽ ഇരുന്നു...........തുടരും....