നിശാഗന്ധി: ഭാഗം 43
Oct 4, 2024, 21:44 IST

രചന: ദേവ ശ്രീ
" നിങ്ങൾ ആവശ്യപ്പെട്ട തുക ഞാൻ വെറുതെ തരാം.... ആധാരവും ഈടും ഒന്നും ഇല്ലാതെ തന്നെ.... നിങ്ങൾ പണ്ട് ആദായം എടുത്ത തൊടി ഞാൻ ഗംഗാധരന്റെ പേരിലേക്ക് മാറ്റി എഴുതി തരും.... പക്ഷേ.... പക്ഷേ ഒറ്റ കണ്ടിഷൻ... അവളിവിടെ വേണം... മഹാദേവന്റെ ഭാര്യയായി... ശ്രീനന്ദ.... " ഗംഗാധരന്റെ കണ്ണുകൾ വിടർന്നു.... പക്ഷേ എന്തോ ഓർത്ത പോലെ വാടി പോയി.... " ഒരിക്കൽ തന്നതല്ലേ... എന്നിട്ടും കാത്തുസൂക്ഷിക്കാൻ കഴിയാഞ്ഞിട്ട് നഷ്ട്ടപ്പെടുത്തി കളഞ്ഞിട്ട് ഇനിയും ഒരിക്കൽ കൂടി ഒരു പിഴവ് പറ്റാനോ.... " അയാൾ ചോദിച്ചു.... " ഇനി അങ്ങനെ ഒരു പിഴവ് പറ്റില്ല ഗംഗാധരാ.... സഹായിച്ചവരെ മഹാദേവൻ കൈ വിടില്ല.... " അയാളുടെ കൈകൾ കൂട്ടിപിടിച്ചു മഹി പറയുമ്പോൾ അയാളുടെ ഉള്ളം ശ്രീനന്ദയെ തങ്ങളുടെ വശത്തേക്ക് കൊണ്ടു വരാനുള്ള കുതന്ത്രങ്ങൾ മെനയുകയായിരുന്നു..... 🍃🍃🍃🍃🍃🍃🍃 "🎶 ഓരോ രാവും പുലരുമ്പോൾ കരളിലെ മോഹം പൂവണിയാൻ പ്രേമകാവ്യം പറയാം നമ്മൾ എന്നു കാണും തമ്മിൽ നിള പാടും പാട്ടു കേൾക്കാം വയൽ കാറ്റിൻ കുളിരു ചൂടാം എന്നുയിരിൻ അഴകായ് നീ വരുമോ ഓരോ നാളും അകലുമ്പോൾ ഉള്ളിൽ സ്നേഹം നിറയുമ്പോൾ ജന്മസുകൃതമായ് നീ എന്റെ ചാരേ വരുമോ അഴകോലും കൂടൊരുക്കാം മധുവൂറും മുത്തമേകാം എന്നുയിരിൻ ഉയിരായ് നീ വരുമോ 🎶 ഉച്ചത്തിൽ കേൾക്കുന്ന പാട്ടിന്റെ ശബ്ദത്തിൽ ഉമ്മച്ചിയുമ്മ ചെവിയൊന്ന് പൊത്തി പിടിച്ചു... " ഓഹ്... കൊറേ കാലായി ഈ പിരാന്ത് ഇണ്ടായിരുന്നില്ലല്ലോ ഓന്.... പണ്ട് എപ്പോഴും ഇതായിരുന്നു ഓന്റെ പണി...." ശ്രീനന്ദയോന്ന് ചിരിച്ചു.... " ഇയ്യ് കഴിക്കണില്ലേ പെണ്ണെ...? " പാത്രത്തിലേക്ക് അപ്പവും മുട്ട കറിയും എടുത്തു അടുക്കള കോലായിലെ കസേര വലിച്ചിട്ട് ഇരിക്കുന്നതിനിടെ ചോദിച്ചവർ.... " അമീറ് കഴിച്ചിട്ടില്ല.... " ശ്രീനന്ദ മുകളിലേക്ക് ചൂണ്ടി പറഞ്ഞു... " ഓൻ വെശക്കുമ്പോൾ വന്ന് തിന്നോളും... ഇയ്യ് പട്ടിണി കിടക്കണ്ട.... കഴിച്ചോ.... " ഉമ്മച്ചിയുമ്മാ പറഞ്ഞു കൊണ്ടു അപ്പം മുറിച്ചു കറിയിൽ മുക്കി കഴിച്ചു.... ശ്രീനന്ദ പാലൊഴിച്ച ചായ പകുതി മധുരത്തിൽ കപ്പിലേക്ക് പകർത്തി ഒരു ഗ്ലാസ് കൊണ്ടു ചൂടാറ്റി അവരുടെ അടുത്തുള്ള തിണ്ണയിൽ വെച്ചു.... " ഇയ്യ് കഴിക്ക്.... " ഉമ്മച്ചിയുമ്മ കടുപ്പിച്ചു പറഞ്ഞതും ശ്രീനന്ദയും രണ്ടപ്പം പ്ളേറ്റിലേക്ക് ഇട്ട് മുട്ട കറി ബൗളിലാക്കി ഒരു ഗ്ലാസ് ചായയുമെടുത്തു വീതിയുള്ള ആ തിണ്ണയിലേക്ക് കയറി അവരുടെ കൂടെ ഇരുന്നു.... അപ്പം കറിയിലേക്ക് മുക്കി കഴിച്ചു.... കിളികളുടെ ശബ്ദവും തൊടിക്കപ്പുറത്തെ വയലിലെ കാറ്റും ഇളം വെയിലും നല്ലൊരു അന്തരീക്ഷമായിരുന്നു... " ആഹാ.. എന്നെ കൂട്ടാതെ രണ്ടാളും ഫുഡിങ് ആണല്ലേ.... " അമീർ പരിഭവം പോലെ പറഞ്ഞു അവർക്കരികിലേക്ക് വന്നു.... " അല്ലാതെ അന്റെ സംഗീത കച്ചേരി കഴിയും വരെ ഇരിക്കാനൊന്നും ഇവിടെ ആളില്ല.... " " ഞാൻ കഴിക്കാൻ എടുക്കാം... " ശ്രീനന്ദ അതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി.... " ഹേയ്.... വേണ്ടാ... ഇയ്യ് കഴിച്ചോ... ഞാൻ എടുത്തോളാം.... " അതും പറഞ്ഞു അമീറും ചായ എടുത്തു ശ്രീനന്ദക്കെതിരെ വന്നിരുന്നു.... കഴിക്കുന്നതിന്റെ ഇടയിൽ പാറി വീഴുന്ന അവന്റെ നോട്ടങ്ങൾ അവളിൽ വെപ്രാളം തീർത്തു.... അമീറിന് ചിരി വന്നു... മനസ് നിറഞ്ഞ ചിരി..... " എന്തായി അന്റെ കോംപ്ലക്സ്...? " ഉമ്മച്ചിയുമ്മ ചോദിച്ചു.... " അതെല്ലാം സ്മൂത്തായി വർക്ക് നടക്കുന്നുണ്ട്.... പല ആളുകളും കട മുറി ചോദിക്കുന്നുണ്ട്... ഹമീദ്ക്കാ പറയണത് അത് വാടകക്ക് കൊടുത്തോളാനാണ്... താഴത്തെ ഫ്ലോറിൽ സൂപ്പർ മാർക്കറ്റ് മാത്രം നടത്തിയാൽ മതിന്ന്.... പക്ഷേ നമുക്ക് ഒരു ടെസ്റ്റൈൽസ് ഷോപ്പും കൂടി ഇടണം എന്ന് ഉണ്ട്.... പൈസ തികയോ ന്നാ... മറ്റന്നാൾ കാർ വരും.... അടുത്ത ആഴ്ചയിൽ താറും... " അമീർ പറഞ്ഞു.... " അത് എന്താ താറ്... " ഉമ്മച്ചിയുമ്മ ചോദിച്ചു... " അതൊരു ജീപ്പ് ആണ് നബീസോ.... സൺ റൂഫ് ആണ്... നമുക്ക് ആവശ്യമുണ്ടെങ്കിൽ മുകൾ വശം മൂടാം... ഇല്ലെങ്കിൽ തുറന്നു ഇടാം.... എല്ലാം കൂടി മുന്നോട്ട് കൊണ്ടു പോകുമ്പോൾ തുണികട തൊടങ്ങാൻ പറ്റോന്ന് അറിയില്ല.... ഹോണ്ടയ്ടെ വെർണയാണ് എടുക്കുന്നത്... 17 ലക്ഷം വേണം.... താറിന് 12 ലക്ഷവും.... കാറിന് 5 ലക്ഷവും താറിനു 3 ലക്ഷവും കൊടുത്തിട്ട് രണ്ടും ഇ എം ഐ ഇടാം എന്നാണ് വിചാരിക്കുന്നത്.... പിന്നെ ലോണും അടക്കണ്ടേ...." " എല്ലാം കൂടി എന്തിനാ ഇപ്പൊ വാങ്ങുന്നത്...? അനക്ക് പോകാൻ ഒരു ബൈക്ക് ഉണ്ട്... പോരാത്തതിന് ഒരു ബുള്ളറ്റ് വാങ്ങി... ഇനി ചെറിയ ഒരു കാർ വാങ്ങിയാ പോരെ...? " " ന്റെ നബീസോ... ഇങ്ങള് ബേജാറാവണ്ട.... കൂപ്പിന്ന് തന്നെ കിട്ടുന്നത് കൊണ്ടു രണ്ടു മാസം കൊണ്ടു വണ്ടിടെ കടം വീട്ടാം.... പിന്നെ മാളിലെ രണ്ടു മുറി ഒഴിച്ച് ബാക്കി എല്ലാം റെന്റ് പോകും... ആ വാടക കൊണ്ടു മുന്നോട്ട് പോകാം.... ". അമീർ ആത്മ വിശ്വാസത്തോടെ പറഞ്ഞു..... " അനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ ന്താ... ന്നാലും അന്റെ താത്തനോട് ഒന്ന് പറഞ്ഞാളെ... ഇനി ഓള് അറിഞ്ഞില്ല ന്ന് പറയണ്ട.... " " അതൊക്കെ ഞാൻ പറഞ്ഞു.... " " മ്മ്... ഇയ്യ് ഇന്ന് എങ്ങടും പോണില്ലല്ലോ.... " " ഇല്ല... കുറെ ആയിലെ അലയുന്നു... ഇന്ന് വിശ്രമം...." അമീർ ചിരിച്ചു പറഞ്ഞു... " ന്നാ ഇയ്യ് കഴിക്ക്... ഞാൻ എഴുന്നേറ്റു.... ഗുളിക കുടിക്കട്ടെ.... " ഉമ്മച്ചിയുമ്മ എഴുന്നേറ്റതും ശ്രീനന്ദയും ചാടി പിടഞ്ഞെഴുന്നേറ്റു.... " ഇയ്യ് എങ്ങടാ... അവിടെ ഇരുന്നു അത് കഴിക്ക്.... മുഴുമനും കഴിക്കാതെ എഴുന്നേക്കണ്ട.... " ഉമ്മച്ചിയുമ്മ പാത്രവുമായി തിരിഞ്ഞതും ശ്രീനന്ദ അവിടെ തന്നെ ഇരുന്നു..... അമീറിന് ചിരി വന്നു... ശ്രീനന്ദക്ക് വല്ലാത്ത പരവേശവും.... കൈ വിറക്കുന്ന പോലെ തോന്നി അവൾക്ക്... യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരുന്നു ഭക്ഷണം കഴിക്കുന്നവൻ ഒരു അനുഗ്രഹമായിരുന്നു..... " ഇന്ന് ഉച്ചത്തേക്ക് ഒന്നും വെക്കേണ്ട ട്ടോ.... പുറത്ത് നിന്നും വാങ്ങിക്കാം.... " അമീർ പറഞ്ഞതും ശ്രീനന്ദ തലയാട്ടി..... " അമീറെ പ്രിയയേ കുറിച്ച് വല്ലതും അറിഞ്ഞോ...? " ചോദിക്കില്ലെന്ന് കരുതിയതാണ്... പക്ഷേ ഉള്ളിലെ ആവലാതി കൊണ്ടു ചോദിച്ചു പോയവൾ.... കൂർത്തൊരു നോട്ടമായിരുന്നു മറുപടി.... " ഇന്നലെ നിന്റെ അമ്മാവൻ മഹാദേവന്റെ കയ്യിൽ നിന്നും പണം വാങ്ങിട്ടുണ്ട് അവളെ ഇറക്കാൻ.... അഞ്ചു ലക്ഷം വേണം ഇന്നലെ വേലായുധേട്ടൻ ഹമീദ് ഇക്കനോട് പറഞ്ഞത്..... മഹാദേവൻ കൊടുത്തിട്ടുണ്ട് പണം.... ഒന്നും കാണാതെ അവൻ പണം കൊടുക്കില്ല... ലക്ഷ്യം നീ ആയിരിക്കും.... സ്നേഹ നാടകങ്ങൾ കുറെ കാണാം നിനക്ക്... കൃത്യമായി മൂക്കും കുത്തി വീണോളണം നീ.... " അത്രേം പറഞ്ഞു അമീർ പാത്രവും എടുത്തു അടുക്കളയിലേക്ക് നടന്നു..... 🍁🍁🍁🍁🍁🍁🍁🍁 ഗംഗാധരൻ പ്രിയയുമായി വീട്ടിലേക്ക് വന്നതും ലത അവളെ തലങ്ങും വിലങ്ങും അടിച്ചു..... " അസത്തെ... എങ്ങനെ തോന്നിയടി നിനക്ക്.... എല്ലാം കൊണ്ടു നശിപ്പിച്ചില്ലേ.... " അലർച്ചയോടെ അവർ കരഞ്ഞു നിലത്തേക്ക് ഇരിക്കുമ്പോൾ പ്രിയയും കൂടെ ഇരുന്നു... " കരയല്ലേ അമ്മേ... ഇനി ഞാൻ ചെയ്യില്ല... തെറ്റ് പറ്റി പോയി.... ഇനി ഞാൻ ചെയ്യില്ല.... " അവരുടെ അരികിൽ ഇരുന്നു കരഞ്ഞു പ്രിയ... എല്ലാം നോക്കികൊണ്ടു ലക്ഷ്മി ഇരുന്നു...........തുടരും....