നിശാഗന്ധി: ഭാഗം 50
Oct 11, 2024, 22:58 IST

രചന: ദേവ ശ്രീ
ശ്രീനന്ദ അകത്തു നിന്ന് വന്നതും ഓടി ചെന്നു കയ്യിൽ പിടിച്ചു.... " എന്നെ മറന്നിട്ടില്ലല്ലോ... ഞാൻ സോന.... അന്ന് എന്റെ ഡ്രസ്സ് എല്ലാവർക്കും ഇഷ്ട്ടപെട്ടു... പുതിയ മോഡൽ... ഞാനായിരുന്നു ആ കല്യാണത്തിന് താരം... മെയിൻ അട്ട്രാക്ഷൻ എന്ന് തന്നെ പറയാം...." സോന ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ ശ്രീനന്ദക്ക് സന്തോഷം തോന്നി... ആദ്യമായാണ് ചെയ്തു കൊടുത്ത കാര്യത്തിന് ഒരാൾ ഇത്രമേൽ അഭിനന്ദിക്കുന്നതെന്ന് ഓർത്തു.... " വീട്ടിൽ ചെന്നപ്പോൾ ഡാഡിക്കും മമ്മിക്കും എല്ലാവർക്കും ഇഷ്ട്ടമായി...." " ഞാൻ കുടിക്കാൻ എടുക്കാം.... " ശ്രീനന്ദ തിരിയാൻ ശ്രമിച്ചതും സോന കയ്യിൽ പിടിച്ചു നിർത്തി... " ഒന്നും വേണ്ടാ.... നീരസം തോന്നല്ലേ... പിന്നെ ഒരിക്കലാവാം... ഞാൻ ഇപ്പൊ വന്നത് എന്റെ ഡാഡിക്ക് ഒരു വെഡിങ് ഷോപ്പ് ഉണ്ട്... കേട്ടുകാണും SM സിൽക്ക്സ്.... അവിടെ ഡിസൈനർ പോസ്റ്റിലേക്ക് തനിക്കൊരു ജോബ് ഓഫർ ഉണ്ട്.... ഡാഡിയും ഇന്ട്രെസ്റ്റഡ് ആണ്.... " സോന പറഞ്ഞതും ശ്രീനന്ദയുടെ കണ്ണുകൾ തിളങ്ങി.... അവളെ മാത്രം നോക്കിയ അമീർ അത് വ്യക്തമായി കാണുകയും ചെയ്തു..... " തനിക്ക് താല്പര്യമുണ്ടെങ്കിൽ അവിടെ ഒരു ജോബ്.... " " താല്പര്യമില്ല.... " സോന പറഞ്ഞു മുഴുവനാക്കും മുൻപേ അമീർ പറഞ്ഞു.... " ഒന്നുകൂടെ ആലോചിച്ചിട്ട്... കേരളത്തിലെ തന്നെ നമ്പർ ഓൺ ഷോപ്പിൽ ഒന്നാണ് എസ് എം വെഡിങ് സെന്റർ.... നല്ലൊരു സാലറിയും തരാം... ". സോന വീണ്ടും പ്രതീക്ഷയോടെ പറഞ്ഞു... " താല്പര്യമില്ല എന്ന് പറഞ്ഞതിൽ മാറ്റമൊന്നുമില്ല.... മറ്റൊന്നുമില്ലെങ്കിൽ തനിക്ക് പോകാം.... " അമീർ കർക്കശമായി പറഞ്ഞു... ശ്രീനന്ദക്ക് സങ്കടം തോന്നി.... ഒരുവേള മനസ് സ്വപ്നങ്ങൾക്കൊപ്പവും ചിലപ്പോൾ പ്രിയപ്പെട്ടവനൊപ്പവും നിൽക്കാൻ വാശി പിടിച്ചു.... എങ്കിലും അത് നിരസിച്ചതിൽ വല്ലാത്ത നിരാശ.... അപ്പോഴും നല്ലതിനല്ലാതെ അമീർ അത് പറയില്ലെന്ന് ഉറച്ചു വിശ്വസിച്ചു.... " എനിക്ക് താല്പര്യമില്ല... കുട്ടി പൊക്കോളൂ.... " ശ്രീനന്ദ ചെറു ചിരി മുഖത്തണിഞ്ഞു പറഞ്ഞു... സോനക്ക് ദേഷ്യം തോന്നി... " ഞാൻ പറയുന്നത് കേട്ട് കുട്ടിക്ക് ഒന്നും തോന്നരുത്.... ദേ ഈ നിൽക്കുന്നവൻ നല്ലവനാണോ ദുഷ്ടനാണോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷേ ഒന്നറിയാം തന്റെ ഉയർച്ചകൾക്ക് തടസം നിൽക്കുന്നത് ഇവനായിരിക്കും... ഇവന്റെ ചങ്ങല കണ്ണികൾ എന്ന് പൊട്ടിചെറിയുന്നോ അന്നെ നിനക്ക് ഉയർച്ചയുണ്ടാകൂ.... " ദേഷ്യത്തിൽ പറഞ്ഞു ഇറങ്ങി പോകുന്നവളെ നോക്കി അമീർ ചിരിച്ചതെ ഉള്ളൂ..... മ്ലാനതയോടെ ശ്രീനന്ദ അമീറിനെ നോക്കി... " നിനക്ക് നാളെ എക്സാം അല്ലേ... പഠിക്കാൻ ഒന്നുമില്ലേ...? " അമീർ ഗൗരവത്തോടെ ചോദിച്ചു.... " ഉണ്ട്.... " " എങ്കിൽ പോയി പഠിച്ചോ.... " അമീർ അതെ ഗൗരവത്തിൽ തന്നെ പറഞ്ഞു അകത്തേക്ക് എഴുന്നേറ്റു പോയി.... "ഇയ്യ് ഇത് എന്ത് ഭാവിച്ച ചെക്കാ... അനക്ക് ഓളെ ആ പണിക്ക് വിടാർന്നില്ലേ...?" നബീസു അമീറിന്റെ അരികിൽ വന്നിരുന്നു.... "ഇങ്ങള് ആള് കൊള്ളാലോ... ന്റെ പെണ്ണിനെ പണിക്ക് വിടാൻ എന്താ പൂതി...." ആ ചുക്കി ചുളിഞ്ഞ കവിളിൽ പിടിച്ചു വലിച്ചു പറഞ്ഞവൻ.... " അനക്ക് ഓളോടൊന്ന് ചോദിച്ചിട്ട് പോരെ വേണ്ടാന്ന് പറയല്... ഓൾക്ക് താല്പര്യമുണ്ടെങ്കിലോ....? " " ഓള് ഇപ്പൊ പഠിക്കല്ലേ... അത് കഴിയട്ടെ.... " അമീർ നിസാരമായി പറഞ്ഞു.... " അല്ലാതെ ഓളെ പുറത്ത് വിടാൻ താല്പര്യമില്ലാഞ്ഞിട്ടല്ല.... " നബീസു അർത്ഥം വെച്ച് പറയുന്നത് പോലെ.... അമീറിന് ചിരി വന്നു.... ഇതെല്ലാം കേട്ട് വാതിലിനപ്പുറം ശ്രീനന്ദയുണ്ടാകുമെന്ന് അവൻ ഊഹിച്ചു... അന്നേരം അവനൊരു കുസൃതി തോന്നി..... " ഇങ്ങള് മനസിലാക്കി കളഞ്ഞല്ലോ... അല്ലെങ്കിൽ തന്നെ പെണ്ണുങ്ങൾ കൊണ്ടു വന്നിട്ട് വേണോ ഇവിടെ അരി വേവാൻ.... " അമീർ അത്രയും പറഞ്ഞു പോയതും ഉമ്മച്ചിയുമ്മ വാ തുറന്നു..... 🍁🍁🍁🍁🍁🍁🍁🍁 " ഇന്നെന്താ വൈകിയോ...? " ശ്രീലക്ഷ്മി തളർന്നു ഉമ്മറത്തെക്ക് കയറി ഇരിക്കുന്നത് കണ്ട് ലത ചോദിച്ചു.... " സർക്കാർ ജോലി ഒന്നുമല്ലല്ലോ കൃത്യസമയത്തു ഇറങ്ങാൻ.... " മുഷിച്ചിലോടെ മറുപടി നൽകി.... ഒട്ടും താല്പര്യമില്ലാതെയാണ് അടുത്തുള്ള അക്ഷയയിൽ പോവുന്നത്.... രാവിലെ 8 മണിക്ക് തുറക്കും അവിടെ... അപ്പോഴേക്കും അവിടെ എത്തണം... വൈകുന്നേരം ആറുമണിവരെയാണ് സമയം.... ഇന്ന് അതിലും നേരം വൈകി... ചിലപ്പോഴെല്ലാം ആറേന്നുള്ളത് ആറരയും ഏഴ് മണിയും ആവാറുണ്ട്.... ഇതിനും താൻ പോയില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരും.... വീട്ട് ചിലവും അച്ഛന്റെ മരുന്നും മറ്റുമായി തന്നെ നല്ലൊരു തുക വേണം.... കിട്ടുന്നതൊ തുച്ഛമാണ്... അതിൽ നിന്നു തനിക്ക് മിച്ചം പിടിക്കാൻ ഒന്നുമില്ല.... എല്ലാം കൂടെ ആലോചിച്ചു തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ.... കൈ വിട്ട് കളഞ്ഞ ജീവിതത്തെ പറ്റി നൂറാവർത്തി ദുഖിച്ചു പോയവൾ...... അകത്തേക്ക് കയറിയതെ ഗംഗാധരന്റെ മൂത്രമണം മൂക്കിലേക്ക് അടിച്ചു.... " നിങ്ങളീ വെറുതെ ഇരിക്കുന്ന നേരം ഇതൊക്കെ വൃത്തിയാക്കിക്കൂടെ... നാശം പിടിക്കാൻ.... " ശ്രീലക്ഷ്മി അലറി.... " പിന്നെയും പണി പറ്റിച്ചോ... എനിക്ക് വയ്യാ ഒരു ഭാഗത്തൊന്ന് ഇരിക്കാൻ സമ്മതിക്കരുത്.... പണ്ടാരമടങ്ങാൻ... മടുത്തു.... " ലത പ്രാകി കൊണ്ടു പുറത്തേക്ക് തുടക്കാനുള്ള തുണിയെടുക്കാൻ ഇറങ്ങി.... എല്ലാം കേട്ട് കൊണ്ടു ശവം കണക്കെ കിടന്നു ഗംഗാധരൻ.... അയാൾക്ക് മനസ് വേദനിച്ചു.... ഒരു പോറൽ പോലുമേൽക്കാതെ ഒന്നിനും ഒരു കുറവും വരുത്താതെ ആവുന്ന കാലത്ത് പൊന്നു പോലെ നോക്കിയതാണ് അവരെ... 🫴🫴🫴🫴🫴🫴🫴🫴 ഒരാഴ്ച്ചക്ക് ശേഷം...... ഇന്ന് ശ്രീനന്ദയുടെ അവസാന പരീക്ഷയായിരുന്നു.... അമീർ ഈ ഒരാഴ്ച്ച വലിയ തിരക്കിലായിരുന്നു..... ശ്രീനന്ദക്ക് കാണാൻ പോലും കിട്ടാത്ത തിരക്ക്... മജീദ് ആയിരുന്നു അവളെ എക്സാമിന് കൊണ്ടാക്കി കൊണ്ടു വന്നിരുന്നത്.... അതിന്റെ നീരസം ശ്രീനന്ദക്ക് അമീറിനോട് ഉണ്ടായിരുന്നു..... സ്നേഹം പലപ്പോഴും സ്വാർത്ഥതക്കും കുശുമ്പിനും വഴി മാറുന്നത് അത്ഭുതത്തോടെയാണ് അവൾ ഓർത്തത്...... പലപ്പോഴും സങ്കടം തോന്നും... ആകെ സംസാരിക്കുന്നത് എക്സാം എങ്ങനെ ഉണ്ടായിരുന്നു എന്നത് മാത്രമാണ്... അതും ഭക്ഷണം കഴിക്കുമ്പോൾ.... ആ ഒരുവനിലേക്ക് ഇത്രമേൽ ചുരുങ്ങി പോയോ എന്ന് സ്വയം ചിന്തിച്ചവൾ.... ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അവന്റെ ചിന്തകളിലാണ്.... 🍀🍀🍀🍀🍀🍀🍀🍀 " എന്തായി അമീറെ....?" അക്കു അവന്റെ അരികിലിരുന്നു ചോദിച്ചു... "എല്ലാം സെറ്റാണ് " അമീർ ആത്മവിശ്വാസത്തോടെ പറഞ്ഞു.... " നമ്മുടെ ഇവിടെ ഒക്കെ സെറ്റ് ആകുമോ? ആളുകൾ ഇതൊക്കെ വാങ്ങിക്കുമോ...? " മജീ ആകുലതയോടെ ചോദിച്ചു.... " വാങ്ങിക്കും... നീ ഇതൊന്നു നോക്കിക്കേ... മൂൺഗോഡ്കോച്ചറിന്റെ പേജ് ആണ്.... ഒരു പ്രൗഡ് വുമൺ.... പല സിറ്റുവേഷൻസും തരണം ചെയ്തു നല്ലൊരു രീതിയിൽ ബിസിനസ് കൊണ്ടു നടക്കുന്നത്.... അതുപോലെ എത്രയോ പേർ.... നല്ല സെയിൽ ഉണ്ടവർക്ക്..... നമ്മുക്ക് സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യാം......" " എല്ലാം നന്നായി വരുമടാ.... " അക്കു അവന്റെ തോളിൽ തട്ടി പറഞ്ഞു..... പിറ്റേന്ന് കാലത്ത് ശ്രീനന്ദ എഴുന്നേറ്റു പണികൾ ഒതുക്കി.... കോലായിൽ ചായയും കൈ പിടിച്ചു ഉമ്മച്ചിയുമ്മാടെ കൂടെ ഇരുന്നു.... " ഓൻ എഴുന്നേറ്റിട്ടില്ലേ.... എന്ത് പറ്റി.... അല്ലേൽ രാവിലെ ഓടുമല്ലോ....? " " അറിയില്ല ഉമ്മച്ചിമ്മ.... കുറേ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം തീർക്കുകയായിരിക്കും.... " ശ്രീനന്ദ പറഞ്ഞു കൊണ്ട് ചായ കുടിച്ച കപ്പ് കഴുകി അടുക്കള പുറത്തേക്ക് ഇറങ്ങി.... അവിടെ നട്ടുപിടിപ്പിച്ച പച്ചക്കറികളെ വെറുതെ നോക്കി.... അതിനിടയിൽ ഓരോന്ന് സംസാരിക്കുന്നുണ്ട് രണ്ട് പേരും..... " ഓഹ് ഇവിടെ പഞ്ചായത്ത് വെച്ചിരുന്നിട്ട് ഈ വീട്ടിൽ വല്ല കള്ളനും കയറിയാൽ രണ്ടുപേരും അറിയില്ലല്ലോ.... " അമീർ കയ്യിലൊരു ചായ കപ്പും പിടിച്ചു കോലായിലെ അരഭിത്തിയിൽ ഇരുന്നു..... ശ്രീനന്ദ തിരിഞ്ഞു നോക്കിയില്ല... ഇന്നോളം തന്ന അവഗണനയുടെ ഒറ്റപ്പെടുത്തലിന്റെ പ്രതികാരം.... " അന്നേക്കാൾ വലിയ കള്ളൻ ഈ ദുനിയാവില് ഇണ്ടാവില്ല.... " ഉമ്മച്ചിയുമ്മ അവനെ നോക്കി പറഞ്ഞു..... " ഓഹ് ഒരു തമാശക്കാരി.... " അമീർ അവരുടെ ചുക്കി ചുളിഞ്ഞ കവിളിൽ നുള്ളി.... തിരിഞ്ഞു നിൽക്കുന്നവളുടെ മുഖമൊരു നോക്ക് കാണാൻ തോന്നി അവന്.... പക്ഷേ അതിലുപരി അവളുടെ ചെയ്തികൾ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല...... " നിന്റെ പണികൾ ഒരുങ്ങിയെങ്കിൽ വല്ലതും കഴിച്ചു വാ... നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്.... " അമീർ ശ്രീനന്ദയെ നോക്കി.... ഒരുവേള ആ വെള്ളാരം കണ്ണുകൾ കാണാൻ കൊതി തോന്നി..... " പെട്ടൊന്ന് പോയി വരാം... " അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാവാതെ പറഞ്ഞവൻ.... " അപ്പൊ ഉമ്മച്ചിമ്മ....? " " ആ കിളവി ഇവിടെ ഇരുന്നോളും... അല്ലെങ്കിലും എക്സ്പിയറി ഡേറ്റ് കഴിഞ്ഞവരെ വീട്ടിലിരുത്തുന്നതാ നല്ലത്.... " അമീർ ഉമ്മച്ചിയുമ്മയെ നോക്കി പറഞ്ഞു.... " ആഹാ അനക്ക് ഇപ്പൊ അങ്ങനെ ഒക്കെ തോന്നും.... കുറച്ചു കഴിയുമ്പോ എന്നെ കണ്ടൂടാതാവും..... ഇജ്ജ് ഓന്റെ പ്രാന്ത് കേൾക്കാൻ നിക്കാണ്ട് പോയി പൊറപ്പെട്ടോ....." ശ്രീനന്ദയെ നോക്കി പറഞ്ഞവർ.... ഒരു ചുരിദാറുമിട്ട് സിമ്പിളായി ഒരുങ്ങി അമീറിന്റെ കൂടെ ഇറങ്ങുമ്പോ എങ്ങോട്ടെന്നറിയില്ലെങ്കിലും മനസ്സിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു..... അവളുടെ സാമിപ്യം നല്കുന്ന സന്തോഷത്തിലായിരുന്നു അമീറും... കാർ നേരെ പോയത് മാളിലേക്ക് ആണ്..... ശ്രീനന്ദ അമീറിനെ നോക്കി... ഇവിടേക്ക് ആണോ ഇത്രേം ബിൾഡപ്പിൽ കൊണ്ടു വന്നത്.... " ഇവിടെ ഒഴിഞ്ഞു കിടന്ന ഷോപ്പിൽ നമ്മടെ പുതിയ ബിസിനസ് സ്റ്റാർട്ട് ചെയ്യുകയാണ്.... " ഷീ വോൺ..... " അതാണ് പേര്... ശ്രീനന്ദ തല കുലുക്കി.... പക്ഷേ ഷോപ്പിലേക്ക് കയറിയപ്പോൾ എന്താണെന്ന് മനസിലാവാതെ ചുറ്റുമോന്ന് നോക്കിയവൾ.... പത്തു തയ്യൽ മെഷീൻ നിരത്തി വെച്ചിട്ടുണ്ട്.... ഇരുപതോളം ടേബിൾ... കുന്നോളം കുമിഞ്ഞു കിടക്കുന്ന ചാക്കുകൾ... നിരവധി റാക്കുകൾ പിടിച്ചിരിക്കുന്നു.... ചിലതിലെല്ലാം തുണികൾ അടുക്കി വെച്ചിട്ടുണ്ട്.... " ഇതൊക്കെ എന്താ...? " ശ്രീനന്ദ മനസിലാവാതെ ചാക്കു കെട്ടുകൾ നോക്കി ചോദിച്ചു.... " ഇതെല്ലാം പലതരം ഫാബ്രിക്കുകളാണ്.... നെറ്റ്, ഷിഫോൺ, ജോർജെറ്റ്, വൽവെറ്റ്, പോളിസ്റ്റർ, നൈലോൺ, ക്രെപ്, ഡെനിം, ലിനെൻ, സാറ്റിൻ, സിന്തെറ്റിക്ക്, പട്ട്, ഡിസൈൻ നെറ്റ്, കോട്ടൺ, അജ്രക്, കാലങ്കരി തുടങ്ങി ഒട്ടനവധി ഐറ്റംസ് ഉണ്ട്... മഹാരാഷ്ട്രയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.... പിന്നെ... വാ... ഇതെല്ലാം ഉഷയുടെ മെഷിൻ ആണ്... എല്ലാം ഓട്ടോമാറ്റിക് ആണ്... ഇത് സ്പീഡ് അഡ്ജസ്റ്റബിൾ ആണ്..., ഫോർവേഡ്, റിവേഴ്സ് കണ്ട്രോൾ ആണ്... ഓട്ടോ ട്രിപ്പിങ് ആണ്... ഹാൻഡ് ലോക്, വൺ സൈഡ് സ്റ്റിച്, സ്റ്റോൺ സ്റ്റിച്, നെറ്റ് സ്റ്റിച് എല്ലാം ഉണ്ട്..... ഇപ്പൊ നമുക്ക് കറ്റിംഗിന് ആറു പേരും സ്ഥിച്ചിങ്നും പത്തു പേര് പാക്കിംഗിന് പതിനഞ്ചോളം പേരുമാണ് ഉള്ളത്.... പിന്നെ ലോഡിങ്, കൊറിയർ സർവീസ് അതിനായ് വേറെ മൂന്നു പേരും.... സ്റ്റാർട്ടിങ് നമ്മുക്ക് ചെറിയ രീതിയിൽ കൊണ്ടു പോകാം... പിന്നെ വേണേൽ വലുതായി വിപുലീകരിക്കാം.... ചെറിയ രീതിയിൽ ഓൺലൈൻ ബിസിനസ് കൂടെ തുടങ്ങാം... സാധാരണക്കാർക്ക് അഫോഡബിൾ പ്രൈസിന് നമ്മുക്ക് കുർത്തിസ് അടിച്ചു കൊടുക്കാം, ഡ്രസ്സ് കോഡും വെഡിങ് ഡ്രെസ്സും ഏത് വേണേലും തനിക്ക് ഡിസൈൻ ചെയ്തു കൊടുക്കാം.... " അമീർ പറഞ്ഞു നിർത്തിയതും ശ്രീനന്ദയുടെ കണ്ണുകൾ തള്ളി... "ഞാനോ... എന്നെ കൊണ്ടു കഴിയില്ല അമീർ....".....തുടരും....