നിശാഗന്ധി: ഭാഗം 64
Nov 1, 2024, 18:53 IST

രചന: ദേവ ശ്രീ
ദീപക് കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങവേയാണ് പോക്കറ്റിൽ കിടന്ന ഫോൺ ശബ്ദിച്ചത്.... " ഹലോ.... " ഫോൺ കാതോരം ചേർത്ത് പറഞ്ഞവൻ.... " ഹലോ.. ഞാൻ... ഞാനാണ്... മഹേശ്വരി.... മഞ്ജുവിന്റെ അപ്പച്ചി.... " ഒരു നിമിഷം ദീപക് ഓർമകളിലേക്ക് കൂപ്പുക്കുത്തി.... മഞ്ജു... തന്റെ പ്രിയപ്പെട്ടവൾ.... ഓർമ്മകൾ അവളിലും അവളുടെ ഉള്ളിൽ രൂപം കൊണ്ട തന്റെ കുഞ്ഞിലേക്കും വഴി തിരിഞ്ഞു..... കണ്ണുകളിൽ നീർപൊടിഞ്ഞതും ദീപക് കണ്ണന്നൊടച്ചു.... " ഹലോ ദീപക്... കേൾക്കാമോ... " മഹേശ്വരിയമ്മയുടെ ശബ്ദം..... " കേൾക്കാം..... " ശബ്ദത്തിലെ വിറയൽ അറിയാതിരിക്കാൻ ശ്രമിച്ചവൻ.... " ഞാൻ.... ഞാനിപ്പോ വിളിച്ചത്..... " അവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി ദീപക്കിന്.... " പറഞ്ഞോളൂ.... " ചിന്തകൾ വെടിഞ്ഞു കൊണ്ടു ദീപക് പറഞ്ഞു..... " തറവാട്ടിലെ എന്റെ ഓഹരി വിൽക്കണം എന്നുണ്ട്..... ഏട്ടൻ ഏട്ടന്റെ ആസ്തി എല്ലാം ഭാഗം വെക്കുമ്പോൾ നിന്റെയും മഞ്ജുവിന്റെയും പേരിൽ ജോയിന്റ് രെജിസ്ട്രേഷൻ ആണ് നടത്തിയത്.... മഞ്ജു ഇപ്പൊ ഇല്ലാത്ത സ്ഥിതിക്ക്..... നിന്റെ ഭാഗം നീ വളച്ചു കെട്ടി എടുത്തോ... എന്റെ ഭാഗം വിൽക്കാൻ നിന്റെ ഒരു ഒപ്പ് വേണം..... " "എനിക്ക് അതൊന്നും വേണ്ടാ.... നിങ്ങൾ.... സോറി അപ്പച്ചി എടുത്തോളൂ....." " അത് വേണ്ട മോനെ.... അത് എന്റെ ഏട്ടൻ ഏട്ടന്റെ ആകെയുള്ള ഒരു മോൾക്ക് നൽകിയതാണ്.... അതിന്റെ അവകാശി നീയാണ്..... " മഹേശ്വര്യമ്മ പറഞ്ഞു.... " എനിക്ക് അത് ഒരു ഭാരമാകും.... അർഹത ഇല്ലാത്തത് എന്തോ കയ്യിലിരിക്കുന്ന പോലെ.... വൈകി ആണേലും ഞാൻ... ഞാൻ മറ്റൊരു ജീവിതം തിരഞ്ഞെടുത്തു.... ഇതിൽ എന്നെക്കാൾ എന്തു കൊണ്ടും നിങ്ങൾക്കാണ് അവകാശം..... എന്നാണ് എന്ന് പറഞ്ഞാൽ മതി.... ഞാൻ വരാം.... " " മോനെ... സന്തോഷമായി അപ്പച്ചിക്ക്.... നീ ഒറ്റപ്പെട്ടില്ലല്ലോ.... നീ വരുമ്പോൾ ഭാര്യയെയും കൂട്ടി വാ... ഒരാഴ്ച്ച ഇവിടെ നിന്നിട്ട് പോകാം.... " മഹേശ്വരിയമ്മ സ്നേഹത്തോടെ പറഞ്ഞു.... " നോക്കാം അപ്പച്ചി..... " ആ ഫോൺ കാൾ കട്ട് ചെയ്തതും ദീപക് ഇത്തിരി നേരം അതെ നിൽപ്പ് തുടർന്നു..... 🍁🍁🍁🍁🍁🍁🍁🍁🍁 കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന മഹി തന്റെ രൂപത്തിലേക്ക് തന്നെ ഉറ്റ് നോക്കി.... വെളുത്തു സുന്ദരനായ ദൃഡ്ഡമായ ശരീരമുള്ള ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന തരത്തിൽ ശരീരമുള്ള മേലെപ്പാട്ടെ മഹാദേവൻ..... ഇന്ന് കണ്ണുകൾ കുഴിഞ്ഞു മുഖത്തു കരിവാളിപ്പ് നിറഞ്ഞ തലയിൽ ഒരു മുടി പോലുമില്ലാതെ ശോഷിച്ചു പോയൊരുവൻ.... ഇപ്പോഴത്തെ അവന്റെ രൂപം കാണും തോറും മനസ്സിൽ നിറയുന്ന നിസംഗത ചെറുതായിരുന്നില്ല..... " മോനെ..... ദീപക് വരാം എന്ന് സമ്മതിച്ചു... എന്റെ കുഞ്ഞു വിഷമിക്കണ്ട.... അത് വിറ്റാൽ നിന്റെ ചികിത്സക്കുള്ളത് കിട്ടും.... നീ തത്കാലം ഇത് കൊണ്ടു പോയി പണയം വെക്കണം.... " അവരുടെ കയ്യിൽ കിടന്ന അവസാന തരി പൊന്നും അഴിച്ചു കൊടുത്തവർ.... " ഇത് എന്തിനാ...." " വിൽക്കാനുള്ള ഏർപ്പാട് ആയിന്നു വിളിച്ചു പറഞ്ഞ അവൻ വരും... അവന്റെ ഓഹരിയും അവൻ നമ്മുക്ക് തരും എന്ന് പറഞ്ഞു.... പിന്നെ അവന്റെ ഭാര്യയുമയാണ് വരുന്നത്... അവര് വരുമ്പോൾ എന്തെങ്കിലും ഒക്കെ വെച്ചുണ്ടാക്കി കൊടുക്കണ്ടേ... അതിന് ഒരാളെയും വെക്കണം.... അതിന് പണം തന്നെ വേണം.... " മഹേശ്വരിയമ്മ പറഞ്ഞു.... " അമ്മ പൊക്കോളൂ... എനിക്ക്... എനിക്ക് വയ്യാ.... " മഹിക്ക് ആളുകളെ അഭിമുഖീകരിക്കാനും സഹതാപ നോട്ടങ്ങൾ ഏറ്റു വാങ്ങാനും കഴിയുന്നില്ല.... അവന്റെ ആ പറച്ചിൽ ആ അമ്മയുടെ മുഖത്തും വേദന നിഴലിച്ചു.... " എന്റെ കുഞ്ഞു വിഷമിക്കണ്ട... എല്ലാം മാറും.... " അവരിൽ വല്ലാത്തൊരു പ്രതീക്ഷ...... മഹി മുറിക്കുള്ളിലേക്ക് കയറി..... തല വേദന ശക്തമാണെന്ന് തോന്നി അവന്.... കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു.... തല പിളർന്നു പോകും പോലെ..... വേദനയുടെ മരുന്നെടുത്തു കഴിച്ചു ബെഡിലേക്ക് ചുരുണ്ടു കൂടി..... കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു...... കൺമുന്നിൽ പല മുഖങ്ങളും മിന്നി മറഞ്ഞു.., ഒടുവിൽ താൻ അഗ്നി സാക്ഷിയായി താലി കെട്ടി ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയവളിൽ ചിന്ത ചെന്നെത്തി..... അന്ന് മറ്റൊരു സ്വഭാവ ദൂഷ്യവുമില്ലാതെ അവളെ ജീവനോളം സ്നേഹിച്ചു ജീവിച്ചിരുന്നെങ്കിൽ.... അവൻ വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കി.... . തന്റെ ജീവിതം മനോഹരമായിരുന്നേനെ.... ലോകത്തിലെ ഏറ്റവും സന്തോഷവാൻ താനാകുമായിരുന്നു.... തന്നെ ഒരുപാട് സ്നേഹിക്കുന്ന തന്റെ ഭാര്യ... അവളിൽ തന്റെ മക്കൾ.... സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും പരിഭവിച്ചും ആ ഓർമകളിൽ മഹിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.... " കുഞ്ഞുങ്ങൾ......" തന്റെ മക്കൾ..... ആ ഓർമയിൽ അവന്റെ ഉള്ളൊന്ന് പിടഞ്ഞു..... " ആരോഹി..... " തന്റെ മക്കളെ പോലും ഒരു നോക്ക് കണ്ടിട്ടില്ല..... അവർ വലുതായി കാണുമോ? തന്നെ കുറിച്ച് അന്വേഷിക്കുന്നുണ്ടോ...? അവൾ എങ്ങനെയായിരിക്കും മക്കളെ വളർത്തിയത്.... മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കുമിഞ്ഞു...... അന്നേരം ഇന്നോളം കണ്ടിട്ടില്ലാത്ത സ്നേഹം പകർന്നു കൊടുത്തിട്ടില്ലാത്ത തന്റെ മക്കളെ കുറിച്ച് ആവലാതി പെടുന്നൊരച്ഛന്റെ ഹൃദയം ആയിരുന്നു അവനിൽ..... ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി..... ഞാൻ ഇന്നോളം ചെയ്തു കൂട്ടിയതിനെല്ലാം ദൈവം മറുപടി ചോദിച്ചു കൊണ്ടിരിക്കുന്നു...... മരണം പുൽകും വരെ വേദനകൾ മാത്രം നൽകാനാണ് തനിക്ക് രോഗം പോലും എന്ന് തോന്നി പോയവന്..... 🍁🍃🍁🍃🍁🍃🍁 " ജീവൻ പോയോ.... ". ഒരനക്കവുമില്ലാതെ കിടക്കുന്ന ഗംഗാധരന് കഞ്ഞി വെള്ളം ഉപ്പിട്ട് കൊടുക്കാൻ വന്നതും ലത പറഞ്ഞു.... ഒന്ന് രണ്ടു വട്ടം വിളിച്ചിട്ടും അനക്കം കാണാഞ്ഞപ്പോൾ അവർ ഇത്തിരി ഉറക്കെ വിളിച്ചു.... യാതൊരു അനക്കവുമില്ല.... വല്ലാത്തൊരു നടുക്കും തോന്നി അവർക്ക്.... അവരുടെ ഉയർന്ന ശബ്ദം കേട്ട് വഴിയിലൂടെ പോകുന്നവരും അയൽക്കാരും വന്നു.... "പോയി.... പോട്ടെ... ഇങ്ങനെ നരകിക്കണ്ടല്ലോ.... പോയി.... ഞാൻ ഒറ്റക്കായി..." അവർ പതം പറഞ്ഞു..... ഇന്നോളം മിണ്ടി പറയാനും ചീത്ത പറയാനും വീട്ടിലൊരാളുണ്ടായിരുന്നു.... ഇനി അതുമില്ല..... ഒരുപാട് നരകിച്ചാണ് ജീവൻ പോയത്.... ✡️✡️✡️✡️ " അറിഞ്ഞില്ലേ മഹേശ്വരിയമ്മേ.... ആ പെണ്ണ് ഇന്ന് പുതിയ ഹോട്ടൽ തുറക്കുകയാണ്.... " വീട്ടുജോലിക്ക് ഒരാഴ്ച്ചക്ക് ആളുമായി വന്ന ബ്രോക്കർ പറഞ്ഞു.... അവരിൽ നിരാശ തളം കെട്ടി.... പഴയ ഗർവ്വോന്നുമില്ല.... തന്റെ മകൻ അനുഭവിക്കേണ്ടിയിരുന്ന ഉയർച്ച.... അവന്റെ പിടിപ്പ് കേടുകൊണ്ടു തന്നെ നഷ്ട്ടപെട്ടിരിക്കുന്നു.... എങ്കിലും ശ്രീനന്ദയോട് അതിയായ നീരസം തോന്നി.... ഒപ്പം അവളുടെ എല്ലാം നശിച്ചു പോകണേ എന്നവർ ഉള്ളുരുകി പ്രാർത്ഥിച്ചു... അകത്തളത്തിലിരുന്നു മഹി ഇത് കേൾക്കുന്നുണ്ടായിരുന്നു.... വീണ്ടും ശ്രീനന്ദയുമൊത്തുള്ള ജീവിതം വെറുതെ സങ്കല്പിച്ചു നോക്കി... തന്നോട് കുറുമ്പ് കാട്ടുന്നവൾ... തന്നെ സ്നേഹിക്കുന്നവൾ.... തന്നോട് പരിഭവിക്കുന്നവൾ... മഹി വെറുതെ ചിരിച്ചു.... ഇന്ന് വെറുമൊരു സ്വപ്ന ലോകത്തിലാണ് താൻ ജീവിക്കുന്നത് എന്ന് മഹിക്കറിയാം... അതാണ് സന്തോഷവും.... വീണ്ടും പൂമുഖത്തെ സംസാരം ശ്രവിച്ചവൻ.... "എന്തെന്നെ പറഞ്ഞാലും അവൾടെ അമ്മായി അല്ലേ... ആ തള്ള ഒറ്റക്കല്ലേ... അതിനെയും കൂടെ കൂട്ടായിരുന്നു.... ഇതിപ്പോ ഗംഗാധരൻ മരിച്ച അന്ന് വന്നു പോയതാണ്....." " അവൾക്കിനി ഇവരൊക്കെ എന്തിനാ... ആ പാവങ്ങൾ അവൾക്ക് വേണ്ടി ജീവിച്ചത് മിച്ചം.... ". ശ്രീനന്ദയോടുള്ള നീരസം പ്രകടമാക്കിയവർ.... എന്തോ അമ്മയുടെ സംസാരം മഹിക്ക് ഇഷ്ടമായില്ല.... പാവം എന്റെ ശ്രീ.... എന്തോരം അനുഭവിച്ചു... ഞാനെങ്കിലും അവളെ ചേർത്ത് പിടിക്കണമായിരുന്നു...... അവന്റെ ഉള്ളം വെറുതെ പുകഞ്ഞു...... ദിവസങ്ങൾ ആഴ്ചകളായി മറഞ്ഞത് പെട്ടെന്നാണ്..... ✡️✡️✡️✡️✡️ " സൂക്ഷിച്ചു.... " കാറിലേക്ക് കയറുന്നവളെ ശ്രദ്ധയോടെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു ദീപക്.... ആരോഹി അവനെ ഒരുനിമിഷം നോക്കി... ആദ്യകാഴ്ച്ചയിൽ താൻ ഏറെ ഭയപ്പെട്ട ഒരുവൻ... ഇപ്പൊ തന്റെ നിഴലു പോലെ കൂടെ.... ഒരുപാട് വ്യത്യാസം വന്നവന്.... " പോവാം മക്കളെ..... " പിറകിലിരിക്കുന്ന മക്കളോട് ചിരിയോടെ ചോദിച്ചവൻ.... അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ആ വണ്ടി നേരെ മുന്നോട്ട് കുതിച്ചു.... " ഞാൻ വന്നാൽ അവർക്ക് ഇഷ്ട്ടമാകുമോ...? " ആരോഹി സങ്കോചത്തോടെ ചോദിച്ചു... ഇന്നോളം പോകാത്തൊരിടം... കാണാത്ത ആളുകൾ... " താനിങ്ങനെ ടെൻഷനടിക്കുകയൊന്നും വേണ്ടാ.... അവിടെ അവര് അമ്മയും മകനും മാത്രമേ ഉള്ളൂ... നല്ല സ്നേഹം ഉള്ളോരാ.... നല്ല സാമ്പത്തിക സ്ഥിതിയൊക്കെ ഉണ്ടായിരുന്നു.... ഇതിപ്പോ പ്രോപ്പർട്ടി വിൽക്കാൻ മാത്രം എന്ത് പറ്റിയാവോ....? " ദീപക് സ്വയം പറഞ്ഞു.... " തനിക്ക് കംഫർട് അല്ലെങ്കിൽ അപ്പൊ തന്നെ പോരാം... നിങ്ങളുടെ കംഫർട്ട് അല്ലേ എനിക്ക് പ്രധാനം.... " ആരോഹി ചിരിച്ചു.... വഴിയിൽ വണ്ടി നിർത്തി അവർ ഭക്ഷണം കഴിച്ചു.... മക്കളുടെ കാര്യവും ആരോഹിയുടെ ഭക്ഷണ കാര്യങ്ങളും അത്രമേൽ ശ്രദ്ധിച്ചവൻ............തുടരും....