മനുഷ്യനിര്‍മിത ദുരന്തമല്ലാത്തതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല; വയനാട് വിഷയത്തില്‍ ഹൈക്കോടതി
കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ഉയര്‍ന്ന നഷ്ടപരിഹാരം വേണമെന്ന് ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഉരുള്‍പൊട്ടലില്‍ ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വയനാട്ടില്‍ സംഭവിച്ചത് പ്രകൃതി ദുരന്തമാണ് അതൊരിക്കലും മനുഷ്യ നിര്‍മിതമല്ലെന്നും കോടതി പറഞ്ഞു.
എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന നഷ്ടപരിഹാരം അനുവദിക്കണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുക എന്നത്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തി താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കോടതി പറഞ്ഞു. സ്വന്തം നിലയ്ക്ക് വീട് നിര്‍മിക്കുന്നവര്‍ക്കുള്ള തുക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കാമെന്ന് അമിക്കസ് ക്യൂറി കോടതി അറിയിച്ചിട്ടുണ്ട്.
അതേസമയം, ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീര്‍ണം സംബന്ധിച്ച പദ്ധതി ആസൂത്രണ ഏജന്‍സി സമര്‍പ്പിച്ച പ്രോജക്ട് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. കല്‍പറ്റയില്‍ 5 സെന്റ് പ്ലോട്ടുകളും നെടുമ്പാലയില്‍ 10 സെന്റ് പ്ലോട്ടുകളും എന്നായിരുന്നു ഏജന്‍സിയായ കിഫ്‌കോണ്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഈ രണ്ട് മേഖലകളിലും 10 സെന്റ് ഭൂമി അനുവദിക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നത്.
കല്‍പറ്റയില്‍ 467, നെടുമ്പാലയില്‍ 266 എന്നിങ്ങനെ പാര്‍പ്പിട യൂണിറ്റുകളാണ് നിര്‍മിക്കുന്നത്. ഇതിനാകെ ചെലവ് വരുന്നത് 632 കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ടൗണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപയോ അല്ലെങ്കില്‍ അവരുടെ ഇഷ്ടപ്രകാരം വനമേഖലയോട് ചേര്‍ന്ന് ഭൂമിയോ നല്‍കും.
ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി രണ്ട് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനായാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ ഗ്രൗണ്ട് സര്‍വേ നടത്തി ഉപയോഗ യോഗ്യമായ ഭൂമി കണ്ടെത്തി നിലവിലുള്ള ഉത്തരവില്‍ ഭേദഗതി വരുത്തുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ചുമതല ദുരന്തനിവാരണ വകുപ്പിനാണ്. മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും പദ്ധതി നടത്തിപ്പ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.