പേടിക്കാനില്ല; പ്രശ്നങ്ങളെല്ലാം അവസാനിച്ചു: എമ്പുരാൻ പ്രതീക്ഷിച്ച സമയത്ത് തന്നെ തീയറ്ററുകളിലെത്തും

എമ്പുരാൻ പ്രതീക്ഷിച്ച സമയത്ത് തന്നെ തീയറ്ററുകളിലെത്തുമെന്ന് സൂചനകൾ. നേരത്തെ സിനിമയുടെ ഓവർസീസ്, ഒടിടി അവകാശങ്ങളൊക്കെ വൈകുകയാണെന്നും അതുകൊണ്ട് തന്നെ റിലീസ് തീയതിയിൽ സംശയമുണ്ടെന്നും റിപ്പോർട്ടുകളുയർന്നിരുന്നു. ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉടൻ തന്നെ ടിക്കറ്റ് പ്രീബുക്കിങ് ആരംഭിക്കുമെന്നും സൂചനകളുണ്ട്. ഈ മാസം 27 നാണ് എമ്പുരാൻ തീയറ്ററുകളിലെത്തുക.
ഓവർസീസ് ഡീലുകൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യൻ സിനിമകളുടെ ഓസ്ട്രേലിയയിലെ പ്രമുഖ വിതരണക്കാരായ ട്രൈകളർ എൻ്റർടെയിന്മെൻ്റ് അടക്കമുള്ളവർ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ മാസം 15ന് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്.
ലൂസിഫർ സിനിമാപരമ്പരയിലെ രണ്ടാമത്തെ സിനിമയാണ് ലൂസിഫർ 2 എമ്പുരാൻ അഥവാ എൽ2 എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ജെറോം ഫ്ലിൻ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങയവർ അഭിനയിക്കുന്നു. സുജിത് വാസുദേവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അഖിലേഷ് മോഹൻ എഡിറ്റും ദീപക് ദേവ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന തുടരും ആണ് മോഹൻലാലിൻ്റേതായി ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. മോഹൻലാൽ, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയിൽ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ബൈജു തുടങ്ങിയവരും അഭിനയിക്കും. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും ഒരുമിക്കുന്നത്. കെആർ സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്. നിഷാദ് യൂസുഫ്, ഷഫീക്ക് വിബി എന്നിവർ ചേർന്നാണ് സിനിമയുടെ എഡിറ്റിങ്. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ സിനിമ റിലീസാവുമെന്നാണ് വിവരം.