Automobile

പെട്രോളും വേണ്ട; സിഎന്‍ജിയും വേണ്ട: ബജാജിന്റെ പുതിയ ബൈക്ക് വരുന്നു

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാഹന നിര്‍മാതാക്കളെല്ലാം പുത്തന്‍ ഇന്ധനങ്ങളിലേക്ക് തങ്ങളുടെ എഞ്ചിന്‍ രൂപകല്‍പന മാറ്റുന്ന കാലമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമിയില്‍നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കയാണെന്നതും അന്തരീക്ഷ മലിനീകരണം കൂടുതലാണെന്നതുമെല്ലാമാണ് സിഎന്‍ജിയിലേക്കും ഇവിയിലേക്കുമെല്ലാം ചുവടുമാറ്റം നടത്താന്‍ വാഹന നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യയിലാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നും കഴിയുന്നതും വേഗം പുറത്തുകടക്കാനുള്ള നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പെട്രോളും സിഎന്‍ജിയുമൊന്നും ആവശ്യമില്ലാത്ത വാഹനങ്ങളിലാണ് ഏവരുടെയും ശ്രദ്ധ. ഇത്തരം ഗവേഷണങ്ങളില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള വാഹന നിര്‍മാതാക്കളാണ് ടാറ്റയും ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോഴ്‌സുമെല്ലാം.

സിഎന്‍ജി വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തിയ ബജാജ് ഇപ്പോള്‍ പെട്രോളും സിഎന്‍ജിയുമെല്ലാം വിട്ട് അതുക്കും മേലെയുള്ള എഥനോള്‍ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. എഥനോള്‍ ഇന്ധനമായ ആദ്യ ബൈക്ക് അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള തീവ്ര പരിശ്രമങ്ങളിലാണ് കമ്പനി.
സെപ്റ്റംബറില്‍ പുതിയ ബൈക്ക് ഇരുചക്ര പ്രേമികളിലേക്ക് എത്തിക്കുമെന്ന് ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.

നിലവിളുള്ള ഏതെങ്കിലും മോഡലാവുമോ, പുത്തന്‍ ഇന്ധനത്തില്‍ എത്തുക, തീര്‍ത്തും പുതിയ ഒരു മോഡലാവുമോ എഥനോള്‍ ഇന്ധനത്തില്‍ റോഡില്‍ ഇറങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ടെങ്കിലും എല്ലാം കാത്തിരുന്നു കാണേണ്ടിവരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.

Related Articles

Back to top button