Movies

മൃഗയയുടെ റീമേക്ക് അല്ല; സൂര്യയും അമല്‍ നീരദും ഒരുമിക്കുന്ന ചിത്രം ഉടൻ

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്നത് സൂര്യയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രത്തിനായാണ്. ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും എന്നാല്‍ എന്ന് എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് സൂര്യയും അമല്‍ നീരദും തമ്മിലുള്ള ഫൈനല്‍ ടോക്ക് നടന്നുവെന്നാണ് റിപ്പോര്‍ട്ട്

ചെറിയ ഷെഡ്യൂളില്‍ ഏകദേശം 40 ദിവസത്തിനുള്ളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി നിര്‍മിക്കുന്ന ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2021 മുതലാണ് സൂര്യയും അമല്‍ നീദും ഒന്നിക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു സിനിമാ പ്രൊമോഷനിടെ ഇരുവരും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തതായാണ് വാര്‍ത്ത പരന്നിരുന്നത്.

അതേസമയം, അമല്‍ നീരദും സൂര്യയും ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കിനായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ഒരു സിനിമയുടെ പ്രോമോഷന് വേണ്ടി കേരളത്തിലെത്തിയ സമയത്ത് ഇതേകുറിച്ചുള്ള സൂചന സൂര്യ നല്‍കിയിരുന്നു. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി താനും അമല്‍ നീരദും സൂര്യയെ കാണാന്‍ പോയിരുന്നതായി ഒരിക്കല്‍ സൗബിന്‍ ഷാഹിറും വ്യക്തമാക്കിയിരുന്നു.

കാതലിന്റെ പ്രൊമോഷനിടെ മൃഗയ എന്ന ചിത്രം റീമേക്ക് ചെയ്യാന്‍ സൂര്യക്ക് ആഗ്രഹമുണ്ടെന്നും മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. കാതലിന്റെ പ്രോമോഷന്‍ സമയത്ത് നല്‍കിയ അഭിമുഖത്തില്‍ അവതാരിക ജ്യോതികയോട് മമ്മൂട്ടിയുടെ മൃഗയ കണ്ടിരുന്നോ എന്ന് ചോദിക്കുമ്പോള്‍ മൃഗയ റീമേക്ക് ചെയ്യാന്‍ സൂര്യ ആഗ്രഹിച്ചിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. ഈ വീഡിയോ വൈറലായതോടെയാണ് മൃഗയയുടെ റീമേക്കിലാണ് അമല്‍ നീരദും സൂര്യയും ഒന്നിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പരന്നത്.

1989ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് മൃഗയ. മമ്മൂട്ടിക്കൊപ്പം ഉര്‍വശി, സുനിത, ലാലു അലക്‌സ്, ശാരി, കുതിരവട്ടം പപ്പു തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയുമുണ്ടായി.

അതേസമയം, കങ്കുവയാണ് സൂര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ വലിയ പരാജയമായിരുന്നു ഇത്. കങ്കുവ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ അമല്‍ നീരദ് ചിത്രത്തിന് സാധിക്കുമെന്നാണ് സൂര്യ ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരേക്കും വന്നിട്ടില്ല

Related Articles

Back to top button
error: Content is protected !!