ഒന്നിനും കണക്കില്ലാത്തത് കെ.എസ്.ആർ.ടി.സി.യുടെ നഷ്ടത്തിന് കാരണം: കെ.ബി.ഗണേഷ് കുമാർ

എല്ലാ കാര്യങ്ങൾക്കും കൃത്യമായ കണക്കില്ലാത്തതാണ് കെ.എസ്.ആർ.ടി.സി. നഷ്ടത്തിലാകാനുള്ള മുഖ്യകാരണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
“കെ.എസ്.ആർ.ടി.സി.യിൽ പല കാര്യങ്ങളും കൃത്യമായ കണക്കില്ലാതെ കൈകാര്യം ചെയ്യുന്ന സ്ഥിതിയായിരുന്നു. പേ റോളിലുള്ള ജീവനക്കാർ ഡ്യൂട്ടിയിലുള്ള സമയത്തും പുറത്തുനിന്ന് എംപാനൽ വഴി ജോലിക്കാരെ എടുക്കുന്ന സ്ഥിതിയായിരുന്നു. താത്കാലിക ജീവനക്കാർക്ക് മാത്രം പ്രതിമാസം ഒൻപത് കോടി നാൽപ്പത് ലക്ഷം രൂപയാണ് ശമ്പളമായി നൽകേണ്ടി വന്നത്”. -ഗണേഷ് കുമാർ പറഞ്ഞു.
അനാവശ്യമായി ജീവനക്കാരെ വിന്യസിക്കുന്ന പ്രവണത കെ.എസ്.ആർ.ടി.സിയിലുണ്ട്. ഓൺലൈൻ ടിക്കറ്റ് സൗകര്യമുള്ളപ്പോൾ ഡിപ്പോകളിൽ മൂന്ന് പേരെ വീതം റിസർവേഷൻ കൗണ്ടറിലിട്ടിരുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സമയബന്ധിതമായി നിർമാണം പൂർത്തിയാക്കതിനാൽ പല ഡിപ്പോകളിലും നിർമിച്ച വാണിജ്യസമുച്ചയങ്ങൾക്ക് കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. ഇതുമൂലം ഇവ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വരവിനൊപ്പം തന്നെ ചോർച്ചയും കെ.എസ്.ആർ.ടി.സി.യിൽ ഇത്തരം കാര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ താൻ ശ്രമിച്ചെന്നാരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പ്രതികരിച്ചു. “ഉമ്മൻ ചാണ്ടിക്ക് ഈ കാര്യത്തിൽ വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എനിക്കിതുമായി യാതൊരു ബന്ധവുമില്ല. ഈ കാര്യത്തിൽ കോടതിയിൽ ഒരാളൊരു കേസുകൊടുത്തിട്ടുണ്ട്. ആ വിധിവരുമ്പോൾ എല്ലാവർക്കും സത്യം ബോധ്യമാകും”.-ഗണേഷ് കുമാർ പറഞ്ഞു.
‘എമ്പുരാൻ’ സിനിമയ്‌ക്കെതിരെ നിർമ്മാതാക്കൾ നടത്തിയ സമരം സിനിമയുടെ കഥയറിഞ്ഞ ആരുടെയോ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
സിനിമയുടെ തീം ആർക്കൊക്കെയോ നേരത്തെ ചോർന്നു കിട്ടിയെന്ന് തോന്നുന്നു. ചില ആളുകൾക്ക്, നിർമ്മാതാക്കളുടെ സംഘടനയിലെ ചിലർക്ക് ഈ കഥ ചോർന്നു കിട്ടിയെന്ന് സംശയമുണ്ട്. അപ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന, അവർക്ക് വല്ല കാര്യവും സാധിക്കാനുള്ള, അവരുടെ രാഷ്ട്രീയ പാർട്ടിയുടെ മുന്നിൽ മിടുക്കനാവാൻ, ഇത് തടയാൻ വന്നവനാണ് ഞാൻ എന്ന് കാണിക്കാൻ വേണ്ടിയുള്ള നടപടിയായിരുന്നോ ‘എമ്പുരാൻ’ സിനിമയ്‌ക്കെതിരായ നിർമ്മാതാക്കളുടെ സമരപ്രഖ്യാപനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”- നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ ഗണേഷ് കുമാർ പറഞ്ഞു.