തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 6

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 6


ആദ്യമായി കണ്ണൻ വിയർത്തു. എന്തുകൊണ്ട്…. ശ്രീ കാരണമാണോ? ഈ ഒരാഴ്ചയിൽ എന്റെ മനസ്സ് അവളിലേക്ക് ആകൃഷ്ടമാവുകയാണോ? എന്തോ ഇഷ്ടമാണവളെ മാത്രമല്ല അവൾക്ക് ഒന്നും സംഭവിക്കരുത് എന്ന ഭയം. ഇതിനെ ഞാൻ എങ്ങനെ നേരിടും.? എന്ന ചിന്തയിൽ അവൻ നീണ്ട നേരം നിന്ന് ആലോചിച്ചു. അവൾ കൊണ്ട് വന്നു വെച്ച ചായയിലേക്ക് നോക്കി.

സോറി ശ്രീ.. ടെൻഷന്റെ പുറത്ത് പറഞ്ഞു പോയതാണ്. എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ ആ ചായ ഒറ്റ വലിക്കു കുടിച്ചു. ശേഷം കാലി ഗ്ലാസ്സുമായി നേരെ താഴേക്ക് നടന്നു. അവൾ അവളുടെ മുറിയിലെ കട്ടിലിൽ കിടന്നു കരയുകയായിരുന്നു.

അവന് എന്നെ ഇഷ്ടമായിരിക്കില്ലേ..? അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ആവുമോ അവൻ ഈ കല്യാണത്തിന് സമ്മതിച്ചത്..? പിന്നെന്തിനാ അവൻ എന്നെ തല്ലി ഇങ്ങോട്ടേക്ക് കൂട്ടി കൊണ്ട് വന്നത്. ആരും ചോദിക്കാനില്ലാത്ത എന്നെ അവിടെ വിട്ടിട്ട് വരരുതായിരുന്നോ..വെറുതെ മോതിരം മാത്രമല്ലെ മാറ്റിയുള്ളു… അവകാശത്തോടെ തല്ലി കൊണ്ടു വന്നതെന്തിനാ.. എന്നോട് എന്തിനാ അവനിങ്ങനെ പെരുമാറുന്നത്. മനസ്സിൽ പുലമ്പിക്കൊണ്ട് അവൾ വിതുമ്പി കൊണ്ടിരുന്നു.

അവളോട്‌ എന്ത്‌ പറയണം എന്നവന് അറിയില്ലായിരുന്നു. അവളുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി അവൻ തിരിച്ചു നടന്നു. പുറത്ത് ഇരുട്ട് വീണു തുടങ്ങിയിരുന്നു. അവിടെ ഒറ്റയ്ക്ക് നിൽക്കുന്ന അമ്മയെ കണ്ട് അവൻ പുറത്തേക്ക് നടന്നു.

“അമ്മേ.. എന്തിനാ ഒറ്റയ്ക്ക് നിൽക്കുന്നത്.. നല്ല തണുപ്പുണ്ട്.. ”

“ഹും.. നീ ചെയ്യുന്ന കാര്യത്തിന് ഒറ്റയ്ക്കാവും എന്നാണ് തോന്നുന്നത്.. നിനക്കെന്താടാ.. തനുവിനോട് ഇത്തിരി സ്നേഹത്തോടെ സംസാരിക്കുമെന്ന് കരുതിയപ്പോൾ, വീട് മറിച്ചിടുന്ന പോലുണ്ടല്ലോ നിന്റെ ശബ്ദം..? അവളുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും. നീ ശബ്ദമുയർത്തിയപ്പോൾ എനിക്ക് നിന്റെ അച്ഛനെയാണ് ഓർമ്മ വന്നത്. അദ്ദേഹവും ഇതുപോലെ ആയിരുന്നു… ജോലിക്കിടയിൽ ആരെങ്കിലും ഇടയിൽ കയറിയാൽ ഇത് പോലെ ഗർജ്ജിക്കും..”

“അമ്മേ ഞാൻ ടെൻഷനിലായിരുന്നു..”

“എന്താടാ നിനക്കിത്ര ടെൻഷൻ..”

“എന്റെ ജോലി..”

“പിന്നെ ഒരു വലിയ ജോലി.. പഴക്കച്ചവടം അല്ലെ..അതിലെന്താടാ ഇത്ര വലിയ ടെൻഷൻ..”

“അമ്മയ്ക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല..”

“അതേടാ എനിക്കൊന്നും മനസ്സിലാവില്ല.. ഇങ്ങനെ മുഖം കറുപ്പിച്ചു സംസാരിക്കാനാണോ.. നീ അവളെ അടിച്ചു ഇങ്ങോട്ടേക്ക് കൂട്ടികൊണ്ട് വന്നത്.”

“അമ്മക്ക് എങ്ങനെ..”

“അന്നവൾ ജീപ്പിൽ വെച്ചു പറഞ്ഞതാ.. അതും നിന്റെ അമ്മയാണെന്ന് പോലും അറിയാതെ.. നീ എന്തിനവളെ അടിച്ചു എന്നൊന്നും എനിക്കറിയണ്ട.. നീ അവളെ എപ്പോ കല്യാണം കഴിക്കും എന്ന് പറ..”

“അത് ഞാൻ അന്നേ പറഞ്ഞില്ലേ..”

“അവളുടെ മനസ്സിൽ ആരുമില്ല എന്ന് എനിക്ക് ഉറപ്പാണ്.. പിന്നെന്താ പ്രശ്നം..”

“അവളുടെ അച്ഛൻ മരിച്ചിട്ട് ഒരു മാസം കൂടി കഴിഞ്ഞിട്ടില്ല… ഇതൊക്കെ ഇപ്പോഴേ സംസാരിക്കുന്നത് എന്തിനാ..”

“പിന്നെ എപ്പോ സംസാരിക്കണം എന്ന് പറ..”

“ഞാൻ പറയാം.. അമ്മയൊന്നു ക്ഷമിക്ക്.. എന്തൊക്കെ സംഭവിച്ചാലും അവളാണ് അമ്മയുടെ മരുമകൾ പോരെ..”

എന്നും പറഞ്ഞ് അവൻ റൂമിലേക്ക് നടന്നു.

രാത്രി ഭക്ഷണം കഴിക്കാൻ വന്നപ്പോഴും അവളുടെ കണ്ണുകൾ കലങ്ങി നിന്നിരുന്നു. പേരിന് രണ്ട് ചപ്പാത്തി കഴിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു. അത് കണ്ടിട്ടും അവൻ മൗനമായി നിന്നു. അമ്മ അവളെ നിർബന്ധിച്ചു പാൽ കുടിപ്പിക്കുമെന്ന് അവനറിയാമായിരുന്നു..

“സോറി ശ്രീ.. ഇന്നലെ ഞാൻ ടെൻഷനിൽ.. റിയലി സോറി..”

ഒടുവിൽ അവൻ അവളോട്‌ സോറി പറഞ്ഞു.

കണ്ണനാണോ ഇപ്പോൾ സംസാരിച്ചതെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് സത്യമാണോ എന്നറിയാൻ അവൾ ഒരിക്കൽ കൂടി അവനെ നോക്കി. അവൻ അവളെയും നോക്കിക്കൊണ്ട് മുകളിലേക്ക് കയറി പോവുകയാണ്.

എല്ലാരും എന്നെ തനു എന്നാണ് വിളിക്കാറ് ഇവനെന്താ ശ്രീ എന്ന് വിളിക്കുന്നേ.. ചിലപ്പോ സ്നേഹത്തോടെ വിളിക്കുന്നതാവുമോ..? അപ്പൊ അവന് എന്നോട് ഇഷ്ടം ഉണ്ടായിരിക്കുമോ..? ഏയ്..ശ്രീ എന്ന് വിളിച്ചാൽ ഇഷ്ടമാണ് എന്നാണോ അർത്ഥം..? പിന്നെന്തായിരിക്കും..

‘ടി.. നിന്റെ അടുത്ത് വന്നതും ഹൃദയം തുടിക്കുകയാണ്.. നിന്നെ അത്രയേറെ ഇഷ്ടപ്പെടുന്നുണ്ടോ ഈ ഹൃദയം.’

അവന്റെ മുറിയിൽ കയറിക്കൊണ്ട് ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു. തനുവിന്റെ ഓർമ്മകളും, വൈകിട്ടത്തെ ഫോൺ കോളും അവന്റെ ഉറക്കം കെടുത്തി.

കുരുവികളുടെ കലപില ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്. അന്നത്തെ പ്രഭാതം അവൾക്ക് കൂടുതൽ ഉന്മേഷമുള്ളതായി തോന്നി.

പല്ലുതേപ്പും കുളിയും കഴിഞ്ഞ് പുറത്ത് വന്നതും ഡെയ്സി അടുക്കളയിൽ ജോലിയിൽ മുഴുകി ഇരിക്കുന്നത് അവൾ കണ്ടു. വയ്യാത്ത കാലുമായി ഡെയ്സി ഓടി നടന്ന് ജോലികൾ ചെയ്യുന്നത് കണ്ടപ്പോൾ അവൾക്ക് കഷ്ടം തോന്നി.

“ഡെയ്സിയമ്മേ.. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പറഞ്ഞോളൂ.. ഞാൻ ചെയ്യാം. അമ്മ വെറുതെ കഷ്ടപ്പെടണ്ട..”

അവരുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവൾ പറഞ്ഞു.

“എനിക്ക് ഇത് കഷ്ടമായിട്ടൊന്നും തോന്നുന്നില്ല മോളെ.. എല്ലാം ശീലമായി.. ഇന്നാ ഈ കാപ്പി കുടിക്ക്..”

ചൂട് കാപ്പി കപ്പിലേക്ക് പകർത്തിക്കൊണ്ട് അവൾക്ക് നേരെ നീട്ടി.. അവളും ചിരിച്ചുകൊണ്ട് അത് വാങ്ങി കുടിച്ചു..

“ഇന്ന് പുറത്തെവിടെയെങ്കിലും ചുറ്റിക്കറങ്ങാൻ പോണോ..”

“ഉം..”

അവൾ സന്തോഷത്തോടെ തലയാട്ടി.

“കണ്ണൻ വരട്ടെ..”

“അയ്യോ അമ്മേ.. അമ്മ വരുന്നുണ്ടെങ്കിലേ ഞാൻ പോകൂ.. അങ്ങേരുടെ കൂടെ ഞാൻ ഒറ്റയ്ക്ക് പോകില്ല..”

ശ്ശെടാ.. രണ്ടും ഒന്ന് സംസാരിച്ച് ഒന്ന് അടുത്ത് ഇടപഴകിക്കോട്ടേ എന്ന് വിചാരിച്ചപ്പോൾ ഇവളെന്താ ഇങ്ങനെ പറയുന്നേ..

“ശരി മോളെ.. കണ്ണൻ എഴുന്നേൽക്കട്ടെ.. നമുക്ക് പോവാം..”

ഡെയ്‌സി പറഞ്ഞു തീർന്നതും അവൾ സന്തോഷത്തോടെ തുള്ളി ചാടി.

പത്ത് മണി ആയപ്പോഴാണ് അവൻ എഴുന്നേറ്റത്, നെറ്റിയിൽ തിരുമ്മിക്കൊണ്ട് അവൻ ഹാളിൽ വന്നിരുന്നു.

“കണ്ണാ..സാധാരണ നേരത്തെ എഴുന്നേൽക്കുന്നതാണല്ലോ.. എന്തിനാ നെറ്റി തടവുന്നെ..തലവേദനിക്കുന്നുണ്ടോ..? ”

ഡെയ്സി അവനുള്ള ചായ ടേബിളിൽ വെച്ചുകൊണ്ട് ചോദിച്ചു.

“അതേമ്മേ..”

അവൻ പറഞ്ഞു തീർന്നതും തനു ഉടുത്തൊരുങ്ങി അവരുടെ മുന്നിൽ വന്നു നിന്നു.

“ഡെയ്‌സിയമ്മേ.. ഞാൻ റെഡി..”

”തനു അവന് വയ്യെന്ന് തോന്നുന്നു.. നമുക്ക് വേറൊരു ദിവസം പോകാം..”

ഡെയ്‌സിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം വാടുന്നത് അവൻ ശ്രദ്ധിച്ചു..

“എനിക്ക് കുഴപ്പമൊന്നുമില്ല. എങ്ങോട്ട് പോകാനാ..”

“വേണ്ട കണ്ണാ.. നിനക്ക് വയ്യല്ലോ..”

“അത് സാരമില്ല.. നമുക്ക് പോകാം..”

“സുഖമില്ലെങ്കിൽ നമുക്ക് വേറൊരു ദിവസം പോകാമ്മേ..”

എന്ന് പറഞ്ഞതും അവൻ അവളെയൊന്നു നോക്കി. അവൾ നിശബ്ദയായി.

“എങ്കിൽ മൊഴിയോട് ഇന്ന് വരണ്ടന്ന് വിളിച്ചു പറഞ്ഞേക്ക്..”

ഡെയ്സി മെല്ലെ പുറത്തേക്ക് നടന്നു. ഡെയ്‌സിയുടെ കൂടെ അവളും, അവൻ മൊഴിയോട് ഇന്ന് വരണ്ട എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് ജീപ്പെടുത്തു.

അവൾ മുന്നിൽ കയറുമെന്ന് വിചാരിച്ചെങ്കിലും അവൾ ഡെയ്‌സിയുടെ കൂടെ പിന്നിൽ തന്നെ ഇരുന്നു.

ഇവളെന്തിനാ എന്നെ പേടിക്കുന്നെ.. ഞാൻ എന്ത്‌ ചെയ്തു.. അവൻ അവളെ തല്ലിയ കാര്യം മറന്നു. തനുവിന്റെ സ്വഭാവത്തെ കുറിച്ച് കാര്യമായി അറിയില്ലെങ്കിലും തന്റെ മകൾ അല്പം ഭയമുള്ള കൂട്ടത്തിലാണെന്ന് ഒരിക്കൽ മാധവൻ നായർ പറഞ്ഞു കേട്ടിട്ടുണ്ട്.

തൊട്ടടുത്ത ഗ്രാമത്തിലുള്ള അവരുടെ തെങ്ങിൻ തോപ്പിലേക്കാണ് അവർ ആദ്യം പോയത്.. അവൻ അവന്റെ കൈകൊണ്ട് തന്നെ കരിക്ക് വെട്ടി അവൾക്ക് കൊടുത്തു.ശേഷം അമ്മയ്ക്കും..

“കണ്ണാ.. തനു മോളെ എല്ലാം കൊണ്ട് പോയി കാണിക്ക്..ഞാനിവിടെ ഇരുന്നോളാം.”

ഡെയ്‌സി അവരെ ഒറ്റയ്ക്ക് സംസാരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു..

“അമ്മേ.. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം..”

“ശരി.. അധികം ദൂരമൊന്നും പോകണ്ട കേട്ടോ..”

“ശരിയമ്മേ.. ”

അവൾ മെല്ലെ കാഴ്ചകൾ കണ്ട് മുന്നോട്ടു നടന്നു..

“ഡാ കണ്ണാ.. നീ ഇനി അവളോട്‌ ദേഷ്യപ്പെട്ടു സംസാരിക്കരുത്..അവളൊരു പെൺകുട്ടിയല്ലേ കുറച്ചു മയത്തിലൊക്കെ വേണം സംസാരിക്കാൻ..”

“അവളൊരു പേടിച്ചു തൂറിയണമ്മേ.. ഞാൻ എന്ത്‌ ചെയ്യാനാ..”

“ഉം.. ശരി.. നിന്നെ പേടിക്കേണ്ട കാര്യമില്ലെന്ന് അവൾക്ക് മനസ്സിലാക്കി കൊടുക്കണം.. പോ പോയി സംസാരിക്ക്..”

അവളോട്‌ സൗമ്യമായി സംസാരിച്ചാൽ, അവളോട് താൻ കൂടുതൽ സ്വാതന്ത്ര്യം കാണിക്കുമോ എന്ന പേടിയാണ് എനിക്ക്. അവൻ മനസ്സിൽ കരുതി.

കുറച്ചു മാറി ആ തെങ്ങിൻ തൊപ്പിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവൾ..

“എന്ത്‌ ചെയ്യുവാ..”

പെട്ടെന്നുള്ള അവന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി.. പേടിച്ചു അവൾ അവന്റെ മേത്തേക്ക് വീഴാൻ പോയതും അവൻ അവളെ താങ്ങാൻ ശ്രമിച്ചു.

“പ്ലീസ്.. ഞാൻ ബാലൻസ് ചെയ്തോളാം..”

അവൾ ഒരു വിധം വീഴാതെ പിടിച്ചു നിന്നു..
അത് കേട്ടതും സംസാരിക്കാനുള്ള അവന്റെ മൂഡ് പോയി..

“അമ്മ വിളിക്കുന്നു.. കഴമ്പ് വെട്ടി വെച്ചിട്ടുണ്ട്..”

എന്ന് പറഞ്ഞ് ജീപ്പിനടുത്തേക്ക് നടന്നു. അവൾ അവന്റെ കാൽപാദം പതിഞ്ഞ മണ്ണിൽ അവളുടെ കാൽ ചേർത്ത് വെച്ച് നടന്നു..പെട്ടന്ന് അവൻ തിരിഞ്ഞതും അവളുടെ മുഖം അവന്റെ മാറിൽ അമർന്നു.

“സോറി.. പെട്ടന്ന് തിരിയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..”

അവൾ പെട്ടന്ന് തന്നെ അകന്നു മാറികൊണ്ട് തല താഴ്ത്തികൊണ്ട് പറഞ്ഞു..

“കുഴപ്പമില്ല.. പിന്നെ അമ്മയുടെ മുന്നിൽ വെച്ച് പറയാൻ പറ്റില്ല.. അതാണ് ഞാൻ..”

അതെന്താ അമ്മയുടെ മുന്നിൽ വെച്ച് പറയാൻ പറ്റാത്ത കാര്യം..അവൾ സംശയത്തോടെ അവനെ നോക്കി..

“നിന്നെ അടിച്ചു കൂട്ടികൊണ്ട് വന്നത് തെറ്റാണെന്ന് എനിക്കറിയാം.പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു.. നീ മോതിരം ഊരി തരാം എന്ന് പറഞ്ഞതും… പിന്നെ ഇനി അതുപോലെ അമ്മയോട് ഒന്നും പറയരുത്.. താങ്ങാനാവില്ല പാവത്തിന്.. നിന്നെ മരുമകളായി കണ്ടുപോയി പാവം..”

അപ്പോ നീ എന്നെ ഭാര്യയായി കാണുന്നില്ലേ.. എന്ന് ചോദിക്കാൻ തുടങ്ങിയതും. ഡെയ്സി ജീപ്പിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നത് അവൻ കണ്ടു..

“നമുക്ക് പിന്നെ സംസാരിക്കാം..”

അവൻ ഡെയ്സിയുടെ അടുത്തേക്ക് ഓടി..

“എന്താമ്മേ ഇത്.. എന്തിനാ ഇപ്പൊ ഇറങ്ങുന്നേ..”

അവൻ അവരെ മെല്ലെ പിടിച്ചു ഇറക്കി..

“കണ്ണാ.. ഒരുപാട് നാളായി ഇങ്ങനെ ഇവിടെ വന്നു നിന്നിട്ട്.. ഒരു മോഹം..”

ഡെയ്‌സി ചിരിച്ചു. ശേഷം കരിക്കിന്റെ കഴമ്പ് വെട്ടി അവൻ അവൾക്ക് കൊടുത്തു.. അവൾക്ക് അത് എങ്ങനെ കഴിക്കണം എന്നും അവൻ പറഞ്ഞു കൊടുത്തു.

കണ്ണന്റെ അമ്മയോട് കാണിക്കുന്ന കരുതലും സ്നേഹവും ഭാര്യയായ എന്നോടും കാണിക്കുമോ.? എന്ന് ചിന്തിച്ചു നിന്നിരുന്ന അവളോട്‌ എന്ത്‌ ഭാര്യയോ..? എപ്പോ മുതൽ? അവളുടെ മനസ്സ് ചോദിച്ചു….(തുടരും)

 

തനുഗാത്രി: ഭാഗം 6

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story