തനുഗാത്രി: ഭാഗം 9

തനുഗാത്രി: ഭാഗം 9

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 9

അതിരാവിലെ തന്നെ അവർ തനുവിന്റെ വീട്ടിൽ എത്തി. ടാക്സിയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങയതും അവൾക്ക് അവളുടെ അച്ഛന്റെ ഓർമ്മകൾ വന്നു. അവളുടെ കണ്ണുകൾ കലങ്ങി. താൻ വിഷമിക്കുന്നത് കണ്ട് അവനും സങ്കടപ്പെടേണ്ട എന്ന് കരുതി അവൾ കണ്ണുനീർ തുടച്ച് അവന്റെ പിന്നാലെ നടന്നു..

“ശ്രീ നീ വേണമെങ്കിൽ കുറച്ച് നേരം ഉറങ്ങിക്കോളൂ.. സമയം നാലര ആയിട്ടുള്ളു.. ”

വാതിൽ തുറന്നുകൊണ്ട് അവൻ പറഞ്ഞു.

“വെയിറ്റ് ഞാൻ കാപ്പി ഇടാം..”

“അതിന് പാൽ ഉണ്ടോ..? ”

“പാൽ പൊടി കാണും.”

അവൾ നേരെ അടുക്കളയിലേക്ക് നടന്നു. ഒരു അഞ്ച് മിനിറ്റിനു ശേഷം ചൂട് കാപ്പി അവന് നേരെ നീട്ടി. അവളുടെ കൈ കൊണ്ട് ആദ്യമായി ഉണ്ടാക്കി തരുന്നത് കൊണ്ട് അവൻ ആവേശത്തോടെ വാങ്ങി കുടിച്ചു.

“ഡെയ്‌സിയമ്മ ഉണ്ടാക്കുന്നത് പോലെ അത്ര നന്നായിരിക്കില്ല..എങ്കിലും കുടിക്കാം..”

അവളുടെ വാക്കുകൾക്ക് അവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. കാപ്പി കുടിച്ചുകഴിഞ്ഞു,

“എങ്കിൽ ശ്രീ പോയി കുറച്ചു നേരം കിടന്നോളൂ.. ഇറങ്ങാനാകുമ്പോൾ ഞാൻ വിളിക്കാം.”

“ഉം.. അപ്പൊ ഉറങ്ങുന്നില്ലേ..”

“കിടക്കാം..ഒരു കാൾ ചെയ്യാനുണ്ട്..പിന്നെ ബുക്‌സും ഡ്രെസ്സും രണ്ട് പെട്ടിയിൽ ആക്കിയാൽ മതി..”

അവൾ മറ്റൊന്നും പറയാതെ മുറിയിലേക്ക് പോയി.കിടന്നതും അവൾ ഉറങ്ങി പോയി. കണ്ണൻ സോഫയിൽ കിടന്നുറങ്ങി.

കുറച്ചു കഴിഞ്ഞു ഞെട്ടിയുണർന്ന തനു അവൻ അരികിൽ ഉണ്ടോ എന്ന് നോക്കി. സോഫയിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ് കണ്ണൻ. പിന്നെ കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല. അവൾ എഴുന്നേറ്റ് അവൻ പറഞ്ഞത് പോലെ ബുക്കും ഡ്രെസ്സും പെട്ടിയിൽ അടുക്കി വെച്ചു. ശേഷം അവൾ കുളിക്കാൻ പോയി.കുളി കഴിഞ്ഞു വന്നതും ചുവരിൽ തൂങ്ങിയാടുന്ന തന്റെ അച്ഛന്റെ ഫോട്ടോ അവൾ കണ്ടു.

അത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. അവൾ ഒരു സ്റ്റൂൾ എടുത്ത് കൊണ്ട് വന്നു അതെടുക്കാൻ ശ്രമിച്ചു. സ്റ്റൂളിലിനു നല്ല ആട്ടം ഉണ്ടായിരുന്നു. എങ്കിലും അതെടുക്കാൻ അവൾ വീണ്ടും ശ്രമിച്ചു. പെട്ടെന്നാണ് അവൾ സ്റ്റൂളിൽ നിന്നും നിലത്തേക്ക് വീണത്. സോഫയിൽ കിടന്നുറങ്ങുന്ന കണ്ണന്റെ മേലേക്ക് തന്നെ അവൾ വീണു.

ഞെട്ടി കണ്ണ് തുറന്ന കണ്ണൻ കാണുന്നത് മുടിയിൽ നിന്നും വെള്ളം ഇറ്റി വീഴുന്ന മുഖത്ത് അല്പം ഭയത്തോടെ നോക്കുന്ന തനുവിനെയാണ്.
നല്ല ചന്ദനത്തിന്റെ സുഗന്ധം മൂക്കിനുള്ളിലേക്ക് തുളഞ്ഞു കയറുന്നു.
അവന്റെ പ്രണയപരവശനായി അവളുടെ ചുണ്ടുകളെ ലക്ഷ്യം വെച്ചു നീങ്ങി. അവന്റെ പെർഫ്യൂമിന്റെ ഗന്ധത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു തനു.

പെട്ടെന്നാണ് കാളിങ് ബെൽ മുഴങ്ങിയത്.

പെട്ടെന്ന് തന്നെ അവൾ അവന്റെ മാറിൽ നിന്നും അകന്നു മാറി. അവൻ വാതിൽ തുറക്കാൻ വേഗത്തിൽ ഹാളിലേക്ക് നടന്നു, അവളും തന്റെ അച്ഛന്റെ ഫോട്ടോയുമായി പിന്തുടർന്നു.

തൊട്ടടുത്ത വീട്ടിൽ ഉള്ള രാഘവൻ അങ്കിളായിരുന്നു അത്.

“വരണം സാർ..”

കണ്ണൻ ചിരിച്ചുകൊണ്ട് അയാളെ അകത്തേക്ക് ക്ഷണിച്ചു.

“ആഹ്..താനായിരുന്നോ… തനു വന്നിട്ടുണ്ടോ..”

“ഉണ്ട്.. ശ്രീ…”

അവൻ വിളിച്ചതും അവൾ പിന്നിൽ നിന്നും മുന്നിലേക്ക് വന്നു..

“അങ്കിൾ.. എങ്ങനെ പോകുന്നു..സുഖമാണോ..? ”

“സുഖമായിരിക്കുന്നു മോളെ.. ഗേറ്റ് തുറന്നു കിടക്കുന്നത് കൊണ്ട് വന്നു നോക്കാമെന്നു കരുതി.”

“അങ്കിൾ ഇരിക്ക് ഞാൻ കാപ്പി ഇടാം.”

എന്ന് പറഞ്ഞുകൊണ്ട് തനു അടുക്കളയിലേക്ക് പോയി.

“തന്റെ പേര് സണ്ണി എന്നല്ലേ..”

“അതെ സാർ.. സണ്ണി ഫിലിപ്..”

“തന്നോട് സംസാരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒരു വിഷമം ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് ഇവിടെ വന്നു എല്ലാം ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്യുന്നത് കണ്ടപ്പോൾ തടുക്കാൻ തോന്നിയില്ല.തനു ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ഒരേ ഇരിപ്പായിരുന്നില്ലേ.. എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു. ഒടുവിൽ അവളുടെ കൂട്ടുകാരിയെ കൊണ്ട് ജ്യൂസും പാലും കുടിപ്പിച്ചു.. അതിനിടയിൽ തന്നെ ശ്രദ്ധിക്കാൻ പറ്റിയില്ല..”

അവന് ശ്രീ ആ രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല എന്ന് കേട്ടപ്പോൾ ആശ്ചര്യവും വേദനയും തോന്നി.അറിയാതെ ആണെങ്കിൽ കൂടി അവൾ താൻ ചൂടായപ്പോൾ ഭക്ഷണം കഴിച്ചത് അവൻ ഓർത്തു.

“ഇപ്പൊ നിങ്ങൾ രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സിന് ഒരു സമാധാനം.. മാധവന്റെ തീരുമാനം തെറ്റിയിട്ടില്ല..”

അവൻ പ്രയാസപ്പെട്ട് ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി.

“വീട്ടിൽ ആരൊക്കെ ഉണ്ട്..? ”

“ഞാനും അമ്മയും മാത്രമേ ഉള്ളൂ സാർ.. ഇപ്പൊ തനുശ്രീയും.”

“താൻ എന്ത്‌ ചെയ്യുവാ..? ”

ആ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് തനു അടുക്കളയിൽ തന്നെ ആണെന്ന് ഉറപ്പ് വരുത്തി.

“അഡ്വക്കേറ്റ് ആണ്.. പിന്നെ കൃഷിയുണ്ട്..”

“ഓഹ്.. ഗ്രേറ്റ്‌.. യങ് മാൻ..
തനു അമ്മയില്ലാതെ വളർന്ന കുട്ടിയാണ്..
മാധവൻ കണ്ണെ പൊന്നെ എന്ന് നോക്കി വളർത്തിയതാണ് അവളെ..”

“അങ്കിളിന് ചായയല്ലേ പതിവ്.. ”

തനു ചെറു ചിരിയോടെ ചായ രാഘവനു നേരെ നീട്ടി..

“കൊള്ളാലോ..അപ്പൊ നീ ഒന്നും മറന്നിട്ടില്ല.. പിന്നെ.. എങ്ങനെ ഉണ്ട് മോളെ നിന്റെ പുതിയ ജീവിതം..”

“അച്ഛൻ ഇനി ഇല്ലല്ലോ എന്ന കുറവ് മാത്രമേ ഉള്ളൂ അങ്കിൾ. പിന്നെ ഡെയ്‌സിയമ്മ എന്നെ മോളെ പോലെയാ നോക്കുന്നത്.എനിക്കും ഒരു അമ്മയെ കിട്ടിയ സന്തോഷമാണ്..”

“നന്നായി മോളെ.. അല്ല ഇതെന്താ പെട്ടെന്നൊരു വരവ്..”

“അത് ഇവളുടെ പഠിപ്പ് പാതിയിൽ നിന്നു പോകണ്ടല്ലോ എന്ന് കരുതി..”

കണ്ണൻ ഇടയിൽ കയറി പറഞ്ഞു.

“ആഹ്..അപ്പൊ രണ്ട് പേരും ഇനി ഇവിടെ ഉണ്ടാകും അല്ലെ..”

“നോ നോ..അങ്കിൾ.. തനു മാത്രം ഇവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കും..”

അവൻ അത് പറഞ്ഞതും തനു ഒന്ന് ഞെട്ടാതിരുന്നില്ല..

“അത്.. ബുക്ക്‌ എടുക്കാനല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്.. അവിടിരുന്ന് പഠിച്ചിട്ടു പരീക്ഷ മാത്രം ഇവിടെ വന്നു എഴുതാമെന്ന് അമ്മ പറഞ്ഞല്ലോ..”

അവൾ വിഷമത്തോടെ ചോദിച്ചു.

“അങ്ങനെ പറഞ്ഞത് കൊണ്ടാണ് അമ്മ നിന്നെ എന്റെ കൂടെ വിട്ടത്.. ശ്രീ നീ ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കാൻ പോകുന്നത്..ഞാൻ എല്ലാം റെഡി ആക്കി.”

“എങ്കിലും..”

“ശ്രീ.. പറഞ്ഞത് കേൾക്ക് പോയി ബുക്കൊക്കെ എടുത്ത് വെക്ക്..”

ഗൗരവത്തോടെയുള്ള അവന്റെ വാക്കുകൾ കേട്ട് മറിച്ചൊന്നും പറയാതെ അവൾ അകത്തേക്ക് പോയി.

“സോറി സാർ..അമ്മയ്ക്ക് അവിടെ ഒരു റിസെപ്ഷൻ നടത്തണമെന്ന് ഒരേ നിർബന്ധം.. അവൾക്കാണെങ്കിൽ 21 തികഞ്ഞിട്ടില്ല.. പിന്നെ അവളുടെ അച്ഛൻ മരിച്ച് അധികം നാളുകൾ പോലും ആയിട്ടില്ല.. അമ്മയോട് പറഞ്ഞാൽ കേൾക്കില്ല..അതാണ് ഞാൻ..”

“അതിന് എന്തിനാ ഹോസ്റ്റൽ.. ഇവിടെ നിന്ന് പഠിക്കട്ടെ..”

“അത് വേറൊന്നും കൊണ്ടല്ല സാർ.. ഇവിടെ അവൾ അത്ര സേഫ് ആയിരിക്കില്ല.. അവളൊരു പേടിക്കുന്ന സ്വഭാവക്കാരിയാണ്.ഇവിടെ നിന്നാൽ അവൾക്ക് കൂടുതലും അച്ഛന്റെ ഓർമ്മകൾ വരും. ഹോസ്റ്റലിൽ ആണെങ്കിൽ ഫ്രണ്ട്സ് ഒക്കെയായി നല്ലൊരു ചേഞ്ച്‌ ആയിരിക്കും അവൾക്ക്..”

“താൻ പറയുന്നതിലും കാര്യമുണ്ട്.. എങ്കിൽ ശരി.. വീട്ടിലേക്ക് വാ.. രാവിലത്തേക്കുള്ള ഭക്ഷണം അവിടെ നിന്നുമാകാം..”

“അയ്യോ വേണ്ട സാർ..സാറിന് അതൊരു ബുദ്ധിമുട്ടാകും ”

“തനു എനിക്കും മകളെ പോലെയാണ് അതുകൊണ്ട് താൻ പേടിക്കുകയൊന്നും വേണ്ട.. നിങ്ങൾ വാന്നോളൂ..ഞാൻ ഇറങ്ങട്ടെ..”

അവൻ അയളെ ചിരിച്ച മുഖത്തോടെ പറഞ്ഞയച്ചു..

തനു ആകെ വിഷമത്തിലായിരുന്നു.എന്തിനാണ് അവൻ ഇങ്ങനെ ചെയ്തത്.ഞാൻ അവിടെ ഇരുന്ന് പഠിക്കുമായിരുന്നില്ലേ.. ഡെയ്സിയമ്മയുടെ കൂടെ അവർ തരുന്ന സ്നേഹവാത്സല്യമറിഞ്ഞ് ഇരിക്കാമെന്ന് കരുതിയതാണ്. പിന്നെ അവനെയും എന്നും കാണാമല്ലോ.. പക്ഷെ അവൻ എന്നോട് ഇവിടെ നിന്ന് പഠിക്കാൻ പറയുന്നു.

“തനു.. ബുക്കൊക്കെ എടുത്ത് വച്ചോ..? ”

“ഉം..”

“ഈ രണ്ട് പെട്ടി മാത്രമേ ഉള്ളോ..? ”

“ഉം..”

“എന്ത്‌ പറ്റി.. പെട്ടന്ന് സൈലന്റ് ആയല്ലോ..”

“ഒന്നുമില്ല..”

“ഉം.. രാഘവൻ അങ്കിൾ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ വിളിച്ചിട്ടുണ്ട്..എന്ത്‌ ചെയ്യണം..? ”

“ഇയാളുടെ ഇഷ്ടം.. എല്ലാം ഇയാൾ തന്നെ അല്ലെ തീരുമാനിക്കുന്നത് ഇത് മാത്രം എന്തിനാ എന്നോട് ചോദിക്കുന്നത്..”

അവൾ അല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു. അവളുടെ മുറിയിൽ ആകെ വാരി വലിച്ചിട്ടിരിക്കുന്നത് പോലെ അവന് തോന്നി.എന്ത്‌ പറ്റി എന്ന് ചിന്തിച്ചു കൊണ്ട് അവൻ മേശയിൽ ഇരുന്ന അവളുടെ ഫോട്ടോ എടുത്തു.

‘ദേഷ്യമൊക്കെ വരുമോ എന്റെ സുന്ദരിക്ക്..’

ചെറു പുഞ്ചിരിയോടെ അവൻ ഫോട്ടോയിൽ നോക്കി പറഞ്ഞു.

ശേഷം അവളെ അന്വേഷിച്ചു മുറിക്ക് പുറത്തിറങ്ങി. അവളെ അവിടെയെങ്ങും കാണാതെ അവൻ ഭയന്നു. പിന്നെ മുകളിൽ പോയി നോക്കിയപ്പോൾ അവിടെ ബൽഗണിയിൽ നിൽക്കുകയായിരുന്നു അവൾ.

“ഇവിടെ നിൽക്കുവായിരുന്നോ..പറഞ്ഞിട്ട് വരായിരുന്നില്ലേ..”

അവൻ കിതപ്പോടെ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ അവനെ നോക്കാതെ തിരിഞ്ഞു നിന്നു.

“ഞാൻ ഈ വീട് മുഴുവൻ നോക്കി.. ശരി വാ.. രാഘവൻ അങ്കിളിന്റെ വീട്ടിലേക്ക് പോകാം..കഴിച്ച് ഇറങ്ങുമ്പോഴേക്കും സമയമാകും..”

അപ്പോഴും അവൾ കൊച്ചു കുട്ടികളെ പോലെ മുഖം വീർപ്പിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.

“തനുശ്രീ.. എന്താ ഇത് കൊച്ചു കുട്ടികളെ പോലെ..പ്ലീസ്ടാ.. ഒന്ന് വാ..”

എന്ന് പറഞ്ഞതും അവൾ കരഞ്ഞു.

തനുവും കണ്ണനും രാഘവന്റെ വീട്ടിലേക്ക് നടന്നു.

“വാ തനു.. ഇത്ര നേരമായിട്ടും കാണാത്തത് കൊണ്ട് ഞാൻ അങ്ങോട്ട്‌ ഇറങ്ങാൻ തുടങ്ങുവായിരുന്നു.. സണ്ണി അകത്തേക്ക് വരൂ..”

രാഘവൻ വീടിന് പുറത്തേക്ക് ഇറങ്ങികൊണ്ട് പറഞ്ഞു..

“വീട്ടിൽ..”

അവൻ പറഞ്ഞു മുഴുവിപ്പിച്ചില്ല..

“ഞാൻ മാത്രമേ ഉള്ളൂ.. മാധവനെ പോലെ സിംഗിൾ മാൻ.. അവൾ മരിച്ചിട്ട് രണ്ട് വർഷമായി.. മകൻ അമേരിക്കയിൽ സെറ്റിൽ ആണ്.. അങ്ങോട്ട്‌ വിളിക്കുന്നുണ്ട്.പക്ഷെ അവൾ ഉറങ്ങുന്ന ഈ മണ്ണ് വിട്ട് പോകാൻ തോന്നുന്നില്ലടോ..”

“അപ്പൊ.. ഇതൊക്കെ അങ്കിൾ ഉണ്ടാക്കിയതാണോ.. ജോലിക്ക് ആരും ഇല്ലേ..”

“ഒരുത്തി ഉണ്ട്.. അവൾ മാവ് അരച്ചിട്ട് പോയി.. ഞാൻ ഇഡലി ആവികേറ്റി.തേങ്ങ ചമ്മന്തി അരച്ചു..”

“വൗ..സൂപ്പർ സാർ..”

“അടുത്ത തവണ നിങ്ങൾ വരുമ്പോ ഒരു സദ്യ തന്നെ തന്നേക്കാം”

രാഘവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.. കണ്ണനും ചിരിച്ചു.തനു മാത്രം മുഖത്ത് കടന്നെല്ല് കുത്തിയത് പോലെ മുഖവും വീർപ്പിച്ചു നിന്നു.

അവർ വീണ്ടും കുറെ നേരം സംസാരിച്ചു.ഇറങ്ങാൻ നേരം ആ വീട്ട് മുറ്റത്ത് ഒരു കാർ വന്നു നിന്നു..

“സാർ.. കാർത്തിക്ക് സാർ തരാൻ പറഞ്ഞു..”

എന്ന് പറഞ്ഞ് ഒരാൾ കാറിന്റെ താക്കോൽ കണ്ണന് കൊടുത്തു..

രാഘവൻ അങ്കിളിനോട് യാത്ര പറഞ്ഞു അവർ ഇറങ്ങി..

“ശെരിക്കും എന്നെ ഹോസ്റ്റലിൽ വിടാൻ പോവണോ..? ”

അവളെ ഒരു വട്ടം നോക്കി അവൻ കാർ ഓടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി…(തുടരും)

 

തനുഗാത്രി: ഭാഗം 9

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story