നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 1

നോവൽ

****

എഴുത്തുകാരി: ശ്രീകുട്ടി

” ഒന്നെണീറ്റ് കുളിച്ച് വൃത്തിക്ക് നിക്ക് അജിത്തേട്ടാ അവരൊക്കെ ഇപ്പൊ ഇങ്ങെത്തും ”

എന്തോ എടുത്ത് മുകളിലേക്ക് വന്ന അനു അജിത്തിന്റെ ഇരുപ്പ് കണ്ട് പറഞ്ഞു.

” നീ ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കണ്ട നിനക്ക് വല്ല പണിയുമുണ്ടെങ്കിൽ പോയി അത് ചെയ്യാൻ നോക്ക് ”

ദേഷ്യത്തിൽ പറഞ്ഞിട്ട് അവൻ മുറിയിലേക്ക് കയറിപ്പോയി. പാലയ്ക്കൽ വീട്ടിൽ അരവിന്ദന്റെയും ഗീതയുടെയും മൂന്ന് മക്കളാണ് അജയും അജിത്തും അനുപമയും. മൂത്തമകൻ അജയ് സിവിൽ എഞ്ചിനീയറും രണ്ടാമനായ അജിത് സോഫ്റ്റ്‌വെയർ എഞ്ചിനീയറും ആണ്. ഒരേയൊരു പെങ്ങൾ അനുപമ പിജിക്ക് പഠിക്കുന്നു. അജയ് വിവാഹിതനാണ്. ഭാര്യ അനഘ ചെറിയൊരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു. ഇന്ന് ഗർഭിണിയായ അനഘയെ പ്രസവത്തിന് കൂട്ടിക്കൊണ്ട് പോകുന്ന ദിവസമാണ്.

” അമ്മേ ഇളയപുത്രൻ നിരാശ തലക്ക് പിടിച്ച് വട്ടായി മോളിൽ ഇരുപ്പുണ്ട്. കുളിക്കാൻ പറഞ്ഞതിന് എന്നെപ്പിടിച്ചു തിന്നില്ലന്നേയുള്ളൂ ഈ സാധനം എങ്ങനെയാണോ എന്തോ ഇങ്ങനെയായത് ”

താഴേക്ക് വന്ന് അമ്മയോടത് പറയുമ്പോൾ ഒരു ചെറുചിരിയോടെ മുകളിലേക്ക് കയറിക്കൊണ്ട് അവർ പറഞ്ഞു ” അവന്റെ കാര്യം ഞാൻ നോക്കിക്കോളാം നീ ചെന്ന് ഏട്ടത്തി ഒരുങ്ങിയോന്ന് നോക്ക്.

ഗീത മുകളിലെത്തുമ്പോൾ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അജിത്ത്. അമ്മയെ കണ്ട് ലാപ്ടോപ് മാറ്റിവച്ച് ഒന്ന് ചിരിച്ചുവെന്ന് വരുത്തി അവൻ. അവന്റെ കോലം കണ്ട് ഗീതയുടെ മനസ്സ് നൊന്തു. നീണ്ടുവളർന്ന മുടിയും താടിയുമൊക്കെയായി അവന്റെ രൂപം വല്ലാതെ പ്രാകൃതമായിരുന്നു.

” നീയെന്താ മോനേ അജി ഇങ്ങനിരിക്കുന്നത്. നിന്റെ ഏട്ടത്തിയുടെ വീട്ടുകാരൊക്കെ ഇപ്പോ ഇങ്ങെത്തും അവരെക്കൊണ്ട് അതുമിതും പറയിപ്പിക്കാതെ അമ്മേടെ മോൻ ചെന്ന് കുളിച്ച് ഈ വേഷമൊക്കെ ഒന്ന് മാറ്റ്. എത്ര നാളായി നീയിങ്ങനെ ആരെയോ തോൽപ്പിക്കാനായി സ്വയം ശിക്ഷിക്കുന്നു. നീയൊന്നോർക്കണം മോനേ നിനക്ക് വേദനിച്ചാൽ നീ തോൽപ്പിക്കാൻ നോക്കുന്ന ആർക്കും വേദനിക്കില്ല മോനേ. വേദനിക്കുന്നത് എനിക്കും നിന്റച്ഛനും മാത്രമാണ്.

നിന്റെ പെരുമാറ്റത്തിൽ എല്ലാർക്കും നല്ല പ്രയാസമുണ്ട്. അച്ഛനും ഏട്ടനും അനുമോൾക്കും എല്ലാം. നിന്റെ ഈ മാറ്റത്തിൽ ഏറ്റവും വിഷമിക്കുന്നത് നിന്റെ അനിയത്തിയാ മോനേ. മുമ്പ് അവളെ കൈവെള്ളയിൽ കൊണ്ടുനടന്ന നിന്റെ ഇപ്പോഴത്തെ അവളോടുള്ള പെരുമാറ്റത്തിൽ അവളെന്തു വേദനിക്കുന്നുണ്ടെന്നറിയാമോ ? ”

അവന്റെ തലമുടിയിൽ തലോടിക്കോണ്ട് ഗീത പറയുമ്പോൾ അജിത്തിന്റെ ഉള്ളിൽ മുഴുവൻ അനുവായിരുന്നു.

ശരിയാണ് അവളോട് ഇപ്പൊ താൻ സ്നേഹത്തോടെ ഒന്ന് സംസാരിക്കാറു പോലുമില്ല. അവളുണ്ടായപ്പോൾ മറ്റാരെക്കാളും സന്തോഷിച്ചത് താനാണ്. അവളെ പ്രസവിച്ചു എന്നത് മാത്രമേ അമ്മയറിഞ്ഞിട്ടുള്ളൂ. പിന്നീട് അവളെ കുളിപ്പിക്കുന്നതും പൊട്ടുതൊടുന്നതും ആഹാരം വാരിക്കൊടുക്കുന്നതും എല്ലാം താനായിരുന്നു. അവൾക്കും മറ്റാരെക്കാളും സ്നേഹം തന്നോടായിരുന്നു.

പ്രായമാകും വരെ തന്റെ ചൂട് പറ്റിക്കിടന്നില്ലേൽ അവൾക്ക് ഉറക്കം വരില്ലായിരുന്നു. വയസറിയിച്ച ശേഷമാണ് അവൾ ഒറ്റക്ക് കിടപ്പ് തുടങ്ങിയത്. താനൊരിക്കലും അവളെ വഴക്ക് പറഞ്ഞിട്ടില്ല. മറ്റാരെകൊണ്ടും എന്തിന് അച്ഛനെക്കൊണ്ട് പോലും അവളെ ശിക്ഷിക്കാൻ സമ്മതിച്ചിട്ടുമില്ല.

പെണ്ണാണെന്ന് നോക്കാതെ തന്റെ കൂടെ എന്തിനും അവളുണ്ടായിരുന്നു. മരത്തിൽ കയറാൻ, ബൈക്കിൽ റൈഡ് പോകാൻ , പിന്നെ ഇടക്ക് അൽപ്പം ബിയറടിച്ചു വീട്ടിൽ വരുമ്പോൾ അച്ഛനറിയാതെ കതക് തുറന്ന് തരാൻ എല്ലാം. ആ അവളെയാണ് ഇന്ന് താൻ ആരോടോ ഉള്ള വാശിക്ക് വേദനിപ്പിക്കുന്നത്. ഓർത്തപ്പോൾ എന്തോ ഉള്ളിലൊരു നീറ്റൽ.

” ഇനിയുമെന്താടാ ഓർക്കുന്നെ പോയി കുളിച്ചിട്ട് വാ പെട്ടന്ന് ”

ഓർമകളിൽ പഴയ അനുന്റെ ഏട്ടനെ തേടിപ്പിടിച്ചുകൊണ്ടിരിക്കേയുള്ള അമ്മയുടെ സ്വരം കേട്ട് അജിത് ഞെട്ടിയുണർന്നു.

” ഞാൻ നമ്മുടെ കുളത്തിൽ പോയി കുളിച്ചിട്ട് വരാം അമ്മേ എത്ര നാളായി അങ്ങോട്ടൊക്കെ പോയിട്ട്. ”

പറഞ്ഞുകൊണ്ട് അമ്മയുടെ മറുപടിക്ക് കാക്കാതെ അവൻ എണീറ്റു. സ്റ്റെയർകേസിറങ്ങി താഴേക്ക് വരുമ്പോൾ ഹാളിലെ കസേരയിലിരുന്ന് ടീവി കാണുന്നുണ്ടായിരുന്നു അനു. അൽപ്പനേരം അവളെത്തന്നെ നോക്കി നിന്നു. അവളെയൊന്ന് അടുത്ത് വിളിച്ചിരുത്തിയിട്ടോ സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടോ ഏകദേശം ഒന്നൊന്നര വർഷം കഴിഞ്ഞിരിക്കുന്നു. അവൻ വെറുതെ ഓർത്തു.

” ടീ ഞാൻ നമ്മുടെ കുളത്തിൽ കുളിക്കാൻ പോവാ നീ വരുന്നോ ? ”

പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി. എന്നെയാണോ എന്ന അർഥത്തിൽ വീണ്ടും അവനെ നോക്കി.

” നിന്നെത്തന്നേടി പൊട്ടി ”

ചിരിയോടെ അവൻ പറയുമ്പോൾ നാളുകൾക്ക് ശേഷം അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരികണ്ട് അമ്പരന്ന് ഒരുനിമിഷം അവൾ നിന്നു.

“എങ്കിലെനിക്ക് ചൂണ്ടയിടണം ”

പറഞ്ഞുകൊണ്ട് അവളോടി അവന്റെ അരികിലേക്ക് വന്നു. ബൈക്കിനുപിന്നിൽ കൊച്ചു കുഞ്ഞിനെപ്പോലെ അവനെ ചുറ്റിപ്പിടിച്ചിരുന്ന് അവൾ പോകുന്നത് നിറചിരിയോടെ ഗീത നോക്കി നിന്നു.

——————————————————-

” എനിക്ക് പോകണ്ട അജയേട്ടാ എനിക്കിവിടെ മതി. ഇവിടേം അച്ഛനും അമ്മയും ഏട്ടനുമൊക്കെ ഉണ്ടല്ലോ ”

കട്ടിലിൽ അജയടെ അടുത്തായി ഇരുന്ന് വാടിയ മുഖത്തോടെ അനഘ പറഞ്ഞു.

” അയ്യേ നീയെന്താ പെണ്ണേ കൊച്ചുകുട്ടികളെപ്പോലെ ആദ്യ പ്രസവം പെൺവീട്ടുകാരുടെ അവകാശമല്ലെ ? അവർക്കുമില്ലേ ആഗ്രഹങ്ങൾ ഇനി നമ്മളായിട്ട് അവരെ വിഷമിപ്പിക്കണോ നിനക്കെപ്പോ കാണണോന്ന് തോന്നുന്നോ അപ്പോ ഞാൻ അങ്ങ് പറന്നെത്തില്ലേ ?

അവൾ പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവളെ ചേർത്തുപിടിച്ച് നെറുകയിലെ സിന്ദൂരച്ചുവപ്പിൽ ചുണ്ടമർത്തിക്കൊണ്ട് അവൻ പറഞ്ഞു.

പത്ത് മണിയോടെ അനഘയുടെ അച്ഛൻ വിശ്വനാഥനും അമ്മ വിമലയും അനുജത്തി അഭിരാമിയും എത്തി. ഉച്ചഭക്ഷണത്തിന് ശേഷം രാഹുകാലം കഴിഞ്ഞ് ഇറങ്ങാനായിരുന്നു തീരുമാനം.

” പോയിട്ട് വരാമച്ഛാ… ”

പോകാനിറങ്ങുമ്പോൾ പറഞ്ഞുകൊണ്ട് അരവിന്ദന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങാൻ തുനിഞ്ഞ അനഘയെ ചേർത്ത് പിടിച്ച് അയാൾ നെറുകയിൽ കൈ ചേർത്തനുഗ്രഹിച്ചു.

” സന്തോഷമായിട്ട് പോയിട്ട് വാ മോളെ ”

പറയുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞു. മരുമകൾ ആണെങ്കിലും മകൾത്തന്നെയായിരുന്നു അരവിന്ദനും ഗീതക്കും അനഘയും . എല്ലാവരോടും യാത്ര പറഞ്ഞ് അനഘ കാറിലേക്ക് കയറുമ്പോൾ ഗീതയുടെയും അനുവിന്റെയും കണ്ണുകളും നിറഞ്ഞിരുന്നു.

അവൾ പോയിക്കഴിഞ്ഞപ്പോൾ വീട്ടിൽ ആകെ ഒരു നിശബ്ദത പരന്നത് പോലെ തോന്നി അജയ്ക്ക്. കിടപ്പ് മുറിയിൽ വന്നപ്പോഴും ആകെയൊരു ശൂന്യത നിറഞ്ഞുനിന്നിരുന്നു. അവളുടെ സാധനങ്ങളെല്ലാം കാണും തോറും അവളില്ലാത്തതിന്റെ കുറവ് അവനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.

” അച്ഛാ നമ്മുടെ അഭിരാമിക്ക് ഇവിടെയടുത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. എന്നും അങ്ങ് വരെ പോയ്‌വരവ് ബുദ്ധിമുട്ടായത് കൊണ്ട് വിടാൻ അച്ഛന് ഒരു വിഷമം. നമുക്ക് അവളെയിവിടെ നിർത്തിയാലോ ഇവിടുന്നാവുമ്പോ പോയിവരവ് ബുദ്ധിമുട്ടില്ലല്ലോ ”

രാത്രിയിൽ എല്ലാവരും കൂടി ഊണ് മേശയ്ക്ക് ചുറ്റുമിരുന്ന് ആഹാരം കഴിക്കുമ്പോൾ അരവിന്ദനെ നോക്കി അജയ് ചോദിച്ചു.

” അതിനെന്താ അവളും നമ്മുടെ കുട്ടിയല്ലേ വരട്ടെ അല്ലേ ഗീതേ ? ”

കഴിച്ചുകൊണ്ടിരിക്കെ തന്നെ അരവിന്ദൻ ഗീതയെ നോക്കി പറഞ്ഞു. ഗീത സമ്മതത്തിൽ തലകുലുക്കി പതിയെ ചിരിച്ചു.

” അത് ശരിയാ അച്ഛാ അഭിചേച്ചി വന്നാൽ എനിക്കും ഒരു കൂട്ടാകും. ഞങ്ങൾക്കൊരുമിച്ച് പോയിവരുകയും ചെയ്യാം ”

സന്തോഷത്തോടെ അനുവും പറഞ്ഞു. അജിത്ത് മാത്രം മറുപടിയൊന്നും പറയാതെ കഴിച്ചുകൊണ്ടിരുന്നു.

” നേരം വെളുത്തിട്ടും കണ്ണ് തുറക്കാൻ വയ്യ. ഇന്നലെ സിനിമ കണ്ടിരുന്ന് ഉറങ്ങുമ്പോൾ രാത്രി മൂന്ന് മണി കഴിഞ്ഞിരുന്നു. ക്ലോക്കിൽ സമയം പതിനൊന്നാകാൻ പത്ത് മിനുട്ട് കൂടിയേ ഉള്ളു. പിന്നെ പതിയെ തട്ടിക്കുടഞ്ഞെണീറ്റു.

മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോഴേ താഴെ ആരുടെയോ സംസാരം ഉയർന്ന് കേൾക്കാമായിരുന്നു. ഉറക്കച്ചടവിൽ പതിയെ താഴേക്ക് വരുമ്പോൾ കണ്ടു ഹാളിൽ അമ്മയ്ക്കും അനുവിനും ഒപ്പമിരുന്ന് കത്തിവെക്കുന്ന അഭിരാമി.

” ഇവളെ കാലത്തേ ഇങ്ങോട്ട് കെട്ടിയെടുത്തോ ”

സ്വയം ചോദിച്ചുകൊണ്ട് ഞാൻ പതിയെ ചെന്ന് പത്രവുമെടുത്ത് പൂമുഖത്തേക്ക് നടന്നു.

” ടീ അനു ചായ ”

പോകുന്നതിനിടയിൽ അവളെയൊന്ന് പാളിനോക്കി അനുവിനോടായി പറഞ്ഞു.

” ഊണ് കഴിക്കേണ്ട സമയത്താണോ ചായ ? ”

ഒരു ചെറുചിരിയോടെയുള്ള അവളുടെ ചോദ്യം കേട്ടില്ലന്ന് നടിച്ചു.

——————————————————-

വൈകുന്നേരം പുറത്തേക്ക് പോയ അജിത്ത് അത്താഴസമയത്തും എത്തിയിരുന്നില്ല.

” അജിത്തേട്ടൻ എന്നും ഇങ്ങനെയാണോ അമ്മേ ? ”

എല്ലാവർക്കുമൊപ്പമിരുന്ന് അത്താഴം കഴിക്കുന്നതിനിടയിൽ ചോറിൽ വിരലിട്ടിളക്കിക്കൊണ്ട് ഗീതയോടായി അഭിരാമി ചോദിച്ചു.

” ഇങ്ങനെയൊന്നും ആയിരുന്നില്ല മോളെ ഇപ്പോ ഇങ്ങനൊക്കെയാ ”

പറയുമ്പോഴത്തേ അവരുടെ മുഖത്തെ വിഷാദഭാവം പിന്നീട് എന്തെങ്കിലും ചോദിക്കുന്നതിൽ നിന്നും അവളെ വിലക്കി. പിന്നീട് അതേപ്പറ്റി ഒരു സംസാരമില്ലാതെ അത്താഴം കഴിഞ്ഞു.

പത്ത്മണികഴിഞപ്പോഴേക്കും എല്ലാവരും ഉറങ്ങാൻ കിടന്നുകഴിഞ്ഞിരുന്നു. വീട് മാറിയത് കൊണ്ട് ഉറക്കം വരാതിരുന്ന അഭിരാമി ലിവിങ്റൂമിൽ ടീവി കണ്ടുകൊണ്ടിരിക്കുമ്പോൾ വാതിലിൽ ശക്തമായ മുട്ട് കേട്ടു. വാതിൽ തുറക്കുമ്പോൾ ഭിത്തിയിൽ ചാരി അജിത്ത് നിന്നിരുന്നു. മദ്യപിച്ച് കാലുകൾ നിലത്തുറക്കാത്ത വിധം അവശനായ അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

” കീർത്തി…. ”

വാതിൽ തുറന്ന അവളെകണ്ട് കുഴഞ്ഞസ്വരത്തിൽ വിളിക്കുമ്പോൾ അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം വമിച്ചു.

” എനിക്കറിയാമായിരുന്നു നീ വരും നിനക്കെന്നേ വിട്ട് പോകാനാവില്ലെന്ന്”

ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്ന അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് അവളെ തന്നോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.

( തുടരും )

 

നിനക്കായ്‌ : ഭാഗം 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story