നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 2

നോവൽ

****

എഴുത്തുകാരി: ശ്രീകുട്ടി

” അജിത്തേട്ടാ വിട് ഞാൻ കീർത്തിയല്ല അഭിരാമിയാ ”

തന്റെ മുഖത്തിന് നേരെ മുഖമടുപ്പിച്ച അവന് നേരെ അലറുകയായിരുന്നു അഭിരാമി. പെട്ടന്ന് തലയൊന്ന് കുടഞ്ഞ് കണ്ണുകൾ ചിമ്മി അവനവളെ സൂക്ഷിച്ചുനോക്കി. പെട്ടന്ന് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ അയഞ്ഞു. അവന്റെ മുഖം വലിഞ്ഞു മുറുകി. പല്ലുകൾ ഞെരിഞ്ഞമർന്നു. അവളെ വിട്ട് ഇടറുന്ന കാലടികളോടെ മുകളിലേക്ക് കയറിപോകുന്ന അവനെ നോക്കി ഒരുതരം മരവിപ്പോടെ അഭിരാമി സോഫയിലേക്ക് ഇരുന്നു.

അവളുടെ ഉള്ള് മുഴുവൻ അപ്പോൾ അവൻ പറഞ്ഞ കീർത്തി എന്ന പേരായിരുന്നു.

” ആരാ ഈ കീർത്തി ? അവൾക്ക് അജിത്തേട്ടനുമായി എന്താ ബന്ധം ? ”

അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ആലോചിച്ചുകൊണ്ട് എത്ര സമയം ഇരുന്നുവെന്ന് അറിയില്ല. അവൾ പതിയെ ടീവി ഓഫാക്കി മുകളിലേക്ക് നടന്നു. മുകളിലെത്തുമ്പോൾ അജിത്തിന്റെ മുറി തുറന്ന് കിടന്നിരുന്നു. അവൾ പതിയെ അകത്തോട്ട് പാളി നോക്കി . അവൻ കട്ടിലിന് കുറുകെ കിടന്നിരുന്നു.

അവൾ പതിയെ അകത്തേക്ക് ചെന്ന് കട്ടിലിന് വെളിയിലേക്ക് കിടന്നിരുന്ന അവന്റെ തല പിടിച്ച് നേരെ കിടത്തി ഒരു തലയിണയും വച്ചു.

” കീർത്തി പോകല്ലേടീ ”

പുറത്തേക്ക് പോകാൻ തിരിഞ്ഞ അവളുടെ കയ്യിൽ കടന്നുപിടിച്ചുകൊണ്ട് അബോധാവസ്തയിലും അവ്യക്തമായി അവൻ പറഞ്ഞു. അവനിൽ നിന്നും കൈകൾ പിൻവലിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി.

മുറിയിൽ എത്തി കിടക്കയിലേക്ക് വീഴുമ്പോഴും അവന്റെ വാക്കുകളും ചെയ്തികളും അവളുടെ ഹൃദയത്തിൽ കൊളുത്തി വലിച്ചു. ഓരോന്ന് ഓർത്ത് കിടന്ന് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. ഉണരുമ്പോൾ മുറിയിലാകെ വെളിച്ചം പടർന്നിരുന്നു. ബെഡിൽ പരതി ഫോൺ തപ്പിയെടുത്ത് സമയം നോക്കുമ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.

അവൾ വേഗമെണീറ്റ് കുളിച്ചു. നീലക്കളറിലുള്ള ഒരു ചുരിദാർ ധരിച്ച് നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും വച്ച് അവൾ താഴേക്ക് ചെന്നു. അരവിന്ദൻ പൂമുഖത്ത് പത്രത്തിൽ കണ്ണും നട്ട് ഇരിക്കുന്നുണ്ടായിരുന്നു.

” ആഹാ മോളെണീറ്റോ ? ”

പിന്നിൽ കൊലുസിന്റെ കിലുക്കം കേട്ട് തിരിഞ്ഞ അയാൾ അഭിരാമിയെകണ്ട് ചിരിയോടെ ചോദിച്ചു.

” ആഹ് കുറച്ച് താമസിച്ചുപോയച്ഛാ ”

ഒരു ചമ്മലോടെ ചുമൽ കൂച്ചി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അടുക്കളയിൽ നിന്നും അനുവിന്റെയും ഗീതയുടെയും ശബ്ദം കേൾക്കാമായിരുന്നു. അവൾ പതിയെ അങ്ങോട്ട് നടന്നു.

” ആഹാ മോള് കാലത്തേ കുളിയൊക്കെ കഴിഞ്ഞോ ? ”

അവളെകണ്ടതും ചിരിയോടെ ഗീത ചോദിച്ചു. അവൾ അതേയെന്ന അർത്ഥത്തിൽ തല കുലുക്കി.

” ഇവിടെയും ഉണ്ട് ഒരെണ്ണം ദൈവം സഹായിച്ച് എന്റെ മോൾക്ക്‌ അത്തരം ദുശീലങ്ങളൊന്നും ഇല്ല. അന്യ വീട്ടിൽ പോയി ജീവിക്കേണ്ട പെണ്ണാ ഈ പോക്കാണെങ്കിൽ കെട്ടിച്ചുവിടുമ്പോ ഞാനും കൂടെ പോകേണ്ടി വരും. ”

തറയിലിരുന്ന് തേങ്ങ തിരുമ്മിക്കൊണ്ടിരുന്ന അനുവിനെ നോക്കി അഭിരാമിയോടായി ഗീത പറഞ്ഞു. അവൾ ചിരിയടക്കാൻ പാടുപെടുകയായിരുന്നു അപ്പോൾ.

” മതിയെന്റെ ഗീതക്കുട്ട്യെ ആക്കിയത് . അല്ലേലും അമ്മയ്ക്ക് ഇപ്പൊ അഭിചേച്ചിയെ കിട്ടിയപ്പോ എന്നെയൊരു വിലയുമില്ല. നമ്മളിപ്പോ കുളിയും നനയും ഇല്ലാത്തവളായി. ”

വായിൽ നിറച്ചുവച്ചിരുന്ന തേങ്ങാപ്പീര ചവച്ചിറക്കിക്കൊണ്ട് അനു പറഞ്ഞു.

” ഞാനൊരു സത്യം പറഞ്ഞതല്ലേ ”

അവളെ ശുണ്ഠി പിടിപ്പിക്കാനായി ഗീത വീണ്ടും പറഞ്ഞു.

” അതേ എന്റെ ഗീതക്കുട്ടി ഒരുപാടങ് സന്തോഷിക്കണ്ട അഭിചേച്ചി കുറച്ചു കഴിയുമ്പോൾ അങ്ങ് പോകും പിന്നെയും ഞാൻ ഇവിടൊക്കെ തന്നെ കാണും ” അനു.

” ഉവ്വുവ്വ് ഞങ്ങളെ ഇട്ടിങ്ങനെ ഭരിക്കാൻ അധികനാൾ നീയിവിടെ കാണില്ലിനി. അച്ഛൻ പറയുന്നുണ്ട് നല്ലൊരു ചെക്കനെ നോക്കണമെന്ന്. ”

” ആഹ് അത് ഏതായാലും നന്നായി . അല്ലേലും ഇവിടിപ്പോ ആർക്കും എന്നെയൊരു വിലയില്ല. ഞാനിപ്പോ ഈ കലവറയിൽ കിടന്ന് കഷ്ടപ്പെടുവാ “.

തേങ്ങയുമായി തറയിൽ നിന്നും എണീറ്റുകൊണ്ട് അനു പറഞ്ഞു.
അവളുടെ വർത്തമാനം കേട്ട് ഗീതയും അഭിരാമിയും പൊട്ടിച്ചിരിച്ചു.

” ആദ്യം എന്റെ പൊന്നുമോള് ഒരു ചായയെങ്കിലും സ്വയമുണ്ടാക്കി കുടിക്കാൻ പടിക്ക് കേട്ടോ എന്നിട്ട് കലവറെന്നൊക്കെ രക്ഷപ്പെടാം കേട്ടോ ”

അവളുടെ ചെവിയിൽ പിടിച്ചുകൊണ്ട് ചിരിയോടെ ഗീത പറഞ്ഞു.

” മോൾക്ക്‌ ഇന്നും കൂടിയല്ലേ ഒഴിവുള്ളൂ അതാ പിന്നെ ഞാൻ കാലത്തേ ഉണർത്താതിരുന്നത്. ”

ഫ്ലാസ്കിൽ നിന്നും ഗ്ലാസിലേക്ക് പകർന്ന ചൂട് ചായ അഭിരാമിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ഗീത പറഞ്ഞു. ഗ്ലാസ് കയ്യിൽ വാങ്ങി ചുണ്ടിൽ ചേർത്തുകൊണ്ട് അവൾ വെറുതേ ഒന്ന് പുഞ്ചിരിച്ചു.

” ഞാനെന്നാൽ അജിക്ക് ചായ കൊടുത്തിട്ട് വരാം ”

വേറൊരു ഗ്ലാസിലേക്കും കൂടി ചായ പകർന്നുകൊണ്ട് അവർ പറഞ്ഞു.

” ഞാൻ കൊണ്ട് കൊടുക്കാം അമ്മേ ”
പെട്ടന്ന് അഭിരാമി പറഞ്ഞത് കേട്ട് ഗീത ചായ അവളുടെ കയ്യിലേക്ക് കൊടുത്തു. അതുമായി അവൾ പുറത്തേക്ക് നടന്നു.

” അനഘ മോൾടെ തനിപ്പകർപ്പാ ഒരു പാവം ”

അവൾ പോകുന്നത് നോക്കിനിന്നുകൊണ്ട് ഗീത പറഞ്ഞു.

” ആഹാ എന്റമ്മക്കുട്ടിക്ക് അങ്ങ് ബോധിച്ച ലക്ഷണം ഉണ്ടല്ലോ അഭി ചേച്ചിയെ. ” അനു.

” ബോധിക്കാതിരിക്കാനെന്താ അവൾ നല്ല കുട്ടിയല്ലേ ? ” ഗീത.

” എന്നാപിന്നെ അമ്മേടെ സൽപുത്രന് വേണ്ടി ആലോചിക്ക് അപ്പോ എന്നും ചേച്ചിയിവിടെ കാണുമല്ലോ ”

ഒരു കുസൃതിച്ചിരിയോടെ അനു പറഞ്ഞു.

” നീ കളിയാക്കുവൊന്നും വേണ്ടെടി കാന്താരി വേണ്ടിവന്നാൽ ഞാനവളെ എന്റെ മരുമോളാക്കും ”

അവളെ നോക്കി ഗീത പറഞ്ഞു.

” അയ്യോ അത് വേണോമ്മേ അതൊരു പാവാ ഏട്ടന് കെട്ടിച്ചുകൊടുക്കുന്നതിലും ഭേദം അതിനെ വല്ല കാട്ടിലും ഉപേക്ഷിക്കുന്നതല്ലേ ? ”

ഗീതയെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അനു ചോദിച്ചു.

” അതിനും വേണ്ടി എന്റെ മോനെന്താടി കുഴപ്പം ഒരു കുടുംബം ഒക്കെയാവുമ്പോൾ അവൻ മാറിക്കോളും. ” ഗീത പറഞ്ഞു.

” ഉവ്വുവ്വേ…. ”

ചിരിയോടെ അനു പുറത്തേക്ക് പോയി.

————————————————-

മുകളിലേക്ക് നടക്കുമ്പോൾ അഭിരാമി മനസ്സിൽ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിരുന്നു. അജിത്തിന്റെ മുറിയുടെ വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അവൾ പതിയെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. കൊലുസിന്റെ ശബ്ദം കേട്ട് തല ഉയർത്തി അവളെ നോക്കിയ അവന്റെ മുഖം വല്ലാതെയായി.

” ചായ ”

കയ്യിലെ ചായ അവന് നേരെ നീട്ടിക്കോണ്ട് അവൾ പറഞ്ഞു. അവൻ ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി ചുണ്ടോട് ചേർത്തു. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ അൽപ്പനേരം അവനെത്തന്നെ നോക്കിനിന്നിട്ട് അവൾ തിരിഞ്ഞു നടന്നു.

” സോറി ”

പതിഞ്ഞസ്വരത്തിൽ പെട്ടന്നവൻ പറഞ്ഞു. അതുകേട്ട് അവൾ തിരിയുമ്പോൾ അവൻ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

” എന്തിന് ”

ഒന്നും മനസ്സിലാകാത്തത് പോലെ അവനെ നോക്കി പുരികം ഉയർത്തി അവൾ ചോദിച്ചു.

” അതുപിന്നെ …. ഇന്നലെ രാത്രി അങ്ങനെയൊക്കെ പെരുമാറിയതിന്. മനഃപൂർവമല്ല. ഞാൻ കരുതിയത് …… ”

അവൻ വാക്കുകൾ മുഴുമിപ്പിക്കാതെ പകുതിയിൽ നിർത്തി.

” ആരാ ഈ കീർത്തി ? ”

പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവനവളെ തുറിച്ചുനോക്കി.

” ഞാൻ ഇന്നലെ നിന്നോട് ചെയ്തത് തെറ്റാണ്. അതുകൊണ്ടാണ് മാപ്പ് പറഞ്ഞത്. എന്നുകരുതി എന്റെ പേർസണൽ കാര്യങ്ങളിൽ മേലാൽ ഇടപെടരുത് ”

പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അവന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു അഭിരാമി അപ്പോൾ.

” അച്ഛന്റെയും അമ്മയുടെയും എന്നെയോർത്തുള്ള ആധി കാണുമ്പോൾ എല്ലാം മറക്കണമെന്ന് കരുതുമെങ്കിലും ഓർമ്മകൾ ഉള്ള് ചുട്ടുപൊള്ളിക്കുമ്പോൾ എല്ലാ മുഖങ്ങളും മറന്ന് കുടിച്ച് പോകും.
ഇന്നലെയും അതുതന്നെ സംഭവിച്ചു.

വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന അഭിരാമിയെ ചുറ്റിപ്പിടിച്ച് എന്നോട് ചേർക്കുമ്പോൾ ഉള്ള് മുഴുവൻ കീർത്തിയായിരുന്നു. നിലവിളിച്ചപ്പോഴാണ് അവൾ കീർത്തിയല്ല അഭിരാമിയാണെന്ന് തിരിച്ചറിഞ്ഞത്.

രാവിലെ ഉണരുമ്പോൾ എല്ലാം ഒരു പുകമറപോലെ മുന്നിലൂടെ കടന്നുപോയി. അവളാരോടെങ്കിലും പറഞ്ഞോ എന്ന ഭയവും അവളെ ഫേസ് ചെയ്യാനുള്ള മടിയും കൊണ്ട് പുറത്തിറങ്ങാതെ റൂമിൽ തന്നെയിരുന്നു. അപ്പോഴാണ് ചായയുമായി അവൾ മുറിയിലേക്ക് വന്നത്.

അവളുടെ മുഖത്ത് നോക്കും തോറും കുറ്റബോധം കൂടിവന്നു. അതുകൊണ്ടാണ് അവളോട് സോറി പറഞ്ഞത്.പക്ഷേ അവൾ വീണ്ടും കീർത്തിയെപ്പറ്റി ചോദിച്ചപ്പോൾ എന്തുകൊണ്ടോ അവളെന്നിലെ ഉണങ്ങാത്ത മുറിവിനെ വീണ്ടും കുത്തിമുറിപ്പെടുത്തുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതാണ് ദേഷ്യപ്പെട്ടത്. പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ അവളുടെ ഭാഗത്ത്‌ തെറ്റൊന്നും തോന്നിയില്ല. പാതിരാത്രി ബോധമില്ലാതെവന്ന് മറ്റൊരുത്തിയുടെ പേരും പറഞ്ഞ് ഒരു പെണ്ണിനെ കടന്ന് പിടിച്ചാൽ ആരായാലും ചോദിക്കില്ലേ ”

” മോനേ അജീ വന്ന് കഴിക്ക് ”

തലേന്ന് നടന്ന സംഭവങ്ങളൊക്കെ ഓർത്തിരിക്കുമ്പോൾ താഴെനിന്നും അമ്മയുടെ വിളി കേട്ട് വേഗം താഴേക്ക് ചെന്നു. ഊണ് മേശക്ക് ചുറ്റും എല്ലാവരും ഉണ്ടായിരുന്നു. അവളും. എന്തുകൊണ്ടോ ഞാൻ അവളെയോ അവളെന്നെയോ നോക്കിയില്ല.

——————————————————-

” ടീ അന്നമ്മോ നിന്റേട്ടന് വല്ല പ്രേമനൈരാശ്യവും ഉണ്ടൊ ? ”

ചെടി നനച്ചുകൊണ്ടിരുന്ന അനുവിനോടായി അഭിരാമി ചോദിച്ചു.

” അല്ല ചേച്ചിയെന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ ? ”

” ഒന്നുല്ല ഇന്നലെ അങ്ങേര് ഫിറ്റായി വന്നപ്പോ കീർത്തിയെന്നോ മറ്റോ പറയുന്നത് കേട്ടു . ”

“അതൊരു വലിയ കഥയാ ചേച്ചി. ചേച്ചിക്കറിയോ ഏട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ല നേരത്തെ. പിന്നെ കീർത്തിന്ന് പറയുന്ന ആ ജന്തു കാരണമാണ് ഇങ്ങനെയായത്. പ്ലസ് വൺ മുതൽ അവരൊന്നിച്ച് പടിച്ചതാണ്. ആറുവർഷത്തേ കടുത്ത പ്രണയം.

എഞ്ചിനീയറിങ് കഴിഞ്ഞ് ഏട്ടൻ ജോലിക്ക് കയറിയ ടൈമിലാണ് അവരുടെ വീട്ടിൽ വേറെ കല്യാണാലോന വന്നത്. ചെക്കൻ UK യിൽ ഡോക്ടർ ആയിരുന്നു. നാട്ടിലെ ഈ ഇട്ടാവട്ടത്തിൽ ജീവിക്കുന്ന എഞ്ചിനീയറെക്കാൾ ബെറ്ററാണെന്ന് തോന്നിയിട്ടാവും അവൾ അയാളെ കേട്ടി വിദേശത്തേക്ക് പോയി. ഇപ്പൊ ഒരു കുഞ്ഞിന്റെ അമ്മയുമായി. പക്ഷേ അതിൽ പിന്നീട് ഏട്ടൻ ഇങ്ങനൊക്കെയാണ്.

അവൾ പറഞ്ഞുനിർത്തുമ്പോൾ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അഭിരാമി.
രാത്രി കിടക്കയിലിരുന്ന് ഡയറി നിവർത്തി അവൾ എഴുതിത്തുടങ്ങി.

” ഇന്ന് അനുവിൽനിന്നുമാണ് കീർത്തിയെപ്പറ്റി അറിഞ്ഞത്. എല്ലാമറിഞ്ഞപ്പോൾ അജിത്തേട്ടനോട്‌ മുൻപ് ഉണ്ടായിരുന്ന ദേഷ്യമെല്ലാം ഞാൻ പോലുമറിയാതെ അലിഞ്ഞില്ലാതെയായി. അല്ലെങ്കിലും ടൈം പാസ്സ് പ്രണയങ്ങളുടെയും ശരീരങ്ങൾ തമ്മിലുള്ള പ്രണയങ്ങളുടെയും ഇക്കാലത്ത് കൂടുതൽ നല്ലത് കണ്ടപ്പോൾ ഉയിരുകൊടുത്ത് സ്നേഹിച്ചിട്ടും ഉപേക്ഷിച്ചു പോയവൾക്ക് വേണ്ടി ഇന്നും ഉരുകിതീരുന്ന ഒരാളെ എങ്ങനെ വെറുക്കാൻ. ”

ഡയറിയടച്ച് കിടക്കയിലേക്ക് ചായുമ്പോഴും അവളുടെ ഉള്ളിൽ
നിറയെ അജിത്തായിരുന്നു. ഓരോന്നോർത്ത് കിടക്കുമ്പോൾ പെട്ടന്ന് കാലിൽ എന്തോ ഒരു തണുപ്പ് തോന്നി അവൾ പെട്ടന്ന് ബെഡിൽ നിന്നും താഴേയറങ്ങി. ബെഡിന്റെ കാൽ ഭാഗത്തായി കിടന്ന പുതപ്പിനുള്ളിലേക്ക് എന്തോ കയറിപ്പോകുന്നത് കണ്ട് ഒരു നിലവിളിയോടെ അവൾ പുറത്തേക്ക് ഓടി.

സ്റ്റെപ്പ് കയറി മുകളിലേക്ക് വരുകയായിരുന്ന അജിത്തിനരികിലേക്ക് വന്ന അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി.. അവളുടെ ശരീരം ആലില പോലെ വിറകൊണ്ടിരുന്നു.

” എന്താടീ എന്തുപറ്റി ? ”

എന്തുചെയ്യണം എന്നറിയാതെ അൽപ്പനേരം നിന്ന അവൻ പെട്ടന്ന് അവളെ തന്നിൽ നിന്നും അടർത്തിമാറ്റിക്കൊണ്ട് ചോദിച്ചു.

” പാമ്പ് ”

” പാമ്പോ എവിടെ ? ”

” എന്റെ മുറിയിൽ ”

വിറക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു.
അവളോടൊപ്പം മുറിയിലേക്ക് കയറിയ അജിത്ത് ബെഡിൽ കിടന്ന പുതപ്പ് എടുത്ത് ശക്തിയിൽ കുടഞ്ഞു. അതിൽ നിന്നും വലിയൊരു എലി തെറിച്ച് താഴേക്ക് വീണു.

” ഇതാണോടീ നിന്റെ പാമ്പ് ? ”

” ഈൗ ഞാൻ വാല് മാത്രെ കണ്ടുള്ളു ”

ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി അവൾ പറഞ്ഞു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 2

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നിനക്കായ്‌ : ഭാഗം 1

Share this story