നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 1

എഴുത്തുകാരി: സേഷ്മ ധനേഷ്‌

“അടുത്തതായി നൽകാൻ പോകുന്നത് ഈ വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് ആണ്. നമ്മുടെ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ എല്ലാ വർഷവും ഒത്തിരി ബഹുമുഖ കഴിവുകൾ ഉള്ള പുതിയ മുഖങ്ങൾ വന്നു കൊണ്ടിരിക്കുന്നു… അതിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ നമ്മുടെയെല്ലാം മനസിൽ ഇടം നേടിയ മലയാളം സിനിമയിൽ തന്റേതായ ഒരു സ്ഥാനമുറപ്പിച്ച നമ്മുടെ യുവ നായകൻ ഗൗതം മാധവ്… ഗൗതം മാധവ് ആണ് ഇത്തവണത്തെ മലയാളം ഫിലിം ഫെയർ അവർഡിന് അർഹനായത്… ഗൗതം മാധവിനു അവാർഡ് സമ്മാനിക്കുന്നതിനായി തമിഴിലെ യുവ താരം ശിവ കർത്തികേയനെയും അവാർഡ് ഏറ്റു വാങ്ങുന്നതിനായി ഗൗതം മാധവിനെയും വേദിയിലേക്ക് ക്ഷണിക്കുന്നു”….

വര്ധിച്ചുവന്ന കയ്യടികൾക്കിടയിലൂടെയും ഹർഷാരവങ്ങൾക്കിടയിലൂടെയും കൂടി യുവ നായകൻ ഗൗതം മാധവ് സ്റ്റേജിലേക്ക് കയറി. ഡാർക് മെറൂണ് കൂർത്തയോടൊപ്പം അതേ കരയിൽ മുണ്ടും എടുത്തായിരുന്നു ഗൗതം വന്നിരുന്നത്. ട്രിം ചെയ്തു ഒതുക്കിയ താടിയും കണ്ണിലും ചുണ്ടിലും വിരിയുന്ന കുസൃതി ചിരിയും അപ്പോഴുമുണ്ടായിരുന്നു… നെഞ്ചു വിരിച്ചുള്ള ആ നടപ്പിൽ തന്നെ നിറഞ്ഞു നിന്നിരുന്നു അവന്റെ ഗാംഭീര്യം… സദാ സമയവും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയാണ് അവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. അഞ്ചു വർഷത്തിനിടക്ക് ഒരിക്കൽ പോലും പാപ്പരാസികളുടെ ഗോസിപ് കോളത്തിൽ പോലും വരാത്ത, അവരെ കൊണ്ട് പോലും നല്ല നടൻ എന്നു പറയിപ്പിച്ച വ്യക്തിത്വം…

ഗൗതം മാധവ്. ഗൗതം സ്റ്റേജിലേക്ക് കേറി… ശിവ കാർത്തികേയൻ അവനെ ആശംസകൾ അറിയിച്ചു ബ്ലാക്ക്‌ ലേഡിയെ ഗൗതമിനു കൈമാറി… “ദ യൂത്ത് ഐക്കൺ ഓഫ് ദ യിയർ… mr.ഗൗതം മാധവ്… രണ്ടു വാക്ക് പ്രേക്ഷകർക്ക് വേണ്ടി”… തന്നിൽ എന്നും നില കൊള്ളുന്ന കുസൃതി ചിരിയോടെ ഗൗതം മൈക്ക് കൈകളിൽ എടുത്തു. ആ നിമിഷം ചുണ്ടിലെ കുസൃതി കണ്ണുകളിൽ കാണാൻ കഴിഞ്ഞിരുന്നില്ല… പകരം ഒരു നൊമ്പരമോ വിഷാദമോ… എന്തൊക്കെയോ ആയിരുന്നു… “താങ്ക് യു ജുവൽ… ആൻഡ് താങ്ക്സ് എ ലോട് ശിവ ഫോർ ഗീവിങ് ദിസ് ബ്യൂട്ടിഫുൾ ലേഡി… എല്ലാവർക്കും നമസ്കാരം… എനിക്ക് ഈ നിമിഷം ഒരുപാട് സന്തോഷം നിറഞ്ഞതാണ്.

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ. മികച്ച നടനായും യൂത്ത് ഐക്കൺ ആയുമൊക്കെ എനിക്ക് കിട്ടുന്ന മൂന്നാമത്തെ ബ്ലാക്ക്‌ ലേഡി ആണ്… മോസ്റ്റ് പ്രെസ്റ്റീജിയസ്‌ അവാർഡ്. ഈ നിമിഷം…. ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ എന്റെ സിനിമ സുഹൃത്തുക്കൾക്ക് മുൻപിലും ഞാൻ നിൽക്കുന്നത്… ഒരു വിട വാങ്ങൽ നിമിഷവുമായാണ്… ” പെട്ടന്ന് തന്നെ എല്ലാവരുടെ കണ്ണുകളിലും ഒരു സംശയ ഭാവം വിടർന്നു… കാരണമെന്താണെന്നു ഇതുവരെ ആർക്കും മനസിലായില്ല… ആരൊക്കെ നിര്ബന്ധിച്ചിട്ടും ഗൗതം പുതിയ സിനിമകൾ ഒന്നുപോലും കമ്മിറ്റ് ചെയ്തിട്ടില്ല എന്നറിഞ്ഞിരുന്നു… അങ്ങനെയൊരു ന്യൂസ് ഇൻഡസ്ട്രിയിൽ പരന്നിരുന്നു…

പെട്ടന്ന് തന്നെ വേദിയാകെ നിശ്ശബ്ദതയിലേക്കു നീങ്ങി… ഗൗതം തൻേറയുള്ളിൽ നിന്നു വരുന്ന വാക്കുകളെ വേദനയോടെ പറഞ്ഞു കൊണ്ടിരുന്നു… പലപ്പൊഴും വാക്കുകൾ കിട്ടാത്ത പോലെ… മനസിൽ കുത്തി നിറച്ച വാക്കുകൾ മനോവേദനകൊണ്ട് പുറത്തേക്കു വരാൻ മടിച്ചു നിന്നു… “നിങ്ങൾക്ക് ഒട്ടുമിക്കവർക്കു അറിയാം എന്റേതു ഒരു ബിസിനസ്സ് ഫാമിലിയാണ്. ഇന്ത്യയിൽ തന്നെ മികച്ചു നിൽക്കുന്ന ലക്ഷ്മി ഗ്രൂപ്‌സ്… കുടുംബത്തിൽ ഞാൻ മാത്രമാണ് കലാ പ്രേമിയായി നടന്നിട്ടുള്ളൂ… അച്ഛനോട് സമ്മതം വാങ്ങി എന്റെ കഴിവ് തെളിയിക്കാൻ സിനിമയിലേക്ക് വരും മുന്നേ അച്ഛൻ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നു… അഞ്ചു വർഷം… അഞ്ചു വർഷം തരും…. ഈ അഞ്ചു വർഷത്തിൽ എന്റേതായ ഒരു കയ്യൊപ്പു…

ഒരു സ്ഥാനം ഇവിടെയുണ്ടാക്കിയെടുത്തു തിരിച്ചു ബിസിനെസ്സിലേക്ക് തന്നെ വരണമെന്ന്… അച്ഛൻ നിശ്ചയിച്ച അഞ്ചു വർഷങ്ങൾ ഞാൻ പൂർത്തീകരിച്ചു…. എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ തെളിയിച്ചു… ഇനി അച്ഛനോട് എനിക്കൊരു കടമയുണ്ട്… ഒരു മകന്റെ കടമ… അച്ഛൻ എന്നിൽ അർപ്പിച്ച വിശ്വാസം അതെനിക്ക് തിരികെ നൽകണം… ബിസിനെസ്സിലേക്ക് തിരികെ പോകണം… അതെനിക്ക് പഠിക്കണം… അതിനുവേണ്ടി… അച്ഛന് നൽകിയ വാക്കിനു വേണ്ടി തൽക്കാലം ഞാൻ ഒരു നീണ്ട ഇടവേളയിലേക്ക് പോകുകയാണ്… എന്നു കരുതി ഒരിക്കലും മടങ്ങി വരില്ല എന്നല്ല… നല്ലൊരു കഥയും കഥാപാത്രവും തിരകഥയുമൊക്കെ തേടി വരുമ്പോൾ തീർച്ചയായും ഞാൻ ചെയ്യും…

എന്റെ കഴിവ് മനസിലാക്കി മുൻപ് അഭിനയിച്ചു ഒരു പരിചയം പോലുമില്ലാത്ത ഒരു പുതുമുഖനടനെ കൊണ്ടു സിനിമ ചെയ്യാൻ തയ്യാറായ എന്റെ ഗുരു നാഥൻ ശ്രീ രഞ്ജിത് സാറിനു ഞാൻ നന്ദി പറയുന്നു… തുടർന്ന് ഞാൻ സഹകരിച്ചു പ്രവർത്തിച്ച എല്ലാ സംവിധായകരോടും നടീ നടന്മാരോടും ഞാൻ ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു… എന്റെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു… വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ… തൽക്കാലത്തേക്ക് ഞാൻ വിടവാങ്ങുന്നു… നിങ്ങളുടെ സ്വന്തം ഗൗതം… താങ്ക്സ് എ ലോട്ട്” മൈക്ക് കൈമാറി സ്റ്റേജിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ ഗൗതമിന്റെ വാക്കുകൾ ജനങ്ങൾ നിറഞ്ഞ കയ്യടിയോടെ വരവേറ്റു…

“ഗൗതമിന്റെ വാക്കുകൾ ആരാധകർക്ക് ഇടയിൽ വലിയ വേദന സൃഷ്ടിക്കുന്ന ഒന്നാണ്… പക്ഷെ ഗൗതം പറഞ്ഞതു ശരിയാണ്… ഒരു മകന്റെ കടമ… അതു പൂർത്തിയാക്കണം.. ഗൗതം വരവറിയിച്ച് ഒരു പുതിയ സിനിമയുമായി വരുന്നത് ഞങ്ങൾ എല്ലാവരും തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്നു…” കയ്യടികളോടെയുള്ള ആങ്കറിന്റെ വാക്കുകൾ നിറ പുഞ്ചിരിയോടെ ഹൃദയത്തിൽ കൈ വച്ചു കൊണ്ടു ഗൗതം ഏറ്റെടുത്തു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഗൗതമിനു വേണ്ടിയുള്ള കാണികളുടെ ഹർഷാരവവും കയ്യടികളും കണ്ടു കണ്ണു നിറഞ്ഞു നിൽക്കുകയായിരുന്നു മാധവന്റെ… ഇപ്പോഴത്തെ ലക്ഷ്മി ഗ്രൂപ്പിന്റെ അധിപൻ മാധവ് മേനോൻ. തനിക്ക് നൽകിയ വാക്ക് തന്റെ മകൻ പാലിക്കാൻ പോകുന്നു…

അവന്റെ ഇഷ്ടങ്ങളെ കാറ്റിൽ പറത്തി അച്ഛനോടുള്ള കടമയും കടപ്പാടും നിറവേറ്റാൻ… അഭിനയമെന്ന അവന്റെ സ്വപ്നങ്ങൾ വേണ്ടെന്ന് വച്ചു കൊണ്ടു തന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ… മകനെ കുറിച്ചു ആലോചിക്കുംതോറും ആ അച്ഛന്റെ കണ്ണുകളിൽ അഭിമാനം നിറഞ്ഞു…. തന്റെ മകൻ… തന്റെ ലക്ഷ്മിയുടെ മകൻ… ഒരുവേള അയാളുടെ നോട്ടം ചുവരിൽ മാലയിട്ട് വച്ചിരിക്കുന്ന ലക്ഷ്മി എന്ന സ്ത്രീ രൂപത്തിലേക്ക് നീണ്ടു… തന്റെ ആദ്യ ഭാര്യ… ലക്ഷ്മി… അവനെ അയാളുടെ കൈകളിൽ ഏൽപ്പിച്ചു ലക്ഷ്മി പോകുമ്പോൾ അവനു നാലുവയസു മാത്രമേ ഉണ്ടായിരുന്നുള്ളു… അയാളുടെ ഉള്ളം ലക്ഷ്മിയെ നോക്കി കൊണ്ടിരുന്നു… തോളിൽ അമർന്ന കൈകളാണ് ലക്ഷ്മിയും അയാളും മാത്രമുള്ള ലോകത്തു നിന്നും അയാളെ തിരികെ കൊണ്ടു വന്നത്… “സുഭദ്ര…”

അയാളുടെ ചുണ്ടുകൾ പറഞ്ഞു… പുഞ്ചിരിയോടെ സ്ത്രീത്വം തുളുമ്പുന്ന മുഖവുമായി സുഭദ്ര… മാധവ് മേനോന്റെ ഭാര്യ… രണ്ടാം സ്ഥാനമാണെങ്കിലും ഉത്തമയായ ഭാര്യ തന്നെയാണ് അവർ. അയാൾക്കൊരു നല്ല ഭാര്യ എന്നതിലുപരി ഗൗതമിനു അമ്മ തന്നെയാണ്… പലപ്പോഴും മാധവ് മേനോന് തോന്നിയിട്ടുണ്ട് പെറ്റമ്മ ലക്ഷ്മിക്ക് പോലും ഗൗതമിനെ ഇത്ര സ്നേഹിക്കാൻ കഴിയില്ലയെന്നു… സ്വന്തം മകൻ തന്നെയായിരുന്നു സുഭദ്രക്ക് ഗൗതം… ഇപ്പോഴത്തെ അവന്റെ ഈ തീരുമാനം സുഭദ്രയുടെ സ്വാധീനമാണെന്നു നന്നായറിയാം മാധവന്. “സന്തോഷ കണ്ണുനീരാണോ ഈ വരുന്നത്…” പതുക്കെ ഒരു കൈ നീട്ടി സാരി തുമ്പുകൊണ്ടു അയാളുടെ കൺ തടങ്ങളും മുഖവും തുടച്ചു കൊണ്ടു സുഭദ്ര ചോദിച്ചു. അവരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു…

“ഈ കണ്ണുകൾ നിറഞ്ഞതും സന്തോഷത്താൽ തന്നെയല്ലേ…ഉം” സുഭദ്രയുടെ കവിളിൽ തന്റെ കൈ തലം വച്ചു കൊണ്ടു അയാൾ ചോദിച്ചു… സുഭദ്ര മറുപടിയൊന്നും പറഞ്ഞില്ല… സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന ഗൗതമിന്റെ മുഖത്തേക്ക് മാത്രമായിരുന്നു അവരുടെ കണ്ണുകൾ… അവനെ നോക്കുന്ന കണ്ണുകളിൽ വാത്സല്യം തുളുമ്പി നിന്നിരുന്നു… “എന്താണ് രണ്ടു പേരും കൂടി റൊമാൻസ് ആണോ ഇവിടെ… ഞങ്ങൾക്ക് അവിടേക്ക് പ്രവേശനം ഉണ്ടാകുമോ എന്തോ” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ടു പെണ്കുട്ടികൾ അവരെ നോക്കി ചിരിച്ചു നിൽക്കുന്നു… “പോ പിള്ളേരെ കളിയാക്കാതെ… അറിഞ്ഞില്ലേ ഗൗതം വരുന്നുണ്ട്… ” ആ വാക്കുകളിൽ തുടിച്ചു നിന്നത് വല്ലാത്തൊരു ആകാംക്ഷയായിരുന്നു.

“ഞങ്ങൾ കണ്ടിരുന്നു അമ്മേ… ആ സന്തോഷത്തിൽ ഓടി വന്നതല്ലേ ഇങ്ങോട്ടേക്ക്… അപ്പൊ ദേ രണ്ടും കൂടെ കണ്ണും കണ്ണും നോക്കി റൊമാൻസ്” അതു കേട്ടതും സുഭദ്രയുടെ മുഖത്ത് നാണത്തിന്റെ ചിരി വിരിഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് സ്റ്റയർ ഇറങ്ങി വരുന്ന ചെറുപ്പകാരനിലേക്ക് തന്റെ കണ്ണുകൾ നീണ്ടത്. അത്രയും നിമിഷം ആ കണ്ണുകളിൽ നിറഞ്ഞിരുന്ന നാണവും സന്തോഷവുമൊക്കെ ഒരു നിമിഷത്തിൽ തന്നെ മാഞ്ഞു പോയിരുന്നു… സുഭദ്രയുടെ ചിരി മങ്ങുന്നത് കണ്ടു എല്ലാവരുടെ കണ്ണുകളും ആ ചെറുപ്പകാരനിലേക്ക് തന്നെ നീങ്ങി. പക്ഷെ ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൻ ഇറങ്ങി നേരെ ഡൈനിങ്ങ് ടേബിളിലേക്ക് നടന്നു ചെന്നു. കസേര വലിചിട്ടു ഇരുന്നു.

മാധവൻ ക്ലോക്കിലേക്ക് സമയം നോക്കി കൃത്യസമയം എട്ടര… കൃത്യസമയം തന്നെ… ബാക്കിയുള്ളവരും ടേബിളിലേക്ക് ചെന്നു. സുഭദ്ര എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു. കഴിച്ചു കൊണ്ടിരിക്കുന്ന അത്രയും സമയം അവിടെ നീണ്ട മൗനമായിരുന്നു… “ജീവൻ” മാധവന്റെ ഗംഭീര്യമാർന്ന ശബ്ദം. അതേ ശബ്ദം തന്നെയാണ് ഗൗതമിനു കിട്ടിയിരിക്കുന്നത്. ജീവൻ കഴിക്കുന്നത് നിർത്തി തലയുയർത്തി നോക്കി. “അറിഞ്ഞിരുന്നോ ഗൗതമിന്റെ തീരുമാനം” “ഞാൻ ഇപ്പൊ കണ്ടിരുന്നു ന്യൂസിൽ” “ഓഫീസിൽ എല്ലാ കാര്യങ്ങളും കൃത്യമായല്ലേ പോകുന്നത്. എന്തെങ്കിലും ഡിലേ ഉണ്ടോ ഇതുവരെ” “ഇതുവരെ എല്ലാം അപ് ടു ഡേറ്റ് ആണ്. ഇനി ഉള്ളത് പുതിയ എംപ്ലോയ്‌ റിക്രൂട്ട് ആണ്.

അതു ഗൗതം വന്നിട്ടുവേണോ അല്ലെങ്കി അതിനു മുന്നേ ആകണമെങ്കിൽ അങ്ങനെ ചെയ്യാം. പറയുന്നപോലെ” മാധവന്റെ മറുപടിക്കായി അവൻ കാത്തിരുന്നു. “പുതിയ എംപ്ലോയ്‌സ് അല്ലെ… അത്യാവശ്യം കുറച്ചു ഒഴിവുകൾ ഉള്ളതല്ലേ… അപ്പൊ അവൻ വരും മുന്നേ ചെയ്യാം. അവനു കാര്യങ്ങൾ പടിച്ചെടുക്കാൻ കുറച്ചു സമയം കൊടുക്കണം. ജീവൻ എല്ലാം പറഞ്ഞു കൊടുക്കണം. പുതിയ എംഡി ആയി തന്നെ അവൻ ചാര്ജടുക്കണം. അല്ലെങ്കിലും പുതിയ എംഡി എന്നൊന്നില്ല ലക്ഷ്മി ഗ്രൂപ്പിന് ഒരു എംഡി തന്നെയേ ഉള്ളു.. അതു ഗൗതം മാധവ് ആണ്” അതു പറയുമ്പോഴും ജീവന്റെ കണ്ണുകളിൽ ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല.

“ഗൗതം വരുമ്പോഴേക്കും എല്ലാം ശരിയാക്കാം” ജീവന്റെ കണ്ണുകൾ അറിയാതെ സുഭദ്രയിലേക്ക് നീങ്ങി… അവർ തല കുമ്പിട്ടു നിൽക്കുകയായിരുന്നു. “പുതിയ എംപ്ലോയ്‌ എടുക്കുമ്പോൾ അവനു വേണ്ടി ഒരു പ്രൈവറ്റ് സെക്രട്ടറി പോസ്റ്റ് കൂടി പരിഗണിക്കണം. മിനിമം ക്വാളിഫിക്കേഷൻ MBA തന്നെ ആകണം” “ചെയ്യാം” ജീവൻ തലയാട്ടി. ഇനി പറയാൻ ഒന്നുമില്ലായെന്നു മനസിലായി ജീവൻ തന്റെ മുന്നിലെ പ്ളേറ്റിലേക്ക് നോക്കി ഇരുന്നു. “അച്ഛാ… ദേ ഈ ശീതൾ ചേച്ചി പോരെ സെക്രട്ടറി പോസ്റ്റിലേക്ക്… ചേച്ചിയാണെങ്കി ഇപ്പൊ MBA കഴിഞ്ഞു നിൽക്കുവല്ലേ… പിന്നെ” പിന്നെ എന്തെങ്കിലും പറയും മുന്നേ ശീതൾ അവളുടെ കൈകളെ മുറുകെ പിടിച്ചിരുന്നു. “ഈ ഗായു …. ഒന്നു മിണ്ടാതെ ഇരിക്ക് പെണ്ണെ” നാണത്തോടെ പറഞ്ഞു കൊണ്ടു ശീതൾ ചിരിച്ചു. “മോൾ പറഞ്ഞതും പരിഗണിക്കാം…

നോക്കാം” മാധവൻ ഒരു ചിരിയോടെ പറഞ്ഞു നേരെ ജീവന്റെ മുഖത്തേക്ക് നോക്കി. “ജീവൻ. ർ യൂ ഫിനിഷെഡ്?? ” “യെസ്” ജീവൻ എഴുനേറ്റു വാഷിംഗ് ഏരിയായിലേക്ക് നടന്നു… അവൻ പോകുന്ന വഴിയിൽ ഗായുവിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു… “ഇത്രയും നേരം ശ്വാസം മുട്ടിയിരിക്കുവായിരുന്നു… ഇനി സമാധാനമായി കഴിക്കാം” അവളുടെ വാക്കുകൾ ജീവന്റെ മുഖത്തു ഒരു നോവിന്റെ പുഞ്ചിരിയാണ് ഉണ്ടാക്കിയത്. തിരികെ കിച്ചേനിൽ പോയി തനിക്കുള്ള വെള്ളവുമെടുത് steps കയറി പോകുമ്പോഴും ഗായുവിന്റെയും ശീതളിന്റെയും കളി ചിരികൾ അവൻ കേൾക്കുന്നുണ്ടായിരുന്നു… “എന്റെ ഏട്ടൻ വന്നിട്ട് വേണം എനിക്കൊന്നു അടിച്ചു പൊളിക്കാൻ… നോക്കിക്കോ കുറെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്”….

ജീവന്റെ മനസിൽ ഗായു പറഞ്ഞ ആ ‘എന്റെ ഏട്ടൻ’ എന്ന വിളി മാത്രം ഒരു നോവ് സമ്മാനിച്ചു നിന്നു. എന്നും രാത്രിയിൽ ഇതുപോലുള്ള എന്തെങ്കിലും വാക്കുകൾ കേൾക്കാം അവളിൽ നിന്നും… അതൊരിക്കലും തന്നോടല്ല … തന്നെയല്ല അവൾ വിളിക്കുന്നത് എന്നറിയാം… എന്നെങ്കിലും അങ്ങനെയൊരു വിളി അവളിൽ നിന്നും ഉണ്ടാകുമോ… ആ നിമിഷം അവന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു ഒരു അമ്മ തന്റെ മകനെ വാരി പുണർന്നു കൊണ്ട് കണ്ണാ… അമ്മയുടെ കണ്ണാ… മോനെ… എന്നൊരു വിളി ഉയർന്നു കേട്ടു… തനിക്ക് എന്നോ നഷ്ടമായ ഒരു അമ്മയെയും അമ്മയുടെ ഗന്ധത്തെയും അവൻ തിരിച്ചറിഞ്ഞു….

വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു ജീവൻ കിടക്കുമ്പോൾ. ആരുടെയോ സാമിപ്യം തന്റെ വാതിലിനു മുന്നിൽ പ്രത്യക്ഷപെട്ടത് അവനറിഞ്ഞു… ആരുടെയോ അല്ല… കുറച്ചു മുന്നേ തന്റെ ഹൃദയത്തിനുള്ളിലിരുന്നു വിളിച്ച ആ അമ്മയുടെ തന്നെ നിഴലനക്കം… പാതി തുറന്ന കണ്ണുകൾ കൊണ്ട് ജീവൻ കണ്ടു… സുഭദ്രയുടെ നിറഞ്ഞു തുളുമ്പിയ മിഴികൾ… എന്നും ഇതു പതിവാണ്… കിടക്കും മുന്നേ തന്റെ മുറിയുടെ പുറത്ത് നിന്നു തന്നെ കുറച്ചു സമയം നോക്കി നിൽക്കുന്ന അമ്മ… തന്റേതായിരുന്ന… തന്റെ മാത്രമായിരുന്ന അമ്മ… ഇപ്പൊ ഗൗതമിന്റെയും ഗായത്രിയുടെയും മാത്രം അമ്മ…

അവർക്കിടയിൽ ഈ ജീവനില്ല… കുറച്ചു നേരം നോക്കി നിന്നു സുഭദ്ര തിരിച്ചു പോയിരുന്നു… എന്നും ഒരു കയ്യകലത്തിൽ മാത്രം തന്നെ നോക്കി പോകുന്ന അമ്മയുടെ വരവ് കഴിഞ്ഞേ അവനും ഉറക്കത്തിലേക്കു പോകുമായിരുന്നുള്ളൂ… ഇന്നും ആ പതിവ് തെറ്റിയില്ല…. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 തണൽ വീട് എന്ന ബോര്ഡിന് മുന്നിലെ ബൾബ് മിന്നി മിന്നി കത്തി നിൽക്കുകയായിരുന്നു. എല്ലാവരും ഹാളിൽ ടിവിയിൽ ഗൗതമിന്റെ അവാർഡ് ഷോ കണ്ടു കൊണ്ടിരിക്കുകയാണ്. “ചിന്നു… നമ്മുടെ ദീദി എവിടെ പോയി… ഇത്ര നേരം ടിവി കാണാൻ സമ്മതിക്കാറില്ലലോ… എന്താ കാര്യം” “ദീദി നാളെ എന്തോ പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള തിരക്കിലാണ്… അതുകൊണ്ടല്ലേ ഈ ഭാഗത്തേക്ക് വരാത്തെ…

അല്ലെങ്കി എപ്പോഴേ നമ്മളെ ഇവിടന്നു ഓടിപ്പിച്ചിട്ടുണ്ടാകും…” “ഓഹ്… അപ്പൊ അതാണ് കാര്യം… എന്നാലും ഗൗതം ഏട്ടൻ എന്തു പണിയാ കാണിച്ചത്… അഭിനയം നിർത്തുവാണെന്നൊക്കെ പറഞ്ഞാൽ… സങ്കടം സഹിക്കാൻ വയ്യ…” “അയ്യോട… എന്റെ മോൾ ഇവിടെ പൂങ്കണ്ണീർ ഒഴുക്കിയിരിക്കു… ഞാൻ പോയി ദീദിയെ നോക്കീട്ട് വരട്ടെ” ചിന്നു കുട്ടി അവിടെനിന്നും എഴുനേറ്റു നേരെ മെസ് ഹാളിലേക്ക് നടന്നു… അവിടെ ഹാളിൽ ഭക്ഷണമൊക്കെ കഴിഞ്ഞു വൃത്തിയാക്കി കഴിഞ്ഞിരുന്നു… ഹാളിന്റെ ഒരു മൂലയിൽ കുറെ കടലാസുകളുമായി മൽപിടുത്തത്തിലിരിക്കുന്ന ഒരു പെണ്കുട്ടിയെ കണ്ടു… “ദീദി…” ചിന്നുവിന്റെയ വിളിയിൽ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി വന്നു

“എന്താടി… പഠിച്ചു കഴിഞ്ഞോ… സംശയം വല്ലതുമാണോ” “ചേച്ചിയറിഞ്ഞോ ഒരു സംഭവം… ” “എന്താ നാളെ വല്ല ഹർത്താലുമുണ്ടോ” “അയ്യോ… ഇതു അതൊന്നുമല്ല” ചിന്നു സംസാരിചു കൊണ്ട് തന്നെ അവളുടെ ദീദിയുടെ അടുത്തേക്ക് എത്തി. കടലാസുകളിൽ മുഖമൊളിപ്പിച്ച പെണ്കുട്ടി പെട്ടന്ന് തലയുയർത്തി… ഒറ്റ നോട്ടത്തിൽ സുന്ദരി… നല്ല വെളുത്തു മാൻ കഴുത്തും വിടർന്ന കണ്ണുകളും ചെറിയ ചുണ്ടുകളും… ചിരിക്കുമ്പോൾ മാത്രം വിരിയുന്ന നുണകുഴി കവിളും… ഏറ്റവും ഭംഗി കൂട്ടിയിരുന്നത്… വെളുത്ത നീണ്ട കഴുത്തിലെ കറുത്ത മറുകയായിരുന്നു. ആ ബ്ലാക്ക്‌ സ്പോട് എടുത്തു കാണിക്കും… “എന്താ പെണ്ണെ കാര്യം” “നമ്മുടെ ഗൗതം ഏട്ടൻ ഇല്ലേ…”

ചിന്നു ബാക്കി പറയും മുന്നേ ദീദി കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി. “സോറി… സോറി… ഞങ്ങളുടെ ഗൗതം ഏട്ടൻ… അഭിനയം നിർത്തുവാണെന്നു… ഇനി സിനിമയിലേക്കില്ലയെന്നു… ബിസിനസ്സ് നോക്കാൻ പോകാത്രേ” “ഓഹ്… നല്ല കാര്യം… മലയാളം സിനിമ രക്ഷപെട്ടു” ദീദി മുകളിലേക്ക് നോക്കി പറഞ്ഞു. “ദീദി… അല്ല… അല്ല… എന്റെ ദേവേചി…” ചിന്നുവിന്റെ ദേവു എന്ന വിളിയിൽ ദേവു എന്ന ദേവ്നിയുടെ കവിളിൽ നുണകുഴി തെളിഞ്ഞിരുന്നു… “ഇനിയിപ്പോ ഗൗതം ഏട്ടൻ ഇങ്ങോട്ടേക്ക് ഒക്കെ വരുമായിരിക്കും അല്ലെ” ചിന്നു നിന്നു ആത്മഗതം പറഞ്ഞു. “ഹും… നോക്കി ഇരുന്നോ… ഒരു സൂപ്പർ സ്റ്റാർ വന്നേക്കുന്നു…

ഇങ്ങനെ ഒരു ആതുരാലയം അവരുടെ ബിസിനസ്സ് ഗ്രൂപ്പ് നടത്തുന്നുണ്ടോ എന്നുപോലും നിന്റെ ഗൗതം ഏട്ടന് അറിവുണ്ടാകില്ല. അതല്ലെങ്കി ഇത്ര കൊല്ലതിനിടക്ക് ഒരു തവണ പോലും ഇവിടേക്ക് വന്നിട്ടില്ലലോ… ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ… നിന്റെ പഠിച്ചു കഴിഞ്ഞോ… നാളെ പരീക്ഷയല്ലേ നിനക്ക്” “ഞാൻ പഠിച്ചു കഴിഞ്ഞു… ചേച്ചിയെ കൂട്ടാൻ വന്നതാണ്… ഉറങ്ങാൻ” ചിന്നു ദേവുവിനെ പുറകിലൂടെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ദേവു ഒരു പുഞ്ചിരിയോടെ ചിന്നുവിന്റെ കൈകളിൽ ചുണ്ടുകൾ ചേർത്തു. വെളുപ്പിനെ നാലു മണിക്ക് തന്നെ ദേവുവിന്റെ ഒരു ദിവസം തുടങ്ങും.

തണൽ വീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്നതും കുറെയധികം ജോലികൾ ചെയ്യുന്നതും ദേവു തന്നെയായിരുന്നു. അധികം അംഗങ്ങൾ ഒന്നുമില്ലെങ്കിലും ആരോരുമില്ലാത്ത കുറച്ചു അനാഥർ അവിടുണ്ട്. ഏറ്റവും ഇളയ കുട്ടി ചിന്നുവാണ്. പത്തു വയസുണ്ട്. പിന്നെ അതിനു മുകളിൽ പ്രായമായവർ… സ്കൂളിൽ പഠിക്കുന്ന കുട്ടികൾ… പിന്നെ വയസായ അമ്മമാർ…. ദേവുവും അവിടുത്തെ ഒരു അംഗമാണ്… ഇരുട്ട് മൂടി അന്തകാരത്തിലായ ഓരോ അംഗങ്ങളുടെയും ജീവിതത്തിൽ നിലാവ് പരത്തുന്നത് നമ്മുടെ ദേവുവാണ്. ലക്ഷ്മി ഗ്രൂപ്‌സ് നടത്തുന്ന ആതുരാലയമാണ്‌ അതു… തണൽ വീട്… അവരുടെ തന്നെ കീഴിലുള്ള സ്കൂളിലാണ് അവിടെയുള്ള കുട്ടികൾ പഠിക്കുന്നത്… ദേവു അവരുടെ തന്നെ കീഴിലുള്ള കോളേജിൽ MBA ഫൈനൽ വിദ്യാർത്ഥിയും. അംഗങ്ങൾ കുറവായത് കൊണ്ടു തന്നെ ജോലിക്കാർ വളരെ കുറവാണ് അവിടെ. അവർ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും മറ്റും.

പുറം പണിക്ക് മാത്രമേ രണ്ടു പേര് അവിടെ ജോലി ചെയ്യുന്നുള്ളൂ. ദേവു തിരക്കിട്ട ജോലിയാണ്. അതു കഴിഞ്ഞു വേണം കോളേജിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യാൻ പോകുവാൻ. ഇന്ന് അവസാന ദിവസമാണ്. പണികളെല്ലാം തീർത്തു തണൽ വീട്ടിൽ നിന്നും കോളേജിലേക്ക് ഒമ്പതരയോടെ തന്നെ ദേവു ഇറങ്ങി. കോളേജിലേക്ക് എത്തിയെങ്കിലും മധിക്കുന്ന ഓര്മകളോ ത്രസിപ്പിക്കുന്ന കൂട്ടുകാരോ ഒന്നും അവൾക്കുണ്ടായിരുന്നില്ല. അവസാന ദിവസം കോളേജ് ആയിരുന്നിട്ടും ഓർമയിൽ സൂക്ഷിക്കാൻ… പിന്നീട് ഓർത്തു പുഞ്ചിരിക്കാൻ ഒരു നല്ല സന്ദർഭം പോലും തന്നിൽ ഇല്ലല്ലോ എന്നവൾ ഓർത്തു… എങ്കിലും ഒട്ടും വിഷമം തോന്നിയില്ല…

കാരണം അനാഥയെന്ന ലേബൽ ഉള്ളതുകൊണ്ട് ആരുടെയും സിംപതിയും നോട്ടവും അതുവഴി ലഭിക്കുന്ന സ്നേഹമോ കൂട്ടു കേട്ടോ അവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ എന്നും ഒറ്റക്കായിരുന്നു അവൾ. ദേവു നടന്നു വരുന്നത് ഒന്നാമത്തെ നിലയിൽ നിന്നുകൊണ്ട് അശ്വിനും കൂട്ടരും നോക്കി കണ്ടു. “ഡാ… അശ്വിനെ… ഇന്ന് നമ്മുടെ അവസാന ദിവസമാണ്… ഇന്നെങ്കിലും അവളുടെയ കഴുത്തിലെ കറുത്ത മറുകിൽ നിന്റെ ചുണ്ട് പതിയുന്നത് ഞങ്ങൾക്ക് കാണാൻ പറ്റുമോ… അവൾ ഇവിടെ വന്ന അന്ന് മുതൽ നീ കൊളുത്താൻ ശ്രമിക്കുന്നതല്ലേ… ഇവളെ മാത്രം നിനക്ക് കിട്ടിയില്ലലോ..” അശ്വിനെ പിരി കേറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ കൂട്ടുകാരനും ഉണ്ടായിരുന്നുള്ളു. ദേവ്നി അവിടെ വന്ന കാലം തൊട്ടേ അവന്മാരുടെ കഴുകൻ കണ്ണുകൾ അവളിലായിരുന്നു. പക്ഷെ അവളെ ഒരു തരത്തിലും അവർക്ക് ഉപ്പ് നോക്കാൻ പോലും കിട്ടിയിരുന്നില്ല. “ഇന്ന് നീ കണ്ടോ…

അവൾക്ക് ഞാൻ ഒരുക്കുന്ന വിരുന്നു” അശ്വിൻ ഒരു കണ്ണടച്ചു കൊണ്ടു കൂട്ടുകാരെ നോക്കി പറഞ്ഞു.. ദേവ്നി ആദ്യം ലൈബ്രറിയിലേക്കാനു പോയത്. റെഫർ ചെയ്യാനെടുത്ത പുസ്തകം തിരികെ കൊടുത്തു. അവർക്കൊരു നുണ കുഴിയിൽ വിരിഞ്ഞ ചിരി സമ്മാനിക്കാനും അവൾ മറന്നില്ല. തന്റെ ഏത് സംശയത്തിനും ആവശ്യമായ ബുക്ക്സ് തേടി എടുത്തു കൊടുത്തിരുന്നു അവിടുത്തെ ലൈബ്രേറിയൻ. അദ്ദേഹത്തോട് കുശലം പറഞ്ഞു അവൾ കോറിഡോറിലൂടെ നടന്നു… സ്റ്റാഫ് റൂം ആണ് ലക്ഷ്യം… അല്ലാതെ കണ്ടു വേറെ കൂട്ടുകാർ ഒന്നുമില്ല യാത്ര പറയാൻ… അവളുടെ നടത്തത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു അശ്വിൻ അവളുടെ മുന്നിലെത്തി… അവന്റെ മുഖത്തു വിരിഞ്ഞ വഷളൻ ചിരി അവളിൽ അറപ്പുണ്ടാക്കി… അവളെ വഴി തടഞ്ഞവൻ നിന്നു…

അവൾ അവനോടു ഒന്നും സംസാരിക്കാൻ താത്പര്യപ്പെട്ടില്ല… പകരം മുഖം ഉയർത്തി തന്നെ കണ്ണുകൾ കൊണ്ടും പുരികം കൊണ്ടും എന്താ കാര്യമെന്ന് ചോദിച്ചു… അവളുടെ ആ ഒരു ഭാവം തന്നെ അവനിൽ രോമാഞ്ചം ഉണ്ടാക്കി… കണ്ണുകളിൽ തെളിഞ്ഞ തീഷ്ണത ആസ്വദിച്ചു കൊണ്ടു അവളുടെ തോളിൽ അവൻ കൈ വച്ചു. ദേവ്നി അവന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി…. “ഇന്ന് നമ്മുടെ അവസാന ദിവസമാണ് ദേവ്നി… ഈ വർഷങ്ങളിൽ എല്ലാം തന്നെ നിന്നെ ഏതൊക്കെ തരത്തിൽ ഞാൻ നിന്നോട് അടുക്കാൻ ശ്രമിച്ചതാണ്… ഒന്നിനും നീ സമ്മതിച്ചില്ല… പക്ഷെ ഇന്ന്… എന്റെ ഒരു ആഗ്രഹം നടത്താതെ പോയാൽ ഞാൻ ആണാണെന്നു പറഞ്ഞു നടക്കുന്നതിൽ ഒരർത്ഥവുമില്ല…

ദേ നീ അങ്ങോട്ടു നോക്കിക്കേ…” ദേവ്നി പുറകിലേക്ക് നോക്കുമ്പോൾ അവരെ തന്നെ നോക്കികൊണ്ടു അവന്റെ ഗ്യാങ് മൊത്തം നിൽക്കുന്നു… “അവന്മാരെയൊക്കെ ഞാനാ വിളിച്ചേ… ഒരു കാഴ്ച കാണിച്ചു കൊടുക്കാൻ… നിന്റെയീ വെളുത്ത കഴുത്തിലെ ഈ കറുത്ത മറുക് ഉണ്ടല്ലോ… ഇതെന്നെ മാടി വിളിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായെന്നോ…” അവൻ ദേവ്നിയുടെ മറുകിൽ കൊതിയോടെ നോക്കി… അവന്റെ നോട്ടം കഴുത്തിന്റെ ചുറ്റിൽ നിന്നും മുകളിലേക്ക് സഞ്ചരിച്ചു അവളുടെ അധരങ്ങളിൽ തങ്ങി നിന്നു… “നിന്നെയൊക്കെ എന്തു ചെയ്താലും ചോദിക്കാൻ ആരും വരില്ലായെന്നറിയാം…

കുറച്ചു ദിവസം മീഡിയ ആഘോഷിക്കും പുതിയത് എന്തെങ്കിലും കിട്ടുമ്പോൾ അവർ അതിനു പുറകെ പോയ്‌കൊള്ളും…. എന്നെ കൊണ്ടു അവിവേകം ഒന്നും ചെയ്യിപ്പിക്കാതെ സഹകരിക്കുന്നതാണ് നിനക്കു നല്ലത്… പെണ്ണിനെനും തോൽക്കാനുള്ള ആയുധമാണ് ദൈവം പടച്ചു വച്ച ഈ ശരീരം…” അവന്റെ വാക്കുകൾക്കൊപ്പം അവന്റെ കണ്ണുകളും അവളുടെ ശരീരത്തിൽ ഉഴിഞ്ഞു കൊണ്ടിരുന്നു… ഒരു നിമിഷത്തിന്റെ കണ്ണുകൾ കൊണ്ടുള്ള കൊത്തി വലി കഴിഞ്ഞപ്പോൾ അവൻ കണ്ടു… അവനായി കരുതി വച്ച അവളുടെ കണ്ണുകളിലെയും ചുണ്ടിലെയും വശ്യമായ പുഞ്ചിരി…

അവനായി മാത്രം… ഇതുവരെ കാണാത്ത ഏതൊരാണിനെയും മയക്കാൻ പോന്ന പുഞ്ചിരി… ദേവ്നി ഒന്നു രണ്ടടി മുന്നോട്ട് വച്ചു അശ്വിനോട് ചേർന്നു നിന്നു… അവളുടെ പുഞ്ചിരിയിൽ മതി മറന്ന അശ്വിൻ പിറകോട്ടു കാലുകൾ വച്ചു ചുമരിൽ തട്ടി നിന്നു… ദേവ്നി തന്റെ രണ്ടു കൈകളും അവന്റെ നെഞ്ചിൽ വച്ചു… അപ്പോഴും അവളിലെ പുഞ്ചിരി മായതെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു… അശ്വിൻ സ്വയം മറന്നു അവളുടെ സാമിപ്യത്തിലും അവളുടെ ശരീരത്തിൽ നിന്നുമുയരുന്ന ഗന്ധത്തിലും മനം മറന്നു നിന്നു… ദേവ്നി പതുക്കെ നെഞ്ചിൽ നിന്നും കൈകൾ താഴോട്ടെക്ക് തെന്നി ഇറക്കി കൊണ്ടിരുന്നു…

അശ്വിൻ സ്വയം മറന്നു നിന്ന നിമിഷത്തിൽ ദേവ്നി തന്റെ വലതു മുട്ടുകാൽ അവന്റെ മർമ്മ സ്ഥാനത്തു തന്നെ കയറ്റി ഇറക്കി… ഒരു നിമിഷത്തെ തരിപ്പ് ഉച്ചിയിലെത്തിയ അശ്വിൻ കണ്ണുകൾ മിഴിഞ്ഞു ചുമരിലൂടെ ഊർന്നു താഴെക്കിരുന്നു പോയിരുന്നു… വേദന കൊണ്ടു പുളഞ്ഞു ജീവൻ പിടഞ്ഞു… ശ്വാസം പോലും എടുക്കാൻ കഴിയാതെ അശ്വിൻ പിടഞ്ഞു കൊണ്ടിരുന്നു…. ആ നിമിഷം അവളുടെ കണ്ണിൽ വശ്യതക്ക് പകരം തീ ആയിരുന്നു… താൻ എരിഞ്ഞു വെണ്ണീറായി പോകുന്നുവെന്ന് ആ നിമിഷം അവൻ തിരിച്ചറിഞ്ഞു… ആത്മാഭിമാനം ഉള്ള ഒരു പെണ്ണിന്റെ കോപം… അതെന്താണെന്ന് അവനറിഞ്ഞു…

എന്നിട്ടും ദേഷ്യം തീരാതെ ദേവ്നി അവന്റെ ഇരു കരണതും മാറി മാറി അടിച്ചു… പുകഞ്ഞു പോയി അവന്റെ കണ്ണുകൾ… ഒരാണിന്റെ ബലമുള്ള പെണ്ണിന്റെ കൈകൾ… തലോടാൻ മാത്രമല്ല… പെണ്ണിന്റെ കൈകളെന്നു അവനു ബോധ്യമായി. താൻ ഇതുവരെ കണ്ട പെണ്ണല്ല ദേവ്നി എന്നു അവന്റെ ഓരോ നിമിഷത്തിലെ പിടച്ചിലിൽ നിന്നും ബോധ്യമായി… അവന്റെ മുടിയിൽ കുത്തി പിടിച്ചു മുഖമുയർത്തി അവൾ…”നീ പറഞ്ഞതു ശരിയാണ് ഞാൻ ഒരു അനാഥയാണ്… എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാൻ ആരുമില്ല… “അതു പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി പോയിരുന്നു… കണ്ണിൽ അവളറിയാതെ മിഴിനീർ സ്ഥാനം പിടിച്ചു… ഒരു കൈ പുറം കൊണ്ടു കണ്ണുകൾ തുടച്ചവൾ വീണ്ടും ശക്തിയാർജിച്ചു… “പക്ഷെ… എന്നെ സൂക്ഷിക്കാൻ ഞാൻ തന്നെ മതി…

പിന്നെ നീ പറഞ്ഞല്ലോ പെണ്ണിനെന്നും തോൽക്കാനുള്ള ശരീരമാണ് ദൈവം പടച്ചതെന്നു… പെണ്ണിന് ജയിക്കാനുള്ള ആയുധവും തോൽക്കാനുള്ള ആയുധവും ഒരുപോലെ അവൾക്കു ദൈവം കൊടുത്തിട്ട് തന്നെയാ ഭൂമിയിലേക്ക് പടച്ചു വിട്ടത്… അതാ നീയിപ്പോ എന്റെ മുന്നിൽ കിടന്നു ജീവശ്വാസം വലിക്കുന്നത്… മനസിലായോട” ചൂണ്ടുവിരൽ ചൂണ്ടി വേണ്ടയെന്നു താക്കീതും കൊടുത്തു അവൾ തിരിഞ്ഞു നോക്കി… അവന്റെ കൂട്ടുകാർക്കൊപ്പം മറ്റു സ്റ്റുഡന്റ്‌സ് കൂടി അവിടെ കൂടിയിരുന്നു അതുകൊണ്ടു തന്നെ

അവന്റെ കൂട്ടുകാർക്ക് അവളുടെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല… കൂട്ടം കൂടി നിൽക്കുനിടത്തു കണ്ണുകൾ പായിച്ചപ്പോൾ കണ്ടു… തന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ടു കണ്ണുകൾ… പ്രിൻസിപ്പൽ സാർ… അടുത്തു തന്നെ മാധവ് മേനോൻ… കൂടെ ജീവനും…. “ദേവ്നി…. come to my office now…” ദേവ്നി തന്റെ കയ്യിലെ പ്രോജക്ട് മുറുകെ പിടിച്ചു.. (തുടരും)

Share this story