നിലാവിനായ് : PART 4

നിലാവിനായ് : PART 4

എഴുത്തുകാരി: സേഷ്മ ധനേഷ്‌

പെട്ടന്നാണ് ക്യാബിൻ തുറന്നു രണ്ടുപേർ അകത്തേക്ക് വന്നത്…. ദേവ്നിയെ നോക്കി കണ്ട കണ്ണുകളിലും ഗൗതമിന്റെ അതേ ഭാവമായിരുന്നു… ഒപ്പം അവളെ തല്ലാനുള്ള ദേഷ്യവും. “നീയോ… നീയെന്താ ഇവിടെ ” ഗായത്രിയുടെ ചോദ്യത്തിനുള്ള മറുപടി നൽകാതെ അവൾക്കു പുറകിലായി നിന്നിരുന്ന സുഭദ്രയെ നോക്കി ദേവ്നി ചിരിച്ചു കൊണ്ടു “ഗുഡ് മോർണിംഗ് മാഡം”. ദേവ്നിയുടെ തിളക്കമാർന്ന പുഞ്ചിരി കണ്ടു സുഭദ്രയിൽ അറിയാതെ തന്നെ ചുണ്ടുകൾ വിടർന്നു. “ഗുഡ് മോർണിംഗ്”. തന്റെ നേർക്ക് നീളുന്ന ഗായത്രിയുടെ ദേഷ്യം നിറഞ്ഞ നോട്ടത്തെയും വലിഞ്ഞു മുറുകിയ അവളുടെ മുഖത്തേയും വളരെ ലാഘവത്തോടെ തന്നെ നിഷേധിച്ചു കൊണ്ടു ദേവ്നി ഗൗതത്തിനു നേർക്ക് തിരിഞ്ഞു. “സർ കൃത്യം പത്തര മണിക്കാണ് സ്റ്റാഫ് മീറ്റിങ്. സാറിനു അറിയാമല്ലോ. ഇവിടെയുള്ളവരുടെ പ്രധാനപ്പെട്ട പൊസിഷനിൽ ഇരിക്കുന്നവരുടെ ഡീറ്റൈൽസ് ഈ ഫയലിൽ ഉണ്ട്. സർ ഒന്നു നോക്കിക്കൊള്ളു.”

കയ്യിലിരുന്ന ഒരു ഫയൽ അവന്റെ നേർക്ക് വച്ചു കൊണ്ട് അവൾ ക്യാബിൻ വിട്ടു പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയതിനു ശേഷം അവൾ ഒന്നു ദീർഘമായി നിശ്വാസിച്ചു. ഈശ്വരാ… ഇത്ര നേരം ഇങ്ങനെ ഗൗരവത്തിൽ പിടിച്ചു നിൽക്കാനുള്ള ഊർജമൊക്കെ എനിക്കുണ്ടായിരുന്നോ… ശോ… സമ്മതിക്കണം എന്നെ… അവൾ സ്വയം ആത്മഗതിച്ചു പുകഴ്ത്തികൊണ്ടു ജീവന്റെ ക്യാബിന് നേരെ നടന്നു. “ഏട്ടാ… അവളാണോ… ആ അഹങ്കാരിയാണോ ഏട്ടന്റെ അസിസ്റ്റന്റ്. പറ്റില്ല ഏട്ടാ… അവളെ ഇപ്പൊ തന്നെ പറഞ്ഞു വിടണം. ഈ പോസ്റ്റിൽ ശീതൾ വരാൻ ഇരിക്കുന്നതാണ്. അതു മാത്രമല്ല ഇത്രയും അഹങ്കാരം പിടിച്ച ഒരു പെണ്ണ്” ഗായത്രിക്ക് ദേഷ്യം കൊണ്ടു മൂക്കിൻ തുമ്പു പോലും വിറച്ചു നിന്നിരുന്നു. അവൾ പിന്നെയും എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു.

പക്ഷെ ഗൗതം അവളുടെ വാക്കുകൾ ഒന്നും തന്നെ കേട്ടിരുന്നില്ല. അവന്റെയുള്ളിൽ ചിരിക്കുമ്പോൾ തെളിയുന്ന ദേവ്നിയുടെ നുണ കുഴി കവിളിലും വെളുത്ത കഴുത്തിലെ തിളക്കമാർന്ന ആ കറുത്ത മറുകിലുമായിരുന്നു… എന്തോ ഒന്നു അവളിലേക്ക് അടുപ്പിക്കുന്നു… സിനിമ ലോകത്തു അവളെക്കാൾ എത്രയോ സുന്ദരികളെ കണ്ടിരിക്കുന്നു… പക്ഷെ അവരിൽ ആർക്കുമില്ലാത്ത ആ നുണകുഴി കവിൾ… ആ മറുക്… അവന്റെ ചിന്തകൾ ദേവ്നി പോയ വഴിയേ 360 ഡിഗ്രിയിൽ അവിടെ തന്നെ കറങ്ങി കൊണ്ടേയിരുന്നു… സുഭദ്രയാണെങ്കി ഒന്നും മനസിലാകാതെ ഗായത്രിയെയും ഗൗതമിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു… “എന്താ ഇവിടെ നടക്കുന്നെ… അതൊന്നു പറ” സുഭദ്രയുടെ ഉറക്കെയുള്ള ശബ്ദമാണ് ഗൗതമിന്റെ ചിന്തയിൽ നിന്നുണർത്തിയത്. “എന്റെ സുഭദ്ര കുട്ടി നമ്മുടെ വീട്ടിലെ ഈ കാളി കുട്ടിയെ അടപടലം തേച്ചൊട്ടിച്ച നരുന്തു പെണ്ണാണ് ആ പോയത്… അതാണ് ഇവൾ ഇങ്ങനെ കിടന്നു ചൂടാകുന്നേ” ഗൗതം തന്റെ കുസൃതി ചിരി വിടർത്തിയ കണ്ണുകളോടെ പറഞ്ഞു “ഓഹ്… അതാണോ കാര്യം”

സുഭദ്ര കാര്യത്തെ നിസാരവൽക്കരിച്ചത് ഗായത്രിയുടെ ദേഷ്യം ഒന്നുകൂടെ കൂട്ടിയതെയുള്ളൂ. “എന്നാലും അമ്മേ… ” അവൾ എന്തോ പറയാൻ തുടങ്ങിയതും ഗൗതം കണ്ണുകൾ കൊണ്ട് വിലക്കി. “ആ കുട്ടി ഇവിടെ നിൽക്കട്ടെ… നമുക്ക് കാര്യമുണ്ട്” അവന്റെ കുസൃതി ചിരിയോടൊപ്പം അടച്ച കണ്ണുകൾ കണ്ടപ്പോൾ ഗായത്രിയും ഒന്നു കുടിലമായി ചിരിച്ചു. “അല്ലെങ്കിലും അവൾ ഇവിടെ തന്നെ വേണം. നമുക്ക് ഒന്നു പൊരിച്ചു എടുക്കാമെന്നെ” ഗായത്രി ഓരോന്ന് കണക്കു കൂട്ടി തന്നെ മനസിൽ പറഞ്ഞു..!! പത്തരയോടെ തന്നെ സുഭദ്രയും ഗായത്രിയും ഗൗതമിന്റെ കൂടെ കോണ്ഫറൻസ് ഹാളിലേക്ക് നടന്നു. അവിടെയായിരുന്നു മീറ്റിങ്. എല്ലാ സ്റ്റാഫുകളോടും ഗൗതമിനെ പരിചയപ്പെടുത്തണം. തൂവെള്ള നിറത്തിലുള്ള ഷർട്ട് കറുത്ത നിറമാർന്ന ഫോമൽ പാന്റ്… അതിന്റെ കൂടെ കരി നീല കളറിൽ തിളക്കവും മിനുസവുമാർന്ന ബ്ലേസർ കൂടി ആയപ്പോൾ ഗൗതമിനെ കണ്ണെടുക്കാതെ നോക്കി നിന്നു പോയിരുന്നു പലരും.

വെട്ടിയൊതുക്കിയ കുറ്റി താടിയും ചുണ്ടിൽ സദാ ഇടം പിടിക്കുന്ന പുഞ്ചിരിയും അവന്റെ പൊക്കത്തിനും ഒത്ത ശരീരവും… എല്ലാം കൂടി ശരിക്കും ഒരു ഒറ്റയാൻ തന്നെയായിരുന്നു അവൻ. മാധവ് മേനോൻ ഹാളിനു പുറത്തു അവരെ കാത്തെന്നോണം നിന്നിരുന്നു. അയാളുടെ അടുത്തു നിന്നു തൊട്ടു നീങ്ങി ജീവനും ദേവ്നിയും നിന്നിരുന്നു. ഗൗതമിന്റെ കുസൃതി ചിരിയോടെയുള്ള വരവ് കണ്ടു ദേവ്നി ഒരു നിമിഷം എല്ലാം മറന്നു ഒന്നു നോക്കി പോയി. ഏതൊരു പെണ്കുട്ടികളെയും പോലെ തന്നെ. പക്ഷെ ഒറ്റ നിമിഷത്തിൽ തന്നെ തന്റെ മനസിനെ ശാസിച്ചു നിർത്തി അവൾ നോട്ടം മാറ്റി ജീവനോട് ആവശ്യമില്ലാതെ എന്തൊക്കെയോ സംസാരിച്ചു…. ഇവൾക്കിതു എന്തു പറ്റിയെന്നു അവനും ഒന്നോർത്തു.

അപ്പോഴാണ് ദേവ്നി ഒരു കാര്യം ശ്രെദ്ധിക്കുന്നത്. ഒരു ക്യാമറയും തൂക്കി പിടിച്ചു ഒരാൾ നിൽക്കുന്നു. കൂടെ ലൈറ്റ് പിടിക്കാനും ഒരാളും. “അല്ല ഏട്ടാ… ഇവിടെയെന്താ വെല്ല ഷൂട്ടിംഗ് നടക്കുന്നുണ്ടോ” ദേവ്നിക്ക് സംശയം വന്നാൽ പിന്നെ അപ്പോൾ തന്നെ തീർക്കണം. “ഒന്നു മിണ്ടാതെ നിൽക്കടി. നിനക്ക് ഇപ്പൊ മനസിലാകും എന്തിനാ ഇതൊക്കെയെന്നു” ജീവൻ അവളുടെ ചെവി കടിച്ചു പറിക്കും പോലെ പല്ലു കടിച്ചു പിടിച്ചു പറഞ്ഞു. വേറൊന്നുമല്ല തൊട്ടപ്പുറത്ത് മാധവ് മേനോൻ അവരെയും ശ്രെദ്ധിച്ചു നിൽക്കുന്നുണ്ട്. പിന്നെ അവിടെ സിനിമ ഷൂട്ടിനെ വെല്ലുന്ന അഭിനയങ്ങൾ ആയിരുന്നു. മകന്റെ സ്ഥാനാരോഹണം എല്ലാം ഭംഗിയായി കാമറയിൽ പകർത്തണമെന്നു മാധവ് മേനോന് നിർബന്ധമുണ്ടായിരുന്നു. മേനോൻ അവർക്കരികിലേക്കു ചെന്നു. പിന്നെ അവിടെ ഗൗതം കാമറ മാൻ പറയുന്ന അനുസരിച്ചു അച്ഛന്റെ കാലിൽ വീഴുന്നു…

അമ്മയുടെ കാലിൽ വീഴുന്നു… അനിയത്തിയെ ചിരിയോടെ ചേർത്തു പിടിക്കുന്നു… പിന്നെ അവർ ചിരിക്കുന്നു… കളിക്കുന്നു… ബ്ളാ..ബ്ളാ..ബ്ളാ.. ദേവ്നി എത്ര ചിരിയടക്കി പിടിച്ചിട്ടും പൊട്ടലും ചീറ്റലും പോലുള്ള ശബ്ദങ്ങൾ വന്നു കൊണ്ടിരുന്നു. ജീവൻ അവളുടെ കൈ വിരലുകളിൽ മുറുകെ പിടിച്ചു. അവൾ ചെരിഞ്ഞു ജീവയെ നോക്കുമ്പോൾ ഒരു തരം നിര്വികാരതയായിരുന്നു ആ മുഖത്തു. അവൻ കണ്ണിമ ചിമ്മാതെ അവരുടെ കളി ചിരികൾ കണ്ടു കൊണ്ടിരിക്കുന്നു… അവനും ആ ജീവിത വൃത്തത്തിൽ ഉള്ള ഒരു വ്യക്തിയാണെന്നു അവിടെ ആരും തന്നെ ചിന്തിക്കുന്നില്ലെന്നു അവളോർത്തു. ജീവന്റെ കൈകൾ അവളെ മുറുകെ പിടിച്ചപ്പോൾ അവൻ അവളെ ചെരിഞ്ഞൊന്നു നോക്കി കണ്ണുകളടച്ചു. വേദനയിൽ കലർന്ന പുഞ്ചിരി അവൾക്കു നൽകിയപ്പോൾ അവളുടെ ചുണ്ടിൽ അവനായി ഒരു നനുത്ത ചിരിയും പടർന്നു. അവന്റെ വേദനകളിൽ കൂട്ടായി താനുമുണ്ടെന്നു അവനോടു പറയാതെ പറഞ്ഞു.

അവരുടെ മനസിന്റെ മൗന സംഭാഷണം ശ്രെദ്ധിച്ചു കൊണ്ടു ഗൗതം അവർക്കരികിലേക്കു ചെന്നു നിന്നു. എന്തുകൊണ്ടോ അവന്റെയുള്ളിൽ ഒരനിഷ്ടം വന്നു നിറഞ്ഞു. ഗൗതമിന്റെ സാമിപ്യം മനസ്സിലാക്കിയപ്പോൾ ജീവൻ അവനെ നോക്കി. “വരു. മീറ്റിങ് തുടങ്ങാൻ സമയമായി. എല്ലാവരും കാത്തിരിക്കുകയാണ്.” ജീവൻ പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഗൗതം പെട്ടന്ന് അവനെ ചേർത്തു പിടിക്കുകയും അവനെ പുണരുകയും ചെയ്തു. ജീവന് ഇതൊന്നും ശീലമില്ലാത്ത കാര്യങ്ങൾ ആയിരുന്നു. സുഭദ്രയുടെയും ഗായത്രിയുടെയും മുഖത്തു ആശ്ചര്യം നിറഞ്ഞു. മേനോന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. “കൂടെയുണ്ടാകണം. എനിക്ക് പരിചിതമല്ലാത്ത മേഖലയാണ്” ഗൗതം ജീവന്റെ കൈകൾ പുണർന്നു കൊണ്ടു പറഞ്ഞു. “തീർച്ചയായും.”

ജീവന്റെ കണ്ണുകളിൽ സന്തോഷം കൊണ്ട് നീർ പൊടിഞ്ഞു… ആദ്യമായി തന്നെ പരിഗണിച്ച സന്തോഷമായിരുന്നു ആ മുഖത്തു. അവർ ഹാളിലേക്ക് പ്രവേശിച്ചു. എല്ലാവരും എഴുനേറ്റു നിന്നു കൊണ്ടു അവരെ സ്വീകരിച്ചു. മേനോൻ തന്നെ ആദ്യം എല്ലാവരെയും അഭിമുഗീകരിച്ചു സംസാരിക്കാൻ തുടങ്ങി. “ഇതുവരെ ലക്ഷ്മി ഗ്രൂപ്‌സ് സാരഥി ഞാനായിരുന്നു. ഇനി അടുത്ത തലമുറയിലേക്ക് ഞാൻ എന്റെ നേതൃത്വം ഏല്പിക്കുകയാണ്… ഗൗതം മാധവ്… എന്റെ മകനായിരിക്കും ഇനി മുതൽ ലക്ഷ്മി ഗ്രൂപ്‌സ് നോക്കി നടത്തുന്നത്. എന്നെ ഞാനാക്കിയതിനും ലക്ഷ്മി ഗ്രൂപ്‌സ് ഇത്രയുമധികം ഉയർച്ചയിൽ എത്തിയതിനു പിന്നിലും നിങ്ങൾ ഓരോരുത്തരുടെയും സേവനം കൊണ്ടു മാത്രമായിരുന്നു. എനിക്ക് നൽകിയ പിന്തുണ എന്റെ മകനും നൽകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്… ഗൗതം” മേനോൻ വിളിച്ച നിമിഷം ഗൗതം ഒരു ചിരിയോടെ തന്നെ എഴുനേറ്റു അച്ഛനരുകിലേക്കു ചെന്നു.

“നിങ്ങൾക്കെല്ലാവർക്കും അറിയാം എന്നെ. എന്റെ പ്രവർത്തി മേഖലയല്ല ബിസിനസ്സ്. പക്ഷെ ഇവിടെയും എനിക്ക് ഉയർച്ചയിൽ എത്തണമെങ്കിൽ നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും പിന്തുണയും എനിക്ക് ആവശ്യമാണ്. ലക്ഷ്മി ഗ്രൂപ്പ് ഉടമയായി നിങ്ങൾ എന്നെ കാണരുത്. നിങ്ങളിൽ ഒരാളാണ് ഞാനും. അങ്ങനെ കാനാണുന്നതാണ് എനിക്കും സന്തോഷം ” ഗൗതം കൈ കൂപ്പി നിന്നു പറഞ്ഞപ്പോൾ എല്ലാവരും നിറഞ്ഞ കയ്യടികളോടെ അവനെ എതിരേറ്റു. ഗൗതമിന്റെ ക്യാബിനിൽ ചെയറിൽ അവനെ മേനോൻ തന്നെ ഇരുത്തി. അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി അനുവാദം വാങ്ങി അവൻ ഇരുന്നു. “ജീവൻ… കുറച്ചു ദിവസങ്ങൾ താൻ കൂടെ തന്നെ വേണം. എല്ലാം പറഞ്ഞു കൊടുക്കണം.” “തീർച്ചയായും” ദൃഢമായിരുന്നു അവന്റെ മറുപടി. മേനോൻ തിരികെ ക്യാബിൻ വിട്ടു ഇറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സന്തോഷം…

താന്റെ മകൻ ഒടുവിൽ തന്റെ വഴിയേ തന്നെ ആയല്ലോ… തന്റെ ആഗ്രഹം പോലെ… നിറഞ്ഞ കണ്ണുകൾ തുടച്ചു നോക്കിയത് തനിക്ക് വേര്തിരിച്ചെടുക്കാൻ കഴിയാത്ത ഭാവത്തിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന ദേവ്നിയുടെ മുഖമായിരുന്നു…. അയാളുടെയുള്ളിൽ കുറ്റബോധം ഒരു നിമിഷത്തിൽ വന്നു നിറഞ്ഞു… അതു മനസിലാക്കിയ നിമിഷം ദേവ്നി ദേഷ്യത്തിൽ അവിടെ നിന്നും പോയി. ജീവൻ ഗൗരവത്തോടെ തന്നെ ഓരോ ഓരോ കാര്യങ്ങളായി ഗൗതമിനു വിശദീകരിക്കുകയായിരുന്നു. ദേവ്നിയും ഒന്നു രണ്ടു ഫയലുകൾ കൈകളിൽ പിടിച്ചു അവരുടെ കൂടെ തന്നെ ജീവൻ പറഞ്ഞു കൊടുക്കുന്നത് ശ്രെദ്ധിച്ചു കൊണ്ടു അവളും നിന്നു. ഇതൊക്കെ അവൾക്കും ഒരു പുതുമയുള്ള കാര്യമായിരുന്നു. പഠിക്കാനുള്ള അവസരം. അതു അവൾ ഒരു നിമിഷം പോലും പാഴാക്കാതെ ശ്രെദ്ധിച്ചിരുന്നു. ഇടക്ക് ജീവന്റെ ക്യാബിനിൽ ഇരുന്ന ഫയൽ എടുക്കാനായി ദേവ്നി പുറത്തേക്കു ഇറങ്ങി.

“ഡി… എനിക്കൊരു ജ്യൂസ് വേണം. വേഗം വേണം ” ദേവ്നി പോകുമ്പോൾ ഗായത്രി വിളിച്ചു പറഞ്ഞു. പക്ഷെ ദേവ്നി അതു കേൾക്കാത്ത പോലെ നടന്നു. “ഡി… നിനക്ക് എന്താ ചെവി കേൾക്കില്ലേ” ഇത്തവണ ഗായത്രിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. ദേവ്നി ഒന്നു നിന്നു. അവളെ നോക്കി പുഞ്ചിരിച്ചു. “ദേവ്നി… അതാ എന്റെ പേരു. അങ്ങനെ തന്നെ വിളിക്കണം. അല്ലാതെ എടി പോടി വിളിയും കൊണ്ടു എന്റെ അടുത്തേക്ക് വരേണ്ട. പിന്നെ ജ്യൂസ്… ഇവിടെ ജ്യൂസ് സെർവിങ് അല്ല എന്റെ ജോലി” ശാന്തമായ മുഖത്തോടെ എന്നാൽ ഗൗരവത്തോടെ തന്നെ ഗായത്രിയോട് മറുപടി പറഞ്ഞു കൊണ്ടു ദേവ്നി നടന്നു നീങ്ങി. ഇവിടെയും അവളുടെ മുന്നിൽ തോറ്റല്ലോ എന്നൊരു ദേഷ്യത്തോടെ ഗായത്രി ചവിട്ടി തുള്ളി പോയി. അന്ന് രാത്രി പതിവ് പോലെ ഭക്ഷണത്തിന് മുൻപിലുള്ള ചർച്ചയിൽ ഗൗതം തന്നെ ഓഫീസും ബിസിനെസ്സും വിഷയമാക്കി. “അച്ഛാ…

ഏട്ടന്റെ അസിസ്റ്റന്റ് പോസ്റ്റ് ശീതൾ ചേച്ചിക്ക് കൊടുക്കാൻ ഇരുന്നത് അല്ലെ. അപ്പൊ പിന്നെ അവിടെയൊരു ഭൂലോക രംഭയെ പിടിച്ചിരുത്തിയത് എന്തിനാ” “ഗായു ഇതുപോലുള്ള വാക്കുകൾ നീ പറയാൻ എങ്ങനെയാ പടിച്ചേ. കോളേജിൽ ഇങ്ങനെയൊക്കെയാണോ പഠിപ്പിക്കുന്നെ” ഒരു നിമിഷം കൊണ്ടു മേനോൻ കർകശകാരനായ അച്ഛനായി മാറി. “സോറി അച്ഛാ” … മാധവ് മേനോന്റെ ഈ നിലപാട് ജീവന് ഒത്തിരി ഇഷ്ടം ആണ്. ജീവൻ ഭക്ഷണം കഴിച്ചു വേഗം എഴുന്നേൽക്കാനുള്ള തത്ര പാടിലായിരുന്നു. പക്ഷെ ഗൗതം ബിസിനെസ്സിന്റെ ഓരോരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടു ജീവനെ അവരുടെ സംഭാഷണങ്ങളിൽ അവനറിയാതെ തന്നെ ഉൾപ്പെടുത്തി. ഗൗതം എന്തുകൊണ്ടോ തന്നെ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നു… അറിയില്ല കാരണം. പിന്നീടുള്ള ദിവസങ്ങളിൽ ദിവസത്തിന്റെ പകുതിയും ജീവൻ ഗൗതമിനെ കാര്യങ്ങൾ പറഞ്ഞും പടിപ്പിച്ചും കൂടേ തന്നെയുണ്ടായിരുന്നു.

ഗൗതമിനു കാര്യങ്ങൾ പെട്ടന്ന് പടിച്ചെടുക്കാനുള്ള കഴിവും അറിയാനുള്ള വ്യഗ്രതയും ഉള്ളതുകൊണ്ട് ജീവന് കാര്യങ്ങൾ കുറെ കൂടി എളുപ്പമായിരുന്നു. ഈ ദിവസങ്ങളിൽ ദേവ്നിക്ക് കാര്യമായ ജോലികൾ ഒന്നുമുണ്ടായില്ല. അതു മാത്രമല്ല അവർക്ക് ശരിക്കുമൊന്നു പരിചയപ്പെടാൻ സമയം പോലും കിട്ടിയില്ല എന്നു വേണം പറയാൻ. അതുകൊണ്ടു തന്നെ അവൾക്കൊരു പണി കൊടുക്കാനും അവനു കഴിഞ്ഞില്ല. ജീവന് അത്യാവശ്യമായി ബാംഗ്ലൂരിൽ ഒരു ബിസിനെസ്സ് മീറ്റിങ് പോകേണ്ട ആവശ്യമുണ്ടായിരുന്നു. ഗൗതം വരും മുന്നേ ഡീൽ ചെയ്ത ഒരു ബിസിനെസ്സ് ആയിരുന്നു. അതുകൊണ്ടു തന്നെ ജീവൻ പോകേണ്ടി വന്നു. ജീവൻ പോയി കഴിഞ്ഞ പിന്നീടുള്ള ദിവസങ്ങളിൽ ഗൗതം ദേവ്നിയെ ഒന്നു വെറുതെ പോലും ഇരുത്തിയില്ല. ജോലി ചെയ്യിപ്പിച്ചു നടന്നു.

വെറുതെ ഇരിക്കുന്നത് കണ്ടാൽ എന്തെങ്കിലും ഫയൽ നോക്കുവാനോ അല്ലെങ്കി അക്കൗണ്ട്‌സ് നോക്കാനോ ആവശ്യമില്ലെങ്കി പോലും ചെയ്യിപ്പിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഉച്ചക്ക് ഭക്ഷണ ശേഷം ടേബിളിൽ വെറുതെ ഇരിക്കുവായിരുന്നു. അന്നത്തെ അത്യാവശ്യം ജോലിയൊക്കെ ഉച്ചയോടെ തന്നെ അവൾ തീർത്തിരുന്നു. അപ്പോഴാണ് ഗൗതം അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. “താൻ ഭക്ഷണശേഷം പണിയൊന്നുമില്ലാതെ ഇരിക്കുവാണോ” “സർ എനിക്ക് പണി തരുവാൻ ഇരിക്കുവാണോ” ഗൗതം ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ദേവ്നിയുടെ മറുചോദ്യമെത്തി. സ്വതവേ വിരിയുന്ന കുസൃതി ചിരി മറയ്ക്കാൻ ശ്രമിച്ചു കൊണ്ടു ഗൗരവത്തിൽ പൊതിഞ്ഞ മുഖം മൂടി ആവരണമായി എടുത്തിട്ടു. “താൻ ഇവിടെ വന്നിട്ട് കുറച്ചു നാളുകൾ അല്ലെ ആയുള്ളൂ.”

“എന്തായാലും സർ വരും മുന്നേ ഞാൻ ഞാൻ ഇവിടെയെത്തി” പുച്ഛം വാരി വിതച്ചു കൊണ്ടു തന്നെ അവൾ മറുപടി നൽകി. ഗൗതത്തിന്റെ കണ്ണുകൾ കുറുകി… “കഴിഞ്ഞ മൂന്നു വർഷത്തെ ഫുൾ അക്കൗണ്ട്‌സ് എനിക്ക് കാണണം. എല്ലാ ബിസിനെസ്സിന്റെയും. പ്രോഫിറ്റ് ഡെബിറ്റ് കണക്കുകൾ എല്ലാം തന്നെ എനിക്ക് അറിയണം അതും വൈകീട്ട് അഞ്ചു മണിക്ക് മുൻപ് തന്നെ” ഗൗതം പറഞ്ഞു തീർന്നതും ദേവ്നി അവന്റെ തലക്ക് മുകളിൽ ഇരിക്കുന്ന ക്ലോക്കിലേക്ക് നോക്കി. സമയം മൂനോടെ അടുക്കുന്നു. അവൾ കണ്ണുകൾ ക്രൗര്യത്തോടെ നോക്കി കൊണ്ടു അവനെ തന്നെ രൂക്ഷമായി നോക്കി തനിക്ക് മുന്നിൽ ഇരിക്കുന്ന കസേരയിലേക്ക് അമർന്നിരുന്നു. ഗൗതം ഒന്നു പകച്ചു. എന്താണെന്ന മട്ടിൽ അവളോട്‌ കണ്ണുകൾ കൊണ്ടു ചോദിച്ചു. “എന്നെ കണ്ടിട്ടു ഏതെങ്കിലും തരത്തിലുള്ള റോബോട്ട് ആണെന് സാറിനു തോന്നുന്നുണ്ടോ…. ഉം പറ… തോന്നുന്നുണ്ടോ” “താൻ ഒരു മനുഷ്യൻ ആണെന്ന് തോന്നുന്നുണ്ട്” “അപ്പൊ സമ്മതിച്ചു ഞാൻ ഒരു മനുഷ്യ ജീവിയാണെന്നു.

പിന്നെ തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ സാറിന്റെ അടിമയാണോ… അല്ലെങ്കി നിങ്ങൾ പറയുന്ന പണി ചെയ്യാൻ ഞാൻ എന്താ കുപ്പിയിൽ നിന്നും വന്ന ഭൂതമോ” ആസ്ഥാനത്തുള്ള അവളുടെ സിനിമ ഡയലോഗ് കേട്ടു അവനു ചിരി പൊട്ടി. “എത്ര വലിയ ജീനിയസ് ആണെങ്കിലും ഇത്രയും ചുരുങ്ങിയ സമയം കൊണ്ടു മൂന്നു വർഷത്തെ പോയിട്ട് ഒരു വർഷത്തെ അക്കൗണ്ട്‌സ് മുഴുവൻ വിഴുങ്ങി പ്രോഫിറ്റ് ലോസ് ഡെബിറ്റ് ഇതൊന്നും ശർധിക്കാൻ കഴിയില്ല. ഞാൻ അത്ര വലിയ ജീനിയസ് അല്ലാത്തതുകൊണ്ടു എനിക്ക് ഒട്ടും കഴിയില്ല… പിന്നെ എത്രയൊക്കെ നോക്കി പഠിച്ചിട്ടും കാര്യമൊന്നുമില്ലലോ… നിങ്ങൾക്ക് അതിനെ പറ്റിയൊന്നും വലിയ പിടിപാടില്ലലോ” അവസാന ഡയലോഗ് അവൾ റൂഫിൽ നോക്കി പറഞ്ഞു. അവൻ അവളെയൊന്നു നോക്കി പേടിപ്പിച്ചു…

“യ്യോ… ഇങ്ങനെ നോക്കല്ലേ ഞാൻ ഉരുകി ഒലിച്ചു” “പൊടി ” അവനു അങ്ങനെയെങ്കിലും പറയണമെന്ന് തോന്നി… അതു കേട്ടതും അവൾ അവനടുത്തേക്കു ചെന്നു… അവന്റെ ഷോള്ഡറിൽ ശക്തിയായി അടിച്ചു… എന്നിട്ട് സ്വന്തം കൈകൾ തൂത്തു… “ശരിയാ… ഭയങ്കര പൊടി” … വായിൽ നാക്കിൻ തുമ്പു തിരുകി കളിയാക്കി ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു തിരികെ സീറ്റിൽ വന്നിരുന്നു… “സർ ഇപ്പൊ പറഞ്ഞ ജോലി… ഈ സിനിമയാണ് ജീവിതമെന്നു കരുതല്ലേ… സർ തലയിൽ കേറ്റി വച്ചിരിക്കുന്ന സൂപ്പർ നടൻ എന്നുള്ള പദവി ഇറക്കി വച്ചു ജീവിതത്തിലേക്ക് വായോ… ജീവിതത്തിൽ അഭിനമില്ലാതെ ജീവിക്കാൻ ശ്രമിക്കൂ” അവൾ ഒരു ഉപദേശം പോലെ പറഞ്ഞു കൊണ്ടു അവിടെ നിന്നും നടന്നു നീങ്ങി… ഇതെന്തു ജന്മമാണ്. അവൻ ഓർക്കുകയായിരുന്നു. തന്നെയൊരു നടന്റെ പരിവേഷമില്ലാതെ മനുഷ്യനായി കാണുന്നത് അവൾ മാത്രമാണെന്ന്.

അവൾക്ക് പണി കൊടുക്കണമെന്ന് കരുതിയെങ്കിലും ഉറപ്പായിരുന്നു അതു തനിക്ക് നേരെ തന്നെ വരുമെന്നു. ജീവൻ പോയതിനു ശേഷമാണ് അവളെ അടുത്തു പരിചയപ്പെടുന്നത്. താര പരിവേഷത്തിൽ അല്ലാതെ ഒരു വ്യക്തിയായി കണ്ടു മാത്രമാണ് അവൾ സംസാരിക്കുന്നത്. സിനിമ ഫീൽഡിൽ ഉള്ള ഒരു വ്യക്തിയെ കുറിച്ചു പോലും അവൾ ഇതുവരെ ചോദിച്ചിട്ടില്ല. മറ്റുള്ളവരുടെ കാര്യങ്ങൾ അവൾക്കറിയേണ്ട. വരുന്നു തരുന്ന ജോലി ചെയ്യുന്നു അതും വളരെ കൃത്യമായി തന്നെ. ഒരു പരിധിയിൽ കൂടി ആരോടും ഇടപഴകുന്ന കൂടി കാണാനില്ല. ജീവനോട് മാത്രമാണ് കുറച്ചെങ്കിലും ചിരിച്ചു സംസാരിക്കുന്ന കണ്ടിട്ടുള്ളത്. അവളൊരു അത്ഭുതമാകുന്നുണ്ട് തനിക്ക്… എന്തോ മനസു അവളിലേക്ക് അടുക്കാൻ കൊതിക്കുന്ന പോലെ… പക്ഷെ അധികവും വഴക്കു കൂടാനാണ് ഇഷ്ടം…

എന്തോ അവളുടെ ദേഷ്യം കാണാൻ ഒരു രസം.. ദേഷ്യം പിടിക്കുമ്പോൾ ചുവക്കുന്ന കവിളും മൂക്കിന് തുമ്പും കണ്ടു നിൽക്കാൻ തോന്നും… നോക്കട്ടെ എവിടെ വരെ പോകുമെന്ന്… കയ്യിൽ ഫിംഗർ ബോൾ പിടിച്ചു ചിരിയോടെ ദേവ്നി എന്ന പേരിലേക്ക് മാത്രം തന്റെ മനസിനെ ഒളിപ്പിച്ചു അവൻ. “അടുത്ത ഞായറാഴ്ച അല്ലെ മോന്റെ പിറന്നാൾ വരുന്നേ… നമുക്കൊന്നു ആഘോഷിക്കേണ്ടേ” മേനോനാണ് ഗൗതമിന്റെ പിറന്നാൾ ആണെന്ന് ഓര്മിപ്പിച്ചത്. “അച്ഛാ… ഇത്തവണ… ഇത്തവണ നമുക്ക് ആഘോഷം ഒന്നും വേണ്ട… ഞാൻ കരുതിയത് ഇത്തവണത്തെ ആഘോഷങ്ങൾ എല്ലാം ആരുമില്ലാത്തവരുടെ കൂടെ ആയാലോയെന്ന” “നല്ല കാര്യമാണ് മോനെ… അച്ഛന് അതു കൂടുതൽ സന്തോഷമായി മോന്റെ ഈ തീരുമാനം… എവിടെ പോകാനാണ് മോന്റെ ഇഷ്ടം” “നോക്കാം… എനിക്ക് അറിയില്ല… ഞാൻ ഇതുവരെ…” “എങ്കിൽ നമുക്ക് തണൽ വീട്ടിൽ ആക്കാം ഇത്തവണ ആഘോഷം”

“തണൽ വീട്…” അവൻ സംശയത്തോടെ അച്ഛനെ നോക്കി.. “നമ്മുടെ ട്രസ്റ്റ് കീഴിൽ അങ്ങനെ ഒരു വീടുണ്ട്. അവിടെ കുറച്ചു ആരുമില്ലാത്തവരും… മോന് അറിയില്ല അല്ലെ” ഗൗതമിനു അതൊരു പുതിയ അറിവായിരുന്നു. ഒപ്പം അവനോടു തന്നെ ഒരു പുച്ഛം തോന്നി. ഇതുവരെയും അങ്ങനെ ഒരു സ്ഥാപനത്തെ കുറിചറിയാനോ അല്ലെങ്കി അവിടെയൊന്നു പോയി വരാനുള്ള മനസു കാണിക്കാത്ത തന്നെയൊർത്‌… “പോകാം… അവിടെ തന്നെ പോകാം” ഞാറാഴ്ച തണൽ വീട് ഗൗതമിനെ വരവേൽക്കാൻ ഒരുങ്ങി. അവൻ വരുമെന്നു മുൻകൂട്ടി പറഞ്ഞിരുന്നു. അവിടുത്തെ ഓരോ അംഗങ്ങളും കയ്യിൽ ഉള്ളതിൽ പുതിയ ഡ്രസ് തന്നെ ഉടുത്തിരുന്നു. തണൽ വീട്ടിലെ മെസ് ഹാളിൽ തന്നെ ചെറിയ ചെറിയ അലങ്കാരങ്ങൾ തൂക്കി അവരെ കൊണ്ടു ആകുന്ന പോലെ ഭംഗിയാക്കി. ആഡംബര കാറിൽ ഗൗതം വന്നിറങ്ങി. ഒപ്പം ഗായത്രിയും സുഭദ്രയും മേനോനും. ജീവൻ അപ്പോഴും എത്തിയിരുന്നില്ല ബാംഗ്ലൂരിൽ നിന്നു. “ശീതൾ… നീ എവിടെയാ… ഞങ്ങൾ ഇവിടെയെത്തി.. ഒകെ.. ഒകെ” ഗായത്രി ഫോൺ ചെയ്തു കൊണ്ടു സുഭദ്രക്ക് അടുത്തെത്തി. “ശീതൾ ആണ് വിളിച്ചേ… നേരെ ഇവിടേക്ക് വരാമെന്നു പറഞ്ഞു”

അവർ എല്ലാവരും അകത്തേക്ക് കടന്നു. എല്ലാവരെയും പരിചയപ്പെട്ടു. ഓരോരുതരും ഗൗതമിനടുത്തേക്കു അതിശയതോടെയും ആരാധനയോടെയുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ഗായത്രി ഒന്നിലും വലിയ താൽപര്യമില്ലാത്ത പോലെ ഡ്രസ് ഒതുക്കി പിടിച്ചു നടന്നു… ആരെങ്കിലും വന്നു തൊട്ടലോ എന്നൊക്കെ പേടിച്ചു. ഗൗതം ആദ്യമാണ് ഇങ്ങനെയൊക്കെ ഒരു സ്ഥാപനത്തിൽ പോകുന്നത്. അതിന്റെയൊരു സങ്കോചം അവനുണ്ടായിരുന്നു. പിന്നെ ഓരോരുത്തരോടും അടുത്തു ഇടപഴകിയപ്പോ അതു കുറഞ്ഞു വന്നു… അവന്റെ ഓരോ സന്തോഷ നിമിഷങ്ങളും ക്യാമറയിൽ ഒപ്പം പകർത്തി കൊണ്ടിരിക്കുകയായിരുന്നു… പെട്ടന്ന് ക്യാമറ തടസമായി ഒരാൾ വന്നു നിന്നു… കാമറ മാൻ നോക്കുമ്പോൾ ദേഷ്യം പിടിച്ച മുഖവുമായി ദേവ്നി…

“ഇവളോ… ഇവൾ എന്താ ഇവിടെ” ഗായത്രിയുടെ ഉറക്കെയുള്ള സംസാരമാണ് ഗൗതം തലയുയർത്തി നോക്കി… “ദേവ്നി” അവന്റെ ഹൃദയം മന്ത്രിച്ചു. പിറന്നാൾ ദിവസം അവളെ കാണണമെന്ന് എന്തുകൊണ്ടോ അവനാഗ്രഹിച്ചിരുന്നു. “താൻ എന്താ ക്യാമറക്ക് തടസം നിൽക്കുന്നത്” “ഇവിടെ പുറത്തു നിന്നു ആളുകൾക്ക് വരാം ഇവിടെയുള്ളവരുമായി സമയം ചിലവഴിക്കാം… അതിനും അപ്പുറം ഇതൊക്കെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല. അതു ഇവിടുത്തെ നിയമമാണ്” “മോളെ…” മേനോൻ വിളിച്ചു… അതിനു രൂക്ഷമായ നോട്ടമാണ് അവൾ മറുപടി നൽകിയത്. മേനോൻ പറയാൻ വന്നത് വിഴുങ്ങി നിന്നു. അച്ഛന്റെയും അവളുടെയും മുഖഭാവം ഗൗതമിനു മനസിലായില്ല. “സോഷ്യൽ മീഡിയയിൽ ആരും പോസ്റ്റ് ചെയ്യില്ല… അതിനു വേണ്ടിയല്ല ഇതു ക്യാമറയിൽ പകർത്തുന്നത് ” ഗൗതമാണ് മറുപടി നൽകിയത്. “അപ്പോൾ പിന്നെ ഈ കാണുന്നത് എന്താ…” തന്റെ ഫോൺ ഉയർത്തി അവൾ കാണിച്ചു.

അവിടെയുള്ള കുട്ടികളുടെ കൂടെ ഒന്നു രണ്ടു ഫോട്ടോസ് ഗായത്രി എടുത്തിരുന്നത് അവൾ തന്നെ അതു മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നു…. “ശെ… ഇവളെയെന്താ വേണ്ടത്” എങ്കിലും മറ്റുള്ളവരുടെ മുൻപിൽ അനിയത്തിയെ വിട്ടുകൊടുക്കാൻ കഴിയില്ലലോ… ഉള്ളിൽ ഗായത്രിയോടുള്ള ദേഷ്യം മറച്ചു വച്ചു കൊണ്ടു തന്നെ അവൾക്കു വേണ്ടി വാദിച്ചു… “അതിനു ഇപ്പൊ എന്താ കുഴപ്പം… ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ” “ഇതു പലരും ചെയ്യുന്നുണ്ടാകും… പക്ഷെ ഇവിടെ സമ്മതിക്കില്ല. ഇവിടുത്തെ നിയമത്തിൽ ഞങ്ങളുടെ കുട്ടികളുടെ മുഖം മറ്റുള്ളവരുടെ സഹതാപത്തിനു വിട്ടുകൊടുക്കാൻ സമ്മതിക്കില്ല” “ഞങ്ങളുടെ കീഴിലുള്ള ട്രസ്റ്റ്… ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം… നീയാരാ അതു ചോദിക്കാൻ” ഗായത്രി അവളോട്‌ ചൊടിച്ചു കൊണ്ടിരുന്നു. “നിങ്ങളുടെ കീഴിലുള്ള ട്രസ്റ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനം തന്നെയാണ്. പക്ഷെ ഇതിന്റെ ഇപ്പോഴത്തെ അധികാരി ഞാനാണ്.

ആ ഞാൻ സമ്മതിക്കാതെ ഇതൊന്നും ക്യാമറയിൽ പകർത്തില്ല” “ഓഹ്… അപ്പൊ നീയും ഇവിടുത്തെ ഒരു അന്തേവാസിയാണ്… ആരോരുമില്ലാത്ത അനാഥ” മുഴുവൻ പുച്ഛത്തോടെയുള്ള ഗായത്രിയുടെ വാക്കുകളിൽ ദേവ്നിയുടെ കണ്ണിൽ ചുവപ്പു പടർന്നു… അവളുടെ കണ്ണിലെ ആ തീ ചൂട് മേനോൻ മാത്രം അറിഞ്ഞു… തന്നെ എരിയിച്ചു കളയാൻ മാത്രം ശക്തിയുള്ള ചൂട്… അപ്പോഴും ഗൗതം ഞെട്ടലിൽ നിന്നും ഉണർന്നിരുന്നില്ല… ദേവ്നി തണൽ വീട്ടിലെ ഒരംഗം… !! …തുടരും

Share this story