നിലാവിനായ് : PART 5

നിലാവിനായ് : PART 5

എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഓഹ്… അപ്പൊ നീയും ഇവിടുത്തെ ഒരു അന്തേവാസിയാണ്… ആരോരുമില്ലാത്ത അനാഥ” മുഴുവൻ പുച്ഛത്തോടെയുള്ള ഗായത്രിയുടെ വാക്കുകളിൽ ദേവ്നിയുടെ കണ്ണിൽ ചുവപ്പു പടർന്നു… അവളുടെ കണ്ണിലെ ആ തീ ചൂട് മേനോൻ മാത്രം അറിഞ്ഞു… തന്നെ എരിയിച്ചു കളയാൻ മാത്രം ശക്തിയുള്ള ചൂട്… അപ്പോഴും ഗൗതം ഞെട്ടലിൽ നിന്നും ഉണർന്നിരുന്നില്ല… ദേവ്നി തണൽ വീട്ടിലെ ഒരംഗം… !! ദേവ്നിയുടെ നോട്ടം മുഴുവൻ മേനോന്റെ മേലെയായിരുന്നു. അവളുടെ നോട്ടത്തെയും അവളുടെയുള്ളിലെ നോവിനെയും തനിക്ക് താങ്ങാൻ കഴിയില്ലെന്ന് അയാൾക്ക്‌ മനസിലായി. ഹൃദയഭാരം മൂലം ശിരസ്സു കുനിഞ്ഞിരുന്നു മേനോന്റെ. ദേവ്നി കനത്ത മുഖഭാവത്തോടെ ഗായത്രിയുടെ മുന്നിൽ നിന്നു.

അവളെ ആകമാനം ഒന്നു ഉഴിഞ്ഞു നോക്കി. “ഈ ലോകത്തു ആരും തന്നെ അനാഥരായി ജനിക്കുന്നില്ല ഗായത്രി. ഒരച്ഛനും അമ്മയും ഏതൊരു മനുഷ്യനും ഉണ്ട്. കാലവും ചിലപ്പോൾ ജന്മം കൊടുത്തവരും അല്ലാത്തവരുമാണ് അവരെ അനാഥർ ആക്കുന്നത്. അതുകൊണ്ടു മാത്രം അനാഥത്വത്തിലേക്കു പോകേണ്ടി വന്നവർ…. ചേർത്തു പിടിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാൻ ശ്രമിക്കണം. ഒരു നിമിഷത്തിലെ അഹങ്കാരം കൊണ്ടു തീരാവുന്നതെയുള്ളൂ നിന്റെ കൂടെയുള്ള ഈ ബന്ധങ്ങളും… ഇവിടെയുള്ള ഓരോ അംഗങ്ങൾക്ക് നേരെയും ഉപയോഗിക്കുന്ന വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക” ചൂണ്ടുവിരൽ ഉയർത്തി ഒരു താക്കീതെന്നോണം ഗായത്രിക്ക് നേരെ പറഞ്ഞു കൊണ്ട് ദേവ്നിയുടെ കണ്ണുകൾ മേനോനിൽ ഉടക്കി നിന്നു. അവൾ അയാൾക്ക്‌ അടുത്തേക്ക് ചെന്നു നിന്നു…

അയാൾക്ക്‌ മാത്രം കേൾക്കാനായി പറഞ്ഞു… “നല്ല സംസ്കാരം മക്കൾക്ക് കൂടി പറഞ്ഞു കൊടുത്തു വളർത്തണം” പിന്നെ ദേവ്നി ചെന്നു നിന്നത് ഗൗതത്തിന്റെ മുന്നിലേക്കാണ്. മാറിൽ കൈകൾ പിണച്ചു കെട്ടി അവനെ ഒരു നിമിഷം നോക്കി നിന്നു. ഗൗതം അവിടെ വച്ചു ദേവ്നിയെ കണ്ടതുമുതൽ അവന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു. അവൾ ആരോരുമില്ലാത്ത ഒരു പെണ്കുട്ടിയാണെന്നു അവനു സങ്കൽപ്പിക്കാൻ പോലുമായില്ല. അവനും അവളെ തന്നെ നോക്കി കണ്ടു. അവൻ നോക്കിയത് അവളുടെ ഹൃദയത്തിലേക്കുള്ള വഴിയായിരുന്നു… അവൾ നോക്കിയത് അവന്റെ ഹൃദയം തുറക്കുവാനുള്ള വഴിയും… ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ദേവ്നി അവനോടു പറഞ്ഞു തുടങ്ങി.

“ഈ ലോകത്തെ എല്ലാ കാഴ്ചകളും ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ കഴിയില്ല സർ” അവൾ ഒന്നുകൂടി മുന്നോട്ട് വന്നു കൊണ്ടു അവന്റെ അടുത്തേക്ക് നിന്നു കൊണ്ടു ചൂണ്ടുവിരൽ നീട്ടി അവന്റെ ഹൃദയഭാഗത്തു കുത്തി നിർത്തി… “ദാ… ഈ ഹൃദയം തുറന്നു കാണേണ്ട ചില കാഴ്ചകളുണ്ട്. അതിനു ക്യാമറ മതിയാകില്ല. ഇവിടം തുറന്നു ഈ ലോകം തന്നെ ഒന്നു കാണാൻ ശ്രമിക്കണം. അപ്പോൾ കാണുന്ന കാഴ്ച താങ്കളുടെ ഈ അറയ്ക്കുള്ളിൽ എന്നും ഭദ്രമായിരിക്കും. ഒരു ക്യാമറയിൽ പതിയുന്നതിനെക്കാൾ മികവോടെ തെളിച്ചതോടെ അതിലുമധികം ഭംഗിയോടെ ഈ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും…” ഗൗതമിന്റെ കുസൃതി കണ്ണുകളിൽ ഉറ്റു നോക്കിയാണ് അവൾ അത്രയും പറഞ്ഞതു. അവനും അവളുടെ കണ്ണുകളിൽ തന്നെ തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു. ചുറ്റും നിന്നവരുടെ സാമിപ്യം മനസ്സിലാക്കിയപ്പോൾ ദേവ്നി ഒന്നു ഞെട്ടി…

അതുവരെ താനും അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി നിൽക്കുവായിരുന്നല്ലോയെന്നു അവൾക്കു തെല്ലൊരു ജാള്യത തോന്നി പോയി. അപ്പോൾ തന്നെ അവൾ അവിടെ നിന്നും മാറി പോകുകയും ചെയ്തു. ഗൗതം ക്യാമറമാനെ പറഞ്ഞു വിട്ടു. പിന്നെ കുറച്ചു നേരം അവിടെയുള്ള പൊടി കുപ്പി കുട്ടികളോടൊത്തു സമയം ചിലവഴിച്ചു. കൂട്ടത്തിലെ കാന്താരി ചിന്നുവിനെ മടിയിൽ ഇരുത്തി കളിപ്പിക്കുകയും അവളുടെ ഇഷ്ടത്തിന് അവന്റെ ഫോണിൽ കുറെ സെൽഫികൾ എടുക്കുകയും എന്തിനേറെ അവരുടെ കൂടെ കളിക്കുകയും ഒക്കെ ചെയ്തു സമയം പോയത് പോലും അവൻ അറിഞ്ഞില്ല. അവരുടെ സന്തോഷം കണ്ടപ്പോൾ ഇതൊക്കെ തനിക്ക് കുറച്ചു മുന്നേ ആകമായിരുന്നില്ലേ എന്നു ആരോ ഉള്ളിലിരുന്നു പറയും പോലെ ഒരു തോന്നൽ അവനിലുണ്ടായി.

ചിന്നുവിന്റെയും അവളുടെ വാലുകളുടെയും കൂടെയുള്ള കളികൾ കഴിഞ്ഞപ്പോൾ കുറച്ചു കൂടി മുതിർന്ന അംഗങ്ങളുടെ അടുത്തേക്ക് ചെന്നു അവരോടൊപ്പം ബാക്കി സമയം ചിലവഴിച്ചു. അവർക്കൊപ്പം സംസാരിക്കുകയും അവരുടെ ആഗ്രഹങ്ങൾ കേൾക്കുകയും അവർ അവിടെ എത്തിയ സാഹചര്യങ്ങൾ വേദനയിൽ കലർന്ന പുഞ്ചിരിയിൽ വളരെ കുറഞ്ഞ വാക്കുകളിൽ പറഞ്ഞു തീർക്കുകയും ചെയ്തു… ഗൗതമിനു വല്ലാത്ത ഓരു ഹൃദയഭാരം തോന്നി. ആദ്യമൊക്കെ ഒരു സിനിമ നടൻ എന്നൊരു ബഹുമാനവും കൊണ്ടു അകൽച്ചയിൽ സംസാരിച്ചിരുന്നവർ അവന്റെ സ്വാഭാവികമായ പെരുമാറ്റത്തിലൂടെ അവരുടെ മകന്റെ സ്ഥാനത്തേക്ക് എത്തിയിരുന്നു. കേക്ക് മുറിക്കാനായി മെസ് ഹാളിലേക്ക് എല്ലാവരെയും വിളിച്ചു വരുത്തിയിരുന്നു… കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അറുപതിൽ താഴെയുള്ള അംഗങ്ങൾ അവിടെയുണ്ടായിരുന്നു.

ഗൗതമിന്റെ പിറന്നാൾ ആയതുകൊണ്ട് തന്നെ ഇന്നത്തെ ഭക്ഷണവും സ്‌പെഷ്യൽ ആയിരുന്നു. ഒരു നല്ല സദ്യയും ഒരുക്കിയിരുന്നു ദേവ്നി. പുറത്തു നിന്ന് ഭക്ഷണം അവർ സ്വീകരിക്കില്ല. എല്ലാം അവിടെ തന്നെ പാചകം ചെയ്യും. അതുപോലെ ഏതെങ്കിലും ആഘോഷങ്ങളിൽ ബാക്കിയായ ഭക്ഷണം അവിടെ സ്വീകരിക്കില്ല. പുറത്തു നിന്നുള്ള സഹായങ്ങളുമായി ആരെങ്കിലും വരുന്നുണ്ടെങ്കിൽ മിക്കതും അവിടെ ഭക്ഷണ സാധനങ്ങൾ മാത്രമാണ് സ്വീകരിക്കുക. അവിടുത്തെ കാര്യങ്ങൾ നിയന്ത്രിതമായി കൊണ്ടുപോകുന്നത് ദേവ്നി ആയിരുന്നു. അവളുടെ കർശന നിലപാട് അയാൾക്ക്‌ നന്നായി അറിയുന്നതുകൊണ്ടു മുൻകൂട്ടി തന്നെ എല്ലാ സാധനങ്ങളും അവിടെ എത്തിച്ചിരുന്നു. എല്ലാം അറിഞ്ഞു തന്നെ അവൾ ചെയ്യുകയും ചെയ്തു. ഹാളിൽ മുഴുവൻ ഒരു പിറന്നാൾ ആഘോഷത്തിന്റെ എല്ലാ പൊലിമകളും ഉണ്ടായിരുന്നു. ഇത്രയൊക്കെ ഇവിടെ ഒരുക്കിയിരുന്നോയെന്നു അവനും അത്ഭുതപ്പെട്ടു.

താത്പര്യമില്ലെങ്കിലും ഗായത്രിയും പാതി മനസോടെ നിന്നു. ഇന്ന് തന്നെ ശരിക്കും ആഘോഷിക്കാൻ പറ്റാത്ത ക്ഷീണം പുറത്തു ഏതെങ്കിലും മാളിൽ കൊണ്ടുപോയി തന്നെ തീർക്കണമെന്നു അവൾ മനസിൽ ഉറപ്പിച്ചിരുന്നു. കേക്ക് മുറിക്കുന്ന സമയം ആയപ്പോൾ എല്ലാവരും ചുറ്റും കൂടിയിരുന്നു. എങ്കിലും ഗൗതത്തിന്റെ കണ്ണുകൾ ഒരാളെ മാത്രം പരതി കൊണ്ടിരുന്നു. ഗൗതം ആരെയോ നോക്കുകയാണെന്നു മനസിലാക്കിയ ഗായത്രി കരുതി വരാമെന്നു പറഞ്ഞിട്ടും എത്താതിരുന്ന ശീതളിനെയാകും ഏട്ടൻ നോക്കുന്നതെന്നു… അവിടേക്ക് നിറ പുഞ്ചിരിയോടെ അങ്ങുമിങ്ങും എത്താത്ത ഡ്രെസ്സും ഇട്ടു കയ്യിൽ റോസ് പൂവിതള്കളാൽ അലങ്കരിച്ച വലിയൊരു ബൊക്കയും ഉണ്ടായിരുന്നു.

“ശീതൾ” ഗായത്രി സന്തോഷത്തോടെ ഓടി ചെന്നു അവളെ കെട്ടിപ്പിടിച്ചു… “നിന്റെ ചേട്ടന് വട്ടായോ മോളെ… ഇങ്ങനെയുള്ള സ്ഥലതായിരുനെങ്കി ഞാൻ ഇത്രക്കും ഒരുങ്ങി വരില്ലായിരുന്നു” ഗായത്രിയെ തിരികെ പുണരുമ്പോൾ അവളുടെ ചെവിയിലായി ശീതൾ പതുക്കെ പറഞ്ഞു. “ഇപ്പൊ മുഖം കറുപ്പിച്ചൊന്നും പറയാൻ നിൽക്കേണ്ട മോളെ… ചേട്ടനും ആകെ റിലെ പോയ അവസ്ഥയിലാണ്” ഗായത്രി ഒരു ചിരിയോടെ അവളുടെ ഡ്രെസ്സൊക്കെ നേരെയിട്ടു കൊണ്ടു തൊട്ടും തലോടിയും അവൾക്കു കേൾക്കാൻ പാകത്തിൽ പറഞ്ഞു. “അപ്പച്ചി…” ശീതൾ വിളിച്ചുകൊണ്ടു സുഭദ്രയെ കെട്ടിപ്പിടിച്ചു. സുഭദ്രയും ചിരിയോടെ തന്നെ അവളെ ആശ്ലേഷിച്ചു… “ഏട്ടനും ഏടത്തിയും വന്നില്ലേ മോളെ” “ഇല്ല അപ്പച്ചി…. അച്ഛന് പെട്ടന്ന് എന്തോ അത്യാവശ്യം ഉണ്ടായിരുന്നു. വൈകുന്നേരം എന്തായാലും വരുമെന്നു പറഞ്ഞിട്ടുണ്ട്” “വേഗം വാ പെണ്ണെ… കേക്ക് കട്ടിങ് സമയമായി.

ഏട്ടൻ കാത്തിരിക്കുവായിരുന്നു നിന്നെ” ഗായത്രിയുടെ വാക്കുകളിൽ… ഗൗതം തന്നെ കാത്തിരുന്നുവെന്ന വാക്കുകളിൽ ശീതൾ അടിമുടി പൂത്തുലഞ്ഞു. ഗൗതം ഒരു ചിരിയോടെ തന്നെ ശീതളിനെ വരവേറ്റു. എങ്കിലും അവൻ ചുറ്റിലും ഒന്നു നോക്കി. അവന്റെ കണ്ണിലെ കുസൃതി ചിരി ഒന്നു മങ്ങി… ഹൃദയത്തോട് ചേർത്തു നിർത്താൻ കൊതിച്ച ഒന്നിനെ കാണാൻ കിട്ടാത്ത വേദന… എങ്കിലും അവൻ ചിരിയോടെ കേക്ക് മുറിച്ചു. ആദ്യ കഷ്ണം ചിന്നുവിന് തന്നെ കൊടുത്തു… അവൾക്കു അതില്പരം സന്തോഷം വേറെ ഒന്നുമുണ്ടായിരുന്നില്ല… സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു അവളുടെ… പിന്നെ മേനോനും സുഭദ്രക്കും ഗായത്രിക്കും കൊടുത്തു. ശീതളിന്റെ നേർക്കും നീട്ടി ഒരു കഷ്ണം… അവൾ അതിൽ നിന്നും കുറച്ചെടുത്തു ഗൗതത്തിന്റെ വായിൽ നൽകി… പിന്നെ അവളും കഴിച്ചു… അവനെ ചുറ്റി പുണർന്നു… “ഹാപ്പി ബർത്ഡേ” പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ സ്നേഹത്തോടെ ചുംബിച്ചു…

അവളിൽ നിന്നും അടർന്നു മാറിയ ഗൗതം നോക്കുന്നത് ദേവ്നിയുടെ കണ്ണുകളിലേക്ക് ആയിരുന്നു… ഹാളിന്റെ ഒരറ്റത്ത് എല്ലാം വീക്ഷിച്ചു അവൾ നിൽപ്പുണ്ടായിരുന്നു. ഗൗതത്തിനു പെട്ടന്ന് എന്തോ ജാള്യത തോന്നി…. പക്ഷെ ദേവ്നിയുട മുഖത്തു യാതൊരു വിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല… കുശുമ്പിന്റെ ഒരു ലഞ്ചനയെങ്കിലും അവളുടെ മുഖത്തു അവൻ അന്വേഷിച്ചു… വെറുതെ നോക്കി നിന്നതു മാത്രം മിച്ചം… ഉച്ചക്ക് അവരുടെ കൂടെയിരുന്നു തന്നെ ഭക്ഷണം കഴിച്ചു. എല്ലാവരും. അവിടുത്തെ മുതിർന്ന അംഗങ്ങൾ ഓരോരുത്തരും അവനു നേരെ ഓരോ ഉരുള ചോറ് നീട്ടി… അവൻ സന്തോഷത്തോടെ കഴിച്ചു… വയർ നിറഞ്ഞത് അറിഞ്ഞതേയില്ല. വൈകുന്നേരം വരെ അവരോടൊപ്പം സമയം ചിലവഴിച്ചു.. ആടിയും പാടിയും കളിച്ചും രസിച്ചും… ശീതളിനും ഗായത്രിക്കും അവന്റെയൊപ്പം കൂടാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. മേനോൻ സുഭദ്രയെ കൂട്ടി ഓഫീസിൽ ഇരുന്നു…

അവിടുത്തെ തന്നെ കുറച്ചു കണക്കും കാര്യങ്ങളും നോക്കാനുണ്ടായിരുന്നു. വൈകുന്നേരം ആയപ്പോൾ അവർ തിരികെ പോകാനിറങ്ങി. അവിടെയുള്ള ഓരോരുത്തരോടും അവൻ പ്രത്യേകം യാത്ര പറഞ്ഞു. ഗൗതം വന്നപ്പോൾ മുതൽ അവന്റെ കൈകളിൽ തൂങ്ങി ചിന്നു നടന്നിരുന്നു. അവൻ പോകാറായപ്പോൾ അവൾക്കു സങ്കടം നിറഞ്ഞിരുന്നു… ഇടക്കിടെ ഇവിടേക്ക് തന്നെ തിരികെ വരാമെന്നു ഗൗതം ഉറപ്പു കൊടുത്തു… സങ്കടത്തിനിടയിലും അവന്റെ വാക്കുകൾ കേട്ടു അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… പതിയെ അവന്റെ കൈകൾ വിടുവിച്ചു നിന്നു… ഗൗതം പതുക്കെ ചുറ്റിനും തിരഞ്ഞു… ദേവ്നിയെ തന്നെയാണ് അവൻ അന്വേഷിച്ചത്… അവളെ അവിടെയെങ്ങും കണ്ടതുമില്ല… “പോകാ ഏട്ടാ… ഇനി ചെന്നിട്ട് വേണം എനിക്കൊന്നു ശരിക്കും ആഘോഷിക്കാൻ” ഗായത്രി അവന്റെ കൈകളിൽ തൂങ്ങി പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു. “ഞാൻ ഇപ്പൊ വരാം… ”

അവളുടെ കൈകൾ പതുക്കെ അടർത്തി മാറ്റി കൊണ്ടു അവൻ ഉള്ളിലേക്ക് നടന്നു… മെസ് ഹാളിൽ ഇന്നത്തെ ആഘോഷങ്ങളുടെ അവശേഷിപ്പുകൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ദേവ്നി അപ്പോൾ… അന്ന് അമ്പലത്തിൽ വച്ചു കണ്ടപ്പോൾ ഇട്ടിരുന്ന ചുരിദാർ തന്നെയായിരുന്നു അതെന്നു അവൻ തിരിച്ചറിഞ്ഞു… പലപ്പോഴും നിറം മങ്ങിയ കോട്ടൻ ചുരിദാറുകൾ തന്നെയായിരുന്നു ഓഫീസിലും അവളുടെ വേഷം… ഇതുവരെ കണ്ടതിൽ നല്ലതെന്ന് തോന്നിച്ച ആ വേഷത്തിലായിരുന്നു താൻ മനപൂർവ്വം ചെളി തെറിപ്പിച്ചതെന്നു അവൻ വേദനയോടെ ഓർത്തു…. വെറുതെയല്ല വാക്കുകൾ കടുപ്പിച്ചു അവൾ ആ ചുരിദാറിന്റെ വില വാങ്ങിയെടുത്തത്… ഉള്ളവന് ഇല്ലാത്തവന്റെ വേദനയറിയില്ല… അതിന്റെ മൂല്യവും വിലയുമറിയില്ല…. അതു അനുഭവിച്ചു തന്നെ അറിയണം. അല്ലെങ്കി നഷ്ടപ്പെടുമ്പോഴോ അല്ലെങ്കിൽ നഷ്ടപ്പെടുത്തുമ്പോൾ മാത്രമേ നമ്മൾ അതിന്റെ മൂല്യമളക്കാറുള്ളൂ…

ഈ പെണ്കുട്ടിയിൽ നിന്നും താൻ ഇനിയുമേറെ പഠിക്കാനുണ്ട്… അറിയാനുണ്ട്… ചില മൂല്യമേറിയതു… കുറെയധികം ചിന്തകളാൽ അവന്റെ മനസു മദിച്ചു കൊണ്ടു അവളുടെയടുത്തേക്കു എത്തിയത് പോലും അവൻ അറിഞ്ഞില്ല. അവന്റെ വരവ് കണ്ടു അവൾ അവനെ തന്നെ നോക്കി ടേബിളിൽ ചാരി നിന്നു. അവനായി ഒരു ചുണ്ടുകളിൽ ഒരു പുഞ്ചിരിയും കരുതി… ചിരിയിൽ തെളിഞ്ഞ ആ നുണ കുഴിയുടെ ആഴങ്ങളിൽ താൻ വീണു പോകുമോയെന്നു ഒരു നിമിഷം അവന്റെ മനസു പിടച്ചു… “എന്താ സർ… എന്തെങ്കിലും മറന്നു പോയോ എടുക്കാൻ ” അവളുടെ ചോദ്യമാണ് അവന്റെ മനസിനെ ആ നുണ കുഴികളിൽ നിന്നും കരയിലേക്കിട്ടത്. “എന്റെ മനസു തന്നെ ഇവിടെയിട്ട ഞാൻ പോകുന്നേ…” അവൻ തല ചൊറിഞ്ഞു കൊണ്ടു താഴെ നോക്കി പിറു പിറുത്തു. “എന്താ സർ… മനസിലായില്ല” “ഹേയ്… ഒന്നുമില്ലടോ… ഒന്നും മറന്നിട്ടില്ല” “പിന്നെ… സർ” അവൻ അവളുടെ അടുത്തു തന്നെ അതേ ടേബിളിൽ കൈകൾ പുറകിലേക്ക് നീട്ടി ചാരി നിന്നു… ചെരിഞ്ഞു അവളെ നോക്കി…

അവൾ ഗൗതമിന്റെ ചെയ്തികളെ വീക്ഷിക്കുകയായിരുന്നു… “താങ്ക്സ് ദേവ്നി… താങ്ക്സ് എ ലോട്ട് ” അവന്റെ വാക്കുകളിൽ അവളുടെ കണ്ണുകൾ തിളങ്ങിയത് അവൻ കണ്ടു… അതു മറയ്ക്കാനായി അവൾ ദൃഷ്ടി ദൂരേക്ക്‌ നോക്കി നിർത്തി. “താങ്ക്സ്… എന്തിനാ എന്നോട് നന്ദി പറയുന്നേ” അവളുടെ വാക്കുകളിൽ ഒരു പരിഹാസം. അവൻ ഒരു ദീര്ഘശ്വാസം വിട്ടു… “ഇന്നത്തെ നല്ല ദിവസത്തിനു… അതു ഇത്ര മനോഹരമാക്കിയതിനു… ആദ്യമായാണ് എന്റെ ഒരു പിറന്നാൾ ഇത്ര സന്തോഷത്തിൽ ആഘോഷിക്കുന്നത്… എന്റെ ഹൃദയം തുറന്നു പല കാഴ്ചകളും കാണാൻ കഴിഞ്ഞത് ഇന്നാദ്യമായാണ്… ഇനിയീ ഹൃദയം എന്നും നല്ല കാഴ്ചകൾ കൊണ്ട് നിറയ്ക്കണം… അതിന്റെ അനുഭൂതിയിൽ നിറയണം മനസും” അവളെ ഒന്നു കൂടി നോക്കി കൊണ്ട് അവൻ നടന്നു നീങ്ങി. “സർ” ദേവ്നിയുടെ തിരികെയുള്ള വിളിയിൽ അവൻ നടത്തം നിർത്തി ചെരിഞ്ഞു അവളെ നോക്കി…

“ഹാപ്പി ബർത്ഡേ” അവളും പുഞ്ചിരിച്ചു… അവനും…! തിരികെയുള്ള യാത്രയിൽ ഗായത്രിയും ശീതളും എന്തൊക്കെയോ കല പില കൂട്ടുന്നുണ്ട് എങ്കിലും ഗൗതമിന്റെ മനസു ദേവ്നിയുടെ നുണകുഴിയുടെ ആഴങ്ങളിൽ എന്തൊക്കെയോ തപ്പി കൊണ്ടിരിക്കുവായിരുന്നു. വീട്ടിൽ എത്തി ഗൗതം നേരെ തന്റെ റൂമിൽ പോകാൻ തയ്യാറായി… എന്തുകൊണ്ടോ ആരോടും സംസാരിക്കാൻ അവനു തോന്നിയില്ല. ദേവ്നിയെന്ന വട്ടത്തിൽ നിന്നും അവന്റെ മനസിനെ പടിയിറക്കാൻ അവനു തോന്നാത്തത് കൊണ്ട് ആരോടും സംസാരിക്കാതെ മുകളിലേക്ക് പോകാൻ നിന്നതു… പക്ഷെ ഗായത്രി കയ്യോടെ പിടിച്ചു… “ഏട്ടാ… ഇന്ന് വൈകീട്ട് മാളിൽ പോകാമെന്ന് പറഞ്ഞതാ… ഞങ്ങളെ കൊണ്ടുപോകണം… പോകാമെന്ന് പറഞ്ഞതു കൊണ്ടു ശീതളിനെ വീട്ടിൽ പോലും ഞാൻ പറഞ്ഞയച്ചില്ല” “ഇപ്പൊ മാളിൽ പോകുന്നത് എന്തിനാ ഗായു… ഇന്ന് അവിടെ നല്ല ആഘോഷമായിരുന്നല്ലോ… ഇനി നിങ്ങളുടെ വക എന്താ…

പ്രത്യേകിച്ചു ഒന്നുമില്ലലോ… മാളിലെ ഉള്ള ഷോപ് മുഴുവൻ കയറി ഇറങ്ങി നടക്കുവാൻ അല്ലെ” കുറച്ചൊരു അനിഷ്ടത്തോടെ തന്നെ ഗൗതം പറഞ്ഞപ്പോ ഗായു ഒരു നിമിഷം സ്തംഭിച്ചു… “ഈ ഏട്ടന് ഇതു എന്താ പറ്റിയെ… ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ… എനിക്ക് കുറച്ചു ഡ്രസ് വാങ്ങാനാ” ഗൗതമിന്റെ പുതിയ ഭാവത്തിൽ അവൾ ആകെ സംശയിച്ചു. “ഞാൻ ഇവിടെ വന്നതിനു ശേഷം നിന്നെയും കൊണ്ടു എത്ര വട്ടം ഷോപ്പിങ് പോയെന്ന് നിനക്ക് വല്ല ഓര്മയുമുണ്ടോ… ആവശ്യത്തിന് മാത്രം ഉപയോഗിക്കൂ ഡ്രെസ്… വാങ്ങി വച്ചതു ആദ്യം നീ ഉപയോഗിക്കൂ… വെറുതെ കുറെ വാങ്ങി കൂട്ടുന്നത് എന്തിനാണ്… എനിക്ക് നല്ല ക്ഷീണം… അമ്മേ ഒരു ഓറഞ്ച് ജ്യൂസ് വേണം എനിക്ക്” ദേഷ്യത്തോടെ പറഞ്ഞു കൊണ്ടു ഗൗതം മുറിയിലേക്ക് കടന്നു. ഗായത്രിയും ശീതളും ഗൗതമിന്റെ പുതിയ ഭാവത്തിൽ പകച്ചു പോയി.

ഗൗതം ആദ്യമായാണ് അവൾ ആവശ്യപ്പെട്ട ഒരു കാര്യത്തിന് നോ പറയുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞു. ശീതൾ കൂടി നിൽക്കുന്നത് കൊണ്ട് അവൾക്കതൊരു അഭിമാനക്ഷതം കൂടിയായി. ഏട്ടന്റെ പുന്നാര അനിയത്തി ആയിരുന്നു. അവൾ ചവിട്ടി തുള്ളി അവളുടെ റൂമിലേക്ക് പോയി. “മോളെ…” “എന്താ അപ്പച്ചി…” “ഏട്ടനും ഏടത്തിയും എപ്പോഴാ വരുന്നേ…” “അവരിങ് വന്നോളും എന്റെ അപ്പച്ചി കുട്ടി… ” അതും പറഞ്ഞു ശീതൾ സുഭദ്രയുടെ തോളിൽ വീണു ചുറ്റി പിടിച്ചു അകത്തേക്ക് നടന്നു.. സുഭദ്രയുടെ സ്വന്തം ചേട്ടൻ ഒരേയൊരു രക്തബന്ധം… കൃഷ്ണൻ മേനോൻ… ഭാര്യ രാധിക…. അവരുടെ ഒരേയൊരു മകളാണ് ശീതൾ. കൃഷ്ണൻ മേനോൻ ബിസിനെസ്സ് തന്നെയാണ്. മാധവ് മേനോന്റെ പോലെ വലിയ ഗ്രൂപ്‌സ് എന്നൊന്നും പറയാനില്ല. അയാളുടെയുള്ളിൽ ലക്ഷ്മി ഗ്രൂപ്പിലേക്കുള്ള വഴി ശീതളിലൂടെ ഗൗതമിലേക്കു പിന്നെ അതുവഴിയുള്ള അധികാരം സ്ഥാപിക്കൽ…

സഹോദരിയെ മാധവ് മേനോനെ കൊണ്ട് കല്യാണം കഴിപ്പിച്ച നാൾ മുതലെയുള്ള അയാളുടെ ലക്ഷ്യം എന്നു തന്നെ പറയാം. ജീവനു കൊടുത്തിട്ടുള്ള ഫോർചൂണറിൽ ആയിരുന്നു ബാംഗ്ലൂര് പോയത്. അതും ജീവൻ ഒറ്റക്ക് തന്നെ. ഇന്ന് തന്നെ തിരിച്ചു വരണമെന്ന് കരുതിയതല്ല… പതിവില്ലാതെ ജീവൻ ബാംഗ്ലൂര് പോയത് മുതൽ ഗൗതം ഇടക്കിടക്ക് വിളിച്ചിരുന്നു. ബിസിനെസ്സിനെ കുറിച്ചു അധികമൊന്നും സംസാരിച്ചില്ല ജീവന്റെ വിവരങ്ങൾ അന്വേഷിച്ചു… സുഖമായി ഇരിക്കുന്നില്ലേ എന്നൊരു ചോദ്യം ഗൗതമിൽ നിന്നും കേട്ടു… തനിക്കായി ചിലവഴിച്ച ആ കുറച്ചു സമയം പോലും അവനു പ്രിയപ്പെട്ടതാണ്… ഇന്ന് പിറന്നാൾ ആണെന്ന് അറിയാം… വിളിച്ചു ആശംസകൾ അറിയിച്ചപ്പോൾ ഇന്ന് തന്നെ വരില്ലേ എന്നൊരു ചോദ്യം കൂടി ഉണ്ടായിരുന്നു… അതുകൊണ്ടാണ് പുറപ്പെട്ടത്… എന്തുകൊണ്ടോ ഈ സന്തോഷം നഷ്ടപ്പെടുത്താനും അതിന്റെ മാധുര്യം കുറയ്ക്കാനും തോന്നിയില്ല. അപ്പൊ തന്നെ പുറപ്പെട്ടു… അവനായി ഒരു സമ്മാനവും കരുതി…

സന്തോഷിച്ച നിമിഷങ്ങൾ കുറവാണ്… എങ്കിലും മനസിനുള്ളിലേക്കു എന്തോ ഒരു വെളിച്ചം വീശുന്ന പോലെ… നാളെ കാലത്തു ദേവയെ ശരിക്കൊന്നു ഞെട്ടിക്കണം… രണ്ടു ദിവസം കൂടി കഴിഞ്ഞേ വരുന്നുള്ളുവെന്നു അവളോട്‌ പറഞ്ഞതാണ്… പിറന്നാൾ വിശേഷങ്ങൾ ഒരു നിമിഷത്തെ പോലും ബാക്കി വയ്ക്കാതെ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു അവൾ… ഇങ്ങനെയൊരു വായടി പെണ്ണ്… റെയിൽവേ ക്രോസ് കിട്ടാതെ ഇരിക്കാൻ ഉൾ വഴിയിൽ കൂടിയാണ് ജീവൻ പോയത്. അപ്പോഴാണ് കുറച്ചു മുന്നിലായി ഒരു ബെൻസ് ജി ക്ലാസ് വണ്ടി കിടക്കുന്നത് കണ്ടത്. സ്വതവേ വണ്ടി ഭ്രാന്തനായ ജീവന് ഏറെ ഇഷ്ടമുള്ള വണ്ടിയാണ് ബെൻസ് ജീപ്പ്. അതും നല്ല മെറ്റാലിക് ബ്ലാക്ക്‌. അതു നോക്കി തന്റെ കാർ സ്ലോ ചെയ്താണ് ജീവൻ പോയത്. ആ ബെൻസ് മുന്നിൽ ഒരു പെണ്കുട്ടി വന്നു നിന്നു അവന്റെ കാറിനു നേരെ കൈ കാണിച്ചു… ആ പെണ്കുട്ടിയുടെ മുഖം ആകെ പരിഭ്രാന്തമായിരുന്നു.

നിർത്തണോ എന്നു ഒരു നിമിഷമൊന്നു അവൻ ശങ്കിച്ചു നിന്നിരുന്നു… എങ്കിലും ബെൻസിന് തൊട്ടു മുന്നിലായി തന്നെ നിർത്തി. ആ പെണ്കുട്ടി ഓടി വന്നു അവൻ ഇറങ്ങും മുന്നേ ഡോർ വിൻഡോ അടുത്തേക്ക് എത്തിയിരുന്നു. “സർ പ്ളീസ്… ഒരു ഹെല്പ് വേണം സർ… എന്റെ.. എന്റെ…” വാക്കുകൾ പറഞ്ഞു പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല ആ കുട്ടിക്ക്… അത്രയും പരിഭ്രാന്തമായിരുന്നു… അവൻ വേഗം ഇറങ്ങി അവൾ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി… ഒരു നിമിഷം അവനും എന്തു ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു പോയിരുന്നു. …തുടരും

Share this story