നിലാവിനായ് : PART 6

നിലാവിനായ് : PART 6

എഴുത്തുകാരി: സേഷ്മ ധനേഷ്‌

“സർ പ്ളീസ്… ഒരു ഹെല്പ് വേണം സർ… എന്റെ.. എന്റെ…” വാക്കുകൾ പറഞ്ഞു പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല ആ കുട്ടിക്ക്… അത്രയും പരിഭ്രാന്തമായിരുന്നു… അവൻ വേഗം ഇറങ്ങി അവൾ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി… ഒരു നിമിഷം അവനും എന്തു ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു പോയിരുന്നു. അവരുടെ വാഹനത്തിനുള്ളിൽ ഒരു അൻപത് വയസോളം പ്രായം തോന്നുന്ന വ്യക്തി… പക്ഷെ ശ്വാസം ശരിക്കും എടുക്കാൻ കഴിയാതെ നെഞ്ചു പൊത്തി വേദന കടിച്ചു പിടിച്ചിരിക്കുകയാണ്… ഒരു നിമിഷം ജീവൻ സ്തംഭിച്ചു പോയി. താൻ ഇങ്ങനെയൊരു അവസ്ഥ ആദ്യമായി കാണുകയാണ്. എന്തു ചെയ്യണമെന്ന് അറിയാതെ ഒന്നു പതറി പോയി. പെട്ടന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്തു അവൻ അയാൾക്കരുകിലേക്കു ഓടി ചെന്നു… കൂടെയുള്ള പെണ്കുട്ടി നന്നായി പേടിച്ചിട്ടുണ്ട്…

ഒന്നും പറയാനോ ചോദിക്കാനോ കഴിയാത്ത അവസ്‌ഥ… കരഞ്ഞു കൊണ്ട് നിൽക്കുകയാണ്… ഒരുപക്ഷേ അവളും ആദ്യമായാകും ഇങ്ങനെയൊരു സന്ദർഭത്തിൽ… ജീവൻ അയാൾക്കരുകിൽ എത്തി… അയാളെ ശരിക്കും നേരെ ഇരുത്തി തന്റെ കാറിൽ കൊണ്ടുപോകാൻ ശ്രമിച്ചു… പക്ഷെ വേദനയുടെ ആധിക്യത്തിൽ അയാൾക്ക് ഒന്നു അനങ്ങാൻ പോലുമായില്ല… ഇടക്ക് എപ്പോഴോ അയാൾ കണ്ണുകൾ വലിച്ചു തുറന്നു നോക്കിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ നിറ കണ്ണുകളോടെ നോക്കി… ഒരു നിമിഷത്തിൽ തന്നെ വേദനയൊക്കെ മാറിയത് പോലെ… അവന്റെ കൈകളെ അയാൾ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. ജീവന് തോന്നി… അയാൾ തന്റെ സ്വന്തം ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു തന്നോടു അപേക്ഷിക്കുകയാണെന്നു… ജീവൻ തന്റെ കൈകൾ പൊതിഞ്ഞ അയാളുടെ കൈകൾ വിടുവിച്ചു കൊണ്ട് തിടുക്കത്തിൽ സ്വന്തം കാറിലേക്ക് പോയി.

അതു റോഡിനോട് ചേർന്നു നന്നായി ഒതുക്കി നിർത്തി അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ അതിൽ നിന്നുമെടുത്തു കാർ വേഗം ലോക്ക് ചെയ്തു അവർക്കരികിലേക്കു ചെന്നു… ആ കുട്ടിയോട് അവരുടെ വണ്ടിയിൽ തന്നെ കയറാൻ പറഞ്ഞു കൊണ്ടു ഡ്രൈവിംഗ് സീറ്റിലേക്ക് അവൻ കേറിയിരുന്നു… പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു. ക്യാഷ്യാലിറ്റിയിലേക്ക് അയാളെ ജീവൻ തന്നെ എടുത്തു കൊണ്ടുപോയി കിടത്തി. ആദ്യ ദേഹ പരിശോധനക്ക് ശേഷം ഐസിയു യൂണിറ്റിലേക്ക് അയാളെ മാറ്റി. ഐ സി യൂ നു പുറത്തു ആ പെണ്കുട്ടിയോടൊപ്പം ജീവനും നിന്നു… പിന്നെ ജീവൻ തന്നെ അവളെ നിർബന്ധിച്ചു അവിടെയുള്ള കസേരയിൽ പിടിച്ചിരുത്തി. അവൾ അപ്പോഴും നല്ല പരിഭ്രമത്തിലായിരുന്നു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും കൈ വിരലുകളും അതു എടുത്തു പറയുന്നുണ്ടായിരുന്നു. ജീവൻ ഒരു നറു ചിരിയോടെ അവളുടെ കൈ വിരലുകൾ തന്റെ കൈകൾകുള്ളിൽ ഭദ്രമായി പൊതിഞ്ഞുപിടിച്ചു.

ഒരു നിമിഷം അവന്റെ കണ്ണുകളിലേക്കു അവൾ തറഞ്ഞു നിന്നു… എന്തുകൊണ്ടോ അവന്റെ കണ്ണുകളിൽ കണ്ട ദൃഢത അവൾക്കു വല്ലാത്ത ഒരു സുരക്ഷിതത്വം ആണ് നൽകിയത്. തന്റെ വിറയലും പരിഭ്രമവുമൊക്കെ എവിടേക്കോ പോയി മറയും പോലെ… അഞ്ചു നിമിഷങ്ങൾക്ക് ശേഷം ആ കുട്ടിയും ഒരു ചിരിയോടെ തല ചെരിച്ചു തന്റെ അരികിൽ ഇരിക്കുന്ന ജീവനെ നോക്കി… അവനും… അവനും അപ്പോഴാണ് അവളെ ശരിക്കും ശ്രെദ്ധിക്കുന്നത്… അധികം ഡിസൈൻ വർക്ക് ഒന്നുമില്ലാത്ത ഒരു സാധാരണ കോട്ടൻ ടോപ്പ് ആൻഡ് ലെഗിൻസ്… കണ്ണിൽ കരിമഷിയുണ്ടായിരുന്നു… അതു തെളിഞ്ഞു കണ്ടത് കവിളിൽ ഒഴുകിയ നീർച്ചലിലൂടെയാണെന്നു മാത്രം.. പിന്നെ ഒരു ചെറിയ പൊട്ടും… എങ്കിലും അതി സുന്ദരി അല്ലെങ്കിലും നല്ല ഐശ്വര്യവും സ്ത്രീത്വവും നിറഞ്ഞു നിൽക്കുന്ന മുഖം. “എന്താ കുട്ടിയുടെ പേരു… അകത്തു അച്ഛനാണോ” “എന്റെ പേരു അർച്ചന.

അകത്തു കിടക്കുന്നത് എന്റെ അങ്കിൾ ആണ്… അമ്മയുടെ ഒരേയൊരു സഹോദരൻ… എന്റെ അച്ഛനും ദൈവവും എല്ലാം അദ്ദേഹമാണ്” അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു അകത്തു കിടക്കുന്നയാളോട് അവൾക്കുള്ള ബഹുമാനം. “വീട്ടിലേക്കു വിളിച്ചു പറയാമായിരുന്നില്ലേ… തനിക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ കഴിയുമോ” “വീട്ടിൽ… വീട്ടിൽ ഞാനും അമ്മയും മാത്രമേയുള്ളൂ. അങ്കിളിനും ഞങ്ങൾ മാത്രമേയുള്ളൂ… ഞങ്ങൾ ബാംഗ്ലൂര് സെറ്റൽഡ് ഫാമിലിയാണ് ചേട്ടാ… അങ്കിളിനു അവിടെയാണ് ബിസിനസ്… നാട്ടിലേക്ക് മാറിയിട്ട് രണ്ടാഴ്ച ആകുന്നേയുള്ളൂ… അമ്മ ഇവിടെയുണ്ട്. അത്യാവശ്യമായി ഒരു ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ അദ്ദേഹത്തോടൊപ്പം ഞാനും പോയതാണ്. എനിക്ക് ഡ്രൈവിംഗ് ക്രെസ് കുറച്ചു കൂടുതലാണ്… അദ്ദേഹത്തിനും അതേ… അതാ ജീപ്പ് എടുത്തത്”

“ഡ്രൈവിംഗ് ക്രെസ് ഒക്കെ നല്ലതാണ്… ഇതുപോലെ ലോങ് ഡ്രൈവ് പോകുമ്പോൾ നല്ല പ്രാഗൽഭ്യമുള്ള ഡ്രൈവർ കൂടെയുള്ളത് നല്ലതാണ്. സേഫ്റ്റി കൂടി നോക്കേണ്ടതല്ലേ കുട്ടി” അവൾ മറുപടി പറയാതെ ഒന്നു ചിരിച്ചു. “ബിസിനസ് മീറ്റിൽ പങ്കെടുക്കും വരെ അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നു… എപ്പോഴും പ്രസന്നമായ ഇരിക്കുന്ന അദ്ദേഹം അവിടെ നിന്നു മീറ്റ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മുതൽ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണെന്ന് തോന്നി… അതിനുശേഷം സംസാരിക്കുന്നത് പോലും വളരെ കുറച്ചായി” “ചിലപ്പോൾ എന്തെങ്കിലും ബിസിനസ് ടെൻഷൻ ആകും… താൻ പാനിക് ആകാതെ… അമ്മയെ വിളിച്ചു പറയാൻ വരട്ടെ… ഡോക്ടർ എന്താ പറയുന്നെയെന്നു നോക്കാം. താൻ വിഷമികണ്ടഡോ… എന്താ തന്റെ അങ്കിളിന്റെ പേരു” “പ്രകാശ് രാജ്… രാജ് ഗ്രൂപ്‌സ് കേട്ടിട്ടുണ്ടോ… കൂടുതലും ഗോൾഡ്‌ ആൻഡ് ഡയമൻഡ്സ് ആണ് ബിസിനസ്സ്…”

“മൈ ഗൂഡ്നെസ്… അദ്ദേഹം ആയിരുന്നോ… ശരിക്കും മുഖം ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല എങ്കിലും എവിടെയോ കണ്ട പോലെ ഒരു ഓർമ വന്നിരുന്നു… ബാംഗ്ലൂരിൽ അദ്ദേഹത്തിന്റെ ബിസിനെസ്സ് മീറ്റിൽ ഞാനും ഉണ്ടായിരുന്നു… ജസ്റ്റ് ഒന്നു പരിചയപ്പെട്ടു… അയ്യർ സർ ആയിരുന്നു അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്” “ഏട്ടൻ… അല്ല സാർ ബിസിനസ് ആണോ…” ജീവൻ ഒരു ചിരിയോടെ… “താൻ എന്നെ ഏട്ടാ എന്നു തന്നെ വിളിച്ചോ… ഞാൻ ലക്ഷ്മി ഗ്രൂപ്സിൽ ആണ്” “ഓഹ്… ലക്ഷ്മി ഗ്രൂപ്പ്… ഗൗതം മാധാവിന്റെ …” “അതേ… അവരുടെ തന്നെ…” “ഗൗതത്തിന്റെ ഏട്ടനോ അനിയനോ ആണോ” ആ ചോദ്യത്തിന് മുന്നിൽ തനിക്ക് ഒരു ഉത്തരമില്ലെന്നു അവനോർത്തു. തനിക്കു മാത്രമാണല്ലോ അവർ എല്ലാം… അവർക്ക് താൻ ആരാണെന്നു ഇതുവരെ അറിയില്ല… “ഞാൻ… ഞാൻ അവിടുത്തെ മാനേജർ ആണ്” അടുത്തത് എന്തെങ്കിലും ചോദിക്കും മുന്നേ ഐസിയു തുറന്നു ഒരു ഡോക്ടർ ഇറങ്ങി വന്നു… “പ്രകാശ് രാജ് സാറിന്റെ…”

പറഞ്ഞു തീരും മുന്നേ ജീവനും അർചനയും ഡോക്ടറിന് അരികിലെത്തി. “സർ ഇപ്പൊ നോർമൽ ആയി. എങ്കിലും ഇന്ന് ഈ രാത്രി എന്തായാലും ഒബ്സർവഷൻ കിടക്കട്ടെ. നാളെ രാവിലെ തന്നെ റൂമിലേക്ക് മാറ്റം… പിന്നെ അദ്ദേഹത്തിന് ഇപ്പോഴുണ്ടായത് ഒരു മൈനർ അറ്റാക് തന്നെയാണ്… ശ്രെദ്ധിക്കണം” ഡോക്ടർ അകത്തേക്ക് പോയതും അർച്ചന ശില കണക്കെ നിന്നു. അവൾ അതൊട്ടും പ്രതീക്ഷിച്ചില്ല. ജീവൻ അവളുടെ തോളിൽ കൈ അമർത്തി. അർച്ചന ഞെട്ടിയൊന്നു അവനെ നോക്കി. “അങ്കിൾ ഫുഡ് ഒക്കെ കണ്ട്രോൾ ചെയ്യുന്ന വ്യക്തിയാണ്. ചിട്ടയായ ആഹാരാക്രമവും വ്യായാമവുമൊക്കെ… ഇതിപ്പോ…” “താൻ ഇങ്ങനെ പേടിക്കാതെ… ഇത്ര വലിയ ബിസിനസ് ഒക്കെ കൊണ്ടു നടക്കുന്ന ആളല്ലേടോ… താൻ ആദ്യം റിലാക്സ് ആകൂ… നിങ്ങൾ ഇന്ന് തന്നെ തിരിക്കുമെന്നു വീട്ടിൽ അമ്മക്ക് അറിയുമോ” “ഇല്ല… ഇല്ല അമ്മയോട് പറഞ്ഞിട്ടില്ല ഞങ്ങൾ ഇന്ന് പോരുന്ന കാര്യം..” “എങ്കിൽ… എങ്കിൽ താൻ വിളിച്ചു പറഞ്ഞു വിഷമിക്കേണ്ട… നാളെ മിക്കവാറും കുഴപ്പം ഒന്നുമില്ലെങ്കി ഡിസ്ചാർജ് ചെയ്യും…

അപ്പൊ വീട്ടിൽ ചെന്നിട്ട് അറിയിച്ചാൽ മതി” അവൾ മറ്റുപടി ഒരു മൂളലിൽ ഒതുക്കി. “അർച്ചന… അത്യാവശ്യം വേണ്ടുന്ന ബിൽ ഞാൻ അടച്ചിട്ടുണ്ട് ആൻഡ് മെഡിസിൻസ് ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്… എന്റെ കാർ അവിടെ കിടക്കുവല്ലേ… ഞാൻ… ഞാൻ എന്ന പോയിക്കോട്ടെ” അവളുടെ മുഖത്തു നിന്നു ഒരു മറുപടി ഉണ്ടായില്ല എങ്കിലും പോകുവാനുള്ള സമ്മതവും ആ മുഖത്തു വായിച്ചെടുക്കാൻ അവനു കഴിഞ്ഞില്ല. നിര്വികാരതയോടെ മാത്രമുള്ള നോട്ടം… അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു… കുറച്ചു ഇടെ നടന്നു… പിന്നെ തിരിഞ്ഞു അവൾക്കരികിലേക്കു വന്നുകൊണ്ടു പറഞ്ഞു “ഞാൻ… ഞാൻ വേഗം വരാം… കാർ റോഡ് സൈഡിൽ അങ്ങനെ കിടക്കുന്നത് അത്ര സേഫ് അല്ല… അതുകൊണ്ടാണ്” ജീവൻ പറയുന്നത് കേട്ടു അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു… ഒരു ധൈര്യം വന്നത് പോലെ… അവൻ അവളുടെ കവിളിൽ പതിയെ തട്ടിക്കൊണ്ടു നടന്നകന്നു…

അവൻ പോകുന്നത് നോക്കി അവളും നിന്നിരുന്നു… തിരിഞ്ഞു നടക്കുമ്പോൾ ജീവന്റെ മനസു മുഴുവൻ ഹോസ്പിറ്റൽ വരാന്തയിൽ നിൽക്കുന്ന ആ പെണ്കുട്ടിയെ കുറിച്ചായിരുന്നു… എന്തോ അവളുടെ കവിളിൽ തട്ടി യാത്ര പറയാനാണ് തോന്നിയത്… ദേവയെ ഓർത്തിട്ടാണോ… ദേവയെ ഓർത്തു… ആ പെണ്കുട്ടിയുടെ സ്ഥാനത്തു ദേവ ആയിരുന്നെങ്കിൽ എന്നു ഓർത്തു… എന്നുകരുതി ദേവയോട് തോന്നിയ ഒരു അടുപ്പമല്ല ഈ അർചനയോട് തോന്നിയത്… കാര്യ കാരണങ്ങൾ അഗാതത്തിൽ ചിന്തിക്കുമ്പോൾ ഭ്രാന്തു പിടിക്കുമെന്ന് ആരോ ഉള്ളിലിരുന്നു പറയും പോലെ… അവൻ തന്നെ സ്വയം തലക്കിട്ട് ഒന്നു കിഴുക്കിയിട്ട് അവിടെ നിന്നും നടന്നകന്നു. ഹോസ്പിറ്റലിൽ നിന്നും ഒരു ഓട്ടോ പിടിച്ചു തന്റെ കാറിനു അരികിലേക്ക് എത്തി. കുഴപ്പമൊന്നുമില്ലാത്ത അവന്റെ സാരഥി അവിടെ കിടപ്പുണ്ട് തന്റെ യജമാനനെ കാത്തുകൊണ്ടു.

അവൻ തിരികെ ഹോസ്പിറ്റലിലേക്ക് തന്നെ കാർ ഓടിച്ചു പോയി. അവൻ ചെല്ലുമ്പോൾ അർച്ചന അവൻ പോയതിനെക്കാളും സന്തോഷത്തിൽ ഇരിക്കുന്നത് കണ്ടു. “അങ്കിളിനെ ഞാൻ കേറി കണ്ടിരുന്നു. ഇടക്ക് ബോധം വന്നപ്പോ അന്വേഷിച്ചു എന്നെ. എന്നോട് കേറി കണ്ടോളാൻ പറഞ്ഞു അധികം സംസാരിപ്പിക്കരുതെന്നും. പിന്നെ ഏട്ടനെ അന്വേഷിച്ചു. തിരികെ പോയെന്ന് പറഞ്ഞപ്പോൾ ആ മുഖം പിന്നെയും മങ്ങി. ഏട്ടനെ കാണാൻ ആഗ്രഹമുണ്ടായിരുനെന്നു തോന്നുന്നു… ചിലപ്പോ രാത്രി തന്നെ റൂമിലേക്ക് മാറ്റുമായിരിക്കും” അത്രയും അർച്ചന ഒറ്റ ശ്വാസത്തിൽ അവനോടു പറഞ്ഞു കൊണ്ടിരുന്നു. “ഹേയ്… താനൊന്നു ശ്വാസം വിടെഡോ… എന്തായാലും ഞാൻ തന്റെ അങ്കിളിനെ കണ്ടിട്ടേ പോകുന്നുള്ളൂ… പോരെ” അർച്ചന ചിരിച്ചു കൊണ്ടു തന്നെ തലയാട്ടി. “പിന്നെ… എന്നെ അച്ചു എന്നു വിളിച്ച മതി” എന്തോ പറയാൻ ഓർത്തപ്പോലെ ജീവനോട് അവൾ പറഞ്ഞു.

ജീവൻ സമ്മതം എന്ന രീതിയിൽ ചിരിച്ചു കൊണ്ടു തലയാട്ടി. പിന്നെ അവിടെ നിന്നും അച്ചു സംസാരം തുടങ്ങി ജനനം മുതൽ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും… ചെറുപ്പത്തിൽ അച്ഛൻ നഷ്ടപ്പെട്ടത് പിന്നെ സ്വന്തം അമ്മാവന്റെ തണലിൽ ഉള്ള ജീവിതം… ഒറ്റപെട്ട കുട്ടിക്കാലം… സ്കൂൾ… കോളേജ്… വാഹന ഭ്രാന്ത്… ഡ്രൈവിംഗ് ക്രെസ്… ആ വിഷയത്തിലേക്ക് കടന്നപ്പോൾ ജീവനും നല്ല ഉഷാറായി… ഇത്രയും ഡ്രൈവിംഗ് ഭ്രാന്ത് ഉള്ള പെണ്ണിനെ ആദ്യമായാണ് പരിചയപ്പെടുന്നത്… ഹിമാലയം എന്നൊരു സ്വപ്നം അമ്മാവന്റെ സമ്മതമില്ലാതെ നീണ്ടു പോകുന്നതിൽ മാത്രമാണ് വിഷമം. എങ്കിലും അതും നടക്കും എന്നുള്ള ഒരു ശുഭ പ്രതീക്ഷ… എന്തൊരു വായാടിയാണ് ഈ പെണ്ണ്… ഒന്നര രണ്ടു മണിക്കൂർ പോയത് പോലും അറിഞ്ഞില്ല.

ജീവന് ഒത്തിരി അതിശയം തോന്നി… അതുമാത്രമല്ല എത്ര വേഗത്തിലാണ് പ്രിയപ്പെട്ട ഒരാളോടുള്ള അടുപ്പം അവളോടും തോന്നിയത്… “അതേ… അച്ചുവെ പറയുന്നത് കൊണ്ടു ഒന്നും തോന്നരുത്… അത്ര പരിചയം ഇല്ലാത്ത ഒരാളോട് ഇത്രയ്ക്കും അടുപ്പത്തിൽ സംസാരിക്കരുത്…. ഒന്നാമത്തെ നിങ്ങൾക്ക് ഇവിടെ പരിചയം ഒന്നുമില്ലലോ” അത്രയും പറഞ്ഞിട്ടും അവളുടെ ചിരിയൊട്ടും തന്നെ മങ്ങിയിരുന്നില്ല. “സത്യത്തിൽ ഞാൻ ആരുമായും ഇത്ര വേഗത്തിൽ ഇത്ര അടുപ്പത്തിൽ സംസാരിക്കാറില്ല… ആദ്യമായാണ്… പിന്നെ എനിക്ക് ഇപ്പൊ ഇവിടെ ഏട്ടനെ പരിചയം ഉണ്ടല്ലോ” “കുറച്ചു നേരത്തെ പരിചയം അല്ലെ ആയുള്ളൂ… പിന്നെ…” ജീവൻ എന്തോ പറയാൻ വന്നത് അവളുടെ വാക്കുകൾകൊണ്ടു തന്നെ വിലക്കി… “കുറച്ചു സമയം ധാരാളം ആണ് ഒരാളെ മനസിലാക്കാൻ…” ജീവൻ ചിരിച്ചു. “ഞാൻ സത്യത്തിൽ ആ ജീപ്പ് കണ്ടു എന്റെ കാർ സ്ലോ ചെയ്തതാണ്… എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം… എന്നെങ്കിലും ഒരിക്കൽ ഞാൻ അതു സ്വന്തമാക്കും” “ആഹാ… അപ്പൊ എന്നെ പോലെയാണല്ലോ… എനിക്കും ഭയങ്കര ഇഷ്ടമാണ്… എന്റെ ഇഷ്ടത്തിന് അങ്കിൾ വാങ്ങിയതാണ്” സംസാരം അധികം നീട്ടാൻ അവർക്കായില്ല. അപ്പോഴേക്കും പ്രകാശ് രാജിനെ റൂമിലേക്ക് മാറ്റിയിരുന്നു. അധികം സംസാരിപ്പിക്കരുതെന്നു പ്രത്യേകം പറഞ്ഞിരുന്നു നഴ്‌സ്.

ജീവനെ കണ്ടതും പ്രകാശിന്റെ മുഖം വിടർന്നു… തന്റെ ക്ഷീണമെല്ലാം മറന്നു കൊണ്ടു എഴുനേറ്റിരിക്കാൻ അയാൾ ശ്രമിച്ചു. ജീവൻ ചിരിയോടെ തന്നെ അയാളുടെ അടുത്തേക്ക് ചെന്നു ചേർത്തു പിടിച്ചു അവിടെ തന്നെ കിടത്തി. “ഇപ്പൊ കുറവ് തോന്നുന്നുണ്ടോ” അയാളുടെ കണ്ണുകളിൽ മിഴിനീർ കൂടുന്നത് അവർക്ക് അത്ഭുതമായി. “സങ്കടപെടേണ്ട സർ. ഇപ്പൊ എല്ലാം ഭേദമായല്ലോ. ഇനി ശരിക്കും ഒന്നു റെസ്റ്റ് എടുത്താൽ മതി. സാറിനു എന്നെ ഓർമയുണ്ടോ കഴിഞ്ഞ ദിവസം നമ്മൾ പരിചയപ്പെട്ടിരുന്നു…” അയാൾ ഓര്മയുണ്ടെന്നു തലയാട്ടി… അവനും അതു സന്തോഷമായി. അപ്പോഴും ജീവന്റെ രണ്ടു കൈകൾ പ്രകാശ് പൊതിഞ്ഞു പിടിച്ചിരുന്നു. കുറച്ചു നേരം കൂടി അവൻ അവിടെ ഇരുന്നു… മൗനമായിരുന്നു അവർക്കിടയിൽ… അച്ചു പോലും അവിടെ കൂടെയുണ്ടെന്ന് പ്രകാശ് ഓർക്കുന്നുകൂടിയില്ല…

പിന്നെ വാക്കുകൾക്ക് പിശുക്ക് കൂടിയപ്പോൾ ജീവൻ തന്നെ തുടങ്ങി. “സാർ ഞാൻ എന്ന പൊയ്ക്കോട്ടെ… നാളെ തീർച്ചയായും വരാം. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കി എന്നെ വിളിക്കണം. ഡീറ്റൈൽസ് അച്ചുവിന്റെ… “ജീവൻ കുറച്ചു അധികാരത്തോടെ അച്ചു എന്നു വിളിച്ചപ്പോൾ പ്രകാശ് അർചനയുടെ മുഖത്തേക്ക് നോക്കി… “സോറി സാർ അർചനയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. വിളിച്ചാൽ മതി. നാളെ ഞാൻ എന്തായാലും വരും” പ്രകാശിന്റെ മുഖത്തു നിന്നു പോകാനുള്ള അനുമതി കിട്ടിയില്ലെങ്കിലും അവൻ അയാളുടെ കൈകളെ തന്റെ കൈകളിൽ നിന്നും വേർപെടുത്തി… പതുക്കെ ഡോറിനടുത് എത്തി ഒന്നു തിരിഞ്ഞു നോക്കി… തന്നെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകളിൽ ജീവൻ രക്ഷിച്ച നന്ദിയല്ല കാണുന്നത്… ഒരച്ഛനെ… അച്ഛന്റെ സ്നേഹത്തെ… ഗൗതം ദൂര യാത്രക്ക് പോകുമ്പോൾ മാധവന്റെ കണ്ണുകളിൽ കാണുന്നത് എന്തോ… അതായിരുന്നു പ്രകാശിന്റെ കണ്ണുകളിലും ആ നിമിഷം ജീവൻ കണ്ടത്… അതു അവനിൽ ഒരു പുതു ജീവൻ നൽകിയ പോലെ…

നോവാർന്ന ഒരു പുഞ്ചിരി അവനിലും തങ്ങി നിന്നു… പതുക്കെ നടന്നകന്നു… രാത്രി ഏറെ വൈകിയിരുന്നു ജീവൻ വീട്ടിലെത്താൻ. കാത്തിരിക്കാനും നേരം വൈകിയതിന് ശാസിക്കാനുമൊന്നും ആരുമില്ലാത്തവന് എന്തു രാത്രി എന്തു പകൽ… അവൻ ചെറിയൊരു നിരാശയോടെ തന്നെ വീട്ടിലേക്കു കടന്നു… ജോലിക്ക് നിൽക്കുന്ന ശോഭ ചേച്ചിയുടെ ഉറക്കം കളയേണ്ടി വരുമല്ലോയെന്നു ഓർത്തായിരുന്നു അവന്റെ സങ്കടം. പക്ഷെ അവൻ ചെന്നു ഡോർ ബെൽ അടിച്ചപ്പോൾ തുറന്നു കൊടുത്തത് ഗൗതം ആയിരുന്നു… ഗൗതത്തിന്റെ ചിരിച്ച മുഖം കണ്ടപ്പോൾ ജീവൻ ഒന്നതിശയിച്ചു… ആദ്യത്തെ അതിശയം വിട്ടു അവൻ ഉള്ളിലേക്ക് കടന്നു… തന്റെ കൈകൾ നീട്ടി “ഹാപ്പി ബർത്ഡേ ഗൗതം ” ആശംസകൾ അറിയിച്ചു… ഗൗതം ജീവനെ പുണർന്നു കൊണ്ടായിരുന്നു മറുപടി കൊടുത്തത്… ഈ ഗൗതം തന്നെ ഓരോ നിമിഷത്തിലും ഞെട്ടിക്കുകയാണല്ലോ എന്നായിരുന്നു ജീവന്റെ ചിന്ത. ജീവൻ ബാഗ് തുറന്നു ഒരു ഗിഫ്റ്റ് റാപ് ചെയ്ത ചെറിയ പൊതി അവനു നേരെ നീട്ടി.

ഗൗതം അതു സന്തോഷത്തോടെ തന്നെ വാങ്ങി റാപ്പ് അഴിച്ചു… “ഫോർ യുവർ ബെസ്റ്റ് സിഗ്‌നേചർ… വൗ… നല്ല കോസ്ട്ടിലി പെൻ ആണല്ലോ ജീവ” താൻ കൊടുത്ത ഗിഫ്റ്റ് ഗൗതത്തിനു ഒത്തിരി ഇഷ്ടമായെന്നു അവന്റെ തിളക്കമേറിയ കണ്ണുകൾ പറഞ്ഞു. ജീവനും അതു കണ്ടാൽ മതിയായിരുന്നു. “എന്താ ഇത്ര നേരം വൈകിയത്” ഗൗതം അങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ല. “എങ്ങനെ നേരം വൈകാതെ ഇരിക്കും ബിസിനസ് മീറ്റും പാർട്ടിയും ആർമാധിക്കലും ആഘോഷവുമൊക്കെ കഴിഞ്ഞു വേണമല്ലോ ഇങ്ങെത്താൻ” പുച്ഛത്തോടെയുള്ള മറുപടി കേട്ടു ഗൗതവും ജീവനും ശബ്ദം വന്ന വഴിയേ ദൃഷ്ടികൾ പായിച്ചു… “കൃഷ്ണൻ അങ്കിൾ… ” ജീവൻ മനസിൽ മന്ത്രിച്ചപോൾ ഗൗതമിന്റെ ശബ്ദത്തിൽ ആ പേര് ഉച്ചരിച്ചു. കൃഷ്‌ണൻ മേനോന്റെ മുഖത്തു ജീവനോട് അവജ്ഞതയോടെയുള്ള ഒരു നോട്ടം ചെന്നു നിന്നു. അവൻ അയാൾ പറഞ്ഞതിന് മറുപടി പറയാതെ തന്റെ ലോകത്തിലേക്ക്‌… തന്റെ മാത്രം ആ നാലു ചുമരുകൾക്കുള്ളിലേക്കു നടന്നകന്നു. “അങ്കിൾ എപ്പോഴാ വന്നത്…

ഞാൻ കണ്ടില്ലായിരുന്നു” ഗൗതം വലിയ താൽപര്യമില്ലാതെ ചോദിച്ചു. “ഞങ്ങൾ കുറച്ചധികം നേരമായി വന്നിട്ട്… ഞങ്ങൾ വരുമ്പോൾ മോൻ നല്ല ഉറക്കമായിരുന്നു… ക്ഷീണമായത് കൊണ്ടു ഞാൻ തന്നെയാ സുഭദ്രയോട് പറഞ്ഞത് മോനെ വിളികണ്ട എന്നു… അപ്പൊ ശരി മോനെ… ഇനിയിപ്പോ എന്തായാലും രാത്രി യാത്ര പറയുന്നില്ല… ഇന്ന് പോകാതെ നിവൃത്തിയില്ല… അത്യാവശ്യമായി നാളെ തിരുവനന്തപുരം വരെ ഒന്നു പോകണം… അതുകൊണ്ടാണ്..” ഗൗതമിനോട് യാത്ര പറഞ്ഞു കൊണ്ട് കൃഷ്‌ണനും ഭാര്യ രാധികയും ഒപ്പം ഇറങ്ങി. രാവിലെ തന്നെ ഓഫീസിൽ പോകുവാൻ ഗൗതമിനു വല്ലാത്ത ഒരു ഉത്സാഹം ഉണ്ടായിരുന്നു. ദേവ്നി… ഒരു രാത്രിയുടെ ദൈർഗ്യം ഉണ്ടായിരുന്നു അവളെ കാണാൻ… അത്ര പോലും അവന്റെ നെഞ്ചിൽ ഒരു ഭാരം പോലെ തോന്നി അവനു.

ഓഫീസിൽ എത്തിയ ഗൗതമിനെ മാധവ് മേനോന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. അവിടെ ജീവനും ഉണ്ടായിരുന്നു അവന്റെയൊപ്പം ദേവ്നിയും ചേർന്നു നിന്നിരുന്നു. “ഗുഡ് മോർണിംഗ് സർ” പരിചിതമായ ശബ്ദം കേട്ടു എല്ലാവരും തിരിഞ്ഞു നോക്കി… ഒരു സ്കിൻ ഫിറ്റ് ടൈറ്റ് ജീൻസും സ്ലീവ് ലെസ്സ് ടോപ്പ് ഇട്ടുകൊണ്ടു മോഡർൻ ലുക്കിൽ ശീതൾ. “കമിങ് ശീതൾ” മേനോൻ സ്വീകരിച്ചു. “ഗൗതം… ജീവൻ… ഇന്നു മുതൽ ഗൗതത്തിനെ ശീതൾ അസിസ്റ്റന്റ് ആകും.. അതുപോലെ ജീവനെ ദേവ്നിയും… ഒക്കെ” “താങ്ക് യൂ സർ” ദേവ്നി അതീവ സന്തോഷത്തിൽ പറഞ്ഞു. ജീവൻ ഒരു കൈ കൊണ്ടു അവളെ ചേർത്തു പിടിച്ചിരുന്നു… ദേവ്നിയുടെ സന്തോഷം കാണും തോറും… ജീവനോട് ചേർന്നു നിൽക്കുന്നത് കാണും തോറും ഗൗതമിന്റെ കണ്ണിൽ തീ പടർന്നു. …തുടരും

Share this story