നിലാവിനായ് : PART 7

നിലാവിനായ് : PART 7

എഴുത്തുകാരി: സേഷ്മ ധനേഷ്‌

ദേവ്നിയുടെ സന്തോഷം കാണും തോറും… ജീവനോട് ചേർന്നു നിൽക്കുന്നത് കാണും തോറും ഗൗതമിന്റെ കണ്ണിൽ തീ പടർന്നു. ദേവ്നി പക്ഷെ ഏറെ സന്തോഷവതിയായിരുന്നു. “ദേവ്നി ശീതൾ… നിങ്ങൾ പൊയ്ക്കൊള്ളു” മേനോൻ പറഞ്ഞു തീരും മുന്നേ ദേവ്നി ചാടി തുള്ളി പുറത്തെത്തി. അവളുടെ ചാട്ടവും സന്തോഷവുമാണ് ഗൗതമിൽ ഏറ്റവും ദേഷ്യം പിടിപ്പിച്ചത്. അവൾ എന്നെ അസിസ്റ്റന്റ് ആയിരുന്നപ്പോൾ എന്നതായിരുന്നു ഒരു പ്രശ്നം. കുറച്ചധികം പണികൾ എടുപ്പിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ… ജീവൻ ആണെങ്കി മഹാ മൊരടൻ ആണെന്ന് മിക്ക സ്റ്റാഫ് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇവരുടെ അടുത്തുള്ള പെരുമാറ്റം കാണുമ്പോ അങ്ങനെ തോന്നുന്നുമില്ല.

“ഗൗതം… എന്താ ആലോചിച്ചു നിൽക്കുന്നെ” മേനോന്റെ ഉറച്ച ശബ്ദമാണ് അവനെ ആത്മഗതത്തിൽ നിന്നും ഉണർത്തിയത്. “ഒന്നുമില്ല” ആ ഒരൊറ്റ വാക്കിൽ തന്നെയുണ്ടായിരുന്നു അവന്റെ ഇഷ്ടകേട്. അതു എന്തിനെന്ന് മാത്രം മേനോന് മനസിലായില്ല. ജീവനും അത്ഭുതപ്പെട്ടു തന്നെ ഗൗതമിനെ നോക്കി നിന്നു. പെട്ടന്ന് തന്നെ ഗൗതം അവന്റെ മുഖത്തെ ഈർഷ്യ മറയ്ക്കാൻ ശ്രമിച്ചു. പിന്നീട് കുറച്ചു സമയം ജീവൻ ബാംഗ്ലൂര് ബിസിനെസ്സ് മീറ്റിനെ കുറിച്ചും പുതിയ ക്ലൈൻറ്‌സ് കുറിച്ചുമൊക്കെ വിശദമായി മേനോനോട് പറഞ്ഞു കൊണ്ടിരുന്നു. ഗൗതം ആ സമയങ്ങളിലെല്ലാം ജീവനെ നോക്കി കാണുകയായിരുന്നു. ബിസിനസിലേക്ക്… ആ വിഷയത്തിലേക്ക് സഞ്ചരിക്കുമ്പോൾ അവന്റെ സംസാര ഭാഷ മാത്രമല്ല ശരീരം പോലും ആ തരത്തിൽ ഒരുപോലെ ബിസിനെസ്സ് എന്ന വിഷയത്തോട് ചേർന്നു കിടക്കുന്നു…

ജീവന്റെ കണ്ണുകളിലെ ദൃഢത സംസാര ശൈലി കൈകളും കണ്ണുകളുമൊക്കെ സഞ്ചരിക്കുന്ന വഴികൾ എല്ലാം എല്ലാം തന്നെ ഗൗതം നോക്കി പഠിക്കുകയായിരുന്നു. ശരിക്കുമൊരു ബിസിനസ് മാൻ. ഇടയ്ക്കൊന്നു മേനോൻ ഗൗതത്തിനെ പാളി നോക്കി… അവന്റെ കണ്ണുകൾ ജീവനിൽ ആണെന്ന് മനസിലാക്കിയ മേനോന്റെ മുഖത്തു ഒരു ചിരി വിടർന്നു. അവൻ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്… അതു മതി… അവനിലുള്ള ആത്മവിശ്വാസം കൂടി കൂടി വരുന്നുണ്ട് ഓരോ ദിവസം ചെല്ലുംതോറും. “പിന്നെ ഇന്നലെ ഒരു ഇൻസിഡന്റ ഉണ്ടായി. സത്യത്തിൽ ഞാൻ നേരം വൈകാൻ അതാ കാരണം ” മേനോനും ഗൗതവും എന്താണെന്ന ചോദ്യത്തോടെ ജീവന് നേരെ തിരിഞ്ഞു. “രാജ് ഗ്രൂപ്‌സ് കേട്ടിരിക്കുമല്ലോ… അതിന്റെ സാരഥി പ്രകാശ് രാജ് സർ ഇന്നലെ വഴിയിൽ വെച്ചു കണ്ടു.

അദ്ദേഹവും അവരുടെ സഹോദരിയുടെ മകളും മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്രതീക്ഷിതമായി ഒരു ചെസ്റ്റ് പെയിൻ. തക്ക സമയത്തു ഹോസ്പിറ്റലിൽ ആക്കാൻ സഹായിച്ചു… ഒന്നു ഭേദം ആയപ്പോഴാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്” “ആഹാ… അങ്ങനെയൊന്ന് നടന്നോ… ഇന്നലെ പറഞ്ഞില്ലലോ” പെട്ടന്ന് തന്നെ കൃഷ്ണൻ പറഞ്ഞ വാക്കുകൾ മൂന്നുപേരുടെയും ചെവിയിൽ ഒന്നുകൂടി അലയടിച്ചു… മൂവരും മൗനമായിരുന്നു. “രാജ് ഗ്രൂപ്‌സ് കേരളത്തിൽ വേര് പിടിപ്പിക്കാൻ നോക്കുന്നുവെന്നു ഞാൻ അറിഞ്ഞിരുന്നു… അവരുടെ എല്ലാം ബാംഗ്ലൂര് ആണ്… അയാൾ നല്ല ഒന്നാം തരം കച്ചവടക്കാരൻ ആണ്. നാട്ടിൽ 20000sqt ഒരു സൗധം പണിയാൻ ആൾ ഉദ്ദേശിക്കുന്നുണ്ട്. പല ബിൾഡേഴ്‌സ് അയാളുടെ പുറകെയുണ്ട്. ആർക്കും പിടി കൊടുത്തിട്ടില്ല. ഏകദേശം 50 കോടിയിൽ വരുന്ന ഒരു പ്രോജക്ട് ആണ് ഉദ്ദേശിക്കുന്നത്…

പക്ഷെ അതു വില കുറച്ചു കാണേണ്ട… അതു നന്നായാൽ അടുത്ത ബിസിനസ് 500 കോടിയിൽ വരുന്ന ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രോജക്ട് ആണ്. ഇതു ഏറ്റവും നന്നായി ചെയ്യുന്നവർക്ക് തന്നെ ആ ബിസിനെസ്സ് അയാൾ കൊടുക്കും. അതു ഉറപ്പാണ്” “അച്ഛൻ ഇതിനെ കുറിച്ചു നന്നായി ഒരു പഠനം നടത്തിയിട്ടുണ്ടല്ലോ” മേനോന്റെ സംസാരത്തിൽ ഗൗതം തമാശ രൂപേണ ചോദിച്ചു. “ഗൗതം… ബിസിനെസ്സ് ആണ്. ഏത് സമയവും നമ്മുടെ കണ്ണും കാതും കൂർപ്പിച്ചിരിക്കണം. മാർക്കറ്റിൽ നമ്മൾ എപ്പോഴും ആക്ടിവ് ആയിരിക്കണം. ബിസിനസിൽ ഒന്നാമത്തെ പാഠം അതാണ്” ജീവൻ ആയിരുന്നു അതിനുള്ള മറുപടി നൽകിയത്. അതു ശരി വയ്ക്കുന്ന മുഖഭാവം ആയിരുന്നു മേനോനും. മേനോൻ ഫോൺ എടുത്തു ശീതളിനോടും ദേവ്നിയോടും ക്യാബിനിലേക്ക് വരാൻ പറഞ്ഞു.

അവരും വന്നതിനു ശേഷം മേനോൻ പറഞ്ഞു തുടങ്ങി. “ജീവൻ ആൻഡ് ഗൗതം നിങ്ങൾക്ക് രണ്ടു പേർക്കും ഞാൻ ഇപ്പൊ ഒരു ജോലി നൽകുകയാണ്. നേരത്തെ പറഞ്ഞ രാജ് ഗ്രൂപ്സിന്റെ ആ സൗധം… ആ പ്രോജക്ട് നമുക്ക് കിട്ടണം. നിങ്ങൾ രണ്ടു പേരും ഓരോ പ്രോജക്ട് സബ്മിറ്റ് ചെയ്യണം. ഒപ്പം അതിന്റെ പ്രെസെൻന്റേഷൻ കൂടി വേണം. വീടിന്റെ ബ്ലൂ പ്രിന്റ് എസ്റ്റിമേറ്റ് എല്ലാം വേണം… അവരുടെ മാനേജർ നമുക്ക് ഒരു കൊട്ടഷൻ അയച്ചിരുന്നു. രണ്ടാഴ്ച സമയമുണ്ട് അതിനുള്ളിൽ റേഡിയാക്കണം.” “ഒക്കെ സർ” അവർ എല്ലാവരും എഴുനേറ്റു തങ്ങളുടെ ക്യാബിനിലേക്ക് പോയി. ദേവ്നി ഇത്രയും സമയം കൊണ്ടു തന്നിലേക്ക് വരുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്യുമെന്ന് ഗൗതം വെറുതെയെങ്കിലും ആഗ്രഹിച്ചു. പക്ഷെ ജീവന്റെ കയ്യിൽ തൂങ്ങി നടക്കുന്നതാണ് അവൻ കാണുന്നത്.

അതു കാണും തോറും അവന്റെ മുഖത്തെ പച്ച ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ഗൗതത്തിന്റെയും ജീവന്റെയും ക്യാബിൻ അടുത്തടുത്തായിരുന്നു. അവരുടെ ക്യാബിൻ ഉള്ളിൽ തന്നെയായിരുന്നു ദേവ്നിക്കും ശീതളിനും ഉള്ള സീറ്റ്. ജീവന്റെ ക്യാബിൻ ഡോർ ദേവ്നി അടച്ചു ഉള്ളിലേക്ക് കയറുന്നത് നോക്കി നിൽക്കാൻ മാത്രമേ ഗൗതത്തിനു ആയുള്ളൂ. “ജീവൻ സാറേ…” ദേവ്നിയുടെ വിളിക്കു രൂക്ഷത്തിൽ ഉള്ള ഒരു നോട്ടമായിരുന്നു അവന്റെ മറുപടി. “ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട… ഇയാൾ രണ്ടു ദിവസം കഴിഞ്ഞു വരൂ എന്നു പറഞ്ഞിട്ടു” “നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ എന്റെ ദേവാ” അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടു അവൻ മറുപടി പറഞ്ഞു.

“ഹൂ.. എനിക്ക് വേദനിച്ചു കേട്ടോ” അവന്റെ കൈകൾ തട്ടി മാറ്റി അവൾ തന്റെ ചുവന്ന മൂക്കിൻ തുമ്പിൽ പതുക്കെ തലോടി ചിരിച്ചു. അവരുടെ കളി ചിരികൾ എല്ലാം തന്നെ ലാപ്‌ടോപ്പിൽ തെളിഞ്ഞ സിസിടീവി വിഷൽസ് നോക്കി പല്ലിറുമുകയായിരുന്നു ഗൗതം… കയ്യിലെ ഫിംഗേർബോൾ ആയിരുന്നു അവന്റെ അന്നേരത്തെ ദേഷ്യം അറിഞ്ഞ വസ്തു. “അല്ല ഏട്ടാ… ഈ ശീതൾ ആൾ എങ്ങനെ” ദേവ്നി അവളുടെ പേര് എടുത്തു ചോദിച്ചതും ജീവന്റെ മുഖം പെട്ടന്ന് മങ്ങിയിരുന്നു. “അല്ല… അവൾ ഇവിടെ ജോലിക്ക് വരാനുള്ള പ്രധാന കാരണം വിണ്ണിലെ നക്ഷത്രത്തെ ഒരു താലിയിൽ കുരുക്കി നെഞ്ചിൽ ചേർക്കാൻ ആണോയെന്നൊരു സംശയം” ദേവ്നി സത്യത്തിൽ ഒന്നു എറിഞ്ഞു നോക്കിയതാണ്…

ജീവൻ എന്ന മീൻ കൊളുത്തുമോ എന്നറിയാൻ. “പ്രധാന കാരണം അതു തന്നെയാണ് ദേവ. മാധവ് മേനോന്റെ പ്രിയ പത്നി സുഭദ്ര മാധവ് മേനോന്റെ ഒരേയൊരു സഹോദരൻ കൃഷ്‌ണൻ മേനോന്റെ ഒറ്റ മകളാണ്… ശീതൾ കൃഷ്ണൻ” “ആഹാ… അപ്പൊ പറഞ്ഞു വരുമ്പോൾ ഏട്ടന്റെ മുറപ്പെണ്ണ് അല്ലെ… അപ്പൊ ആ പ്രയോരിറ്റി നിങ്ങൾക്ക് അല്ലെ” “ഹും… മുറചെറുക്കൻ” അവന്റെ വാക്കുകളിൽ പുച്ഛവും പരിഹാസവും കലർന്നിരുന്നു. “നല്ല ഒന്നാം തരം തേപ്പു കിട്ടി കരിഞ്ഞ മണം നന്നായി വരുന്നുണ്ടല്ലോ വാക്കുകളിൽ ” നീയും തുടങ്ങിയോ കളിയാക്കുവാൻ അവന്റെ ചോദ്യത്തിൽ നല്ല വിഷമം ഉണ്ടെന്നു അവൾക്കു മനസിലായി. അവന്റെ നെഞ്ചിൽ തന്റെ ചൂണ്ടു വിരൽ കുത്തി നിർത്തി അവൾ പറഞ്ഞു.

“ഈ ഏട്ടനോട് ഇങ്ങനെ കുറുമ്പ് പറയാൻ എനിക്ക് മാത്രമേ അധികാരമുള്ളു… എനിക്കും വേറെയാരുമില്ലാലോ ഇങ്ങനെ കുറുമ്പ് കാണിക്കാൻ” അത്രയും പറഞ്ഞുകൊണ്ടു അവന്റെ തോളിലേക്ക് അവൾ ചാഞ്ഞു. അത്രമാത്രം കണ്ടു നിൽക്കാൻ മാത്രമേ ഗൗതമിനും കഴിഞ്ഞുള്ളു… അവൻ ദേഷ്യത്തിൽ ലാപ് ടോപ്പ് വലിച്ചടച്ചു. ദേഷ്യത്തിൽ കൈമുഷ്ടിയിൽ ഫിംഗർ ബോൾ ചുരുട്ടി പിടിച്ചിരുന്നു. തനിക്ക് എന്താ ഇത്ര ദേഷ്യം വരാൻ കാരണം. അവളെക്കാൾ എത്രയോ സുന്ദരികളെ കണ്ടിട്ടുണ്ട്… പക്ഷെ ഇവളെപോലെ ഒന്നിനെ കണ്ടിട്ടില്ല എന്നുള്ളതും സത്യം. തന്നെ ആരാധനയോടെ നോക്കാതെ താനും ഒരു മനുഷ്യ ജീവി മാത്രമാണെന്ന് ഓർമിപ്പിച്ച ഒരേയൊരു വ്യക്തി. വെറും സാധാരണക്കാരൻ എന്ന പോലെ പെരുമാറി.

ബാക്കിയുള്ളവർ എല്ലാം തന്നെ തന്റെ സ്റ്റാർ വാല്യു മാത്രമാണ് നോക്കിയത്. ഇപ്പൊ കൂടെയുള്ള ശീതൾ പോലും അങ്ങനെ തന്നെ. പക്ഷെ ദേവ്നി… അവളുടെ കണ്ണുകളിൽ എന്നെ കാണുമ്പോൾ തെളിയുന്ന ഭാവം എന്താണെന്ന് മനസിലാകുന്നില്ല. ഒന്നുറപ്പാണ് ആരാധനയോടെ തന്നെ നോക്കാത്ത ഒരേയൊരു നോട്ടം അവളിൽ മാത്രമാണ് താൻ കണ്ടത്. അതു ഒന്നുമാത്രം തന്നെയാണ് അവളിലേക്ക് തന്നെ അടുപ്പിക്കുന്നതും. അവളോട്‌ ഇഷ്ടം ഉണ്ട്. അതു പ്രണയമാണോ. അതുകൊണ്ടാണോ തന്നെ അവഗണിക്കുമ്പോൾ ദേഷ്യം തോന്നുന്നെ… അവനു ആലോചിക്കുംതോറും തലക്ക് ഭ്രാന്തു പിടിക്കുന്നപോലെ… അവൻ തല കുടഞ്ഞിരുന്നു… മതി… അച്ഛൻ പറഞ്ഞ പ്രോജക്ട്…

അതിലേക്ക് ശ്രെദ്ധ കൊടുക്കണം. ശരിക്കും എന്റെ കഴിവ് തെളിയിക്കാൻ അച്ഛനായി തന്ന ഒരു അവസരം. ഞാൻ തെളിയിച്ചു കൊടുക്കണം… എങ്കിലും ദേവ്നി… അവൾ അവന്റെയുള്ളിൽ ചോദ്യമായി അവശേഷിക്കാൻ തുടങ്ങിയിരിക്കുന്നു. ദേവ്നി ജീവന്റെ തോളിൽ നിന്നും തലയുയർത്തി നോക്കി… “പറ ഏട്ടാ… എന്താ സംഭവം” “ഓഹ്… അങ്ങനെ കാര്യമായി പറയാൻ ഒന്നുമില്ല മോളെ… മുൻപ് ചെറുപ്പത്തിൽ ഇടക്കൊക്കെ കൃഷ്ണൻ അങ്കിൾ എന്നെയും കൂടെ കൂട്ടുമായിരുന്നു അവരുടെ വീട്ടിലേക്ക്… എനിക്ക് പോകാനും ഇഷ്ടമായിരുന്നു അതിനൊരു കാരണം ശീതൾ ആയിരുന്നു. അന്നൊക്കെ ഗൗതമിനേക്കാളും എന്നോട് ഒരു അടുപ്പം കൂടുതൽ ഉണ്ടായിരുന്നു അവൾക്ക്. ഗൗതം പെട്ടന്ന് ആരോടും കൂട്ടു കൂടാത്ത പ്രകൃതവും. അവന്റെ അമ്മ മരിച്ച ഷോക്ക്… ആ കുഞ്ഞു പ്രായത്തിൽ അവന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു…

ഇനിയൊരിക്കലും കിട്ടില്ലെന്ന്‌ കരുതിയ അമ്മയുടെ സ്നേഹം എന്റെയമ്മയിലൂടെ തിരികെ കിട്ടിയപ്പോൾ അതു നഷ്ടപ്പെടുമോയെന്നുള്ള പേടിയാണ് അവനെ എന്നിൽ നിന്നും അകറ്റിയത്. അവനെ കുറച്ചു ട്രീട്മെന്റ് കൗൻസ്‌ലിംഗ് ഒക്കെ ചെയ്താണ് അവന്റെ മനസിനെ നേരെയാക്കി കൊണ്ടുവന്നത്. എനിക്ക് അവനോടു അതുകൊണ്ടു തന്നെ ഒരു പിണക്കവുമില്ലടോ. പിന്നെ ശീതൾ… ചെറുപ്പത്തിലേ പ്രസവിച്ച അമ്മയിൽ നിന്നുപോലും കിട്ടിയ അവഗണനയിൽ ഒരു പരിധി വരെ ഞാൻ പിടിച്ചു നിന്നത് ശീതൾ വച്ചു നീട്ടിയ ഒരു നിഷ്കളങ്ക സ്നേഹത്തിന്റെ പുറത്താണ്. അവൾക്കു എന്നെ അത്രക്കും ഇഷ്ടമായിരുന്നു. കൃഷ്ണൻ അങ്കിളിന്റെ വീട്ടിലും അവഗണനയൊക്കെ തന്നെയായിരുന്നു.

പറമ്പിലെ ഒരു പണിക്കാരന്റെ പോലെയാണ് എന്നെ കണ്ടിരുന്നത്. തേങ്ങാ പെറുക്കി ഇടാനും എണ്ണം എടുക്കാനും ഒക്കെ… പൈസയില്ലാതെ 3 നേരം ഭക്ഷണം മാത്രം കൊടുത്താൽ മതിയാകുന്ന ഒരു പണികാരൻ. ശീതൾ അന്ന് ചെറുതല്ലേ… അവളും കൂടും എന്റെ കൂടെ… ആദ്യമാദ്യം കൃഷ്ണൻ അങ്കിൾ അവളോട്‌ ദേഷ്യപ്പെട്ടു എങ്കിലും പിന്നേം അവൾ എന്നെ ചുറ്റി പറ്റി തന്നെ നിൽക്കും… അവളുടെ ചുണ്ടിൽ എനിക്കായി കരുതിയിരുന്ന പുഞ്ചിരിയുണ്ട്.. എന്തുകൊണ്ടോ എനിക്ക് അതുമാത്രം മതിയായിരുന്നു… പക്ഷെ അതിനും ആയുസ്സ് കുറവായിരുന്നു ദേവാ… അവൾക്കു ബോധവും വിവരവുമൊക്കെ വച്ചു തുടങ്ങിയപ്പോൾ അവളുടെ അച്ഛന്റെ സ്ഥിരമായുള്ള വാക്കുകളിലൂടെ അവളുടെ മനസിനെയും മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നുവേണം കരുതാൻ…

അവളുടെ ഭാഗത്തു നിന്നു പ്രവർത്തികളിലൂടെ എന്നോടുള്ള അവഗണന അവൾ പറയാതെ പറയാൻ തുടങ്ങിയപ്പോൾ ഞാൻ അവിടേക്ക് പോകുന്നത് നിർത്തി. ഇപ്പൊ അങ്കിളിന്റെ ഉപദേശം കൊണ്ടോ എന്തോ ഗൗതമിനെ നേടിയെടുക്കാനുള്ള ഒരു വാശി അവളുടെ കണ്ണുകളിൽ കാണുന്നുണ്ട്. അന്ന് അവളിൽ ഒരു നിഷ്കളങ്ക സ്നേഹമാണ് ഉണ്ടായിരുന്നത്… ഇന്ന് അതില്ല… ഇത്രയും ഉള്ളു എന്റെ തേപ്പു കഥ… പക്ഷെ ഇതിനെ തേപ്പ് എന്നൊന്നും പറയാൻ പറ്റില്ല” ജീവൻ പറഞ്ഞു നിർത്തുമ്പോൾ ദേവ്നിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ഒരുപാട് അനുഭവിച്ചിട്ടുണ്ട് അല്ലെ” “ആ ഒരു കാര്യത്തിൽ… അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ കാര്യത്തിൽ എന്നെക്കാൾ സമ്പത്തു നിനക്കാണെന്നു അറിയാം.

അവർ ഇരുവരുടെയും സ്നേഹം ആവോളം കിട്ടിയിട്ടില്ലേ നിനക്കു” അവൾ കണ്ണുകൾ അടച്ചു കരച്ചിലിനിടയിലും പുഞ്ചിരിച്ചു കൊണ്ടു സമ്മതിച്ചു. “നമുക്ക് ആരെയും കുറ്റം പറയാൻ കഴിയില്ല. എനിക്ക് ജന്മം തന്ന വ്യക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒരിക്കൽ കൃഷ്‌ണൻ അങ്കിൾ പറയുന്ന കേട്ടിട്ടുണ്ട് അമ്മയെ പറ്റിച്ചു കടന്നു കളഞ്ഞതാണെന്നു.. പക്ഷെ അമ്മയുടെ വായിൽ നിന്നും ഒരിക്കൽ പോലും ആ വ്യക്തിയെ കുറിച്ചു അപമര്യാദയായ ഒരു വാക്ക് പോലും പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല… അമ്മക്ക് എന്നെ അവഗണിക്കാൻ കാരണമുണ്ട്. അവരുടെയും സഹോദരന്റെയും നിലനിൽപ്. അമ്മ മരിച്ചുപോയ വിഷമത്തിൽ മനസു ചാഞ്ഞു നിൽക്കുന്ന കുരുന്നിന്റെ മുന്നോട്ടുള്ള ജീവിതം… അങ്ങനെ അങ്ങനെ… ഇതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല ദേവാ” “ഏട്ടന് മാത്രമേ ആരുടെ പേരിലും കുറ്റം കാണാതിരിക്കാൻ ആകുന്നുള്ളൂ… എങ്ങനെ ഇങ്ങനെ പോസിറ്റീവ് ആയി കാര്യങ്ങൾ എടുക്കുന്നെ” കണ്ണുകൾ തുടച്ചുകൊണ്ടു ദേവ്നി വീറോടെ ചോദിച്ചു.

“ആഹാ… കുട്ടി ചാർജ് ആയല്ലോ… അങ്ങനെ ചോദിച്ചാൽ… നെഗറ്റീവ് കണ്ടുപിടിച്ചിട്ട് എന്താ കാര്യം.. ഉം… പറ … അങ്ങനെ വരുമ്പോൾ നമ്മുടെ മനസു ചിലപ്പോ ചെകുത്താൻ കീഴ്പെടുത്തും… നെഗറ്റീവ് ചിന്തകൾ കൂടുമ്പോൾ പകയും പ്രതികാരവും കൂടും… നമ്മളും അവർ ചെയ്യുന്ന തെറ്റിനേക്കാൾ ഇരട്ടി തെറ്റിലേക്ക് പോകും… എന്തിനാ വെറുതെ ആവശ്യമില്ലാത്ത ചിന്തകൾ കൊണ്ടു മനസു കുഴപ്പിക്കുന്നത്… പിന്നെ ഈ ഒറ്റപ്പെടൽ എനിക്ക് സത്യത്തിൽ ഒരു അനുഗ്രഹമായിരുന്നു… വാശിയോടെ പഠിച്ചു മുന്നേറാൻ… ഒരിക്കൽ ഈ ലക്ഷ്മി ഗ്രൂപ്‌സ് നിന്നും ഒരു പടിയിറക്കം ഉണ്ടെനിക്ക്… സന്തോഷത്തോടെ ഇറങ്ങണം… സത്യത്തിൽ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി എന്നും പറയാം. ഒറ്റക്ക് കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഞാൻ നേടിയെടുത്തത് എല്ലാവരും എനിക്ക് വച്ചു നീട്ടിയ അവഗണന ഒന്നുകൊണ്ടു മാത്രമാണ്… അതുകൊണ്ടു സത്യത്തിൽ ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു…”

“നിങ്ങൾ വല്ല ഉപദേശകനും ആകേണ്ട ആളാണെന്ന എനിക്ക് തോന്നുന്നെ” “എനിക്ക് അത്യാവശ്യമായി ഒന്നു പുറത്തേക്കു പോകേണ്ട ആവശ്യമുണ്ട്… മോൾ ഇത്ര നേരം കഥ കേട്ടിരുന്നു സുഖിച്ചില്ലേ… അത്രയും മതി… പോയി ജോലിയെടുക്കു ദേവ്നി” ടേബിളിൽ അലസമായി ചാരിയിരുന്ന ദേവ്നി അവന്റെ ശബ്ദമാറ്റത്തിൽ പേടിച്ചു ഒറ്റയടിക്ക് സ്റ്റഡി ആയി നിന്നു വിറച്ചു. അവന്റെ നേരെ നോക്കി ചുണ്ട് കോട്ടി തന്റെ സീറ്റിൽ പോയിരുന്നു… “ഇങ്ങനെയൊരു കുറുമ്പി പെണ്ണ്” ജീവൻ മനസിൽ പറഞ്ഞു കൊണ്ടു പുറത്തേക്കു പോയി. ജീവൻ ആദ്യം പോയത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു. പക്ഷെ അവൻ ചെല്ലുമ്പോഴേക്കും പ്രകാശ് രാജ് ഡിസ്ചാർജ് ആയി പോയിരുന്നു.

എങ്കിലും ജീവൻ അന്വേഷിച്ചു ചെല്ലുകയാണെങ്കി കൊടുക്കുവാൻ പറഞ്ഞു പ്രകാശിന്റെ പേർസണൽ വിസിറ്റിംഗ് കാർഡ് റിസപ്ഷനിൽ കൊടുത്തേൽപിച്ചിരുന്നു. അതിലെ നമ്പറിൽ വിളിച്ചപ്പോൾ അവനെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. പ്രകാശിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ജീവൻ. എങ്കിലും എന്തോ ഒന്നു അവിടേക്ക് പോകുവാൻ പിൻവലിക്കുന്നു. പക്ഷെ പ്രകാശിന്റെ കണ്ണിൽ കാണുന്ന ഒരച്ഛന്റെ വാത്സല്യം തന്നെ അയാളിലേക്കു അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് അവനു തോന്നി. എന്തും വരട്ടെയെന്നു കരുതി ജീവൻ മുന്നോട്ടു തന്നെ പോയി കൊണ്ടിരുന്നു. ജീവൻ അത്യാവശ്യം ജോലികൾ ചെയ്യാൻ അവളെ ഏല്പിച്ചിരുന്നു. അതു തീർത്തു വന്നപ്പോഴേക്കും ബ്രേക്ക് സമയം പകുതിയായിരുന്നു.

ഫുഡ് കഴിക്കാനുള്ള ഹാളിൽ ചെല്ലുമ്പോൾ സ്വാതി അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ദേവ്നി അധികം ആരോടും കൂട്ടു കൂടില്ലെങ്കിലും സ്വാതിയോട് ഒരു പരിധിക്ക് അപ്പുറമുള്ള കൂട്ടു ദേവ്നിക്ക് ഇല്ലെങ്കിലും അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു ദേവ്നിയെ. അവൾ കൊണ്ടുവരുന്ന ഭക്ഷണം ആകെ പങ്കു പറ്റി കഴിക്കുന്നത് സ്വാതി മാത്രമാണ്. സ്വാതിക്ക് അതു ഭയങ്കര ഇഷ്ടവുമാണ്. ദേവ്നി ഒരു ചിരിയോടെ അവൾക്കരുകിലേക്കു വന്നിരുന്നു. അവർ ഓരോന്ന് പറഞ്ഞു കൊണ്ടു തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി. “ജീവൻ സർ പുറത്തു പോയല്ലേ” സ്വാതി കഴിക്കുന്നതിനിടയിൽ ചോദിച്ചു. “ജീവൻ സാർ ഇപ്പൊ എവിടെ പോകുനെങ്കിലും നിന്നോട് പറഞ്ഞിട്ടെ പോകുവെന്നു തോന്നുന്നുവല്ലോ” കളിയാക്കിയുള്ള ചോദ്യം പുറകിൽ ഇരുന്ന ശീതൾ പറഞ്ഞു കൊണ്ടു ദേവ്നിയുടെ മുന്നിൽ വന്നു നിന്നു.

ദേവ്നി അവളെയൊന്നു ആകമാനം ഉഴിഞ്ഞു നോക്കി. ശേഷം ഭക്ഷണത്തിൽ ശ്രെദ്ധ തിരിച്ചു. “എന്താടി നിന്റെ വായിൽ നാക്കില്ലേ” ശീതൾ ചോദ്യങ്ങൾ കൊണ്ടു അവളെ പ്രകോപിപിച്ചു കൊണ്ടിരുന്നു. “അർഹിക്കുന്നവർക്കെ ഈ ദേവ്നി കൃത്യമായ മറുപടി നൽകാറുള്ളൂ” അത്രയും പറഞ്ഞു ഭക്ഷണം കഴിച്ചു എഴുനേറ്റു… “അങ്ങനെയങ്ങു പോയാലോ… ഇപ്പോ അയാൾ വച്ചിരിക്കുന്നത് നിന്നെയാണോ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അയാളെ വളച്ചു കുപ്പിയിൽ ആക്കിയപോലെ ഗൗതമിന്റെ അടുത്തു നിന്റെ ഇളക്കവുമായി വന്നലുണ്ടല്ലോ…” ശീതൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ ദേവ്നിയുടെ എച്ചിൽ കൈ ആ വെളുത്ത കവിളിൽ മുദ്ര പതിപ്പിച്ചിരുന്നു. “ലൂക്ക് മോഡർന് ആണെങ്കിലും നിന്റെ വായ തുറന്നാൽ വരുന്നത് ലോക്കൽ ഭാഷയാണല്ലോ… കഷ്ടം” ….

അത്രയും പറഞ്ഞു തിരിഞ്ഞു നിന്ന ദേവ്നി കാണുന്നത് തങ്ങളെ നോക്കി നിൽക്കുന്ന ഗൗതമിനെയാണ്. ശീതൾ അതു കണ്ടതും അവനരികിലേക്കു ഓടി ചെന്നു… അതും കരഞ്ഞു നില വിളിച്ചുകൊണ്ടു. “കണ്ടില്ലേ ഗൗതം… ഒരാവശ്യവുമില്ലാതെ എന്റെ കവിളിൽ തല്ലി. അതും ഇവിടുത്തെ ഒരു ജോലിക്കാരി… എന്നോട് ഇങ്ങനെ ചെയ്യാൻ പാടുണ്ടോ” ശീതൾ പൂങ്കണ്ണീർ വാർത്തു കൊണ്ടിരുന്നു. “ദേവ്നി കം ടു മൈ ക്യാബിൻ ” ഗൗരവത്തോടെയുള്ള അവന്റെ ആജ്ഞ തന്നെയായിരുന്നു അതു. ഒരു നിമിഷം ദേവ്നി തറഞ്ഞു നിന്നു. പിന്നെ വേഗം ചെന്നു കൈ കഴുകി അവന്റെ ക്യാബിനിലേക്ക് ചെന്നു. അവന്റെ മുറുകിയിരിക്കുന്ന മുഖത്തിനു അപ്പോഴും ഒരു അയവ് വന്നിരുന്നില്ല. ഗൗരവും ദേഷ്യവും എല്ലാം തന്നെ നിറഞ്ഞു നിന്നിരുന്നു. “സർ” “തനിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കി ഇവിടെ വന്നു പറയാം.

അല്ലാതെ ഇവിടെയുള്ളവരെ കൈ കരുത്തു കൊണ്ടു പകരം ചോദിക്കുകയല്ല വേണ്ടത്. ഇതൊരു വലിയ സ്ഥാപനം അല്ലെ. ആ ഒരു മാന്നേർഴ്‌സ് കാണിക്കണ്ടേ” “എന്നോട് അനാവശ്യം ആരു പറഞ്ഞാലും ഞാൻ പ്രതികരിക്കും” “ഇപ്പോൾ പോലും അഹങ്കാരം ആണല്ലോ തന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു ക്ഷമ പറയാനുള്ള മര്യാദ പോലും തനിക്കില്ലേ” “ഇവിടെ ഇപ്പൊ ക്ഷമ പറയാനുള്ള തെറ്റു ഞാൻ ചെയ്തെന്നു എനിക്ക് തോന്നുന്നില്ല. എനിക്ക് ശരിയെന്നു തോന്നുന്നതെ ഞാൻ ചെയ്യൂ” “പിന്നെ അവളാണോ തെറ്റ് ചെയ്തത്” “ഓഹ്.. അപ്പൊ സർ ഇതൊന്നും അന്വേഷിക്കാതെയാണോ കുറ്റവിചാരണ നടത്തി ശിക്ഷ വിധിക്കാൻ പോകുന്നത്” പുച്ഛത്തോടെയുള്ള മറു ചോദ്യമാണ് അവൾ ചോദിച്ചത്. “തനിക്ക് പിടിക്കാത്തത് പറഞ്ഞാൽ താൻ അടിക്കുവോ… അതു ആരായാലും താൻ ചെയ്യുവോ…”…

ഗൗതം പറഞ്ഞു കൊണ്ടു ദേവ്നിയുടെ മുന്നിലേക്ക് നടന്നു വന്നു. സാധാരണ സിനിമകളിൽ കാണുന്ന ഒരു രംഗം തന്നെയായിരുന്നു അവന്റെ മനസിൽ. നായകൻ മുന്നോട്ടു വരുമ്പോൾ പുറകിലേക്ക് വച്ചടിക്കുന്ന നായിക. പക്ഷെ ഇവിടെ ദേവ്നിയുടെ കണ്ണുകൾക്ക്‌ മുന്നിൽ ഗൗതം ഒന്നു പതറി. അവൾ പിന്നോട്ട് ഒരടി വച്ചില്ല എന്നു മാത്രമല്ല… താൻ എത്രത്തോളം പോകുമെന്നറിയാൻ അവൾ മാറിൽ കൈകൾ പിണച്ചു കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്നു. ആ കൂർത്ത മിഴികളിൽ ചുവപ്പു പടരുന്നുണ്ട്. തനിക്ക് ഏറെ കാണാൻ ഇഷ്ടമുള്ള അവളുടെ കവിളിലെ നുണകുഴി ഇത്ര വേഗം തൂർന്നോ… അതു കാണുന്നേയില്ല. ഒരു ശ്വാസ നിശ്വാസത്തിന്റെ ദൂരത്തിൽ എത്തിയിട്ടും അവൾക്ക് യാതൊരു ഭാവമാറ്റവുമില്ല… എന്നാ പിന്നെ ഒന്നു പേടിപ്പിച്ചിട്ട് തന്നെ കാര്യം… അവൻ മനസിൽ പറഞ്ഞു കൊണ്ടു ഗൗതമിന്റെ കൈകൾ ദേവ്നിയുടെ തോളിൽ അമർന്നതും അവന്റെ കവിളുകൾ പുകച്ചു കൊണ്ടു അവളുടെ കൈകളും ഉയർന്നു താണു. …തുടരും

Share this story