നിലാവിനായ് : PART 8

നിലാവിനായ് : PART 8

എഴുത്തുകാരി: സേഷ്മ ധനേഷ്‌

അവൻ മനസിൽ പറഞ്ഞു കൊണ്ടു ഗൗതമിന്റെ കൈകൾ ദേവ്നിയുടെ തോളിൽ അമർന്നതും അവന്റെ കവിളുകൾ പുകച്ചു കൊണ്ടു അവളുടെ കൈകളും ഉയർന്നു താണു. ഒരു നിമിഷത്തേക്ക് ലോകം തന്നെ നിലച്ചു പോയപ്പോലെ… എല്ലാം ഒരു സ്തംഭനാവസ്ഥ. കവിളിൽ കൈകൾ ചേർത്തു കൊണ്ടു ഗൗതം പതുക്കെ മുഖമുയർത്തി അവളെ നോക്കി. അവളുടെ കണ്ണുകളിൽ അപ്പോഴും തീ പാറുകയായിരുന്നു. കുറച്ചു നിമിഷങ്ങൾ അവർ ഇരുവരുടെയും കണ്ണുകളിൽ തന്നെ നോക്കി നിന്നു. പെട്ടന്നാണ് ദേവ്നിക്ക് താൻ എന്താണ് ചെയ്തതെന്ന ബോധം വന്നത്. ആ നിമിഷത്തിൽ അവളുടെ ഹൃദയമിടിപ്പ് കൂടി. എന്തെന്നില്ലാത്ത ഒരു ഭയം അവളിൽ വന്നു നിറഞ്ഞു. ഒരടി പോലും മുന്നോട്ടോ പിന്നോട്ടൊ ചലിക്കാൻ കഴിയാത്ത അവസ്ഥ. ഗൗതത്തിന്റെ കണ്ണുകളിൽ ദേഷ്യത്തോടൊപ്പം തന്നെ മറ്റെന്തോ ഭാവങ്ങൾ മിന്നി മറയുന്നത് ദേവ്നി പകപ്പോടെ നോക്കി നിന്നു.

തന്റെ കൈ മുഷ്ടി ചുരുട്ടി അടുത്ത ഭിത്തിയിൽ ആഞ്ഞു ഇടിച്ചു… ഇടിയുടെ ശബ്ദത്തിൽ വിറച്ചു പോയ ദേവ്നി കണ്ണുകൾ ഇറുകെ പൂട്ടി നിന്നു. ശ്വാസനിശ്വാസം അകന്നു പോകുന്നപോലെ തോന്നിയ ദേവ്നി കണ്ണു തുറന്നു നോക്കുമ്പോൾ ക്യാബിൻ ഡോർ വലിച്ചു തുറന്നു പോകുന്ന ഗൗതമിനെയാണ് കണ്ടത്. കോറിഡോറിലൂടെ വേഗത്തിൽ കാലുകൾ വലിച്ചു വച്ചു നടക്കുമ്പോഴും ഗൗതം ആലോചിച്ചത് താൻ ഇത്ര വലിയ തെറ്റാണോ അവളോട്‌ ചെയ്തത്. തോളിൽ പിടിച്ചത്… തെറ്റു തന്നെയാണ്… ഒരു പെണ്ണിനെ അവളുടെ അനുവാദം കൂടാതെ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ പാടില്ലെന്ന് അറിയാം. എങ്കിലും… എന്നെ അവൾ ഒരു ആഭാസൻ ആയാണോ കാണുന്നത്. അല്ലെങ്കി എന്നെ തല്ലാൻ മാത്രം തെറ്റു എന്റെ ഭാഗത്തു നിന്നും… അല്ലെങ്കി തന്നെ ഒരു അപരിചിതൻ ആയല്ലേ കണ്ടത്…

എനിക്ക് മാത്രമാണോ അവളോട്‌ അടുപ്പം തോന്നിയത്…അവൻ പിന്നേം പിന്നേം ഓരോന്ന് ആലോചിച്ചു ദേഷ്യത്തിൽ കാർ എടുത്തു പോയി. തെല്ലൊരു വ്യഗ്രതയോടെയാണ് പ്രകാശ് രാജിന്റെ വീടിനു മുന്നിൽ ജീവൻ നിന്നത്. കാശിന്റെ പ്രതാപം വിളിച്ചോതുന്ന പ്രൗഢ ഗംഭീരമായ വീടായിരുന്നു അതു. മൂന്നുപേർക്ക് താമസിക്കാൻ ഇത്ര വലിയ വീടിന്റെ ആവശ്യമുണ്ടോ എന്നുപോലും അവൻ സംശയിച്ചു. ചുറ്റുപാടും വീക്ഷിക്കുന്ന സമയം അർച്ചന ആയിരുന്നു വാതിൽ തുറന്നു പുറത്തു വന്നത്. ജീവനെ കണ്ടു അവളുടെ രണ്ടു കണ്ണുകൾ തിളങ്ങി… ഒപ്പം ആകസ്മികമായ കാഴ്ചയിൽ ചുണ്ടിൽ അതിശയത്തിൽ പൊതിഞ്ഞ ചിരിയും 7″ ആകസ്മികമായി കണ്ടതിന്റെ എല്ലാ ആകാംക്ഷയും അവളുടെ വാക്കുകളിൽ പ്രകടമായി തന്നെ ഉണ്ടായിരുന്നു. അവനെ സെറ്റിയിൽ ഇരുത്തി.

“സർ കിടക്കുകയാണെങ്കി ഞാൻ പോയിട്ട് പിന്നെ വരാം” ജീവന് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. “യ്യോ… ഇവിടെ വരെ വന്നിട്ട് കാണാതെ പോയാൽ അങ്കിളിനു പിന്നെ അടുത്ത നെഞ്ചു വേദനക്ക് വേറെ ഒന്നും വേണ്ട. ഏട്ടൻ ഇരിക്ക്” സ്വാതന്ത്രത്തോടെയുള്ള അവളുടെ വാക്കുകൾ അവനിൽ ഒരുപാട് സന്തോഷം നിറച്ചു. ഒപ്പം തന്നെ താൻ കാണാതെ പോയാൽ അദ്ദേഹത്തെ പോലെ ഒരാൾ ഇത്ര വേദനിക്കാൻ എന്താ എന്നും അവൻ ആലോചിച്ചു…. “താൻ എന്നെ കാണാൻ വരുമെന്നു കരുതിയില്ലടോ… സന്തോഷം” ഗൗരവത്തോടെയുള്ള ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു സാധാരണക്കാരനെ പോലെ കാവി മുണ്ടും കോളർ ടൈപ്പ് ടീഷർട്ട് ധരിച്ചു പ്രകാശ് രാജ്. മുഖത്തെ ക്ഷീണമെല്ലാം മാറിയിരിക്കുന്നു. ഒരു പ്രഭാവലയം ആ മുഖത്തു തങ്ങി നിൽക്കുന്നപോലെ.

അത്രമാത്രം പ്രകാശമുണ്ടായിരുന്നു ആ മുഖത്തു. “താൻ ഇരിക്ക്” പ്രകാശ് ഇരുന്നതിനു ശേഷമാണ് ജീവൻ അയാൾക്ക്‌ എതിർവശം ഇരുന്നത്. “ഇപ്പൊ എല്ലാം ഒക്കെ ആയില്ലേ സർ” ജീവന്റെ ചോദ്യത്തിൽ ഒരു ഒഫീഷ്യൽ അന്വേഷണത്തിനും അപ്പുറം ഒരു ആത്മാർത്ഥത ഉണ്ടായിരുന്നുവെന്ന് പ്രകാശ് രാജിന് മനസിലായി. അയാൾ സന്തോഷപൂർവ്വം കണ്ണുകൾ അടച്ചു കാണിച്ചു. അവർക്ക് മുന്നിൽ പിന്നീട് മൗനമായിരുന്നു. തമ്മിൽ ഒന്നും ചോദിക്കാൻ ഇല്ലാത്ത പോലെ…. ജീവൻ വീട് മുഴുവൻ കണ്ണോടിച്ചു കണ്ടു. പഴമയുടെ പ്രൗഢി അങ്ങനെ തന്നെ നില നിർത്തിയുള്ള പണികളാണ് അധികവും. ചുമര്ചിത്രങ്ങളും പലവിധത്തിൽ ഉള്ള ചിത്രങ്ങള്കൊണ്ടും ആർട്ട് വർക്ക് കൊണ്ടും ആ വീട് മനോഹരമായിരുന്നു. സുഭദ്രയുടെ അത്രയും തന്നെ പ്രായം തോന്നുന്ന ഒരു സ്ത്രീയും അച്ചുവും കൂടെ വന്നു.

കയ്യിൽ രണ്ടു ഗ്ലാസ് ജ്യൂസ് കൂടിയുണ്ടായിരുന്നു. അവൾ അതു ജീവന് നേർക്ക് നീട്ടി. അവൻ കയ്യിൽ എടുത്തു. മറ്റേതു പ്രകാശ് രാജിനും കൊടുത്തു. “ഇതാണ് എന്റെ അമ്മ… എപ്പോഴും വീടിനുള്ളിൽ തന്നെയാണ്. അടുക്കള ഭരണം ആണ് ഏറ്റവും ഇഷ്ടം” ജീവൻ എണീറ്റു നിന്നു കൊണ്ടു അവർക്ക് നമസ്കാരം പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൻ കണ്ടു. അവനോടു സംസാരിച്ചില്ലെങ്കിലും സന്തോഷത്തിന്റെ പുഞ്ചിരി ചുണ്ടുകളിലും കണ്ണുനീരായി കണ്ണുകളിലും… അവനു സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നീട് ആരും പരസ്പരം സംസാരിക്കുന്നില്ല… ആ മൗനത്തിൽ വല്ലാത്ത ഒരു ശ്വാസം മുട്ടൽ തോന്നി ജീവന്. എങ്കിലും അതൊരു സുഖമുള്ള നോവാണെന്നു അവനു തോന്നി. പിന്നെ അധികം നിൽക്കാതെ യാത്ര പറഞ്ഞു ഇറങ്ങി. “വീണ്ടും കാണാം”

“നമ്മൾ വീണ്ടും കാണും ജീവാ… പോയി വാ” അവന്റെ തോളിൽ തട്ടി പ്രകാശ് രാജ് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞത് പുത്ര വാത്സല്യമായിരുന്നു. തിരികെ ഓഫീസിലേക്ക് ജീവൻ എത്തിയത് അത്യധികം സന്തോഷത്തോടെയാണ്. പക്ഷെ ക്യാബിൻ കേറും മുന്നേ മാധവ് മേനോന്റെ കോൾ വന്നിരുന്നു ക്യാബിനിലേക്ക് ചെല്ലാനായി. ജീവൻ ക്യാബിനിൽ ഉള്ളിലേക്ക് ചെല്ലുമ്പോൾ ഒരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു കൊണ്ടു ദേവ്നി നിൽക്കുന്നുണ്ട്. അടുത്തു തന്നെ ശീതൾ… ഗൗതം മാധവ് മേനോന്റെ മുന്നിൽ തന്നെ ഇരിക്കുന്നു. ആ ഇരുപ്പിൽ തന്നെ അറിയാം ഗൗരവമാണ്. മുഖം മുഴുവൻ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരിക്കുന്നു. എന്താ കാര്യമെന്ന് ജീവക്ക് മനസിലായില്ല. “ജീവൻ… ദേവ്നി നിങ്ങളുടെ കീഴിൽ ആണ് ജോലി ചെയ്യുന്നത്. അപ്പൊൾ ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നമോ പരാതിയോ ഉണ്ടെങ്കിൽ അതു തീർത്തുകൊടുക്കേണ്ട ബാധ്യതയും താങ്കൾക്കാണ്.

അല്ലാതെ ഓഫീസിൽ മറ്റു സ്റ്റാഫ് മേലെ കയ്യാംകളി കാണിച്ചല്ല തീർക്കേണ്ടതു” “സർ… എനിക്ക്… എനിക്കൊന്നും മനസിലായില്ല” ജീവൻ ആകെ ഒന്നും മനസിലാകാതെ മിഴിച്ചു നോക്കി ബാക്കിയുള്ളവരെ. “ദേവ്നി… എന്താ ഉണ്ടായത്” ജീവന്റെ ശബ്ദം വളരെ കടുത്തതായിരുന്നു. ദേവ്നി നടന്നതെല്ലാം പറഞ്ഞു. ഗൗതത്തിനെ അടിച്ചത് ഉൾപ്പെടെ. ഗൗതം അതു മാധവ് മേനേനോട് പറഞ്ഞിരുന്നില്ല. ഗൗതമിനെ ദേവ്നി അടിച്ചു എന്നു കേട്ടപ്പോൾ ആദ്യമായി അവൾക്കു നേരെ നോക്കിയ കണ്ണുകളിൽ ദേഷ്യം പൊതിയുന്നത് ദേവ്നി കണ്ടു. ശീതളും അത്ഭുതപ്പെട്ടു നിന്നുപോയി. “ദേവ്നി… എത്ര തന്നെ ആണെങ്കിലും നീ ചെയ്തത് ശരിയായില്ല. ഇതിനു മാപ്പ് പറഞ്ഞേ കഴിയൂ” “സർ പ്ളീസ്… ദയവായി ഞാൻ പറയുന്നത് ഒന്നു കേൾക്കൂ. ഒരു അനാഥയാണ് ഞാൻ.

എനിക്ക് എന്തു സംഭവിച്ചാലും ചോദിക്കാനും പറയുവാനും എനിക്ക് ഞാൻ മാത്രമേയുള്ളൂ. ഒരു അനാഥയായ എനിക്ക് സമൂഹത്തിൽ ഒറ്റക്ക് ജീവിച്ചു പോരാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്. എന്നിട്ടും അനാവശ്യമായി ശീതൾ ഓരോ വാക്കുകൾ പറഞ്ഞു പ്രകോപിപ്പിച്ചപ്പോൾ മനസിന്റെ നിയന്ത്രം വിട്ടുപോയതാണ്… ഇപ്പോഴും എനിക്ക് തോന്നുന്നില്ല ഞാൻ ചെയ്തതിൽ തെറ്റുണ്ടെന്നു.” “തെറ്റു തന്നെയാണ് ദേവ്നി. തന്നെ ആരെങ്കിലും വാക്കുകൾ കൊണ്ടു വേദനിപ്പിച്ചിരുന്നു എങ്കിൽ താൻ മാനേജ്മെന്റിനോട് പരാതിപെടണമായിരുന്നു. ഇതു അതൊന്നും ചെയ്യാതെ താൻ തന്റെ വഴിക്ക് ഓരോന്ന് ചെയ്യുകയാണെങ്കി അതു കുറച്ചു ബുദ്ധിമുട്ടാകും” ദേവ്നിയുടെ വാക്കുകൾക്ക് ഒരു ദക്ഷിണ്യം ഇല്ലാതെ ജീവന്റെ എതിർപ്പ് അവൾ പ്രതീക്ഷിച്ചില്ല. ജീവൻ എങ്കിലും തന്റെ കൂടെ നിൽക്കുമെന്ന് അവൾ ഒരു നിമിഷം പ്രതീക്ഷിച്ചു.

ഗൗതം ജീവന്റെയും ദേവ്നിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു. “ഗൗതമിനോട് മാപ്പു പറഞ്ഞേ മതിയാകു. അല്ലെങ്കി ഇവിടെ നിന്നു… കമ്പനിയിൽ നിന്നു ഇറങ്ങാൻ തയ്യാറായിക്കോളു” ജീവൻ തന്നെയാണോ ഇതൊക്കെ പറയുന്നേ എന്നൊരു അതിശയം ആയിരുന്നു ദേവ്നിക്ക്. അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ തന്റെ ഭാഗം പറഞ്ഞു ദേഷ്യത്തിൽ തന്നെ ജീവൻ നിന്നു. ശീതളിനു ആ നിമിഷത്തിൽ ജീവനോട് വല്ലാത്ത ബഹുമാനം തോന്നി. അവനായി അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ജീവൻ കണ്ടില്ലെന്നു നടിച്ചു നിന്നു. ദേവ്നിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇല്ല… താൻ കരയില്ല… ജീവനെ ഒന്നുകൂടി നോക്കി… ദൃഷ്ടി വേറെ എവിടെയോ ആണ്… മാധവ് മേനോനും ദേഷ്യത്തിൽ തന്നെയാണ്… സ്വാഭാവികം… ഗൗതം എന്ന വ്യക്തിയേക്കാളും ഗൗതം എന്ന തന്റെ മകനെ അപമാനിച്ച ദേഷ്യമാണ് ആ മുഖത്തും കണ്ണുകളിലും. ശീതളും വിജയീ ഭാവത്തിൽ തന്നെ നിൽക്കുന്നു…

ഇപ്പൊ എന്തായെന്നു ചുണ്ടുകൾ കോട്ടി അവൾ ശബ്ദമില്ലാതെ പറഞ്ഞു. ദേവ്നി ഒരു നിമിഷം കൂടി ചിന്തിച്ചു… തനിക്ക് ശരിയെന്നു തോന്നുന്നതെ ഇതുവരെ ചെയ്തിട്ടുള്ളൂ… ഇപ്പോൾ കൂടി ഈ നിമിഷത്തിലും ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. ഗൗതമിനു അടുത്തേക്ക് ചെന്നു… ”സർ… ഞാൻ ” ദേവ്നി ക്ഷമ പറയാൻ തുടങ്ങിയതും ഗൗതം എഴുനേറ്റു കൈകൾ ഉയർത്തി അവളെ തടഞ്ഞു. “എന്റെ തെറ്റാണ് അച്ഛാ… ഒരു പെണ്കുട്ടിയെ അവളുടെ സമ്മതമില്ലാതെ ശരീരത്തിൽ തൊടുന്നത്… അതും വിരൽ തുമ്പിലായാൽ പോലും അതു തെറ്റാണ്… ഞാനാണ് ദേവ്നിയോടു ക്ഷമ പറയേണ്ടത്… സോറി… സോറി ഫോർ എവേരിതിങ്” അത്രയും പറഞ്ഞു കൊണ്ടു ഗൗതം തന്റെ റൂമിലേക്ക് പോയി. “ദേവാ എന്തു ന്യായീകരണം പറഞ്ഞാലും നീ ചെയ്തത് തെറ്റു തന്നെയാണ്” ജീവന്റെ ദേഷ്യം തീർന്നില്ലയിരുന്നു. “ഞാൻ പറഞ്ഞല്ലോ ഏട്ടാ…

ആ സമയത് എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാനായില്ല… ശീതൾ പറഞ്ഞ ദേഷ്യവും എല്ലാം കൂടി… ” സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും ദേവ്നിക്ക് വാക്കുകൾ കിട്ടിയില്ല. “ഉം… ശരി അതു വിട്” “എന്നാലും എന്നെയൊന് പ്രൊട്ടക്ട് ചെയ്യാൻ തോന്നിയില്ലലോ… ദുഷ്ട” ദേവ്നി പിറു പിറുത്തു കൊണ്ടിരുന്നു. ജീവൻ ഒരു ചിരിയോടെ അവളുടെ കുശുമ്പ് നോക്കി കണ്ടു അവൾക്കടുത്തേക്കു ചെന്നു ചെവിയിൽ പതുക്കെ നോവിക്കാതെ തിരിച്ചു… “ഒഫീഷ്യൽ വേറെ… ഇവിടെ നീ എന്റെ കീഴിൽ ജോലി ചെയ്യുന്ന എന്റെ സ്റ്റാഫ് മാത്രമാണ്” “ഓഹ്… ആയിക്കോട്ടെ” ദേവ്നി ദേഷ്യം പിടിച്ചു കൊണ്ടു തന്നെ അവന്റെ കൈകൾ തട്ടി മാറ്റി പുറത്തേക്കിറങ്ങി. “അതേ… സാലറി കിട്ടിയതല്ലേ… വൈകീട്ട് ഒരു ഷോപ്പിംഗ് ഉണ്ട്” അവൾ പോകുന്ന വഴിയിൽ ജീവൻ വിളിച്ചു പറഞ്ഞു. “എന്റെ പട്ടി വരും…”

“ആരു വരുമെന്നു” അവളുടെ പിറു പിറുക്കൽ വ്യക്തമായി കേട്ട ജീവൻ നെറ്റി ചുളിച്ചു കണ്ണുകൾ കുറുക്കി കൊണ്ടു ചോദിച്ചു. “ഞാൻ വരുമെന്നു പറഞ്ഞതാ” അവൾ കൈകൾ കൂപ്പി പറഞ്ഞു. അതുകണ്ടു അവന്റെ ചുണ്ടിൽ ചിരി പൊട്ടി. ഗൗതം ഗായത്രിയെയും ശീതളിനെയും കൊണ്ട് പുറത്തേക്കു ഇറങ്ങിയതാണ്. ഡ്രൈവിംഗ് ചെയ്യുന്നുണ്ട് എങ്കിലും അവന്റെ മനസിൽ പകൽ നടന്ന കാര്യങ്ങളായിരുന്നു. ഗായത്രിയുടെ കല പില ഒന്നും അവനു ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല. അവളുടെ മനസു കൊണ്ടു അവൾ ചെയ്തത് തെറ്റല്ല എന്നൊരു തോന്നൽ അവൾക്കുണ്ട്. ജീവൻ കൂടി തള്ളി പറഞ്ഞതുകൊണ്ട് മാത്രം എന്നോട് മാപ്പ് പറയാൻ തയ്യാറായതാണ്. വേണ്ട… അവളുടെ മനസാക്ഷിക്കു ഇഷ്ടപെടാത്തത് അവൾ ചെയ്യേണ്ട എന്ന തോന്നൽ… അങ്ങനെ അവളെ എന്റെ മുൻപിൽ പോലും തോൽക്കാൻ ഞാൻ വിടില്ല… അവളെ കുറിച്ചു ആലോചിക്കുമ്പോൾ തന്നെ നെഞ്ചു തുടിക്കുന്നല്ലോ…

ശാസനയോടെ നെഞ്ചിൽ പതിയെ തടവി അവൻ ഒരു ചിരിയോടെ മുന്നോട്ട് കാർ ഓടിച്ചു കൊണ്ടിരുന്നു. ദേവ്നിക്ക് കിട്ടിയ ആദ്യ ശമ്പളം ആണ്. തണൽ വീട്ടിലെ ഓരോ അംഗത്തിനും സമ്മാനം കരുതിയിരുന്നു അവൾ. അവളുടെ കൂടെ ജീവനും ഉണ്ടായിരുന്നു. സ്ട്രീറ്റിൽ ചെറിയ ചെറു കടകളിൽ കയറി ഇറങ്ങി ഓരോരുത്തർക്കുമുള്ളതു ഓർത്തു വാങ്ങി കൊണ്ടു അവർ നടന്നു. ഇടക്ക് കുറച്ചു കവറുകൾ ജീവനെ കൊണ്ടു പിടിപ്പിക്കുന്നുണ്ട്. അവൾ വാ തോരാതെ സംസാരിച്ചു കൊണ്ട് അവന്റെ കൂടെ നടന്നു. “ഈ പെണ്ണ് എന്താ ഇങ്ങനെ… നീ അങ്ങോട്ടു നോക്കിയേ ഗായത്രി”… ശീതൾ കാണിച്ചു കൊടുത്ത ഭാഗത്തേക്ക് അറിയാതെ ഗൗതത്തിന്റെ കണ്ണുകളും നീങ്ങി. രണ്ടു കൈകളിൽ കവറുകൾ പിടിച്ചു ജീവനും അവന്റെ കൂടെ ഐസ് ക്രീം കോണ് കഴിച്ചു കൊണ്ട് ദേവ്നിയും.

ഇടക്ക് അവന്റെ വായിലേക്ക് വച്ചു കൊടുക്കുന്നുമുണ്ട്. “ഈ പെണ്ണ് ഇതു എന്തു വിചാരിച്ച ഇങ്ങനെയൊക്കെ നടക്കുന്നെ..” ശീതൾ പിന്നെയും തുടങ്ങി. “അവളെ എന്തിനാ പറയുന്നേ അവളെപോലുള്ളവർ ആരുടെ മെക്കിട്ട് കേറണം എന്നു നോക്കി നടക്കുന്നവ ആണ്… കൂടെ നടക്കുന്നയാൾക്ക് വേണ്ടേ ഒരു വീണ്ടു വിചാരം… തന്റെ സ്ഥാനം സമൂഹത്തിൽ നമ്മുടെ വീടിനുള്ള സ്റ്റാറ്റ്‌സ് ഇതൊക്കെ നോക്കി നടക്കേണ്ടത് കൂടെയുള്ള ആളല്ലേ… ചെ… മോശം തന്നെ… അതും സ്ട്രീറ്റിൽ” ഗായത്രിയുടെ വാക്കുകൾ എരി തീയിൽ എണ്ണ എന്നപോലെ ഉപകരിക്കാനെ കഴിഞ്ഞുള്ളു… ഗൗതം ദേഷ്യം സഹിക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ ഇടിച്ചു. അവരെ ഒരുമിച്ചു കാണും തോറും കണ്ണുകൾ കുറുകി വന്നു കൊണ്ടിരുന്നു. …തുടരും

Share this story