പ്രണയിനി : PART 7

പ്രണയിനി : PART 7

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“നിങ്ങളു മൂന്നാളും Freshers അല്ലേ.. ഏതാ subject”

“അതെ ചേട്ടാ… കമ്പ്യൂട്ടറാണ്”

“ആഹാ… പച്ച കിളികളുടെ പേര് പറ കേൾക്കട്ടെ”

“എൻറെ പേര് ഗൗരി നന്ദ… അവൾ ദുർഗ്ഗാ മറ്റെ കുട്ടി ഭദ്ര”

മൂവരും ചിരിച്ചു നിന്നു.

കാശിയുടെ കണ്ണ് അപ്പോഴും ഭദ്രയിൽ തങ്ങിനിന്നു.

“കാശി ഇവർക്ക് എന്തുപണിയാണെട കൊടുക്കാ”

“നീ തുടങ്ങിവയ്ക്ക് മച്ചാനെ”

“എങ്കിലേ ഈ ഗൗരിക്കുട്ടി ചേട്ടനെ ഒന്ന് propose ചെയ്തേ… എന്തായാലും ഇത്രയും സുന്ദരിയായ കുട്ടി എന്നെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നില്ല റാഗിങ്ങിന് പേരിലെങ്കിലും ഒരു ഐലവ് യൂ കേൾക്കാമല്ലോ”

ഗൗരി എന്ന് കേട്ടതും നന്ദുവിൻെറ മുഖം ചുവന്നു. എങ്കിലും സീനിയേഴ്സ് ആയതുകൊണ്ട് അവൾ വേറെ ഒന്നും പറഞ്ഞില്ല.

“ദത്ത… അവർ കൃത്യമായി കാശിയുടെയും ഗ്യങിന്റെയും കയ്യിൽ പെട്ടല്ലോ. ആ ആസ്ഥാന കോഴിയും കൂടെയുണ്ട്”

“നീ പേടിക്കണ്ട ശിവ… കിച്ചുവിൻറെ ഉണ്ണിയാർച്ച പെങ്ങൾ അവനെ ഇപ്പോൾ ക്ലീൻ ബൗൾഡാക്കി മാറ്റും”

അവരെ വീക്ഷിച്ചുകൊണ്ട് ലൈബ്രറി ബിൽഡിംഗിൽ ദത്തനും ശിവനും കിച്ചുവും നിൽപ്പുണ്ടായിരുന്നു.

“നമുക്ക് ഇടപെടാൻ സമയമായിട്ടില്ല”

കിച്ചു പറഞ്ഞു.

“ഡി എന്തിന് ഉണ്ട കണ്ണുരുട്ടി പേടിപ്പിക്കുന്ന… പൊന്നു മോൾ ചേട്ടനെ ഒന്ന് propose ചെയ്തേ”

നന്ദു കൈയിൽ റോസ്പൂവ് ഉണ്ടെന്ന് സങ്കൽപ്പിച്ച് ആസ്ഥാന കോഴിയുടെ നേരെ നീട്ടി

“എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്…. ഐ ലവ് യു”

“അയ്യേ… ഇത് എന്തോന്ന് iloveyou… മോള് ദേ ഇങ്ങനെ ചേട്ടന് കെട്ടിപിടിച്ച് ഒരു ഐലവ് യു പറഞ്ഞേ”

അതും പറഞ്ഞ് അടുത്തുനിൽക്കുന്ന കൂട്ടുകാരനെ കെട്ടിപിടിച്ചു demo കാണിച്ചുകൊടുത്തു.

“ചേട്ടൻ എന്താ ലാലേട്ടന് പഠിക്കണോ”

നന്ദു ചിരിച്ചുകൊണ്ട് ചോദിച്ചു.

“പച്ചക്കിളി …നാടൻ കിളി …കൊള്ളാലോ. അപ്പോ മോൾ ഇത് ചെയ്തിട്ട് പോയാൽ മതി”

അവൻറെ മുഖ ഭാവം മാറുന്നത് അവർ ശ്രദ്ധിച്ചു.

ഭദ്ര പേടിച്ചു തന്നെ നിന്നു. ദുർഗ ഭദ്രയുടെ കയ്യിൽ കോർത്തു തന്നെ പിടിച്ചു നിന്നു. അവൾക്കറിയാം ഭദ്ര അത്രയും പേടിത്തൊണ്ടി ആണെന്നും.

കാശി അപ്പോഴും ഭദ്ര യിൽ തന്നെ തങ്ങിനിന്നു.

“അതിനു വേറെ ആളെ നോക്ക് ചേട്ടാ”. നന്ദു മറുപടി നൽകി മുന്നോട്ടു നടന്നു.

“അങ്ങനെ ഇപ്പൊ നീ പോകണ്ട… ഇത് ചെയ്തിട്ട് തന്നെ പോയാൽ മതി”
അതും പറഞ്ഞ് നന്ദുവിന്റെ കവിളിൽ പിടിക്കാൻ കൈനീട്ടി അതുമാത്രം അവന് ഓർമയുണ്ട്….

പിന്നെ കണ്ണുതുറന്നു നോക്കുമ്പോൾ എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുന്നു. അവനാണെങ്കിൽ കവിളിൽ ഒരുതരം പുകച്ചിൽ മാത്രം. എന്ത് സംഭവിച്ചതെന്ന് ഒരു നിമിഷം ചിന്തിച്ചു.

വേറെ എന്താ… കവിളിൽ പിടിക്കാൻ വന്ന അവൻറെ കവിളിൽ കരണം പുകഞ്ഞ ഒരു അടി കിട്ടി… നന്ദുവിന്റെ വക.

ദുർഗ നന്ദുവിനെ കയ്യിൽ പിടിച്ച് അമർത്തി. നന്നായി ഉള്ളൂ നന്നായി മോളെ. അവൾ പറയാതെ പറഞ്ഞു.

“ഇപ്പോ എന്തായി ശിവ… ഞാൻ പറഞ്ഞില്ലേ അവനെ ഔട്ട് ആകുമെന്ന്”.

“കിച്ചു വന്നേ ഇത് അവരുടെ കയ്യിൽ ഒതുങ്ങില്ല” അതും പറഞ്ഞ് ശിവൻ മുന്നോട്ട് നടന്നു.

അത്രയും നേരം കാശി വായിനോക്കി നിന്നെങ്കിലും കൂട്ടുകാരന് കിട്ടിയ അടി അവനൊരു ക്ഷീണമായി.

“നീ സീനിയേഴ്സിനെ തല്ലാൻ ആയോ ടി”

ദേഷ്യത്തോടെ കാശി മുന്നോട്ടുവന്നു.

“ചേട്ടന്മാരെ ക്ഷമിക്കണം… അവൾ പെട്ടെന്ന് ഒരു ആവേശത്തിൽ ചെയ്തുപോയതാണ്”

ഭദ്ര കാശിയുടെ മുമ്പിൽ കൈകൂപ്പി നിന്നു പറഞ്ഞു.

“ആഹാ അപ്പൊ ഈ പച്ച കിളിയുടെ വായിൽ നാക്കും ഉണ്ടായിരുന്നുവോ”

അതും പറഞ്ഞ് തല്ലുകിട്ടിയ ആസ്ഥാന കോഴി ഭദ്രയുടെ കവിളിൽ പിടിക്കാൻ കൈനീട്ടി.

പെട്ടെന്ന് ഭദ്രയുടെ മുന്നിൽ ശിവൻ വന്നുനിന്നു.

ശിവനെ കണ്ടതും കോഴിയുടെ മനസ്സിലെ പേടി അവൻറെ കണ്ണുകളിൽ തെളിഞ്ഞു നിന്നു. അവൻ നീട്ടിയ കൈകൾ അവൻ പോലുമറിയാതെ പിൻവലിഞ്ഞു.

ശിവൻറെ ഒപ്പം മറ്റു രണ്ടുപേരുംകൂടി നടന്ന എത്തിയിരുന്നു.

“ഈശ്വരാ ചേട്ടന്മാർ എല്ലാവരും ഹാജർ ഉണ്ടല്ലോ. ഇതിൻറെ ബാക്കി ഇനി വീട്ടിൽ ചെന്നാൽ കിട്ടും” നന്ദുവിന്റെ ആത്മഗതം ശരി എന്നോണം ദുർഗയും തലയാട്ടി. ചേട്ടന്മാരെ കണ്ടതും ഭദ്രയുടെ കൈകാൽ വിറയ്ക്കാൻ തുടങ്ങി.

“ശിവ ഇവർ ഫ്രഷേഴ്സ് ആണ്. സീനിയേഴ്സിനെ കൈ നീട്ടി അടിക്കാൻ പാടുണ്ടോ.”

“കാശി നീ കാര്യങ്ങൾ വിവരിച്ചു ബുദ്ധിമുട്ടാൻ നിൽക്കണ്ട. ഞങ്ങളെല്ലാവരും എല്ലാംതന്നെ കാണുന്നുണ്ടായിരുന്നു.പിന്നെ ഇവിടെ ഗൗരി നന്ദ തെറ്റ് ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ പറഞ്ഞതുപോലെ അവർ ചെയ്തതാണല്ലോ പിന്നെയും പിന്നെയും ഹരാസ് ചെയ്യാൻ നോക്കിയത് നിങ്ങൾ തന്നെയല്ലേ. ഇവർ ഒരു കംപ്ലൈന്റ് കൊടുത്താൽ ഉണ്ടല്ലോ… പിന്നെ നിനക്കറിയാലോ കാര്യങ്ങൾ”.. ശിവൻ പറഞ്ഞവസാനിപ്പിച്ചു.

കാശി ദേഷ്യത്തോടെ മൂവരെയും നോക്കിനിന്നു.

പെട്ടെന്ന് ഭദ്രയ്ക്ക് തലകറങ്ങുന്നതുപോലെ തോന്നി. അവൾ അടുത്തുനിന്നശിവയുടെ കൈകളിൽ മുറുകെ പിടിച്ചു.

“എന്താ മോളെ എന്തുപറ്റി”

“ഏട്ടാ എനിക്ക്… എനിക്ക്… തല കറങ്ങും പോലെ…”പെട്ടെന്ന് മുൻപോട്ട് വീഴാൻ ആഞ്ഞ ഭദ്രയെ ശിവൻ കൈകളിൽ കോരിയെടുത്ത് അടുത്തുകണ്ട ക്ലാസ് റൂമിലേക്ക് നടന്നു. അവനെ അനുഗമിച്ചു ബാക്കിയുള്ളവരും.

കാശിയും കൂട്ടരും അവരുടെ പോക്ക് കണ്ട് അവിടെ തന്നെ തറഞ്ഞു നിന്നു. എങ്കിലും ഭദ്രയുടെ കിടപ്പ് അവൻറെ നെഞ്ചിൽ ഒരു സൂചി കുത്തുന്ന വേദനയുണ്ടാക്കി. അവൻ പതിയെ നെഞ്ചിൽ കൈവച്ച് തടവി. പെട്ടെന്ന് അവൻറെ മനസ്സിൽ ഭദ്രയുടെ മുഖം തെളിഞ്ഞു നിന്നു. ഒരു ചെറു മന്ദഹാസം അവൻറെ ചുണ്ടിൽ വിടർന്നു.

ആസ്ഥാന കോഴി ഇതെല്ലാം ശ്രദ്ധിച്ചു തന്നെ നില്ക്കുന്നുണ്ടായിരുന്നു.

“എന്താടാ കാശി… നീയെന്താ അവരെ എതിർത്ത് ഒന്നും പറയാതിരുന്നത്…”

“അത് ഞാൻ പറയാം പക്ഷേ അതിനുമുമ്പ് ഇപ്പൊ 3 പെൺകുട്ടികളുടെയും ഡീറ്റെയിൽസ് എനിക്ക് കിട്ടണം. ഇവർക്ക് വേണ്ടപ്പെട്ടവരാണ് ആ കുട്ടികൾ. അതെനിക്ക് മനസ്സിലായി അത് എന്താണ് കാരണമെന്ന് എനിക്കറിയണം.”

“അത് അറിയാൻ ഒന്നുമില്ല കാശി. ദുർഗ്ഗയും ഭദ്രയും ദേവദത്തന്റെ സഹോദരിമാരാണ്. ഗൗരി നന്ദ നന്ദകിഷോറിന്റെയും”

കാശി ഞെട്ടിത്തിരിഞ്ഞു നോക്കി. കീർത്തിയും ദീപ്തിയും… അവരായിരുന്നു മറുപടി തന്നത്.

ഭദ്ര ദേവദത്തന്റെസഹോദരിയാണെന്ന് കേട്ടതോടു കൂടി.. കാശിയുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദസ്മിതം തൂകി നിന്നു.

മുഖത്ത് ശക്തമായി വെള്ളം പതിച്ചപ്പൊള്ളാണ് ഭദ്ര കണ്ണ് തുറന്നത്. അവള് ചുറ്റും നോക്കി. വീഴാൻ തുടങ്ങും മുമ്പെ ശിവേട്ടന്റെ കൈകളിൽ പിടിച്ചത് മാത്രം ഓർമ്മയുണ്ട്. പിന്നെ എന്താ നടന്നതെന്ന് ഒരു ഓർമയുമില്ല. അവള് പതുക്കെ തല കുനിച്ചു നിന്നു. ദത്തെട്ടന്റെ മുഖത്തേക്ക് നോക്കാൻ പേടി തോന്നി അവൾക്ക്. പതുക്കെ തല തിരിച്ചു നോക്കിയപ്പോൾ കത്തി ജ്വലിക്കുന്ന സൂര്യനെ പോലെ തോന്നിച്ചു ദത്തന്റെ അപോളത്തേ മുഖം.

“എന്നെ ചീത്ത പറയല്ലേ ഏട്ടാ”…അവളുടെ കണ്ണിൽ നീർമണികൾ തുളുമ്പി നിന്നു.

ശിവൻ അവളെ ചേർത്ത് പിടിച്ച് ദത്തനെ ശ്വസനയോടെ കണ്ണ് കൊണ്ട് അരുതെന്ന് കാണിച്ചു.

അതുകണ്ടു ദത്തൻ പെട്ടന്ന് ശാന്തനായി.
അവളെ കൈകാട്ടി അരികിലേക്ക് വിളിച്ചു. ഒരു ചെറു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്നു ഭദ്ര.

ഭദ്ര ദേവദത്തന്റെ നെഞ്ചിൽ തലചായ്ച്ചു നിന്നു. അവൻ മെല്ലെ അവളെ തലോടി. “മോളുട്ടി പേടിച്ചു പോയോ”

“ഉം”

“സാരമില്ല പോട്ടെ…കിച്ചു നീ ഇവർക്ക് ക്ലാസ്സ് കാണിച്ചു കൊടുക്കണം”

കിച്ചൻ തലയാട്ടി. അവരോട് നടക്കാൻ കണ്ണുകൊണ്ട് പറഞ്ഞു.

കിച്ചൻ മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും കാശിയും കൂട്ടരും അവിടേക്കെത്തി.

“കാശി ഇനി ഒരു പ്രശ്നം ഉണ്ടാവരുത്”

“ഇല്ല ശിവ പ്രശ്നമുണ്ടാക്കാൻ അല്ല ഞാൻ ഇപ്പോൾ വന്നത്. ഈ കോഴി ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ വേണ്ടി കൂടിയാണ്”

ക്ഷമ പറയാൻ അവൻ തല കൊണ്ട് ആംഗ്യം കാണിച്ചു.

നന്ദുവിനെ റാഗ് ചെയ്ത കോഴി മുന്നിലേക്ക് വന്നു.

“ഗൗരി ക്ഷമിക്കണം. ഇനി ഇതുപോലെ ആവർത്തിക്കില്ല”

നന്ദു മുഖം വീർപ്പിച്ച് തന്നെ നിന്നു.

“ഗൗരി അല്ല നന്ദു…എന്നെ അങ്ങനെ വിളിച്ചാൽ മതി..”

അതും പറഞ്ഞു ശിവന് നേരെ ഒരു ഏറ് കണ്ണ് ഇട്ടു നോക്കി നന്ദു. അതു മനസ്സിലാക്കിയ ശിവൻ ചെറുതായി മന്ദഹസിച്ചു.

കാശി ദത്തന്റെ അടുത്ത് നിന്നിരുന്ന ഭദ്രയുടെ അടുത്ത് വന്നു നിന്നു..

“സോറി…ഇയാള് കുറച്ചു സെൻസിറ്റീവ് ആണോ ദത്താ..ഇപ്പൊ എങ്ങനെയുണ്ട് ”

ഭദ്ര ഒന്നും മിണ്ടാതെ താഴേക്ക് തന്നെ ദൃഷ്ടി ഊന്നി നിന്നു.

“അവളു ഒകെ ആണ് കാശി.”

“ഇതിന്റെ പേരിൽ ഞങ്ങൾ വഴക്കിന്‌ ഒന്നും വരില്ല കേട്ടോ. ഇതോടെ തീർന്നു എല്ലാം ”

അതും പറഞ്ഞു കാശി ദത്തന്റെ നേരെ കൈ നീട്ടി. ദത്തൻ ഒന്ന് അമർത്തി മൂളി കാശിയുടെ കരം ഗ്രഹിച്ചു. കാശി ഒന്ന് ചിരിച്ചു തിരിച്ചു നടന്നു പോയി…ഒരിക്കൽ കൂടി ഭദ്രയെ തിരിഞ്ഞു നോക്കാൻ മറന്നില്ല.

കിച്ചു അവരെ മൂന്നുപേരെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
“നന്ദുട്ട…വീട്ടിലേക്ക് വായോ കേട്ടോ”
ദത്തൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. നന്ദു പെട്ടന്ന് നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി…എന്നിട്ട് പറയാൻ അറിയാത്ത ഏതോ ഒരു ഭാവം മുഖത്ത് വരുത്തി തിരിഞ്ഞു നടന്നു. അതുകണ്ടു ദത്തൻ അടക്കി ചിരിച്ചു “കാന്താരി” മനസ്സിൽ പറഞ്ഞത് വെളിയിൽ വന്നു. ശിവൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻറെ മുഖത്ത് വേദന കലർന്ന ഒരു പുഞ്ചിരി വിടർന്നു.

പിന്നീട് എല്ലാം സാധാരണ പോലെയായി. പതുക്കെപ്പതുക്കെ ക്ലാസിലെ പുതിയ കൂട്ടുകാരുമായി അവർ വേഗം അടുത്തു. ഭദ്ര പണ്ടത്തെ പോലെ തന്നെ ലൈബ്രറിയും പുസ്തകമായ അവളുടെ ലോകത്തെത്തി. ഏട്ടന്മാർ ഉള്ളതുകൊണ്ട് സീനിയർ ചേട്ടന്മാരുടെ റാഗിങ്ങിൽ നിന്ന് അവർ രക്ഷപ്പെട്ടു. അധികം വൈകാതെ തന്നെ നന്ദുവും ദുർഗയും ആ കോളേജിൽ പാറിപ്പറന്നു നടന്നു. ചെറിയ ചെറിയ കുസൃതികളും കുട്ടി കുറുമ്പുകളും അപ്പോഴും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

കാശിയും പിന്നീട് ഒരു പ്രശ്നത്തിനും ഇട വരുത്തിയില്ല. അവന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഭദ്ര യുമായി കൂട്ടുകൂടാൻ. അവളാണെങ്കില് മിക്കപ്പോഴും ലൈബ്രറിയിൽ തന്നെയായിരുന്നു. ദുർഗ്ഗയ്ക്കും നന്ദുവിനും ലൈബ്രറി എന്ന് കേൾക്കുന്നതേ അലർജിയാണ്. ആ സമയം ഭദ്രയ്ക്ക് കൂട്ട് ശിവൻ മാത്രമായിരുന്നു.

ദേവദത്തന് നന്ദുവും പരസ്പരം ഇഷ്ടപ്പെടുന്നു ഉണ്ട് എങ്കിലും അവർ കോളേജിൽ അവരുടെ പ്രണയം ആരെയും അറിയിച്ചിരുന്നില്ല.മറ്റു കമിതാക്കളെ പോലെ പ്രണയിച്ചു നടക്കുവാൻ ഒന്നും അവർ മുന്നിട്ട് ഇരുന്നില്ല. മറ്റുള്ളവരെ കാൺകെ ഒരു പ്രണയ സല്ലാപത്തിനും അവർ നിന്നിരുന്നില്ല.

അവർ പ്രണയിച്ചിരുന്നു ജീവനുതുല്യം സ്നേഹിച്ചിരുന്നു. കിച്ചുവിനും ശിവനും അവരുടെ പ്രണയം എന്നും ഒരു അത്ഭുതമായിരുന്നു കാരണം ഒരു നോട്ടം മാത്രമായിരിക്കും നന്ദുവും ദേവനും പരസ്പരം കൈമാറുന്നത്. ആ ഒരു നോട്ടത്തിൽ തന്നെ 100 കഥകൾ അവർ കൈ മാറിയിട്ടുണ്ടാകും അങ്ങനെയൊരു പ്രണയം.

കാശിയുടെ ക്ലാസ്സ് കഴിയാറായി ഇരിക്കുന്നു അതുപോലെതന്നെ കിച്ചുവിൻറെയും ദേവന്റെയും ശിവന്റെയും.”ഇന്നെങ്കിലും ഭദ്രയോടുള്ള തൻറെ ഇഷ്ടം പറയണം” അങ്ങനെതന്നെ ഉറപ്പിച്ചു അവളെ തേടി നടന്നു.

അവനറിയാമായിരുന്നു അവളെ ലൈബ്രറിയിൽ നോക്കിയാൽ കാണാം എന്ന് അവൻ അവിടേക്ക് ചെന്നു. ആ സമയം ഭദ്ര അവളുടെ പുതിയ കവിതയുടെ പണിപ്പുരയിലായിരുന്നു. അവളുടെ അടുത്തായി തന്നെ ശിവനെയും കണ്ടു. “ഓ ശിവൻ ഇതെന്താ വേറെ പണിയൊന്നുമില്ലേ എപ്പോ നോക്കിയാലും ഇവളുടെ പുറകെ കാണുമല്ലോ ഒരു നിഴലുപോലെ.” അവർ പരസ്പരം എന്തോ സംസാരിക്കുകയാണ് എന്തായാലും ഇഷ്ടം പറയുന്ന കാര്യം നടക്കില്ല അപ്പോ അതെങ്കിലും കേൾക്കാം.

“നീ ഇത് എന്തൊക്കെയാ എഴുതുന്നെ എന്റെ ഭദ്ര കുട്ടി…??”

“ഇപ്പൊ എഴുതുന്നത് ദേവി സ്തുതിയാണ്. അടുത്ത ആഴ്ചയല്ലെ കാവിലെ തോറ്റം. ഇത്തവണ പാടാൻ വേണ്ടി”

“അപ്പോ നൃത്തമോ…അതുണ്ടാകില്ലെ”

“പിന്നെ ഇല്ലാതെ ഇരിക്കുമോ…പുതിയത് ഒന്ന് ഞങ്ങൾ മൂന്നാളും കൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്.”

“ഉം”

“ഏട്ടൻ പാട്ടാണോ പാടുന്നത്”

“അല്ല. ഇത്തവണ ഒരു ചെറിയ വ്യത്യാസം. ഞാൻ വയലിൻ വായിക്കും കിച്ചു പാടും ഒപ്പം ദത്തനും ”

ഭദ്ര അതീവ സന്തോഷത്തോടെ ചോദിച്ചു.

“നന്ദേട്ടൻ …അല്ല … കിച്ചുവേട്ടൻ പാടുന്നുണ്ടോ”

ശിവൻ അവളെ ഉഴപ്പിച്‌ ഒന്ന് നോക്കി.

“ദുർഗ എപ്പോളും നന്ദേട്ടൻ എന്ന് വിളിച്ചു നടക്കുന്നത് കൊണ്ട് വായിൽ അതാ വരുന്നേ”

“നമ്മുടെ മനസ്സ് പറഞ്ഞു ശീലിക്കുന്നത് മാത്രമേ നാവിൽ വഴങ്ങു ഭദ്രേ”

ഭദ്ര മറുപടി പറയാൻ ബുദ്ധിമുട്ടി…തലകുനിച്ചു നിന്നു. ശിവൻ പെട്ടന്ന് വിഷയം മാറ്റി.

“അല്ല നീ ഇതിൽ എന്തൊക്കെയാ എഴുതി കൂട്ടുന്നെ ഞാൻ ഒന്ന് നോക്കട്ടെ”

ഇതുവരെ ഭദ്രയുടെ ഡയറി ആർക്കും വായിക്കാനായി അവള് കൊടുത്തിട്ടില്ല. ശിവനോട് എന്തു കൊണ്ടോ ഒരു പ്രത്യേക അടുപ്പം കൂടുതലാണ് അതുകൊണ്ട് മാത്രം അവൾ തടഞ്ഞില്ല സന്തോഷത്തോടെ തന്നെ അവൾ ഡയറി അവന് നൽകി. അവൻ കുറെ താളുകൾ അതിലെ മറിച്ചുനോക്കി. തുടർന്നു ഒരു പുഞ്ചിരിയോടെ ഭദ്രയെ നോക്കി.

“ഇതിൽ മുഴുവൻ കൃഷ്ണനോടുള്ള അടങ്ങാത്ത പ്രണയം ആണല്ലോ… കാത്തിരിക്കുന്നു അല്ലേ.”

ഭദ്ര മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.

ശിവൻ എന്തൊക്കെയോ മനസ്സിലായ പോലെ അവളെ നോക്കി അപ്പോഴും അവൾ എഴുത്ത് തുടരുകയായിരുന്നു. അവൻ ചെറുതായി ഒന്ന് മന്ദഹസിച്ചു ആ നിമിഷം അവൻറെ മനസ്സിൽ കിച്ചുവിൻറെ മുഖം മാത്രമായിരുന്നു.

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചിരുന്നു. കാശിക്കു മനസ്സിലായി പെട്ടെന്നൊന്നും അവൻ അവളുടെ അടുത്ത് നിന്നും മാറില്ല എന്ന് എങ്കിലും ഒരു കാര്യത്തിൽ അവനെ സമാധാനമായി ശിവന് ഭദ്ര ഒരു അനിയത്തി കുട്ടിയെ പോലെയാണ്. സമാധാനമായി അവന് എങ്കിലും ഒരു കാരണമില്ലാത്ത സംശയം അവനെ അലട്ടിക്കൊണ്ടിരുന്നു ആരായിരിക്കും അവളുടെ കൃഷ്ണൻ …ആരോടാണ് അവളുടെ അടങ്ങാത്ത പ്രണയം. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവിടെനിന്നും തിരികെ പോയി.

കാവിലെ ഉത്സവം ആയതുകൊണ്ട് തന്നെ അവർ മൂവരും വീട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഇത്തവണ അവരുടെ പോക്കിൽ ചെറിയൊരു വ്യത്യാസം ചേട്ടന്മാരുടെ കൂടെയാണ് അവർ പോകുന്നത് അത് അവരെ കൂടുതൽ സന്തോഷത്തിൽ ആക്കി.

കിച്ചുവിൻറെ എല്ലാം കോളേജ് അവസാനവർഷം ആണെങ്കിൽ കൂടിയും കിച്ചു പുറത്തേക്കുള്ള പല കമ്പനികളിലും പ്രോഗ്രാം പിന്നെ പ്രൊജക്റ്റ് എല്ലാം ചെയ്തുകൊടുത്തിരുന്നു. അത്യാവശ്യം പോക്കറ്റ് മണി അതിന്ന് തന്നെ അവൻ സമ്പാദിച്ചിരുന്നു. ഇത്തവണ പോയപ്പോൾ കിച്ചുവിന് ഒരു ആഗ്രഹം കാവിലെ ഉത്സവത്തിന് പിറ്റേന്നുതന്നെ അച്ഛൻറെയും അമ്മയുടെയും വിവാഹവാർഷികമാണ് അവർക്ക് ഒരു സമ്മാനം കൂടി കരുതണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. അവൻറെ ആഗ്രഹം കേട്ടപ്പോൾ മറ്റുള്ളവർക്കും സന്തോഷമായി അവരും സപ്പോർട്ട് ചെയ്തു.

പോകുന്ന വഴിയിൽ തന്നെ കണ്ട ഒരു ജ്വല്ലറി ഷോപ്പിൽ അവർ കയറി അച്ഛന് വേണ്ടി അവൻ നവരത്നങ്ങൾ കൊണ്ടു തീർത്ത ഒരു മോതിരമാണ് സമ്മാനമായി കരുതിയത് അമ്മയ്ക്ക് എന്തു വാങ്ങും എന്ന ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അതിന് കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ തന്നെ ഒരു ഉത്തരം കണ്ടെത്തി. ലക്ഷ്മി മുഖത്തോടു കൂടിയ ഒരു വള.ബിൽ അടിക്കാൻ പോകുന്ന സമയത്ത് നന്ദു വെറുതെ അവിടെയെല്ലാം ചുറ്റിക്കറങ്ങി കണ്ടു.അവളുടെ കണ്ണുകൾ അവിടെ കണ്ട ഒരു നീലക്കൽ മൂക്കുത്തിയിൽ ഉടക്കി. കണ്ടമാത്രയിൽ തന്നെ അത് അവൾക്ക് ഒരുപാട് ഇഷ്ടമായി. അവളുടെ നോട്ടം ദത്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്താ നന്ദുട്ടാ … എന്താ നിനക്ക് എന്തെങ്കിലും വേണോ ”

“ദേവേട്ടാ ആ കാണുന്ന മൂക്കുത്തി”
ദേവൻറെ കണ്ണിൽ ഉടക്കിയത് ചുവന്ന കല്ലുള്ള മൂക്കുത്തി ആയിരുന്നു. അത് അവന് ഒരുപാട് ഇഷ്ടമായി.

“ചുവന്ന കല്ലിൽ മൂക്കുത്തി അല്ലേ ഒരുപാട് ഇഷ്ടമായി എനിക്ക് . നിനക്ക് നല്ല ചേർച്ച യുണ്ടാകും അതും കൂടി വേടിക്കാം”

നന്ദുവിന് മനസ്സിലായി ദേവന് ഇഷ്ടപ്പെട്ടത് ആ ചുവന്ന മൂക്കുത്തി ആണ് നന്ദു അത് തിരുത്താനും പോയില്ല . എങ്കിലും ഒരു നിരാശയോടെ നീലക്കൽ മൂക്കുത്തിയിലേക്ക് അവളുടെ നോട്ടം ചെന്നെത്തി. പിന്നെ പതുക്കെ ഒന്നു പുഞ്ചിരിച്ചു എന്നിട്ട് മനസ്സിൽ പറഞ്ഞു.

“ദേവേട്ടനെ ഇഷ്ടം തന്നെയാണ് എൻറെയും”.

ബിൽ പേ ചെയ്തു അവരെല്ലാവരും പുറത്തേക്കിറങ്ങി. ശിവൻ അവൻറെ ബുള്ളറ്റ് ലും ബാക്കിയുള്ളവർ ഒരു കാറിലും ആയിട്ടായിരുന്നു യാത്രപുറപ്പെട്ടത്. പുറത്തേക്കിറങ്ങിയ ശിവൻ നേരെ കിച്ചുവിൻറെ അടുത്തുചെന്നു പറഞ്ഞു
“നിങ്ങൾ വിട്ടോ എൻറെ പേഴ്സ് ഞാൻ അവിടെ വച്ച് മറന്നു… ഞാൻ ബുള്ളറ്റിൽ അല്ലേ അങ്ങ് എത്തിയേക്കാം.”

കിച്ചു തലയാട്ടി സമ്മതിച്ചു.

“ശിവേട്ട പതുക്കെ വന്നാ മതി കേട്ടോ. അല്ലെങ്കിൽ ഞാനും ചേട്ടൻറെ കൂടെ ബുള്ളറ്റിൽ വരട്ടെ”

ദുർഗയായിരുന്നു അത്.

“വേണ്ട വേണ്ട ചേട്ടൻറെ മോള് പതുക്കെ ഏസിയുടെ തണുപ്പ് കൊണ്ട് കാറിൽ എത്തിയാൽ മതി. മോള് പേടിക്കണ്ട ഏട്ടൻ പതുക്കെ ഓടിക്കു.”

ദുർഗ മറുപടി ഒരു ചിരിയിൽ ഒതുക്കി. ശിവൻ ജ്വല്ലറി യിലേക്ക് തിരികെ കേറി പോയി കിച്ചു അവരെയും കൊണ്ട് വീട്ടിലേക്കും.

അവർ എത്തിയതിനു രണ്ടു ദിവസം കഴിഞ്ഞായിരുന്നു കാവിലെ പരിപാടി. വീട്ടിലെത്തിയ ദിവസം തന്നെ അമ്മയുടെ ഭക്ഷണവും ഉറക്കവും ഒക്കെയായി കഴിഞ്ഞുകൂടി. പിറ്റേദിവസം തന്നെ അവർ ചിട്ടപ്പെടുത്തിയ നൃത്തം ഒരുപാട് തവണ പ്രാക്ടീസ് ചെയ്തു. ഈ ദിവസങ്ങളിലെല്ലാം ദേവനും കുടുംബവും നന്ദുവിൻെറ വീട്ടിൽ തന്നെയായിരുന്നു.

നന്ദുവിന്റെയും കൂട്ടരുടെയും നൃത്തത്തിനും മുൻപായിരുന്നു സീതമ്മയുടെ കച്ചേരി. സീത മ്മയും കിച്ചുവും നന്നായി പാടി. ഒപ്പം ശിവനും ദേവദത്തനും ഒട്ടും മോശമായിരുന്നില്ല.

കച്ചേരി കഴിഞ്ഞിറങ്ങിയ കിച്ചുവിൻറെ അടുത്തേക്ക് നന്ദു ചിലങ്കയും ആയി എത്തി. ഇത് പതിവുള്ളതാണ് എവിടെ പരിപാടി അവതരിപ്പിച്ചാലും നന്ദുവിന്റെ കാലിൽ ചിലങ്ക കെട്ടുന്നത് കിച്ചു ആയിരിക്കും. കിച്ചു ഒരു ചെറിയ ചിരിയോടെ ചിലങ്ക വാങ്ങി.

പതിവ് തെറ്റിച്ചുകൊണ്ട് ഇത്തവണ കിച്ചുവിൻറെ കയ്യിൽനിന്നും ചിലങ്ക ദേവദത്തൻ കൈനീട്ടി വാങ്ങി. കിച്ചു സന്തോഷത്തോടെ തന്നെ അത് ദേവദത്തന് ഏൽപ്പിക്കുകയും ചെയ്തു.

നന്ദുവിന്റെ മുൻപിൽ ഒരു കാൽ കുത്തി നിന്നു നന്ദുവിന്റെ കാല് ദേവദത്തൻ തുടയിൽ വെച്ച് ചിലങ്ക അണിയിച്ചു. ചിലങ്കയണിയിച്ച അവളുടെ കാലുകൾ കയ്യിലെടുത്ത് അവളുടെ കാൽപ്പാദങ്ങളിൽ അമർത്തി ചുംബിച്ചു.

എവിടെനിന്നോ ഒരു മിന്നൽ അവളുടെ ശരീരത്തിലാകമാനം പ്രവഹിച്ചതുപോലെ തോന്നി നന്ദുവിന്. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുതൂവി.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

 

 

പ്രണയിനി : PART 7

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

Share this story