മഴപോൽ : PART 6

മഴപോൽ : PART 6

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കണ്ണ് തുറന്നപ്പോൾ മോള് ചുറ്റിപിടിച്ചുറങ്ങുന്നുണ്ട്…. കുറച്ച് നേരം അവളെത്തന്നെ നോക്കി കിടന്നു…. പിന്നെ മോളെയുംകൊണ്ട് എഴുന്നേറ്റു…. മലർന്ന് കിടന്നുറങ്ങുന്ന കിച്ചുവേട്ടന്റെ മേലായി അമ്മൂട്ടിയെ കിടത്തികൊടുത്തു…. അൽപനേരം രണ്ടുപേരുടെയും അരികിലായി ഇരുന്ന് എല്ലാം മറന്നൊന്ന് നോക്കി…. ഇരുണ്ട് കൂടിയ കാർമേഘത്തിൽ നിന്നും ഒരല്പം ഭൂമിയിലേക്ക് പതിച്ച സുഖമുണ്ടായിരുന്നു അവളുടെ മനസിനപ്പോൾ…. പതിയെ എഴുന്നേറ്റു നടന്നു…. അപ്പോഴേക്കും കൈത്തണ്ടയിൽ പിടിവീണിരുന്നു….. അധികരിച്ച സന്തോഷത്തിൽ തിരിഞ്ഞുനോക്കി…….
“പ്രിയാ… ” അവൻ ഉറക്കത്തിൽ വിളിച്ചു…..
നിരാശയൊന്നും തോന്നിയില്ല അടുത്ത് ചെന്ന് ആ മുടിയിഴകളിലൂടെ ഒന്ന് വിരലോടിച്ചു… നെറ്റിയിലായി പതിയെ തഴുകി…. കൈവിടുവിച്ച് താഴേക്കിറങ്ങി……

ഉഷാമ്മേ….
മോളെന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റെ?? വയ്യാതിരുന്നതല്ലേ….. കുറച്ചൂടെ ചെന്ന് കിടന്നോ… ചെല്ല്…..
എന്താ മോളെ നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ……??? പോവാതെ നിന്ന് തിരിയുന്ന ഗൗരിയോടായി ഉഷ ചോദിച്ചു….

ഉഷാമ്മയ്ക്ക് എന്നോട് ദേഷ്യണ്ടോ..??? ഞാൻ ഒരിക്കലും വഴിവിട്ട രീതിയിൽ ജീവിച്ചിട്ടോ ചിന്തിച്ചിട്ടോപോലും ഇല്ല ഉഷാമ്മേ…… എന്റെ ഗതികേട് കൊണ്ട് എനിക്ക് ആ ശിവന്റെ കൂടെ നിൽക്കേണ്ടി വന്നിട്ടുണ്ട്… അന്നൊന്നും മനസുകൊണ്ട്പോലും ഈ ഗൗരി തെറ്റായി ഒന്നും ചിന്തിച്ചിട്ടില്ല…..
ഉള്ളിലുള്ള ഭയം കാരണം സമാധാനത്തിൽ അന്നൊന്നും ഉറങ്ങിയിട്ട് പോലും ഇല്ല ഞാൻ….
അയാളെന്നെ എന്തെങ്കിലും ചെയ്യുമെന്നും എനിക്കിനി ഒരു രക്ഷയില്ലെന്നും തോന്നിയ നിമിഷത്തിലാണ് ഞാൻ അവിടെനിന്ന് ഇറങ്ങിയത്…. ജീവനൊടുക്കാൻ തന്നെയായിരുന്നു തീരുമാനവും…. അന്നെനിക്ക് വണ്ടിടെ മുന്നിൽ ചാടിയതിന് പകരം വല്ല കിണറ്റിലോ കുളത്തിലോ ചാടിയമതിയായിരുന്നു അല്ലേ ഉഷാമ്മേ….???????

എന്തിനാ ഉഷാമ്മേ നിങ്ങളെന്നെ രക്ഷിച്ചേ???… എന്തിനാ നിങ്ങളെന്നെ ഇങ്ങോട്ട് കൂട്ടിവന്നെ..?? അതോണ്ടല്ലേ ഇപ്പം ഞാനീ ഹൃദയവേദന അനുഭവിക്കുന്നത്… അയാളെന്നേം കൊണ്ടേ പോകു ഉഷാമ്മേ… അതിനേതു നാറിയ കളിയും അവൻ കളിക്കും…. എനിക്ക് വയ്യ എന്റെ മോളെ വിട്ട് ഉഷാമ്മയെ വിട്ട് കിച്ചുവേട്ടനെ വിട്ട് എങ്ങോട്ടും ആർക്കൊപ്പവും പോവാനെനിക്കിനി വയ്യ…. എനിക്ക് ജീവിക്കണം ഉഷാമ്മേ… സമാധാനത്തോടെ ഉറങ്ങണം…. നിങ്ങളെയൊന്നും സ്നേഹിച്ചും കണ്ടും കൊതി തീർന്നില്ലെനിക്ക്…. അത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ഗൗരി കരഞ്ഞിരുന്നു…..

എന്റെകുട്ടി തെറ്റ് ചെയ്തൂന്ന് അതിന് ഉഷാമ്മ പറഞ്ഞോ??… ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും എന്റെമോളെ ഞാൻ അവിശ്വസിക്കില്ല… നിന്റെ കഴുത്തിൽ താലിചാർത്തിയത് എന്റെ മോൻ സാരംഗ് ചന്ദ്രദാസ് ആണേൽ നിന്നെ ഒരുത്തനും ഒന്നും ചെയ്യാനും പോണില്ല… മോള് ധൈര്യായിട്ട് ഇരിക്ക്….. ചെല്ല് പോയി കുറച്ച് നേരം കിടന്നോ നീയ്യ്….
വേണ്ട ഉഷാമ്മേ… ഇനി കിടന്നാലും ഉറക്കം വരില്ല അതോണ്ട് ഉഷാമ്മ മാറിക്കെ ബാക്കി ഞാൻ ചെയ്യാം….
അത് വേണ്ട മോൾക്ക് വയ്യാത്തതല്ലേ…??
ഏഹ്ഹ്.. അതൊക്കെ എപ്പഴേമാറി വേണേൽ ഞാൻ ഇപ്പം 500 മീറ്റർ ഓടി വരും കാണണോ…???
ആഹാ സ്മാർട്ടായല്ലോ കുറുമ്പി….
പിന്നല്ല.. സകലമാന രോഗങ്ങളും ഉള്ള ഉഷാമ്മയാണോ തലചുറ്റി വീണ എന്നെ പിടിച്ചിരുത്തി പണിയെടുക്കുന്നത്….
കേട്ടതും പപ്പടക്കോലെടുത്തു ഒരൊറ്റ അടി ബാക്കിലായി തന്നെ കൊടുത്തു ഉഷ….
അടിയുടെ ആഗാധത്തിൽ ഞെട്ടി തിരിഞ്ഞ ഗൗരി ഉഷേടെ ചിരികണ്ടപ്പോൾ കൂടിച്ചേർന്ന് ചിരിക്കാൻ തുടങ്ങി….

അമ്മേ…. കൊഞ്ചിയുള്ള വിളികേട്ടപ്പോളാണ് രണ്ടുപേരും അടുക്കളവാതിലിലേക്ക് നോക്കിയത്…. അവളെയും എടുത്തുകൊണ്ട് വാതിൽകട്ടിലിലായി ചാരി നിൽക്കുന്നുണ്ടായിരുന്നു കിച്ചു….
അമ്മൂട്ടി കൈകൾ രണ്ടും ഗൗരിക്ക് നേരെ നീട്ടിപിടിച്ചു….
ചെല്ല് മോള് പോയെടുത്തോ…. ഇനീപ്പം ആരെടുത്തലും അവളുടെ ചിണുക്കം മാറില്ല…. കൈ രണ്ടും ഇട്ട ചുരിദാറിലായി തുടച്ചുകൊണ്ടവൾ അവർക്കരികിലേക്ക് നടന്നു….

വായോ… കൈയ്യുയർത്തി അവൾ അമ്മൂട്ടിയെ വിളിച്ചു…
എന്താന്ന് അറിയില്ല പെട്ടന്ന് ഞെട്ടിയുണർന്നു.. ഉറക്കാൻ കുറെ നോക്കി ഒരേ ചിണുക്കം തന്നെ കാണണമെന്ന് പറഞ്ഞ്….. അവൾ കിച്ചുവിനെ തന്നെനോക്കി ആദ്യായിട്ട തന്നോടിത്ര മയത്തിൽ സംസാരിക്കുന്നത്… ഒന്നുകിൽ മൗനം അല്ലെങ്കിൽ കടുത്ത അമർഷം അതെ കണ്ടിട്ടുള്ളു… അവളൊന്ന് ചിരിച്ചെന്ന് വരുത്തി… പിന്നെ മോളെ നോക്കി….

അമ്മേടെ കണ്ണ വാടാ… എന്തിനാ ചങ്കടം വരണേ അമ്മേടെ മോൾക്ക് മ്മ്ഹ്ഹ്…???
അവൾ ചിണുങ്ങികരയുന്ന അമ്മൂട്ടിക്ക് നേരെ കൈനീട്ടി ചോദിച്ചു…
അമ്മൂട്ടി ഒരു കൈ കിച്ചുവിന്റെ കഴുത്തിനു ചുറ്റും പിടിച്ച് അവന്റെ തോളിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു…..
ഗൗരി കൈനീട്ടി വിളിച്ചപ്പോൾ അമ്മൂട്ടി മറ്റേകൈ നീട്ടികൊടുത്തു. അത് പിടിച്ചു അവളെ എടുക്കാനായി തുനിഞ്ഞതും അമ്മൂട്ടിയവളെ വലിച്ചടുപ്പിച്ചു……ഒട്ടും പ്രതീക്ഷിക്കാഞ്ഞത് കൊണ്ടാകാം അവൾ അമ്മൂട്ടിയോടും കിച്ചുവിനോടും ചേർന്ന് നിന്നു…. കണ്ണിലൊരു പിടച്ചലോടെ അവൾ കിച്ചുവിനെ നോക്കി…. അവനും തന്നോട് ചേർന്ന് നിൽക്കുന്ന അവളെതന്നെയായിരുന്നു നോക്കിയിരുന്നത്…..അവളുടെ കണ്ണിലെ പിടച്ചിൽ അവനെ ഒരുനിമിഷം മറ്റേതോ ലോകത്തേക്ക് കൊണ്ടുപോയി…..
അമ്മൂട്ടി രണ്ടുപേരുടെയും കവിളുകളിലായി ഓരോ ഉമ്മ നൽകി… രണ്ടുപേരും അതറിഞ്ഞുപോലും ഇല്ല….

പ്ലേറ്റൊരെണ്ണം താഴെവീഴുന്ന ശബ്ദം കേട്ടപ്പോൾ രണ്ടാളും വിട്ടകന്നു…. ഗൗരി അമ്മൂട്ടിയെ എടുത്ത് തിരിഞ്ഞ് നടന്നു…..

❇❇❇❇❇❇❇❇❇❇❇❇❇❇

അമ്മൂട്ടീ….. അമ്മ നല്ല അടിയങ്ങ് വച്ച് തരുവേ… ഇപ്പം തന്നെ മേലാകെ നനഞ്ഞു…
ശ്ശേ.. കുറുമ്പി നനയ്ക്കല്ലെടി….
കിച്ചു ഓഫീസിലേക്കായി ഇറങ്ങുമ്പോളാണ് ഗാർഡൻ നനച്ചുകൊണ്ട് സ്വയം കുളിച്ച് നിൽക്കുന്ന രണ്ടിനേം അവൻ കാണുന്നത്….

അമ്മൂട്ടീ… നീട്ടിയുള്ള കിച്ചുവിന്റെ വിളി കേട്ടപ്പോൾ അവൾ പമ്മി പമ്മി ഗൗരിടെ ബാക്കിലായി ചെന്ന് നിന്ന് അവളുടെ കാലിനെ ചുറ്റിപിടിച്ചു ഒളികണ്ണിട്ടു നോക്കി…..അവൾക്കറിയാം നല്ല വഴക്കിപ്പോൾ കേൾക്കുമെന്ന്….
ഗൗരിയെ നോക്കിയപ്പോൾ അവളും നനഞ്ഞ ഡ്രസ്സ്‌ ശെരിയാക്കുന്ന തിരക്കിലായിരുന്നു…. അവനൊന്നു രൂക്ഷമായി നോക്കിയപ്പോൾ നന്നായൊന്ന് ഇളിച്ചു കൊടുത്തു…. അത് കണ്ടപ്പോൾ കിച്ചു ഒന്ന് ചിരിച്ചുപോയി…

അമ്മൂട്ടീ… ഇങ്ങ് വാ… അച്ഛയ്ക്ക് പോകാറായെ പതിവ് ഇതുവരെ കിട്ടിയില്ല… അത് കേൾക്കേണ്ട താമസം അവൾ ഓടി അവനരികിൽ പോയി….
അച്ഛേ… അമ്മൂട്ടീ താഴേക്ക് തലകുലുക്കി വിളിച്ചു…
അയ്യടാ… എന്നിട്ടെന്നെ നനയ്ക്കാനല്ലേ…. നിന്റെ വിക്രസൊന്നും എന്റടുത്തു വേണ്ടാട്ടോ…
രണ്ടുപേരുടെയും കളിയും ചിരിയും കണ്ട് ഗൗരി അവർക്കടുത്തേക്ക് നടന്നടുത്തു….
ഇങ്ങ് വാ അമ്മൂട്ടീ അമ്മയെടുക്കാം….
കേൾക്കേണ്ട താമസം അവൾ ഗൗരിടെ മേലേക്ക് കയറി… കയറിക്കഴിഞ്ഞതും രണ്ട് കൈകൊണ്ടും കിച്ചുവിനെ ചുറ്റിപിടിച്ചു അവൾ ഉമ്മവച്ചു…. അവനെയാകെ നനച്ചു…..
നിന്നെ ഞാനിന്ന് ഇങ്ങോട്ട് വാടി അവൻ എടുക്കാൻ തുനിഞ്ഞതും അവൾ ഗൗരിടെ കൈകളിൽ നിന്നും ഊർന്നിറങ്ങി ഓടി…..
ഇതുകണ്ട് ഗൗരി ആർത്ത് ചിരിച്ചു…. കിച്ചു അവളെ കൈക്ക് പിടിച്ചു ചേർത്തണച്ചു… ഒരു നിമിഷം ഗൗരിയൊന്നു പതറി

അത്… ഞാൻ… വെറുതെ… ഞാനല്ലലോ അമ്മൂട്ടിയല്ലേ….. അവൾ ചെറിയ വിറവലോടെ പറഞ്ഞു
നിന്റെ കൂടെ കൂടിയതിൽ പിന്നെയാ അവൾക്കിത്ര വികൃതി…
ആഹാ ഞാനെന്ത് ചെയ്തൂന്നാ…???
അങ്ങോട്ട് മാറിക്കെ ഞാൻ പോട്ടെ….. അവളവനെ തള്ളിമാറ്റി അകത്തേക്ക് കയറി….

താൻ ഇന്നലെ പറഞ്ഞതിന്റെയും ചെയ്തതിന്റെയും പരിഭവത്തിനു പകരം മോളെ അവൾക്ക് നൽകിയതിന്റെ സന്തോഷം മാത്രമേ അവളിലുള്ളു എന്ന് മനസിലാക്കിയപ്പോൾ അവനു ആശ്വാസമായി….. പറഞ്ഞുപോയ തെറ്റിന് അപ്പഴേക്കും അവൻ മനസുകൊണ്ട് ആയിരംവട്ടം മാപ്പ് പറഞ്ഞുകഴിഞ്ഞിരുന്നു….

❇❇❇❇❇❇❇❇❇❇❇❇❇❇

അവിടെ നിക്ക് മോളെ… പനി പിടിക്കുംട്ടോ… അമ്മ തുടച്ച് തരാം…
ഗൗരി പിടിക്കാനാഞ്ഞപ്പഴേക്കും അവൾ മുറിയിൽനിന്നും ഓടി ഇറങ്ങിയിരുന്നു….

നിക്കെടി അവിടെ… ഓടിയിറങ്ങിയത് കിച്ചുവിന്റെ കയ്യിലേക്കായിരുന്നു……
നീയെങ്ങോട്ടാ ഈ കിടന്ന് ഓടണെ…… ഇങ്ങ് വാ…. ചെല്ല് അമ്മ മാറ്റി തരും ഉടുപ്പ്…
കേട്ടതും ഗൗരി ഞെട്ടി കിച്ചുവിനെ നോക്കി…… കണ്ണുകൾ നിറഞ്ഞിരുന്നു ആയിരം പൂര്ണചന്ദ്രൻ ഉദിച്ച തിളക്കം ആ മുഖത്തു വന്ന് നിന്നു….
നീയെന്താടി കണ്ണ് മിഴിച്ചു നോക്കിനിൽക്കണേ കൊച്ചിനെ മാറ്റികൊടുക്ക്…… കിച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ മോളെ പിടിച്ചു വാങ്ങി വേറെ ഡ്രസ്സ്‌ എടുത്ത് ഇട്ടുകൊടുത്തു…. കളിച്ചുകൊണ്ട് അവളുടെ മേലേക്ക് ചായാൻ പോയ അമ്മൂട്ടിയെ ഗൗരി ശാസിച്ചു പിടിച്ചുനിർത്തി… അടങ്ങി ഇരിക്ക് അമ്മയാകെ നനഞ്ഞിരിക്യാ… മാറ്റീട്ട് മോളുവാവേനെ എടുക്കാട്ടോ…. പറഞ്ഞ് തിരിഞ്ഞപ്പോൾ കാണുന്നത് നനഞ്ഞ ഷർട്ട്‌ മാറുന്ന കിച്ചുവിനെയാണ്…. കണ്ടതും കാണാൻ പാടില്ലാത്ത എന്തോ കണ്ടതുപോലെ അവൾ പെട്ടന്ന് തിരിഞ്ഞുകളഞ്ഞു…….

നാശം പിടിക്കാൻ ആ ആഷ് കളർ ഷർട്ട്‌ എവിടെകൊണ്ടുപോയി കളഞ്ഞാവോ… അല്ലെങ്കിലും ഈ വീട്ടിൽ ഒരു സാധനവും തിരഞ്ഞാൽ കാണൂലല്ലോ….. ഷോൾഡറിൽ ഒരു കൈവന്നു പതിഞ്ഞപ്പോൾ കിച്ചു തിരിഞ്ഞുനോക്കി…

മാറിനിൽക്ക് ഞാനെടുത്ത് തരാം… അത് പറയുമ്പോൾ ഗൗരിടെ ശബ്ദം നന്നേ നേർത്തിരുന്നു…. പതിയെ അവൾക്കായി സൈഡ് ചെരിഞ്ഞു നിന്നുകൊടുത്തു കിച്ചു….
അലമാരയിൽ നിന്നും ഷർട്ടെടുത്ത് കൊടുത്ത് അവനുനേരെ നീട്ടി പിടിച്ചു ഗൗരി …..
ഹോ… ഇത് ഇതിനകത്ത് തന്നെ ഉണ്ടായിരുന്നോ ഞാൻ നോക്കിട്ടെന്നിട്ട് കണ്ടില്ലാലോ….

ആ അതെങ്ങനെ കാണാനാ… ദേഷ്യവും പോരാത്തേന് ഒടുക്കത്തൊരു വെപ്രാളവും അവൾ നിലത്തേക്ക് കണ്ണുകളൂന്നി ശബ്ദം താഴ്ത്തി അവൻ കേൾക്കാത്ത രീതിയിൽ പറഞ്ഞു….
എന്ത്…?? താനെന്തേലും പറഞ്ഞായിരുന്നോ ….???
ഏയ്… ഷർട്ട്‌ അതിനകത്തു താഴെയായിട്ടാ ഇരുന്നേന്ന് പറയുവായിരുന്നു…..
ഹാ..അങ്ങനെ….. ഷർട്ട്‌ വാങ്ങി കിച്ചു അതിട്ടു…

നീയെന്താ മാറ്റുന്നില്ലേ…???
മ്മ്ഹ്…
ഗൗരി….
മ്മ്മ്ഹ
ഞാനിന്നലെ… പെട്ടന്ന് ഒരാൾ വന്ന് എന്തൊക്കെയോ പറഞ്ഞപ്പോ കണ്ട്രോൾ പോയി…. അങ്ങനെ പറഞ്ഞുപോയതാ… സോറി…. അവൻ പെട്ടന്ന് പറഞ്ഞവസാനിപ്പിച്ചു….
ഞാൻ… ഞാനതൊക്കെ മറന്നു…. ഗൗരി നിറഞ്ഞ പുഞ്ചിരിയോടെ അവനോട് പറഞ്ഞു…..
കുറച്ച് നേരം അവൻ അത്ഭുതത്തോടെ അവളെത്തന്നെ നോക്കിനിന്നുപോയി…..

മൗനം വെടിഞ്ഞു കിച്ചു തന്നെ പറഞ്ഞു “പോയിട്ട് കുറച്ച് തിരക്കുണ്ട്… എന്നാ ഞാൻ ഇറങ്ങുവാ..”
പോട്ടെടി കാന്താരി… അതും പറഞ്ഞു ബെഡിൽ മിക്കിമൗസിനൊപ്പം കളിക്കുന്ന അമ്മൂട്ടീടെ കവിളിൽ ഒന്ന് മുത്തി…. റൂമിൽ നിന്നിറങ്ങുമ്പോ ഗൗരിയെ നോക്കിയൊന്ന് തലയാട്ടി…

അവൻ താഴേക്കിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും ഗൗരി മോളെയും വാരിയെടുത്ത് ഉമ്മറത്തേക്ക് ഓടി…. കാറിലിരുന്ന് കിച്ചു എന്തെയെന്ന് തലയാട്ടി ചോയ്ച്ചു…. ഒന്നുമില്ലെന്ന് ചുമലുകൂച്ചിയവൾ മറുപടി പറഞ്ഞു…. കാർ ഗേറ്റ് കടന്ന് പോകുന്നത് രണ്ടുപേരും നോക്കി നിന്നു……

❇❇❇❇❇❇❇❇❇❇❇❇❇❇

നീയെന്തൊക്കെയാ അച്ചു ഈ പറയുന്നേ??… നിനക്കെന്താ വട്ടായോ… അല്ലേലും അങ്ങേരിപ്പോ മൂന്നാമതൊന്നുടെ കെട്ടാൻ പോവുവാണല്ലോ……
മൂന്നാമതൊന്നെന്നൊന്നും പറയല്ലെടി ഇപ്പം കെട്ടിയത് ഒട്ടും ഇഷ്ടമില്ലാതെയാ…..സൊ വളച്ചൊടിച്ചു കുപ്പിയിലാക്കിയാൽ കെട്ടാവുന്നതേയുള്ളു അങ്ങേരെ…… കെട്ടി കഴിഞ്ഞാൽ ഈ കാണുന്ന സാമ്രാജ്യം മുഴുവൻ ആരത….???
കോപ്പ് ഒന്ന് മിണ്ടാതെ പോടീ….
പറയെടി പൂജകുട്ടീ.. ആർക്കുള്ളതാ???
നിന്റെ അമ്മായിയപ്പന്…
ഹാ അത് ചിലപ്പം ആയിരിക്കും… അങ്ങേരു തട്ടിപോയാൽ പിന്നെ അത് ആർക്കാ… നമ്മുടെ കടുവയ്ക്ക് അതിനർത്ഥം എനിക്ക് ഈ അർച്ചന പ്രഭാകറിന്…
തേങ്ങയാണ്.. ആമ്പൽ മോൾക്കായിരിക്കും സർവ്വാധികാരവും….
ആകെ പൊടിക്കുപ്പിപോലുള്ളെനെ ഒഴിവാക്കാനാണോടി ഇത്ര റിസ്ക്????…. സ്വിമ്മിംഗ് പൂളിലേക്ക് നൈസായി ഒന്ന് തള്ളിയാപ്പോരേ..??
ഒന്ന് നിർത്തച്ചു ഓരോ ഭ്രാന്തു പറയല്ലേ…
ഭ്രാന്തല്ലടി ആാാ സാരംഗ് ചന്ദ്രദാസിനേം കൊണ്ടേ ഈൗ അച്ചുവിനി പോകു നീ നോക്കിക്കോ….

നീ എന്ത് കോപ്പെങ്കിലും ചെയ്യ്… എന്നെ ഇതിലേക്കൊന്നും കൂട്ടണ്ട…

❇❇❇❇❇❇❇❇❇❇❇❇❇❇

എന്താണ് അച്ചുമോളെ… ഭയങ്കര സന്തോഷത്തിലാണല്ലോ…..
അതെന്താ ശരൺ എനിക്ക് ചിരിക്കാനും പാടില്ലേ???… നിയങ്ങോട്ട് മാറ് ആാാ കടുവ വന്നിട്ടില്ലേ… ചാക്ക് കണക്കിന് വർക്ക്‌ എടുത്ത് വച്ചിട്ടുണ്ടാകും….
ഹാ… നിയങ്ങോട്ട് ചെല്ല് പക്ഷെ ഇന്ന് വർക്ക്‌ അധികൊന്നും ഉണ്ടാവില്ലാന്നാ തോന്നണേ….
അച്ചു ഒന്ന് സംശയ ഭാവത്തിൽ പിരികക്കൊടികൾ വളച്ചു….
അവനിന്ന് നല്ല ഹാപ്പി ആ…
അതെന്താ കെട്യോളെ പറഞ്ഞുവിട്ടോ???… അത് ചോദിക്കുമ്പോൾ കണ്ണുകൾ വിടർന്നു….
അവൻ കൊറേ ഓടിച്ചുവിടാൻ നോക്കിയിട്ട് അതൊടുക്കം അവന്റെ ഹൃദയത്തിനകത്തോട്ടാ ഓടിക്കയറിയതെന്ന് തോന്നുന്നു…… ശരണിന്റെ മറുപടി ഒരു നടുക്കത്തോടെയാണ് അർച്ചന കേട്ടത് ….
ഉള്ളിൽ കുടിലത നിറച്ച് അവൾ പുറമെ ഒന്ന് ചിരിച്ചെന്ന് വരുത്തി…….

❇❇❇❇❇❇❇❇❇❇❇❇❇❇

ഈ സമയം തന്റെ ക്യാബിനിൽ പ്രിയയുടെയും അമ്മൂട്ടിയുടെയും ഫോട്ടോ നോക്കി ഇരിക്കുകയായിരുന്നു കിച്ചു….

പ്രിയാ…. പാവാണെന്ന് തോന്നുന്നു.. നമ്മടെ മോൾക്കവളെ വല്യ ഇഷ്ടാ… അവൾക്ക് തിരിച്ചും…. അവൾ വന്നതിൽ പിന്നെയാ നമ്മടെ അമ്മൂട്ടിയെ ഇത്ര സന്തോഷത്തോടെ ഞാൻ കണ്ടത്…. എന്ത് കാര്യത്തിനും അവൾക്കിപ്പോ ഗൗരി വേണം….. അന്ന് വണ്ടിക്കുമുൻപിൽ വന്ന് ചാടിയെങ്കിലും അവളെപ്പറ്റി ഞാനൊന്നും അന്വേഷിച്ചില്ല….. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവളാണെന്ന് തോന്നുന്നു പ്രിയേ…. ഇടയ്ക്കിടെ എന്റെ മനസ്സ് കൈവിട്ട് പോവുന്നതുപോലെ…. ഞാൻ അറിയാതെ തന്നെ എന്റുള്ളിലേക്ക് കയറിത്തുടങ്ങിയിട്ടുണ്ട് അവൾ…. പക്ഷെ അതൊരിക്കലും നിന്റെ സ്ഥാനത്തല്ല പ്രിയ… മെല്ലെ ആ ഫോട്ടോയിലേക്കൊന്ന് ചുണ്ട് ചേർത്തു….

മെയ്‌ ഐ കം ഇൻ സർ…??
അപ്പോഴാണ് ക്യാബിന്റെ ഡോർ തുറന്ന് അർച്ചന അകത്തേക്ക് വന്നത്. കിച്ചു പ്രിയയെ ചുംബിക്കുന്നത് കണ്ടപ്പോൾ അവൾക്കാശ്വാസമായി…. ഗൗരി ഇപ്പോഴും അകന്നു തന്നെയാണെന്ന് അവളൂട്ടിയുറപ്പിച്ചു…..

വാട്സ് ദ മാറ്റർ അർച്ചന..???
സർ ഒരു വിസിറ്റർ ഉണ്ട്…. താഴെ ഇരിക്കുവാണ് ഇങ്ങോട്ട് വിളിക്കണോ അതോ സർ അങ്ങോട്ട് ….???
താൻ ആരാണെന്ന് ചോദിച്ചില്ലേ…??
യെസ് സർ വൺ മിസ്സ്‌ ദയ…
ഓഹ്…. അവരോടിങ്ങ് കയറി വരാൻ പറയു…..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

Share this story