രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 5

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

സിദ്ധു ഇറങ്ങിപ്പോയതിന് പിന്നാലെ കാറുമെടുത്ത് വീട്ടിലേക്ക് വന്നു. ബാഗ് സോഫയിലേക്ക് വലിച്ചെറിയുമ്പോൾ സങ്കടമായിരുന്നില്ല ദേഷ്യമായിരുന്നു നിറഞ്ഞു നിന്നത്.

“ഞാൻ താലികെട്ടിയ പെണ്ണാണ് നീ. എന്റെ ഭാര്യ. ആരെക്കാളും നിന്നിൽ അവകാശമുള്ളവൻ. വീണ്ടുമത് തെളിയിക്കണോടീ ഇനി ”
അവന്റെ വാക്കുകൾ തീമഴ പോലവളുടെ കാതിൽ മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു. വർദ്ധിച്ച കോപത്താൽ റൂമിലെ ഫ്‌ളവർ വെയ്‌സ് തട്ടിത്തെറിപ്പിക്കുമ്പോഴും അത് പല ചീളുകളായി തറയിൽ വീണ് ചിതറിത്തെറിക്കുമ്പോഴും മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഓർമ്മകൾ അവസാനത്തെ കെട്ടും പൊട്ടിച്ച് ബന്ധനത്തിൽനിന്നും മോചിതരായി കഴിഞ്ഞിരുന്നു.

* * * *
പ്ലീസ് അമ്മേ.. എന്റെ കൂടെ വാ അമ്മേ കൊഞ്ചലോടെ രുദ്ര അമ്മയുടെ താടിയിൽ പിടിച്ചു കെഞ്ചി.

വയസ്സ് ഇരുപതാകാൻ പോകുന്നു എന്നിട്ടും നാണമില്ലല്ലോടീ പെണ്ണേ നിനക്ക് എന്നെയും വിളിച്ചുകൊണ്ട് ബസ് സ്റ്റോപ്പ്‌ വരെ കൂട്ട് പോകാൻ. ഇറങ്ങി കോളേജിൽ പോകാൻ നോക്കെടീ.. രുദ്രയുടെ അമ്മ രുക്മിണി പറഞ്ഞു.

പേടിയായിട്ടല്ലേ അമ്മേ ഒറ്റയ്ക്ക് പോകാൻ. അമ്മയും കൂടി ഉണ്ടെങ്കിൽ പേടിക്കേണ്ടല്ലോ. പ്ലീസ് അമ്മേ രുദ്ര വീണ്ടും കെഞ്ചി.

ബി എസ് സി ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയാണ്. ഈ വർഷവും കൂടി കഴിഞ്ഞാൽ കോഴ്സ് കഴിയും.
ആരെങ്കിലും വന്ന് കെട്ടിക്കൊണ്ട് പോയാൽ പിന്നെ എവിടേക്കെങ്കിലും ഇറങ്ങണമെങ്കിൽ അമ്മയ്ക്ക് വരാൻ പറ്റില്ല. ശാസന കലർന്നൊരു പുഞ്ചിരിയോടവർ പറഞ്ഞു.

അതിന് ഞാൻ കല്യാണം കഴിക്കുന്നെങ്കിലല്ലേ. എനിക്ക് കല്യാണം വേണ്ട. അടുത്ത് എം എസ് സി ചെയ്യണം. ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിന് നല്ല സ്കോപ് ഉള്ളതുകൊണ്ട് ജോലി പെട്ടെന്ന് ശരിയാകും. എനിക്ക് നല്ലൊരു ഡിസൈനർ ആകണം. എല്ലാത്തിനും എനിക്കെന്റെ അമ്മ കൂടെ വേണം. ഞാനും അമ്മയും മതി.. അവൾ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞു.

പഠിക്കുന്നതൊക്കെ നല്ലതാ മോളെ ജോലിയും വാങ്ങണം. എന്നാലും ഒരു വിവാഹം അത് അത്യാവശ്യമാ.പെണ്ണിന് ആൺതുണ വേണ്ടേ ജീവിക്കാൻ അവർ ആധിയോടെ പറഞ്ഞു.

എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴല്ലേ അച്ഛൻ മരിച്ചത്. അതിനുശേഷം ആൺതുണ ഇല്ലാതല്ലേ അമ്മ എന്നെ വളർത്തിയത്. രുദ്ര തിരിച്ചു ചോദിച്ചു.

ഞാൻ നിന്നോടൊന്നും പറയുന്നില്ല. എന്നോട് തർക്കിക്കാൻ മാത്രം നൂറ് നാവാണ്. പുറത്തിറങ്ങിയാൽ വായ തുറന്നു നോക്കണം നാക്കുണ്ടോയെന്നറിയാൻ. ഒറ്റയ്ക്ക് അടുത്തുള്ള ബസ് സ്റ്റോപ്പിൽ പോകാൻ വരെ പേടി.. അവർ കളിയാക്കി.

അതിനയൊരു ചമ്മിയ ചിരികൊണ്ട് നേരിട്ട് നീണ്ട മുടിയവൾ മെടഞ്ഞിട്ട് ക്ലിപ്പിട്ടു. ധരിച്ചിരുന്ന ചുരിദാർ ശരിയാണോയെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിക്കൊണ്ടവൾ ബാഗുമെടുത്തിറങ്ങി.
അമ്മയ്ക്ക് ടാറ്റ പറഞ്ഞ് കോളേജിൽ ബസിറങ്ങുമ്പോൾ വിറയൽ കടന്നുവരുന്നതവൾ അറിഞ്ഞു. കഴിഞ്ഞ രണ്ടര വർഷമായിട്ടും അതിനൊരു കുറവുമില്ലെന്നവൾ ഓർത്തു.

ക്ലാസ്സിൽ എല്ലാവരോടും പരിചയമാണ്. ശ്രദ്ധ എന്ന പെൺകുട്ടി അല്ലാതെ അടുത്ത സുഹൃത്തുക്കൾ ആരും തന്നെയില്ല.

രുദ്രയുടെ വരവ് കാത്ത് ശ്രദ്ധ ഇരിപ്പുണ്ടായിരുന്നു. ആഹാ..ഇന്നും അമ്മ ബസ് സ്റ്റോപ്പിൽ വന്നോ അവളെ കണ്ടതും കളിയാക്കിക്കൊണ്ട് ശ്രദ്ധ ചോദിച്ചു.

അവളെ നോക്കി തലയാട്ടിക്കൊണ്ട് രുദ്ര സീറ്റിലേക്കിരുന്നു. ഫൈനൽ ഇയർ ആയതുകൊണ്ട് തന്നെ ഒഴിവുസമയം അധികം കിട്ടാറില്ല.

വൈകുന്നേരം തിരികെ ബസ് കയറുമ്പോഴും വീട്ടിലേക്ക് പോകാനായി വളവ് തിരിയുമ്പോഴും തലകുനിച്ചവൾ നടന്നു.

പെട്ടെന്നാണ് ഒരു കാർ അവളുടെയടുത്ത് കൊണ്ട് നിർത്തിയത്.
പേടിയും വെപ്രാളവും നിറച്ചവൾ മിഴികളുയർത്തിയതും ഗ്ലാസ്സ് താഴ്ത്തുന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുകളാണവൾ ആദ്യം കണ്ടത്. പിടച്ചിലോട് കൂടി മിഴികൾ വെട്ടിച്ച് വീണ്ടുമവൾ വിറയലോടെ തല താഴ്ത്തി കടന്നു പോകാനൊരുങ്ങി.

അതേയ്.. ഈ രാധാകൃഷ്ണന്റെ വീടെവിടെയാ. ഇവിടെയെവിടെയോ ആണെന്നാണ് പറഞ്ഞത്. പക്ഷേ ആൾ വിളിച്ചിട്ടിപ്പോൾ ഫോൺ എടുക്കുന്നില്ല. കുട്ടിക്കറിയാമോ.. അവനത് ചോദിക്കുമ്പോഴും അവളിലൂടവന്റെ കണ്ണുകൾ ഉഴിഞ്ഞു.

കോട്ടൺ ചുരിദാറാണ് വേഷം. വെളുത്ത് മെലിഞ്ഞിട്ടാണ്. വിടർന്ന മിഴികളാണ് അതിനെ കറുപ്പിച്ചിട്ടുണ്ട്. പൊട്ട് തൊട്ടിട്ടുണ്ട്.
മൂക്കിൻത്തുമ്പിലും മേൽച്ചുണ്ടിലുമായി വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടുന്നു. പഴുത്ത ചാമ്പയ്‌ക്ക പോലുള്ള അധരമെന്ന് വെറുതെ പറയുന്നതല്ലെന്നവൻ ഓർത്തു. വിടർന്ന നിറമുള്ള ചെറിയ അധരങ്ങൾ.

സാർ.. നേരെ പോയിട്ട് വലത്തോട്ടുള്ള വഴി കാണാം. അവിടെ നിന്നും മൂന്നാമത്തെ വീട്. നീല പെയിന്റ് ചെയ്തത് വിറച്ചവൾ പറയുമ്പോൾ അവന്റെ മിഴികൾ അവളുടെ വിറകൊള്ളുന്ന അധരത്തിലായിരുന്നു തങ്ങിനിന്നത് മുഴുവൻ.

അവന്റെ നോട്ടം കണ്ട് പരിഭ്രമത്തോടെയവൾ മുന്നോട്ട് നടന്നു.

ധൃതിയിൽ പോകുന്ന അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ടവൻ കാർ മുന്നോട്ടെടുത്തു.

അവൾ വീട്ടിൽ കയറി പോകുന്നതവൻ കാറിലിരുന്ന് നോക്കിക്കണ്ടു.

ആഴ്ചകളും മാസങ്ങളും കടന്നുപോയി. അവസാന പരീക്ഷയും കഴിഞ്ഞവൾ വീട്ടിലെത്തി. ഇതിനിടയിൽ പലപ്പോഴും കാറിലെത്തിയ ആൾ തന്നെ ശ്രദ്ധിക്കുന്നതവൾ കണ്ടുവെങ്കിലും അവന്റെ ഭാഗത്തുനിന്നും ശല്യമൊന്നും ഉണ്ടാകാത്തതിനാൽ അവളത് കാര്യമാക്കിയില്ല.

രണ്ടുദിവസം കഴിഞ്ഞ് ജോലി കഴിഞ്ഞ് അമ്മ പാഞ്ഞെത്തി.
അമ്മയുടെ പരവേശം കണ്ടവൾ പേടിച്ചു.

എന്താ അമ്മേ.. എന്ത് പറ്റി പരിഭ്രമത്തോടെയവൾ ചോദിച്ചു. മോളെ നാളെയൊരു കൂട്ടർ കാണാൻ വരുന്നുണ്ട്. വലിയ കൂട്ടരാ മോളെ. ചെറുക്കൻ മോളെക്കണ്ട് ഇഷ്ടപ്പെട്ടെന്നാ പറഞ്ഞത്. നല്ല പയ്യനാണെന്ന് തോന്നുന്നു. ഞാൻ ബാങ്കിൽ നിന്നുമിറങ്ങിയപ്പോൾ എന്നെ കാത്തുനിന്ന് പറയുകയായിരുന്നു.

ഓഹ്.. എന്റെ പൊന്നമ്മേ.. ഇതിനാണോ ഇത്രയ്ക്ക് ടെൻഷൻ അടിച്ചത് എന്നെക്കൂടി പേടിപ്പിച്ച് കളഞ്ഞല്ലോ.. നെഞ്ചിൽ കൈവച്ചുകൊണ്ടവൾ പറഞ്ഞു.

അമ്മയ്ക്ക് പറഞ്ഞു കൂടായിരുന്നോ.. ഇപ്പോൾ അമ്മയുടെ മകൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്..

നീയെന്തൊക്കെയാ മോളെ പറയുന്നത്. എന്നായാലും നിനക്കൊരു ജീവിതം വേണ്ടതല്ലേ. നല്ലൊരു കുടുംബത്തിൽ നിന്നും വന്ന ആലോചനയാ. മോളുടെ ഇഷ്ടo പോലവർ പഠിപ്പിക്കും. അവർ പറഞ്ഞു.

എന്നാലും അമ്മേ.. ഇപ്പോൾ വേണ്ടമ്മേ.. കെഞ്ചലോടവൾ പറഞ്ഞു.

ദേ രുദ്രേ.. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. എനിക്ക് വയസായി വരികയാ. ബാങ്കിലുള്ള തൂപ്പുപണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. നിനക്ക് തന്നെ അറിയാമല്ലോ ബി എസ് സിക്ക് എത്ര രൂപയായെന്ന്. ഇനി അമ്മയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല മോളേ. അവിടുത്തെ ജോലി പോലും എപ്പോൾ നഷ്ടമാകുമെന്നറിയില്ല. എനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ നിനക്കാരാ തുണ. ഇതാകുമ്പോൾ ഇങ്ങോട്ട് വന്ന ബന്ധമാ. എ കെ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ ഉടമയാ. മോൾക്കിഷ്ടമുള്ളതുവരെ മോളെ പഠിപ്പിക്കുമവർ. അവരത് പറഞ്ഞു നിർത്തി.

അമ്മയുടെ ഇഷ്ടം.. എന്ന് പറഞ്ഞവൾ അകത്തേക്ക് കയറി.

പിറ്റേന്ന് ചായയും പലഹാരങ്ങളുമായി അവർ തയ്യാറായി. പത്തുമണി കഴിഞ്ഞപ്പോൾ രണ്ടുപേർ കാറിൽ വന്നിറങ്ങി.

ചായകൊണ്ട് പോയ രുദ്ര പെണ്ണുകാണാൻ വന്നയാളെ കണ്ട് ഞെട്ടി. അന്ന് കാറിൽ വന്ന് വഴി ചോദിച്ചയാൾ. ചായ തുളുമ്പി പോകും മുൻപേ അവനത് കൈനീട്ടി എടുത്തു.

എനിക്ക് മറ്റാരുമില്ല. അമ്മ രണ്ടുവർഷം മുൻപ് മരിച്ചു. സഹോദരി ഉള്ളത് വിവാഹം കഴിഞ്ഞ് കാനഡയിൽ സെറ്റിൽഡ് ആണ്. അച്ഛൻ ബിസിനസ്സുമായി തിരക്കിലാണ്. വിവാഹത്തിന് കുറച്ച് ബന്ധുക്കൾ ഞങ്ങളുടെ ഭാഗത്ത് നിന്നും കാണുള്ളൂ. ലളിതമായി ചടങ്ങുകൾ നടത്താനാണ് എനിക്ക് താല്പര്യം. അവൻ പറഞ്ഞു നിർത്തി.

മക്കൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ അതാകാം. രുക്മിണി പറഞ്ഞു.

പുറത്തെ രാജമല്ലി പൊഴിഞ്ഞു കിടക്കുന്ന മണ്ണിൽക്കൂടി നടന്ന് അതിന്റെ ചുവട്ടിലായവർ നിലയുറപ്പിച്ചു.
എത്രയൊക്കെ ശ്രമിച്ചിട്ടും വിറയൽ തടഞ്ഞു വയ്ക്കാൻ അവൾക്കായില്ല.

വിറയ്ക്കുന്ന ശരീരത്തോടെ തന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെയും അവളുടെ വിയർപ്പുകണികകൾ പറ്റിക്കൂടിയിരിക്കുന്ന മൂക്കിൻ തുമ്പും അവൻ കൗതുകത്തോടെ ഉറ്റുനോക്കി. തലകുനിഞ്ഞു തന്നെ നിൽക്കുകയാണവൾ. മെടഞ്ഞിട്ടിരിക്കുന്ന നീണ്ടമുടിത്തുമ്പിൽ വാടാത്ത തുളസിക്കതിർ. അവളോട് പറ്റിച്ചേർന്നിക്കാൻ ഭാഗ്യം ജനിച്ച ആ തുളസിക്കൊടിയോട് ഒരുമാത്ര അവന് അസൂയ തോന്നി.

ഹായ്.. ഞാൻ സിദ്ധാർഥ് നാരായൺ.. അവളുടെ നേർക്ക് കൈകൾ നീട്ടിയവൻ പറഞ്ഞു.

മുഖമുയർത്തി ആ മിഴികളുമായി മിഴികളിടഞ്ഞപ്പോൾ ശരീരത്തിലൂടൊരു കുളിക്കാറ്റ് വീശിയതായവൾക്ക് തോന്നി.
കാന്തം പോലെ തന്നെ കൊളുത്തി വലിക്കുന്ന കുസൃതി നിറഞ്ഞ മിഴികളിലേക്കവൾ നോക്കിനിന്നു.
ആദ്യമായി..
ഉള്ളിൽ നുരകൊണ്ട വികാരമെന്തെന്നറിയാതെ..
ശിലപോലവൾ അവനെ ഉറ്റുനോക്കി.

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

Share this story