തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 1

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 1


കൊടൈക്കനാൽ, മലകളുടെ രാജകുമാരി, മലയിടുക്കുകളിൽ പുകപടലം പോൽ പാറിക്കളിക്കുന്ന മൂടൽ മഞ്ഞ്, ശരീരത്തിൽ സൂചി കുത്തിയിറക്കും പോലുള്ള തണുപ്പ്, പച്ച പുതച്ച മലനിരകൾ ഇതൊക്കെ ഇഷ്ടപ്പെടാത്തവർ വളരെ വിരളമാണ്. ഇതാ തനുശ്രീ ഈ തണുപ്പിലും രാവിലെ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി നിൽക്കുന്നു.

ഈ തണുത്തവെളുപ്പാംകാലത്ത് കുളിക്കാൻ ഒരു ചുറുചുറുപ്പ് വേണം, അത് ഈ സുന്ദരി പെണ്ണിന് ധാരാളമുണ്ട്. വെള്ളിമേഘങ്ങൾ പോലുള്ള വെളുത്ത ചുരിദാറിൽ അവളെ കാണാൻ ദേവതയെ പോലെ തോന്നിച്ചു. തന്റെ കൂട്ടുകാരികളെ വിളിച്ചുണർത്താനുള്ള ശ്രമത്തിലാണ് അവൾ..

“ഏയ്.. എന്തൊരു ഉറക്കാ ഇത്..? എഴുന്നേറ്റേ.. പുറത്തേക്ക് നോക്കിയേ എന്ത്‌ ഭംഗിയാ.. വാ നമുക്കൊന്ന് കറങ്ങിയിട്ടു വരാം.. ”

അവൾ ഓരോരുത്തരേയും തട്ടി വിളിച്ചെങ്കിലും അവർ അവൾക്ക് ചെവി കൊടുക്കാതെ മൂടി പുതച്ചുകൊണ്ട് ഉറങ്ങി.. നല്ല തണുപ്പ് ഉള്ളത് കൊണ്ട് തന്നെ അവർ ഉറക്കം നന്നായി ആസ്വദിക്കുന്നുണ്ട്. ശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി സ്വാതിയുടെ അടുത്തേക്ക് മെല്ലെ നടന്നു.

“ഏയ്.. സ്വാതി.. നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ.. നീ എങ്കിലും ഒന്നെഴുന്നേറ്റ് വാടി. താഴെ ആ ഗാർഡൻ വരെ പോകാൻ ഒന്ന് കൂട്ട് വാടി.. ”

സ്വാതി മെല്ലെ പുതപ്പ് മാറ്റി,

“ഏയ് തനു, HoD തന്നെ 8 മണിക്ക് റെഡി ആയാൽ മതീന്നാ പറഞ്ഞത്.. നീ എന്താ……….? ”

അവൾ ചുവർ ഘടികാരത്തിൽ നോക്കിയപ്പോൾ സമയം 5.30.. എന്ന് കാണിച്ചു.

“എടീ.. ദ്രോഹി.. നിനക്ക് ഉറക്കമൊന്നും ഇല്ലേ.. നീ എന്താ പ്രേതമാണോ..? ഈ തണുപ്പത്ത് 5 മണിക്ക് കുളിച്ചു റെഡിയായി എങ്ങോട്ടേക്കാ… ”

“നീ പുറത്തേക്ക് ഒന്ന് നോക്കിയേ.. എന്ത്‌ ഭംഗിയാ… പുക പോലെ മഞ്ഞ് നിൽക്കുന്നത് കണ്ടോ. വാ നമുക്ക് പുറത്തിറങ്ങി നോക്കാം.”

“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് കേട്ടോ.. അവളും അവളുടെ മഞ്ഞും. നിന്നോട് മറുപടി പറഞ്ഞാൽ എന്റെ ഉറക്കം പോകും”

സ്വാതി വീണ്ടും പുതച്ചുമൂടി കിടന്നു. ഒറ്റയ്ക്ക് പോകാൻ മടിയായത് കൊണ്ടാണ് അവൾ സ്വാതിയെ വിളിച്ചത്, അവളാണെങ്കിൽ ഉറക്കത്തിൽ ലയിച്ചു ഇരിക്കുന്നു. ഒറ്റയ്ക്ക് ഇറങ്ങാനുള്ള മടിയോടെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.

ഹരിതാഭമായ മലനിരകളെ കോടമഞ്ഞിൻ പുതപ്പണിഞ്ഞും, കാറ്റിൽ മഞ്ഞു മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ പാറി നടക്കുന്നതും ഇവിടെ സർവസാധാരണമായ കാഴ്ചകളാണ്. കുളിർകാറ്റിന്റെ തലോടലേറ്റ് പൈൻ മരങ്ങളും കാറ്റാടിയും ചൂളമടിക്കുന്നു.
കുന്നിൻ ചരിവുകളിൽ പതിച്ചു വച്ച തീപ്പെട്ടിക്കൂടു പോലെ വീടുകൾ കോടയിൽ അവിടവിടായി തെളിഞ്ഞു വരുന്നു. അകലെ നിന്നും വരുന്ന വെള്ളചട്ടത്തിന്റെ കളകള ശബ്ദം. അവൾ എല്ലാം ഒരു കൊച്ചു കുഞ്ഞിനെ പോലെ ആസ്വദിച്ചുകൊണ്ട് നിന്നു..

തനുശ്രീ പേരുപോലെതന്നെ സുന്ദരി, പക്ഷെ ആരെന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കുന്ന പ്രകൃതം, നിഷ്കളങ്ക. അവളുടെ എട്ടാമത്തെ വയസ്സിൽ അവൾക്ക് അമ്മയെ നഷ്ടമായി. അച്ഛൻ മാധവന്റെ സ്നേഹ പരിചരണത്തിലാണ് അവൾ വളർന്നത്. ചുറ്റുപാടുകളെ കുറിച്ച് ഒന്നും അറിയാതെ അച്ഛന്റെ ചിറകുകൾക്കിടയിൽ വളർന്ന ഒരു കുഞ്ഞി കുരുവി. മാധവന്റെ സഹോദരൻ കേശവനും ഭാര്യാ നളിനിയും മകൾ നന്ദനയും, മാധവന്റെ സഹോദരി ശകുന്തളയും ഭർത്താവ് ദേവനും മകൻ ശ്യാമും മാത്രമാണ് അവൾക്ക് ആകെ ഉള്ള ബന്ധുക്കൾ.

അവളിപ്പോൾ Bsc ബയോളജി മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുന്നു.അവസാന വർഷമായത് കൊണ്ട് വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ വന്നതാണവർ.

“സ്വാതി പ്ലീസ് ടി.. സമയം 6.20 ആയി. ഇനിയെങ്കിലും ഒന്നെഴുന്നേറ്റ് വാടി..”

“ശ്ശോ.. നിന്നെക്കൊണ്ട് വല്ലാത്ത ശല്ല്യമായല്ലോ.. മനസമാധാനത്തോടെ ഒന്നുറങ്ങാനും സമ്മതിക്കില്ലേ.. നിൽക്ക് ഒന്ന് ബ്രഷ് ചെയ്യട്ടെ..”

സ്വാതി പല്ലു തേക്കാനായി ബാത്‌റൂമിലേക്ക് പോയി.പല്ലു തേപ്പ് കഴിഞ്ഞ് മുടി കുതിരവാല് കെട്ടികൊണ്ട്,

“ഉം വാ..”

“താങ്ക് യൂ സ്വാതി.”

തനു ഒരു കൊച്ചു കുട്ടിയെപ്പോലെ സ്വാതിയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവർ താമസിക്കുന്ന ഹോട്ടലിന്റെ താഴെയുള്ള പൂന്തോട്ടത്തിലേക്ക് നടന്നു.

“വൗ എത്ര മനോഹരമാണെന്ന് നോക്കിയേ സ്വാതി..”

തനുവിന്റെ വാക്കുകൾ കേട്ട് സ്വാതി അവളെ അല്പം ദേഷ്യത്തോടെ നോക്കി. കട്ട വിരിച്ച വഴികൾക്ക് ഇരുവശത്തും ഭംഗിയിൽ അടുക്കി വച്ചിരിക്കുന്ന ചെടിച്ചട്ടികൾ, അതിൽ വിരിഞ്ഞു നിൽക്കുന്ന പനിനീർ പുഷ്പങ്ങളെ തലോടിക്കൊണ്ട് അവൾ സ്വാതിയെ ഒന്ന് നോക്കി. സ്വാതി ഉറക്കച്ചടവോടെ കോട്ടുവാ ഇട്ടുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു.

“സ്വാതി.. ഇങ്ങനെ കോട്ടുവാ ഇടാതെ..”

“തനു.. നീ മിണ്ടിപ്പോകരുത്.. ഇന്ന് പോകാനിരിക്കുന്ന സൂയിസൈഡ് പോയിന്റിൽ നിന്നും തള്ളിയിടും ഞാൻ പറഞ്ഞേക്കാം. വെളുപ്പാകാലത്തു വിളിച്ചെഴുന്നേൽപ്പിച്ചിട്ട് മഞ്ഞ്, പൂക്കൾ എന്നൊക്കെ പറഞ്ഞ് എന്തിനാ എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത്.. എനിക്ക് വിശക്കുന്നെടി..”

സ്വാതി വയറ്റിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

“അതാണോ നിന്റെ പ്രശ്നം..അതിപ്പോ ശരിയാക്കാം.”

തനു ഹോട്ടലിന്റെ താഴെയുള്ള റെസ്റ്റോറന്റിൽ നിന്നും കാപ്പി വാങ്ങിച്ച് സ്വാതിക്ക് നേരെ നീട്ടി.

“ഇന്നാ കുടിക്ക്..”

സ്വാതി ചൂട് കാപ്പി ആസ്വദിച്ചു കുടിക്കുന്നത് അവൾ കൗതകത്തോടെ നോക്കി നിന്നു.

“തനു.. ഈ കാപ്പി കുടിച്ചപ്പോഴാണ് ഒരു ഉഷാറ് വന്നത്. നിനക്ക് എങ്ങനാടി ഇത്ര നേരത്തെ എഴുന്നേറ്റ് പച്ചവെള്ളത്തിൽ കുളിക്കാൻ പറ്റുന്നത്.അതും ഈ കൊടും തണുപ്പത്ത്..”

കൈകൾ ഉരച്ചു ചൂടാക്കിക്കൊണ്ട് സ്വാതി പറഞ്ഞു.

“എന്റെ മനസ്സ് എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു..സ്വാതി.”

അവൾ ആ തണുപ്പിനെ ആസ്വദിച്ചുകൊണ്ട് മറുപടി പറഞ്ഞു. അടുത്തുള്ള ചെടിച്ചട്ടിയിൽ വിടർന്നു നിന്നിരുന്ന പനിനീർ പൂവിന്റെ ഇതളുകളിൽ തുളുമ്പി നിന്നിരുന്ന മഞ്ഞുകണം അവൾ കൗതുകത്തോടെ വിരലുകളിലേക്ക് പകർത്തി.

“അങ്ങനെ ആണെങ്കിൽ നിനക്ക് ഒറ്റയ്ക്ക് വന്നാൽ മതിയായിരുന്നില്ലേ..വെറുതെ എന്തിനാ എന്റെ ഉറക്കം കളഞ്ഞത്.”

“നിനക്കറിയില്ലേ സ്വാതി എന്നെ.. എനിക്ക് പേടിയാ.. ഞാൻ എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്ന് നിനക്ക് അറിയില്ലേ…”

തനു അല്പം സങ്കടത്തോടെ പറഞ്ഞു.

“ശ്ശോ.. അതിനെന്തിനാ മുഖം ഇങ്ങനെ വെച്ചിരിക്കുന്നെ… ഇനി കിടന്ന് കരയണ്ട.. എപ്പോഴും അച്ഛന്റെ വാലിൽ തൂങ്ങി നടന്നാൽ ഇങ്ങനെ ഇരിക്കും… ഒറ്റയ്‌ക്കൊക്കെ പോയി പഠിക്കണം തനു..”.

“അച്ഛനും അത് തന്നെയാ പറയാറ്.ലോകത്തെ ഒറ്റയ്ക്ക് ഫേസ് ചെയ്തു പഠിക്കണമെന്ന്.. പക്ഷെ എനിക്ക് പേടിയാ സ്വാതി..”

“നിന്റെ അച്ഛൻ പറയുന്നതും ശരിയല്ലേ.. ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് കുറച്ച് ധൈര്യമൊക്കെ വേണം..”

“ഒന്ന് പോയെ.. എനിക്ക് പറ്റില്ല.. അച്ഛനെ കുറിച്ചു പാഞ്ഞപ്പോഴാ ഓർത്തത്.. എനിക്ക് അച്ഛനോട് സംസാരിക്കാൻ തോന്നുന്നു..”

“ഓഹ് തീർന്നു.. ഏത് നേരവും ഒരച്ഛൻ..”

സ്വാതി തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

“ഫോൺ റൂമിലാ..ഇപ്പൊ സമയം എത്രയായിട്ടുണ്ടാകും..? ”

“ഒരു ഏഴ് മണി ആയിക്കാണും..അയ്യോ ഹോട് 8.30ന് റെഡിയായി നിൽക്കാന HoD പറഞ്ഞിരിക്കുന്നത്.. ഇപ്പൊ പോയാലെ ആ സമയമാകുമ്പോൾ കുളിച്ചു റെഡിയായി ഇറങ്ങാൻ പറ്റു..”

സ്വാതി ധിറുതിയിൽ റൂമിലേക്ക് നടന്നു..

“ഒന്ന് പതുക്കെ പോ സ്വാതി.. ഞാനും വരുന്നു..”

തനു സ്വാതിയുടെ ഒപ്പമെത്താൻ ഓടി.

വേറാരും എഴുന്നേൽക്കാത്തത് കൊണ്ട് സ്വാതി നേരെ ബാത്‌റൂമിലേക്ക് കയറി. തനു അച്ഛനെ വിളിക്കാനായി ഫോൺ എടുത്തു.പക്ഷെ ഫോൺ ബാറ്ററി ലോ എന്ന് കാണിച്ചു. അവൾ ഫോൺ ചാർജിൽ കുത്തിയിട്ടുകൊണ്ട് വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി.ദൂരെ മലമുകളിൽ പഞ്ഞി മേഘങ്ങൾ ഒഴുകി നടക്കുന്നു.

വൈകാതെ മുറിയിൽ ഓരോരുത്തരായി എഴുന്നേറ്റു തുടങ്ങി, കുളി കഴിഞ്ഞ് റെഡിയായി അവർ താഴെയുള്ള റെസ്റ്റോറെന്റിലേക്ക് പോയി.

“എല്ലാവരും നന്നായി ഭക്ഷണം കഴിക്കണം കേട്ടോ..”

ടൂറിന്റെ മേൽ നോട്ടം വഹിക്കുന്ന കുമാർ സാർ എല്ലാവരോടുമായി പറഞ്ഞു. പെൺകുട്ടികളുടെ കാര്യം നോക്കുന്നത് നിർമല ടീച്ചറാണ്, ആൺ കുട്ടികളുടെ കാര്യം കുമാർ സാറും. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതും..

“സ്റ്റുഡന്റസ് പ്ലീസ് ലിസൺ, നമുക്ക് പോകാനുള്ള വാൻ ഇപ്പൊ വരും. എല്ലാവരും നിശ്ശബ്ദരായിരിക്കണം. മറ്റുള്ളവരെ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്..നല്ല കുട്ടികളായിരിക്കണം.. പിന്നെ ഗേൾസ് ഒറ്റയ്ക്ക് എവിടെയും പോകരുത്, രണ്ടോ മൂന്നോ പേരായി വേണം നടക്കാൻ..”

കുമാർ സാർ എല്ലാവരോടുമായി പറഞ്ഞു.

“ഞങ്ങളെന്താ നഴ്സറി കുട്ടികളാണോ.. ഇങ്ങനെ ഉപദേശിക്കാൻ..ഇയാൾക്ക് ഇയാളുടെ കാര്യം നോക്കിയാൽ പോരെ ”

സ്വാതി പുച്ഛത്തോടെ തനുവിനോട് പറഞ്ഞു..

“അയ്യോ.. അങ്ങനെ ഒന്നും പറയല്ലേ സ്വാതി.. നമ്മുടെ സാറല്ലേ..”

തനു വായിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അവർക്ക് പോകാനുള്ള വാൻ വന്നു നിന്നു. എല്ലാവരും ഉത്സാഹത്തോടെ വാനിലേക്ക് കയറി. മലഞ്ചെരുവിലൂടെ അവരുടെ വാൻ മെല്ലെ നീങ്ങി. കൈകൾ കൊട്ടി പാട്ട് പാടിക്കൊണ്ട് അവർ ആ യാത്രയെ കൂടുതൽ ആവേശഭരിതമാക്കി.

കൊടൈക്കനാലിലെ ബ്ര്യാണ്ട് പാർക്കിനു മുന്നിൽ അവരുടെ വാൻ വന്നു നിന്നു.. എല്ലാവരും വരിവരിയായി ഇറങ്ങി പാർക്കിലെ കാഴ്ചകൾ ആസ്വദിച്ചു നടന്നു..
തനു തന്റെ ഹാൻഡ് ബാഗിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു..

“എന്താ തനു നോക്കുന്നെ..”

സ്വാതി അവളുടെ അടുത്ത് വന്നു ചോദിച്ചു..

“എന്റെ ഫോൺ.. അയ്യോ ഫോൺ മുറിയിൽ ചാർജിനു കുത്തി വെച്ചിരിക്കുവാ..ഇനി എങ്ങനെ ഫോട്ടോ എടുക്കും”

തനു നിരാശയോടെ പറഞ്ഞു.

“അതിനെന്താ.. എന്റെ ഫോണിൽ എടുക്കാം എന്നിട്ട് നിന്റെ ഫോണിലേക്ക് ഷെയർ ചെയ്താൽ പോരെ..”

സ്വാതി അവളുടെ തോളത്തു കായിട്ടുകൊണ്ട് മുന്നോട്ടു നടന്നു.

വളരെ വ്യത്യസ്തങ്ങളായ പൂച്ചെടികൾ ആസ്വദിച്ചു കൊണ്ട് അവർ മുന്നോട്ടു നടന്നു.

“എന്ത്‌ ഭംഗിയാണല്ലേ ഈ പൂക്കൾ കാണാൻ.. ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും മനോഹരം പൂക്കൾ തന്നെ ആയിരിക്കും..”

അവൾ സ്വാതിയുടെ കയ്യിൽ പിടിച്ചു നടന്നുകൊണ്ട് പറഞ്ഞു.. കാരറ്റ് കടിച്ചുകൊണ്ട് സ്വാതി അവൾ പറയുന്നതിനെല്ലാം തലയാട്ടി.പെട്ടെന്നാണ് അവരുടെ HoD കുമാർ സാറിന്റെ ഫോൺ റിങ് ചെയ്തത്. ഉടനെ അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തു.

“ഹലോ..”

“……”

“ഓക്കേ.. ശരി..”

ഫോൺ കട്ട് ചെയ്തുകൊണ്ട് അദ്ദേഹം തന്റെ വിദ്യാർത്ഥികളെ അടുത്തേക്ക് വിളിപ്പിച്ചു.

“ലിസൺ.. അല്പം സങ്കടകരമായ വാർത്തയാണ്, തനുശ്രീ നിന്റെ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നെന്ന് ഫോൺ വന്നു.. നിന്നോട് വേഗം നാട്ടിലേക്ക് പോകാൻ റെഡിയാകാൻ പറഞ്ഞു..”

“സാർ…അച്ഛനെന്ത് പറ്റി..? ”

തനു പരിഭ്രമത്തോടെ ചോദിച്ചു.

“അതൊന്നും പറഞ്ഞില്ല മോളെ.. നിന്നോട് വേഗം നമ്മൾ താമസിക്കുന്ന ഹോട്ടലിലേക്ക് ചെല്ലാനാ വിളിച്ച ആൾ പറഞ്ഞത്.. അവിടെ ഒരു കാർ വരും.. അതിൽ നിന്നെ എയർപോർട്ടിൽ കൊണ്ട് വിടും.. അവിടെ നിനക്ക് പോകാനുള്ള ടിക്കറ്റ് റെഡിയാണ്. ഫ്ലൈറ്റ് ഇറങ്ങിയാൽ നിന്നെ കൊണ്ട് പോകാൻ കാർ വരും.. അതുകൊണ്ട് നീ വേഗം റൂമിൽ പോയി, നിന്റെ സാധങ്ങളൊക്കെ എടുത്ത് റെഡി ആയി ഇരിക്ക്.. നിർമല ടീച്ചർ ഹോട്ടൽ വരെ വരും..”

“സാർ ഞാൻ…”

അവൾ അല്പം ഭയത്തോടെ സാറിനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ ഒറ്റയ്ക്ക് ഇത് വരെ എങ്ങോട്ടും പോയിട്ടില്ല.ഇതുപോലുള്ള സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവൾക്ക് അറിയില്ലായിരുന്നു.. അച്ഛനെ കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..

“സാർ.. ഞാനും തനുവിന്റെ കൂടെ പൊയ്ക്കോട്ടേ.. അവളെ ഒറ്റയ്ക്ക് എങ്ങനെയാ വിടുക..”

സ്വാതി തനുവിനെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

“അത് ശരിയാ.. പക്ഷെ നിന്റെ വീട്ടുകാരോട് പറയാതെ..? ”

“ഞാൻ വിളിച്ചു പറഞ്ഞോളാം സാർ.. സാർ സമ്മതിക്കുവാണെങ്കിൽ..”

“ഉം.. ശരി.. അവിടെ എത്തിയാൽ ഉടനെ വിളിക്കണം..”

അദ്ദേഹം നിർമല ടീച്ചറേയും കൂടെ രണ്ടു ആൺ കുട്ടികളെയും അവരോടൊപ്പം ഹോട്ടേകിലേക്ക് പറഞ്ഞു വിട്ടു.

റൂമിലെത്തിയതും അവൾ വേഗത്തിൽ ബാഗ് പാക്ക് ചെയ്തു, ഫോൺ എടുത്തു നോക്കിയപ്പോൾ കുറെ മിസ്സ്‌ കാൾ, അതിൽ അച്ഛന്റെ നമ്പറും പിന്നെ പുതിയൊരു നമ്പറും കണ്ട് അവൾ ഭയത്തോടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും ഫോൺ എടുത്തില്ല..

“പേടിക്കണ്ട തനു..അച്ഛന് ഒന്നും സംഭവിക്കില്ല..സ്വാതി അവളെ ശ്രദ്ധിക്കണം കേട്ടോ..? ”

നിർമല ടീച്ചർ തനുവിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

പെട്ടെന്ന് തനുവിന്റെ ഫോൺ റിങ് ചെയ്തു.

“ഹലോ..”

അവൾ ഭയത്തോടെ ഫോൺ അറ്റൻഡ് ചെയ്തു..

“ബോധമില്ലേ നിനക്ക്.. ഫോൺ എപ്പോഴും കയ്യിൽ കൊണ്ട് നടക്കണം എന്നറിയില്ലെ.. നിന്റെ നമ്പറിലേക്ക് കാറിന്റെ നമ്പർ മെസ്സേജ് ചെയ്തിട്ടുണ്ട്..ആ കാറിൽ കയറി എയർപോർട്ടിലേക്ക് വാ… 11 മണിക്കാണ് ഫ്ലൈറ്റ്..”

“അച്ഛന് ഇപ്പൊ..”

ഗൗരവത്തോടെയുള്ള പുരുഷ ശബ്ദം കേട്ടയുടൻ അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു.

“അ..ത്.. അത്.. പേടിക്കാനൊന്നുമില്ല.. നീ വേഗം വാ.. സമയം കളയരുത്..”

അവൾ മറുപടി പറയാൻ തുടങ്ങും മുൻപേ ഫോൺ കട്ടായി..

“ആരാണ് തനു..? ”

“അറിയില്ല..ഇപ്പൊ ഒരു കാർ വരും അതിൽ കയറി എയർപോർട്ടിലേക്ക് പോകാൻ പറഞ്ഞു.. അച്ഛന്റെ ഫോണിൽ നിന്ന് കാർ നമ്പർ അയച്ചിട്ടുണ്ട്.. സ്വാതി എനിക്ക് പേടിയാകുന്നു..”

“നീ പേടിക്കുമെന്ന് അറിയാവുന്നത് കൊണ്ടാ ഞാനും നിന്റെ കൂടെ വരാമെന്ന് കരുതിയത്.. കാര്യം എന്താണെന്ന് അറിയാതെ ഇങ്ങനെ പേടിച്ചു കരഞ്ഞിട്ട് എന്താ കാര്യം. പേടിക്കണ്ട അച്ഛന് ഒന്നും സംഭവിക്കില്ല..”

“എന്താണെന്നറിയില്ല സ്വാതി.. എന്റെ ഹൃദയം പടപടാ ഇടിക്കുന്നു..”

തനു സ്വാതിയുടെ കൈകളിൽ മുറുകെ പിടിച്ചു.

“ദേ ഇതാണെന്ന് തോന്നുന്നു..”

ഹോട്ടെലിനു മുന്നിൽ വന്നു നിന്ന കാറിനെ ചൂണ്ടിക്കൊണ്ട് സ്വാതി പറഞ്ഞു തീർന്നതും,

“തനുശ്രീ… ആരാ..”

ഡ്രൈവർ പുറത്തിറങ്ങി ചോദിച്ചു..

“ഞാനാ.. ഇത് എന്റെ ഫ്രണ്ടാ..ഇവളും വരുന്നുണ്ട്..”

തനു ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു..

“കയറിയാട്ടെ മാഡം..”

എന്ന് പറഞ്ഞുകൊണ്ട് അയാൾ ഫോണിൽ ആരെയോ വിളിച്ചു.

“സാർ.. മാഡത്തിന്റെ ഫ്രണ്ടും കൂടെ വരുന്നുണ്ടെന്ന്..”

“…………..”

“ഓക്കേ…ശരി സാർ..”

തനു വിതുമ്പികൊണ്ട് കാറിലേക്ക് കയറി.. അവളെ സമാധാനിപ്പിച്ചുകൊണ്ട് സ്വാതിയും..

തുടരും…

മാലിനി വാരിയർ..

വിഷു ദിനത്തിൽ മറ്റൊരു കഥയുമായി ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്, സുപ്രിയത്തിന് കിട്ടിയ അതേ പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്. പാവം പാവം ഞാൻ…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

തനുഗാത്രി: ഭാഗം 1

Share this story