തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 3

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 3


ഫോൺ ഹാൻഡ് ബാഗിലേക്ക് വച്ചുകൊണ്ട് അവൾ അവന്റെ പിന്നാലെ നടന്നു. ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന അവൻ കണ്ണുകൾ കൊണ്ട് കാറിൽ കയറാൻ ആംഗ്യം കാണിച്ചു ശേഷം അവനും കയറി. തനു ഒരു നിമിഷം തന്റെ വീട്ടിലേക്ക് നോക്കി. താൻ ജനിച്ചു വളർന്ന വീട്.. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല.. ആരാണെന്ന് അറിയാത്ത, സ്വഭാവം പോലും അറിയാതെ അവൾ അവന്റെ കൂടെ പോവുകയാണ്. അച്ഛന്റെ അവസാന വാക്കുകൾ തിരസ്ക്കരിക്കാൻ കഴിയാതെ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൾ രണ്ട് ദിവസം മുൻപ് താൻ സന്തോഷത്തോടെ ആസ്വദിച്ചു കൊണ്ടിരുന്ന ആ തണുത്ത പ്രഭാതത്തെ കുറിച്ചോർത്തു. സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമെന്ന്. തനിക്ക് ആകെ ഉണ്ടായിരിന്ന ആശ്വാസമാണ് തന്റെ അച്ഛൻ, ഇപ്പോൾ താൻ തനിച്ചാണെന്ന ചിന്ത അവളെ കൂടുതൽ അസ്വസ്ഥയാക്കി.

കാർ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ വന്നു നിന്നു..

“ഇറങ്ങ്.. ”

കാർ ഡ്രൈവർക്ക് പണം നൽകികൊണ്ട് അവൻ പറഞ്ഞു. ശേഷം അവളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി സ്റ്റേഷനുള്ളിലേക്ക് നടന്നു. കണ്ണുനീർ തുടച്ചുകൊണ്ട് അവളും അവനെ പിന്തുടർന്നു.

“നീ ഇവിടെ ഇരിക്ക്, ഞാനിപ്പോ വരാം.. ”

ഒരു തീവണ്ടിയിലെ ac കോച്ചിൽ അവളെ ഇരുത്തികൊണ്ട് അവൻ പോയി. അവളുടെ ചിന്ത മുഴുവൻ തന്റെ അച്ഛനെ കുറിച്ചായിരുന്നു. അവൾ മുഖം താഴ്ത്തിയിരുന്ന് വിതുമ്പി, ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോഴാണ് അവൾ ചിന്തയിൽ നിന്നുണർന്നത്. അടുത്ത് അവനെ കാണാത്തത് കൊണ്ട് അവൾ ഭയന്നു. അവളുടെ കണ്ണുകൾ അവനെ പരതി നടന്നു.

“എന്താ നോക്കുന്നത്.. ”

അവന്റെ ശബ്ദം കേട്ടപ്പോൾ ആശ്വാസമായെങ്കിലും അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി..

“കഴിക്ക്.. ”

കയ്യിലുണ്ടായിരുന്ന ഭക്ഷണപൊതി അവൾക്ക് നേരെ നീട്ടികൊണ്ട് അവൻ അവൾക്ക് എതിരെയുള്ള സീറ്റിൽ ഇരുന്നു.

“എനിക്ക് വേണ്ട.. വിശക്കുന്നില്ല.. ”

“ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… മര്യാദക്ക് കഴിക്കാനാണ് പറഞ്ഞത്.. ”

അവൻ ദേഷ്യത്തോടെ പറഞ്ഞു.

അവൾ ഒന്ന് ഭയന്നു. ഇനിയും അവന്റെ കയ്യിൽ നിന്ന് തല്ല് കിട്ടുമോ എന്ന ഭയത്തിൽ അവൾ അത് വാങ്ങി മെല്ലെ കഴിച്ചു തുടങ്ങി.
അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്. ഈ രണ്ട് ദിവസത്തിൽ പേരിന് കഴിക്കാൻ പറഞ്ഞിട്ട് പോകും എന്നല്ലാതെ ആരും താൻ കഴിച്ചോ എന്ന് ശ്രദ്ധിച്ചിരുന്നില്ല. സ്വാതി ഉണ്ടായിരുന്നപ്പോൾ അവൾ നിർബന്ധിച്ചു പാലോ ജ്യൂസോ അല്പം കുടിച്ചാലായി. അതല്ലാതെ താൻ ഒന്നും കഴിച്ചിരുന്നില്ല. അത് കൊണ്ടാണോ ഇവൻ ഇപ്പോൾ എന്നെ പേടിപ്പിച്ചു കഴിപ്പിക്കുന്നത്. അവൾ അവനെ സരസമായി ഒന്ന് നോക്കി.

“നീ ഇവിടെ കിടന്നോളു..”

അവൾക്ക് ഉറങ്ങാനുള്ള സൗകര്യം തയ്യാറാക്കികൊണ്ട് അവൻ അടുത്ത ബർത്തിൽ ഏതോ പുസ്തകവും വായിച്ചുകൊണ്ട് കിടന്നു.

മങ്ങിയ പ്രകാശത്തിൽ ഇങ്ങനെ വായിക്കുന്നത് കണ്ണുകൾക്ക് നല്ലതല്ല എന്ന് അവൾ ഓർത്തെങ്കിലും അവനോട് അത് പറയാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. അവൾ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ഉറങ്ങാൻ തുടങ്ങി. ആടിയുലഞ്ഞു കൊണ്ട് കുതിച്ചു പായുന്ന തീവണ്ടീയിൽ തന്റെ അച്ഛനുമായുള്ള സുന്ദര നിമിഷങ്ങൾ ഓർത്ത് കൊണ്ട് അവൾ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

അവൾ ഉറങ്ങിയെന്നു ബോധ്യമായപ്പോൾ അവനും പുസ്തകം മടക്കി വെച്ച് ഉറങ്ങാൻ തുടങ്ങി.അവളെ പോലെ തന്നെ അവനും രണ്ട് ദിവസം ഉറങ്ങാതെ, ആ വീട്ടിലുള്ള കാര്യങ്ങളെല്ലാം ചിട്ടയോടെ ചെയ്തു വന്നവനല്ലേ..

ടക് ടക് ടക് എന്ന ട്രെയിൻ ശബ്ദം കേട്ട് കൊണ്ട് അവൾ മെല്ലെ കണ്ണ് തുറന്നു. ഇപ്പോഴും താൻ ട്രെയിനിലാണ് ഉള്ളതെന്ന് കാര്യം ഓർത്ത് കൊണ്ട് അവൾ മെല്ലെ എഴുന്നേറ്റു ഇരുന്നു. അവൻ ഇന്നലത്തെ പോലെ തന്നെ പുസ്തകം വായിച്ചുകൊണ്ട് ഇരിക്കുകയാണ്.

‘ഇവൻ ഇന്നലെ ഉറങ്ങിയില്ലെ..?’ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു. മുഖം കഴുകി വീണ്ടും തന്റെ സീറ്റിൽ വന്നിരുന്നു. അവൾക്ക് വേണ്ടി നേരത്തെ വാങ്ങി വെച്ച കാപ്പി അവൻ അവൾക്ക് നേരെ നീട്ടി.

ഒന്നും മിണ്ടാതെ തന്നെ അവൾ അത് വാങ്ങി കുടിച്ചു.

വട്ടമുഖത്തിൽ ഒരു ചെറിയ സ്റ്റിക്കർ പൊട്ട്, അല്പം അലസമായി കിടക്കുന്ന മുടി, അതിലൊന്ന് അവളുടെ നെറ്റിയിൽ സ്വന്തത്രമായി പാറി കളിക്കുന്നു. അവൻ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കിയതും,

“അടുത്ത സ്റ്റേഷനിൽ ഇറങ്ങണം..”

എന്ന് പറഞ്ഞുകൊണ്ട് അവൻ നോട്ടം പിൻവലിച്ചു. ഇത് എവിടെയാണ് എന്ന് ചോദിക്കണം ഇന്നുണ്ടായിരുന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ തന്റെ പെട്ടി എടുക്കാൻ തുടങ്ങിയതും, അവൻ അതെടുത്തു കയ്യിൽ പിടിച്ചു.

തീവണ്ടി ഒരു വലിയ ശബ്ദത്തോടെ നിരങ്ങി നിന്നു.. അവന്റെ പിന്നാലെ അവളും ഇറങ്ങി.

“ഇവിടെ തന്നെ നിൽക്ക് ഞാനിപ്പോ വരാം..”

എന്ന് പറഞ്ഞ് അവൻ നടന്നകന്നതും സ്വാതിക്ക് ഫോൺ ചെയ്യാം എന്ന് ആലോചിച്ചുകൊണ്ട് അവൾ ഫോൺ പുറത്തെടുത്തു. ഇത്ര രാവിലെ അവളെ വിളിക്കണ്ട എന്നോർത്ത് തനു സ്വാതിക്ക് ‘നാഗർ കോവിലിൽ ഇറങ്ങി. ‘ എന്ന്
മെസ്സേജ് അയച്ചു തല ഉയർത്തിയതും അവൻ ഒരു ജീപ്പുമായി അവളുടെ മുന്നിൽ വന്നു നിന്നു.

“കേറ്..”

അവൾ അവനെ അല്പം സംശയത്തോടെ നോക്കികൊണ്ട്‌ ജീപ്പിലേക്ക് കയറി. അവനും ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ട് നീക്കി.

അവളുടെ കണ്ണുകൾ വഴിക്ക് ഇരുവശമുള്ള പച്ചപ്പിലേക്ക് പതിഞ്ഞു, വലിയ വാഴത്തോട്ടങ്ങൾ തെങ്ങിൻ തോപ്പുകൾ. കാറ്റിൽ ആടിയുലയുന്ന നെൽ കതിരുകൾ, തണുത്ത കാറ്റ് അവളെ ചുംബിച്ചുകൊണ്ട് കടന്നു പോയി. ആ ഗ്രാമത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അവളും അവളെ ആസ്വദിച്ചു കൊണ്ട് അവനും വണ്ടിയിൽ മുന്നോട്ട് നീങ്ങി.

കുറച്ചു ദൂരം കഴിഞ്ഞതും ഒരു പെണ്ണ് റോഡിനരികിലൂടെ നടക്കുന്നത് കണ്ട് അവൻ വണ്ടി നിർത്തി..

“ഹേ.. മൊഴി.. എങ്ക പോയിരിന്തേ…”

“കൊഞ്ചം ടൗണിക്ക് പോയിട്ട് വറെ അയ്യാ..”

“വീട്ടുക്ക് താനെ..”

“ആമായ്യാ..”

“സറി വണ്ടിയില ഏറു. നാൻ കൊണ്ട് പോയി വിടറെ..”

അവൻ പറഞ്ഞ് തീർന്നതും അവൾ ചിരിച്ചുകൊണ്ട് ജീപ്പിലേക്ക് കയറി. അവൻ വളരെ നന്നായി തമിഴ് പറയുന്നത് കേട്ട് അവൾ അവനെ അതിശയത്തോടെ നോക്കി.

അവന്റെ കൂടെ വണ്ടിയിൽ തനുവിനെ കണ്ടപ്പോൾ മൊഴി ഒന്ന് സംശയിച്ചെങ്കിലും അവൾ ചിരിച്ച മുഖത്തോടെ തനുവിനെ നോക്കി. ഇതാരായിരിക്കും. ഇതിന് മുൻപ് സാർ ഇങ്ങനെ പെണ്ണുങ്ങളെയൊന്നും കൊണ്ട് വരാറില്ലല്ലോ..അമ്മയ്ക്ക് അറിയാമായിരിക്കുമോ..? ഏതായാലും കൊള്ളാം നല്ല ഐശ്വര്യമുള്ള കൊച്ച്, സാറിന് നല്ലോണം ചേരും.. മൊഴി മനസ്സിൽ ഓർത്തുകൊണ്ട് ചിരിച്ചു..

“എന്ന മൊഴി സിറിക്കിറെ..”

“ഒണ്ണുമില്ലെ അയ്യാ.. സുമ്മാ..”

മൊഴി തനുവിനെ നോക്കി പറഞ്ഞു.
അവൾ തന്നെയും തനുവിനെയും കണ്ടാണ് ചിരിക്കുന്നതെന്ന് അവൻ ഊഹിച്ചു.. അവനും ചെറുതായൊന്ന് പുഞ്ചിരിച്ചു..

അവൻ പുഞ്ചിരിക്കുന്നത് കണ്ട തനു അതിശയിച്ചു. ഇവന് ചിരിക്കാനൊക്കെ അറിയാമോ? ഇത് വരെ ഒരു ശിലപോലെ പരുക്കാനായി പെരുമാറികൊണ്ടിരുന്ന അവന് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.
ഹും.. ഒരു പെണ്ണിനെ കണ്ടപ്പോൾ കിടന്ന് ചിരിക്കുന്നത് കണ്ടില്ലേ..ആരായിരിക്കും ഇവൾ, ഇവന് വേറെ ആരും ഇല്ലെന്ന് ചെറിയച്ഛൻ പറയുന്നത് കേട്ടിരുന്നു.. ഇനി വേറെ ആരെങ്കിലും ഉണ്ടോ ഇവന്.. സത്യത്തിൽ ഇവന്റെ പേരെന്താ? അതുപോലും അറിയാതെയാണ് താൻ അവന്റെ കൂടെ ഇറങ്ങി തിരിച്ചത്. ചോദിച്ചാലോ.. വേണ്ട ഇനിയും തല്ലിയാലോ..? ഏയ്.. അവന് പരിചയമുള്ള ഒരു പെണ്ണിന്റെ മുൻപിൽ വെച്ച് അവൻ തല്ലില്ല.. എന്ന ആശ്വാസത്തോടെ അവൾ മനസ്സിൽ ഓർത്തു.

അവൾ വീണ്ടും മൊഴിയെ നോക്കി.. മൊഴി അപ്പോഴും അവളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. അത് കണ്ട് അവൾക്ക് ശെരിക്കും ദേഷ്യം വന്നു.

“പ്ലീസ് സ്റ്റോപ്പ്‌.. എനിക്ക് തിരിച്ച് എന്റെ വീട്ടിൽ പോണം..”

അവൾ അല്പം ഭയത്തോടെയാണെങ്കിലും പറഞ്ഞു നിർത്തി..

“വായടച്ച് മിണ്ടാതെ നിന്നോണം.. എന്റെ കയ്യീന്ന് വെറുതെ അടി മേടിച്ചു കൂട്ടണ്ട..”

അവർപറഞ്ഞത് മൊഴിക്ക് വ്യക്തായി മനസിലായില്ലെങ്കിലും, അവന്റെ മുഖത്തെ ദേഷ്യ കണ്ട് എന്തോ പ്രശ്നം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.

വീണ്ടും നിശബ്ദത നിറഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞതും ഒരു സൈക്കിളിൽ ഒരു യുവാവ് വരുന്നത് കണ്ട് അവൻ വണ്ടി നിർത്തി..

“എന്ന മുത്തു.. ടൗണുക്കാ..”

“ഇല്ലയ്യാ… മൊഴിയെ കൂട്ടി വാർലാം എന്ന് പാത്തേ..”

ജീപ്പിലിരിക്കുന്ന മൊഴിയെ നോക്കികൊണ്ട് അല്പം നാണത്തോടെ തലചൊറിഞ്ഞുകൊണ്ട് മുത്തു പറഞ്ഞു.

“അയ്യാ..നാൻ മുത്തു കൂടവേ പോയിക്കറെ..”

മൊഴി വണ്ടിയിൽ നിന്നിറങ്ങി.

“ഉം. ”

അവൻ തലയാട്ടി..

“ബോധമില്ലേ നിനക്ക്.. മൊഴി നിന്നെ കുറിച്ച് എന്ത്‌ കരുതിക്കാണും..”

അവർ പോയതും അവൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു.

“ആര് എന്ത്‌ വിചാരിച്ചാലും എനിക്കൊന്നുമില്ല.. എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.. എനിക്ക് നിങ്ങൾ ആരാണെന്ന് പോലും അറിയില്ല..”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. അവന് ദേഷ്യം വന്നെങ്കിലും അവളുടെ അവസ്ഥ ഓർത്തപ്പോൾ അവനും സങ്കടമായി..

“പ്ലീസ്.. കൊറച്ചു സമാധാനപ്പെട്.. വീട്ടിൽ എത്തിയിട്ട് എല്ലാം പറയാം.. അത് വരെ എങ്കിലും ഒന്ന് മിണ്ടാതെ ഇരിക്ക്..”

അവൻ അല്പം സൗമ്യതയോടെ പറഞ്ഞു. അത് കേട്ടതും കരഞ്ഞുകൊണ്ട് കുനിഞ്ഞു കിടന്നു.

കുറച്ചു ദൂരം ചെന്നതും. ഒരു ക്ലിനിക്കിന് മുന്നിൽ അവൻ വണ്ടി നിർത്തി.

“ഞാൻ പോയ്‌..”

എന്ന് പറഞ്ഞ് തുടങ്ങിയ അവൻ അവൾ ഉറങ്ങുകയാണെന്ന് മനസിലാക്കിയ അവൻ ജീപ്പിൽ നിന്നും ഇറങ്ങി നടന്നു.

അവന്റെ ജീപ്പിന്റെ ശബ്ദം കേട്ട് അവന്റെ അമ്മ ഡെയ്‌സി പുറത്തേക്ക് വേഗത്തിൽ നടന്നു വന്നതും പടിയിൽ തട്ടി നിലത്തേക്ക് വീഴാൻ പോയി..

“എന്താ അമ്മേ ഇത്… ഞാൻ അങ്ങോട്ടല്ലേ
വരുന്നത്.. എന്തിനാ ഇങ്ങനെ തിരക്ക് കൂട്ടുന്നെ. ”

അവരെ താങ്ങി പിടിച്ചുകൊണ്ട് അവൻ പറഞ്ഞു. അവന്റെ അമ്മയുടെ ഒരു കാൽ ഒരു അപകടത്തിൽ നഷ്ടമായതാണ്, വെപ്പ് ക്കാൽ വലിച്ചു വെച്ച് നടക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ ഇങ്ങനെ തട്ടി വീഴാറുണ്ട്.

“മോനെ അവളെവിടെ.. വന്നോ നിന്റെ കൂടെ..”

അവർ സന്തോഷം തുളുമ്പി നിന്ന മുഖത്തോടെ ചോദിച്ചു.

“ഉം.. ജീപ്പിലുണ്ട്..”

“വാടാ… ഞാൻ ശരിക്കൊന്ന് കാണട്ടെ എന്റെ മരുമകളെ..”

അവർ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് നടന്നു..

“ഇതെന്താടാ ഇവൾ ഇങ്ങനെ കുനിഞ്ഞു കിടക്കുന്നത്.. നീയൊന്ന് വിളിക്ക് അവളെ ഞാനൊന്ന് കാണട്ടെ..”

“വേണ്ടമ്മേ.. രണ്ടു ദിവസമായി അവൾ ശെരിക്കും ഉറങ്ങിയിട്ടില്ല.. വീട്ടിൽ ചെല്ലട്ടെ.. അമ്മയ്ക്ക് ഇനി എപ്പോഴും കാണാമല്ലോ..? ”

എന്ന് പറഞ്ഞ് അവൻ അമ്മയെ ജീപ്പിൽ കയറ്റി വണ്ടിയെടുത്തു.

“നീ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ.. ശെരിക്കും ഞാൻ ഞെട്ടി.. എന്റെ മരുമകളെ കാണാൻ കൊതിയോടെ കാത്തിരിക്കുവായിരുന്നു..”

“അമ്മേ.. അമ്മയോട് പറയാതെ ഞാൻ കല്യാണം കഴിച്ചതിൽ അമ്മയ്ക്ക് എന്നോട് ദേഷ്യമുണ്ടോ..? ”

“ഇല്ലടാ.. നിന്റെ അവിടുത്തെ സാഹചര്യം അമ്മയ്ക്ക് മനസിലാകും.. ഏതായാലും ഇവിടെ നമുക്കൊരു റിസെപ്ഷൻ വെക്കണം..”

“അതൊന്നും വേണ്ടമ്മേ… അവള് ആദ്യം എല്ലാം ഒന്ന് മറക്കട്ടെ.. അവളുടെ ബന്ധുക്കളെ കുറിച്ച് അവൾക്ക് ശെരിക്കും അറിയില്ല.. ഇനി അമ്മ വേണം എല്ലാം നോക്കാൻ..”

“ഉം.. നീ ഏതെങ്കിലും കടയിൽ ഒന്ന് നിർത്ത്..”

“എന്തിനാ..”

“അവൾക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങണ്ടേ.. ബ്രഷ്.. ഡ്രസ്സ്‌.. ഇതൊക്കെ..”

“അതൊക്കെ..ആ പെട്ടിയിൽ ഉണ്ടാവും..”

“ഞാൻ പറഞ്ഞത് കേട്ടാൽ മതി.. അവളെന്താ നിന്നെ പോലെ ഒരു ജീൻസും നാല് ടീ ഷർട്ടും മാത്രമേ ഇടാറുള്ളൊ..?
(വല്ല കാര്യമുണ്ടായിരുന്നോ) പെൺകുട്ടികൾ എപ്പിഴും അണിഞ്ഞൊരുങ്ങി നടക്കണം.. നീ വണ്ടി നിർത്ത്. ”

“ശരി..”

എന്ന് പറഞ്ഞുകൊണ്ട് ഒരു കടയുടെ മുന്നിൽ അവൻ ജീപ്പ് ഒതുക്കി. ഡെയ്സി ഇറങ്ങാൻ തുടങ്ങിയതും,

“അമ്മ ഇറങ്ങേണ്ട ഞാൻ വാങ്ങിയിട്ട് വരാം..”

“ശരിടാ..”

അവൻ നടന്നകന്നതും അവർ തനു എപ്പോ എഴുന്നേൽക്കും എന്ന് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞതും തനു എഴുന്നേറ്റു ചുറ്റും നോക്കി..

“എന്താ മോളെ ആരെയാ ഈ നോക്കുന്നെ..”

“തോട്ടി.. തോട്ടിയെ കാണുന്നില്ല..”

അവന്റെ പേര് അറിയില്ലെങ്കിലും അവന്റെ രൂപം മനസിലോർത്ത് കൊണ്ട് അവൾ പറഞ്ഞു..

“തോട്ടിയോ.. അതാരാ..”

“വണ്ടി ഓടിചില്ലേ.. അങ്ങേര് തന്നെ.. അവന്റെ പേര് പോലും അറിയില്ലല്ലോ ഭഗവാനെ..”

അവൾ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

തന്റെ മകനെയാണ് അവൾ തോട്ടി എന്ന് വിളിക്കുന്നതെന്ന് മനസ്സിലക്കിയ ഡെയ്‌സിക്ക് ചിരിക്കാനാണ് തോന്നിയത്. മൊഴിയെ പോലെ ഈ സ്ത്രീയും വഴിയിൽ നിന്ന് കയറിയിയതാവും എന്നാണ് തനു കരുതിയത്.

“എന്ത്‌ പറ്റി മോളെ.. മോളുടെ അമ്മയെ പോലെ കണ്ടാൽ മതി..”

അവർ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു..

തനു നടന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. എല്ലാം അവൻ ഫോണിൽ പറഞ്ഞിരുന്നെങ്കിലും അവളെ അടിച്ച കാര്യം മാത്രം അവൻ അമ്മയോട് പറഞ്ഞിരുന്നില്ല.
അവൻ സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്ന അല്ലല്ലോ..ഡെയ്‌സി മനസ്സിൽ വിചാരിച്ചു.

“അമ്മേ.. ആ തോട്ടി വരുന്നതിന് മുൻപ് ഞാനെങ്ങോട്ടെങ്കിലും ഓടി പോയാലോ..? ”

“മോളെ തനു.. അങ്ങനെയൊന്നും ചെയ്യരുത്..
നിന്റെ അച്ഛൻ നിന്നെ ഒരുത്തന്റെ കയ്യിൽ വിശ്വാസത്തോടെ ഏല്പിച്ചിരിക്കുവാണ്.. നീ ഇങ്ങനെ ചെയ്താൽ നിന്റെ അച്ഛന്റെ ആത്മാവിന് സമാധാനം കിട്ടുമോ..?

ഡെയ്സി സൗമ്യതയോടെ പറഞ്ഞു.

“അമ്മേ…കരിക്ക് വേണോ അതൊ കരിമ്പ് ജ്യൂസ്‌ മതിയോ..? ”

“കരിമ്പ് ജ്യൂസ്‌ മതി..”

ഡെയ്സി മറുപടി പറഞ്ഞു.

സ്വന്തം അമ്മയോടാണോ അവനെ തോട്ടി എന്നൊക്കെ പറഞ്ഞ് അവന്റെ കുറ്റങ്ങൾ പറഞ്ഞത്.. തനു ഒരു നിമിഷം നിശ്ചലയായി പോയി..

“മോളെ ഇത് കുടിക്ക്.. മുഖത്തൊക്കെ ആകെ ഒരു ക്ഷീണം..”

അവൻ കൊണ്ട് കൊടുത്ത ജ്യൂസ്‌ അവൾക്ക് കൊടുത്തുകൊണ്ട് ഡെയ്‌സി അവളുടെ മുടിയിൽ തലോടി. അവൾ പെട്ടെന്ന് തന്നെ ജ്യൂസ്‌ വാങ്ങി കുടിച്ചു.. പിന്നെ അവൾ ഒരക്ഷരം മിണ്ടിയില്ല…(തുടരും)

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story