തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 8

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 8

ഇരുവരും മൗനമായി പാലത്തിൽ നിന്നും തിരിച്ചു നടന്നു. എന്നാൽ ഇരുവരും അവരുടെ കൈകൾ പരസ്പരം കോർത്തുകൊണ്ട് തന്നെ നടന്നു. കൈ കോർത്തുകൊണ്ടുള്ള അവരുടെ വരവ് കണ്ടതും ഡെയ്സിയുടെ മനസ് കുളിരണിഞ്ഞു. ഡെയ്സിയുടെ നോട്ടം തങ്ങളുടെ കൈകളിലേക്കാണെന്ന് മനസ്സിക്കിയ തനു അവന്റെ കയ്യിൽ നിന്നും മെല്ലെ കൈ വിടുവിക്കാൻ ശ്രമിച്ചു. അവൻ കൂടുതൽ ബലത്തിൽ അവളുടെ കൈകളെ ഇറുക്കി. അവൾ വീണ്ടും ശ്രമിച്ചപ്പോൾ അവൻ തല ഉയർത്തി നോക്കി. അവൾ അമ്മയെ കണ്ട് മുഖം ചമ്മലോടെ നോക്കുന്നത് കണ്ട് അവൻ പിടിവിട്ടു.

“അമ്മേ.. ഇവൾക്ക് വല്ലാത്ത പേടി. അതാണ് കൈ പിടിച്ച് കൊണ്ട് വന്നത്.. ”

കണ്ണന്റെ വാക്കുകൾ കേട്ട ഡെയ്‌സിയുടെ മുഖം വാടി. അവർ കേൾക്കാൻ കൊതിച്ചത് മറ്റൊന്നാണ്..

“അമ്മേ.. എന്തൊരു ഉയരമാ ഇവിടുത്തെ മരങ്ങൾക്ക്.. ശെരിക്കും മനോഹരം തന്നെ.. ”

അവൾ ചിരിച്ചോകൊണ്ട് ഡെയ്സിയുടെ അടുത്തേക്ക് ഓടിയടുത്തു.

“തോട്ടിയെക്കാൾ ഉയരമുണ്ടോ തനു.. ”

ഡെയ്സി മുഖത്ത് അല്പം ഹാസ്യ ഭാവം വരുത്തി കണ്ണനെ നോക്കികൊണ്ട് അവളോട്‌ ചോദിച്ചു.

അത് കേട്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു..

“അമ്മ ഒന്ന് പോയെ.. ”

അവൾ നാണത്താൽ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു. തന്റെ മകന് അവൾ ഇട്ട പേരാണ് തോട്ടി എന്ന് ഡെയ്‌സിക്ക് മാത്രമല്ലെ അറിയുള്ളു.. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ നാണം ഡെയ്സിയെ സന്തോഷിപ്പിക്കാതിരുന്നില്ല.

കണ്ണനാണെങ്കിൽ ഒന്നും മനസ്സിലാവാതെ ഒരു പൊട്ടനെ പോലെ അവരോടൊപ്പം ചിരിച്ചുകൊണ്ട് വണ്ടിയോടിച്ചു.

സമയം മൂന്ന് മണിയോട് അടുത്തിരുന്നു. നല്ല വിശപ്പ് തോന്നിയപ്പോൾ അവൻ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി ഒതുക്കി.

‘ഹോട്ടൽ മലബാർ’

തനു ബോർഡ് വായിച്ചുകൊണ്ട് ജീപ്പിൽ നിന്നും താഴെ ഇറങ്ങി. കണ്ണൻ ഡെയ്സിയെ മെല്ലെ പിടിച്ചിറക്കി.

“ഇത് ഒരു മലയാളിയുടെ ഹോട്ടലാ.. ”

ഒരു ടേബിളിനു മുന്നിൽ ഇരുന്ന് കൊണ്ട് ഡെയ്സി അവളോട്‌ പറഞ്ഞു.

‘ഉം.. പേര് വായിച്ചപ്പോ മനസ്സിലായി.. ”

“നമ്മുടെ നാട്ടിലെ പോലുള്ള ഭക്ഷണം കിട്ടുന്ന ഒരേ ഒരു ഹോട്ടൽ ഇതാണ്. തേങ്ങ അരച്ച് വെക്കുന്ന മീൻ കറിയാണ് ഇവിടുത്തെ സ്പെഷ്യൽ.. പിന്നെ നല്ല വറുത്തരച്ചു വെച്ച ചെമ്മീൻ കറിയും.. ”

അത് കേട്ടതും തനുവിന്റെ വായിൽ വെള്ള മൂറി.ഡെയ്‌സി പറഞ്ഞത് പോലെ നല്ല രുചിയുള്ളതായിരുന്നു അവിടുത്തെ ഭക്ഷണം. കഴിച്ചു കഴിഞ്ഞ് അവർ നേരെ പോയത് ഒരു അരുവിയുടെ തീരത്തേക്കാണ്..

കണ്ണൻ വെള്ളത്തിൽ നീന്തി കുളിക്കുന്നത് അവൾ നോക്കി നിന്നു. ഇടയ്ക്ക് വെള്ളത്തിൽ കാലിട്ട് ഇരുന്നും കൈകൾ കൊണ്ട് വെള്ളം കോരി കളിച്ചും അവൾ സന്തോഷത്തിൽ മതിമറന്നു.

“തനു നീ എന്താ വെള്ളത്തിൽ ഇറങ്ങയില്ലേ .. ”

തിരിച്ചു ജീപ്പിനടുത്തേക്ക് വന്നവരെ നോക്കി ഡെയ്‌സി ചോദിച്ചു..

“ഇല്ലമ്മേ.. മാറാൻ വേറെ തുണി ഒന്നും എടുത്തില്ലല്ലോ.. അടുത്ത തവണ വരുമ്പോ മൊഴിയേം കൂട്ടാം.. ”

അവൾ ജീപ്പിൽ കേറി കൊണ്ട് പറഞ്ഞു.. കണ്ണൻ ഈറൻ മുടികൾ കുടഞ്ഞുകൊണ്ട് ജീപ്പിൽ കയറിയതും.

“കണ്ണാ നിന്നോട് എത്ര പറഞ്ഞാലും കേൾക്കില്ലേ.. രാവിലെ തലവേദന ഉണ്ടെന്ന് പറഞ്ഞവനാ.. ”

ഡെയ്‌സി തന്റെ സാരി തുമ്പ് കൊണ്ട് അവന്റെ തല തുവർത്തി കൊടുത്തു. അവൾക്കും അങ്ങനെ ചെയ്യാനാണ് തോന്നിയത്. പക്ഷെ കൂട്ടുക്കാരൻ എന്ന് പറഞ്ഞത് മുതൽ അവൾക്ക് ആ സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്നില്ല.

അവൻ ജീപ്പെടുത്തു.. 7 മണിയായപ്പൊഴാണ് അവർ തിരിച്ചു വീട്ടിൽ എത്തിയത്. തനു നല്ല ഉറക്കത്തിലായിരുന്നു.

“തനു മോളെ വീടെത്തി.. ”

ഡെയ്സി അവളെ തട്ടി വിളിച്ചു.

“അച്ഛാ.. എനിക്ക് കാലു വേദനിക്കുന്നു.. കുറച്ചു നേരം കൂടി ഉറങ്ങട്ടെ.. ”

അവൾ ഉറക്കത്തിൽ പുലമ്പി.

“കണ്ണാ.. ഇവള് നല്ല ഉറക്കത്തിലാ.. നീ എടുത്ത് ഇവളെ റൂമിൽ കൊണ്ട് പോയി കിടത്ത്.. ”

“അപ്പൊ അമ്മയോ..? ”

“ഞാൻ പതുക്കെ ഇറങ്ങിക്കോളാം.. ”

“ഇവൾ ഒന്നും കഴിച്ചിട്ടില്ലല്ലോ.? ”

“സാരമില്ല.. വരുന്ന വഴിക്ക്, ജ്യൂസും സ്നാക്ക്സൊക്കെ ഒരുപാട് കഴിച്ചിട്ടുണ്ട്..നീ പറഞ്ഞത് അനുസരിക്കു.. ”

അവൻ ഒരു പൂവെടുക്കുന്ന ലാഘവത്തോടെ അവളെ വാരിയെടുത്തു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവന്റെ കൈക്കുള്ളിൽ സുഖമായി ഉറങ്ങുകയാണ്.
അവളുടെ മുറിയിൽ കട്ടിൽ കിടത്തി കൊണ്ട് നിഷ്കളങ്കമായ അവളുടെ മുഖത്തേക്ക് അവൻ കുറച്ചു നേരം നോക്കി നിന്നു.

‘ബാക്കി ഉള്ളവരുടെ ഉറക്കം കെടുത്തിയിട്ട് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ.. ‘

ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി കൊണ്ട് അവൻ ആ മുറി വിട്ട് പുറത്തേക്ക് വന്നു.

“കണ്ണാ.. ”

ഡെയ്സി വിളിച്ചതും അവൻ ചിരി മറച്ചു വെച്ച് തിരിഞ്ഞു..

“ഇനി എന്താ നിന്റെ തീരുമാനം.. അവൾ പറഞ്ഞത് കേട്ടോ നീ. അവൾ അച്ഛനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.. ആദ്യം അവളുടെ പഠിപ്പ് പൂർത്തിയാക്കിക്കണം. ഇവിടെ ഇരുന്ന് തന്നെ പഠിച്ച് എക്സാം എഴുതട്ടെ. നീ നാട്ടിൽ ചെന്ന് അവളുടെ പുസ്തകങ്ങളൊക്കെ എടുത്തിട്ട് വാ.. ”

“ശരിയമ്മേ.. നാളെ തന്നെ അതിനുള്ള ഏർപ്പാട് ചെയ്യാം.. ”

എന്ന് പറഞ്ഞു മുകളിലേക്ക് കയറാൻ തുടങ്ങിയ അവനോട്‌

“കണ്ണാ നീ കഴിക്കുന്നില്ലേ.. ”

“വേണ്ടമ്മേ.. എനിക്കും വിശക്കുന്നില്ല.. ”

അവൻ വേഗത്തിൽ തന്റെ മുറിയിലേക്ക് നടന്നു. ശേഷം വിശാലമായ ഒരു കുളിക്ക് ശേഷം കട്ടിലിലേക്ക് ചാഞ്ഞു. അവളെ കണ്ട അന്ന് മുതൽ രാത്രികളിൽ അവളെ ഓർത്ത് കിടക്കും. ഇന്ന് അവളുടെ പൂ പോലുള്ള കൈകൾ പിടിച്ചു നടന്നതും, അവളെ വാരിഎടുത്ത് റൂമിൽ കൊണ്ട് പോയി കിടത്തിയതും അവന്റെ ഉറക്കം കെടുത്തി.
പിന്നീട് എപ്പഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൻ കണ്ണ് തുറന്നത്.

“ഹലോ.. ”

അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ഫോൺ കാതിൽ വെച്ചു.

“ഹലോ.. sp എഴുന്നേറ്റില്ലേ ഇത് വരെ..ആ കൽക്കട്ട പെണ്ണിനെയും സ്വപ്നം കണ്ട് കിടക്കുവായിരിക്കും അല്ലെ.. ഇന്നലെ എന്തായിരുന്നു പാലത്തിൽ കൈകൾ കോർത്ത് ഇണ കുരുവികളെ പോലെ അല്ലായിരുന്നോ..? ഞാൻ അന്ന് അത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് മനസ്സിലയില്ലേ sp.. ”

അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഏയ്.. എന്താ പേടിപ്പിക്കുകയാണോ..? ”

“ഛേ.. ഛേ.. നിനക്ക് അതിന് ആരെയും പേടിയില്ലല്ലോ sp.. ഇതൊരു മുന്നറിയിപ്പാണ്.. അതും നിന്നെ ഓർത്ത് മാത്രം.. ”

“നേരിട്ട് വരാതെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നോടാ.. ”

“ഹേയ്.. ചൂടാവാതെ sp.. നിനക്ക് ഞാൻ ആരാണെന്ന് വ്യക്തമായി അറിയാം… സോ ഇത് ഭീഷണി ഒന്നുമല്ല… നേരിട്ട് വരുത്തരുത് എന്നെ എന്നൊരു മുന്നറിയിപ്പ് മാത്രം.. ”

“നിന്നെ നന്നായി അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇത് വരെ ക്ഷമിച്ചത്.. ”

“നല്ലത്.. ഞാൻ പിന്നെയും പറയുന്നു sp. നീ നിന്റെ ജോലി നോക്കി പോകുന്നതാണ് നിനക്ക് നല്ലത്. വെറുതെ എന്റെ ജോലിക്ക് തടസം നിൽക്കരുത്. ”

അയാൾ ഫോൺ കട്ട്‌ ചെയ്തു.

കണ്ണന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഭാവ വ്യത്യാസം.

കുളി കഴിഞ്ഞ് അവൻ കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ നോക്കി നിന്നു.

“വെറുമൊരു ഫോൺ ഭീഷണിയാണെന്ന് കരുതി വിട്ട് കളയരുത് കണ്ണാ. എന്തെന്നാൽ ഇതിൽ ശ്രീ കൂടി ഉൾപ്പെട്ടിട്ടുണ്ട്”

ശ്രീ അവന്റെ ജീവനാണെന്ന് ഏതോ ഒരുവൻ അറിഞ്ഞിരിക്കുന്നു. അത് കൊണ്ട് കൂടുതൽ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യണമെന്ന് അവൻ തീരുമാനിച്ചു.

“ഫോണിൽ അവൻ കൽക്കട്ട പെണ്ണ് എന്നല്ലേ പറഞ്ഞത്. അങ്ങനെ എങ്കിൽ ഞാൻ കൽക്കട്ടയിൽ നിന്നും എറണാകുളത്ത് വന്നാണ് ശ്രീയെ കൂട്ടി കൊണ്ട് വന്നിരിക്കുന്നതെന്ന് അവൻ അറിഞ്ഞിരിക്കില്ല. ”

അവൻ മനസ്സിൽ എന്തോ തീരുമാനിച്ച് ഉറപ്പിച്ച ശേഷം താഴേക്ക് നടന്നു.

തനു ഡെയ്സിയോട് എന്തോ കാര്യമായി സംസാരിക്കുന്ന തിരക്കിലായത് കൊണ്ട് അവൻ വന്നത് അവൾ ശ്രദ്ധിച്ചിരുന്നില്ല..

“അല്ല ഡെയ്‌സിയമ്മേ.. ഇന്നലെ ഞാനെങ്ങനെ എന്റെ റൂമിൽ വന്നു കിടന്നു.. ജീപ്പിൽ കിടന്നു ഉറങ്ങിയത് മാത്രേ എനിക്ക് ഓർമ്മയുള്ളു.. ”

അടുക്കളയിൽ പണിയിൽ മുഴുകിയിരുന്ന ഡെയ്സിയോട് തനു ചോദിച്ചു.

“ഹാ.. നീ നല്ല ഉറക്കമായിരുന്നു തനു.. കണ്ണനാ നിന്നെ പൊക്കി റൂമിൽ കൊണ്ട് പോയി കിടത്തിയത്. ”

കണ്ണൻ വരുന്നത് ഡെയ്‌സിയും കണ്ടിരുന്നില്ല. അത് കേട്ടതും തനുവിന്റെ മുഖത്ത് നാണവും അത്ഭുതവും മിന്നി മറഞ്ഞു. അവൻ അതൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ഒരു കസേരയിൽ വന്നിരുന്നു. അവന് തന്റെ തീരുമാനം അവരെ എങ്ങനെ അറിയിക്കും എന്ന വിഷമമായിരുന്നു. ആദ്യം തനുവിനെ എറണാകുളത്തേക്ക് കൂട്ടി കൊണ്ട് പോവണം ശേഷം തന്റെ തീരുമാനമനുസരിച്ചു പ്രവർത്തിക്കാം എന്ന് ഉറപ്പിച്ചുകൊണ്ട്,

“ശ്രീ.. നീ നിന്റെ സ്റ്റഡീസ് സ്‌പോയിൽ ചെയ്യരുത്. നാട്ടിൽ പോയി നിന്റെ ബുക്സ് ഓക്കെ എടുത്തിട്ട് വരണം. സോ ഇന്ന് രാത്രിയിലെ ട്രെയിനിൽ നമ്മൾ എറണാകുളത്തേക്ക് പോവുകയാണ്. ”

“അതെ മോളെ.. നീ കണ്ണന്റെ ഒപ്പം പോയി നിന്റെ പുസ്തകങ്ങളൊക്കെ എടുത്തിട്ട് വാ.. ”

ഡെയ്സിയും കണ്ണന്റെ തീരുമാനത്തെ അനുകൂലിച്ചു.

“ശരിയമ്മേ.. ”

തനുവും സമ്മതം മൂളി.

അന്നത്തെ പോലെ ഇതാ വീണ്ടും അവൾ അവനോടൊപ്പം ട്രെയിനിൽ യാത്ര തിരിച്ചു. എന്നാൽ അന്നത്തെ പോലെ മനോവിഷമം ഇന്ന് അവൾക്കില്ല.

ഡെയ്‌സി പൊതിഞ്ഞു കൊടുത്ത ചപ്പാത്തിയും തക്കാളി കറിയും കഴിച്ചു കഴിഞ്ഞ് അവൾ ഉറങ്ങാൻ കിടന്നു. കണ്ണൻ അന്നത്തെ പോലെ ഒരു പുസ്തകവും വായിച്ചുകൊണ്ട് ബെർത്തിൽ ചാരി ഇരിക്കുകയാണ്.

“ഇങ്ങനെ മങ്ങിയ പ്രകാശത്തിൽ വായിക്കുന്നത് കണ്ണിന് നല്ലതല്ല കേട്ടോ.. ”

അവൾ അവനോട് പറഞ്ഞു..

അവൻ അവളെ ഒന്ന് നോക്കിയ ശേഷം വീണ്ടും വായന തുടർന്നു.

‘തുടങ്ങി.. ആ മുരട്ട് സ്വഭാവം.. ‘

മനസ്സിൽ പിറുപിറുത്ത് കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.

“ഹലോ.. കാർത്തിക്ക്.. ഞങ്ങൾ പുറപ്പെട്ടു.. നാളെ രാവിലെ എത്തും.. നീ റെഡിയായി ഇരിക്ക്.. ”

“……… ”

“ശരിടാ… ബൈ.. ”

കണ്ണൻ ഫോൺ കട്ട് ചെയ്ത് ഉറങ്ങാൻ കിടന്നു.

നാളെ മുതൽ ശ്രീ തന്റെ അടുത്തുണ്ടാകില്ല എന്ന വിഷമത്തോടെ അവൻ ഉറങ്ങി.

(തുടരും)

 

തനുഗാത്രി: ഭാഗം 8

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story