മഴപോൽ: ഭാഗം 13

മഴപോൽ: ഭാഗം 13

എഴുത്തുകാരി: മഞ്ചാടി

ചെറിയമ്മ വീണ്ടും ചീത്ത വിളി തുടങ്ങിയതുമവൾ പുറത്തെ തൊടിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വേപ്പ് മരത്തിന്റെ ചോട്ടിലേക്ക് ഓടിയിരുന്നു…. അമ്പിളി പെണ്ണിനെ അടുത്തുള്ള തിണ്ണയിലിരുത്തി ഒരു ഗ്ലാസിൽ ചായയും കുഞ്ഞു പാത്രത്തിൽ ഉണ്ണിയപ്പവും വിളമ്പി മുന്നിലേക്ക് നീട്ടി…. പിന്നെ പൊട്ടിച്ചു കൊടുന്ന പച്ചില ചതച്ചരച്ച് മെല്ലെ അവളുടെ മുറിവിലൊന്ന് വെച്ചു കൊടുത്തു… “”സ്സ് “” നീറി പുകച്ചിൽ കാരണം ആ പെണ്ണ് ചുണ്ടുകൾ കടിച്ചമർത്തിയിരുന്നു…. “”വൈകീട്ട് ചായ…. ഒന്നും ആയില്ലേ…. ഇതുവരെ കിട്ടിയില്ലല്ലോ…. “” ഉമ്മറത്തിരുന്ന് വല്യച്ഛൻ വലിയ ശബ്ദത്തിൽ ചോദിച്ചതും വല്യമ്മ അടുക്കളയിലേക്ക് ഓടി പിടിച്ചു വരുന്നത് കണ്ടു…

മധുരമിടാതെ മാറ്റി വെച്ചിരുന്ന ചായ പാത്രത്തിൽ നിന്നും ഒരു ഗ്ലാസ്‌ പകർന്നെടുത്ത് വല്യച്ഛന്റെ അരികിലേക്ക് തിടുക്കത്തിൽ നടന്നിരുന്നവർ…. അമ്പിളി വെറുതെ വിധൂരയിലേക്ക് നോക്കിയിരുന്നു… തുറന്നിട്ട ജാലകത്തിലൂടെ ഒഴുകി വന്ന ഇളം തെന്നലവളെ മെല്ലെ തലോടുന്നുണ്ട്….മഴ മാറിയെങ്കിലും മരം പെയ്തു കൊണ്ടിരുന്നു….. കാറും കോളും നീങ്ങിയ മാനത്ത് നീലിമയേറിയിരുന്നു…. കഴുത്തിൽ കിടന്നിരുന്ന താലിയിൽ മറുകെ പിടിച്ചിരുന്നവൾ…. പിന്നേ മെല്ലെ അതിലൊന്ന് ചുണ്ട് ചേർത്തു….. “”അമ്പിളി ചേച്ചീ….. ദേ വല്യച്ഛൻ വിളിക്കുന്നു….. “” വാതിൽക്കൽ നിന്ന് ഗായു വിളിച്ചു പറഞ്ഞതും ആ പെണ്ണ് തിണ്ണയിൽ നിന്നും ചാടി ഇറങ്ങി… അരയിൽ കുത്തി വെച്ചിരുന്ന സാരി തലപ്പ് വലിച്ചൂരി ഇറയത്തേക്ക് നടന്നു…..

മനക്കലെ തറവാട്ടിലെ മുതിർന്നവരൊക്കെയും സമസാരിച്ചിരിപ്പുണ്ട്….ഗായു മുത്തശ്ശിയുടെ മടിയിൽ തല വെച്ച് കിടപ്പാണ്….. ആ പെണ്ണ് മെല്ലെ ഒന്ന് മുരടനക്കിയതും മുത്തശ്ശി അവളെ പിടിച്ച് അരികിലേക്കിരുത്തി…. “”ന്റെ മോൾ…. ക്ഷീണിച്ചൂല്ലോ….”” പാറി പറന്നു കിടക്കുന്ന മുടിയിലൂടെ അവരൊന്ന് വിരലോടിച്ചു….. വീർത്ത കൺപോളകളും വിളറിയിരിക്കുന്ന മുഖവും ആ പെണ്ണെത്രത്തോളം അവശയാണെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു…. മറുപടിയെന്നോണം അവളൊന്ന് പുഞ്ചിരിച്ചു….പിന്നേ മുന്നിലേക്ക് തൂങ്ങി കിടന്നിരുന്ന മുടി ഇഴകളെ ചെവിക്ക് പിറകിലേക്ക് തിരുകി വെച്ചു…. “”ഉണ്ണി എഴുന്നേൽക്കുന്നതിന്ന് മുന്നേ ഈ മരുന്ന് കൊടുക്കണം…..ഇത് കൊടുത്താൽ നാളെ രാവിലെ വരെ മയക്കായിരിക്കും….അവനെ കാണിക്കുന്ന ഹോസ്പിറ്റലിൽ നിന്ന് ആൾക്കാര് നാളെ രാവിലെ വരുമെന്നാ പറഞ്ഞത്…ഉണരുന്നതിന്ന് മുന്നേ വേണം….

ഉണർന്നാ പിന്നേ അറിയാല്ലോ….ഇവിടെ കാട്ടി കൂട്ടിയതൊക്കെ അറിയാല്ലോ…. “” ഉമ്മറ പടിയിലിരുന്ന ആവി പറക്കുന്ന ചൂട് ചായ ഒരു കവിൾ കുടിച്ച് മനക്കലെ തറവാട്ടിലെ മുതിർന്ന കാരണവർ അമ്പിളി നേരെ തിരിഞ്ഞിരുന്നു…. മുഖത്തൊരു ഗൗരവം ഭാവമായിരുന്നു…. നരച്ച മുടിയും കഴുത്തിൽ കിടന്നിരുന്ന സ്വർണ മാലയും വിരലിലെ സ്വർണ മോതിരങ്ങളും അയാൾക്കൊരു രാജകീയ പ്രൗഢി നൽകി…. “”അയ്യോ വല്യച്ചാ…. ഉണ്ണിയേട്ടൻ ഒന്നും കഴിച്ചില്ലല്ലോ….ഉച്ചക്ക് ചോറുണ്ടതാ പിന്നേ ഒന്നും കഴിച്ചില്ല…. നല്ല ക്ഷീണം കാണും…..മരുന്ന് കൊടുക്കണോ…പിന്നേ മയങ്ങിയാല് നാളെ രാവിലെ അല്ലെ ഉണരൂ…. ഇനി ഉണ്ണിയേട്ടൻ വികൃതി ഒന്നും കാട്ടൂല്ല….മയക്കാൻ മരുന്നൊന്നും കൊടുക്കണ്ട…..”” ആ പെണ്ണിന്റെ ശബ്ദം ഏറെ നേർത്തതായിരുന്നു…..ഉണ്ണിയേട്ടൻ ഒന്നും കഴിച്ചില്ലല്ലോ എന്ന ആധിയായിരുന്നവളിൽ….

അല്ലെങ്കിലേ അടി കൊണ്ട് ആ ഭ്രാന്തൻ ഒത്തിരി ക്ഷീണിച്ചിട്ടുണ്ട്…. ഇനി ഒന്നും കഴിച്ചില്ലെങ്കിൽ പറ്റെ വയ്യാതാകും…. ബഹുമാനത്തോടെ ആ പെണ്ണ് മിഴികളൂന്നി….. “”ഹും… ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി…..ഇന്നലെ കയറി വന്ന കുട്ടിക്ക് എന്തറിയാം… എല്ലാം മാസവും അവന് ഇവിടെ കാണിച്ചു കൂട്ടുന്നതൊക്കെ ഞങ്ങൾക്കല്ലേ അറിയൂ…..നേരത്തെ കിട്ടിയതൊന്നും പോരെ കുട്ടീ തനിക്ക്….”” വല്യച്ഛന്റെ ശബ്ദം ഉയർന്നതും ആ പെണ്ണിന്റെ കണ്ണിൽ നീർ മുത്തുകൾ ഉരുണ്ടു കൂടിയിരുന്നു… മറുത്തൊന്നും പറയാതെ തല താഴ്ത്തി ഇരുന്നു…. നോവുന്നുണ്ടാ പെണ്ണിന് ഏറെ നോവുന്നുണ്ട്….. ഒന്നും കഴിച്ചില്ലേല്… വിശക്കില്ലേ…. അമ്പൂട്ടീടെ ഉണ്ണിക്കുട്ടന്…. ഒത്തിരി വിശക്കില്ലേ…. ന്തോരം തല്ല് കിട്ടിയാതാ ആ ഭ്രാന്തന്….വൈകീട്ട് അവനേറെ ഇഷ്ട്ടമുള്ള അട പായസം ഉണ്ടാക്കി കൊടുക്കാമെന്ന് ഏറ്റതാ….ആ ഭ്രാന്തനുണർന്ന് വികൃതി കാട്ടിയാലും കുഴപ്പമില്ലവൾക്ക്….

എന്തെങ്കിലും ആ വയറ്റിലേക്ക് ചെന്നാൽ അതായില്ലേ…. ചായ കുടിച്ച് കപ്പ് വല്യമ്മയുടെ കയ്യിൽ കൊടുത്തയാൾ എഴുന്നേറ്റു പോയി….അപ്പോഴേക്കും കവിളിലൂടെ കണ്ണു നീർ ചാല് തീർത്ത് ഒഴുകി കൊണ്ടിരുന്നു…. മുത്തശ്ശി ഒരു ചെറു ചിരിയോടെ കണ്ണീരൊലിപ്പിച്ചിരിക്കുന്നാ പെണ്ണിനെ നെഞ്ചോട് ചേർത്തു….മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ കൊണ്ട് നെറ്റിയിലൊരു മുത്തം കൊടുത്തു…. “”അയ്യേ… അച്യുതൻ ഒന്ന് ഒച്ചയിട്ടെന്ന് പറഞ്ഞ് കരയാ ….. അയ്യേ…. മോശം… മോശം…. കൊച്ചു കുട്ടികളെ പോലെ…. ഒരു കണക്കിന് ഉണ്ണിക്കുട്ടനെ മയക്കി കിടത്തുന്നതാ കുഞ്ഞേ നല്ലത്…. കണ്ടില്ലേ നിന്റെ കഴുത്തിലവൻ കടിച്ചത്…. ഇനിയും ഉണർന്നാൽ ഒത്തിരി വികൃതി കാട്ടും ആ ചെറുക്കൻ…. ന്റെ കുട്ടിക്ക് താങ്ങാൻ കഴിയില്ല….അച്യുതൻ അത് കൊണ്ട് പറഞ്ഞതാ…. ഇത്തിരി ദേഷ്യക്കാരൻ ആണെന്നെ ഉള്ളു… അവന്റെ ഉള്ളില് നിങ്ങളോട് സ്നേഹം മാത്രാ…. കണ്ണ് തുടച്ചേ…. “”

“”ന്നാലും…. ഉണ്ണിയേട്ടൻ… ഒന്നും കഴിച്ചില്ലല്ലോ… “‘ “”അയ്… ന്റെ കുട്ട്യേ…. നിന്റെ കെട്ട്യോൻ… നല്ല ശക്തി മാനാ… ഒരു രാത്രി ഒന്നും കഴിച്ചില്ലെന്ന് കരുതി അവനൊന്നും പറ്റില്ല…. “” മിഴി നീർ വീണ് നനഞ്ഞിരുന്ന കവിളിൽ ആ വൃദ്ധ പതിയെ ഒന്ന് നുള്ളി… വെറ്റില വെച്ച് മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വിടർത്തി വെളുക്കെ ചിരിച്ചിരിപ്പാണ് ഗായു… മഞ്ചാടി മണികളെ പോലെ കടും ചുവപ്പ് നിറമുള്ള ചുണ്ടിൽ തൊട്ട് എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി ചോദിക്കുന്നുണ്ട്…. അമ്പിളി പെണ്ണ് അറിയാതെ ചിരിച്ചു പോയി…. “”ഈ പെണ്ണിന്റെ ഒരു കാര്യം….ഡീ പെണ്ണേ മതി മുറുക്കിയത്….. ചുണ്ട് പൊള്ളും… “” മുത്തശ്ശി കണ്ണ് കൂർപ്പിച്ച് ഗായത്രി കുട്ടിയുടെ കയ്യിലുണ്ടായിരുന്ന വെറ്റിലയും പോലയും പിന്നേ നൂറും പിടിച്ചു വാങ്ങി…അവളാണെങ്കിൽ പല ഖോഷ്ട്ടി കാട്ടി ഫോണിൽ സെൽഫി പകർത്തുന്നുണ്ട്….. “”ഓ … ഇന്നാ പിടിച്ചൊ…. നിക്ക് വേണ്ട… മുത്തശീടെ വീര്യ കട്ട….

പിന്നേ ആർക്ക് വേണം നിങ്ങടെ ചുണ്ടോപ്പി… ന്റെഡ്ത്ത് ലിപ്സ്റ്റിക് ഉണ്ട് ട്ടോ… ഞാൻ അത് വെച്ച് ഇട്ടോളാ….. “” ഗായു ചവിട്ടി കുലുക്കി അകത്തേക്ക് പോയതും ഇറയത്ത് ഒരു കൂട്ട ചിരി മുഴങ്ങി…..ഉള്ളില് പരിഭവമുണ്ടെങ്കിലും ആ പെണ്ണും അതിൽ പങ്കു ചേർന്നു… “”അമ്പിളി കുട്ടീ….ന്നാ…. ഈ ചീർപ്പ് കൊണ്ട്…. ന്റെ മുടിയൊന്ന് ചീകി ത്താ….മുടിയൊക്കെ കൊഴിഞ്ഞ്…. കൊഴിഞ്ഞ് ഇപ്പൊ ഒരു കൈ പിടിയോളം ഒള്ളു….. “” കയ്യിലെ ചീപ്പ് അമ്പിളിയെ ഏൽപ്പിച്ച് മുത്തശ്ശി ഉമ്മറ പടിയിലേക്ക് ഇറങ്ങി ഇരുന്നു….കെട്ടി വെച്ച മുടി അഴിച്ചിട്ടു….എല്ലാം നല്ല വെളുവെളുത്ത ഇഴകൾ…… നര വീഴാത്ത ഒന്നോ രണ്ടോ എണ്ണം മാത്രമുണ്ട്… “”മുത്തശീ…. നല്ല ഉള്ളുണ്ടല്ലോ…. മുടിക്ക്…. “” വെളുത്ത കട്ടിയുള്ള മുടിയിലൂടെ ചീർപ്പോടിച്ച് അറ്റത്ത് കുടുങ്ങി കിടക്കുന്ന മുടിയിലെ ഓരോ കെട്ടും ആ വയസ്സിയെ നോവിക്കാതെ അമ്പിളി പെണ്ണ് അറുത്ത് കൊടുത്തു….. “”അത്…. പണ്ട്…. ന്റെ അമ്മ..

നല്ല പൂവാം കുറുന്നൽ ഇട്ട് കാച്ചിയ എണ്ണ തേച്ചു തരും.. ഇപ്പഴും അതെ എണ്ണയാ ഞാൻ തേക്കാർ… അല്ലെങ്കി ഒരു തല വേദനയാ…. ഇപ്പത്തെ കുട്ട്യോൾ കണ്ണി കണ്ട സോപ്പും ക്രീമും പിന്നേ കളറും വാരി തേച്ച് ഉള്ള മുടിയൊക്കെ അങ്ങോട്ട് കളയും…ഹും…ആ ഗായു പെണ്ണിനെ തന്നേ കണ്ടില്ലേ….എന്താ ഓളൊക്കെ മുടീടെ കോലം…. “” കുലുങ്ങി ചിരിച്ച് ആ വൃദ്ധ അവരുടെ ഇട തൂർന്ന മുടിയുടെ രഹസ്യം പറയുമ്പോൾ ഗായത്രി ഓടി വന്ന് അവരുടെ അടുത്തിരുന്നു…..അവളെ പറഞ്ഞത് കേട്ടെന്ന് തോന്നുന്നു….ചുണ്ട് കുറുമ്പോടെ കൂർപ്പിച്ച് വെച്ചിട്ടുണ്ട്…. “””ഓഹ്…. പിന്നേ ഒരു മുടിച്ചി വന്നേക്കുന്നു….ഹും “” ഉരുളക്കുപ്പേരി പോലെ ഉള്ള ആ പെണ്ണിന്റെ മറുപടി കേട്ട് മുത്തശ്ശി മെല്ല തുടയിലൊരു നുള്ള് വെച്ചു കൊടുത്തു…. മുടി വൃത്തിയായി ചീകി കഴിഞ്ഞ് വട്ടത്തിൽ കെട്ടി വെക്കാൻ അമ്പിളി ഒരുങ്ങിയതും ഗായത്രി ഒരു കള്ള ചിരിയോടെ ആ പെണ്ണിന്റെ കൈ പിടിച്ചു വെച്ചു….

ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞ് ചൂണ്ട് വിരൽ ചുണ്ടിന് മുകളിൽ വെച്ചിട്ടുണ്ട്…. കണ്ണിൽ നിറയെ കുറുമ്പും കള്ളത്തരവും മാത്രമായിരുന്നു…. മുറിയിലേക്ക് ചെന്ന് എന്തൊക്കെയോ സാധനങ്ങൾ എടുത്ത് കൊണ്ട് വന്ന് മുത്തശ്ശിയുടെ തലയിൽ അവൾ പണി തുടങ്ങിയിരുന്നു…..ഇടുപ്പിൽ കൈ ചേർത്ത് അമ്പിളി അവളെ കൂർപ്പിച്ചൊന്ന് നോക്കിയെങ്കിലും കൊഞ്ഞനം കുത്തി കാണിച്ചു തന്നവൾ….. “”ന്റെ തലയിൽ…. എന്താ നിങ്ങള് കാണിക്കുന്നേ…. ഡീ ഗായത്രി…. നിന്നെ ഞാൻ.. “” “”കൂൾ ഡൌൺ ഗ്രാൻഡ് മ… കൂൾ ഡൗണ് “” പണി കഴിഞ്ഞതും ഗായു ചിരി അടക്കി പിടിച്ച് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു…. മുത്തശീടെ മുടിയിൽ പഫ് ചെയ്ത് ഒരു ചെറിയ വലിയ കുന്ന് ഉണ്ടാക്കി വെച്ചിട്ടുണ്ട്….രണ്ട് മൂന്ന് ഇഴകൾ ചുരുട്ടി മുന്നിലേക്ക് ഇട്ടുകൊടുത്തു….

“”മുത്തശ്ശി… ഒന്ന് ചിരിച്ചേ…. “” ഫോണിലെ സെൽഫിയിൽ തന്റെ തലയിൽ കാണിച്ചു വെച്ചത് കണ്ട് അന്തം വിട്ട് നിൽക്കുന്ന മുത്തശ്ശിയുടെ മുഖം അവൾ ക്യാമെറയിൽ പകർത്തി…. “”ന്റെ തമ്പുരാനേ…. ന്താ…. ഇത്….എടി കുരുത്തം കെട്ടതേ….നിന്നെ ഞാൻ….. “” നേര്യതിന്റെ തുമ്പ് ഇടുപ്പിൽ കുത്തി മുത്തശ്ശി ദേഷ്യത്തോടെ എഴുന്നേറ്റതും ഒരു പൊട്ടി ചിരിയോടെ അവർക്ക് പിടികൊടുക്കാതെ ആ കുസൃതിക്കാരി പെണ്ണ് തൊടിയിലേക്ക് ഓടിയിരുന്നു…  രാത്രിയിൽ പണികളൊക്കെ തീർത്ത് അമ്പിളി മുറിയിലേക്കെത്തുമ്പോൾ നേരം ഒത്തിരി വൈകിയിരുന്നു…..ഉണ്ണിയേട്ടൻ മരുന്നിന്റെ മയക്കത്തിലാണ്…. തലയിണ കെട്ടിപ്പിടിച്ച് കൊച്ചു കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്ന ആ ഭ്രാന്തനെ കാണാൻ എന്ത് ചേലാന്നറിയോ….. അടി കൊണ്ട് മുറിഞ്ഞിടത്തൊക്കെ ഓയിന്റ്മെന്റ് ഒന്ന് കൂടി പുരട്ടി കൊടുത്തു… അവനിൽ നിന്നും നീങ്ങി മാറിയിരുന്ന പുതപ്പെടുത്ത് പുതപ്പിച്ചു കൊടുത്തവൾ….

മെല്ലെ അരികിലിരുന്നു…. മൂർദ്ധാവിൽ ഏറെ പ്രേമത്തോടെ ഒത്തിരി നാണത്തോടെ ഒന്ന് ചുംബിച്ചു…. “”ന്റെ ഉണ്ണിക്കുട്ടാ…. ന്ത്‌ ഉറക്കാ…. ഏഹ്…. എപ്പോ ഉറങ്ങീതാ ന്റെ ഉണ്ണിക്കുട്ടൻ…. മഹ്ഹ്…. നാളെ എണീക്കുമ്പോ…..ന്നോട് വികൃതി കൂടുവോ….. കൂടുവോ…. ഡാ കള്ള കണ്ണാ….. ഉണ്ണിക്കുട്ടന്റെ കൂടെ കളിക്കാൻ നിക്ക് കൊതിയാവാ….അത്രക്ക് ഇഷ്ട്ടാ… നിക്ക്…. ഒത്തിരി ഒത്തിരി ഇഷ്ട്ടാ നിക്കി ന്റെ ഈ കുസൃതി കുട്ടനെ…. “” ഉറങ്ങി കിടക്കുന്നവനോട് എന്തൊക്കെയോ കിന്നരിച്ചിരുന്നവൾ….താടി രോമങ്ങളിലൂടെ വെറുതെ വിരലോടിച്ചിരുന്നു…. കണ്ണിലെ കടും കാപ്പി ഗോളങ്ങൾ പ്രേമത്തോടെ പിടച്ചു…. കുനിഞ്ഞിരുന്ന് പിന്നെയും ആ ഭ്രാന്തന്റെ കവിളിൽ ഒത്തിരി പ്രണയത്തോടെ മുത്തി…. കിടക്കുന്നതിന് മുന്നേ തുറന്നിട്ടിരുന്നു ജാലകം അടച്ചു കുളത്തിട്ടു….. മാനം നിറയെ നക്ഷത്രങ്ങളാ….. മുല്ലപ്പൂ വാരി എറിഞ്ഞത് പോലെ ഒത്തിരി … ഒത്തിരി നക്ഷത്രങ്ങൾ…..

നടുവിലായി തിങ്കൾ കല പ്രൗഢിയോടെ ഉദിച്ചു നിൽപ്പുണ്ട്….. കാണാൻ എന്തൊരു ചേലായിരുന്നു…. ഏറെ നേരം കിടന്നിട്ടും ഉറക്കം വന്നില്ല…..ആ ഭ്രാന്തനൻ കെട്ടി പിടിച്ചു കിടന്നിരുന്ന തലയിണ അടർത്തി മാറ്റി അവന്റെ കര വലയത്തിലേക്ക് നുണഞ്ഞു കയറിയവൾ……അവന്റെ ഇട നെഞ്ചിൽ മുഖമൊളിപ്പിച്ചതും കണ്ണിൽ പതിയെ ഉറക്കം വന്ന് തുടങ്ങി…. വൈകി കിടന്നത് കൊണ്ട് ഏറെ വൈകി തന്നെയാണവൾ ഉണർന്നത്…..മുറിയിൽ പകൽ വെട്ടം വീണിരുന്നു….കിടക്കയിൽ ഉണ്ണിയേട്ടനില്ല…. ഒരു നിമിഷം ആ പെണ്ണൊന്ന് ഭയന്നു…. താലി മാലയിൽ മുറുകെ പിടിക്കുമ്പോൾ ഉച്ചത്തിലുള്ള നിലവിളികൾ ആ പെണ്ണിന്റെ കാതിലേക്ക് തുളച്ചു കയറുകയായിരുന്നു………………………………………… തുടരും…………..ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 12

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story