ശ്രാവണം- ഭാഗം 2

ശ്രാവണം- ഭാഗം 2

ഡൽഹിയിൽ നിന്ന് തിരികെയുള്ള യാത്രയിൽ ട്രെയിനിൽ വച്ചായിരുന്നു ആദ്യമായി കണ്ടുമുട്ടിയത് … തന്റെ എതിർ സീറ്റിൽ അവനായിരുന്നു … പ്രണവ് …! താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ തുടങ്ങിയ സംഭാഷണമായിരുന്നു പരിചയപ്പെടലിന്റെ തുടക്കം ….. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ … ദസ്തവ്യോസ്കിയെക്കാളേറെ അന്നയെ കുറിച്ചാണ് അവൻ വാചാലനായത് … മറ്റ് പല നോവലുകളെ കുറിച്ചും അവനൊരുപാട് സംസാരിച്ചു …

തന്നെപ്പോലെ പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രണവിനെ സഹയാത്രികനപ്പുറത്തേക്ക് ഒരു പരിചയക്കാരനാക്കി മാറ്റുന്നതിൽ തനിക്ക് അഭിമാനമായിരുന്നു .. ആ ബന്ധം പ്രണയത്തിലെത്താൻ അധികം വൈകേണ്ടി വന്നില്ല … അവളുടെ മിഴികൾ നിറഞ്ഞു തൂവി … ഈ കടൽക്കരയിൽ തങ്ങളുടെ പ്രണയത്തിന്റെ കാൽപ്പാടുകളുണ്ട് … ഓർമിച്ചോമനിച്ചിരുന്ന ഓരോ നിമിഷങ്ങളും ഇനി വെറും നോവോർമകൾ മാത്രമാണ് … ഇനിയും അവിടെ തുടരാൻ ഇരിക്കുവാൻ വയ്യാത്തത് കൊണ്ട് അവൾ എഴുന്നേറ്റു … ഹോസ്റ്റലിൽ വന്നുടൻ അവൾ നാട്ടിൽ അച്ഛനെ വിളിച്ചു …

നാളെ അങ്ങോട്ടെത്തുന്നുണ്ടെന്ന് അറിയിച്ചു … സീനത്ത് അവളുടെ അടുത്തേക്ക് വന്നു … അവർ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആണ് … എങ്കിലും ശ്രാവന്തിക്ക് അവരൊരു സുഹൃത്തും ചേച്ചിയുമെല്ലാമാണ് … ” എന്തായി ശ്രാവി …….” അവർ ചോദിച്ചു … ” എന്താകാൻ ചേച്ചി … എല്ലാം മുറിച്ചു …..” അവളൊരു വാടിയ ചിരി ചിരിച്ചു … സീനത്ത് അവളുടെ നെറുകിൽ തലോടി … ” ഞാൻ നാളെ നാട്ടിലേക്കൊന്ന് പോവാ ചേച്ചി ….. ” അതാണ് നല്ലതെന്ന് സീനത്തിനും തോന്നി … ” അച്ഛനോടും അമ്മയോടും പറയണ്ടേ … ” ” ഉവ്വ് … പറയണം … അവരെ അറിയിക്കാതിരുന്നിട്ട് ഒന്നും കിട്ടാനില്ലല്ലോ ….” അവൾ നിരാശയോടെ പറഞ്ഞു …. ആ വീട്ടിൽ അച്ഛനും അമ്മയ്ക്കും മക്കൾക്കുമിടയിൽ രഹസ്യങ്ങളൊന്നുമില്ലായിരുന്നു … അവർ സുഹൃത്തുക്കളെ പോലെയായിരുന്നു …

പിറ്റേന്ന് ഉച്ചയോടെ ശ്രാവന്തി വീട്ടിലെത്തി … അവൾ വരുന്നു എന്ന് അറിയിച്ചിരുന്നതിനാൽ അവർ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു … ടൈനിംഗ് ടേബിളിൽ , മകളുടെ നിശബ്ദത ഉദയനും ചന്ദ്രികയും ശ്രദ്ധിച്ചു … സാധാരണ വാ തോരാതെ , ഹോസ്റ്റലിലേയും ജോലി സ്ഥലത്തേയും വിശേഷങ്ങൾ പറയുന്നതാണ് ….. അതിനിടയിൽ ഒരായിരം വട്ടം പ്രണവിന്റെ കാര്യവും പറയും … ഇന്ന് അവനെക്കുറിച്ച് യാതൊന്നും പറഞ്ഞില്ല എന്നതും അവർ ശ്രദ്ധിച്ചു … ഭക്ഷണം കഴിഞ്ഞ് കൈകഴുകി വന്നപ്പോഴേക്കും ഉദയൻ അവളുടെ അരികിലേക്ക് വന്നു … ” എന്ത് പറ്റി മോൾക്ക് ……” അയാൾ ചോദിച്ചു …. ”

ഏയ് … ഒന്നൂല്ലച്ഛാ ……” അവൾ ഒഴിഞ്ഞു മാറി … ” അത് വെറുതെ ….. എന്താ കാര്യമെന്ന് അച്ഛനോട് പറ …… പ്രണവിനോട് പിണങ്ങിയോ ..? ” ഉദയൻ അവളെ പിടിച്ച് സോഫയിൽ തന്റെ അരികിലായി ഇരുത്തിക്കൊണ്ട് ചോദിച്ചു … അച്ഛന്റെ കരുതലിനും സ്നേഹത്തിനും മുന്നിൽ അവൾ പൊട്ടിക്കരഞ്ഞു പോയി …. ” അവനിനി വരില്ലച്ഛാ …. അവന്റെ വിവാഹമുറപ്പിച്ചു …..” ഉദയനും ചന്ദ്രികയും ഒരു നിമിഷം ഞെട്ടിപ്പോയി …. അച്ഛന്റെ മാറിലേക്ക് ചാഞ്ഞ് കിടന്നു അവൾ ഉണ്ടായതെല്ലാം പറഞ്ഞു …… എത്ര കരഞ്ഞിട്ടും ആ കണ്ണീരടങ്ങിയില്ല ….. ” നീ മോളെ അകത്ത് കൊണ്ട് പോയി കിടത്ത് … അവളൊന്ന് റെസ്റ്റെടുക്കട്ടെ ……”

ഉദയൻ ചന്ദ്രികയോടായി പറഞ്ഞു … അവർ മകളെ എഴുന്നേൽപ്പിച്ച് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി … ഉദയനും പിന്നാലെ ചെന്നു … ” മോള് കിടന്നു നന്നായി ഒന്ന് ഉറങ്ങു … ഉറങ്ങിയെഴുന്നേൽക്കുമ്പോ , ഉറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ അവനെ മറന്നേക്കണം …..” അവളുടെ നെറുകിൽ തലോടിക്കൊണ്ട് ഉദയൻ പറഞ്ഞു … ആ മുറിവ് അത്ര വേഗം കരിയില്ലെന്ന് ഉദയനും അറിയാമായിരുന്നു … * * * * * * * * * * * * * * * ” അവനെ വിളിച്ച് നല്ല രണ്ട് വർത്തമാനം പറയണ്ടേ ഉദയേട്ടാ …..” സിറ്റൗട്ടിലെ ചൂരൽ കസേരയിൽ ചിന്താമഗ്നനായി ഇരിക്കുന്ന ഉദയന്റെയടുത്തേക്ക് വന്ന് ചന്ദ്രിക ചോദിച്ചു …. ” എന്തിന് …..?

അതിനവൻ നമ്മുടെ മകളുടെ ഭർത്താവൊന്നുമല്ലല്ലോ …..” ” എന്നാലും … അവനെന്റെ കുഞ്ഞിനെ ഇത്രയും വേദനിപ്പിച്ചത്‌ എന്തിനാ …” ചന്ദ്രികക്ക് സങ്കടം വന്നു .. ” ചന്ദ്രീ …. ഇപ്പോഴത്തെ പ്രണയങ്ങളൊക്കെ ഇങ്ങനെയാണ് … ആത്മാർത്ഥതയില്ല …. ” ” എന്നിട്ട് നമ്മുടെ മോൾ അങ്ങനെയാണോ … ഉദയേട്ടൻ കണ്ടതല്ലേ എന്റെ കുഞ്ഞിന്റെ സങ്കടം … അവനൊരു കാലത്തും കൊണം പിടിക്കത്തില്ല …..” ചന്ദ്രിക മനസുരുകി പറഞ്ഞു … ” അവളും മെല്ലെ ഇതൊക്കെ മറക്കും … മറന്നേ പറ്റു ….. ” ഉദയൻ പറഞ്ഞു … ” ഉദയേട്ടാ … ഞാനൊരു കാര്യം പറയട്ടെ ….?” ” എന്താണ് ….” ” ശ്രാവിയുടെ കല്യാണം ഉടനെ നടത്തണം … ഇനിയത് വൈകിച്ചുകൂടാ ….”

” ങും …..” ഉദയൻ തലയാട്ടി … ” എത്രയും പെട്ടന്ന് വേണം ഉദയേട്ടാ …. പറ്റിയാൽ അവന്റെ കെട്ടിന് മുൻപ് …” ” ഏയ് … അങ്ങനെ വാശിപ്പുറത്ത് നടത്തേണ്ട ഒന്നല്ല വിവാഹം … ഒരു പാട് ആലോചിച്ച് അന്വേഷിച്ച് നടത്തേണ്ട ഒന്നാണ് ….. മാട്രിമോണിയലിൽ പരസ്യം കൊടുക്കണം … നല്ല പ്രപ്പോസൽസ് കണ്ടെത്തണം …..” ” ഉദയേട്ടാ … അത്രയ്ക്കൊന്നും അങ്ങ് പോകണ്ട… വേറൊരാളുണ്ട് … ഉദയേട്ടൻ മറന്നോ … കഴിഞ്ഞ മാസം ഉദയേട്ടന്റെ കൂടെ വർക്ക് ചെയ്തിരുന്ന രാജീവ് സാറിന്റെ മകളുടെ കല്ല്യാണത്തിന് പോയത് …? അന്ന് ഉദയേട്ടനോട് സംസാരിച്ച ലത ടീച്ചറെ ഓർക്കുന്നില്ലേ … പായ്പ്പാടി സ്കൂളിൽ ഉദയേട്ടന്റെ കൂടെ വർക്ക് ചെയ്ത …. ? ”

” ആ … ഓർക്കുന്നു …. ” ” അന്നാ ടീച്ചറൊരു കാര്യം പറഞ്ഞത് മറന്നോ …….” ” ങും …… ഓർക്കുന്നു …….. അവരുടെ മകന് വേണ്ടി ശ്രാവിയെ ചോദിച്ചത് ….. നീയതിപ്പോഴും മറന്നില്ലേ ചന്ദ്രീ …” ഉദയൻ ഓർത്തെടുത്തു ചിരിച്ചു … ” നമ്മൾ പെണ്ണുങ്ങളങ്ങനെയാ ഉദയേട്ടാ … ” ” നമ്മളിപ്പോ പെട്ടന്ന് വിളിച്ച് ചോദിക്കുമ്പോ അവർക്കെന്തെങ്കിലും തോന്നുവോ …? ” ” എന്ത് തോന്നാൻ … പിന്നീടാലോചിച്ചു പറയാം എന്നല്ലേ അന്ന് നമ്മൾ പറഞ്ഞത് …

മോൾക്ക് പ്രപ്പോസൽസ് നോക്കുന്നുണ്ട് .. താന്ത്പര്യമുണ്ടോന്ന് അറിയാനാ വിളിച്ചതെന്ന് പറയണം ….” ” ങും…..” ” എന്നാ ഇപ്പോ തന്നെ വിളിച്ച് ചോദിക്ക് ഉദയേട്ടാ … ” ” ഇപ്പോഴോ …” ” ആ ഇപ്പോ തന്നെ … വൈകിക്കണ്ട …. ” ചന്ദ്രികക്ക് അതൊരു വാശിയായിരുന്നു …. ഉദയചന്ദ്രൻ എഴുന്നേറ്റു പോയി ഡയറി എടുത്തു കൊണ്ട് വന്നു .. അതിൽ തിരഞ്ഞ് ലത ടീച്ചറിന്റെ നമ്പർ കണ്ടു പിടിച്ചു … ഫോണെടുത്തു നമ്പർ ഡയൽ ചെയ്ത് കാത്ത് ഇരുന്നു …. മറുവശത്ത് റിങ് മുഴങ്ങിക്കൊണ്ടിരുന്നു … ( തുടരും )

ശ്രാവണം- ഭാഗം 3

Share this story