ശ്രാവണം- ഭാഗം 5

ശ്രാവണം- ഭാഗം 5

കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ജയചന്ദ്രനാണ് … പിന്നാലെ സദാശിവനും ലതയും ലതികയും … എല്ലാ കണ്ണുകളും ഡ്രൈവർ സീറ്റിലേക്ക് നീണ്ടു … ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി … കാഴ്ചയിൽ സുന്ദരൻ … ജീൻസും വൈറ്റ് ചെക് ഷർട്ടുമായിരുന്നു വേഷം .. കണ്ണുകൾക്ക് പ്രത്യേക തിളക്കം … ട്രിം ചെയ്തു നിർത്തിയ താടി …. ഉദയൻ മുന്നിൽ നിന്ന് അതിഥികളെ ക്ഷണിച്ചു … എല്ലാവരും അകത്തേക്ക് കയറി …. ” ഞങ്ങളൊരൽപ്പം വൈകി …..”

ക്ഷമാപണം പോലെ ജയചന്ദ്രൻ പറഞ്ഞു … ” കാണാത്തത് കൊണ്ട് ഉദയൻ അങ്ങോട്ടു വിളിക്കാൻ തുടങ്ങുവാരുന്നു …. ” മോഹനൻ പറഞ്ഞു …. ” അതൊക്കെ പോട്ടെ … നമുക്ക് ചടങ്ങ് നടത്താം .. ” ചന്ദ്രൻ പറഞ്ഞു … ” ആദ്യം ഞാൻ ഞങ്ങളെ പരിചയപ്പെടുത്താം … ഞാൻ ജയചന്ദ്രൻ … ഇവന്റെ അച്ഛനാണ് .. വാട്ടർ അതോറിറ്റിയിലായിരുന്നു … ഇതെന്റെ ഭാര്യ ലതിക .. ഹൗസ് വൈഫാണ് … ഇത് ലത … ഇവളുടെ അനുജത്തി … ഇത് ലതയുടെ ഹസ്ബന്റ് സദാശിവൻ … പിന്നെ ഇത് പറയണ്ടല്ലോ …. ഇതാണ് എന്റെ ഒരേയൊരു മകൻ .. ജിഷ്ണു …

KSEB ൽ എഞ്ചിനിയറാണ് ….. ” ജയചന്ദ്രൻ വിശദമായി പരിചയപ്പെടുത്തി … ഇരു വീട്ടുകാരും പരസ്പരം പരിചയപ്പെടുത്തലിനൊടുവിൽ ശ്രാവന്തിയെ വിളിച്ചു …. വൈറ്റ് ചുരിദാറായിരുന്നു അവളുടെ വേഷം … എല്ലാവർക്കും അവളെ നന്നായി ബോധിച്ചെന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് ചന്ദ്രിക മനസിലാക്കി … ” നിങ്ങൾക്ക് രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം ….” ചന്ദ്രൻ പറഞ്ഞു …. ജിഷ്ണു എഴുന്നേൽക്കുന്നത് കണ്ടപ്പോൾ , ഉദയൻ ശ്രാവന്തിയെ കണ്ണ് കാണിച്ചു … അവൾ മുറ്റത്തേക്കിറങ്ങി … ഡാലിയ പൂക്കൾ നട്ട് പിടിപ്പിച്ച ചെറിയ പൂന്തോട്ടത്തിന് സമീപം അവൾ പോയി നിന്നു ….

ചെറിയൊരു പുഞ്ചിരിയോടെ ,ജിഷ്ണു അവൾക്കടുത്തേക്ക് നടന്നു ചെന്നു … ” ഹായ്….. ആം ജിഷ്ണു …. ” അവൻ സ്വയം പരിചയപ്പെടുത്തി … ” ശ്രാവന്തി …..” അവൾ പറഞ്ഞു … ” ഹൈക്കോർട്ടിലാണ് അല്ലേ പ്രാക്ടീസ് ചെയ്യുന്നേ …..” ” അതേ …..” ” അവിടെ ഹോസ്റ്റലിലാണോ ….” ” ങും ……..” എല്ലാറ്റിനും ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി … ” ഈ മാര്യേജ് നടന്നാൽ ഹോസ്റ്റലിൽ നിൽക്കണ്ട … ഞങ്ങടെ അവിടുന്ന് ബസിന് അര മുക്കാൽ മണിക്കൂർ യാത്രയേ ഉള്ളു …..” അവൻ പറഞ്ഞു .. അവൾ മൃദുവായി ചിരിച്ചു … ” ശ്രാവന്തി അധികം സംസാരിക്കാറില്ല എന്ന് തോന്നുന്നു … അതോ പെണ്ണ് കാണലിന്റെ ചമ്മൽ ആണോ ….”

അവൻ ചിരി വിടാതെ ചോദിച്ചു .. ” അങ്ങനെയില്ല …..” അവളൊന്ന് വിളറി … ” സാധാരണ ഞാൻ കണ്ടിട്ടുള്ള വക്കീലന്മാരൊക്കെ സംസാര പ്രിയരാണ് … ” അവളതിനും ഒരു പുഞ്ചിരി മറുപടി നൽകി … ” പിന്നെ … എന്നോടൊന്നും ചോദിക്കാനില്ലേ …..” അവൻ ചോദിച്ചു … അവളവന്റെ മുഖത്തേക്ക് നോക്കി … പിന്നെ ഇല്ലെന്ന് തല ചലചിച്ചു … പിന്നെയും അവനെന്തൊക്കെയോ ചോദിച്ചു … ഒറ്റ വാക്കിലോ ഒരു മൂളലിലോ അവൾ തന്റെ മറുപടികൾ ഒതുക്കി … ചെറിയ പൂന്തോട്ടത്തോട് ചേർന്നു നിന്ന് ഒരോ സെൽഫി കൂടി എടുത്തിട്ടാണ് അവർ സംഭാഷണം അവസാനിപ്പിച്ചത് …

എല്ലാവർക്കും സമ്മതമാണെങ്കിൽ മുന്നോട്ട് പോകാം എന്ന വാക്കിനു മേൽ ജിഷിനും വീട്ടുകാരും അവിടെ നിന്നു മടങ്ങി … * * * * * * * * * * ശ്രാവന്തി പിറ്റേന്ന് തന്നെ ഹോസ്റ്റലിലേക്ക് മടങ്ങി … രണ്ട് മൂന്നു ദിവസങ്ങൾ വിരസമായി കടന്നു പോയി …. അതിനിടയിൽ ശ്രാവന്തിയുടെ വീട്ടിൽ നിന്ന് ജിഷിന്റെ വീട്ടിലേക്ക് ബന്ധുക്കൾ പോയി വിവാഹമുറപ്പിച്ചു … നാലാം ദിവസം നാട്ടിൽ നിന്ന് അമ്മ വിളിച്ചത് വിവാഹ തീയതി കുറിച്ചു എന്നറിയിക്കാനാണ് … അവളൊന്നും മിണ്ടിയില്ല … ഇനി അവരുടെ ഇഷ്ടങ്ങൾ നടക്കട്ടെ എന്നവൾ കരുതി … ദിവസങ്ങളോരോന്നായി കടന്നു പോയി … ഇടക്ക് ഒന്നു രണ്ടു വട്ടം ജിഷ്ണു അവളെ ഫോണിൽ വിളിച്ചു …

എന്തുകൊണ്ടോ അവന്റെ ഫോൺ കോളുകൾ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു …. മാനസികമായി അവനോടു തോന്നുന്ന അകൽച്ച മാറ്റണമെന്ന് സീനത്ത് അവളെ ഉപദേശിച്ചു … ഇടയ്ക്കവൾ ആരും കാണാതെ പൊട്ടിക്കരഞ്ഞു …. രണ്ടാഴ്ചക്കപ്പുറം അവൾ നാട്ടിൽ പോയി മടങ്ങി വന്നത് വിവാഹ ക്ഷണക്കത്തുമായാണ് … സുഹൃത്തുക്കൾ അവളെ അഭിനന്ദിച്ചു … പിന്നീട് വിവാഹ വസ്ത്രങ്ങളെടുക്കുവാനും ആഭരണങ്ങളെടുക്കുവാനും മറ്റുമായി അവൾക്ക് പലവട്ടം നാട്ടിലേക്ക് പോകേണ്ടി വന്നു … ഒരു ദിവസം ഫെയ്സ്ബുക്കിൽ പ്രണവിന്റെ പ്രൊഫൈൽ എടുത്തു നോക്കിയപ്പേൾ കണ്ടു പ്രൊഫൈൽ പിക്ചർ അവന്റെ വിവാഹ ഫോട്ടോ ….

അവളതിലേക്ക് നോക്കിയിരുന്നു … ടൈം ലൈനിലും ഒരു പാട് ഫോട്ടോസുണ്ടായിരുന്നു … എല്ലാ ഫോട്ടോയും അവൾ നോക്കി … നിറഞ്ഞു തൂവിയ മിഴികൾ പുറം കൈ കൊണ്ട് ഒപ്പി….. എത്രയായിട്ടും അവനോടുള്ള തന്റെ സ്നേഹം അണഞ്ഞു പോയിട്ടില്ലെന്നു അവൾ തിരിച്ചറിഞ്ഞു …. അവനൊപ്പം ചേർന്നു നിൽക്കുന്ന മറ്റൊരു പെൺകുട്ടി … ആ കാഴ്ചയവളെ വല്ലാതെ കുത്തിനോവിച്ചു …. ഒന്ന് ചേരാൻ വിധിയില്ലായിരുന്നെങ്കിൽ പിന്നെന്തിനായിരുന്നു ഒരു സഹയാത്രികനായി അവനെ എന്റെ മുന്നിലേക്കെത്തിച്ചത് ….. അവനെങ്ങനെ തന്നെ മറക്കാൻ കഴിഞ്ഞു …. അവനവളെ അൺഫ്രണ്ട് ചെയ്തിരുന്നു …

എങ്കിലും ബ്ലോക്ക് ചെയ്തിരുന്നില്ല …. മെസേഞ്ചർ തുറന്നു … കുറേ സമയം നോക്കിയിരുന്നിട്ട് ഹാപ്പി മാരീഡ് ലൈഫ് എന്ന് ടൈപ്പ് ചെയ്തു ..സെന്റ് ചെയ്തു … പിന്നെയും ഒരിക്കൽ കൂടി അവന്റെ വിവാഹ ഫോട്ടോസ് നോക്കി …. ഒന്ന് രണ്ടെണ്ണം സേവ് ചെയ്തു വച്ചു .. എന്തിനെന്നറിയില്ല എങ്കിലും ……. അതിനിടയിൽ ഫ്രണ്ട് റിക്വസ്റ്റ് നോക്കിയപ്പോൾ ജിഷ്ണു ജയചന്ദ്രൻ എന്ന് കണ്ടു … എന്നാണ് റിക്വസ്റ്റ് ചെയ്തതെന്നറിയില്ല … അവളത് കൺഫേം ചെയ്തു …. വെറുതേ അവന്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചു … അതൊരു പുതിയ ഐഡിയാണ് … മൂന്നാല് മാസം മുൻപ് തുടങ്ങിയത് .. അധികം പോസ്റ്റുകളൊന്നുമില്ല …

അധികം ഫ്രണ്ട്സുമില്ല … വെറും 87 ഫ്രണ്ട്സ് … തുടങ്ങിയപ്പോൾ ഇട്ടതും ഇപ്പോഴുള്ളതുമായ രണ്ട് പ്രൊഫൈൽ പിക്ചർ ആണ് അവന്റെത്…. ഇടയ്ക്കൊരെണ്ണം മുഖ്യമന്ത്രിയുടേതാണ് … ഒന്ന് രണ്ട് രാഷ്ട്രീയ പോസ്റ്റുകൾ ഇന്നലെയും മിനങ്ങാന്നുമായി പോസ്റ്റ് ചെയ്തിട്ടുണ്ട് … അവന്റെ പ്രൊഫൈലിൽ പച്ച തെളിഞ്ഞതും അവൾ എഫ് ബി ക്ലോസ് ചെയ്തു … നെറ്റ് ഓഫ് ചെയ്തിട്ടു … അവനെന്തെങ്കിലും ചോദിച്ചാൽ … അവനോട് സംസാരിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്ന് അവൾക്കറിയാമായിരുന്നു …. കൺമുന്നിൽ പ്രണവിന്റ വിവാഹ ഫോട്ടോയാണ് മായാതെ നിന്നത് …. ആ ഫോട്ടോസിൽ അവൻ സന്തുഷ്ടനായാണ് കാണപ്പെട്ടത് …

ഒരിക്കലെങ്കിലും അവൻ തന്നെ ഓർത്തിട്ടുണ്ടാകുമോ ….. അവൾ തലയിണയിൽ മുഖം പൂഴ്ത്തി വച്ച് കരഞ്ഞു ….. ഇതവന്റെ ആദ്യരാത്രിയാണ് … അവനൊപ്പം താൻ മോഹിച്ചിരുന്ന രാത്രി ….. അവളുടെ വിതുമ്പലുകൾ തലയിണയിൽ വീണു കുതിർന്നു … കണ്ണുനീരുണങ്ങാത്ത രാത്രിയുടെ ഏതോ യാമത്തിൽ അവളറിയാതെ മയങ്ങിപ്പോയി … ഞെട്ടറ്റു വീണ പാരിജാതപ്പൂവ് പോലെ … ഒരാഴ്ച പിന്നെയും വിരസതയോടെ കടന്നു പോയി …. സഹപ്രവർത്തകരെയെല്ലാം ഒരിക്കൽ കൂടി ക്ഷണിച്ച് , അവൾ നാട്ടിലേക്ക് തിരിച്ചു … തന്റെ വിവാഹത്തിനായി …. ( തുടരും )

ശ്രാവണം- ഭാഗം 6

Share this story