ബൃന്ദാവനസാരംഗ: ഭാഗം 2

ബൃന്ദാവനസാരംഗ: ഭാഗം 2

എഴുത്തുകാരി: അമൃത അജയൻ


ഒരു പിടച്ചിലോടെ വേദ ചുറ്റും നോക്കി ..

” മാറടി അസത്തേ …. ” ആ സ്ത്രീ അലറി ..

അവൾ ഇരിപ്പിടത്തിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു …

ആ സ്ത്രീ അവളെ തൊടാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി …

” ബസ് നിർത്തടോ … എനിക്കിവിടെയിറങ്ങണം …… ഹൊ എന്റെ തമ്പുരാനെ എവിടെയെങ്കിലും പോകാനിറങ്ങിയാൽ ഉടൻ വന്ന് കേറിക്കോളും ഒരോ മരണങ്ങൾ …… ”

വേദ നിന്നിടത്തു നിന്നുരുകി ..

ബസിലുള്ളവരാരും ഒന്നും മിണ്ടിയില്ല ..

ബസ് നിർത്തി …

” നാട്ടുകാരെ മുഴുവൻ മാറാരോഗം പിടിപ്പിച്ചേ അടങ്ങു മുടിയാനുണ്ടായ ജന്മം …. ” ഉറക്കെ പ്രാകിക്കൊണ്ട് ആ സ്ത്രീ ബസിൽ നിന്നിറങ്ങിപ്പോയി ..

ആ ശാപവാക്കുകൾ അവളുടെ കാതുകളെ പൊള്ളിച്ചു …..

അവൾ ബസിന്റെ ഉരുളൻ കമ്പിയിൽ മുറുക്കി പിടിച്ചു നിന്നു … ഒരു വിതുമ്പൽ അവളുടെ ചുണ്ടുകൾക്കിടയിൽ തങ്ങിക്കിടന്നു ….

ബസ് മെല്ലെയിളകി … അവൾ സീറ്റിലേക്കിരുന്നില്ല …

വർഷങ്ങളായി അനുഭവിച്ചു തുടങ്ങിയതാണ് … പുതുമയുള്ളതൊന്നും കേട്ടില്ല … എങ്കിലും കണ്ണുകൾ തോരാൻ കൂട്ടാക്കിയില്ല …

ജീവിതം എന്നും അവളെ നോവിച്ചിട്ടേയുള്ളു … ദൂരങ്ങളിൽ ഒരു മരുപ്പച്ചയെങ്കിലും ഇനിയുണ്ടാകാനിടയില്ലെന്നറിയാം …. എന്നിട്ടും …..

ബസ് ഓടിക്കൊണ്ടേയിരുന്നു … കാഴ്ചകൾ പിന്നിലേക്ക് മറഞ്ഞു കൊണ്ടും ….

* * * * * * * * * * * * * *

” വേദങ്ങളിലെ മഹിർഷിമാർ ചൊല്ലി ..
വേറൊരിടത്താണ് സത്യം ………
ഭൂമിയിൽ അഗ്നിയായി കാറ്റായി തമോമയ രൂപിയാകും മൃത്യുവായി………..”

” ഗുഡ് മോർണിംഗ് മാഷേ …………..”

സ്കൂളങ്കണത്തിലൂടെ തോളിലൊരു തുണി സഞ്ചിയുമായി തന്റെ മനക്കോട്ടകളിൽ വിഹരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഗൗതമന്റെ കാതുകളിലേക്ക് ആ ശബ്ദം വീണു …

അയാൾ ചുണ്ടിൽ തത്തിക്കളിച്ചിരുന്ന കവിതക്ക് വിരാമമിട്ടുകൊണ്ട് നോക്കി ..

രണ്ട് വിദ്യാർത്ഥിനികളാണ് .. അയാളവരെ
നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു നീങ്ങി .. ആ കണ്ണുകൾക്ക് സൂര്യതേജസായിരുന്നു ..

കഴുത്തിന് പിന്നിലേക്ക് നീണ്ടു കിടന്ന മുടി അലസമായി കാറ്റിൽ പറന്നു …

” സർഗ സ്ഥിതിലയ കാരണ ഭൂതമാം സത്യമെങ്ങുന്നോ വരുന്നു …
വന്ന വഴിക്കത് പോകുന്നു കാണാത്ത സ്വർണച്ചിറകുകൾ വീശി ……”

സ്റ്റാഫ് റൂമിലേക്ക് കയറുമ്പോൾ ഗൗതമന്റെ കണ്ണുകൾ അറിയാതെ ഇടതുവശത്തെ മൂലയിലേക്ക് നീങ്ങി ആരെയോ തിരയുന്ന പോലെ ..

കണ്ണുകൾ ലക്ഷ്യം കണ്ടില്ലയെന്ന് മിഴികളിൽ നിറഞ്ഞ നിരാശ വിളിച്ചോതി ..

പ്യൂൺ മണിയൻ അത് കണ്ടുവെന്ന് തോന്നുന്നു .. അയാളുടെ ചുണ്ടിന്റെ കോണിൽ ഒരു പുശ്ചം നിറഞ്ഞു നിന്നു .. ഗൗതമൻ അതൊന്നും ഗൗനിച്ചില്ല …

സ്റ്റാഫുകൾ വന്നു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു ..

ഗൗതമൻ തന്റെ ഇരിപ്പിടത്തിന് പിന്നിലുള്ള ഷെൽഫിന്റെ വശത്ത് തറച്ച ആണിയിൽ തോൾ സഞ്ചി തൂക്കി .. പിന്നെ റാക്കിൽ നിന്ന് ഒൻപതാം ക്ലാസിന്റെ മലയാള പാഠാവലിയെടുത്തു നിവർത്തി വച്ചു ..

” ഇന്നലെയും സർ ബാറിൽ പ്രശ്നമുണ്ടാക്കിയെന്ന് കേട്ടു … ” അശോകൻ സർ തന്റെ ഇരിപ്പിടത്തിലിരുന്നു ഗൗതമനോട് വിളിച്ചു ചോദിച്ചു …

” സാർ ബാറിലുണ്ടായിരുന്നോ …” ഗൗതമൻ മറു ചോദ്യമിട്ടിട്ട് വീണ്ടും പുസ്തകത്തിലേക്ക് മുഖം കുനിച്ചു …

അശോകൻ സാറിന്റെ മുഖം ഇഞ്ചി കടിച്ചതു പോലെയായി … എതിരെയിരുന്ന ജയന്തി ടീച്ചർ ചിരി കടിച്ചമർത്തി ….

” ഞാനെന്തിനാ സാറെ ബാറിൽ പോകുന്നേ .. ഞാനതൊന്നും കൈ കൊണ്ട് തൊടാറില്ല .. ” അശോകൻ ജാള്യത മറച്ചുകൊണ്ട് പറഞ്ഞു …

” ഇന്നലെ പാതിരാത്രി നടന്നുവെന്ന് പറയപ്പെടുന്ന സംഭവം സാറിത്ര രാവിലെ തന്നെ ചോദിച്ചതുകൊണ്ടാ ഞാൻ സംശയിച്ചത് …. ഞങ്ങളീ കുടിയന്മാർക്ക് ഒരു പ്രത്യേകതയുണ്ട് സാറെ .. മനസിലൊന്നും ഉണ്ടാവില്ല .. ശുദ്ധഹൃദയന്മാരാ .. ഇന്നലെ നടന്നതെന്താണെന്ന് എനിക്കോർമയില്ല .. ഇന്ന് പുതിയ ദിവസം .. പുതിയ ചിന്തകൾ .. പക്ഷെ നിങ്ങളീ കുടിക്കാത്തവർക്ക് ഒരു പ്രശ്‌നമുണ്ട് .. ലോകത്തിലുള്ള സകല മാലിന്യവും എന്നും നിങ്ങളിലുണ്ടാവും .. എന്തിന് ഞങ്ങൾ കുടിച്ച് വാള് വയ്ക്കുന്നത് വരെ നിങ്ങളുടെ മനസിലാണ് .. അതവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചു കൊണ്ടേയിരിക്കും .. ദാ സാറിപ്പോ ചെയ്യുന്ന പോലെ .. ഞാനിന്നലെയെപ്പോഴോ കുടിച്ച് ശർദ്ദിച്ചത് മനസിലിട്ട് സാറ് ഈ ദിവസവും തള്ളി നീക്കും .. ഞാനെന്റെ ഈ പുതിയ ദിനം ആസ്വദിക്കും … ” പറഞ്ഞിട്ട് ഗൗതമൻ വീണ്ടും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി ..

ഇപ്പോ ശർദ്ദിക്കും എന്ന മട്ടിലിരിക്കുന്ന അശോകൻ സാറിനെ നോക്കി ജയന്തി ടീച്ചർ ചിരിയടക്കി . .

ചങ്ങമ്പുഴയുടെ മനസ്വിനി ..

” മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ
വിടരും പുലർകാലെ ….
നിന്നു ലളിതെ നീയെന്മുന്നിൽ നിർവൃതി തൻ പൊൻകതിർ പോലെ .. ”

പുസ്തകത്തിലുള്ളത് പതിഞ്ഞ ശബ്ദത്തിൽ നീട്ടിപ്പാടവേ തൊട്ടു മുന്നിൽ വസ്ത്രങ്ങളുലയുന്നത് ഗൗതമനറിഞ്ഞു ..

അയാൾ മുഖമുയർത്തി നോക്കി …

കറുപ്പിൽ ചുവന്ന പൂക്കൾ പ്രിന്റ് ചെയ്ത സാരിയിൽ അതീവ സുന്ദരിയായി വേദ …

അയാളുടെ കണ്ണുകൾ പ്രകാശിച്ചു ..

സ്റ്റാഫ്റൂമിന്റെ മൂലയിൽ അവൾക്കനുവദിച്ചിട്ടുള്ള സീറ്റിൽ ഗൗതമന് എതിർവശത്തായി അവളിരുന്നു ..

അവളുടെ കണ്ണുകളിൽ പറ്റിപ്പിടിച്ചിരുന്ന നീർത്തുള്ളി ഗൗതമൻ കണ്ടു ..

എന്തു പറ്റിയെന്ന് ചോദിക്കാൻ അയാൾ മോഹിച്ചു …

അപ്പോഴേക്കും ജയന്തി ടീച്ചർ എന്തോ സ്വകാര്യം പറയുവാനായി എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു ..

അവളിവിടെ അദ്ധ്യാപികയായത് തന്നെ ഒരു വിപ്ലവമാണ് .. ഇപ്പോഴും അവളോട് അടുത്തിടപഴകാൻ വിമുഖത കാണിക്കുന്ന അദ്ധ്യാപകർ അവർക്കിടയിലുണ്ട് ..

ഗൗതമൻ വീണ്ടും പുസ്തകത്തിലേക്ക് നോക്കി …

” മഞ്ഞ തെച്ചി പൂങ്കുല പോലെ മഞ്ജിമ വിടരും പുലർകാലെ ..
നിന്നു ലളിതേ നീയെൻ മുന്നിൽ നിർവൃതി തൻ പൊൻകതിർ പോലെ … ”

ഇത്തവണ ഗൗതമൻ തെല്ലുറക്കെ തന്നെ പാടി .. ആരെയോ കേൾപ്പിക്കാനെന്ന വണ്ണം .. തെല്ലിട അയാളുടെ കാന്തമുന ആ കോണിലേക്കിടറി വീഴുകയും ചെയ്തു ..

ഫസ്റ്റ് ബെല്ലിന് സമയമായപ്പോഴേക്കും റൂം നിറഞ്ഞിരുന്നു … ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രെജിസ്റ്റർ സൈഗ്ൻ ചെയ്യലും ടീച്ചിംഗ് നോട്ട്സ് പരിശോധിക്കലുമൊക്കെയായി എല്ലാവരും തിരക്കിലേർപ്പെട്ടു ..

വേദ തന്റെ സീറ്റിൽ മിണ്ടാതെയിരുന്നു ..

മ്യൂസിക് ആയത് കൊണ്ട് അവൾക്ക് ഫസ്റ്റ് അവർ മിക്കവാറും ക്ലാസുണ്ടാകാറില്ല .. മറ്റുള്ളവരുടേത് പോലത്തെ ടെൻഷനുകളൊന്നും അവളെ ബാധിക്കാറില്ല ..

” ടീച്ചറിന് ഒന്നുമറിയണ്ടല്ലോ .. കഷ്ടപ്പാട് മുഴുവൻ നമുക്കല്ലേ …. ” പല തരത്തിലുള്ള ഇലകൾ പുസ്തകത്തിന് മീതെ അടുക്കി വയ്ക്കുന്നതിനിടയിൽ ബയോളജി കൈകാര്യം ചെയ്യുന്ന ആഗ്നസ് പറഞ്ഞു …

വേദ പുഞ്ചിരിച്ചു …

ഈശ്വര പ്രാർത്ഥനക്കുള്ള മണി മുഴങ്ങിയപ്പോൾ എല്ലാവരും എഴുന്നേറ്റ് നിശബ്ദരായി നിന്നു …

പ്രാർത്ഥന അവസാനിച്ചതിനോടൊപ്പം ഓരോടുത്തരായി ക്ലാസ് മുറികളിലേക്ക് നടന്നു ..

ഏറ്റവും ഒടുവിലായി അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ഗൗതമനും …

എല്ലാവരും പോയ്ക്കഴിഞ്ഞതും വേദ ടേബിളിലേക്ക് തല കുമ്പിട്ടിരുന്നു … അവൾക്ക് ഒന്ന് പൊട്ടിക്കരയാൻ തോന്നി .. എന്തുകൊണ്ടോ രാവിലെയുണ്ടായ സംഭവം അവളെ വല്ലാതെയുലച്ചു…

ജന്മം നൽകിയ മാതാപിതാക്കൾ ജീവനോടൊപ്പം തനിക്ക് സമ്മാനിച്ച മറ്റൊരു സമ്മാനം .. എയ്ഡ്സ് എന്ന വിളിപ്പേരുള്ള രോഗവുമായി ഭൂമിയിലേക്ക് ജനിച്ചു വീണ ശപിക്കപ്പെട്ട ജന്മം …

കണ്ണ് തെളിയുമ്പോഴേക്കും തന്നെ തനിച്ചാക്കി അച്ഛനുമമ്മയും ലോകത്തോട് വിട പറഞ്ഞിരുന്നു .. കുട്ടിക്കാലം ചൈൽഡ് ലൈനിലും മറ്റുമായിരുന്നു .. കുറേയാളുകൾ ചേർത്തു പിടിച്ചപ്പോൾ മറ്റു ചിലർ തന്നിൽ നിന്ന് ഓടിയൊളിക്കുന്നു .. അന്നുമിന്നും താനത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ..

ചിലപ്പോൾ തോന്നും എന്തിനാണ് ഈ ജീവിതമെന്ന് .. ആർക്കു വേണ്ടി ജീവിക്കുന്നു .. കാത്തിരിക്കാനാരുമില്ല .. സ്വന്തങ്ങളും ബന്ധങ്ങളുമില്ല .. കുറേ പരിചിതർ മാത്രം …

മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ചേർത്തു പിടിച്ച് സഹായിച്ച കുറേ മുഖങ്ങൾ ഓർമ വരും ..

കരയരുതെന്ന് മനസ് വിലക്കുമ്പോഴും കണ്ണ് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു …

ബാഗിലിരുന്ന് ഫോൺ ശബ്ദിച്ചപ്പോൾ അവൾ തലയുയർത്തി നോക്കി ….

ഡിസ്പ്ലേയിൽ മാളവിക എന്ന് കണ്ടപ്പോൾ മനസ് ഒന്ന് കുളിർത്തു …

തന്റെ ഉറ്റ കൂട്ടുകാരി …

അവൾ ഫോണെടുത്ത് കാതോട് ചേർത്തു …

” സ്കൂളിലാണോടി ….” ഹലോ പറയുന്നതിന് മുൻപ് തന്നെ മറുവശത്ത് നിന്ന് ചോദ്യം വന്നു …

” ഉവ്വ് …. എന്തേ രാവിലെ തന്നെ …. ”

” ദേ ഇവൾക്ക് നിന്നെ കാണണമെന്ന് .. കോളേജിലെന്തോ പ്രോഗ്രാമിന് പാട്ട് പാടണമത്രേ .. നീ സമയം പോലെ ഇങ്ങോട്ട് വാ … ”

” ങും .. വരാം … ”

” എന്തേ നിന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നു … ”

” ഒന്നുമില്ല മാളു ….”

” അത് ചുമ്മാ …. എന്തോ ഉണ്ട് .. എന്തേ നിന്നെയാരെങ്കിലും വല്ലതും പറഞ്ഞോ … ”

” ഇല്ല …. ” അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ടയൊന്നിടറി …

മാളവികക്ക് അത് മനസിലായി …

” ങും .. അപ്പോ അത് തന്നെ കാര്യം … നീയെന്തിനാ അതൊക്കെ ശ്രദ്ധിക്കുന്നേ .. പറയുന്നവർ പറയട്ടെ .. നിനക്ക് ഞങ്ങളൊക്കെയില്ലേ ….. ” മാളവിക അവളെ സാന്ത്വനിപ്പിച്ചു ..

” ങും ….. ”

” നീ വൈകിട്ടിങ്ങ് പോര് … കേട്ടോ …”

” വരാം …..”

” എന്നാ ഞാൻ വയ്ക്കുവാ … ചേട്ടന് പോകാറായി ….. ”

” ശരിയെടാ ……”

സംസാരം അവസാനിപ്പിച്ച് അവൾ ഫോൺ ബാഗിലേക്ക് വച്ചു …

മാളവികയോട് സംസാരിച്ചപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി .. അത് വരെ മൂടിക്കെട്ടിയിരുന്ന മനസ് ഒന്ന് തെളിഞ്ഞു …..

ജീവിതത്തിൽ തനിക്ക് കിട്ടിയ രണ്ട് പുണ്യങ്ങൾ .. മാളവികയും ദീപക്കും .. ഹയർ സെക്കന്ററി പഠന കാലത്ത് തനിക്ക് കിട്ടിയ രണ്ട് പ്രിയ സുഹൃത്തുക്കൾ …

എന്നും എല്ലാറ്റിനും കൂട്ടായി അവർ തനിക്കൊപ്പമുണ്ടായിരുന്നു .. പിന്നീട് ഒരേ കോളേജിൽ താൻ മ്യൂസിക്കും ദീപക് എകണോമിക്സും മാളവിക ഫിസിക്സും തിരിഞ്ഞ് പഠിച്ചിട്ടും ആ സൗഹൃദം പിരിഞ്ഞു പോയില്ല … അല്ല അവരെന്നും തന്നെ കൂടെ നില നിർത്തി എന്ന് പറയുന്നതാവും ശരി ..

ഒരിക്കലും തന്റെ രോഗത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ല .. മുഖം ചുളിച്ചിട്ടില്ല .. തനിക്കു വേണ്ടി പലരോടും അവർ വഴക്കിട്ടിട്ടുണ്ട് .. ഇന്നും ഒരിടത്ത് തളരുമ്പോൾ മറുവശത്ത് താങ്ങി നിർത്താൻ അവരുണ്ട് ..

അവളുടെ കണ്ണുകളിൽ വീണ്ടും അശ്രുക്കൾ നിറഞ്ഞു .. അത് സങ്കടം കൊണ്ടായിരുന്നില്ല .. ആ കണ്ണുനീരിന് സൗഹൃദത്തിന്റെ തിളക്കമുണ്ടായിരുന്നു ..

തൊട്ടടുത്ത അവർ അവൾക്ക് ക്ലാസ് ഉണ്ടായിരുന്നു … ബെല്ലടിക്കാറായപ്പോൾ അവൾ എഴുന്നേറ്റ് വാഷ്റൂമിലേക്ക് ചെന്ന് മുഖം കഴുകി തിരിച്ചു വന്നു ….

ആ ദിവസം വിരസമായി കടന്നു പോയി .. വൈകുന്നേരം സ്കൂൾ വിട്ടിറങ്ങുമ്പോൾ ഗേറ്റിൽ നിന്നു കുറച്ചകലെ മാറി ദീപക് കാത്ത് നിൽപ്പുണ്ടായിരുന്നു …

അവൾ ചിരിയോടെ അടുത്തേക്ക് ചെന്നു ..

” ബാങ്ക് ടൈം കഴിഞ്ഞില്ലല്ലോ ….” അവൾ ചോദിച്ചു …

” ഇല്ല … ഞാൻ ഹാഫ് ഡേ ലീവായിരുന്നു .. ”

ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് ദീപക് ..

” വീട്ടിലേക്കാണോ … ” അവൾ ചോദിച്ചു ..

” അല്ല … ബീച്ചിലേക്കാ ….” അവൻ ചിരിച്ചു …

” ങും … എന്താ കാര്യം …. ”

” വെറുതേ … കുറച്ചു ദിവസമായില്ലെ ഒന്ന് പുറത്തൊക്കെ പോയിട്ട് ….” അവൻ പറഞ്ഞിട്ട് ബൈക്കിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു …

അവൾ പിന്നിലേക്ക് കയറിയിരുന്നു ….

” അതേ .. അധികം വൈകണ്ട കേട്ടോ .. നീയെന്നെ മാളുവിന്റെ വീട്ടിലൊന്ന് ഡ്രോപ് ചെയ്യണം ….. ”

” അവിടെന്താ വിശേഷിച്ച് .. ?”

” അവൾടെ സിസ്റ്ററിന് കോളേജിൽ പ്രോഗ്രാമിന് പാടാൻ പാട്ട് പഠിപ്പിക്കണമെന്ന് പറഞ്ഞു …..”

” ആ കുട്ടി കോളേജിലല്ലേ .. വരുമ്പോ അഞ്ചരയെങ്കിലും കഴിയും … ”

” അപ്പോ മതി ……. ” അവൾ പറഞ്ഞു …

അവൻ ബൈക്ക് റോഡിലേക്കിറക്കി ഓടിച്ചു പോയി …

ഗേറ്റിൽ നിന്ന് ഗൗതമൻ അത് നോക്കി നിന്നു … പിന്നെ വേഗത്തിൽ നടന്നു… ബാറ് ലക്ഷ്യമാക്കി ….  (തുടരും )

ബൃന്ദാവനസാരംഗ: ഭാഗം 1 

ബൃന്ദാവനസാരംഗ: ഭാഗം 2

Share this story