പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 1

എഴുത്തുകാരി: തപസ്യ ദേവ്‌


” ന്റെ പവിത്രേച്ചിയെ ഒന്ന് പതിയെ നടക്ക്.. ഞാനൂടെ ഒപ്പം എത്തട്ടെ ”

സ്പീഡിൽ മുന്നേ നടന്നു പോകുന്ന പവിത്രക്ക് ഒപ്പം എത്താൻ സൗമ്യ ഓടുന്നുണ്ടായിരുന്നു.

” നിന്റെ നടപ്പിന് ബസ് അങ്ങ് പോകും സൗമ്യേ ”
സൗമ്യ ഒപ്പം എത്താൻ വേണ്ടി പവിത്ര പതിയെ നടന്നു കൊണ്ട് തിരിഞ്ഞു നോക്കി.

” നമ്മുടെ ksrtc ബസ് അല്ലേ ചേച്ചി അതിപ്പോ ഒന്ന് പോയാൽ അടുത്ത ചങ്ങനാശ്ശേരി ബസ് ഇങ്ങ് എത്തും….

നമ്മുടെ ഈ കുട്ടനാടൻ പ്രദേശങ്ങളിൽ കൂടി പ്രൈവറ്റ് ബസ് എത്തിയാൽ നല്ല രസമായിരിക്കും അല്ലേ ചേച്ചി.. പാട്ടും ഒക്കെ കേട്ട് അങ്ങ് പോകാം ”

” ആ എനിക്ക് അറിയില്ല.. ”
പവിത്ര വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

” ഓ അല്ലേലും ചേച്ചിക്ക് എന്താ അറിയുന്നത് ”
സൗമ്യ പിറുപിറുത്ത് കൊണ്ട് നടന്നു.
അതുകേട്ടിട്ടും കേൾക്കാത്ത പോലെ പവിത്ര നടന്നു.

ഇത് രാമങ്കരി.
കേരളത്തിന്റെ കാർഷിക പൈതൃക നഗരമായ കുട്ടനാട്. പുഞ്ചപ്പാടങ്ങളും നെൽ വയലുകളും തോടുകളും വള്ളങ്ങളും നിറഞ്ഞ കുട്ടനാട്ടിലെ രാമങ്കരി എന്ന സ്ഥലം.

പണ്ട് ഇവിടൊക്കെ റോഡുകളും വണ്ടികളും കുറവായിരുന്നു. ആറുകളും തോടുകളും പാലങ്ങളും ആയിരുന്നു അന്നൊക്കെ. അതുകൊണ്ട് തന്നെ യാത്രക്ക് ആശ്രയിച്ചിരുന്നത് വള്ളങ്ങളും ബോട്ടുകളും ആയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി… എല്ലാവരുടെയും വീട്ടു വാതിൽക്കൽ വരെ വണ്ടി എത്താൻ തുടങ്ങിയിരിക്കുന്നു.

സൗമ്യ എന്തൊക്കെയോ ചിലചോണ്ട് ആണ് നടക്കുന്നത്. പവിത്ര അതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല എന്ന് അവൾക്ക് അറിയാം. എങ്കിലും അവൾ ഇങ്ങനെ പറഞ്ഞോണ്ടേ ഇരിക്കും.

താമസിച്ചു എന്ന് തോന്നിയത് കൊണ്ട് പവിത്ര ഇടവഴിയിൽ കൂടി പോകാൻ തുടങ്ങി.

” ചേച്ചി അതുവഴി പോകണോ ”
സൗമ്യ സംശയത്തോടെ ചോദിച്ചു.

” താമസിച്ചത് കൊണ്ടല്ലെ…. ഒറ്റയ്ക്ക് അല്ലല്ലോ നമ്മൾ രണ്ടുപേരില്ലേ ”

” അല്ല ചേച്ചി അവിടെ ആ വായിനോക്കി സജിയും കൂട്ടുകാരും കാണും ”

” അതിന് നമ്മുക്ക് എന്താ നീ വരുന്നെങ്കിൽ വാ ”

പവിത്രയുടെ ധൈര്യത്തിൽ സൗമ്യ നടന്നു.
പറഞ്ഞ പോലെ തന്നെ സജിയും ഒരു കൂട്ടുകാരനും അവിടെ നിൽപ്പുണ്ട്.

” ദേ ടാ നമ്മുടെ നാട്ടിലെ സുന്ദരിക്കോത പോകുന്നു. ”
സജി അവരെ കേൾക്കെ പറഞ്ഞു.

” പ്രായം പത്തു നാൽപ്പത് കാണും എന്നാലും കെട്ടാതെ ഇവള് ഇങ്ങനെ നടക്കുന്നത് എന്താന്നാ… നമ്മുടെ ഒന്നും മുഖത്തേക്ക് നോക്കില്ല സൗന്ദര്യറാണി ”
പവിത്രയെ നോക്കി അവൻ പറഞ്ഞോണ്ട് ഇരുന്നു.

പവിത്ര ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ മുന്നോട്ടു നടക്കാൻ തുടങ്ങി.

” ചേച്ചി അവൻ പറയുന്നത് കേട്ടില്ലേ.. ചേച്ചി എന്താ ഒന്നും മിണ്ടാത്തത്. ”
സൗമ്യക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

” വഴിയിൽ കാണുന്ന പട്ടികൾ ചിലപ്പോൾ കുരച്ചു എന്നിരിക്കും.. അതിന് നമ്മുക്ക് എന്താ സൗമ്യേ ”

പവിത്ര സജിയെ കേൾക്കെ തന്നെ പറഞ്ഞു.

അതുകേട്ടതും അവന്റെ മുഖം ഇരുണ്ടു. അവരുടെ അടുത്തേക്ക് അവൻ കാറ്റു പോലെ പാഞ്ഞു ചെന്നു.

” ആരെയാടി നീ പട്ടിയെന്ന് വിളിച്ചത് ”

” നിന്നെ തന്നെയാടാ ”
സൗമ്യ കൈ ചൂണ്ടി പറഞ്ഞു.

” ഡി ”
അവൻ സൗമ്യയുടെ ചൂണ്ടിയ കൈ പിടിച്ചു തിരിച്ചു.
അവളുടെ കൈ വേദന എടുക്കാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞത് കണ്ടു ആസ്വദിക്കാൻ തുടങ്ങിയ സജിയുടെ കവിളിൽ പടക്കം പൊട്ടുന്നത് പോലെ പവിത്രയുടെ കൈ പതിഞ്ഞു.
ആ അടിയിൽ അവന്റെ പിടുത്തം വിടുകയും പുറകോട്ടു വേച്ചു വീഴുകയും ചെയ്തു.
ചെവിക്ക് ചുറ്റും വണ്ടുകൾ മൂളുന്നത് പോലെ അവന് തോന്നി.

പവിത്രയുടെ മുഖത്തെ ഭാവവും സജിക്ക് കിട്ടിയ അടിയും കണ്ടപ്പോഴേ അവന്റെ കൂട്ടുകാരൻ അവിടുന്ന് ഓടി. അവന്റെ ഓട്ടം കണ്ടു കൈ വേദനക്ക് ഇടയിലും സൗമ്യക്ക് ചിരി വന്നു.

” മേലാൽ അനാവശ്യം പറയുകയോ പെൺകുട്ടികളുടെ കയ്യിൽ കേറി പിടിക്കുകയോ ചെയ്യാൻ നിൽക്കരുത്… അങ്ങനെ ചെയ്യാതെ ഇരിക്കാൻ ഈ അടി ഓർമ്മയിൽ ഇരിക്കട്ടെ ”

അതു പറഞ്ഞിട്ട് താഴെ കിടക്കുന്ന സജിയുടെ കൈക്കിട്ട് അവള് ഒരു ചവിട്ട് വെച്ചു കൊടുത്തു. അവൻ വേദന കൊണ്ട് പുളഞ്ഞു പോയി.

ആ വേദന കണ്ടു ആത്മ സംതൃപ്തിയോടെ പവിത്ര മുന്നോട്ട് നടന്നു.

” എന്നാ അടിയാരുന്നു പവിയേച്ചി… സജിയുടെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു. ”

പവിത്രയുടെ സൂക്ഷിച്ചുള്ള നോട്ടം കണ്ടപ്പോൾ അബദ്ധം പറ്റിയ പോലെ സൗമ്യ നാക്ക് കടിച്ചു.

” സോറി പവിത്രേച്ചി ചേച്ചിക്ക് പവി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല എന്ന് ഞാൻ ഓർത്തില്ല… ”

” മതി സമയം പോകുന്നു നടക്കാൻ നോക്ക് ”
അവർ സ്റ്റോപ്പിൽ എത്തുകയും ബസ് വരികയും ചെയ്തത് ഒരുമിച്ച് ആണ്.

ചങ്ങനാശ്ശേരി സ്റ്റാൻഡിൽ എത്തിയതും സൗമ്യ nss കോളേജിലെക്കും പവിത്ര ഐശ്വര്യ ടെക്സ്റ്റയിൽസിലെക്കുമുള്ള വഴികളിലേക്ക് തിരിഞ്ഞു.

ഐശ്വര്യ ടെക്സ്റ്റയിൽസിലെ അക്കൗണ്ടന്റ സെക്ഷനിൽ ആണ് പവിത്രക്ക് ജോലി.
ആരോടും അടുപ്പം പ്രകടിപ്പിക്കാത്ത സ്വഭാവം ആണ് അവളുടെ. മറ്റുള്ള സ്റ്റാഫുകൾ അത് അവളുടെ ജാഡയും അഹങ്കാരവും ആണെന്ന് ആണ് പറയുന്നത്. തെളിഞ്ഞും പതുങ്ങിയും ഈ പറയുന്നതൊക്കെ അവൾക്ക് അറിയാം.

സമയത്തിന് വരിക തന്റെ ജോലി ചെയ്യുക.. തിരികെ പോകുക അതിനിടയിൽ മറ്റുള്ളവരോട് സംസാരിക്കാനോ അവരുടെ വിശേഷങ്ങൾ തിരക്കാനോ പവിത്ര മിനക്കെടാറില്ല. മറുപടി കൊടുക്കേണ്ട ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകും.
ജോലി സമയം വൈകിട്ട് 5.30 വരെയാണ്. ബസ് കേറി ഇറങ്ങി വീട്ടിൽ എത്തുമ്പോൾ സന്ധ്യ ആയിരിക്കും. അപ്പോഴേക്കും പവിത്രയുടെ അമ്മ പത്മം വിളക്ക് കൊളുത്തി നാമം ചൊല്ലാൻ തുടങ്ങിയിരിക്കും.

ഇന്നും പതിവ് പോലെ പവിത്ര എത്തിയപ്പോൾ അമ്മ പൂമുഖത്ത് ഇരുന്നു നാമം ജപിക്കുന്നുണ്ട്.
ചെരുപ്പ് അഴിച്ചിട്ടു മുറ്റത്തെ പൈപ്പിൽ കാലും കയ്യും മുഖവും കഴുകി പവിത്ര അകത്തേക്ക് കയറി പോയി. അവള് പോയത് ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പത്മം നാമം ചൊല്ലൽ തുടർന്നു.

കുളിച്ചു വേഷം മാറി വന്നപ്പോഴേക്കും അവൾക്കുള്ള കാപ്പിയുമായി അമ്മ മുറിയിലെക്ക് വന്നു. കാപ്പി വാങ്ങി ഒന്ന് കുടിച്ചിട്ട് അവൾ സാരി മടക്കാൻ തുടങ്ങി.

” ന്റെ പവിത്രേ വിളക്ക് വെച്ചതിന്റെ മുന്നിൽ കൂടി പോകുമ്പോൾ ഒന്ന് തൊഴുതിട്ട് എങ്കിലും പൊയ്ക്കൂടെ നിനക്ക്.. ഇത് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു ”

” പറഞ്ഞു മടുത്തെങ്കിൽ ഞാൻ കേട്ടും മടുത്തു. എന്നിട്ട് ഇതുവരെ മാറ്റം ഒന്നും വന്നില്ലല്ലോ.. പിന്നെന്തിനാ അമ്മ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കുന്നത് ”

മടക്കിയ സാരി തുണിയിടുന്ന സ്റ്റാന്റിലേക്ക്
ഇട്ടു.ഒപ്പം തലയിൽ മടക്കി കെട്ടി വെച്ചിരുന്ന തോർത്തും അഴിച്ചു സ്റ്റാന്റിലേക്ക് വിരിച്ചു ഇട്ടു.

” നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ”

” പ്രശാന്ത് വിളിക്കുവോ വല്ലതും ചെയ്തോ ”
ബാക്കി കാപ്പി കൂടി കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

” ഇല്ല… ഈ ചെറുക്കൻ എവിടെ പോയി കിടക്കുവാണോ എന്തോ..അവനെ കൊണ്ട് എനിക്ക് ഒരു സമാധാനവുമില്ല ”
പത്മം ആധിയോടെ പറഞ്ഞു.

” ഊര് തെണ്ടൽ കഴിഞ്ഞു വരുമ്പോൾ മര്യാദക്ക് എവിടേലും ജോലിക്ക് കേറാൻ അമ്മ മോനോട് ഒന്ന് പറഞ്ഞേക്കണം. ”
പവിത്ര കുറച്ച് കടുപ്പിച്ചു തന്നെ പറഞ്ഞു.

” അവന്റെ പഠിപ്പ് ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ കരുതി ഒരു ജോലിക്ക് കേറി അവൻ കുടുംബം നോക്കുമെന്ന്.. എവിടെ എന്റെ കുട്ടിയെ ഇട്ട് കഷ്ടപ്പെടുത്തുവല്ലേ അവനും. പ്രായമായ അമ്മയെയും പെങ്ങളെയും സംരക്ഷിക്കണ്ടവൻ പിള്ള കളിച്ചു നടക്കുന്നു ”
അവർ പവിത്രയുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.
പവിത്രയുടെ മുഖത്ത് ഒരു പുച്ഛം വിരിഞ്ഞു.

” പിന്നെ മോളെ പുണ്യ വിളിച്ചിരുന്നു. അവൾക്ക് രണ്ടാമതും വിശേഷം ഉണ്ടെന്ന് ”

” മ്മ് ”
അവൾ വെറുതെ ഒന്ന് മൂളിയതേയുള്ളൂ മറുപടിയായി. ഇപ്പോഴെങ്കിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച അമ്മയ്ക്ക് തെറ്റി.

എന്റെ കുട്ടി ഒന്ന് ചിരിച്ചു കണ്ടിട്ട് എത്ര നാളായി. അവർ മനസ്സിൽ ഓർത്തു.

” ഞാൻ പറഞ്ഞത് നീ കേട്ടില്ല എന്നുണ്ടോ മോളെ ”
” ഞാൻ കേട്ടു.. നല്ല കാര്യം ”

” ബ്രോക്കർ ശങ്കരൻ ഒത്തൊരു ആലോചന കൊണ്ടു വരാമെന്ന് പറഞ്ഞു എന്താ നിന്റെ അഭിപ്രായം.. ”

” അമ്മ വീണ്ടും കെട്ടാൻ പോകുന്നോ.. ഒന്ന് കെട്ടി മതിയായത് അല്ലേ ”

” പവിത്രേ ”
അമ്മയുടെ ദേഷ്യം കണ്ടിട്ടും അവൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല .

” പിന്നർക്കാ എനിക്ക് ആണോ… എനിക്ക് വേണ്ടി ഒരാലോചനയും കൊണ്ടു ഇങ്ങോട്ട് വരണ്ട എന്ന് ഞാൻ അയാളോട് പറഞ്ഞത് ആണല്ലോ ”

” ഈ വരുന്ന ചിങ്ങത്തിൽ നിനക്ക് പ്രായം മുപ്പത്തിയഞ്ചു ആണ് പവിത്രേ.. നിനക്കും വേണ്ടേ ഒരു കൂട്ട്..
ഞാൻ മരിച്ചു പോയി കഴിഞ്ഞാൽ നിനക്ക് ആരുണ്ട്..
അനിയത്തി ഉള്ളതിന് ഇപ്പൊ രണ്ടാമതും കുഞ്ഞായി…
പ്രശാന്തിനും വിവാഹ പ്രായം ആയി…
പിന്നെ ഒരു ചേട്ടനുള്ളത് പെങ്കോന്തൻ… ഈ വഴി തിരിഞ്ഞു നോക്കാറില്ല.
എന്റെ കണ്ണടയുന്നതിന് മുൻപ് നിനക്കും വേണം ഒരു കൂട്ട് ”
അത് പറയുമ്പോൾ പത്മത്തിന്റെ സ്വരം ഇടറിയിരുന്നു.

” എനിക്ക് ഇച്ചിരി കണക്കും കാര്യങ്ങളും ഒക്കെ നോക്കാനുണ്ട്… അമ്മ പോയി അമ്മിണിക്കും മണിക്കുട്ടനും എന്തേലും തിന്നാൻ കൊടുക്ക്.. എന്നിട്ട് സീരിയൽ ഒക്കെ തീർന്നു കഴിഞ്ഞു എന്നെ കഴിക്കാൻ വിളിക്ക് ”

പിന്നെയും എന്തോ പറയാൻ വന്ന പത്മം അവളുടെ നോട്ടം കണ്ടു പറയാൻ വന്നത് വിഴുങ്ങി മുറിക്ക് പുറത്തേക്ക് ഇറങ്ങി. അമ്മ പോയതും പവിത്ര വാതിൽ അടച്ചു. കുറച്ചു നേരം കണക്കും മറ്റും നോക്കിയിട്ട് തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി.
ഇരുന്നിടത്ത് നിന്നും എണീറ്റ് അവിടേക്ക് പോയി.

ജനലിന്റെ അടുത്ത് വന്നു നിന്ന് മിഴികൾ പുറത്തേക്ക് പായിച്ചു. നല്ല നിലാവുണ്ടായിരുന്നു
കുളക്കടവിൽ പോയാൽ പൂർണ ചന്ദ്രന്റെ പ്രതിബിംബം കാണാം. നിലവിൽ കുളിച്ചു നിൽക്കുന്ന കുളക്കടവും പുറത്തെ പത്തായപ്പുരയും നോക്കി അവൾ നിന്നു.
ഒന്നും ചിന്തിക്കാനില്ലാതെ ഒരു ടെൻഷനും ഇല്ലാതെ അവൾ ആ ഭംഗി നോക്കി നിന്നു.

അമ്മ വന്നു കഴിക്കാൻ വിളിച്ചപ്പോൾ ആണ് അവിടെ നിന്നും മാറിയത്. അത്താഴം കഴിക്കുമ്പോൾ പതിവിന് വിപരീതമായി അമ്മ നിശബ്ദ ആയത് പവിത്ര ശ്രദ്ധിച്ചെങ്കിലും ഒന്നും മിണ്ടിയില്ല.

രാവിലെ എണീറ്റ് അടുക്കളയിലെ കാര്യങ്ങൾ ഒക്കെ തീർത്തു കടയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ അവൾ പ്രശാന്തിന്റെ ഫോണിലേക്ക് ഒന്ന് വിളിച്ചു നോക്കി. സ്വിച്ഡ് ഓഫ്‌ ആയിരുന്നു അവന്റെ ഫോൺ.

” അമ്മേ അമ്മിണിയെ കറക്കാൻ വരുമ്പോൾ ജാനകി ചേച്ചിയോട് പറയണം മണിക്കുട്ടൻ കുടിച്ചു കഴിഞ്ഞു ബാക്കിയുള്ളത് മതിയെന്ന്. പിന്നെ പുണ്യയെ പോയി കാണുന്നെങ്കിൽ പോയിട്ട് വരൂ… മേശപ്പുറത്തു കുറച്ചു പൈസ വെച്ചിട്ടുണ്ട് അവൾക്ക് എന്താന്ന് വെച്ചാൽ വാങ്ങി കൊടുക്ക് ”

പോകാൻ ഇറങ്ങാൻ നേരം അവൾ അമ്മയോട് വിളിച്ചു പറഞ്ഞു. പവിത്ര ഇറങ്ങുന്നത് കണ്ടു ധൃതി വെച്ച് സൗമ്യയും ബാഗും തൂക്കി വീട്ടിൽ നിന്നും ഇറങ്ങി.

” പ്രശാന്തേട്ടൻ ഇവിടെ ഇല്ലേ.. കണ്ടിട്ട് രണ്ട് ദിവസം ആയല്ലോ ”

” ആ ഇവിടെ ഇല്ല..”
” എവിടെ പോയതാ ”
സൗമ്യ വീണ്ടും ചോദിച്ചു.

” എനിക്ക് അറിയില്ല ”
സൗമ്യയുടെ മുഖം മങ്ങുന്നത് പവിത്ര കണ്ടു.

” സൗമ്യേ വേണ്ടാത്ത ആഗ്രഹങ്ങൾ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അത് അങ്ങ് എടുത്തു കളയുന്നത് ആയിരിക്കും നല്ലത് ”
ഒരു താക്കീത് പോലെ അവൾ പറഞ്ഞു
സൗമ്യ ഒന്നും മിണ്ടാതെ നടന്നു.

” ഇന്ന് എന്താ ഇടവഴിയിൽ കൂടെ പോകുന്നില്ലേ .. ”
പാലത്തിൽ കേറാൻ തുടങ്ങിയ പവിത്രയോട് അവൾ ചോദിച്ചു.

” ഇന്ന് നേരത്തെ ആണല്ലോ അതുകൊണ്ട് നേരായ വഴിയിൽ പോയാൽ മതി. പിന്നെ കൂടെ ആരും ഇല്ലാത്തപ്പോൾ ആ വഴി പോകാൻ നിൽക്കരുത് കേട്ടല്ലോ ”

പവിത്ര പറഞ്ഞതിനെ അനുസരിക്കുന്നത് പോലെ അവൾ തലയാട്ടി. പവിത്രയും സൗമ്യയും ധൃതിയിൽ പാലം കേറി.കാരണം വീതി കുറഞ്ഞ പാലം ആയിരുന്നു അത്. ഒരേ സമയം ഒരു വണ്ടിക്കും മനുഷ്യനും പാലം കടക്കാൻ സാധിക്കില്ല. അവർ പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ ആണ് അപ്പുറത്തെ സൈഡിൽ നിന്നും ഒരു ഓട്ടോ കയറി വന്നത്.

” വാ ചേച്ചി നമ്മുക്ക് ഇറങ്ങാം ‘”
സൗമ്യ തിരികെ ഇറങ്ങാൻ ഭാവിച്ചു.

” എന്തിന് നമ്മൾ ആണ് ആദ്യം കേറിയത്.. നീ നടക്കാൻ നോക്ക് ”
പവിത്ര കൂസലന്യേ മുന്നോട്ട് നടക്കുന്നത് കണ്ടതും ഓട്ടോക്കാരൻ വണ്ടി പുറകോട്ട് എടുത്തു. പവിത്രയും സൗമ്യയും പാലം ഇറങ്ങി ഓട്ടോയുടെ അടുത്ത് എത്തിയതും ഓട്ടോക്കുള്ളിൽ ഇരുന്ന സ്ത്രീ തല പുറത്തേക്ക് ഇട്ടു നോക്കി. ആ സ്ത്രീ അവരുടെ അയൽക്കാരി ആയിരുന്നു.

” ഓ ഈ അഹങ്കാരി ആയിരുന്നോ.. ചുമ്മാ അല്ല ഒരു പേടിയും ഇല്ലാതെ മുന്നോട്ട് ഇങ്ങ് ഇറങ്ങി വന്നത് ”
അവർ പുച്ഛത്തോടെ പറഞ്ഞു.

പവിത്ര അത് കാര്യമാക്കാതെ സ്റ്റോപ്പിലേക്ക് നടന്നു.

” ഈ മോളി ചേച്ചിക്ക് എന്താ ചേച്ചിയേ കാണുമ്പോൾ ഇത്ര സൂക്കേട്.. ആ എനിക്ക് അറിയാം അവരുടെ മോൻ വിഷ്ണുന് വേണ്ടി ചേച്ചിയെ ആലോചിച്ചു വന്നപ്പോൾ ചേച്ചി ഇറക്കി വിട്ടത് കൊണ്ടല്ലേ ”
സൗമ്യ ചിരിയോടെ ചോദിച്ചു.

പവിത്ര കണ്ണുരുട്ടി നോക്കിയപ്പോൾ അവൾ സൈലന്റ് ആയി.

പതിവുപോലെ കടയിൽ വന്നു തന്റെ ജോലികളിൽ മുഴുകി ഇരിക്കുമ്പോൾ ആണ് പവിത്രക്ക് ഒരു ഫോൺ കോൾ വന്നത്.മറുപുറത്ത് നിന്നും കേട്ട വാർത്തയുടെ ഷോക്കിൽ അവളുടെ മുഖം വിവർണമായി.
ഇരു ചെന്നിയിൽ നിന്നും ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ പോലും തുടക്കാൻ നിൽക്കാതെ അവൾ ഇരുന്നിടത്തും നിന്നും വേഗം എണീറ്റു നടക്കാൻ തുടങ്ങി…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പവിത്ര: ഭാഗം 1

Share this story