നയോമിക – ഭാഗം 1

നയോമിക – ഭാഗം 1

ഴുത്തുകാരി: ശിവന്യ അഭിലാഷ്


“ഓം സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരയണി നമോ സ്തു തേ.
സൃഷ്ടിസ്ഥിതിവിനാശാനാം ശക്തിഭുതേ സനാതനി
ഗുണാശ്രയേ ഗുണമയേ നാരായണി നമോ സ്തു തേ.
ശരണാഗതദീനാർത്തപരിത്രാണപരായണേ
സർവസ്യാർത്തിഹരേ ദേവി നാരായണി നമോസ്തു തേ.
ജയ നാരായണി നമോ സ്തു തേ.”

തന്റെ തൊട്ടടുത്ത് നിന്ന് ദേവീസ്തുതി ചൊല്ലുന്ന പെൺകുട്ടിയെ കീർത്തി ഇമവെട്ടാതെ നോക്കി നിന്നു.

നന്നേ വെളുത്ത് മെലിഞ്ഞാരു പെൺകുട്ടി… ചുമലിന് താഴെയായി ക്രോപ്പ് ചെയ്തിട്ട സിൽക്ക് നാരുക്കൾ പോലുള്ള മുടികൾ കാറ്റിൽ പാറി പറന്ന് കളിക്കുന്നുണ്ടായിരുന്നു…. നീണ്ട് മെലിഞ്ഞ വിരലുകളാൽ കൈകൂപ്പി നിന്ന് അവൾ ദേവീസ്തുതി ചൊല്ലുന്നത് കേട്ട് ദേവിയെ തൊഴുത് പ്രാർത്ഥിക്കാൻ പോലും കീർത്തി മറന്നു പോയത് പോലെ…..

“കീർത്തി…. എടോ.. താനിത് എവിടെ നോക്കി നിക്കുവാ.. ഞാൻ പ്രദിക്ഷണം വെച്ച് കഴിഞ്ഞു ”

മനു ചെവിക്കരികെ വന്ന് പറഞ്ഞപ്പോഴാണ് കീർത്തിക്ക് സ്വബോധം ഉണ്ടായത്….

“ദാ വരുന്നു മനു ഏട്ടാ ”

അവൾ പെട്ടെന്ന് പ്രദിക്ഷണം വെച്ച് ശ്രീകോവിലിന് പുറത്തിറങ്ങി.

ആൽത്തറയ്ക്കരികിൽ ദാമോദരൻ ഇരിക്കുന്നത് കണ്ട് അവളങ്ങോട്ടേക്ക് നടന്നു.

കീർത്തിയുടെ അച്ചന്റെ ഡ്രൈവർ ആയിരുന്നു ദാമോദരൻ എങ്കിലും അവൾക്ക് അയാളോട് ഏറെ ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു.

“ഏതാ ദാമോട്ടാ അവിടെ ദേവീസ്തുതി ചൊല്ലുന്ന ആ കുട്ടി ”

“ഓ അതോ… അത് നയോമിയാ മോളേ… നയോമിക…. വടക്കേലെ അഹമ്മദ് ഹാജിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്നവരാ”…

” ഒരുപാട് നാളായോ അവിടെ താമസം തുടങ്ങീട്ട്”

“ഒരു രണ്ടു മാസമാകാറായിരിക്കുന്നുണ്ട് തോന്നുന്നു”

” അതാവാം ഞാൻ കാണാതിരുന്നത്… ഞാൻ കുറച്ചായി അമ്പലത്തിൽ വന്നിട്ട്… ”

“ഇവരെവിടുത്ത്കാരാ ദാമോട്ടാ ”

” തെക്ക് എവിടേയോ ആണെന്ന് തോന്നുന്നു മോളേ ”

“എന്താടോ കഴിഞ്ഞില്ലേ നിന്റെ കുശലാന്വേഷണം ”

അപ്പോഴേക്കും മനു അങ്ങോട്ടേക്ക് വന്നു.

” കഴിഞ്ഞു മനു ഏട്ടാ.. ”

” എന്നാ വാ ”

“മനു ഏട്ടൻ ചെന്ന് കാർ തിരിച്ച് വെക്ക് അപ്പോഴേക്കും ഞാൻ വരാം ”

” പോട്ടേ ദാമോട്ടാ”

അവൻ ദാമോദരനോട് യാത്ര പറഞ്ഞു നീങ്ങി.

“മനു ഏട്ടന് എപ്പോഴും തിരക്കാ ”

കീർത്തി ദാമോദരനോടെന്ന പോലെ പറഞ്ഞു.

“പിന്നെ തിരക്കുണ്ടാവില്ലേ മോളേ… എല്ലാ ഉത്തരവാദിത്തവും ആ ചുമലില്ലേ… ഹാ… പിള്ള സാർ ഉണ്ടായിരുന്നെങ്കിൽ ”

അയാൾ ദീർഘനിശ്വാസമെടുത്തു.

” കിരൺ മോൻ ഇപ്പോ ”

“ഒരു മാറ്റവുമില്ല ദാമോട്ടാ… ”

കീർത്തിയുടെ കണ്ണ് നിറഞ്ഞത് കണ്ട് അയാളുടെ കണ്ണും നിറഞ്ഞു.

” ദാമോട്ടാ വീട്ടിലേക്ക് കിരണേട്ടനെ നോക്കാനും മറ്റുള്ള കാര്യങ്ങൾക്കും ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്… ആരേലും ഉണ്ടേൽ പറയണേ ”

” നോക്കാം മോളേ ”

” പോട്ടേ ദാമോട്ടാ.. ഇനിയും വൈകിയാ മനു ഏട്ടൻ വഴക്ക് തുടങ്ങും “..

” ശരി മോളേ ”

ദാമോദരനോട് യാത്ര പറഞ്ഞു കീർത്തി നടന്ന് നീങ്ങുമ്പോഴാണ് നയോമി അയാൾക്കരികിലേക്ക് വന്നത്.

” പോവാറായോ മോളേ ”

” ഉവ്വ് ദാമോട്ടാ… ”

അത് പറഞ്ഞെങ്കിലും എന്തോ മറന്ന പോലെ നയോമി അവിടെ തന്നെ നിന്നു.

“എനിക്കൊരു സഹായം ചെയ്യോ ദാമോട്ടാ”

“എന്താ കുട്ടീ ”

“ഇവിടെ എനിക്ക് അധികം ആരെയും പരിചയമില്ലാത്തോണ്ടാ ”

“എന്തായാലും പറയു കുട്ടി ”

” എവിടെയെങ്കിലും ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കിൽ എന്നോടൊന്ന് പറയണേ .. ഒരു ജോലിയില്ലാതെ ഇനിയും കാര്യങ്ങളൊന്നും മുന്നോട്ട് പോകില്ല അതാ.. ”

” മോള് വിഷമിക്കണ്ട… എവിടെയേലും ഒരു ജോലി നമുക്ക് ശരിയാക്കാം ”

അയാൾ അവൾക്ക് ഉറപ്പ് കൊടുത്തു.

“ഇരുട് കട്ടപിടിക്കുന്നതിന് മുൻപേ ചെല്ലട്ടേ ”

നയോമി യാത്ര പറഞ്ഞ് നീങ്ങുന്നതും നോക്കി ആൽത്തറയിൽ അയാൾ ഇരുന്നു.

****************************

നയോമി വീട്ടിലെത്തുമ്പോൾ വഴികണ്ണുമായ് മുറ്റത്ത് നിക്കുന്നുണ്ടായിരുന്നു നിർമ്മല.

“അമ്മയെന്താ നിലാവ് കാണാനിറങ്ങിയതാണോ ”

അവൾ നിർമ്മലയെ നോക്കി ചിരിച്ചു.

..എന്റെ മനസ്സിലുള്ള ഭയം നിനക്കറിയില്ല മോളേ എന്ന് അവർ മനസ്സിൽ പറഞ്ഞെങ്കിലും അവളോട് പറഞ്ഞതിങ്ങനാണ്..

“നിന്നെ കാണാൻ വൈകിയപ്പോ ഇറങ്ങിയതാ മോളേ…. ”

” ഉണ്ണിയെവിടെ അമ്മേ ”

” അവൻ പഠിക്കുവാണെന്ന് തോന്നുന്നു.”

“അമ്പലത്തിൽ കാണുന്ന ദാമോട്ടനോട് എവിടെയേലും ഒരു ജോലി ശരിയാക്കി തരോന്ന് ചോദിച്ചിട്ടുണ്ട് ”

അകത്തേക്ക് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

” ശരിയാവോ മോളേ ”

” ശരിയാവും അമ്മേ.. ശരിയാവാതെ എവിടെ പോകാനാ എന്റെ നിമ്മി കുട്ടി”

അവൾ പതിയെ നിർമ്മലയുടെ കവിളിൽ നുളളി.

” ഈ കുട്ടീടൊരു കാര്യം”

” ഉണ്ണീ നി അവിടെന്തെടുക്കുവാ ”

നീട്ടി വിളിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.

***************************

” ദാമോട്ടാ… ദാമോട്ടാ ഒന്ന് നിന്നേ”

രണ്ട് ദിവസമായി ദാമോദരനെ അമ്പലത്തിൽ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയതായിരുന്നു നയോമി.

“മോളായിരുന്നോ… എന്താ കുട്ടീ”

“ഞാനൊരു ജോലീടെ കാര്യം പറഞ്ഞിട്ടെന്തായി ദാമോട്ടാ ”

ഓടി വന്നത് കൊണ്ട് അവൾ വല്ലാതെ അണക്കുന്നുണ്ടായിരുന്നു.

“അയ്യോ ഞാനതു വിട്ടു പോയി കുട്ടീ”

“ശ്ശൊ…”
നയോമിയുടെ മുഖം വാടി.

” കുട്ടി വിഷമിക്കണ്ട… അയാൾ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.

ഒരു ജോലിയുണ്ട് മോളേ -… പക്ഷേ അത് മോളെ കൊണ്ട് പറ്റുമോ…”

” എന്ത് ജോലി ആയാലും കുഴപ്പമില്ല… ഞാൻ ചെയ്തോളാം ദാമോട്ടാ..”

അവൾ ഉത്സാഹത്തോടെ പറഞ്ഞു.

“ഇവിടെ അടുത്തൊരു വീട്ടിലാ ജോലി ”

” വീട്ട് ജോലിയാണോ.. ഞാൻ പോയ് കോളാം”

” വീട്ട് ജോലി മാത്രല്ല… അവിടുത്തെ വയ്യാത്ത കുട്ടിയെ കൂടി നോക്കണം”

” ഞാൻ പോവാം ദാമോട്ടാ… എവിടാണെന്ന് പറ ”

“ഇവിടടുത്ത് തന്നാ കുട്ടീ.. ബാലകൃഷ്ണപിള്ള സാറിന്റെ വീട്ടിൽ.. സാറും ചേച്ചിയും മരിച്ചിട്ട് കുറച്ച് വർഷായി… ഇപ്പോ അവിടെ സാറിന്റെ മോള് കീർത്തിയും ഭർത്താവും സാറിന്റെ മോൻ കിരണുമാണുള്ളത്… കീർത്തിയും ഭർത്താവും ഡോക്ടേർസ് ആണ്… ടൗണിലുള്ള സഞ്ജീവനി ഹോസ്പിറ്റൽ അവരുടേതാ…
അവിടൊന്നു കുട്ടി ചെന്ന് നോക്ക്.. ഞാൻ കീർത്തി മോളെ വിളിച്ച് പറയാം… പറ്റില്ലെങ്കിൽ നമുക്ക് വേറെ നോക്കാം ട്ടോ ”

” ശരി ദാമോട്ടാ ”

” എന്നാ മോള് നാളെ രാവിലെ ഒമ്പത് മണിയാകുമ്പോഴേക്കും പോയ്ക്കോ ”

അയാൾ അവൾക്ക് ആലക്കൽ തറവാട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

************************

വീട്ട് ജോലിയാണെന്നറിഞ്ഞപ്പോ നിർമ്മല നയോമിയെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവൾ നല്ല ആത്മവിശ്വാസത്തിലായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ അവൾ ആലക്കൽ തറവാട്ടിലേക്ക് പുറപ്പെട്ടു.

പോക്കറ്റ് ഗേറ്റ് തുറന്ന് അവളകത്തേക്ക് കയറി…..ഒരു പടുകൂറ്റൻ ബംഗ്ലാവ് ആയിരുന്നു ആ വീട്.

ആ വീട് കണ്ട് അൽപസമയം അവളവിടെ തന്നെ നിന്നു.

“ആരാടീ നീ”

പെട്ടെന്ന് ഒരു പരുഷശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

കയ്യില്ലാത്ത ബനിയനും ഷോർട്സും ധരിച്ച ആരോഗ്യ ദൃഢഗാത്രനായായൊരു ചെറുപ്പക്കാരൻ അവളുടെ മുന്നിലേക്ക് വന്നു.

” ഞാൻ കീർത്തി ഡോക്ടറെ കാണാൻ വന്നതാ ”

” ഡോക്ടറും പേഷ്യന്റുമൊക്കെ അങ്ങ് ഹോസ്പിറ്റലിൽ… ഇവിടെ വേണ്ട”

” ഡോക്ടറെ കാണാനാണ് ഞാൻ വന്നതെന്തിൽ കണ്ടിട്ടേ ഞാൻ പോകൂ”

നയോമിയും വിട്ട് കൊടുത്തില്ല.

” നീ കൊണ്ടിട്ടേ പോകൂ.. പിറുപിറുത്ത് കൊണ്ട് അയാൾ അകത്തേക്ക് നോക്കി വിളിച്ചു.

“ജിമ്മീ”

പെട്ടെന്ന് അകത്ത് നിന്നും സാധാരണയിലധികം വലിപ്പമുള്ള ഒരു ഡോബർമാൻ ചാടി വന്നു.

അതിന്റെ വരവ് കണ്ട് നയോമി ഒന്നു പകച്ചുപോയെങ്കിലും അവൾ നിന്നയിടത്തു നിന്നും അനങ്ങിയില്ല.

അയാൾ നയോമിയെ തന്നെ ഉറ്റ് നോക്കി.

അസാധാരണമാം വിധം ശാന്തമായിരുന്നു അവളുടെ മുഖം എങ്കിലും
വല്ലാത്തൊരു ആജ്ഞാശക്തി അവളുടെ കണ്ണുകളിൽ സ്ഫുരിക്കുന്നത് പോലെ അവന് തോന്നി.

അവളെ കടിച്ച് കീറാനെന്നവണ്ണം ഓടി വന്ന ഡോബർമാൻ അൽപസമയം അവളെ നോക്കി കുരച്ചു.

പിന്നെ ശാന്തമായി അവളുടെ കാൽകീഴിൽ ചെന്ന് നിന്നു.

വിജയിച്ച ഭാവത്തിൽ ഇനി എന്തെന്ന ചോദ്യവുമായി നയോമിക അവനെ നോക്കി.

(തുടരും)

Share this story