നിനക്കായ്‌ : PART 3

നിനക്കായ്‌ : PART 3

നോവൽ

****

എഴുത്തുകാരി: ശ്രീകുട്ടി

” പാതിരാത്രി മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി കിടന്നമറിയിട്ട് നിക്കുന്നത് കണ്ടില്ലേ … ”

അജിത്ത് പിറുപിറുത്തു.

” ഞാൻ പറഞ്ഞില്ലേ ഞാൻ വാല് മാത്രേ കണ്ടുള്ളുന്ന് പിന്നെ ആരായാലും പേടിക്കില്ലേ ”

അവൾ പറഞ്ഞു.

” ഓ നിന്റെ കണ്ണ് കൊണ്ട് ടെസ്റ്റ്‌ ചെയ്യെടി പൊട്ടക്കണ്ണി.. ”

അവൾക്ക് നേരെ നോക്കി അവനത് പറയുമ്പോൾ ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു.

” അതിന് ഞാനറിഞ്ഞോ നിങ്ങളിവിടം എലികൾക്ക് വാടകയ്ക്ക് കൊടുത്തേക്കുവാണെന്ന് ”

വീറോടെ അവളും പറഞ്ഞു.

” എടീ എടീ പാതിരാത്രി പാമ്പ് ചേമ്പെന്നും പറഞ്ഞ് കിടന്നലറി മനുഷ്യനെ പേടിപ്പിച്ചിട്ട് ഇപ്പോ കുറ്റം എന്റെ വീടിന്റെയായോ ? ”

അവളുടെ നേരെ കയ്യോങ്ങിക്കോണ്ട് അവൻ ചോദിച്ചു.

” ഇതെന്തൊരു മനുഷ്യൻ പാതിരാത്രി എന്റെ മുറിയിൽ വന്ന് കേറീട്ട് എന്നെ തല്ലാൻ വരുന്നോ ? ”

അവനു പുറം തിരിഞ്ഞുനിന്നുകൊണ്ട് അവൾ പറഞ്ഞു.

” കിടന്ന് കാറിക്കൂവുന്നത് കേട്ട് ഓടിവന്ന എന്നെ പറഞ്ഞാൽ മതി. ”

പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി.

” ഒരാവേശത്തിൽ ഡയലോഗടിച്ച് അങ്ങേരെ ഓടിച്ചും വിട്ടു പേടിയായിട്ട് പാടില്ലല്ലോ ദൈവമേ ”

അവൻ പുറത്തേക്ക് പോയതും അവളോർത്തു. ഒന്നുകൂടെ കിടക്കയൊക്കെ തട്ടിക്കുടഞ്ഞ് അവൾ പതിയെ കയറിക്കിടന്നു.

റൂമിൽ വന്ന് കിടന്നിട്ടും ഉറക്കം വന്നില്ല ഉള്ള് മുഴുവൻ അവളായിരുന്നു. ഭയം കൊണ്ട് അവളുടെ ശരീരം മുഴുവൻ തണുത്ത് വിറപൂണ്ടിരുന്നു. ഓടി വന്ന് എന്റെ നെഞ്ചിൽ ചേരുമ്പോൾ അവളിൽ നിന്നുമുതിർന്ന കുട്ടിക്കൂറ പൗടറിന്റെ മണം അപ്പോഴും എന്നെ പൊതിഞ്ഞു നിന്നിരുന്നു.

പോത്ത് പോലെ വളർന്നിട്ടും ഇപ്പോഴും കുട്ടിക്കൂറയുമിട്ട് നടക്കുന്ന അവളെയോർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. അവളെയോർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. ഉണരുമ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. താഴെനിന്നും എല്ലാവരുടെയും സംസാരം കേട്ട് പതിയെ താഴേക്ക് ചെന്നു.

എല്ലാവരും കൂടി എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലാണല്ലോ. അനു മുടിയഴിച്ചിട്ട്‌ എന്തോ തപ്പി തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ലവള് മാത്രം കിടക്കപ്പായയിൽ നിന്നെണീറ്റ് വന്ന കോലത്തിലാണ്.

ഒരു മിഡിയായിരുന്നു അവൾ ഇട്ടിരുന്നത്. തലമുടി ഉരുട്ടി ഉച്ചിയിൽ കെട്ടിവച്ചിരുന്നു. മൂക്കിലെ കുഞ്ഞ് മൂക്കുത്തിയൊഴിച്ചാൽ കാതിലോ കഴുത്തിലോ ആഭരണങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.

” ഇവൾക്കിത്ര ഭംഗിയുണ്ടായിരുന്നോ ”

അവൻ സ്വയം ചോദിച്ചു.

” എല്ലാരും കൂടി എങ്ങോട്ടാ ഇത്ര കാലത്തേ? ”

സാരിയുടെ ഞൊറി ശരിയാക്കിക്കൊണ്ട് പെട്ടന്നങ്ങോട്ട്‌ വന്ന അമ്മയെ നോക്കി അവൻ ചോദിച്ചു.

” ആഹ് നീയെണീറ്റോ ഞാൻ പറഞ്ഞിരുന്നില്ലേ നമ്മുടെ മാലതിടെ മോൾടെ വിവാഹക്കാര്യം അതിന്നാ. ഒരു കുടുംബം പോലെ കഴിഞ്ഞിട്ട് ചെന്നില്ലേൽ അവരെന്ത്‌ കരുതും ”

ചായ കൊണ്ടുവന്ന് എന്റെ കയ്യിലേക്ക് തന്നുകൊണ്ട് അമ്മ പറഞ്ഞു. ഞാനെല്ലാം വെറുതെ മൂളിക്കേട്ടു.

” ആഹ് പിന്നെ നീയിന്ന് എങ്ങോട്ടും പോയേക്കരുത്. ഞങ്ങൾ വരാൻ വൈകുന്നേരമാകും. അഭിമോളിവിടെ തനിച്ചേയുള്ളൂവെന്ന ബോധം വേണം. ”
തന്റെ സാരിയുടെ പ്ലീറ്റ് നേരെയാക്കിക്കോണ്ടിരുന്ന അഭിരാമിയുടെ തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.

” ആഹ് ശരി ”

വലിയ താല്പര്യമില്ലാത്തത് പോലെ ഞാൻ പറഞ്ഞു. ഞങ്ങളോട് രണ്ടാളോടും യാത്ര പറഞ്ഞ് കാറിൽ കയറുമ്പോഴും അമ്മ വിളിച്ചു പറഞ്ഞു.

” അജീ പറഞ്ഞത് മറക്കരുത് ഇന്ന് കറക്കമൊന്നും വേണ്ട ”

” ഓഹ് ശരിയമ്മേ അമ്മ പോകാൻ നോക്ക്. ഞാനിന്നിവിടെത്തന്നെ അടയിരുന്നോളാം ”

പിറുപിറുത്തുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു. പിന്നാലെ കാർ ഗേറ്റ് കടന്ന് പോയി.

———————————————————

താഴെനിന്നും എന്തൊക്കെയോ ശബ്ദം കേട്ടാണ് അജിത്ത് താഴേക്ക് വന്നത്. സമയം ഉച്ചയോടടുത്തിരുന്നു. ഫ്രണ്ട് ഡോർ അടച്ചിരുന്നു. അഭിരാമിയെ ഹാളിലോ ലിവിങ് റൂമിലോ ഒന്നും കാണാതെ അവൻ പതിയെ അടുക്കളയിലേക്ക് ചെന്നു. അവൾ ഗ്യാസ്സിനരികിൽ നിന്ന് കടുക് താളിക്കുന്നുണ്ടായിരുന്നു.

കുളികഴിഞ്ഞ് തലമുടിയിൽ ഒരു തോർത്ത്‌ ചുറ്റിയിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം. അതവൾക്ക് നന്നായി ഇണങ്ങിയിരുന്നു.

” ഇവൾക്ക് പാചകമൊക്കെ അറിയാരുന്നോ ? ”

അടുക്കള വാതിലിൽ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ അവനോർത്തു.

” ആഹാ അജിത്തേട്ടനായിരുന്നോ ? ”

പിന്നിൽ നിഴലനക്കം കണ്ട് തിരിഞ്ഞ അവൾ പെട്ടന്ന് ചിരിയോടെ ചോദിച്ചു. അജിത്തിന്റെ ചുണ്ടുകളിലും ഒരു മന്ദഹാസം വിരിഞ്ഞു.

” ഞാനെന്തെങ്കിലും സഹായം ചെയ്യണോ ? ”

വാതിലിൽ ചാരി നിന്നുകൊണ്ട് അവൻ ചോദിച്ചു.

” ഓ വേണ്ട ഇവിടെ അതിനും മാത്രം ജോലിയൊന്നുമില്ല. പിന്നെ ഒരു കമ്പനി തന്നാൽ കൊള്ളാം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒന്ന് സംസാരിച്ചിരിക്കാൻ ഒരാളുണ്ടെങ്കിൽ ഒരു രസാണ്. ”

അവൾ പറഞ്ഞത് കേട്ട് അവൻ അവിടെക്കിടന്ന കസേരയിലേക്ക് ഇരുന്നു.

” ഞാൻ കരുതി നിനക്കെന്നോട് ദേഷ്യമുണ്ടാകുമെന്ന് ”

അവളുടെ മുഖത്ത് നോക്കാതെ അവൻ പതിയെ പറഞ്ഞു.

” എന്തിന് ? ”

നിഷ്കളങ്കമായ ചിരിയോടെ അവൾ ചോദിച്ചു.

” അല്ല അന്നങ്ങനെയൊക്കെ പെരുമാറിയത് കൊണ്ട്. പിന്നീടായാലും ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ടല്ലേയുള്ളൂ. ”

ഒരുതരം ആത്മ നിന്ദയോടെ അവൻ പറഞ്ഞു.

” ഓഹ് അതാണോ അതൊന്നും സാരമില്ല. അനു എന്നോടെല്ലാം പറഞ്ഞു. എനിക്ക് മനസ്സിലാകും. ”

ധൃതിയിൽ പപ്പടം പൊള്ളിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. അവൻ വെറുതേ ഒന്ന് മൂളുക മാത്രം ചെയ്തു .

” പക്ഷേ , അമ്മയോടും അച്ഛനോടും അജിത്തേട്ടൻ ഇപ്പൊ ചെയ്യുന്നത് ശരിയല്ല. അജിത്തേട്ടനെ പറ്റി ഒരുപാട് സ്വപ്നങ്ങൾ അവർ കാണുന്നുണ്ട്. എന്നിട്ട് അജിത്തേട്ടന്റെ ഇപ്പോഴത്തെ സ്വഭാവവും രീതികളും അവരെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ?

പുതിയത് കണ്ടപ്പോൾ നിങ്ങളെയും നിങ്ങളുടെ സ്നേഹത്തെയും വലിച്ചെറിഞ്ഞു പോയവൾക്ക് വേണ്ടി അജിത്തേട്ടനെയോർത്ത് സങ്കടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ആ പാവങ്ങളെ വേദനിപ്പിക്കുന്നത് ശരിയാണോ ?

നിങ്ങളൊരുമിച്ച് സ്വപ്നം കണ്ട ജീവിതം അവൾക്ക് വേണ്ടെങ്കിൽ പിന്നെ അജിത്തേട്ടന് മാത്രമായിട്ടെന്തിനാ ? ”

അവളുടെ ചോദ്യങ്ങൾക്കൊന്നും അവന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല. അപ്പോഴവന്റെ ഉള്ളു മുഴുവൻ അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു. തങ്ങൾ മക്കൾക്ക് വേണ്ടിമാത്രം ജീവിച്ച അവരെ നോവിച്ചതോർത്തപ്പോൾ കുറ്റബോധം കൊണ്ട് അവന്റെ ശിരസ് കുനിഞ്ഞു.

” ഹലോ…. ഇനി ഊണ് കഴിച്ചിട്ട് ബാക്കി സ്വപ്നം കാണാം. ”

അവന്റെ മുഖത്തിന്റെ നേരെ നിന്ന് വിരൽ ഞൊടിച്ച് കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു. ഊണ് മേശക്ക് മുന്നിലെത്തുമ്പോഴേക്കും അവളെല്ലാം മേശപ്പുറത്ത് നിരത്തിയിരുന്നു.

” അപ്പോ പാചകവുമറിയാമല്ലേ ? ”

സാമ്പാറ് കൂട്ടിക്കുഴച്ച ചോറ് വായിലേക്ക് വച്ചുകൊണ്ട് അരികിൽ നിന്ന് വിളമ്പിക്കോണ്ട് നിന്ന അവളെ നോക്കി അജിത്ത് ചോദിച്ചു.

” മ്മ്ഹ് അത്യാവശ്യം …. പിന്നെ ഏതെങ്കിലും കോന്തൻ വന്ന് കെട്ടിക്കോണ്ട് പോകുമ്പോൾ വല്ലതും വച്ച് കൊടുക്കണ്ടേ ”

ചിരിയോടെ അവൾ പറഞ്ഞു.

” ഓഹ് ദീർഘവീഷണത്തോടെയുള്ള ജീവിതമാണല്ലോ ”

” പിന്നല്ല എല്ലാം വെൽ പ്ലാൻഡല്ലേ അച്ഛനുമമ്മയും സഹോദരങ്ങളും അവരുടെ കുടുംബവും കുട്ടികളുമൊക്കെ ചേർന്ന് നിറയെ ആളുകളുള്ള ഒരു വലിയ കുടുംബത്തിലേക്ക് കല്യാണം കഴിഞ്ഞ് പോണമെന്നാ എന്റെ ആഗ്രഹം.

എല്ലാവരും ഒരുമിച്ച് അടുക്കള ജോലി ചെയ്യുന്നതും ഒരു മേശക്ക് ചുറ്റുമിരുന്ന് ആഹാരം കഴിക്കുന്നതുമൊക്കെ ഞാൻ ചിലപ്പോൾ ഒറ്റയ്ക്കിരുന്ന് സ്വപ്നം കാണാറുണ്ട് ”

വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന അവളെ കൗതുകത്തോടെ നോക്കിയിരിക്കുമ്പോഴും അവൻ ഉള്ളുകൊണ്ട് കീർത്തിയെയും അഭിരാമിയെയും താരതമ്യം ചെയ്യുകയായിരുന്നു.

” വിവാഹം കഴിഞ്ഞാൽ നമുക്ക് സ്വന്തമായി ഒരു വീടെടുത്ത് മാറണം. ”

കടലോരത്തെ മണൽപ്പരപ്പിൽ അജിത്തിനോട്‌ ചേർന്നിരുന്നുകൊണ്ട് കീർത്തി പറഞ്ഞു.

” അതെന്താ എന്റെ വീട് നിനക്കിഷ്ടമായില്ലേ ? ”

” ഇഷ്ടമൊക്കെയാണ് ”

” പിന്നെ അത്രേം വലിയൊരു വീടുള്ളപ്പോൾ ഇനി വേറൊരു വീടെന്തിനാ ? ”

അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ട് അവൻ ചോദിച്ചു.

” വലിയ വീടൊക്കെ തന്നെ പക്ഷേ അജിത്ത് , കൂട്ടുകുടുംബമായി ജീവിച്ചാൽ ഒരു പ്രൈവസി ഉണ്ടാവില്ല. അവിടെ അജിത്തിന്റെ അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും പെങ്ങളും ഒക്കെയില്ലേ . ഇത്രേം പേരുടെ ഇടയിൽ നമുക്കായി ഒരു സ്വാതന്ത്ര്യം ഉണ്ടാവില്ല. അതാ ഞാൻ പറഞ്ഞത്. ”

അവൾ പറഞ്ഞത് കേട്ട് പെട്ടന്ന് അവന്റെ മുഖം മങ്ങി.

” അപ്പൊ ഒരു വിവാഹം കഴിച്ചാലുടൻ വീടിനെയും വീട്ടുകാരെയുമൊക്കെ ഉപേക്ഷിക്കണമെന്നാണോ നീ പറയുന്നത് ? ”

പുരികം ചുളിച്ച് അവൾക്ക് നേരെ നോക്കി അവൻ ചോദിച്ചു.

” എന്ന് ഞാൻ പറഞ്ഞില്ല എനിക്കീ കൂട്ടുകുടുംബമായി താമസിച്ച് എന്തിനും ഏതിനും മറ്റുള്ളവരുടെ സൗകര്യം നോക്കിയുള്ള ജീവിതത്തിനോട്‌ താല്പര്യമില്ല. അത്രേ ഞാനുദ്ദേശിച്ചുള്ളൂ. ”

അവനെ നോക്കാതെ ആഴക്കടലിലേക്ക് മിഴിയൂന്നിയിരുന്ന് കീർത്തി പറഞ്ഞു.

” അജിത്തേട്ടാ …. ഞാൻ പറഞ്ഞില്ലേ ആഹാരം കഴിച്ചിട്ട് സ്വപ്നം കണ്ടാൽ മതിയെന്ന് ”

ചോറിൽ വിരലിട്ടിളക്കി ഓർമകളിൽ മുഴുകിയിരുന്ന അജിത്തിനെ തട്ടിവിളിച്ചുകൊണ്ട് അഭിരാമി പറഞ്ഞു.

——————————————————-

സന്ധ്യയോടടുത്താണ് അരവിന്ദനും ഗീതയും അനുവും കൂടി വന്നത്.

” കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ മോളേ ? ”

വാതിൽ തുറന്ന അഭിരാമിയോടായി ചിരിയോടെ ഗീത ചോദിച്ചു.

” ഇവിടെന്ത്‌ കുഴപ്പം ഉണ്ടാവാനാ അമ്മേ ? ”

അവരുടെ കയ്യിലിരുന്ന പച്ചക്കറി കിറ്റ് വാങ്ങിക്കോണ്ട് അവൾ ചോദിച്ചു.

” അല്ല നിന്നെ എന്റെ മോനെ ഏൽപ്പിച്ചിട്ടല്ലേ ഞാൻ പോയത് അതുകൊണ്ട് ചോദിച്ചതാ. പോയാൽ പോയവഴി വന്നാൽ വന്ന വഴിയാ ഇവന്റെ രീതി . ”

ഹാളിലിരുന്ന അജിത്തിനെ നോക്കി ചിരിയോടെ ഗീത പറഞ്ഞു.

” അത്ശരിയാ പാതിരാകോഴി കൂവിയാലും വീട്ടിൽ കേറാത്ത എന്റെ ഇളയ മോനെ വർഷങ്ങൾക്ക് ശേഷം ഈ നേരത്തൊന്ന് കാണാൻ പറ്റിയല്ലോ ”

അഭിരാമി കൊണ്ടുവന്ന വെള്ളം വാങ്ങിക്കൊണ്ട് അരവിന്ദനും പറഞ്ഞു. അത്താഴസമയത്ത് വിടർന്ന മുഖത്തോടെയിരുന്ന് കഴിക്കുന്ന അരവിന്ദനെയും ഗീതയേയും അജിത്ത് കൗതുകത്തോടെ നോക്കിയിരുന്നു.

” ഇപ്പൊ മനസ്സിലായോ ഞാൻ പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്ന് ഒരുപിടി ചോറ് കഴിച്ചപ്പോൾ തന്നെ ആ പാവങ്ങളുടെ സന്തോഷം കണ്ടോ. ഈ സന്തോഷങ്ങളൊക്കെയാണ് ആർക്കോ വേണ്ടി ഇത്ര നാളും അജിത്തേട്ടൻ നശിപ്പിച്ചു കളഞ്ഞത്. ”

അത്താഴം കഴിഞ്ഞ് പൂമുഖത്തിരുന്ന അവനരികിലേക്ക് വന്നുകൊണ്ട് അഭിരാമി പറഞ്ഞു. അവന്റെ ചിന്തകളും അപ്പോൾ അതൊക്കെ തന്നെയായിരുന്നു.

” ഞാനൊരു കാര്യം പറഞ്ഞാൽ അജിത്തേട്ടൻ അനുസരിക്കുമോ? ”

അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു.

” കാര്യം കേട്ടിട്ട് തീരുമാനിക്കാം അനുസരിക്കണോ വേണ്ടയോന്ന് ”

ചെറുചിരിയോടെ അവൻ പറഞ്ഞു.

” അജിത്തേട്ടനിങ്ങനെ കുടിച്ച് സ്വയം നശിക്കരുത്. നിങ്ങളാർക്ക് വേണ്ടിയാണോ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത് അവൾക്ക് ഇനി അജിത്തേട്ടൻ എങ്ങനെയായാലും ഒന്നുമില്ല. വേദനിക്കുന്നത് അജിത്തേട്ടന്റെ അച്ഛനുമമ്മയ്ക്കും മാത്രമാണ്. ഇനിയെങ്കിലും ഇങ്ങനെ സ്വയം നശിച്ച് ആ പാവങ്ങളെ വേദനിപ്പിക്കരുത്. ”

പറഞ്ഞിട്ട് മറുപടിക്ക് കാത്തുനിൽക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി. ഒരു ചെറുപുഞ്ചിരിയോടെ തെളിഞ്ഞ ആകാശത്തേക്ക് നോക്കി അവനിരുന്നു.

” നിനക്കിന്നിതെന്ത്‌ പറ്റി സാധാരണ നീ അടിച്ച് ഓഫാകേണ്ട സമയം കഴിഞ്ഞല്ലോ. എന്നിട്ടിന്ന് തൊട്ട് പോലും നോക്കിയില്ലല്ലോ ”

ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് കയ്യിലെ ബിയറൊന്ന് സിപ് ചെയ്തിട്ട് മനു ചോദിച്ചു.

” ഞാൻ നിർത്തിയെടാ ”

ടേബിളിലിരുന്ന ബിയർ ബോട്ടിൽ വെറുതേ കറക്കിക്കൊണ്ട് അജിത്ത് പറഞ്ഞു.

” ആഹാ എന്ത് പറ്റി പെട്ടന്ന് ? ”

മനു ചോദിച്ചു.

” അവൾ പറഞ്ഞതാണ് ശരി എന്നെ വേണ്ടാത്തവൾക്ക് വേണ്ടി ഞാനെന്തിനാ കുടിച്ച് നശിക്കുന്നത് ”
അജിത്ത്.

” അവളോ ഏതവൾ ? ”

അവന്റെ മുഖത്തേക്ക് നോക്കി മനു ചോദിച്ചു.

” അഭിരാമി ”

അവൾ പറഞ്ഞതൊക്കെ അവനോട് പറയുമ്പോൾ അജിത്തിന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചിരുന്നു.

” അളിയാ പെറ്റമ്മയുടെ കണ്ണീരുകൊണ്ട് പോലും നിർത്താൻ കഴിയാത്ത നിന്റെ വെള്ളമടി ഒറ്റദിവസം കൊണ്ട് നിർത്തിയ അവള് കൊള്ളാമല്ലോ ”

കയ്യിലെ ഗ്ലാസ് കാലിയാക്കി ഒരു ചിരിയോടെ മനു പറഞ്ഞു.

” അല്ലളിയാ പെട്ടന്നുള്ള നിന്റെയീ മാറ്റം കണ്ടിട്ട് ചോദിക്കുവാ അവളിനി നിന്റെ മനസ്സിൽ വല്ല പ്രേമത്തിന്റെ വിത്തും പാകിയോ ? ”

പുറത്തേക്കിറങ്ങുമ്പോഴുള്ള മനുവിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അജിത്തിന്റെ മറുപടി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

Share this story