നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 3

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ഞാൻ ഇല്ലാകഥ പറഞ്ഞതു അല്ല ഉണ്ണി. സത്യമാണ്. പക്ഷെ ആ കണ്ണുകൾ തുടിക്കുന്നത് അതൊരിക്കലും നിന്നെ കാണുമ്പോഴോ നിന്നോടുള്ള പ്രണയം കൊണ്ടോ അല്ല. യാമിനി…യാമി… അവന്റെ മനസ്സിലെ പ്രണയത്തിന് യാമിയുടെ മുഖം മാത്രമാണ്” അനന്തുവിന്റെ വാക്കുകൾ ഒരു ഇടുത്തി പോലെ അവളുടെ നെഞ്ചിൽ പൊട്ടി വീണു.

അനന്തു തുടർന്ന് കൊണ്ടിരുന്നു.

“നിനക്കു ഇനിയും സമയം വൈകിയിട്ടില്ല ഉണ്ണി. അവർ ഇതുവരെ പരസ്പരം തുറന്നു പറഞ്ഞിട്ടില്ല. യാമിയോ ഹർഷനോ പരസ്പരം തുറന്നു പറയും മുന്നേ നീ നിന്റെ മനസ്സു ഹർഷനെ അറിയിക്കണം. നിന്റെ മനസ്സു അവൻ കാണാതെ പോകരുത്. അവൻ എന്നും നിന്റെ നിഴലായ് മാത്രം നടക്കാൻ ആണ് ആഗ്രഹിക്കുന്നത്”

അനന്തുവിന്റെ വാക്കുകൾ ഒരു നിസ്സംഗതയോടെ മാത്രം അവൾ കെട്ടുനിന്നു. അവളുടെ മനസ്സു വേദനിക്കും മുന്നേ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. കാരണം അവളുടെ പ്രണയം മുഴുവൻ മിഴികളിൽ ആയിരുന്നല്ലോ ഒളിപ്പിച്ചിരുന്നത്. അവയ്ക്ക് അറിയാം വേദനയുടെ ആഴം. അതുകൊണ്ടായിരിക്കാം മനസു അറിയാതെ മിഴിനീർ തുളുമ്പിയത്.

“നീ വേഗം ഹർഷന്റെ അടുത്തേക്ക് ചെല്ലു. പ്രണയിക്കുന്ന പെണ്ണിനേക്കാൾ അവനു പ്രാധാന്യം എന്നും അവന്റെ കളികൂട്ടുകരി ഉണ്ണി മോൾക്ക്‌ തന്നെയാണ്. ഇപ്പോഴത്തെ ദേഷ്യത്തിനു യാമിയെ എന്താ ചെയ്യുമെന്ന് പറയാൻ കഴിയില്ല.”

അനന്തു പറഞ്ഞപ്പോൾ ആയിരുന്നു ഉണ്ണി അതിനെ കുറിച്ചു ചിന്തിച്ചത്. അവൾ വേഗം കണ്ണുകൾ തുടച്ചു കൊണ്ടു അനന്തുവിന് ഒരു പുഞ്ചിരിയും നൽകി ക്ലാസ്സിലേക്ക് ഓടി.
ക്ലാസ്സിലേക്ക് ഓടി കയറിയ ഉണ്ണി കാണുന്നത് യാമിയുടെ കവിളിൽ കുത്തി പിടിച്ചു നിൽക്കുന്ന ഹർഷനെ ആയിരുന്നു. ആ നിമിഷം അവന്റെ കണ്ണിൽ അവളോടുള്ള പ്രണയം കണ്ടില്ല. മറിച്ചു ഒരു തീ എരിയുന്നത് കണ്ടു. ദേഷ്യത്തിൽ അവൻ നിന്നു വിറക്കുന്നുണ്ടായിരുന്നു.

ഉണ്ണി വേഗം ചെന്നു ഹർഷന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു. ഹർഷൻ അവന്റെ ഉള്ള ശക്തിയും ആ കയ്യിൽ നിറച്ചു. ഉണ്ണി യാമിയെ നോക്കുമ്പോൾ വേദനകൊണ്ട് കണ്ണുനീർ ഒലിക്കുന്നുണ്ടായിരുന്നു. അതു കണ്ടിട്ടു പോലും ഹർഷന്റെ മനസു അലിഞ്ഞില്ല. ഉണ്ണി ശക്തിയിൽ പിന്നെയും അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ദേഷ്യത്തിൽ അവന്റെ തോളിൽ പിടിച്ചു തള്ളി. ഹർഷന്റെ കൈ പെട്ടന്ന് അയഞ്ഞു. അവൻ ഒന്നു വെച്ചുപോയി ഉണ്ണി തള്ളിയപ്പോൾ.

“നിനക്കു എന്താ ഭ്രാന്തു പിടിച്ചോ ഹർഷാ. നീ എന്താ ഈ കാണിക്കുന്നെ.”

ഉണ്ണി ദേഷ്യത്തോടെ അവന്റെ തോളിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ടു പറഞ്ഞു.

“ഇവളോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് നിന്റെ പുറകെ നടന്നു ഇങ്ങനെ ഉപദ്രവിക്കരുതെന്നു. അവസരങ്ങൾ തട്ടി എടുക്കാൻ ശ്രമിക്കരുതെന്നു.കേൾക്കുന്നില്ല ഈ മോള്. അപ്പോ പിന്നെ ഞാൻ എന്ത് ചെയ്യണം”

ഹർഷൻ ദേഷ്യം കൊണ്ടു അലറുകയാണെന്നു തോന്നിപ്പോയി.

യാമി തന്റെ കവിളുകൾ തലോടി കൊണ്ടിരുന്നു. അടി കിട്ടിയപോലെ പുകയുന്നുണ്ടായിരുന്നു അവളുടെ കവിളുകൾ. ഹർഷനെയും ഉണ്ണിയേയും ദയനീയമായി നോക്കി. എന്തുകൊണ്ടോ യാമിയുടെ നോട്ടത്തിൽ അവന്റെ മനസൊന്നു പതറി. ആ പതറിച്ച അവന്റെ ശരീരഘടനയിലും പ്രതിഫലിച്ചു. യാമിയുടെ നോട്ടത്തെ നേരിടാൻ ആകാതെ ഹർഷൻ തിരിഞ്ഞു നിന്നു. ഈ സമയം അത്രയും ഉണ്ണി ഹർഷനെയും യാമിയെയും നോക്കി കാണുകയായിരുന്നു. അനന്തു പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ. അനന്തു പറഞ്ഞതു ഒരു നിമിഷത്തേക്ക് സത്യമെന്ന് ഉണ്ണിക്ക് തോന്നി പോയി. യാമിയുടെ നോട്ടത്തിൽ ഹർഷന്റെ പതർച്ചയും… നിനക്കു എന്നെ ഒരു തരി പോലും വിശ്വാസമില്ലാ അല്ലെ എന്ന യാമിയുടെ ദയനീയ ഭാവം അവനിൽ ഉണ്ടാക്കുന്ന വിറയൽ… എല്ലാം.

യാമി കണ്ണുകൾ തുടച്ചുകൊണ്ടു ബാഗ് എടുത്തു പുറത്തേക്കു നടന്നു.

യാമി ക്ലാസ്സിൽ നിന്നും പോകുന്നത് ഉണ്ണി നോക്കി നിന്നു. പിന്നീട് ഹർഷനെ നോക്കി പേടിപ്പിച്ചു. “നീയെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ” ഹർഷനും പറഞ്ഞു കൊണ്ട് ബാഗും എടുത്തുകൊണ്ടു പുറത്തേക്കു പോയി. ഉണ്ണി അപ്പോഴും സംശയിച്ചു നിന്നു. തന്റെ സംശയങ്ങൾ ശരിയായിരുന്നു. അനന്തു പറഞ്ഞതു അത്രയും സത്യം ആണെന്ന്. തന്റെ ഉള്ളിലുള്ള ഇഷ്ടത്തെ എന്തു ചെയ്യണം . അവൻ അറിയാതെ പോകണോ. അല്ലെങ്കിൽ പറയണോ. പലതരം ചിന്തകൾ കൊണ്ടു അവളുടെ തല പെരുക്കുംപോലെ തോന്നി.

കോളേജ് വിട്ടു തിരികെ പോകുന്ന വഴിയിൽ എല്ലാം ഉണ്ണി വളരെ മൂകയായി ഇരുന്നു. അപ്പോഴും അവളുടെ ചിന്തകൾ കാട് കയറുന്നത് ആയിരുന്നു. ഇതിൽ ഹർഷനെ തെറ്റു പറയാൻ കഴിയുമോ. ഒരിക്കലും ഇല്ല. അച്ചന്മാർ തമ്മിൽ അങ്ങനെ ഒരു വാക്ക് ഉറപ്പിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു. യാദൃശ്ചികമായി അവരുടെ സംഭാഷണത്തിൽ നിന്നും ആയിരുന്നു താൻ അതു കേട്ടത്. ഞങ്ങൾ മനസോടെ പറയുന്നതും കാത്തിരിക്കുകയാണ് എല്ലാവരും. ഉണ്ണി ഹർഷനു ഉള്ളതാണെന്ന് മുന്നേ പറയാതെ ഇരുന്നത് അതു ചിലപ്പോ ഒരു പക്ഷെ ജീവിതം അടിച്ചേൽപ്പിക്കുന്ന പോലെ തോന്നാതെ ഇരിക്കാൻ വേണ്ടിയായിരുന്നു. പക്ഷെ അവർക്ക് അറിയില്ല ഹർഷനു ഞാൻ എന്നും ഒരു ആത്മമിത്രം മാത്രം ആണെന്ന്. ഒരു ആണിനും പെണ്ണിനും ഒരു ജീവിതം മുഴുവൻ കൂട്ടുകാരായി ഇരിക്കാൻ കഴിയുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കാം എന്നു ഹർഷൻ ഇടക്കിടക്ക് പറയാറുണ്ട്. ആ ഞാൻ എന്റെ ഇഷ്ടം അവനോടു പറഞ്ഞാൽ അവനെ തോല്പിക്കും പോലെ ആകില്ലേ… വേണ്ട… അതൊരിക്കലും വേണ്ട. എങ്കിലും അനന്തു പറഞ്ഞതു ശരിയല്ലേ. എന്റെ മനസ്സ് അവൻ അറിയാതെ പോകരുത്. പറയണം എല്ലാം…എന്റെ പ്രണയം…എന്റെ ക്യാൻവാസിൽ വിരിയുന്ന നിറങ്ങൾ നിന്നോടുള്ള പ്രണയം ആണെന്ന്…
എനിക്കും ഹർഷനോട് എന്നുമുതൽ ആയിരുന്നു ഇഷ്ടം തോന്നി തുടങ്ങിയത്. ഒരു പക്ഷെ അവൻ എനിക്കുള്ളത് ആണെന്നുള്ള അച്ഛന്മാരുടെ സംഭാഷണത്തിൽ നിന്നാകാം. അന്നുവരെ അവനെ ഞാനും എന്റെ കൂട്ടുകാരനെപോലെ മാത്രേ കണ്ടിട്ടുള്ളു…സ്നേഹിച്ചിട്ടുള്ളൂ. അതിനു ശേഷം ആയിരുന്നു അവന്റെ നോട്ടങ്ങളും വാക്കുകളും കേയറിങ്ങും എല്ലാം പ്രണയത്തിന്റെ ഭാവത്തിലേക്കു ഒഴുകിയത്.

പക്ഷെ ഇന്ന് വരെ…. ഈ നിമിഷം വരെ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ തെറ്റായ ഒരു സ്പർശനം പോലും അവനിൽ നിന്നും എനിക്ക് ഉണ്ടായിട്ടില്ല. കൂടെ തന്നെ ഉണ്ടാകും ഒരു നിഴലുപോലെ. എന്തുകൊണ്ട അവൻ ഇത്രമാത്രം കരുതൽ എനിക്ക് തരുന്നതെന്നു ഇതുവരെ അറിയില്ല. ഞാൻ അത്രയും പ്രിയപ്പെട്ടതാണ് അവനു. ആ ഞാൻ തന്നെ അവനെ തോല്പിക്കും പോലെ ആകുമോ സത്യം പറഞ്ഞാൽ…എങ്കിലും പറയണം… മറുപടി എന്താകുമെന്നു ഊഹിക്കാം അതിനു ശേഷം എന്റെ മനസ്സിൽ ഞാൻ അറിയാതെ കിളിർത്തത് വേരോടെ തന്നെ പിഴുതെറിയണം. ഇത്രയും നാളുകൾ ഞാൻ അവനെ പോയ്‌മുഖം കാണിച്ചു ചതിക്കുകയായിരുന്നല്ലോ. ശ്രമിക്കണം എല്ലാം മറക്കാൻ. അവൻ പറഞ്ഞപോലെ അവന്റെ കൂട്ടുകാരിയായി ഇരിക്കണം. അതുമതി. എന്റെ നിഴലുപോലെ അവൻ എന്നോണം അവന്റെ നിഴലായ് ഞാനും മാറണം… ആത്മസൗഹൃതം ആയി ….

പെട്ടന്ന് ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി ഹർഷന്റെ ചുമലിൽ ഇടിച്ചു നിന്നപ്പോൾ ആയിരുന്നു ഉണ്ണി സ്വബോധത്തിലേക്കു ഉണർവ് കിട്ടിയത്.

“എന്താടാ മരപ്പട്ടി….മനുഷ്യനെ പേടിപ്പിക്കാൻ” ഉണ്ണി അവന്റെ പുറം വഴി നല്ലൊരു ഇടി പാസ് ആക്കി.

“നീ അവിടെ ബോധത്തിൽ ഉണ്ടായിരുന്നോ. ഞാൻ കുറെ ആയി നിന്നോട് ഓരോന്ന് ചോദിക്കുന്നു. മറുപടി ഒന്നും കിട്ടിയില്ല. ഇറങ്ങി ഓടി പോയോ എന്നറിയാൻ വണ്ടി നിർത്തി നോക്കിയതാ…” അവൻ കൈ എത്തിച്ചു പുറം തടവി കൊണ്ടു പറഞ്ഞു. “ഓഹ്… മനുഷ്യന്റെ ജീവൻ പോയെടി പിശാശ്ശേ”

ഉണ്ണി ഒന്നു ചിരിച്ചു കൊണ്ട് പതുക്കെ പുറം തടവി കൊടുത്തു.
“ഹർഷാ”

“ഉം”

“ഹർഷാ”

“എന്താടി മാക്രി” അവൻ ആക്കി പറഞ്ഞു.

“അതേ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തല്ലുണ്ടാക്കുമോ നാളെ കോളേജിൽ പോയി.”

“പറച്ചിൽ കേട്ടപ്പോ തന്നെ മനസ്സിലായി തല്ലുണ്ടാക്കാൻ ഉള്ള വകുപ്പ് ഉണ്ടെന്നു. അതുകൊണ്ടു നീ കാര്യം മാത്രം പറഞ്ഞാൽ മതി” ഹർഷൻ അവളെ കൂർപ്പിച്ചു നോക്കി കൊണ്ടു പറഞ്ഞു.

ഉണ്ണി ഒരു നിമിഷം നിശബ്ദയായി നിന്നു.

ഹർഷൻ അവളുടെ നിൽപ്പു കണ്ടുകൊണ്ടു വലതു കൈയിൽ പിടിച്ചു. “പറയു” വളരെ ശാന്തമായിരുന്നു ആ നിമിഷത്തിൽ അവൻ.

ജീവൻ ആണ് തന്നെ ലാബിലേക്ക് വിട്ടത് എന്നും പുറത്തു നിന്നു പൂട്ടിയത് അവൻ തന്നെയാകാം മെന്നും അവൾ പറഞ്ഞു. ആ നിമിഷത്തിൽ ഹർഷന്റെ മനസ്സിൽ മിന്നി മറഞ്ഞത് യാമിയുടെ മുഖം ആയിരുന്നു. തെറ്റു പറ്റി തനിക്കു. അവന്റെ മുഖത്തു ഒരു നിരാശയോ വിഷമമോ എന്തൊക്കെയോ പടർന്നു പന്തലിക്കാൻ തുടങ്ങി. അതു മനസിലാക്കിയെന്നോണം ഉണ്ണി അവന്റെ രണ്ടു കൈകൾ ചേർത്തു പിടിച്ചു പറഞ്ഞു” യാമിയെ കുറിച്ചു അല്ലെ നിന്റെ ആലോചന. സാരമില്ല നാളെ നീ അവളോട്‌ ഒരു ക്ഷമ പറയണം. അത്രേയുള്ളൂ.” അവൾ ചിരിച്ചു കൊണ്ട് ഹർഷന്റെ കവിളിൽ പിടിച്ചു വലിച്ചു.
ഹർഷനും ഒന്നു മന്ദഹസിച്ചു.

അവൻ തിരികെ വണ്ടിയിൽ കയറി യാത്ര തുടർന്നു വീട്ടിലേക്കു.

“ഹർഷാ”

“ഇനി എന്താ ഉണ്ണി മോളെ”

“നീ എന്നോട് പറയാത്തത് ആയി എന്തെങ്കിലും ഉണ്ടോ”

ഹർഷൻ ആകെ പകപ്പോടെ ഇരിക്കുന്നത് മിററിൽ കൂടി ഉണ്ണി കണ്ടു. കണ്ണുകളിലെ ഞെട്ടലും ഉമിനീർ ഇറക്കലും എല്ലാം കള്ളത്തരത്തിന്റെ ബാക്കി ആയി അവൾക്കു തോന്നി. അവന്റെ നിശ്ശബ്ദതതയെ ഭേദിക്ക. അവളും ആഗ്രഹിച്ചില്ല. പിന്നീട് ഉണ്ണി ഒന്നും അവനോടു ചോദിച്ചതുമില്ല.

എന്നും കോളേജ് വിട്ടുവന്നാൽ ക്ലബ്ബിൽ പോകാറുണ്ട് ഹർഷൻ. അവിടെയുള്ള ലൈബ്രറിയിൽ വായനയിൽ ഇരിക്കും. മിക്കപ്പോഴും ബാലുവും കൂടെ കാണും. ക്ലബ്ബിൽ പോയി തിരിച്ചു വരുമ്പോൾ ബാലു ആയിരുന്നു ഹർഷന്റെ വണ്ടി എടുത്തത്. ഹർഷൻ ബാലുവിന്റെ പുറകിൽ ഇരുന്നു അവനോടു വാ തോരാതെ വിശേഷങ്ങൾ പറയുന്നുണ്ട്. ഹർഷന്റെ വീടിന്റെ മുറ്റത്തേക്ക് വണ്ടി കേറ്റിയതും ബാലുവിന്റെ കൈകൾ വിറച്ചു. അവന്റെ ആ വിറയൽ വണ്ടിയുടെ ഹാൻഡിൽ കണ്ടു.
“നീയെന്താ ഇവിടെ വണ്ടി നിർത്തിയത്.. കേറ്റി നിർത്തമായിരുന്നില്ലേ” ഹർഷൻ ചോദിച്ചു ഇറങ്ങുമ്പോഴേക്കും ബാലു വണ്ടി നിർത്തി താക്കോൽ അവനെ ഏൽപ്പിച്ചു പോകുകയാണെന്ന് പറഞ്ഞു.

“എന്താടാ … അച്ഛനെ കാണാൻ വന്നത് അല്ലെ നീ. കുറച്ചു കഴിഞ്ഞു കഞ്ഞി കുടിച്ചു പോകാം”

ഹർഷൻ പലതും പറഞ്ഞു നോക്കിയെങ്കിലും ബാലു വേഗം സ്ഥലം വിട്ടു. അവൻ പൂമുഖത്തേക്കു കയറുമ്പോൾ പാറു ഉണ്ടക്കണ്ണും ഉരുട്ടി നിൽക്കുന്നു

“അവന്റെ ഓട്ടത്തിന്റെ കാരണം ഇപ്പൊ അല്ലെ മനസിലായത്” ഹർഷൻ മനസിൽ പറഞ്ഞു കൊണ്ടു ചിരിച്ചു.

“ബാലു ഏട്ടൻ എന്താ കേറാതെ പോയത്”

“ആ എനിക്ക് എങ്ങനെ അറിയാം. ഉമ്മറത്തേക്കു വരും വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. പെട്ടന്ന് ഏതോ യക്ഷിയെ കണ്ടു പേടിച്ചപോലെയ അവൻ ഓടിയത്”

അവൾ ദേഷ്യത്തിൽ കണ്ണും ചുവപ്പിച്ചു നിന്നു.

“പേടിപ്പിക്കാതെ എന്റെ പാറുവമ്മ യക്ഷിയെ” പാറുവിന്റെ മൂക്കു പിടിച്ചു വലിച്ചു അവൻ വീട്ടിലേക്കു കയറി പോയി. പാറുവിന്റെ കണ്ണുകൾ നിറഞ്ഞു തൂവി എന്തിനെന്നറിയാതെ.

പിറ്റേന്ന് ക്ലാസ്സിലേക്ക് പോകും വഴി ഉണ്ണി ഹർഷനെ ഓർമിപ്പിച്ചു യാമിയോട് ക്ഷമ പറയുന്ന കാര്യം.

“ഈ ഹർഷൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനു ക്ഷമ പറയാനും ഒരു മടിയുമില്ല. നിനക്കു അറിയാലോ അതു.”

“എനിക്കറിയാടാ” ഉണ്ണി ചിരിച്ചുകൊണ്ട് അവന്റെ കൈകളിലും പിടിച്ചു ക്ലാസ്സിലേക്കുനടന്നു.

അവർ ഇരുവരും ക്ലാസ്സിലേക്ക് കയറുമ്പോൾ യാമിയും വേറെ ഒന്നും രണ്ടു കുട്ടികളും മാത്രേ ഉണ്ടായിരുന്നുള്ളു. ഹർഷൻ യാമിയെ ഒന്നു നോക്കി. അവൾ പുസ്തകത്തിലേക്കു തല കുമ്പിട്ടു ഇരിക്കുകയായിരുന്നു.അവൻ ബാഗ് അവന്റെ സീറ്റിലേക്ക് വച്ചു കൊണ്ടു യാമിയുടെ അടുത്തേക്ക് ചെന്നു. അവളുടെ ഡെസ്കിൻ അടുത്തേക്ക് ചെന്നു കൈകൾ കുത്തി അവളെ വിളിച്ചു.
“യാമി”
അവൾ തല ഉയർത്തി നോക്കി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.ഹർഷൻ പെട്ടന്ന് അവന്റെ മിഴികളെ പിൻ വലിച്ചെങ്കിലും യാമിയുടെ മിഴികൾ അവനിൽ തന്നെ ഊന്നി നിന്നു. ഉണ്ണിയുടെ കൈകൾ അവന്റെ തോളിൽ സ്പർശിച്ചു. അവൻ ഒന്നു തിരിഞ്ഞു ഉണ്ണിയെ നോക്കി.

“യാമി… എന്നോട് ക്ഷമിക്കണം. ഇന്നലെ കാര്യം അറിയാതെ ഞാൻ ഒരുപാട് ദേഷ്യപ്പെട്ടു. ജീവൻ ആയിരുന്നു ഉണ്ണിയെ ലാബിലേക്ക് പറഞ്ഞു വിട്ടത്. സത്യം അറിഞ്ഞത് വൈകിയായിരുന്നു. ”

അത്രയും പറഞ്ഞു അവളുടെ ഒരു മറുപടിക്കായി ഒരു നിമിഷം യാമിയെ കാത്തു നിന്നു. ഒരു ദീർഘശ്വാസം മാത്രേ അവളിൽ നിന്നും ഉയർന്നുള്ളൂ. അവൻ തിരിഞ്ഞു നടന്നു ഒപ്പം ഉണ്ണിയും.

“ഉണ്ണിമോളെ …. ഒരു നിമിഷം” ശബ്‌ദം കേട്ട ഭാഗത്തേക്ക് ഹർഷനും ഉണ്ണിയും നോക്കെ യാമി ആയിരുന്നു. അവൾ പതുക്കെ അവർക്കടുത്തേക്കു നടന്നടുത്തു. ഹർഷനിൽ മിഴികൾ ഊന്നി കുറച്ചു നിമിഷങ്ങൾ…പിന്നീട് ഉണ്ണിക്ക് നേരെ തിരിഞ്ഞു.

“ഹർഷൻ അല്ലാതെ നിന്നെ വേറെ ആരും ഉണ്ണിമോളെ എന്നു വിളിക്കില്ല എന്നെനിക്കു അറിയാം. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. ” പിന്നീട് അവൾ പറഞ്ഞതു ഉണ്ണിയോട് ആണെങ്കിലും മിഴികൾ ഹർഷനിൽ ആയിരുന്നു.

“കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആയി ഞാൻ ഹർഷനെ പ്രണയിക്കുന്നു. സാധാരണ കോളേജ് ലൈഫിൽ ഉണ്ടാകുന്ന ഒരു പൈങ്കിളി പ്രണയം അല്ല അതു. എന്റെ ജീവനേക്കാൾ ഏറെ.. പലപ്പോഴും ഹർഷൻ അതു മനസ്സിലാക്കിയിട്ടുണ്ട് എന്നു തന്നെ എനിക്കറിയാം. ഹർഷനെ കാണുമ്പോൾ എന്റെ കണ്ണുകളിലെ തിളക്കം അതു ഹർഷനു നന്നായി അറിയാം. ” ഉണ്ണിക്ക് നേരെ തിരിഞ്ഞു”ഒരിക്കലും നിന്നോട് മത്സരിക്കാൻ അല്ല ഞാൻ ശ്രമിച്ചിരുന്നത്. ഹർഷനോട് അടുക്കാൻ ഒരു അവസരം. അതിനു വേണ്ടി മാത്രം ആയിരുന്നു. എന്നോട് ദേഷ്യപ്പെടാൻ ആയിട്ടെങ്കിലും അടുത്തു വരുമല്ലോ അതിനു വേണ്ടി. എനിക്കറിയാം ഹർഷന്റെ ജീവിതത്തിൽ നിനക്കുള്ള സ്ഥാനം. അവന്റെ ജീവിതത്തിലെ ഏത് തീരുമാനത്തിന്റെയും അവസാന വാക്കു അവന്റെ ഉണ്ണിമോളുടെ ആണെന്ന്…”യാമി ഒന്നു നിർത്തി. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു ഉണ്ണിയുടെ രണ്ടു കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു “ഒന്നു പറയോ ഹർഷനോട് എന്നെ ഒന്ന് സ്നേഹിക്കാൻ. ഞാൻ അത്രക്കും സ്നേഹിച്ചു പോയി… നീ പറഞ്ഞാൽ കേൾക്കും എനിക്ക്…എനിക്കു ഉറപ്പാണ്…പ്ളീസ് ഉണ്ണി..ഒന്നു പറയുമോ”

ഉണ്ണി എന്തു മറുപടി പറയും എന്നറിയാതെ ഹർഷനെ നോക്കി. അവനും സ്തംഭിച്ചുള്ള നിൽപ്പു തന്നെയാണ്.

മൗനത്തിന്റെ അകമ്പടിയോടെ കുറെ നിമിഷങ്ങൾ കടന്നുപോയി. അതേ നിൽപ്പു അവർ തുടർന്നു. ഒടുവിൽ ഹർഷൻ തന്നെ മുന്നോട്ടു വന്നു യാമിയുടെ അടുത്തു നിന്നു.

“യാമി…എനിക്ക് അറിയാമായിരുന്നു നിനക്കു എന്നോട് ഒരു ഇഷ്ടം ഉണ്ടെന്നു. പക്ഷെ അത് എത്രത്തോളം സത്യസന്ധമായി ഉള്ളത് ആണെന്ന് എനിക്ക് അറിയണം. അതിനു ഒരു കണ്ടിഷൻ മാത്രേ എനിക്കുള്ളൂ. അതിനു നിനക്കു സമ്മതം ആണെങ്കിൽ മാത്രം ഞാൻ നിന്റെ പ്രണയത്തെ സ്വീകരിക്കും.”

ഉണ്ണി ചെറിയ ഒരു പകപ്പോടെ ഹർഷനെ നോക്കി. തന്റെ പ്രതീക്ഷകൾ ഇവിടെ അസ്തമിച്ചു. താൻ അവനു ആത്മമിത്രം മാത്രം. ഉണ്ണിയുടെ കണ്ണുകളിലെ നീർത്തുള്ളികൾ പിടിച്ചു കെട്ടാൻ അവൾ വ്യഗ്രതയോടെ ശ്രമിച്ചു കൊണ്ടിരുന്നു.

“എന്റെ നല്ല പാതിയായി എന്റെ ഇടം കയ്യിൽ നിന്റെ വലം കൈ ചേർക്കുമ്പോൾ എന്റെ വലം കയ്യിൽ ദാ എന്റെ കൂട്ടുകാരിയുടെ വലം കയ്യും ഭദ്രമായി ഉണ്ടാകും.ഉണ്ണിമോൾ എന്നും എന്റെ നിഴലായി കൂടെയുണ്ടാകും. അതുപോലെ ഞാൻ അവളുടെ നിഴലായും. ഞങ്ങളുടെ ബന്ധത്തിൽ ഒരു തരിമ്പു പോലും സംശയം ഇല്ലാതെ നിനക്കു എന്റെ കൂടെ ജീവിക്കാം എന്നു ഉറപ്പുണ്ടെങ്കിൽ മാത്രം…നിന്റെ പ്രണയത്തെ സ്വീകരിക്കാം”

ഹർഷൻ തന്റെ ഇടതു കൈ യാമിക്കു നേരെ നീട്ടി. യാമി ഒരു നിമിഷം സംശയിച്ചു നിന്നു. ഒരു നോട്ടം ഉണ്ണിക്ക് നൽകി. ആ ഒരു നോട്ടത്തിൽ യാമി പലതും ഉണ്ണിയോട് പറയുന്നുണ്ടായിരുന്നു.

യാമിയുടെ ആ ഒരു നോക്കിൽ ഒരു മിന്നൽ പിണർ ഉണ്ണിയുടെ നെഞ്ചിൽ ഉണ്ടാക്കി.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 3

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

Share this story