തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 6

നോവൽ: ഇസ സാം

അപ്പനോടൊപ്പം തിരിച്ചു വീട്ടിലേക്കു വരുമ്പോഴും എന്റെ മനസ്സ് ആ പജേറോയുടെ പുറകെ പോയി……എബി ഞാൻ ഒറ്റയ്ക്ക് പോവുന്നത് കണ്ടു വന്നതാവും…. എന്റെ മമ്മയുടെ ഓർമ്മദിവസം ഞാൻ അവനെ ഓർക്കുമായിരുന്നു…പുച്ഛത്തോടെ…പക്ഷേ ഇപ്പൊ….ഒരു പുഞ്ചിരിയോടെ മാത്രമേ എനിക്കവനെ ഓർക്കാൻ കഴിയുള്ളൂ…….അവൻ അവസാനം എന്നെ എന്തിനാ ചന്ദ്രി എന്ന് വിളിച്ചത്….ഇന്നത്തെ ദിവസം മുഴുവൻ ആലോചിച്ചപ്പോ…..എനിക്ക് വല്ലാതെ വേദന തോന്നി…ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ആ മോൾക്ക് അങ്ങനെ പറ്റിയല്ലോ….എന്തിനാ മനുഷ്യർക്ക് അത്രയും ക്രൂരമായ മനസ്സു കൊടുക്കുന്നത്….ചിന്താമഗ്നയായി പുറത്തേക്കു നോക്കിയിരിക്കുന്ന എന്നെ നോക്കി അപ്പൻ….. “എന്താ സാൻഡി മുഖം വലാതിരിക്കണെ…… മോൾക്കു വയ്യായ്ക ഉണ്ടോ…..” “ഒന്നുമില്ലാ അപ്പാ…… ആ മോള്…….എന്നാ ചെയ്യും….” ഞാൻ ചോദിച്ചു. “ആ മോൾക്ക് എന്നതാ ഒന്നുമില്ല………

ഒരു പട്ടി കടിച്ചു…കുറച്ചു ദിവസം മരുന്ന് കഴിക്കും…മുറിവൊക്കെ പോവും….പിന്നീട് നല്ല സന്തോഷത്തോടെ പഴയ പോലെ ജീവിതത്തിലേക്ക് വരും…..അത്രേയുള്ളൂ…….” അപ്പൻ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു. “ഇതൊക്കെ ഓർമ്മ ഉണ്ടാവില്ലേ അപ്പ…… ” എനിക്കാ ആ കാഴ്ച കണ്ണിൽ നിന്ന് മറയുന്നുണ്ടായിരുന്നില്ല. “ആ ദുഷ്ടൻ മയക്കിയിട്ടാ…….അതുകൊണ്ടു ഒക്കെ മറന്നിട്ടുണ്ടാവും…..നീ അത് വിട്ടേക്കു……..പിന്നെ ആ പയ്യനും നീയും കൂട്ടായോ…..” അപ്പൻ എന്നെ നോക്കി പുരികം പൊക്കി ചോദിച്ചു…….വിഷയം മാറ്റാനായി….. “ആ…..കൂട്ടായി വരുന്നു…..” ഞാൻ ഒരു ചിരിയോടെ പറഞ്ഞു. അപ്പൻ ചിരിയോടെ തലകുലുക്കി. “എന്താ അപ്പാ അവന്റെ അപ്പൻ വരാത്തെ……… അത്രയും വലിയ ചേട്ടനോ അവനു…..?” അവനെ അവഗ്‌ഞയോടെ നോക്കിയത് എനിക്കോർമ്മ വന്നു…..എബിയുടെ മുഖത്തു നിറഞ്ഞ അപമാനവും ഓർമ്മ വന്നു. “അവന്റെ അപ്പന്റെ രണ്ടാം കെട്ടിലെയാ എബി….. ആദ്യ ഭാര്യയുടെ മക്കളാ സെബാനും അലക്സിയും…..അവരുടെ ‘അമ്മ മരിച്ചപ്പോ അയാള് രണ്ടാമത് കെട്ടിയതാ….. മൂത്ത മക്കളൊക്കെ പെണ്ണുകെട്ടാറായപ്പോഴാ ചാക്കോ രണ്ടാമത് കെട്ടിയതു….ആ അനിഷ്ടം മക്കൾക്ക് ഉണ്ട് …..എബിയോടും….അവന്റെ അമ്മയോടും……..” ഞാനവന്റെ അമ്മയെ ഓർത്തെടുക്കുവായിരുന്നു…

നല്ല വെളുത്തു മാലാഖയുടെ മുഖമുള്ള ഒരു സ്‌ത്രീ…..അപ്പനിൽ നിന്ന് എബിയുടെ വീട്ടിലെ അന്തരീക്ഷം എനിക്ക് കുറച്ചൊക്കെ മനസ്സിലായി…. “അപ്പനെന്താ അമ്മച്ചി പോയപ്പോ വേറെ കെട്ടാത്തെ……?” ഞാൻ അപ്പനോട് കൊഞ്ചിക്കൊണ്ടു ചോദിച്ചു….. “അതോ….അത് നിന്നെ പേടിച്ചിട്ടു…” പുള്ളി ചിരിയോടെ പറഞ്ഞു….. “എന്നെയോ…….എന്നാത്തിനാ….” ഞാൻ ഞെട്ടി ചോദിച്ചു. “നീ പാവം എന്റെ സുന്ദരി ഭാര്യയും മക്കളെയും ഓടിക്കില്ലേ ……നിന്റെ സാൻഡ്ര കോട്ടയിൽ നിന്ന്……..” അപ്പനാണേ …എനിക്കിട്ടു താങ്ങിയതാ…എന്നിട്ടു വലിയ വായിൽ ചിരിക്കുന്നു.. “.അയ്യടാ…..ഒരു സുന്ദരൻ വന്നിരിക്കുന്നു…….. എന്റെ പാവം മമ്മയ്ക്കു ഒരബദ്ധം പറ്റിയെന്നും പറഞ്ഞു…..നാട്ടിലെ എല്ലാ പെണ്ണുങ്ങൾക്കും അബദ്ധം പറ്റുവോ…..” ഞാൻ അപ്പനെ നോക്കി ചുണ്ടു കൊട്ടി …. . ഞങ്ങളുടെ വലിയ ചുറ്റു മതിലുള്ള ചുറ്റും റബ്ബറും മറ്റു മരങ്ങളും കൊണ്ട് ചുറ്റപ്പെട്ട…ഞങ്ങളുടെ വീടിനു അപ്പനും മമ്മയും കൂടെ ഇട്ട പേരായിരുന്നു. സാൻട്ര സ് കാസ്സിൽ…… സാൻഡ്രയുടെ കോട്ട…..

കൊച്ചിൽ എന്ത് മാത്രം കളിയാക്കൽ കേട്ടിട്ടുണ്ട് എന്നോ…ഗേറ്റിനടുത്തു വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്…… ഞാൻ ഇപ്പൊ അഡ്രസ് എഴുതുമ്പോ…വീടിന്റെ പേര് വെക്കാറില്ല….പേര് മാറ്റാൻ ഒരിക്കൽ പറഞ്ഞപ്പോ അപ്പൻ ഭയങ്കര ശോകായിരുന്നു…മമ്മയുടെ ഓർമ്മകളാത്രേ……പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല….. ലേശം പിരി അയഞ്ഞ ടീമാണ് അപ്പനും മമ്മയും എന്ന് ഇപ്പോൾ മനസ്സിലായില്ലേ……ആരെങ്കിലും കോട്ട എന്നൊക്കെ വീടിന് പേരിടുമോ… പക്ഷേ ഇന്ന് ആ കോട്ട തരുന്ന സുരക്ഷിതത്വവും സമാധാനവുമുണ്ടല്ലോ വേറെ എങ്ങും എനിക്ക് കിട്ടീട്ടില്ല…. ഈ കോട്ടയുടെ ഒരോ ഇഷ്ടികയിലും മുക്കിലും മൂലയിലും അപ്പന് മമ്മയുടെ ഓർമ്മകൾ ആണ് എന്ന് പറയും…..അന്ന് അത് എനിക്ക് അനുഭവപ്പെട്ടില്ല… ഇന്ന് ഞാനറിയുന്നു ഒരോ മണൽ തരികളിലും കോണിലും എല്ലാം എന്റെ അപ്പന്റെ മണമാണ് ശബ്ദമാണ്…ഓർമമകളാണ്…….ആരും ഇല്ലെങ്കിലും ഓർമ്മകളിൽ ജീവിക്കാനും കൂടെ എന്നെ പഠിപ്പിച്ചിട്ടാണ് അപ്പൻ പോയത്…..

പിന്നീട് രണ്ടു ദിവസം ഞാൻ സ്കൂളിൽ പോയില്ല….അപ്പന്റെ ചുണകുട്ടി ആയി ആഞ്ഞു സൈക്കിൾ ചവുട്ടിയതല്ലേ. കാലുകൾ അനക്കാൻ മേലായിരുന്നു….. അപ്പൻ എനിക്ക് ഒരു ഒബിലും വാങ്ങി തന്നു…..ഇനി ഇങ്ങനെ എന്തെങ്കിലും കണ്ടാൽ പോലീസിൽ വിളിച്ചു പറഞ്ഞോളണം…..ഇതുപോലെ പോയേക്കരുത് എന്ന് പറഞ്ഞു…വലിയ ഒരു കാര്യം പോലെ പറഞ്ഞു…. “ഇതാ ഇപ്പൊ വലിയകാര്യം….ഇത് എന്നോട് അന്ന് രാത്രി തന്നെ എബി പറഞ്ഞല്ലോ……” ഞാൻ അപ്പനോട് പറഞ്ഞു…അപ്പൻ എന്നെ ഒന്ന് പുരികം പൊക്കി നോക്കി…ഞാൻ ചെറുതായിട്ട് പരുങ്ങാൻ തുടങ്ങിയിരുന്നു.. “ഈ പ്രായം നല്ലതാ……” അപ്പന്റെ ആത്മഗതമാണു…ഞാൻ കേട്ടു….. “എന്ത് പ്രായം……അങ്ങനൊന്നുമില്ല…….” ഞാൻ പറഞ്ഞു….. “എങ്ങനയൊന്നുമില്ല എന്ന്…… ?” അപ്പനാണേ….പെട്ടോ കർത്താവേ… “ഓ….ഒന്നുമില്ല എന്റെ അപ്പയെ…….” ഞാൻ കൈകൂപ്പി പറഞ്ഞിട്ട് വേഗം മുറിയിലെത്തി……. വാതിലടച്ചു…..പഠിക്കാനുള്ള പുസ്തക എടുക്കുമ്പോഴും എന്നിൽ ഒരു ചിരി ഉണ്ടായിരുന്നു. പ്രണയം എല്ലാവരിൽ വിരിയിക്കുന്ന ചിരി…എന്നാലും സാൻഡി നീ ഇത്ര പെട്ടന്ന് മാറിയോ…

ഒരൊറ്റ നിമിഷം കൊണ്ട് ഇങ്ങനെ പ്രണയം തോന്നുമോ… അതും ദേഷ്യത്തിൽ വഴക്കു പറഞ്ഞപ്പോൾ… കേട്ടാൽ എല്ലാരും എന്താ പറയുക….അതിനു ഞാൻ ആരോടാ പറയാൻ പോവുക……ആരോടും പറയില്ല……ഞാൻ വേഗം എണീറ്റ് കണ്ണാടിയിൽ നോക്കി………കണ്ണടച്ച് ഒന്ന് എബിയെയും സങ്കല്പിച്ചു നോക്കി…. നല്ല വെളുത്തു സുന്ദരനായ എബിയും ഇരുനിറക്കാരി ആയ സാൻട്രയും. “….അയ്യേ….ഈ ചെക്കന് ഇതിലും നല്ല പെണ്ണിനെ കിട്ടില്ലേ….. ” ഞാൻ വേഗം കണ്ണ് തുറന്നു…..ച്ട്ടയും മുണ്ടും ഇട്ട ഒരു അമ്മച്ചി പറയുന്നു…. ആൾക്കാർ അതൊക്കെ പറയട്ടെ..എനിക്കെന്താ….അങ്ങനാണോ… ഞാൻ എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…..വേണ്ട സാൻട്ര….. എബി നിനക്ക് ചേരില്ല….. അവൻ സാധാ എല്ലാ പെണ്കുട്ടികളോടും കാണിക്കുന്ന ഒരു കരുതൽ ഉത്തരവാദിത്വം അത്രേയുള്ളൂ… അതെപ്പോഴാ എനിക്ക് പ്രണയം ആയി തോന്നിയത്…..ശേ……ഇത് വലിയ ശല്യമായല്ലോ…. എനിക്കെന്താ അങ്ങനെ തോന്നിയത്…ഞാൻ പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ പഠിച്ചത് കൊണ്ടാവും…അധികം ആൺപിള്ളേരുമായി ഇടപഴകാത്തതു കൊണ്ടാവും……

ആരും ശ്രദ്ധിക്കാത്ത ഒരു സാധാരണ പെണ്കുട്ടിയലേ….. അപ്പൊ ചിലപ്പോൾ അങ്ങനെ തോന്നാം…അതിൽ കൂടുതൽ ഒന്നുമില്ല…സാൻട്ര ……പോയി കിടന്നുറങ്ങിക്കോ……തിരിഞ്ഞും മറിഞ്ഞും കിടന്നു….പത്തു തവണയെങ്കിലും താഴേ പോയി വെള്ളം കുടിച്ചിട്ടുണ്ടാവും….ഒടുവിൽ എപ്പോഴൊ ഉറങ്ങി…. അടുത്ത ദിവസം രാവിലെ എണീറ്റ് ഒരുങ്ങി ട്യൂഷനും സ്കൂളിലേക്കും ഇറങ്ങി….അപ്പനെ ഒന്ന് ഓടിച്ചു സഹായിച്ചു…അതിനെ പറ്റിയുള്ളൂ…..ക്ലാസ്സിൽ എത്തുമ്പോഴേക്കും എബി എത്തീട്ടുണ്ടായിരുന്നില്ല…… എന്തിനോ വേണ്ടി മനസ്സ് കുത്തിക്കുന്നുണ്ട്…ഞാൻ കഷ്ടപ്പെട്ട് അതിനെ അടക്കി ഇരുത്തി…..ഇതിനോടകം എബിയുടെയും സെൻട്രയുടെയും വീരസാഹസിക കഥ പരസ്യമല്ലത്ത രഹസ്യമായി….. ചില കുട്ടികൾ വന്നു പൊളിച്ചു സാൻട്ര എന്നൊക്കെ പറയുന്നുണ്ട്…അതൊന്നും കേൾക്കാൻ എന്റെ മനസ്സിന് ക്ഷമയുണ്ടായിരുന്നില്ല….കണ്ണുകൾ വാതിലിൽ തന്നെ ആയിരുന്നു… “ആരെയാ നോക്കുന്നെ സാൻട്ര……”

അർത്ഥഗർഭമായ ചിരിച്ചു കൊണ്ട് ചോദിക്കുന്നു….ശാലിനി…..ഒരു സദാചാരബോധമുള്ള പൗര……… ആരുടെ മനസ്സിൽ പ്രണയം ഉണ്ടോ അവളതു മണത്തു കണ്ടുപിടിക്കും.ഞാൻ ഒന്ന് നോക്കി. “ടീച്ചറിനെ….അല്ലാതാരെയാ…..?” ഞാനാണ്…. “ഓ….ഞാൻ വിചാരിച്ചു……” അവള് വീണ്ടും ആ ആക്കിയ ചിരി…..ഇവളെ ഞാൻ ഇന്ന് ചവുട്ടിക്കൂട്ടും. “എന്തു വിചാരിച്ചു……..?” ഞാൻ ഗൗരവത്തിൽ ചോദിച്ചു…. “ഒന്നും വിചാരിച്ചില്ല……” അവൾ ഒന്ന് വിക്കി….. “മ്മ്മ്….” ഞാൻ ഒന്ന് അമർത്തി മൂളി… അപ്പോഴേക്കും ടീച്ചറും ഒരു കൂട്ടം ആമ്പിള്ളേരും വന്നു.. ആ കൂട്ടത്തിൽ എബിയുണ്ടോ എന്ന് എനിക്ക് തിരിഞ്ഞു നോക്കാൻ കഴിഞ്ഞില്ല….ശാലിനി എന്നെ നോക്കി ഇരിക്കുവാണല്ലോ…പിന്നെ ഞാൻ കഷ്ടപ്പെട്ടു തിരിഞ്ഞു നോക്കാതിരുന്നു… ബെൽ അടിച്ചു ടീച്ചർ പോയതും തിരിഞ്ഞു നോക്കാം എന്ന് വെച്ചപ്പോ ശാലിനി വീണ്ടും……..കോപ്പു …ഇവൾ എന്തെങ്കിലും വിചാരിക്കട്ടെ…..എന്നും പറഞ്ഞു തിരിഞ്ഞു നോക്കി…..എബിയുടെ സ്ഥലം ശൂന്യമായിരുന്നു….ഞാൻ നിരാശയോടെ തിരിഞ്ഞിരുന്നതും……

“എന്നെയാണോ നോക്കിയത്……” തൊട്ടടുത്ത് എബി.. ഈശോയെ എന്റെ മനസ്സിൽ പത്തു ലഡ്ഡു ഒരുമിച്ചു പൊട്ടി…. പക്ഷേ ശബ്ദം ഇല്ലയിരുന്നു….. “വേദനയൊക്കെ പോയോ?” അപ്പോഴും ശബ്ദമില്ല…….നാണംകെട്ടു…ഇത് എന്താ ശബ്ദം വരാതെ…. “മാറി…….എബിക്കോ ?” കഷ്ടപ്പെട്ട് ശബ്ദം വരുത്തി ചോദിച്ചു. “എനിക്കൊന്നുമില്ല……ഞാൻ ഇന്നലെ പ്രസന്റ് ആയിരുന്നു…… നീ വരാത്തപ്പോ മനസ്സിലായി…..” അവന്റെ കണ്ണുകൾ എന്നിൽ നാണം നിറക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…പക്ഷേ ഞാനതു പുറത്തു കാണിച്ചില്ല….കാരണം എബിക്ക് മനസ്സിലായില്ലെങ്കിലും ശാലിനി ക്കു മനസ്സിലാവും…. “ശെരി എന്ന……” അവൻ പോകാനായി തിരിഞ്ഞു. “എന്നെ എന്തിനാ ചന്ദ്രി എന്ന് വിളിച്ചത്…?.” ഞാൻ അവനോട് പെട്ടന്ന് ചോദിച്ചു….. അപ്പോഴേക്കും ടീച്ചറും എത്തി…. അവൻ അവന്റെ ബെഞ്ചിലേക്ക് പോവും മുന്നേ പറഞ്ഞു….. “പിന്നെ പറയാം…….” എന്നെ നോക്കി കണ്ണ് ചിമ്മി…… അന്ന് മുഴുവൻ ഒരു ചിരി എന്റെ ചുണ്ടിൽ തത്തികളിച്ചു…. എബിയും എന്നെ നോക്കുന്നുണ്ടായിരുന്നു…

ദിവസങ്ങൾ കടന്നു പോയി…..പരസ്പരം ചിരിച്ചും നോട്ടങ്ങൾ കൈമാറിയും വല്ലപ്പോഴും സംസാരിച്ചും ദിവസങ്ങൾ കടന്നുപോയി…. എൻട്രൻസ് കോച്ചിങ് ഒരു ഒന്നൊന്നര പണി ആയിരുന്നു. ഞാൻ എന്നും അപ്പനോട് ചോദിക്കും “ഡോക്‌ടർ ആവണോ അപ്പ……” “വേണം…….” ക്രൂരമായി പറയും…… ഒരു അവധി ദിവസം ഞാൻ പഠിച്ചുകൊണ്ടിരിക്കുവായിരുന്നു…..അപ്പന്റെ വിളി കേട്ട്. “സാൻഡി ഒന്നിങ്ങു വായോ?” ഞാൻ മുന്നിലേക്ക് ചെന്നതും കുറച്ചു ചുവന്ന റോസാപൂക്കളുമായി ജോസഫേട്ടൻ നിൽക്കുന്നു….. “ആഹ് കൊള്ളാലോ ഇതെവിടെന്നാ ഈ പൂക്കൾ…..” ജോസഫേട്ടൻ എന്നെ നോക്കി ചിരിക്കുന്നു…. അപ്പൻ ഒരു കാർഡ് എടുത്തു വായിക്കാൻ ആരംഭിച്ചു…… “സാൻട്രക്കു ജറെമിയാ29 :13 ” “ഈശോയെ പ്രണയ ലേഖനം …ബൈബിളിലോ…..” ഞാൻ വേഗം അപ്പന്റെ കയ്യിൽ നിന്നും കാർഡ് വാങ്ങി…… “ഇത് മോഹൻലാലിന്റെ പണ്ടത്തെ ഒരു സിനിമ ഇല്ലയോ അതിലും ഇങ്ങനല്ലേ…..മാത്യുച്ചായ……ഏതു സിനിമയായിരുന്നു……” അപ്പൻ എന്നെ നോക്കി കളിയാക്കി ചിരിച്ചു….”ഇവനേതോ പഴഞ്ചനാ……വേണ്ടട്ടാ സാൻഡി” “ശെരി അപ്പ….ആ കാർഡ് ഒന്ന് തായോ…എന്റെ ആദ്യത്തെ പ്രണയമാണ് അപ്പ……ഒന്ന് കണ്ടോട്ടെ…..”

അപ്പന്റെ കയ്യിൽ നിന്നും കാർഡും വാങ്ങി ഞാൻ വേഗം മുറിയിൽ വന്നു ബൈബിൾ എടുത്തു നോക്കി. “നിങ്ങൾ എന്നെ അന്വേഷിക്കും; പൂര്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും“ ജറെമിയ 29 : 13 (കാത്തിരിക്കണംട്ടോ) കമന്റ് ചെയ്ത ചങ്കുകളെ ഒരുപാട് സ്നേഹം……ലൈക് ചെയ്തവരോട് ഒരുപാട് നന്ദി…. ഇസ സാം.

Share this story