പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 20

നോവൽ: ആർദ്ര നവനീത്‎

തണുത്ത അന്തരീക്ഷമായിരുന്നിട്ടുകൂടി മൊഴിയുടെ ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി. ശീതക്കാറ്റ് അടിച്ചതുപോലെ അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു. വല്ലാത്തൊരു ഭയം അവളിൽ ഉറവെടുക്കുന്നുണ്ടായിരുന്നു. അപ്പയുടെയും അമ്മയുടെയും മകളാണ് താനെന്ന് ആവർത്തിച്ചാവർത്തിച്ച് ഉരുവിടാൻ ശ്രമിക്കുമ്പോഴും ഏവരുടെയും മൗനവും കണ്ണുനീരും അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ടിരുന്നു. ദയനീയമായ ഭാവത്തോടെ അവൾ ചിന്നപ്പയെ നോക്കി. അവളുടെ കണ്ണുനീർ ആ മനുഷ്യനെ ചുട്ടു പൊള്ളിപ്പിച്ചു കൊണ്ടിരുന്നു. വിറയ്ക്കുന്ന ചുവടുമായി അവൾ അപ്പയ്ക്ക് അരികിലേക്ക് നീങ്ങി. പറയ് അപ്പാ.. ഇവരോട് പറയ് ഞാനെന്റെ അപ്പയുടെയും അമ്മയുടെയും മോളാണെന്ന്. എന്റെ നെഞ്ച് വിങ്ങുകയാ അപ്പാ. അപ്പയുടെ ചെല്ലമല്ലേ ഞാൻ.

എന്റെ അപ്പയുടെ രക്തമാണ് ഞാനെന്ന്.. എന്റെ അമ്മയുടെ ഉദരത്തിലാണ് ഞാൻ ജന്മം കൊണ്ടതെന്ന്.. ഇടറിയ സ്വരത്തിൽ മൊഴി പറഞ്ഞു. ചിന്നപ്പയുടെ മിഴികൾ അമ്മന്റെ നേർക്ക് നീണ്ടു. പിന്നീടത് സീതയിലേക്കും. സീത മല്ലിയുടെ ചുമലിലേക്ക് ചാഞ്ഞു. കുട്ടികൾ എല്ലാവരും ഏങ്ങി കരയുകയാണ്. അവരുടെ മൊഴിച്ചേച്ചി കരയുന്നത് അവർക്ക് സഹിക്കാനായില്ല. നീ എന്റെ മോൾ തന്നെയാ. ഈ അപ്പയുടെ മോളാ നീ. എന്റെ മൊഴി.. ഇടറിയ സ്വരത്തിൽ ചിന്നപ്പ പറഞ്ഞു. ഐഷുവും ആവണിയും സഞ്ജുവും ദീപുവും ഞെട്ടലോടെ വിഹാനെ നോക്കി. എന്നാൽ അവന്റെ മുഖത്തെ ഭാവമെന്തെന്ന് അവർക്ക് വ്യക്തമായില്ല. അവന്റെ കണ്ണുകൾ ചിന്നപ്പയിലായിരുന്നു. മൊഴിയുടെ മുഖത്തിൽ ആശ്വാസഭാവം വിരിഞ്ഞു. പക്ഷേ ഈ അപ്പയ്ക്കും അമ്മയ്ക്കും ജനിച്ച മോളല്ല നീ.

എന്റെ സീതയല്ല നിനക്ക് ജന്മം നൽകിയത്. അപ്പയുടെ രക്തവുമല്ല നീ… പൊട്ടിക്കരഞ്ഞുകൊണ്ട്‌ ചിന്നപ്പ അമ്മന്റെ മുൻപിൽ ഊർന്നിരുന്നു. അടക്കിവയ്ക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ സീതയിൽ നിന്നും കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വന്നു. ഈയം ഉരുക്കിയൊഴിച്ചതുപോലെ അവൾ പൊള്ളിപ്പിടഞ്ഞു. വല്ലാത്തൊരു വിറയൽ തന്നെ ബാധിക്കുന്നത് അവളറിഞ്ഞു. ഭാരമില്ലാതെ നിലത്തേക്ക് പതിക്കും മുൻപേ തന്നെ വാരിയണച്ച കൈകളെ അവൾ തിരിച്ചറിഞ്ഞു. വിഹാൻ !! അർദ്ധബോധാവസ്ഥയിലും അവളുടെ ചുണ്ടുകൾ പതിയെ ഉരുവിട്ടു. വല്ലാത്തൊരു ഭാരത്തോടെ മിഴികൾ തുറക്കാൻ ശ്രമിച്ചു മൊഴി. മൂക്കിലേക്ക് അടുപ്പിച്ച പച്ചമരുന്നിന്റെ ഗന്ധം ആ മുറിക്കുള്ളിൽ നിറഞ്ഞു നിന്നു. നേരത്തെ സംഭവിച്ച കാര്യങ്ങൾ അവളിലേക്ക് ഓടിയെത്തി. പിടഞ്ഞു കൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

അവളെ അടക്കി നിർത്താൻ ശ്രമിച്ച ഐഷുവിന്റെയും ആവണിയുടെയും കൈകൾ അവൾ തട്ടിയെറിഞ്ഞു. വിയർപ്പുതുള്ളികളാൽ നെറുകയിലെ സിന്ദൂരം നനഞ്ഞിരുന്നു. കഴുത്തിലെ മഞ്ഞത്താലിയും നെഞ്ചോടൊട്ടി കിടന്നു. ചുവരിൽ ചാരി ചിന്നപ്പയും സീതമ്മയും നിൽപ്പുണ്ടായിരുന്നു. ഞാൻ നിങ്ങളുടെ മകളല്ല അല്ലേ അപ്പാ.. അല്ലേ അമ്മാ. കുട്ടിക്കാലത്തെ കുറിച്ച് അപ്പ പറഞ്ഞുകേട്ട കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. അപ്പ എന്നേ ഞാൻ വിളിച്ചിട്ടുള്ളൂ സ്നേഹിച്ചിട്ടുള്ളൂ. മകളല്ല എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഇവരൊക്കെ ഞാൻ മറ്റൊരു പെണ്കുട്ടിയാണെന്ന് പറയുന്നു. വെറും നാല് നാളത്തെ പരിചയമുള്ള അയാൾ എന്റെ കഴുത്തിൽ താലി ചാർത്തി. ഒടുവിൽ ആരുമില്ലാത്തവളാക്കി എന്നെ അല്ലേ. അവളുടെ സ്വരം വല്ലാതെ ഉറച്ചിരുന്നു. മോളേ ഞങ്ങൾ.. വേണ്ട.

നിങ്ങളുടെ മകളല്ലെങ്കിൽ എനിക്കറിയണം ഞാൻ ആരായിരുന്നെന്ന്. ഇവർ പറയുന്നതുപോലെ ശ്രാവണിയാണോ. എങ്കിൽ ആരാണ് മൊഴി. ഇനിയും ഞാനറിയാത്തതായി എന്തൊക്കെയാണ് ഉള്ളത്. എല്ലാവർക്കും സൗകര്യമനുസരിച്ച് മാറ്റിക്കളിക്കാൻ ഞാനാരാ.. അവൾ അലറി. ശ്രീക്കുട്ടീ… വിഹാൻ അവളുടെ അടുത്തേക്ക് ഓടിവന്നു. വേണ്ട വിഹാൻ. ശ്രീക്കുട്ടി.. ശ്രാവണി.. മൊഴി.. ഹ്മ്മ്. ഇനിയുമുണ്ടോ പേരുകൾ. നാളെ മറ്റാരെങ്കിലും വരുമോ അവകാശവാദമുന്നയിച്ചുകൊണ്ട്… അവളുടെ സ്വരത്തിലെ വേദന എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചു. അങ്ങനെ പറയല്ലേ മോളേ. എന്റെ വയറ്റിൽ പിറന്നില്ലെന്നേയുള്ളൂ എന്റെ മോൾ തന്നെയാ നീ. ഒരു കലർപ്പുമില്ലാതെ തന്നെയാ അമ്മ നിന്നെ സ്നേഹിച്ചത്. അന്യയായി ഒരിക്കൽപ്പോലും അമ്മയോ അപ്പയോ നിന്നെ കണ്ടിട്ടില്ല.

നീയൊന്ന് മൗനമായാൽ വേദനിച്ചത് ഞങ്ങളായിരുന്നു. നീ ചിരിക്കുമ്പോൾ നിന്നെക്കാളേറെ സന്തോഷിച്ചത് ഞങ്ങളായിരുന്നു.. സീത സാരിത്തുമ്പുകൊണ്ട് വായ അമർത്തി തേങ്ങലടക്കാൻ പ്രയാസപ്പെട്ടു. മൊഴി തളർന്നുപോയി. അവൾ കട്ടിലിലേക്ക് തന്നെയിരുന്നു. ചിന്നപ്പ നന്നേ വിവശനായിരുന്നു. അയാൾ പറയാൻ തുടങ്ങി. എന്റെയും സീതയുടെയും മോളാണ് മൊഴി. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മൻ ഞങ്ങൾക്ക് നൽകിയ വരപ്രസാദം. വെളുത്തുതുടുത്ത ആര് കണ്ടാലും കൊതിക്കുന്ന പൊന്നുമോൾ. കാട്ടിലെ പെണ്ണാണെന്ന് കണ്ടാൽ ആരും പറയില്ല. ഞങ്ങളുടെ ചിരിയും കളിയും നിറഞ്ഞ കുടിലിന്റെ താളമായിരുന്നു അവൾ. അപ്പയുടെ വിരൽത്തുമ്പിൽ തൂങ്ങിനടന്നിരുന്ന അമ്മയുടെ പൊന്നുംകുടം. ഈ കാട്ടിലെ ഓരോ പുൽക്കൊടിക്കും അവളെ അറിയാം. അവളുടെ കിലുങ്ങുന്ന പാദസരം അലയൊലി തീർത്ത കാട്. വലിയ പഠിപ്പൊന്നുമില്ലായിരുന്നു അവൾക്ക്.

എപ്പോഴും കാട്ടുചെടികളോടും കിളികളോടും കൂട്ട് കൂടി നടക്കണം. നാടിനെ പോലെയല്ല കാടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. കാട്ടുമൃഗങ്ങൾ വേട്ടയ്ക്കിറങ്ങുമ്പോൾ ഭയക്കുന്നതിനേക്കാൾ അധികമായി മനുഷ്യമൃഗങ്ങളെ ഭയക്കണമെന്ന് ഞങ്ങളറിഞ്ഞത് അന്നാണ്. കാട്ടിലെത്തിയ ഏതോ ചെറുപ്പക്കാരുടെ കൈകളിൽ ഞെരിഞ്ഞമർന്നു ഞങ്ങടെ പൊന്നുമോൾ. അവൾ അലറിക്കരഞ്ഞതും അവളുടെ പൂവ് പോലുള്ള ഉടൽ ആ നീചന്മാർ ചതച്ചരച്ചതും ആരും അറിഞ്ഞില്ല. രാത്രിയായിട്ടും കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയതാ ഞങ്ങൾ. വെള്ളച്ചാട്ടത്തിനടുത്തായി പിച്ചിച്ചീന്തപ്പെട്ട നിലയിൽ ശരീരത്തിൽ വസ്ത്രം പോലുമില്ലാതെ… ബാക്കി പറയാൻ കഴിയാതെ ചിന്നപ്പ വിങ്ങിക്കരഞ്ഞു. സീത പൊട്ടിക്കരഞ്ഞു. പിന്നീട് അവൾ ആരോടും മിണ്ടിയില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story