മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷൻ്റെ മുന്നിൽ….

Share with your friends

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷൻ്റെ മുന്നിൽ ചായയുമായി ചെല്ലുമ്പോൾ, നാണം കൊണ്ടല്ല ,ആ മുഖത്ത് നോക്കാൻ എനിക്ക് മടി തോന്നിയത്. അതിന് തൊട്ട് മുമ്പ് അടുക്കളയിൽ വന്നിട്ട്, മോളെ നിന്നെ കാണാൻ വന്നിരിക്കുന്നത് നിൻ്റെ അദ്യത്തെ കെട്ടിയോൻ തന്നെയാണെന്ന്, ഉമ്മ പറഞ്ഞപ്പോൾ , മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരത്തിൻ്റെ വേലിയേറ്റമുണ്ടായത് കൊണ്ടായിരുന്നു . ഞങ്ങൾ തമ്മിൽ പിരിയാനുണ്ടായ കാരണവും, അതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളും, എൻ്റെ മനസ്സിലേക്കോടി വന്നു. അദ്ദേഹത്തിൻ്റെ ഉമ്മയുമായിട്ടുള്ള അപസ്വരങ്ങളായിരുന്നു, അതിൻ്റെ തുടക്കം ,ഞങ്ങൾ തമ്മിലുള്ള പോര് മുറുകിയപ്പോൾ, ഒന്നുകിൽ ഉമ്മയെ വൃദ്ധസദനത്തിലാക്കണമെന്നും, അല്ലെങ്കിൽ നമുക്ക് എങ്ങോട്ടെങ്കിലും മാറിത്താമസിക്കാമെന്നുമുള്ള എൻ്റെ നിലപാടിനെ എതിർത്തപ്പോഴാണ്, എങ്കിൽ നമുക്ക് പിരിയാമെന്ന് ഞാൻ വാശിയോടെ അന്ന് ഷെറീഫിക്കയോട് പറഞ്ഞത്.

എൻറുമ്മയ്ക്ക് വയസ്സ് അറുപത്തിയഞ്ച് കഴിഞ്ഞെന്നും, നിരവധി രോഗങ്ങളുള്ള അവർക്ക് ആയുസ്സിനി അധികമില്ലെന്നും, കുറച്ച് നാള് കൂടി നീയെല്ലാം സഹിച്ച് ഇവിടെ കഴിയണമെന്നും, അദ്ദേഹമെന്നോട് യാചിച്ചെങ്കിലും, മൂന്ന് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും എനിക്കൊരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത, ആ മനുഷ്യനും, കണ്ണെടുത്താൽ എന്നെ കണ്ടൂടാത്ത, ആ തള്ളയുടെ വായിലിരിക്കുന്നതും കേട്ട്, എൻ്റെ ജീവിതമെന്തിന് പാഴാക്കണമെന്ന അധമ ചിന്തയിൽ ,ഞാനെൻ്റെ ഡ്രസ്സും, ആഭരണങ്ങളുമായി അന്ന് ആ പടിയിറങ്ങുകയായിരുന്നു. എൻ്റെ വീട്ടിൽ തിരിച്ചെത്തിയതിൻ്റെ പിറ്റേ ദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു, കൂടെ ചെല്ലാൻ എന്നെ ഒരുപാട് നിർബന്ധിച്ചു ,പക്ഷേ എൻ്റെ ഡിമാൻ്റ് അംഗീകരിക്കാത്ത ഭർത്താവിനൊപ്പം പോകാൻ ഞാൻ വിസമ്മതിച്ചു. നിരാശയോടെ അന്നിറങ്ങി പോയ മനുഷ്യൻ പിന്നീട് പല തവണ എന്നെ ഫോണിൽ വിളിച്ചെങ്കിലും ഞാനത് അറ്റൻറ് ചെയ്യാൻ കൂട്ടാക്കാതെ, ഒടുവിൽ ആ നമ്പർ ബ്ളോക്ക് ചെയ്തു.

മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാനിനി തിരിച്ച് പോകില്ലെന്ന് മനസ്സിലാക്കിയ എൻ്റെ വീട്ടുകാർ എന്നെ മറ്റൊരു വിവാഹം കഴിപ്പിക്കാനായി അദ്ദേഹവുമായുള്ള ബന്ധം വേർപെടുത്തുന്നതിന് മഹല്ല് കമ്മിറ്റിക്ക് അപേക്ഷ കൊടുത്തു . രണ്ടാഴ്ചയ്ക്ക് ശേഷം വിവാഹബന്ധം,വേർപെടുത്തിയ മഹല്ലിൻ്റെ സർട്ടിഫിക്കറ്റുമായി വീട്ടിലേക്ക് വന്ന ബാപ്പ, പിറ്റേന്ന് മുതൽ എനിക്ക് വേണ്ടി കല്യാണാലോചനകൾ നടത്തി. ഒടുവിൽ, ഒരു ബിസിനസ്സുകാരനുമായുള്ള എൻ്റെവിവാഹം ,വലിയ ആഡംബരമൊന്നുമില്ലാതെ നടത്തി. അവിടെ അമ്മായി അമ്മ പോര് ഇല്ലാതിരുന്നത് കൊണ്ട് എൻ്റെ ജീവിതം വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ട് പോയി, പക്ഷേ ,ആദ്യത്തെ വെഡ്ഡിങ്ങ് ആനിവേഴ്സറി ആയിട്ടും, എനിക്ക് ഗർഭലക്ഷണമൊന്നുമില്ലാത്തത് കൊണ്ട് ഞങ്ങൾ ഡോക്ടറെ കണ്ടു , പണ്ട് ഷെറീഫിക്കയുമായി ഞാൻ പോയി കണ്ടിരുന്ന അതേ ഡോക്ടറെ തന്നെയാണ് വീണ്ടും ഞങ്ങള് കാണാൻ ചെന്നത്.

നിങ്ങൾ മുൻപും എൻ്റടുത്ത് ഇതേ പ്രോബ്ളവുമായി വന്നതല്ലേ ?പക്ഷേ അന്ന് കൂടെ ഉണ്ടായിരുന്നയാൾ ഇതല്ലായിരുന്നല്ലോ? ഡോക്ടർ, എൻ്റെ മുഖത്ത് നോക്കി അങ്ങനെ ചോദിച്ചപ്പോൾ, ഞാൻ വല്ലാതെയായി . ഡോക്ടർ പറഞ്ഞത് ശരിയാണ്, അന്നത്തെ പരിശോധക്ക് ശേഷം അദ്ദേഹത്തിനൊരിക്കലും കുട്ടികളുണ്ടാവില്ലെന്നറിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ബന്ധം വേർപെടുത്തിയായിരുന്നു, ഇതാണിപ്പോൾ എൻ്റെ ഭർത്താവ് നിങ്ങളെന്ത് അസംബന്ധമാണീ പറയുന്നത്, ഞാനെഴുതി തന്ന ടെസ്റ്റുകൾ ചെയ്തതിന് ശേഷം, ഒരാഴ്ച കഴിഞ്ഞ്, രണ്ട് പേരും ഒരുമിച്ച് വരണമെന്ന് പറഞ്ഞെങ്കിലും, അന്ന് തൻ്റെ ഭർത്താവ് മാത്രമാണ് ഇവിടെ വന്നത്, അന്നത്തെ റിസർട്ടിൽ ഭർത്താവിനായിരുന്നില്ല , തനിക്കായിരുന്നു കുറവുകളുണ്ടായിരുന്നത്, അതും ഒരിക്കലും പരിഹരിക്കാനാവാത്ത കുറവുകളുമായിരുന്നത്,

ഞാനത് അദ്ദേഹത്തോട് പറഞ്ഞതുമാണല്ലോ? ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ സ്തബ്ധയായി ഇരുന്നു പോയി . ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തപ്പോഴേക്കും, എൻ്റെ കൂടെ വന്ന രണ്ടാം ഭർത്താവ് അവിടുന്നിറങ്ങി പോയി കഴിഞ്ഞിരുന്നു. ആ പോക്ക് എൻ്റെ ജീവിതത്തിൽ നിന്ന് തന്നെയുള്ള ഇറങ്ങിപ്പോക്കായിരുന്നു എന്ന് എനിക്ക് മനസ്സിലായത് ,ഡൈവോഴ്സ് പെറ്റീഷനിൽ ഒപ്പിടാൻ അദ്ദേഹമെന്നോട് ആവശ്യപ്പെടുമ്പോഴായിരുന്നു. അങ്ങനെ രണ്ടാമതും ഞാൻ വിവാഹമോചിതയായി . പക്ഷേ, അതെന്നെ ഒട്ടും വിഷമിപ്പിച്ചില്ല ,പാവം ഒരു മനുഷ്യനോട് ഞാൻ കാണിച്ച ക്രൂരതയ്ക്ക് കിട്ടിയ, ശിക്ഷയാണതെന്ന് ഞാൻ സമാധാനിച്ചു. പിന്നീട് എൻ്റെ ചിന്തകൾ മുഴുവൻ ഷെറീഫിക്കയെ കുറിച്ചായിരുന്നു. സത്യം മറച്ച് വച്ച് , പിന്നെ എന്തിനാണ് എന്നോട് അദ്ദേഹമന്ന് ,കളവ് പറഞ്ഞത്? ചിലപ്പോൾ ഞാൻ വേദനിക്കേണ്ടെന്ന് കരുതിയാവും പാവം, എൻ്റെ പടച്ചോനെ ഞാനെന്ത് പാപിയാണ്,

എന്നെ ഇത്രമേൽ സ്നേഹിച്ചൊരാളെ ,ഞാനെത്ര ക്രൂരമായാണ് തള്ളിപ്പറഞ്ഞത് . അന്ന് മുതലുള്ള എൻ്റെ ഏകാന്ത ജീവിതം, എന്നോട് തന്നെയുള്ള പകപോക്കലായിരുന്നു, സ്നേഹനിധിയായ എൻ്റെ മുൻ ഭർത്താവിനോട് ഞാൻ ചെയ്ത തെറ്റിനുള്ള എൻ്റെ പ്രായശ്ചിത്തം. വർഷങ്ങൾക്കിപ്പുറം, ഭാര്യ മരിച്ച് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുള്ള ഒരാളുടെ വിവാഹാലോചനയുമായി ബ്രോക്കറ് വന്നിട്ടുണ്ടെന്ന് ഉമ്മ വന്ന് പറഞ്ഞപ്പോൾ, ഞാനെതിർത്തെങ്കിലും, പ്രായമായ ബാപ്പയുടെയും ഉമ്മയുടെയും കണ്ണീരിന് മുന്നിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. ശബാനയ്ക്ക് ഇപ്പോഴും എന്നോട് വെറുപ്പാണോ? ഷെറീഫിക്കയുടെ ചോദ്യം ചിന്തകളിൽ നിന്നെന്നെ ഉണർത്തി . അപ്പോഴേക്കും, ഞങ്ങൾ തനിച്ച് സംസാരിക്കട്ടേയെന്ന് വിചാരിച്ചിട്ടാവും, ഉമ്മയും, ബാപ്പയും അകത്തേക്ക് കയറി പോയിരുന്നു . എന്തിനാ ഞാനിത്രയും ക്രൂരത നിങ്ങളോട് കാണിച്ചിട്ടും, വീണ്ടും എന്നെ തന്നെ നിക്കാഹ് ചെയ്യാൻ നിങ്ങളൊരുങ്ങിയത്? അതിനൊറ്റ ഉത്തരമേയുള്ളു ,എൻ്റെ ജീവിതത്തിൽ എന്നും നീയൊരൊറ്റ പെണ്ണ് മാത്രമേ ഉണ്ടാകുകയുള്ളു, എന്ന് ഞാൻ, ശബാനയെ ആദ്യമായി പെണ്ണ് കണ്ടപ്പോഴെ തീരുമാനിച്ചുറപ്പിച്ച കാര്യമായിരുന്നു ങ്ഹേ, അപ്പോൾ നിങ്ങള് രണ്ടാമത് കെട്ടിയതോ?

ആര് പറഞ്ഞു ഞാൻ കെട്ടിയെന്ന്, എൻ്റെ മക്കളെ കണ്ടിട്ടാണോ ?അത് ഗൾഫിൽ വച്ച് ആക്സിഡൻറിൽ മരിച്ച് പോയ എൻ്റെ എളാമയുടെ മകളുടെ മക്കളാ ,ബാപ്പയും ഉമ്മയും നഷ്ടപ്പെട്ട അവരെ, എളാമ്മയുടെ അടുത്ത് നിന്ന് ഞാൻ ചോദിച്ച് വാങ്ങിയതാ ,എന്തിനാന്നോ നിന്നെ രണ്ടാമത് നിക്കാഹ് കഴിച്ചോണ്ട് വരുമ്പോഴെങ്കിലും, നമുക്ക് താലോലിക്കാനും മകളില്ലാത്തതിൻ്റെ കുറവ് നിനക്ക് തോന്നാതിരിക്കാനും വേണ്ടി, അന്ന് നീ പിണങ്ങി പോകാനുള്ള, ഒരു കാരണം അതായിരുന്നല്ലോ ?അതിൻ്റെ സത്യാവസ്ഥ നിന്നിൽ നിന്നും ഞാൻ മന:പ്പൂർവ്വം മറച്ച് വച്ചത്, എൻ്റെ ഉമ്മയിൽ നിന്ന് നീയനുഭവിക്കുന്ന ദുരനുഭങ്ങളുടെ കൂടെ, മറ്റൊരു വേദന കൂടി, നിനക്ക് തരേണ്ടെന്ന് കരുതിയായിരുന്നു, എന്നെങ്കിലും നീയത് തിരിച്ചറിയുമെന്നറിയുമെന്ന് എനിക്കറിയാമായിരുന്നു , പക്ഷേ അപ്പോഴും എൻ്റെ മുന്നിൽ മറ്റൊരു വെല്ലുവിളിയായി നിന്നിരുന്നത്, ഉമ്മയ്ക്ക് നിന്നോടുള്ള വൈരാഗ്യം ഒട്ടും കുറയുന്നില്ലെന്നുള്ളതായിരുന്നു, എന്നിട്ടും ഉമ്മയെ ഉപേക്ഷിച്ച് നിന്നെ സ്വീകരിക്കാൻ എൻ്റെ മനസ്സനുവദിച്ചില്ല ,ഇപ്പോൾ ഉമ്മ ജീവിച്ചിരിപ്പില്ല ,

എന്നെ തനിച്ചാക്കി പോകേണ്ടി വരുമെന്നുറപ്പായപ്പോൾ, അവസാനമായി എന്നോട് പറഞ്ഞത്, എങ്ങനെയെങ്കിലും നിന്നെ തിരിച്ച് കൊണ്ട് വരണമെന്നായിരുന്നു, കാരണം ഉമ്മയ്ക്കറിയാമായിരുന്നു നീയെന്നെ ഉപേക്ഷിച്ച് പോയിട്ടും ഞാൻ മറ്റൊരു വിവാഹം കഴിക്കാതിരുന്നത് നിന്നോടുള്ള സ്നേഹ കൂടുതല് കൊണ്ടായിരുന്നെന്ന് അത് കേട്ടപ്പോൾ ,ഞാൻ ഒരു പുഴുവിനോളം ചെറുതായത് പോലെ തോന്നി. ആരോഗ്യപരമായ യാതൊരു കുറവുകളുമില്ലാതിരുന്നിട്ടും, മറ്റൊരു വിവാഹത്തെ കുറിച്ച് ഇതേ വരെ ചിന്തിക്കാതെ, എനിക്ക് വേണ്ടി കാത്തിരുന്ന ,ആ വലിയ മനുഷ്യൻ്റെ മുന്നിൽ ഞാൻ കണ്ണീരോടെ മുഖം കുനിച്ച് നിന്നു പോയി.

രചന സജി തൈപ്പറമ്പ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!