❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 24

Share with your friends

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

പ്രിയപ്പെട്ട ഹരിയേട്ടന്, എഴുതിയിട്ടും പോസ്റ്റ് ചെയ്യാത്ത ഒരുപാട് കത്തുകളിൽ ഒന്ന് ആയി പോകുമോ ഇതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല… ഇനിയൊരു പക്ഷേ ഇത് പോലൊരു കത്ത് എഴുതാൻ എനിക്ക് അവകാശം കാണില്ലല്ലോ…. പക്ഷേ… പറഞ്ഞു മടുത്ത വാചകങ്ങൾ അവസാനമായി ഒരിക്കൽ കൂടി പറയാൻ ഉള്ള അവകാശം എങ്കിലും എനിക്ക് തന്നു കൂടെ … പ്രായത്തിന്റെ ചാപല്യം ആണെന്ന് പറഞ്ഞ് ഹരിയേട്ടൻ ഓരോ പ്രാവശ്യവും എന്നെ അകറ്റി നിർത്തുമ്പോഴും ഒരിക്കൽ എങ്കിലും എന്നെ ചേർത്ത് നിർത്താൻ ആ കൈകൾ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു… പക്ഷേ ..

ഇനി അത് ഉണ്ടാവാൻ പോകുന്നില്ല എന്ന് എനിക്ക് മനസിലായി…. ഒരു പൊട്ടി പെണ്ണിന്റെ പൊട്ടത്തരം മാത്രമായി മാത്രമേ എന്റെ സ്നേഹം ഹരിയേട്ടൻ കണ്ടിട്ടുള്ളൂ എന്ന് ഇപ്പൊ എനിക്ക് ബോധ്യം ഉണ്ടു.. പക്ഷേ രുദ്രയെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് നിങ്ങളാണ് ഏട്ടാ.. വരികളിലൂടെ…ചിന്തകളിലൂടെ… ഭ്രാന്തമായ പ്രണയം എന്നിൽ നിറച്ചത്… മറക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.. ഒരു പക്ഷെ ജീവിത കാലം മുഴുവൻ അതിങ്ങനെ തീ ആയി ഉള്ളിൽ കിടക്കുമായിരിക്കും .. എന്റെ നെഞ്ചോടു ഒട്ടി ചേർന്ന് കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ച താലിയും എന്റെ സീമന്ത രേഖയെ ചുവപ്പിക്കണം എന്ന് ആഗ്രഹിച്ച സിന്ദൂരവും…

അതിനു മറ്റൊരു അവകാശി വരാൻ പോകുന്നു എന്ന് അറിഞ്ഞു… വാശി പിടിച്ചു നേടാൻ പറ്റുന്നത് അല്ല സ്നേഹം എന്ന് അറിയാം…ഒരിക്കലും എന്നെ സ്നേഹിക്കാൻ ഹരിയേട്ടന് കഴിയില്ല എന്നും അറിയാം. .എങ്കിലും മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ എങ്കിലും ഞാൻ ഉണ്ടെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം… “ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്.” (കടപ്പാട്: എം.ടി) പക്ഷേ പെണ്ണിന് അവള് ആദ്യമായി മനസ്സ് അറിഞ്ഞു സ്നേഹിച്ച പുരുഷൻ എന്നും ഓർമയിൽ തന്നെ ഉണ്ടാവും…

അവളുടെ ഹൃദയത്തിന് അകത്തു പ്രതിഷ്ടിച്ച രൂപം ചിലപ്പോൾ ഒരിക്കലും മാഞ്ഞു പോകാത്ത വിധം ഹൃദയത്തിന്റെ അറകളിൽ എഴുതി ചേർത്തു വച്ചിട്ടുണ്ടാകും… പറ്റുന്നില്ല ഹരിയേട്ടാ… കരയരുത് എന്ന് പലയാവർത്തി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..എന്നിട്ടും ചിലപ്പോ കരഞ്ഞു പോകുന്നു… രുദ്ര ഇങ്ങനെ ഒന്നും ആയിരുന്നില്ല…പക്ഷേ ഇപ്പൊ ഉള്ളത് … ഈ അവസ്ഥ എനിക്ക് പുതിയത് ആണ്.. ഏട്ടനെ ഞാൻ കുറ്റം പറയില്ല .. ഒരിക്കലും… പിന്നാലെ നടന്നതും സ്നേഹിച്ചതും ഒക്കെ ഞാൻ ആണല്ലോ… മറ്റൊരാളുടെ ആയിട്ട് ഹരിയേട്ടനെ കാണാൻ ഉള്ള മനക്കരുത്ത് ഇല്ല എനിക്ക്… മൂന്ന് വർഷത്തെ പ്രണയത്തിന്റെ കണക്ക് പറഞ്ഞല്ലോ ഹരിയേട്ടൻ…

അതേ തീവ്രത തന്നെയല്ലേ എന്റെ പ്രണയത്തിനും… ഹരിയേട്ടന് മറക്കാൻ കഴിയാത്ത പ്രണയം..ഞാനും അത് പോലെ അല്ലെ ഏട്ടാ… സ്നേഹിചിട്ടല്ലെ ഉള്ളൂ ഞാൻ… ബാഹ്യമായ ആകർഷണം അല്ലല്ലോ എന്റെ പ്രണയം .. വരികളിലൂടെ അല്ലെ ഞാൻ പ്രണയിച്ചത്… ആകർഷണം മാത്രമെന്ന് പറഞ്ഞു ഓരോ പ്രാവശ്യവും എന്നെ തള്ളി കളയുമ്പോഴും എന്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…. കുറ്റപ്പെടുത്തുന്നത് അല്ല ഹരിയേട്ടാ.. ശപികുന്നതും അല്ല…പറയാതിരിക്കാൻ വയ്യ…പ്രണയം എന്നും ഒരുപോലെ ആണ് ഏട്ടാ..ഒരാളുടെ പ്രണയത്തിന് മാത്രം ആണ് ആഴം കൂടുതൽ എന്ന് കരുതരുത്…

വർഷങ്ങളായി കാത്തിരിക്കുന്ന ഒരാളെ കുറിച്ച് പറഞ്ഞല്ലോ…ഞാനും കാത്തിരിക്കുന്നുണ്ട് ഹരിയേട്ടാ… ഇനിയൊരു പക്ഷേ നേരിൽ കാണും എന്ന് കരുതുന്നില്ല..പക്ഷേ മറ്റൊരാൾ എന്റെ പ്രണയത്തിന്റെ അവകാശി ആവില്ല. .. ഹരിയേട്ടനോടുള്ള വാശി അല്ല… ശാപവും അല്ല.. മറിച്ച് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ എങ്കിലും …. നേടുന്നത് മാത്രം അല്ലല്ലോ പ്രണയം… വിട്ടു കൊടുക്കുന്നതും കൂടി അല്ലെ… പക്ഷേ ഈ ഓർമകളിൽ ജീവിക്കാൻ ആണ് എനിക്കിഷ്ടം… മറ്റൊരാളെ മനസ്സിൽ കുടിയിരുത്തി ജീവിക്കാൻ എനിക്കിനി സാധിക്കില്ല.. പഴയ രുദ്ര ആവാനും… ഞാൻ എന്ന അധ്യായം ഇനി ഏട്ടന്റെ ജീവിതത്തിൽ കാണില്ല.. പേടിക്കണ്ട… ആത്മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല ഞാൻ…

പക്ഷേ മറ്റൊരാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല.. ഹരിയെട്ടനാൽ സ്നേഹിക്കപ്പെടില്ല എന്നല്ലേ ഉള്ളൂ..എനിക്ക് സ്നേഹിക്കുന്നതിന് കുഴപ്പം ഇല്ലല്ലോ.. അതിനു ആരുടേയും സമ്മതവും എനിക്ക് വേണ്ട.. ഹരിയേട്ടനും. എന്നെ വിലക്കാൻ സാധിക്കില്ല… ഈ ജന്മം മാത്രമല്ല..ഇനിയുള്ള എല്ലാ ജന്മത്തിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്… ആ കുട്ടിയെ ഞാൻ ഒരിക്കലും ശപിക്കില്ല.. ഏട്ടനെയും…ഭാഗ്യം ചെയ്ത കുട്ടി ആണ് അത്… ഭാഗ്യം ഇല്ലാത്തത് ഞാനും… എന്നെങ്കിലും ഒരു കളി തമാശയായി ഈ പൊട്ടി പെണ്ണിനെ കുറിച്ച് ആ കുട്ടിയോട് പറയണം… ഹരിയേട്ടന് എല്ലാ വിധ നന്മയും ഉണ്ടാക്കണം എന്നെ ഞാൻ പ്രാർത്ഥിക്കു…

ആശംസകളോടെ… രുദ്ര….” വർഷ വായിച്ചു നിർത്തി… “എന്താ അനിയേട്ട ഇത്….” അവള് നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.. “എനിക്കും അറിയില്ല മോളെ… ഈ രുദ്രയെ എനിക്ക് അറിയില്ല… ഞങ്ങളോട് കൊഞ്ചി നടക്കുന്ന വായാടിയായ കുസൃതി ആയ രുദ്രയെ മാത്രമേ എനിക്ക് അറിയൂ…” അവന്റെ സ്വരം ഇടറി.. “എനിക്ക് അതിശയം തോന്നുന്നു ഏട്ടാ… ഇത്രയും നാളും കൂടെ നടന്നിട്ട് അവൾക്കുള്ളിൽ ഇങ്ങനെ ഒരു സങ്കടം ഉണ്ടെന്ന് എനിക്ക് മനസിലായില്ലല്ലോ..” .വർഷ സങ്കടത്തോടെ പറഞ്ഞു.. “നിനക്ക് മാത്രമല്ലല്ലോ… ആർക്കും.. ആർക്കും മനസ്സിലായില്ല അവളെ…” അനി കണ്ണീരു തുടച്ചു കൊണ്ടു പിറുപിറുത്തു . “പക്ഷേ ഏട്ടാ .ഇത്…

ഈ കത്ത് അവളു എഴുതിയത് ആണെങ്കിൽ എങ്ങനെ അവളുടെ കയ്യിൽ തന്നെ വന്നു… അതോ അവള് ഇത് പോസ്റ്റ് ചെയ്തിട്ടില്ല എന്നാണോ..” വർഷ ചിന്തയോടെ പറഞ്ഞു.. “അതിനുള്ള ഉത്തരം ഈ അഡ്രസ്സ് വായിച്ചാൽ നിനക്ക് മനസ്സിലാകും വർഷ ..” അവൻ കയ്യിൽ ഉള്ള കവർ അവൾക്ക് മുന്നിലായി പിടിച്ചു .. “അതിലെ അഡ്രസ്സ് വായിച്ചു നോക്ക്…” അനി നിസ്സംഗനായി പറഞ്ഞു.. വർഷ അത് വെപ്രാളത്തോടെ വാങ്ങി… “ടു ഹരിനാരായണൻ ഹൗസ് നമ്പർ 12/145….. …. … ബാംഗളൂർ” വർഷ ഒരിക്കൽ കൂടി ആ അഡ്രസ്സ് വായിച്ചു… “ആരാണ് ഈ ഹരിനാരായണൻ… ഒരെത്തും പിടിയും കിട്ടുന്നില്ല എനിക്ക്. .” അനി മുടിയിൽ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു… “ഹരിനാരായണൻ…”

വർഷ ഒരിക്കൽ കൂടി ആ പേര് പറഞ്ഞു… “നിനക്ക് അറിയോ അങ്ങനെ ഒരാളെ… അവള് എന്നെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ നീ .. എന്റെ അറിവിൽ അങ്ങനെ ആരും ഇല്ല..” അനി പ്രതീക്ഷയോടെ അവളെ നോക്കി.. “ഇല്ല അനിയേട്ടാ…അവളു അങ്ങനെ ഒന്നും പറഞ്ഞ് കേട്ടിട്ടില്ല… പിന്നെ ആകെ കൂടെ അറിയുന്ന ഒരാള് ഞങ്ങളുടെ സാർ ആണ്.. പുള്ളിയുമായി അവള് മുട്ടൻ വഴക്കും ആണ്…അല്ലാതെ ഈ പേരിൽ ആരെയും അറിയില്ല എനിക്ക്…” വർഷ നിരാശയോടെ അവനെ നോക്കി.. “എന്നാലും നീ ഓർത്ത് നോക്ക്…3 വർഷത്തിൽ കൂടുതൽ ആയില്ലേ നിങ്ങള് ഒരുമിച്ച്… എന്നെങ്കിലും…

അവള് അങ്ങനെ വല്ലതും സൂചിപ്പിച്ചിരുന്നോ…” അനി പ്രത്യാശയോടെ അവളെ നോക്കി.. “ഇല്ല അനിയേട്ടാ. അവളുടെ രീതി അറിയാലോ… വെട്ട് ഒന്ന് മുറി രണ്ടു… ആർക്കും പിടി കൊടുക്കില്ല.. എപ്പോഴും ഇങ്ങനെ പാറി പറന്നു നടക്കും.. ഇപ്പൊ ഒരു ഏഴ് എട്ട് മാസമായി അവൾക്ക് വല്ലാത്ത മൗനം…കാരണം അന്വേഷിച്ചപ്പോൾ ഒക്കെ അവളു ചിരിച്ചു കളിച്ചു ഒഴിഞ്ഞു മാറി.. പക്ഷേ അതിന് പിന്നിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു…” വർഷ കണ്ണ് നിറച്ച് കൊണ്ട് അവനെ നോക്കി.. “ഇത് വല്ലാത്ത ഒരു കുരുക്ക് ആണല്ലോ മോളെ… രുദ്രയ്ക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ….. ആരാവും അത് ..”

അനിയുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു… “പക്ഷേ .. ഈ അഡ്രസ്സ്… ബാംഗളൂർ.. അതെങ്ങനെ… രുദ്രയ്ക്ക് എങ്ങനെ അവിടെ ഉള്ള ആളെ പരിചയം… ഇനി വല്ല ഓൺലൈൻ ലവ്വും ആവുമോ…” വർഷയുടെ സ്വരത്തിൽ വേവലാതി നിറഞ്ഞു.. “ബാംഗളൂർ….അതാണ് ഞാനും ചിന്തിക്കുന്നത്…. അവര് കുറച്ച് നാള് ബാംഗളൂർ ഉണ്ടായിരുന്നു…. കുറച്ച് നാള് അല്ല….. മൂന്നാലു വർഷം ആയിട്ട് മിക്കവാറും എല്ലാ സമ്മർ വെകേഷനും അവള് അവിടെ ആയിരുന്നു….” അനി ചിന്തയിൽ ആയിരുന്നു… “ബാംഗളൂർ… ആഹ്‌..ഓർമ്മയുണ്ട്… പ്ലസ് ടൂ കഴിഞ്ഞത് മുതൽ അല്ലെ..” വർഷ എന്തോ ഓർത്ത് കൊണ്ട് പറഞ്ഞു.. “യെസ്… പ്ലസ് ടൂ എക്സാം കഴിഞ്ഞ സമയത്ത് ആണ് അവള് ആദ്യമായി അങ്ങോട്ട് പോയത്…

അവിടെ ഇളയമ്മയുടെ ചേട്ടനും ഫാമിലിയും ഉണ്ടു… ദക്ഷയ്ക്ക് അവിടേക്ക് പോകാൻ വല്യ താൽപര്യം ഇല്ലായിരുന്നു… പക്ഷേ അന്നൊക്കെ രുദ്ര അവിടേക്ക് പോകാൻ വാശി പിടിച്ചിരുന്നു…എനിക്ക് ഓർമ്മയുണ്ട്… ഒടുവിൽ അവളെ ഒറ്റയ്ക്ക് അവിടേക്ക് കൊണ്ട് ചെന്ന് ആക്കിട്ട് ഉണ്ടു ഇളയച്ഛൻ…” അനി അന്നത്തെ സംഭവങ്ങൾ ഓർത്ത് എടുത്തു… “അതിനു അർത്ഥം അവളുടെ ഹൃദയം കവർന്ന അവളുടെ പ്രണയം… അത്… അയാള് അവിടെ ഉണ്ടെന്ന് അല്ലെ അനിയേട്ടാ..” വർഷ ആവേശത്തോടെ ചോദിച്ചു.. “അധികം സന്തോഷിക്കാൻ ആയിട്ടില്ല മോളെ… നീ ആ കത്ത് കണ്ടില്ലേ… അതിനു അർത്ഥം അയാള് ഇത് വരെ അവളെ അംഗീകരിച്ചിട്ടില്ല… മാത്രവുമല്ല…

അവളുടെ വാക്കുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്…” അനി ഒന്ന് നിർത്തി… “അയാളുടെ കല്യാണം ആണോ ഏട്ടാ…” വർഷ വേദനയോടെ ചോദിച്ചു… “മം… അതിനു സാധ്യത കൂടുതൽ ആണ്…. പക്ഷേ… ഈ കത്ത്… അതെങ്ങനെ രുദ്രയുടെ കയ്യിൽ തന്നെ വന്നു.. കാരണം അവളു ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്… സീൽ കണ്ടില്ലേ…ഇനി അയാള് അത് തിരിച്ചു അയച്ചത് ആവുമോ…” അനി തലവേദന എടുത്ത് കൊണ്ട് പറഞ്ഞു.. “ഇതിനൊക്കെ ഉള്ള ഉത്തരം തരാൻ പറ്റുന്ന ഒരാളെ ഉള്ളൂ നമുക്ക് അരികിൽ.. രുദ്ര… പക്ഷേ അവളുടെ നാവില് നിന്നും അത് അറിയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…” അനി പതിയെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “ഒരു പക്ഷെ ബാംഗളൂർ അന്വേഷിച്ചാൽ വല്ല തുമ്പും കിട്ടിയാലോ ഏട്ടാ…”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!