താദാത്മ്യം : ഭാഗം 41

താദാത്മ്യം : ഭാഗം 41

എഴുത്തുകാരി: മാലിനി വാരിയർ

ഒരു ചിത്രശലഭത്തെ പോലെ പാറിക്കളിച്ചുകൊണ്ടിരുന്ന തന്റെ മകൾ എന്തോ നഷ്ടമായത് പോലെ ഒറ്റയ്ക്ക് മുറിയിലിരിക്കുന്നത് കണ്ട് ശോഭയുടെ മനം ഒന്ന് പിടഞ്ഞു. “മിഥു.. ഈ മിലുവിന് ഇതെന്ത് പറ്റി… അവളെന്തിനാ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നെ… ” ശോഭ വേദനയോടെ ചോദിച്ചു.മിഥു എന്ത് പറയണമെന്നറിയാതെ മൗനമായി നിന്നു. “എന്താ മിഥു… അവൾ നിന്നോട് വല്ലതും പറഞ്ഞോ..? ” അവർ വീണ്ടും ചോദിച്ചതും, “ഒന്നുമില്ലമ്മേ..അവളെന്തോ ആശയക്കുഴപ്പത്തിലാണ്.. കുറച്ചു നേരം ഒറ്റയ്ക്കിരുന്ന് ചിന്തിച്ചാൽ മാറാവുന്നതേ ഉള്ളൂ..അമ്മ വെറുതെ ടെൻഷൻ ആകേണ്ട..”

“എന്ത് കുഴപ്പം.. ജോലിയുടെ ടെൻഷൻ ആണോ..? അങ്ങനെ വല്ലതും ആണെങ്കിൽ അവളോട്‌ ആ ജോലിക്ക് പോകണ്ടെന്ന് പറ..അവൾ ഇങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ട ആവശ്യമൊന്നും ഇവിടെ ഇല്ല..” ആ അമ്മ മനം തുടിച്ചു. എന്ത് പറയണമെന്നറിയാതെ മിഥു അമ്മയുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി നിന്നു. “അങ്ങനെ ഒന്നുമില്ലമ്മേ… അവൾ വേറേതോ ചിന്തയിൽ ഇരിക്കുവാണ്.. അത് പെട്ടെന്ന് ശരിയാകും.. അമ്മ വിഷമിക്കാതെ സമാധാനമായി ഇരിക്ക്..ഞാനവളോട് സംസാരിക്കാം..” എന്ന് പറഞ്ഞ് മിഥു അമ്മയെ ആശ്വസിപ്പിച്ചു..അവർ എല്ലാം കേട്ട് പാതി മനസ്സോടെ അടുക്കള ജോലിയിലേക്ക് മുഴുകി..

മിഥുനയുടെ മനസ്സും മിലുവിന്റെ അവസ്ഥ കണ്ട് വിങ്ങികൊണ്ടിരുന്നു. “സേതു…പ്ലീസ്… എന്നോട് ഇങ്ങനെ എല്ലാം മറച്ച് വെച്ച് സംസാരിക്കല്ലേ…” സിദ്ധു ഒരു അപേക്ഷയോടെ പറഞ്ഞതും, സേതു അവന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങി. “ഋഷിക്ക് മൃദുലയെന്ന് പറഞ്ഞാൽ ജീവനായിരുന്നു.. അവൻ മൃദുലയുടെ പഠിപ്പ് കഴിഞ്ഞ് അവന്റെ ഇഷ്ടം അവളോട്‌ തുറന്ന് പറയാൻ ഇരിക്കുവായിരുന്നു..ഞാനവനെ ചെറിയ വയസ്സുമുതലെ കാണുന്നതാ.. സ്വന്തമെന്ന് പറയാൻ അവനാരുമില്ല. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് അവൻ ഇന്നീ നിലയിൽ എത്തിയത്. തന്റെ ജീവിതത്തിൽ തനിക്ക് കിട്ടിയ ആദ്യത്തെ ബന്ധമാണ് മൃദുലയെന്ന് അവൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്..

അതോർക്കുമ്പോ ഞാനും സന്തോഷപ്പെടാറുണ്ട്..കുറച്ചു നാൾ മുൻപ് വരെ അവൻ ഒരുപാട് സന്തോഷത്തിലായിരുന്നു.അവളോട്‌ ഇഷ്ടം തുറന്നു പറയാൻ കാത്തിരിക്കുകയായിരുന്നു അവൻ. പക്ഷെ ഒരു മൂന്നാല് മാസത്തിനു മുൻപ് പെട്ടെന്നൊരു ദിവസം, ഒരുപാട് കുടിച്ചിട്ട് അവൻ വീട്ടിലേക്ക് വന്നു.ഞാൻ അറിഞ്ഞിടത്തോളം അവനൊരു ദുശീലങ്ങളുമില്ല.. പക്ഷെ അന്നത്തെ അവന്റെ പ്രവർത്തികൾ എന്നെ ആശ്ചര്യപ്പെടുത്തി. അന്ന് ഒന്നും പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൻ.. ഞാനും ഒന്നും ചോദിച്ചില്ല. പിറ്റേന്ന് ഞാൻ അവനോട് കാര്യം തിരക്കി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story