തനിയെ : ഭാഗം 1

തനിയെ : ഭാഗം 1

Angel Kollam

നേരം നന്നേ ഇരുട്ടിയിരിക്കുന്നു, കാതടപ്പിക്കുന്ന ഒച്ചയിൽ ഇടിയും, ഭൂമിയെ രണ്ടായി പിളർക്കാനുള്ള ശക്തിയുള്ള മിന്നലും, അതിശക്തമായ മഴയും..ഈ മെയ്‌ മാസത്തിലും, കാലം തെറ്റി പെയ്യുന്ന മഴയെ മനസ്സിൽ ശപിച്ചു കൊണ്ട് അന്നമ്മ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി, സമയം പത്തുമണി ആയിരിക്കുന്നു. കുട്ടികൾ വിശപ്പ് കൊണ്ട് വാടി തളർന്നുറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അന്നമ്മയുടെ മിഴികൾ നിറഞ്ഞൊഴുകി.. ഈ രാത്രി, ഇത്ര വൈകിയിട്ടും വരാൻ വൈകുന്ന ഭർത്താവിനെയും പ്രതീക്ഷിച്ചു വഴികണ്ണുമായി അവർ കാത്തിരുന്നു.

ഇന്നെങ്കിലും അയാൾ തനിക്കും മക്കൾക്കും എന്തെങ്കിലും ഭക്ഷണത്തിനുള്ള വക കൊണ്ട് വരണേ എന്നൊരു പ്രാർത്ഥന കൂടി അവർക്കുണ്ടായിരുന്നു. മഴയുടെ ശക്തി കൂടിയപ്പോൾ, പൊട്ടിയ ഓടിന്റെ വിടവിലൂടെ വീടിനുള്ളിലേക്ക് വെള്ളം വീഴാൻ തുടങ്ങി. അന്നമ്മ അടുക്കളയിൽ നിന്നും പാത്രങ്ങളെടുത്തു അവിടവിടെ നിരത്തി വച്ചു. വാടിയ താമരതണ്ട് പോലെ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ അവരുടെ ഇടനെഞ്ച് പൊട്ടുന്ന വേദനയുണ്ടായി.. മൂന്ന് പെൺകുഞ്ഞുങ്ങളാണ് അന്നമ്മയ്ക്കും ജോസെഫിനും. മൂത്തവൾ ജിൻസി പത്തു വയസ്, രണ്ടാമത്തവൾ ജാൻസി ഏഴു വയസ്, മൂന്നാമത്തവൾ നാൻസി നാലു വയസ്. തികഞ്ഞ മദ്യപാനിയാണ് ജോസഫ്.

തന്റെ ഭാര്യയെയും മക്കളെയും പോലും ഓർക്കാതെ കിട്ടുന്ന കാശിനു മുഴുവൻ മദ്യപിക്കുന്നതാണ് അയാളുടെ ശീലം.. ആരും ഒരു സഹായത്തിനു പോലുമില്ലാതെ, മൂന്നു പെണ്മക്കളെയും കൊണ്ട് തന്റെ വീട്ടിൽ പോയി അവർക്കൊരു ബാധ്യതയാകാൻ കഴിയാതെ അന്നമ്മ എല്ലാം സഹിച്ചു ജീവിക്കുകയാണ്.. “നീയറിഞ്ഞോ മേലെ മാനത്ത്‌ ആയിരം ഷാപ്പുകൾ തുറന്നിട്ടുണ്ടേ…” മഴയുടെ താളത്തിനിടയിൽ ജോസെഫിന്റെ പാട്ട് കേട്ടപ്പോൾ അന്നമ്മ ഒരു പിടച്ചിലോടെ കാതോർത്തു.. ‘ഇന്നും അയാൾ കുടിച്ചിട്ടാണ് വരുന്നത്, താനും തന്റെ മക്കളും പട്ടിണിയാണെന്ന് പോലും ഓർക്കാതെ അയാൾ കിട്ടുന്ന ക്യാഷ് മുഴുവൻ കള്ളു കുടിച്ച് കളയുവാണല്ലോ കർത്താവെ ‘ മഴയത്ത് നനഞ്ഞു കുളിച്ചു ജോസഫ് ആ വീടിന്റെ വാതിൽക്കലെത്തി, വാതിലിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“ഡീ.. അന്നമ്മേ.. കതക് തുറക്കെടി ” അന്നമ്മ മെല്ലെ എഴുന്നേറ്റു കതകിന്റെ അടുത്തെത്തി. “എന്താടി.. കതക് തുറക്കാൻ ഇത്രയും താമസം? ഞാനില്ലാത്ത നേരം നോക്കി ഏതവനെയാടി നീ വീട്ടിൽ വിളിച്ചു കയറ്റിയിരിക്കുന്നത്?” അന്നമ്മയുടെ മുഖത്ത് ദേഷ്യം ഇരച്ചു വന്നെങ്കിലും അവർ മറുപടി പറയാതെ കതക് തുറന്നു. വെറുംകയ്യുമായി വന്നിരിക്കുന്ന അയാളെ കണ്ടപ്പോൾ അന്നമ്മയ്ക്ക് നെഞ്ചിൽ വേദന തോന്നി. “നിങ്ങൾ ഇന്നും അരിയും സാധനങ്ങളും വാങ്ങിയില്ലേ?” “കാശില്ലാതെ കടയിലേക്ക് ചെന്നാൽ ആര് തരുമെടി അരിയും സാധനങ്ങളും?” “നിങ്ങൾ ജോലി ചെയ്യുന്ന കാശൊക്കെ ഇങ്ങനെ കള്ളു കുടിച്ച് കളയാതെ പിള്ളേർക്കെങ്കിലും വിശപ്പിനെന്തെങ്കിലും വാങ്ങി കൊടുത്തൂടെ?”

“രാവിലെ മുതൽ വൈകുന്നേരം വരെ നടുവൊടിഞ്ഞു ജോലി ചെയ്യുമ്പോൾ രണ്ടു തുള്ളി അകത്തു ചെന്നാലേ ശരീരക്ഷീണം മാറത്തുള്ളു.. അതിനിടയ്ക്കാണ് അവൾക്ക് അരിയും പയറുമൊക്കെ വാങ്ങേണ്ടത് ” അന്നമ്മ തന്റെ മക്കളേ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു. “ഞാൻ വന്നപ്പോൾ എന്റെ വീട്ടിൽ നിന്നും കൊണ്ട് വന്നതാണോ ഇതുങ്ങളെ, അല്ലല്ലോ? എന്തിനാ ഞങ്ങളെ നാലുപേരെയും പട്ടിണിക്കിട്ടിങ്ങനെ കൊല്ലുന്നത്? ഇതിലും ഭേദം കുറച്ച് വിഷം തന്നു ഞങ്ങളെയങ്ങ് കൊല്ലുന്നതല്ലേ?” “ഞാൻ നിനക്കൊക്കെ വിഷം തന്നാൽ കൊലപാതകകുറ്റത്തിന് ജയിലിൽ പോയി കിടക്കേണ്ടി വരും.

നിനക്ക് ചാവണമെങ്കിൽ നീ വിഷം കഴിച്ചോ.. കൂട്ടത്തിൽ ഇതുങ്ങൾക്കും കൊടുത്തോ, ഇല്ലെങ്കിൽ ദേ.. ആ മുറ്റത്ത് കിണർ കിടപ്പുണ്ട്, അതിൽ ചാടി ചത്തോ.. അതുമല്ലെങ്കിൽ ജംഗ്ഷനിൽ നല്ലൊരു കനാലുണ്ടല്ലോ, അതിൽ ചാടി ചാകടി ” “എന്തിനാ മനുഷ്യാ നിങ്ങൾ കല്യാണം കഴിച്ചത്? എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്?” “നിന്നെ കെട്ടിയതോട് കൂടി എന്റെ ജീവിതമാടി നശിച്ചത്. നിന്റെ ആങ്ങള ഗൾഫിൽ കൊണ്ട് പോകാൻ വിസ എടുത്തു തരാമെന്ന് പറഞ്ഞെന്നെ പറ്റിച്ചു. എനിക്ക് തരാമെന്ന് പറഞ്ഞ സ്ത്രീധനം പോലും നൽകിയില്ല.. എന്നിട്ടും നിനക്ക് മുറുമുറുപ്പ്.. അതെല്ലാം പോട്ടെ, ഞാൻ പറയുന്നതെന്തെങ്കിലും നീ അനുസരിക്കുന്നുണ്ടോടി, എനിക്കൊരു ആൺകൊച്ചിനെ വേണമെന്ന് പറഞ്ഞിട്ട്, നിനക്കത് സാധിപ്പിച്ചു തരാൻ കഴിഞ്ഞോ?”

“ഈ കുഞ്ഞുങ്ങൾക്ക് ചിലവിന് കൊടുക്കാൻ പോലും നിങ്ങൾക്ക് മനസ്സില്ല, ഇനിയും ഞാൻ ഗർഭിണി ആയാൽ, ആ കുഞ്ഞും പെണ്ണാണെങ്കിലോ.. ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നത് വരെ ഞാനിങ്ങനെ ഗർഭം ധരിച്ചു കൊണ്ടിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഞാൻ പട്ടിയോ, പൂച്ചയോ ഒന്നുമല്ല, ഒരു മനുഷ്യജീവിയാണ്, പിള്ളേരെ പ്രസവിക്കാനുള്ള യന്ത്രമല്ല ഞാൻ ” “തർക്കുത്തരം പറയുന്നോടി ” അയാൾ അവരുടെ കവിളത്ത്‌ ആഞ്ഞടിച്ചു,മുടിയിൽ കുത്തിപ്പിടിച്ചു, ഭിത്തിയിൽ തലയടിപ്പിച്ചതും പ്രാണൻ പിടയുന്ന വേദനയോടെ അന്നമ്മ ഉറക്കെ നിലവിളിച്ചു. ഉറക്കത്തിലായിരുന്ന കുട്ടികൾ അവരുടെ നിലവിളി കേട്ട് പിടഞ്ഞെഴുന്നേറ്റു. അന്നമ്മയുടെ നെറ്റി പൊട്ടി ചോരയൊഴുകുന്നുണ്ടായിരുന്നു.

കുട്ടികൾ മൂന്നുപേരും ഓടിയെത്തി അയാളുടെ കാലിൽ മുറുക്കെ കെട്ടിപ്പിടിച്ചു. “പപ്പാ.. അമ്മയെ കൊല്ലല്ലേ പപ്പാ.. അയ്യോ.. കൊല്ലല്ലേ പപ്പാ ” അയാൾക്ക് ദേഷ്യം വന്നു, അയാൾ മൂന്നുപേരെയും പിടിച്ച് മാറ്റി, അന്നമ്മയെ മുടിക്ക് കുത്തിപിടിച്ചു കൊണ്ട് വീടിന് വെളിയിലേക്ക് വന്നു, കുട്ടികൾ ഉറക്കെ നിലവിളിച്ചു കൊണ്ട് അവർക്ക് പിന്നാലെ പുറത്തേക്ക് വന്നു. മഴ ശക്തിയിൽ പെയ്തു കൊണ്ടിരുന്നു, അതിനെ വകവയ്ക്കാതെ അന്നമ്മയെയും മക്കളെയും മുറ്റത്തേക്ക് വലിച്ചിട്ട് അയാൾ വീടിന്റെ പ്രധാന വാതിൽ അവർക്ക് മുന്നിൽ കൊട്ടിയടച്ചു. ആ പാതിരാത്രിയിൽ, ശക്തമായ മഴയുടെ തണുപ്പിൽ അന്നമ്മയും കുഞ്ഞുങ്ങളും വിറങ്ങലിച്ചു നിന്നു. കുട്ടികൾ വാതിലിൽ തട്ടി വിളിച്ചു. “പപ്പാ.. വാതിൽ തുറക്ക് പപ്പാ..

ഞങ്ങൾക്ക് തണുക്കുന്നു പപ്പാ ” അയാൾ അതൊന്നും കേട്ടതായി ഭാവിക്കാതെ മദ്യലഹരിയിൽ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അന്നമ്മയുടെ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾ ആ മൂന്നുപേരെയും തന്റെ ശരീരത്തോട് ചേർത്ത് നിർത്തി, വീടിന്റെ മുന്നിലെ വിജനതയിലേക്ക് നോക്കി നിന്നു.. അയൽവക്കത്തുള്ളവരെല്ലാം സുഖനിദ്രയിലാണ്.. ഈ പാതിരാത്രിയിൽ താനും തന്റെ മക്കളും മാത്രം, അനാഥരെപ്പോലെ.. വീടിന് മുന്നിലുള്ള റോഡിന്റെ എതിർവശത്തായി തങ്ങളുടെ ഇടവകപള്ളിയുണ്ട്, ആ പള്ളിയിലെ കുരിശിന്റെ അരികിൽ ഒരല്പം വെളിച്ചം കാണാൻ കഴിയുന്നുണ്ട്.

അന്നമ്മ പ്രതീക്ഷയോടെ പറഞ്ഞു. “വാ മക്കളേ.. നമുക്ക് പള്ളിയുടെ തിണ്ണയിൽ പോയി ഇരിക്കാം ” കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകടിയിൽ സൂക്ഷിച്ചു പിടിക്കുന്നത് പോലെ, പാറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ അമ്മ പള്ളിയുടെ നേർക്ക് നടന്നു. വളരെ പഴയ ഒരു പള്ളിയാണത്, ചുറ്റുമതിൽ ഉണ്ടെങ്കിലും ഗേറ്റ് ഇല്ലാത്തത് കൊണ്ട് ആർക്കു വേണമെങ്കിലും, ഏത് പാതിരാത്രിയിൽ ആയാലും ആ പള്ളിമുറ്റത്തേക്ക് പ്രവേശനമുണ്ട്. ഗീവർഗീസ് പുണ്യാളന്റെ പേരിലുള്ള പള്ളിയായതിനാൽ ആ നാട്ടിലെ ആരും പാമ്പ് കടിയേറ്റ് മരിക്കാതെ പുണ്യാളൻ രക്ഷിക്കുമെന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്.

അന്നമ്മ കുട്ടികളെയും കൂട്ടി പള്ളി മുറ്റത്തേക്ക് ചെന്നു, പള്ളിയുടെ തിണ്ണയിൽ മക്കളെയും മാറത്തടുക്കി ഇരിക്കുമ്പോൾ അന്നമ്മയുടെ ഹൃദയം പിടയുകയായിരുന്നു. മിന്നൽപിണറിന്റെ ശക്തിയിൽ കുട്ടികൾ പേടിച്ചു നിലവിളിക്കുമ്പോൾ അവരോടൊപ്പം നിലവിളിക്കാനെ ആ സാധു സ്ത്രീയ്ക്ക് കഴിഞ്ഞുള്ളൂ. ഭൂമിയിൽ പെയ്തിറങ്ങുന്ന ഈ മഴയ്ക്കൊപ്പം പെയ്യാൻ വെമ്പി നിൽക്കുന്ന ഒരു മേഘം തന്റെ നെഞ്ചിലുണ്ടെന്ന് അന്നമ്മ തിരിച്ചറിഞ്ഞു. ഭാവിയെക്കുറിച്ചുള്ള സകലപ്രതീക്ഷയും നശിച്ച്, വിജനതയിലേക്ക് നോക്കിയിരിക്കുമ്പോൾ അവർ ചിന്തിച്ചത് തന്റെ ദുർവിധിയെക്കുറിച്ചായിരുന്നു. സ്നേഹമുള്ള ഒരു അപ്പന്റെയും അമ്മയുടെയും, നാലു മക്കളിൽ മൂന്നാമത്തവളായിട്ടായിരുന്നു അന്നമ്മയുടെ ജനനം.

അപ്പനും അമ്മയും, മൂന്ന് പെണ്മക്കളും ഒരേയൊരു ആൺകുട്ടിയുമടങ്ങുന്നതായിരുന്നു അന്നമ്മയുടെ കുടുംബം. അന്നമ്മയുടെ ഇളയ അനിയത്തിക്ക് രണ്ടുവയസുള്ളപ്പോളാണ്, അന്നമ്മയുടെ പിതാവ് മസ്തിഷ്ക ജ്വരം പിടിപെട്ടു മരണപ്പെടുന്നത്, അതിന് ശേഷം അന്നമ്മയുടെ മാതാവ് ഒരുപാട് കഷ്ടപ്പെട്ടാണ് നാലു മക്കളെയും വളർത്തിയത്. അന്നമ്മയുടെ സഹോദരന് ഒരു നല്ല ജോലിയായാൽ ആ കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ആ മാതാവ് അയാളെ ഡിഗ്രി വരെ പഠിപ്പിച്ചു. ഒരു ജോലിക്ക് വേണ്ടി ജോൺ മുട്ടാത്ത വാതിലുകളില്ല, ആരും സഹായിക്കാനില്ലാതെ, തൊഴിൽരഹിതനായി നടന്ന ജോൺ, ഒടുവിൽ ജോലി കിട്ടാത്ത നിരാശയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് കത്തിച്ചു കളഞ്ഞിട്ട്, കൂലിപ്പണിക്ക് പോയി തുടങ്ങി..

എങ്ങനെയൊക്കെയോ കടം വാങ്ങിയും ബുദ്ധിമുട്ടിയും ജീവിതം മുന്നോട്ട് പോകുമ്പോളാണ് ജോണിന് ഒരു വിവാഹാലോചന വരുന്നത്. ആ പെണ്ണിന്റെ സഹോദരൻ, ജോണിന് ഗൾഫിലേക്ക് പോകാൻ ഒരു വിസ വാഗ്ദാനം നൽകിയപ്പോൾ ജോൺ മറ്റൊന്നും ആലോചിക്കാതെ ആ വിവാഹത്തിന് സമ്മതിച്ചു. ജോൺ വിവാഹ ശേഷം ഗൾഫിലേക്ക് പോയി, വർഷങ്ങളുടെ കഠിനപ്രയത്നം കൊണ്ട് ഓരോ പെങ്ങന്മാരെയും ഓരോരുത്തരുടെ കൈ പിടിച്ചേല്പിച്ചു. മറ്റ് രണ്ടു സഹോദരിമാരുടെയും കാര്യത്തിൽ പറ്റാത്തൊരു അബദ്ധമാണ് അന്നമ്മയുടെ വിവാഹകാര്യത്തിൽ സംഭവിച്ചത്. ഒരു ബ്രോക്കർ മുഘേന വന്ന ആലോചന കൂടുതൽ അന്വേഷണങ്ങളൊന്നും കൂടാതെ തിടുക്കത്തിൽ നടത്തുമ്പോൾ അവരാരും കരുതിയില്ല, ഒരു നരകത്തിലേക്കാണ് അന്നമ്മ വലത് കാല് വച്ചു കയറുന്നതെന്ന്.

ജോസെഫിന്റെ അപ്പൻ ഒരു തികഞ്ഞ മദ്യപാനിയായിരുന്നു, അമിതമദ്യപാനം മൂലമുണ്ടാകുന്ന കരൾരോഗം ബാധിച്ചാണ് അയാൾ മരണപെട്ടത്. അപ്പന്റെ അതേ പാത പിന്തുടരുന്ന മകനായിരുന്നു ജോസഫ്. ജോസെഫിന് ഒരു സഹോദരി കൂടിയുണ്ട് ജെസ്സി, അവർ വിവാഹിയാണ്, രണ്ടു കുട്ടികളുമായി ഭർത്താവിന്റെ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു. അന്നമ്മയുമായുള്ള വിവാഹശേഷവും അയാളുടെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല, മദ്യപിച്ചു ബോധമില്ലാതെ അയാൾ കാട്ടി കൂട്ടുന്ന പ്രവർത്തികൾ സഹിക്കാൻ കഴിയാതെ അയാളുടെ മാതാവ് ആ വീട്ടിൽ നിന്നും ഇറങ്ങിപോയി, ഇപ്പോൾ ജെസ്സിയുടെ വീട്ടിലാണ്.

അന്നമ്മ തന്റെ വിധിയെ പഴിച്ച് ആ വീട്ടിൽ കഴിഞ്ഞു കൂടുകയാണ് ചെയ്തത്, പക്ഷേ അയാളുടെ ദേഹോപദ്രവം അതിരു കടന്നപ്പോൾ, സഹികെട്ടു ഒരിക്കൽ സ്വന്തം വീട്ടിലേക്ക് പോയി. മൂന്നു പെണ്മക്കളും അന്നമ്മയും കൂടി തങ്ങൾക്കൊരു ബാധ്യതയാകരുതെന്നാണ് ജോണിന്റെ ഭാര്യ ആവശ്യപ്പെട്ടത്. പിന്നീടൊരിക്കൽ പോലും ഒരു സഹായവും തേടി, അന്നമ്മ സ്വന്തം വീട്ടിലേക്ക് പോയില്ല. ജോസഫിന് ചന്തയിൽ ചുമടെടുപ്പാണ് ജോലി , മുടങ്ങാതെ ജോലിക്ക് പോയി, കിട്ടുന്ന പണം മുഴുവൻ മദ്യപിച്ചു തീർക്കുന്ന അയാൾ ഭാര്യയെയും മക്കളെയും പറ്റി ഒരിക്കൽ പോലും ചിന്തിച്ചില്ല.. ഒരു കണക്കിന് പറഞ്ഞാൽ മദ്യം ആ കുടുംബത്തിൽ നാശം വിതച്ചു. ശക്തമായ ഇടിമുഴക്കത്തിന്റെ ഒച്ച കേട്ടപ്പോളാണ് അന്നമ്മ ചിന്തയിൽ നിന്നുണർന്നത്.

തന്റെ നെഞ്ചോട് ചേർന്ന് തണുത്തു വിറച്ചു കിടക്കുന്ന മൂന്നു കുരുന്നുകളുടെ മുഖത്തേക്ക് അവർ നോക്കി. തന്റെ അപ്പൻ മരിക്കുമ്പോൾ ഏകദേശം ഇതേപ്രായത്തിലുള്ള നാലു മക്കളുമായി ജീവിതത്തോട് പടവെട്ടി തന്റെ അമ്മച്ചി ജീവിച്ചു, അമ്മച്ചിയ്ക്ക് തണലായിട്ട് ആരുമുണ്ടായിരുന്നെങ്കിലും കയറി കിടക്കാൻ ഒരു വീടെങ്കിലും ഉണ്ടായിരുന്നു. പക്ഷേ തന്റെ അവസ്ഥ അതിലും പരിതാപമാണ്, മിക്കരാത്രികളിലും അയാൾ തന്നെയും മക്കളെയും പുറത്താക്കി കതകടയ്ക്കും, മഴയില്ലാത്ത ദിവസങ്ങളിൽ ആ വീടിന്റെ മുറ്റത്തിരുന്നു നേരം വെളുപ്പിക്കുകയാണ് പതിവ്.. അന്നമ്മ ആഴത്തിൽ ചിന്തിച്ചു, ഇല്ല.. ഈ കുഞ്ഞുങ്ങളെയും കൊണ്ട് അയാളോടൊപ്പം ജീവിക്കാൻ കഴിയില്ല, മരണമാണ് തങ്ങൾക്കുള്ള ഏക പ്രതിവിധി.. അന്നമ്മയുടെ മുഖത്ത് ദൃഢനിശ്ചയം പ്രകടമായിരുന്നു.

അവർ തന്റെ ഇരുകൈത്തലങ്ങൾ കൊണ്ടും മുഖം അമർത്തിതുടച്ചു. എന്നിട്ട് മെല്ലെ എഴുന്നേറ്റു, കുഞ്ഞുങ്ങളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് അവർ ആ മഴയിലേക്കിറങ്ങി.. മഴയുടെ ശക്തി കൂടി വരുന്നതേയുള്ളൂ, എങ്കിലും ഉറച്ച കാൽ വെയ്പ്പോടെ അവർ കുട്ടികളെയും കൂട്ടി മുന്നോട്ട് നടന്നു. ജംഗ്ഷനിലുള്ള കനാലായിരുന്നു അവരുടെ ലക്ഷ്യം, കല്ലടജലസേചന പദ്ധതിയുടെ ഭാഗമായുള്ള ആ കനാലിൽ അന്ന് പതിവിലധികം വെള്ളമുണ്ടായിരുന്നു. കനാലിന്റെ തീരത്തെത്തിയപ്പോൾ അന്നമ്മ നിന്നു, തന്റെ തീരുമാനം ശരിയാണോ എന്നൊരിക്കൽ കൂടി ആലോചിച്ചു. പിന്നെ മക്കളെ മൂന്നുപേരെയും ചേർത്ത് പിടിച്ചു, കുട്ടികൾ മൂന്നുപേരും ഒന്നും മനസിലാകാതെ ഭയത്തോടെ അന്നമ്മയുടെ മുഖത്തേക്ക് നോക്കി.

മൂന്നുപേരുടെയും കവിളുകളിൽ അന്നമ്മ മാറിമാറി ചുംബിച്ചു. അവരെ ചേർത്ത് പിടിച്ചു കൊണ്ട് ആ വെള്ളത്തിലേക്ക് ചാടാൻ തുനിഞ്ഞതും, ജാൻസി അവരുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. “അമ്മേ.. എനിക്ക് പേടിയാണ്.. നമുക്ക് മരിക്കണ്ടമ്മേ..” അന്നമ്മ മക്കളെ കെട്ടിപിടിച്ചു ഉച്ചത്തിൽ കരഞ്ഞു. ആ മഴയിൽ അവരുടെ കരച്ചിൽ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. അന്നമ്മ മക്കളുടെ മുഖത്തേക്ക് നോക്കി, ജീവിക്കാനുള്ള ആഗ്രഹം ആ കുഞ്ഞുമുഖങ്ങളിൽ കാണാമായിരുന്നു.

തുടരും.. 

Share this story