നാഗമാണിക്യം: ഭാഗം 5

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

അഞ്ജലിയുടെ കയ്യിലെ തിരി താഴെ വീണു. ഒരു നിലവിളിയോടെ അവൾ താഴേക്ക് ഇരിക്കുന്നത് പത്മ കണ്ടു. മിഴികൾ തുടച്ച് അവൾക്കരികിലേക്ക് ഓടിയെത്തുമ്പോൾ നാഗത്തറയുടെ വശത്തുനിന്ന് കുറ്റിച്ചെടികൾക്കുള്ളിലേക്ക് ഇഴഞ്ഞുനീങ്ങുന്ന കറുത്ത ഉടൽ പത്മ കണ്ടിരുന്നു. ” എന്റെ കാലിൽ എന്തോ കടിച്ചു….” കരച്ചിലോടെ അഞ്ജലി പറയുന്നത് കേട്ടു കൊണ്ടാണ് പത്മ അരികിലെത്തിയത്.

വിനയ് അഞ്ജലിക്കരികിലിരുന്ന് മൊബൈലിന്റെ വെളിച്ചത്തിൽ നോക്കിയെങ്കിലും കാലിൽ പാടുകളൊന്നും കണ്ടില്ല. അനന്തന്റെ നോട്ടത്തെ അവഗണിച്ച് പത്മ നാഗത്തറക്ക് മുൻപിൽ തിരികൊളുത്തി. ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചതിനുശേഷം നാഗത്തറയിൽ വീണു കിടന്നിരുന്ന മഞ്ഞൾപ്പൊടി വിരലിലെടുത്ത് അഞ്ജലിയുടെ കണങ്കാലിൽ തൊട്ടു. അഞ്ജലി ആദ്യം കാൽ വലിക്കാൻ ശ്രമിച്ചെങ്കിലും പത്മയുടെ നോട്ടത്തിനു മുൻപിൽ കീഴടങ്ങി.

വിനയയുടെ കൈകളിൽ പിടിച്ച് എണീറ്റെങ്കിലും അടുത്ത നിമിഷം അഞ്ജലി അനന്തന് നേരെ കൈകൾ നീട്ടി. ” എനിക്ക് കാൽ വല്ലാതെ വേദനിക്കുന്നു അനന്തു… നടക്കാൻ വയ്യ” അനന്തൻ ഒന്നും പറയാതെ അവളെ ചേർത്തു നിർത്തിയപ്പോൾ അഞ്ജലി അവനെ ചാരിനിന്നു. മുറുകിയ മുഖത്തോടെ പത്മ പറഞ്ഞു. ” നാഗക്കാവിലെ നാഗങ്ങൾ കാരണമില്ലാതെ ആരെയും ഉപദ്രവിക്കാറില്ല… ആരെയും” ഒന്നും പറഞ്ഞില്ലെങ്കിലും അനന്തന്റെ കണ്ണുകൾ പത്മയിലായിരുന്നു.

കാവിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ പത്മ അനന്തനെ നോക്കിയാണ് പറഞ്ഞത്. ” നല്ല വേദനയുണ്ടെങ്കിൽ വീട്ടിൽ പോയി റസ്റ്റ് എടുത്തിട്ട് മനയ്ക്കലേക്ക് പോവാം” അഞ്ജലിയുടെ മറുപടി പെട്ടെന്നായിരുന്നു. “അതൊന്നും വേണ്ട അനന്തു, എനിക്കൊന്നു കിടന്നാൽ മതി” “കിടക്കാനുള്ള സൗകര്യമൊക്കെ അവിടെയുമുണ്ട്” തിരിഞ്ഞു നോക്കാതെ മുൻപോട്ടു നടന്നു കൊണ്ടാണ് പത്മ പറഞ്ഞത്. “പത്മ പറഞ്ഞതുപോലെ നമുക്ക് അവളുടെ വീട്ടിൽ കുറച്ചുസമയം ഇരുന്നിട്ട് ഇല്ലത്തേയ്ക്ക് പോവാം.

എനിക്കെന്തോ പേടി തോന്നുന്നു” വിനയ് പറയുന്നത് പത്മ കേൾക്കുന്നുണ്ടായിരുന്നു തിരിഞ്ഞു നോക്കാതെ നടക്കുന്ന പത്മയിലായിരുന്നു അനന്തന്റെ കണ്ണുകൾ അപ്പോഴും. ആരും കണ്ടില്ലെങ്കിലും ഒരു നേർത്ത പുഞ്ചിരി അവന്റെ ചുണ്ടുകളിലെത്തിയിരുന്നു. പൂമുഖത്തുണ്ടായിരുന്ന സുധർമ്മയും മാധവനും അവരെ കണ്ടു പരിഭ്രമത്തോടെ മുറ്റത്തേക്കിറങ്ങി വന്നു. “ന്താ.. ന്താ പറ്റിയത്..? ” സുധർമ്മയുടെ ചോദ്യത്തിന് പത്മയാണ് മറുപടി പറഞ്ഞത്. ”

ഒന്നുല്ല്യമ്മേ ഈ കുട്ടിക്ക് കാവിൽ വെച്ച് കാലിൽ എന്തോ കടിച്ചത് പോലെ തോന്നി..” ” അയ്യോ ന്നിട്ട്? ” ” ഒന്നുമില്ല്യാ, വെറുതെ തോന്നിയതാ.. ” പത്മ പറഞ്ഞു തീരും മുൻപേ അഞ്ജലി പറഞ്ഞു ” തോന്നിയതൊന്നുമല്ല..” “ന്നാൽ കടിച്ചിട്ടുണ്ടാവും, കാലിലെ മുറിവിൽ നിന്ന് അതാ ചോര ഒഴുകുന്നുണ്ട്” അനന്തനടക്കം എല്ലാവരും ഞെട്ടലോടെ അഞ്ജലിയുടെ കാലിലേക്ക് നോക്കുമ്പോൾ പത്മ കോലായിൽ കയറി അകത്തേക്ക് നടക്കുകയായിരുന്നു. ” ഈ കുട്ടീടെ ഒരു കാര്യം” പത്മ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് സുധർമ്മ വിളിച്ചുപറഞ്ഞത്.

” പത്മേ നീ കുറച്ചു വെള്ളമിങ്ങെടുത്തേ കുട്ടിയ്ക്ക് കുടിക്കാൻ” “ഓ ഇനിപ്പോ അവളെ ആരതിയുഴിഞ്ഞു അകത്തേക്ക് ആനയിക്കണമായിരിക്കും” പിറുപിറുത്തു കൊണ്ട് പത്മ അടുക്കളയിലേക്ക് നടന്നു. പത്മ ഗ്ലാസ്സിൽ വെള്ളവുമായി വരുമ്പോഴേക്കും സുധർമ്മ ഒഴികെ എല്ലാവരും പൂമുഖത്ത് ഇരിക്കുകയായിരുന്നു.അഞ്ജലി അപ്പോഴും ഒരു കൈകൊണ്ട് അടുത്ത കസേരയിൽ ഇരിക്കുന്ന അനന്തനെ പിടിച്ചിട്ടുണ്ടായിരുന്നു. പത്മ അവൾക്കു നേരെ വെള്ളം നീട്ടിയപ്പോൾ അവൾ പത്മയെ ഒന്ന് നോക്കി.

അടുത്ത നിമിഷം പത്മ ഗ്ലാസ് അനന്തന് നേരെ നീട്ടി. ” നല്ല ക്ഷീണം കാണും, തമ്പുരാൻ ഒന്നു കുടിപ്പിച്ചു കൊടുത്തേക്ക്.” പത്മയെ രൂക്ഷമായൊന്ന് നോക്കിക്കൊണ്ടാണ് അനന്തൻ ഗ്ലാസ് കൈയ്യിൽ വാങ്ങിയത്. പത്മയുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. അനന്തൻ ഗ്ലാസിലെ വെള്ളം അഞ്ജലിയുടെ ചുണ്ടോടടുപ്പിക്കുന്നത് കണ്ടുകൊണ്ടാണ് പത്മ അകത്തേക്ക് പോകാൻ തിരിഞ്ഞത്. ” മോളു ചെന്ന് എല്ലാവർക്കും കുടിക്കാൻ എന്തെങ്കിലും എടുക്ക്” മാധവൻ പറഞ്ഞത് കേട്ട് പത്മ വീണ്ടും ഉള്ളിലേക്ക് കയറിപ്പോയി.

“എല്ലാരൂടെ നാഗക്കാവിൽ തൊഴാൻ ഇറങ്ങിയതായിരുന്നോ? ” അകത്തേക്ക് നടക്കുമ്പോൾ മാധവൻ ചോദിക്കുന്നത് പത്മ കേൾക്കുന്നുണ്ടായിരുന്നു. “അത്, മാധവേട്ടാ നാഗക്കാവിൽ തിരി തെളിയിക്കണമെന്ന് അഞ്ജലിക്ക് ഒരേ നിർബന്ധം. ഞാൻ പറഞ്ഞതായിരുന്നു വേണ്ടാന്ന്. കേട്ടില്ല..” “ന്നിട്ട്..? ” മാധവന്റെ മുഖം വിവർണ്ണമായിരുന്നു. ” എന്നിട്ടെന്താ തിരി തെളിയിക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും അഞ്ജലി കാലിൽ എന്തോ കടിച്ചു എന്ന് പറഞ്ഞു നിലവിളിച്ചു ” വിനയാണ് പറഞ്ഞത്.

” അത്… അനന്താ, കാലപ്പഴക്കം ഏറെയുണ്ടെങ്കിലും നാഗകാളി മഠത്തിലെ ചില ആചാരങ്ങളൊക്കെ ഇന്നും നിലനിന്നുപോരുന്നതാണ്. നാഗപ്രീതി ഉള്ളവർക്ക് മാത്രമേ നാഗക്കാവിൽ തിരി തെളിയിക്കാനാവൂ ” ” പത്മയ്ക്ക് നാഗകാളി മഠവുമായി ബന്ധമൊന്നുമില്ലല്ലോ. ജോലിക്കാർ മാത്രമല്ലേ നിങ്ങളവിടുത്തെ, എന്നിട്ടും അവളവിടെ തിരി തെളിയിക്കുന്നുണ്ടല്ലോ ..? ” മാധവന് വാക്കുകൾ കിട്ടിയില്ല. ” അത്…” മാധവൻ എന്തെങ്കിലും പറയുന്നതിനുമുമ്പ് അനന്തൻ അഞ്ജലിയെ രൂക്ഷമായി ഒന്ന് നോക്കി. ” അഞ്ജു, നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, നീ കണ്ടു പരിചയിച്ച രീതികളൊന്നുമല്ല ഇവിടെയെന്ന്..

ഇനി മേലാൽ നാഗക്കാവിൽ തിരിതെളിയിക്കാൻ ശ്രമിക്കരുത്” ഇഞ്ചിയും പുതിനയിലയും ചതച്ചു ചേർത്ത നാരങ്ങ വെള്ളം ഗ്ലാസുകളിൽ പകർന്ന് ഒരു ട്രേയിൽ വെച്ച് പൂമുഖത്തേക്ക് വരുമ്പോഴാണ് അനന്തന്റെ വാക്കുകൾ പത്മയുടെ ചെവിയിലെത്തിയത്. ” അനന്തൻ തമ്പുരാൻ അതൊക്കെ വെറുതെ പറയുന്നതാ അഞ്ജലി മേഡം , മേഡം ധൈര്യമായി വന്ന് നാളെ കാവിൽ തിരി വെച്ചോളൂട്ടോ ” അഞ്ജലിയുടെ നേരെ ട്രേ നീട്ടിയാണ് പത്മ പറഞ്ഞത്. എല്ലാവർക്കും കൊടുത്ത് അവസാനമാണ് അവൾ അനന്തനരികിലേക്ക് ട്രേയുമായി എത്തിയത്.

ഗ്ലാസ് എടുക്കുമ്പോൾ അവൾക്കു മാത്രം കേൾക്കാനുള്ള പാകത്തിൽ അനന്തൻ പറഞ്ഞു. ” നിനക്കുള്ളത് ഞാൻ തരുന്നുണ്ടെടീ ” ” ഓ നിക്ക് വേണ്ട, ദോ അവൾക്ക് കൊടുത്തേക്ക്” പത്മയും പതിയെയാണ് പറഞ്ഞത്. അഞ്ജലി കാതോർത്തെങ്കിലും അവൾക്ക് അവർ പറഞ്ഞതൊന്നും മനസ്സിലായില്ല. അടുക്കളയിൽ ചെന്ന് ഗ്ലാസുകളൊക്കെ കഴുകി വെച്ച് പത്മ തന്റെ മുറിയിലേക്ക് കയറിപ്പോയി. കുറച്ചു സമയം കഴിഞ്ഞ് അവർ ഇറങ്ങുകയാണെന്ന് സുധ വന്നു പറഞ്ഞപ്പോഴാണ് അവൾ വാതിൽക്കലോളം ചെന്നത്.

മുറ്റത്തേക്കിറങ്ങി അനന്തൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും, പത്മ നോട്ടം പിൻവലിച്ചെങ്കിലും അവനത് കണ്ടിരുന്നു. കിടക്കുന്നതിന് മുമ്പായി മേശവലിപ്പിൽ വെച്ച നാഗത്തിന്റെ ലോക്കറ്റ് പത്മ കയ്യിലെടുത്തു. പെട്ടെന്നൊരു തോന്നലിൽ അവളത് കഴുത്തിലെ മാലയിൽ കൊരുത്തിട്ടു. ആ നീല കല്ല് തിളങ്ങുന്നുണ്ടായിരുന്നു. ഇന്നാണ് കോളേജ് തുറക്കുന്നത്.നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും പത്മ രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു.ഭഗവതിക്കാവിൽ കൊടിയേറിയത് കൊണ്ട് മാധവനും തിരക്കായിരുന്നു.

പാലുമായി എത്തിയപ്പോൾ മനക്കലെ പൂമുഖത്ത് ആരുമില്ലായിരുന്നു. പക്ഷേ പൂമുഖവാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. പത്മ അടുക്കളയിലേക്ക് നടന്നു. അവിടെ ശാന്തേച്ചിയുണ്ടായിരുന്നു. രാജനും ശാന്തയുമാണ് അനന്തന്റെ ജോലിക്കാർ. അവർ ഭാര്യാഭർത്താക്കന്മാരാണ്. അവരുടെ സംസാരത്തിൽ നിന്ന് വർഷങ്ങളായി അവർ അനന്തനൊപ്പമാണെന്ന് പത്മയ്ക്ക് മനസ്സിലായിരുന്നു. അവളെ കണ്ടതും ശാന്ത പറഞ്ഞു “മോളിന്ന് ഇത്തിരി വൈകിയോ? ഞാനിപ്പോൾ ഓർത്തതേയുള്ളൂ.

അനന്തൻ കുഞ്ഞിന് കുളികഴിഞ്ഞയുടനെ ഒരു കപ്പ് കാപ്പി നിർബന്ധമാണ്. ഇപ്പോൾ കൂടി വന്നു നോക്കി പോയതേയുള്ളൂ. മോള് വന്നില്ലേയെന്ന് ചോദിച്ചു” ” ഇന്ന് കോളേജ് തുറക്കുകയാണ് ശാന്തേച്ചി.. അതോണ്ട് കുറച്ച് തിരക്കായിപ്പോയി. വിടെ വേറെയാരും എഴുന്നേറ്റിട്ടില്ലേ? ” ” കുഞ്ഞിനെയല്ലാതെ ആരെയും പുറത്തേക്ക് കണ്ടിട്ടില്ല. അനന്തൻ കുഞ്ഞു പുലർച്ചെ എഴുന്നേറ്റ് കുളിയൊക്കെ കഴിയും. കുഞ്ഞിലേയുള്ള ശീലമാണ്” ” ശാന്തേച്ചി ഒരുപാട് കാലമായോ ഇവരുടെ കൂടെ? ” ” അനന്തൻ കുഞ്ഞ് തീരെ ചെറുതായിരിക്കുമ്പോഴേ ഞങ്ങൾ കൂടെയുണ്ട്…

കുഞ്ഞിന്റെ….” ” ശാന്തമ്മേ….” ശാന്ത പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ വാതിൽക്കൽ നിന്ന് ആ ഘനഗംഭീര ശബ്ദം കേട്ടു. “ഞാൻ പോട്ടെ ശാന്തേച്ചി… ” അനന്തൻ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഒരു കൈ ഉയർത്തിവെച്ചിരുന്നു. പത്മ അരികെ എത്തിയതും അവളെയൊന്ന് അടിമുടി നോക്കിയാണ് കൈ മാറ്റിക്കൊടുത്തത്. പത്മ അനന്തനെ നോക്കിയതേയില്ല. അവനരികിലൂടെ അവൾ പുറത്തേക്കു നടന്നു. നടുമുറ്റത്തിനരികിലെ വരാന്തയിൽ എത്തിയപ്പോഴേക്കും പിറകിൽ നിന്നും ആ ശബ്ദം കേട്ടു.

“ഒന്നു നിന്നേ…” നിൽക്കണ്ടയെന്ന് ആദ്യം വിചാരിച്ചെങ്കിലും പത്മയുടെ കാലുകൾ നിശ്ചലമായി. “എന്നെ പറ്റി എന്തെങ്കിലുമറിയണമെങ്കിൽ എന്നോടാണ് ചോദിക്കേണ്ടത്..” “നിക്ക് ഒന്നും അറിയേണ്ട..” “ശരിക്കും…? ” പത്മയുടെ മുൻപിലേക്ക് നിന്നുകൊണ്ടാണ് അനന്തൻ ചോദിച്ചത്. “താനൊന്നു മാറി നിൽക്കുന്നുണ്ടോ, എനിക്ക് ക്ലാസിൽ പോകാനുള്ളതാ ” “മുഖത്തോട്ട് നോക്കെടീ..” അനന്തന്റെ കണ്ണുകളിലേക്ക് നോക്കിയാണ് പത്മ പറഞ്ഞത്. “ഡോ, തന്റെ മുൻപിൽ കുറുകി നടക്കുന്ന അവളുമാരുടെ കൂട്ടത്തിൽ ഈ പത്മയെ കൂട്ടണ്ട. ഇത് ആള് വേറെയാ.

ന്റെ അടുത്ത് വെളച്ചിലുമായി വന്നാല്ണ്ടല്ലോ…” ഞൊടിയിടയിലാണ് അനന്തൻ അവളെ തിരിച്ച് പിറകിലൂടെ ചേർത്തു പിടിച്ചത്. പത്മയുടെ ഞെട്ടൽ മാറും മുൻപേ കാതോരം കേട്ടു. പാല് പാത്രത്തിലേക്ക് ഒഴിച്ച് വെക്കുന്നതിനിടയിൽ പത്മ പറഞ്ഞു. ” വന്നാൽ…? ” പത്മ കുതറിമാറാൻ ശ്രമിക്കുന്നതിനിടെ അനന്തൻ വീണ്ടും പറഞ്ഞു. ” അന്ന് ഞാൻ പറഞ്ഞതുപോലെ പത്മയ്ക്ക് എന്നോട് പ്രണയമാണെന്ന് ഞാൻ തെളിയിച്ചാൽ…” ഒന്നു നിർത്തി പത്മയുടെചെവിയിൽ അവൻ പറഞ്ഞു. “പിന്നെ പത്മ അനന്തന് സ്വന്തം.. സമ്മതമാണോ?

” അവന്റെ വാക്കുകൾ കേട്ടൊന്ന് പകച്ചെങ്കിലും പത്മ പിന്നെയും കുതറി കൊണ്ട് പറഞ്ഞു. “തനിക്ക് വട്ടാണോ? ന്നെ വിടാനാ പറഞ്ഞത് ” “വിടാം, സമ്മതമാണോയെന്ന് പറയ് ” “അല്ല..” “അപ്പോൾ, തോറ്റു പോകുമോയെന്ന പേടിയുണ്ടല്ലേ? ” ചിരിയോടെ അനന്തൻ ചോദിച്ചു. “നിക്കൊരു പേടിയുമില്ല… സമ്മതം..” അനന്തനിൽ നിന്ന് സ്വതന്ത്രയായതും പത്മ തിരിഞ്ഞുനിന്ന് പിറകോട്ട് നടന്നു വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. “പിന്നെ ഒരു കാര്യം, മേലാൽ ന്റെ ദേഹത്തു തൊട്ടാൽ അന്നത്തത്പോലെ കൈ ആയിരിക്കില്ല്യ മുറിയുക” പുച്ഛത്തിൽ മുഖം കോട്ടിക്കൊണ്ട് പത്മ വെട്ടിത്തിരിഞ്ഞു നടക്കുമ്പോഴും അനന്തൻ ചിരിക്കുന്നുണ്ടായിരുന്നു.

താൻ തിരഞ്ഞു നടക്കുന്നവരിൽ ഒരാൾ പത്മയാണെന്ന് അനന്തന് ഇന്നലെ നാഗക്കാവിൽ വെച്ച് ഏകദേശം ഉറപ്പായി കഴിഞ്ഞിരുന്നു. താഴിട്ടു പൂട്ടിയ ആ അറയിലെ ജനലരികിൽ ഉണ്ടായിരുന്ന ചിത്രത്തിലും നാഗകാളി മഠത്തിലെ നടുത്തളമായിരുന്നു പശ്ചാത്തലം. സുന്ദരിയായ ആ കന്യകയെ പിറകിലൂടെ ചേർത്തു പിടിച്ചിരിക്കുന്ന യുവാവിന്റെ ചിത്രത്തിലായിരുന്നു അപ്പോൾ കുഞ്ഞു നാഗം കിടന്നിരുന്നത്. വീട്ടിലെത്തിയതും കോളേജിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു പത്മ. ശ്രുതിയെ ഇന്നലെ വിളിച്ചിട്ട് കിട്ടിയിട്ടില്ല.

കൃഷ്ണ ബസ് സ്റ്റോപ്പിലേക്ക് എത്താം എന്ന് പറഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്ന് കുറച്ചു ദൂരം നടക്കാനുണ്ട് ബസ് സ്റ്റോപ്പിലേക്ക്. രാവിലെതന്നെ അഞ്ജലിക്ക് എന്തൊക്കെയോ വാങ്ങാനുണ്ടെന്ന് പറഞ്ഞു നിർബന്ധിച്ചത് കൊണ്ടാണ് അവളെയും കൂട്ടി അനന്തൻ പുറത്തേക്കിറങ്ങിയത്. ജീപ്പിൽ പോകാമെന്നതും അവളുടെ നിർബന്ധമായിരുന്നു. പക്ഷേ മുറ്റത്തിറങ്ങിയപ്പോഴേക്കും എല്ലാവരും കൂടെ വന്നു . അഞ്ജലിയുടെ മുഖം ഇരുണ്ടത് അനന്തൻ കണ്ടിരുന്നു. അഞ്ജലിയുടെ മനസ്സ് അറിയാഞ്ഞിട്ടല്ല. ഇന്നോ ഇന്നലെയോ കാണുന്നതല്ല അവളെ.

പക്ഷേ അവൾ ആഗ്രഹിക്കുന്ന രീതിയിൽ ഒരിക്കലും അഞ്ജലിയെ തനിക്ക് കാണാനാവില്ലെന്ന് ഒരുപാട് തവണ പറഞ്ഞതാണ്. അനന്തപത്മനാഭന്റെ പെണ്ണ് സമയമാകുമ്പോൾ തന്നിൽ വന്നു ചേരുമെന്നത് എന്നേ നിശ്ചയിക്കപ്പെട്ടതാണ്. അതൊന്നും പറഞ്ഞാൽ അവൾക്ക് മനസ്സിലാവില്ല… തന്റെ കൂടെ വെറുതെ കറങ്ങി നടക്കാനായിരുന്നു അഞ്ജലിയുടെ ഉദ്ദേശ്യമെന്ന് അറിയാമായിരുന്നെങ്കിലും, അവൾ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടി കവലയിൽ നിന്ന് നാഗകാളി മഠത്തിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് നെൽപ്പാടങ്ങൾ അതിരിട്ടു നിൽക്കുന്ന ആ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന നാലുകെട്ട് കണ്ണിൽ എത്തിയത്.

ഇതിലെ കടന്നുപോകുമ്പോഴൊക്കെ ശ്രദ്ധിച്ചിട്ടുള്ളതാണ്, ഇവിടെയെത്തുമ്പോൾ മനസ്സിൽ നിറയുന്ന അസ്വസ്ഥത.പൊളിഞ്ഞുവീഴാറായ പടിപ്പുരവാതിലിനപ്പുറത്തേക്ക് കണ്ണയച്ചപ്പോൾ മേൽക്കൂര അടർന്നു വീണു കൊണ്ടിരിക്കുന്ന ആ പൂമുഖത്ത് ഒരു കറുത്ത നിഴൽ മിന്നിമറഞ്ഞത് പോലെ തോന്നി…. ചോറ്റുപാത്രം ബാഗിലേക്ക് തിരുകി മുറ്റത്തുനിന്ന് അമ്മയോട് വിളിച്ചുപറഞ്ഞു പത്മ ഇടവഴിയുടെ ഓടി റോഡിൽ കയറി. തിരക്കിട്ട് നടക്കുന്നതിനിടെയാണ് പുറകിൽ ബൈക്കിന്റെ ശബ്ദം കേട്ടത്.

വൈശാഖൻ മാഷ്… “പത്മ, ശ്രുതി ഇന്ന് ഇല്ലാട്ടോ. അവിടെ ചെറിയമ്മയ്ക്ക് സുഖമില്ല. നാളെ വരും” ” ഞാൻ വിളിച്ചിരുന്നു, കിട്ടിയില്ല” ” അവളുടെ ഫോണിന് എന്തോ ഒരു കംപ്ലെയിന്റ് ഉണ്ട്” വൈശാഖനോട് സംസാരിക്കുന്നതിനിടെ പത്മ കാണുന്നുണ്ടായിരുന്നു എതിരെ വരുന്ന അനന്തന്റെ ജീപ്പ് . വൈശാഖൻ യാത്ര പറഞ്ഞതും പത്മ തല ഉയർത്താതെ തിരക്കിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു. “എന്റെ അനന്താ നീ ഈ കൊച്ചിനെ എങ്ങനെ വളയ്ക്കും” അരുൺ പറഞ്ഞതും ഗൗതം ചിരിയോടെ അനന്തനെ നോക്കി.

“ശരിയാ ഇവൻ കുറെ പാടുപെടും” എല്ലാവരും ചിരിക്കുമ്പോൾ അഞ്ജലിയുടെ മനസ്സിൽ കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു. ഈ ജന്മം അനന്തന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അഞ്ജലി മാത്രമായിരിക്കും.അത് ഇനി ആരെ കൊന്നിട്ടായാലും.. അനന്തന്റെ മനസ്സിൽ പക്ഷെ അയാളുടെ മുഖമായിരുന്നു. വൈശാഖൻ മാഷിന്റെ… അന്ന് ഏറെ പ്രിയപ്പെട്ട ഒരാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ ചിത്രകലാ പ്രദർശനം കാണാൻ പോയത്. നാഗകാളി മഠവും നാഗക്കാവുമെല്ലാം മറ്റൊരാളുടെ കണ്ണിലൂടെ കണ്ടത് അവിടെവച്ചാണ്.

വൈശാഖൻ മാഷിന്റെ ചിത്രങ്ങളിലൂടെ… വൈകുന്നേരം തനിച്ചൊരിത്തിരി സമയം കിട്ടിയപ്പോഴാണ് അനന്തൻ മാധവനെ കാണാൻ ഇറങ്ങിയത്. നാഗക്കാവിനടുത്തെത്താറായപ്പോഴേക്കും ഇല്ലപ്പറമ്പിലേക്ക് കയറി വരുന്ന മാധവനെ കണ്ടു. ” അനന്തൻ എങ്ങോട്ടാ? ” ” മാധവേട്ടനെ കാണാൻ തന്നെ ഇറങ്ങിയതാ.. എനിക്ക് കുറച്ചു കാര്യങ്ങളറിയാനുണ്ട്. പിന്നെ അന്ന് മാണിക്യശ്ശേരിയിലെ ദത്തൻ തിരുമേനിയെ കാണാൻ പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ മാധവേട്ടൻ…”

“നാളെ കൂടി കഴിഞ്ഞിട്ട് പോയാൽ മതിയോ അനന്താ, കാവിലെ ഉത്സവമല്ലേ, അതിന്റെ ചില തിരക്കുകൾ ണ്ടായിരുന്നു” ” മതി. മാധവേട്ടന്റെ സൗകര്യംപോലെ പോയാൽ മതി ” “ഇവിടുത്തെ നാഗക്കാവിലെ പ്രത്യേകതകളെ പറ്റിയൊന്നു പറയാമോ..” “അതിന് ആദ്യം നാഗകാളി മഠത്തിലെ കീഴ്‌വഴക്കങ്ങളെ കുറിച്ചറിയണം അനന്താ, നാഗകാളി മഠത്തിൽ ഒരു തലമുറയിലെ ഏറ്റവും മുതിർന്ന പെൺകുട്ടിക്ക് ഉണ്ടാവുന്ന മകൾക്കാണ് നാഗക്കാവിൽ തിരി വെക്കാനുള്ള അവകാശം. നാഗപ്രീതി ആർജ്ജിച്ച അവളായിരിക്കും നാഗക്കാവിലെ അധിപതി.

അതുപോലെ ആൺ മക്കളിൽ ഏറ്റവും മുതിർന്ന ആളുടെ പുത്രനായിരിക്കും നാഗകാളി മഠത്തിന്റെ അവകാശി.അതിന് അവർ തമ്മിൽ വിവാഹം കഴിച്ചിരിക്കണം. തലമുറകളായി കൈമാറി വന്ന സമ്പ്രദായത്തിന് എന്തെങ്കിലും തടസ്സം വന്നാൽ അവസാന അവകാശിക്ക് അനന്തരാവകാശിയെ തീരുമാനിക്കാനുള്ള അധികാരമുണ്ട്” ഒന്നു നിർത്തി അനന്തനെ നോക്കി മാധവൻ തുടർന്നു. “നാഗകാളി മഠത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം നാഗക്കാവാണ്. കണ്ടില്ല്യേ, വർഷങ്ങൾ ഇത്രയുമായിട്ടും അവകാശികൾ തിരിഞ്ഞുപോലും നോക്കാതെ.

ന്നിട്ടും നാഗകാളി മഠം ഇപ്പോഴും നിലനിൽക്കുന്നത് അതുകൊണ്ടാണ്” “എന്നിട്ട് ഇത്രയും വലിയൊരു ഇല്ലം അവകാശികളൊന്നും നോക്കാനില്ലാതെയായിപ്പോയത് എങ്ങനെ? ” “അതൊക്കെ ഒരുപാട് പറയാനുണ്ട് അനന്താ. പക്ഷേ അതിനെ പറ്റിയൊക്കെ ന്നെക്കാൾ ആധികാരികമായി പറയാനാവുന്നത് ദത്തൻ തിരുമേനിക്കാണ്” “കവലയിൽ നിന്ന് വരുമ്പോൾ നെൽപ്പാടത്തിനരികെയുള്ള ആ ഇടിഞ്ഞു പൊളിഞ്ഞ നാലുകെട്ട് ഏതാണ്? ” അനന്തനെ നോക്കിയ മാധവന്റെ കണ്ണുകളിൽ നേരിയ ഭയം മിന്നി മായുന്നത് അവൻ കണ്ടു.

“വാഴൂരില്ലം. പ്രതാപശാലികളായ എണ്ണം പറഞ്ഞ മാന്ത്രികർ ഉണ്ടായിരുന്ന തറവാട്. നാഗകാളി മഠത്തിന് തുല്യം നിൽക്കാവുന്നയിടം. പക്ഷേ വർഷങ്ങൾക്ക് മുൻപേ തന്നെ ഇവിടെയുള്ളവരും വാഴൂരില്ലക്കാരും ആജന്മ ശത്രുക്കളായിരുന്നു. കാരണം ഇന്നും ആർക്കും കൃത്യമായി അറിയില്ല” “എന്നിട്ടും അവിടെയെങ്ങനെ ഇങ്ങനെയൊക്കെ ആയിപ്പോയി? ” ” എല്ലാം ഒറ്റവാക്കിൽ പറഞ്ഞു തീർക്കാവുന്നതല്ല അനന്താ. എല്ലാം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന കണ്ണികളാണ്.. ഞാൻ പറയാം, ഇപ്പോഴല്ല” “എന്റെ പത്മേ, നീ ഇങ്ങനെ ഒരു കഴുതയായി പോയല്ലോ.

ഞാനെങ്ങാനുമായിരുന്നെങ്കിൽ ആ അനന്തപത്മനാഭനെ എപ്പോഴേ വളച്ചു കുപ്പിയിലാക്കിയേനെ” “ദേ കൃഷ്ണ, നീ ഇനിയെങ്കിലും ഈ അനന്തപാരായണം നിർത്തിയില്ലെങ്കിൽ നിന്റെ ഈ പരട്ട തല ഞാൻ അടിച്ചു പൊളിക്കും. രാവിലെ തൊട്ടു തുടങ്ങീതാ അനന്തമന്ത്രം ” “പിന്നെ, ഞാൻ പറഞ്ഞതാണ് കുറ്റം. ഇത്രയും സുന്ദരനായ ഒരു ചെറുപ്പക്കാരനെ കണ്ടിട്ടും കലിപ്പടിച്ചു നടക്കുന്നത് ഈ ലോകത്തിൽ നീ മാത്രമേ ഉണ്ടാവൂ, ന്താ ഒരു ലുക്ക് അയാളുടെ” “പിന്നെ.. ഒരു ചുന്ദരൻ..” പത്മയുടെ മുഖത്ത് പുച്ഛമായിരുന്നു.

സന്ധ്യയ്ക്ക് നാഗക്കാവിൽ തിരി തെളിച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ ഒരനക്കം കേട്ടെങ്കിലും പത്മ തിരിഞ്ഞുനോക്കിയില്ല.പത്മ കണ്ണുകളടച്ചു കൈകൾ കൂപ്പിയപ്പോൾ അനന്തനും അവൾക്കരികിലേക്ക് നിന്ന് നാഗ പ്രതിഷ്ഠയുടെ മുൻപിൽ തൊഴുതു.നാഗത്തറയിലെ മഞ്ഞൾപൊടി എടുക്കാൻ പത്മ കൈ നീട്ടിയതും അനന്തൻ അതെടുത്തു അവളുടെ നെറ്റിയിൽ തൊട്ടു . പത്മ ഞെട്ടലോടെ അനന്തനെ നോക്കി.പത്മയുടെ കഴുത്തിലെ മാലയിൽ കൊരുത്തിട്ട നാഗ രൂപത്തിന്റെ നീലകണ്ണ് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

അനന്തനെ ഒന്ന് നോക്കിയിട്ട് പത്മ തിരിഞ്ഞു നടന്നപ്പോൾ അവനും അവളുടെ പുറകെ പുറത്തേക്ക് നടന്നു. നാഗ പ്രതിഷ്ഠയ്ക്കു മുകളിൽ അപ്പോൾ അഞ്ചു തലയുള്ള സ്വർണ്ണവർണ്ണമാർന്ന മണിനാഗമുണ്ടായിരുന്നു… നടക്കുന്നതിനിടയിൽ എന്തോ ഒരു ശബ്ദം കേട്ടപ്പോഴാണ് പത്മ നിന്നത്. അനന്തൻ നോക്കുമ്പോൾ കാവിനുള്ളിലെ മരങ്ങൾക്കിടയിലൂടെ ആരോ ഓടിമറയുന്നതു കണ്ടു. പ്രതിഷ്ഠയിലെ മണിനാഗം അപ്രത്യക്ഷമായിരുന്നു…

(തുടരും )

നാഗമാണിക്യം: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!