ലയനം : ഭാഗം 11

Share with your friends

എഴുത്തുകാരി: ദുർഗ ലക്ഷ്മി

വൈകിട്ടു ലെച്ചു ആണ് ആദ്യം ഓഫീസിൽ നിന്നും വീട്ടിൽ എത്തിയത്.ചെന്നപ്പോൾ തന്നെ ഡ്രസ്സ്‌ പോലും മാറാതെ അവൾ ഇന്ദു അമ്മയെ കാണാൻ പോയി. ഇന്ദു അമ്മ തൊടിയിലെ പച്ചക്കറികൾ നനച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അപ്പോൾ.”അമ്മേ…. “, ലെച്ചു അമ്മയെ വിളിച്ചു കൊണ്ട് തണൽ വിരിഞ്ഞ പാവൽ പന്തലിലേക്ക് കുനിഞ്ഞു കയറി.”ഹാ… മോള് വന്നോ…ഇവിടെ ഓരോ പണി ചെയ്തോണ്ട് ഇരുന്ന് സമയം പോയത് ഞാൻ അറിഞ്ഞില്ല…വാ ചായ എടുത്തു തരാം “, കൈയിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം അവിടെ ഇട്ട് ഇന്ദു അമ്മ ലെച്ചുവിനെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങി.

“അതെ ഒരു മിനിറ്റ് അമ്മേ…ഒരു കാര്യം പറയാൻ ഉണ്ട്… “,ഉടനെ തന്നെ അവൾ അമ്മയെ പിടിച്ചു അവിടെ തന്നെ നിർത്തി കൊണ്ട് പറഞ്ഞു. “എന്താണ് കുട്ടി ഇത്…സംസാരം എല്ലാം ചായ കുടിച്ചു കഴിഞ്ഞിട്ടും ആവാലോ…ഇപ്പോൾ ഇങ്ങോട്ട് വാ “,ചെറിയൊരു ഗൗരവം മുഖത്തു വരുത്തി കൊണ്ട് ഇന്ദു അമ്മ അവളോട് പറഞ്ഞു. “ഹോ, അമ്മ വീട്ടിൽ വെച്ച് പറയാൻ പറ്റാത്ത കാര്യം ആണ്.ഇന്ന് രാത്രി 12 മണി ആവുമ്പോൾ നമ്മൾ പുറത്തു പോകുന്നു…ഒരു അടിപൊളി സർപ്രൈസ് അമ്മക്ക് വേണ്ടി ഒരുക്കിട്ടുണ്ട് ഞാൻ”,ചുറ്റും ആരും ഇല്ല എന്ന് ഉറപ്പാക്കി ലെച്ചു പറഞ്ഞത് കേട്ടു ഇന്ദു അമ്മയുടെ കണ്ണുകൾ തിളങ്ങി.

എന്നാൽ പെട്ടെന്ന് തന്നെ ആ മുഖത്തു മങ്ങൽ ഉണ്ടായി. “എങ്ങനെ ഇറങ്ങും മോളെ നമ്മൾ ഇവിടെ നിന്നും…എങ്ങാനും പിടിക്കപ്പെട്ടാൽ രണ്ട് പേരുടെയും കാര്യം പോക്കാ…”,പേടി നിറഞ്ഞ ശബ്ദത്തോടെ ഇന്ദു അമ്മ പറഞ്ഞത് കേട്ടു ലെച്ചു അവരെ നോക്കി ഒന്ന് ചിരിച്ചു. “ഇറങ്ങാൻ ഒന്നും ഒരു പ്രശ്നവും ഇല്ല അമ്മേ…ആരും പിടിക്കുകയും ഇല്ല…കൃത്യം 12 മണിക്ക് വരണേ…വീട്ടിൽ ചെന്നാൽ ഒന്നും സംസാരിക്കേണ്ട നമുക്ക്…ആരെങ്കിലും കേട്ടാൽ പ്ലാൻ ഒക്കെ പൊളിയും “,അതും പറഞ്ഞു അവൾ ഇന്ദു അമ്മയെയും കൂട്ടി വീട്ടിലെക്ക് നടന്നു. അമ്മ അവൾക്ക് ചായ എടുത്തു വെയ്ക്കുമ്പോഴെക്കും ലെച്ചു കുളി എല്ലാം കഴിഞ്ഞു വന്നു.

സാധാരണ പോലെ ഓഫീസിലെ വിശേഷങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു കൊണ്ടിരിക്കെ ആണ് പ്രിയ ആ വഴി വന്നത്.അത് കണ്ടിട്ടും ലെച്ചു അവളെ ശ്രദ്ധിക്കാതെ സംസാരം തുടർന്നു. അത് കണ്ടു പ്രിയയുടെ മുഖം വലിഞ്ഞു മുറുകി.അപ്പോഴേക്കും അർജുനും ഓഫീസിൽ നിന്ന് വന്നു.ലെച്ചുവിനെയും അമ്മയെയും കണ്ടു അവൻ റൂമിലേക്ക് പോകാതെ നേരെ വന്നു അവരുടെ അടുത്ത് ഇരുന്നു അത് കൂടി കണ്ടപ്പോൾ ചവിട്ടി തുള്ളി പ്രിയ അകത്തേക്ക് പോകുന്നത് കണ്ടു ലെച്ചുവിന് ചിരി വന്നു.അവൾ പതുകെ ചുറ്റും നോക്കിയപ്പോൾ ഇന്ദു അമ്മ അതൊന്നും അറിയാതെ സംസാരത്തിൽ ആണ്.എന്നാൽ അർജുനും ലെച്ചുവിനെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ പ്രിയയുടെ പോക്ക് അവനും കണ്ടു എന്ന് അവൾക്ക് മനസിലായി.

കുറച്ചു സമയം കൂടി അവിടെ തന്നെ ഇരുന്നു സംസാരിച്ചു ലെച്ചുവും അർജുനും ഒന്നിച്ചാണ്റൂമിലേക്ക് പോയത്. “പ്രിയക്ക് നമ്മളെ ഇങ്ങനെ കാണുന്നത് ഒന്നും തീരെ പിടിക്കുന്നില്ല ട്ടോ സാർ…അവളുടെ മുഖം കണ്ടു നല്ല മുട്ടൻ പണി പുറകെ വരാൻ നല്ല ചാൻസ് ഞാൻ കാണുന്നുണ്ട്”,റൂമിലേക്ക് നടക്കവേ ലെച്ചു പറഞ്ഞത് കേട്ടു അർജുൻ ഒന്ന് ചിരിച്ചു. “തന്റെ അടുത്ത് അവളുടെ കളി ഒന്നും നടക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.അത് കൊണ്ട് അതിൽ എനിക്ക് വലിയ ടെൻഷൻ ഒന്നും ഇല്ല.ബട്ട്‌ മനു…അവനെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.ഞാൻ അന്വേഷിച്ചപ്പോൾ നമ്മൾ വിചാരിച്ചതിലും അപകടകാരി ആണ് അവൻ “, അർജുൻ പറഞ്ഞത് കേട്ടു ലെച്ചുവിന്റെ മുഖം പെട്ടെന്ന് മാറി.

“താൻ പേടിക്കാൻ വേണ്ടി പറഞ്ഞതല്ല,എപ്പോഴും ഒരു ശ്രദ്ധ വേണം ചുറ്റിലും,അത് ഒന്ന് ഓർമ്മിപ്പിക്കാൻ പറഞ്ഞു എന്നെ ഉള്ളൂ…ഞാൻ ഇല്ലേ തന്റെ കൂടെ… ഡോണ്ട് വറി… “, അവളുടെ പേടിച്ചരണ്ട മുഖം കണ്ടു അർജുൻ ലെച്ചുവിനെ സമാധാനിപ്പിച്ചു കുളിക്കാൻ ആയി പോയി.അവൻ പോയി കഴിഞ്ഞിട്ടും കുറച്ചു സമയം ലെച്ചു എന്തൊക്കെയോ ആലോചിച്ചു നിന്നും എങ്കിലും പിന്നെ അമ്മയെയും കൊണ്ട് ഇന്ന് പോകാൻ ഇരിക്കുന്നറൈഡ് എല്ലാം ആലോചിച്ചു അവൾ ബാക്കി ചിന്തകൾ എല്ലാം മാറ്റി വെച്ച് സന്തോഷത്തോടെ ഇരുന്നു. —————— 12 മണിക്ക് 5 മിനിറ്റ് ബാക്കി ഉള്ളപ്പോൾ സ്വന്തം റൂമിന്റെ വാതിൽ തുറന്നു ലെച്ചു പതിയെ പുറത്തിറങ്ങി.

കുറച്ചു സമയം അവൾ അർജുനെ തന്നെ നോക്കി ബെഡിന്റെ അടുത്ത് നിന്നു.അവൻ നല്ല ഉറക്കം ആണ് എന്ന് ഉറപ്പാക്കി ലെച്ചു പതുക്കെ പുറത്തേക്ക് നടന്നു. പാത്തും പതുങ്ങിയും ഒരുവിധം ലെച്ചു പുറത്തിറങ്ങിയപ്പോഴേക്കും ഇന്ദു അമ്മ നേരത്തെ തന്നെ മുറ്റത്തുണ്ടായിരുന്നു. “അമ്മ നേരത്തെ വന്നോ “,സ്കൂട്ടി പതുക്കെ തള്ളി പുറത്തു കൊണ്ട് വന്നു കൊണ്ട് ലെച്ചു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. “ആഹ്,ജയേട്ടൻ ഉറങ്ങിയപ്പോൾ തന്നെ ഞാൻ പുറത്തേക്ക് വന്നു…ഇല്ലെങ്കിൽ ചിലപ്പോൾ ഇറങ്ങാൻ പറ്റിയില്ല എന്ന് വരും “,വണ്ടി തള്ളാൻ ലെച്ചുവിനെ സഹായിച്ചു കൊണ്ട് അമ്മ പറഞ്ഞു.

രണ്ടു പേരും കൂടി വളരെ കഷ്ടപ്പെട്ടു എങ്ങനെ ഒക്കെയോ വണ്ടിയും ആയി റോഡിൽ എത്തി.പിന്നെ വേഗം തന്നെ ലെച്ചു സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് അത്യാവശ്യം സ്പീഡിൽ തന്നെ ഓടിച്ചു. അവളെ കെട്ടിപിടിച്ചിരിക്കുന്ന ഇന്ദു അമ്മയുടെ കൈയുടെ ബലം ആയിരുന്നു ലെച്ചുവിന്റെ ശക്തി എന്ന് അവൾക്ക് അവൾക്ക് തോന്നി… .ആദ്യം തന്നെ ലെച്ചു അമ്മയെ കൊണ്ട് പോയത് തട്ട് കടയിലേക്ക് ആയിരുന്നു. രാത്രിയിൽ അടുക്കളയിൽ ചെന്നു ലെച്ചു അധികം ഒന്നും കഴിച്ചു വയർ ഫുൾ ആക്കേണ്ട എന്ന് ഇന്ദു അമ്മയോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. രാത്രി 12 മണി കഴിഞ്ഞും ആളുകൾ തിക്കി തിരക്കുന്ന തട്ട് കട ഇന്ദു അമ്മ അത്ഭുതത്തോടെ നോക്കി നിന്നു.

“ഇവർക്ക് ഉറക്കം ഒന്നും ഇല്ലേ പോലും…ഈ സമയം ഇവിടെ ഇങ്ങനെ വന്നു ഭക്ഷണം കഴിക്കാൻ… “,അറിയാതെ അമ്മ പറഞ്ഞത് കേട്ടു ലെച്ചു ചിരിച്ചു. “ഇവരിൽ ഭൂരിപക്ഷം പേരും നമ്മളെ പോലെ ആഗ്രഹം സാധിക്കാൻ വന്നതാ അമ്മ…അല്ലാതെ ഉറക്കം ഇല്ലാഞ്ഞിട്ടല്ല….”,ലെച്ചു അമ്മയെയും കൊണ്ട് ഒരു മേശയുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു. കുറച്ചു സമയം കൊണ്ട് തന്നെ നല്ല ചൂടുള്ള ദോശയും ചമ്മന്തിയും അവരുടെ മുന്നിൽ ആവി പരത്തി വന്നു നിന്നു.അധികം വർത്താനം ഒന്നും ഇല്ലാതെ മുഴുവൻ കഴിച്ചു കഴിഞ്ഞാണ് അവർ രണ്ട് പേരും പരസ്പരം ഒന്ന് നോക്കിയത്.

കൈ കഴുകി ബാഗിൽ നിന്ന് പൈസ എടുക്കാൻ ആയി നോക്കവേ ആണ് പെട്ടെന്ന് ലെച്ചുവിന് തന്റെ പുറകിൽ ആരോ ഉണ്ട് എന്ന് തോന്നിയത്.ഉടനെ തന്നെ അവൾ തിരിഞ്ഞു നോക്കി എങ്കിലും ആരെയും അവിടെ കണ്ടില്ല.എങ്കിലും എന്തോ ഒരു പന്തികേട് ലെച്ചുവിന് ഉടനെ ഫീൽ ചെയ്തു.ഉടനെ തന്നെ മനുവിനെ സൂക്ഷിക്കാൻ അർജുൻ പറഞ്ഞത് അവളുടെ ഓർമയിലെക്ക് വന്നു.ഒരു നിമിഷം അമ്മയെയും കൊണ്ടുള്ള യാത്ര ഒഴിവാക്കിയാലോ എന്ന് ലെച്ചു ചിന്തിച്ചു എങ്കിലും വളരെ സന്തോഷത്തിൽ ഇനിയും എന്തൊക്കെയോ പ്രതീക്ഷിച്ച് നിൽക്കുന്ന അമ്മയെ കണ്ടു പോയ ധൈര്യം വീണ്ടെടുത്ത് ലെച്ചു മുന്നോട്ട് നടന്നു.

പൈസ ഒക്കെ കൊടുത്തു വീണ്ടും എങ്ങോട്ടോ പോകാൻ ആയി ലെച്ചു അമ്മയെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക് നടന്നു.വണ്ടിയുടെ അടുത്തെത്തിയ ഉടനെ തന്നെ ലെച്ചു അമ്മയുടെ കണ്ണുകൾ ഒരു തുണി കൊണ്ട് കെട്ടുകയും ചെവിയിൽ ഇയർഫോൺ വെച്ചു കൊടുക്കുകയും ചെയ്തു. ആദ്യം ഒന്ന് അമ്പരന്നു എങ്കിലും എന്ത് കൊണ്ടോ ഇന്ദു അമ്മക്ക് ആ പരിപാടി വലിയ ഇഷ്ടം ആയി…ലെച്ചുവിന്റെ ഫോണിൽ നിന്നും ഒഴുകി വന്ന പഴയ മലയാളം തമിഴ് പാട്ടുകൾ കേട്ടു ഇന്ദു അമ്മ വേറെ ഏതോ ലോകത്തിൽ എത്തിയപ്പോൾ അവൾ ജീവിക്കുന്ന ലോകത്ത് തന്റേതായ സ്ഥാനം നോക്കിയുള്ള യാത്ര ലെച്ചു ആരംഭിച്ചിരുന്നു.

ലെച്ചുവിന്റെ കൈ പിടിച്ചു നടന്നപ്പോൾ ഇന്ദു അമ്മക്ക് ദേഹം കുത്തി തുളയ്ക്കുന്ന കാറ്റ് അനുഭവപ്പെട്ടു എന്ന് അല്ലാതെ എവിടെ ആണ് എന്നൊന്നും ഒരു പിടിയും കിട്ടിയില്ല… കുറച്ചധികം പടവുകൾ കയറി ലെച്ചു അമ്മയെ അവിടെ നിർത്തി ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് എങ്ങോട്ടോ പോയി.5 മിനിറ്റിൽ കൂടാതെ അവൾ തിരികെ വന്നു ഇന്ദു അമ്മയുടെ കണ്ണിലെ കെട്ട് അഴിക്കുമ്പോൾ എന്തിനോ വേണ്ടി ആ അമ്മയുടെ ഹൃദയമിടിപ്പ് കൂടി… ഇന്ദു അമ്മ കണ്ണുകൾ തുറക്കുന്നതിന് മുന്നേ ലെച്ചു ചെവിയിൽ നിന്ന് ഇയർഫോൺ എടുത്തു മാറ്റി.ഉടനെ തന്നെ ഇളകി മറിയുന്ന തിരമാലകളുടെ ശബ്ദം ഇന്ദു അമ്മയുടെ കാതിൽ ഉയർന്നു പൊങ്ങി.

കണ്ണുകൾ തുറക്കുന്നതിന് മുന്നേ തന്നെ ആ ശബ്ദത്തിന്റെ സ്വാധീനം കൊണ്ട് ഇന്ദു അമ്മ കരഞ്ഞു പോയിരുന്നു.പതുക്കെ കണ്ണുകൾ തുറന്ന അമ്മ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ചെറിയൊരു മെഴുകുതിരിയും അതിന് പുറകിൽ ആയി നുണക്കുഴി കാട്ടി ചിരിക്കുന്ന ലെച്ചുവിനെയും കണ്ടു അത്ഭുതപ്പെട്ടു. “ഇന്ന് അമ്മയുടെ പിറന്നാൾ ആണ്.അച്ഛമ്മ പറഞ്ഞിരുന്നു രാവിലെ വരുമ്പോൾ….ബർത്ത് ഡേയുടെ അന്ന് ചിലപ്പോൾ വരാൻ പറ്റിയില്ല എങ്കിലോ എന്ന് വെച്ചാ റിസ്ക് എടുത്തു ഇന്ന് തന്നെ അമ്മയെ ഇങ്ങോട്ട് തന്നെ കൂട്ടി കൊണ്ട് വന്നത്… ” ലെച്ചു പറഞ്ഞത് കെട്ട് അവളെ കെട്ടിപിടിച്ചു കരയാൻ മാത്രമേ ഇന്ദു അമ്മക്ക് അപ്പോൾ പറ്റിയുള്ളൂ…

അവർ ലെച്ചുവിന്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മ വെച്ച് അവൾ കൊണ്ട് വന്ന കേക്ക് കട്ട്‌ ചെയ്തു. ലൈറ്റ് ഹൌസ്സിലെ പാറി വീഴുന്ന വെളിച്ചവും,ഇളകി മറിയുന്ന കടലും ആകാശത്തെ പൂർണ ചന്ദ്രനെയും ഒക്കെ നോക്കി ഇന്ദു അമ്മ കുറച്ചു സമയം അങ്ങനെ നിന്നു.നല്ലത് പോലെ തണുത്തു എങ്കിലുംഅത് കാര്യം ആക്കാതെ നിൽക്കുന്ന അമ്മക്ക് ലെച്ചു ഒരു ഷാൾ പുതപ്പിച്ചു കൊടുത്തു. “സന്തോഷം ആയോ അമ്മക്ക് “,ഇന്ദു അമ്മയെ പുറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട് ലെച്ചു ചോദിച്ചു.

“ഒരുപാട് സന്തോഷം ആയി…എന്റെ മോള് കാരണം കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യം ആയി ഞാൻ എന്റെ പിറന്നാൾ ആഘോഷിച്ചു.”, ഇന്ദു അമ്മ പറഞ്ഞത് കെട്ട് ലെച്ചു അമ്മയെ ഒന്ന് കൂടി ഇറുക്കി പിടിച്ചു തോളിൽ തല ചായ്ച്ചു നിന്നു…. രാവിലെ 2 മണി ഒക്കെ കഴിഞ്ഞപ്പോൾ ആണ് അവർ തിരികെ വീട്ടിൽ എത്തിയത്.കടൽ കാറ്റും വണ്ടിയിൽ വന്നപ്പോൾ ഉണ്ടായ കാറ്റും തണുപ്പും ഒക്കെ കാരണം റൂമിൽ എത്തിയപ്പ്പോൾ തന്നെ ലെച്ചുവിന് എന്തോ ഒരു വയ്യായ്ക തോന്നി തുടങ്ങിയിരുന്നു.

ഉറക്കവും വല്ലാതെ വന്നത് കൊണ്ട് വെട്ടി പൊളിക്കുന്ന തലവേദനയിലും ലെച്ചു ഉറങ്ങി പോയി… രാവിലെ ഓഫീസിൽ പോകാൻ സമയം ആയിട്ടും ലെച്ചു എഴുന്നേൽക്കാത്തത് കണ്ടു അർജുൻ സംശയത്തിൽ അവളുടെ മുറിയുടെ വാതിലിൽ മുട്ടി. കുറച്ചധികം നേരം എടുത്തിട്ടും ലെച്ചു വാതിലിൽ തുറക്കാത്തത് കണ്ടു അവന് നല്ല ടെൻഷൻ തോന്നി.അവസാനം വാതിലിൽ ചവിട്ടി തുറക്കാൻ ആയി തീരുമാനിച്ചു അർജുൻ നിൽക്കവേ ആണ് കണ്ണുകൾ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയിൽ ഉള്ള പനിയും ആയി ലെച്ചു വാതിൽ തുറക്കുന്നത്.

അവളുടെ ആകെ തളർന്ന ആ കോലം കണ്ടു അർജുൻ അമ്പരന്നു നിൽക്കെ ലെച്ചു ഉടനെ തലകറങ്ങി നിലത്തു വീണു.അത് കൂടി കണ്ടതോടെ അർജുന് ശരിക്കും ടെൻഷൻ ആയി…. അവൻ വേഗം അവളെ എടുത്തു ബെഡിൽ കിടത്തി അമ്മയെ വിളിക്കാൻ ആയി താഴേക്ക് വന്നു.വളരെ വെപ്രാളപ്പെട്ടു എങ്ങനെയോക്കെയോ ഇന്ദു അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവൻ വേഗം തന്നെ റൂമിലേക്ക് തിരികെ വന്നു. ഇന്ദു അമ്മയും ഉടനെ കുറച്ചു വെള്ളവും തുണിയും കൊണ്ട് അവരുടെ റൂമിൽ എത്തി.

ഓഫീസ് മുറിയിൽ കിടക്കുന്ന ലെച്ചുവിനെയും അർജുനെയും മാറി മാറി നോക്കി ഇന്ദു അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “ഹോ….അമ്മ എന്നെ നോക്കി പേടിപ്പിക്കാതെ ലെച്ചുനെ നോക്ക്…ഹോസ്പിറ്റലിൽ പോകണം എങ്കിൽ പറ…ഞാൻ വണ്ടി എടുക്കാം “,കള്ളം കണ്ടു പിടിക്കപ്പെട്ട കുട്ടിയെ പോലെ അർജുൻ പറഞ്ഞത് കെട്ട് അമ്മ ഒന്നും മിണ്ടാതെ ലെച്ചുവിനെ നോക്കി. ഇന്നലത്തെ തണുപ്പും കാറ്റും കൊണ്ടുള്ള പനി ആണ് അവൾക്ക് എന്ന് അർജുൻ പറഞ്ഞപ്പോൾ തന്നെ ഇന്ദു അമ്മക്ക് മനസിലായിരുന്നു. “ഞാൻ കൊണ്ട് പൊയ്ക്കോളും ആവിശ്യം വന്നാൽ…നീ ഓഫീസിൽ പൊയ്ക്കോ…

ലെച്ചു എന്റെ മാത്രം മോള് ആണല്ലോ…അല്ലാതെ ഈ വീട്ടിലെ ആരും ആയും അവൾക്ക് ഒരു ബന്ധവും ഇല്ല “,നനഞ്ഞ തുണി ലെച്ചുവിന്റെ നെറ്റിയിൽ ഇട്ട് കൊണ്ട് അർജുനെ നോക്കാതെ ഇന്ദു അമ്മ പറഞ്ഞു. അത് കെട്ട് അവൻ ഒന്നും മിണ്ടാതെ കുറച്ചു സമയം ലെച്ചുവിനെ നോക്കി നിന്നു….പിന്നെ ബാഗും എടുത്തു താഴേക്ക് നടന്നു. ഓഫീസിൽ ഒരുപാട് ജോലി ചെയ്യാൻ ഉണ്ടെങ്കിലും അന്ന് അർജുന് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല.എത്രയൊക്കെ ശ്രമിച്ചിട്ടും ലെച്ചുവിന്റെ സീറ്റിലേക്ക് പാളി നോക്കുന്ന കണ്ണുകളെ എന്ത് കൊണ്ടോ അവന് നിയന്ത്രിക്കാൻ പറ്റിയില്ല.

പെട്ടെന്ന് തന്നെ അർജുന് ലെച്ചുവിനെ കാണണം എന്ന് തോന്നി അവൻ വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് പ്രിയയും അശ്വതിയും കൂടി അവന്റെ അടുത്തേക്ക് വന്നത്. രണ്ട് പേരെയും ഒരുമിച്ച് കണ്ടു അവന് എന്തൊക്കെയോ സംശയം തോന്നി എങ്കിലും അത് പുറത്തു കാണിക്കാതെ അവൻ മുഖത്ത് ഒരു ചിരി വരുത്തി. “അച്ചു ഏട്ടൻ തിരക്കിൽ ആണോ “,പ്രിയ കൊഞ്ചി കൊണ്ട് ചോദിച്ചത് കെട്ട് അർജുന് ദേഷ്യം വന്നു… “ഹാ,ഞാൻ ഒരു വഴിക്ക് പോകാൻ ഇറങ്ങുകയായിരുന്നു… “,വന്ന ദേഷ്യം പുറമെ കാണാതെ ഇരിക്കാൻ ശ്രമിച്ചു കൊണ്ട് അർജുൻ പറഞ്ഞു.

“ഹായ് അർജുൻ…എന്നെ കണ്ടിട്ട് എന്താടോ ഒരു മൈൻഡ് ഇല്ലാത്തതു”,അശ്വതി അർജുന്റെ കൈ കടന്നു പിടിച്ചു കൊണ്ട് ചോദിച്ചത് കേട്ടു പ്രിയയുടെ മുഖം ആണ് ആദ്യം ദേഷ്യം കൊണ്ട് ചുവന്നത്. “പ്രിയയുടെ കൂടെ താൻ എങ്ങനെ എന്ന് ആലോചിക്കുകയായിരുന്നു ഞാൻ “,അശ്വതിയുടെ കൈയിൽ നിന്ന് കൈ വലിച്ചെടുത്ത് കൊണ്ട് അർജുൻ പറഞ്ഞു. “അതൊക്കെ ഉണ്ട് ഏട്ടാ…ഇപ്പോൾ ഞങ്ങൾ വന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ആണ്…അത് കേട്ടാൽ ഏട്ടൻ ഞെട്ടും ഉറപ്പായും… “, പ്രിയ വളരെ ആവേശത്തോടെ അവനോട് പറഞ്ഞത് കെട്ട് അർജുൻ സീറ്റിലേക്ക് ചാരി ഇരുന്ന് അവർ രണ്ട് പേരെയും ഒന്ന് നോക്കി.

അപ്പോഴേക്കും അശ്വതി ഒരു കവർ അവന്റെ കൈയിൽ കൊടുത്തു.ഒന്ന് സംശയിച്ചു അർജുൻ പതുക്കെ ആ കവർ തുറന്നു നോക്കി. അതിൽ കുറെ കത്തുകളും പിന്നെ അത്യാവശ്യം വലിയ ഒരു പൊതിയും ഉണ്ടായിരുന്നു.അവൻ വേഗം അതെല്ലാം എടുത്തു ടേബിളിന് മുകളിൽ വെച്ച് ഓരോ കത്തും എടുത്തു വായിക്കാൻ തുടങ്ങി. ഓരോന്ന് വായിച്ചു തീരുമ്പോഴും അർജുന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നത് കണ്ടു പ്രിയയും അശ്വതിയും പരസ്പരം നോക്കി ചിരിച്ചു. കത്തുകൾ എല്ലാം വായിച്ചു കഴിഞ്ഞു അർജുൻ ഒന്നും മിണ്ടാതെ സീറ്റിൽ കുറച്ചു നേരം ചാരി കിടന്നു കണ്ണുകൾ അടച്ചു.

“അർജുൻ,താൻ ഇതു കൂടെ ഒന്ന് തുറന്നു നോക്ക്…അപ്പോൾ അറിയാം തന്റെ ഭാര്യയുടെ തനി നിറം “, പുച്ഛത്തോടെയുള്ള അശ്വതിയുടെ പറച്ചിൽ കെട്ട് മനസില്ല മനസോടെ അർജുൻ ആ പൊതി അഴിച്ചു നോക്കി…അതിൽ ഉള്ള സാധനം കണ്ടു ഒരു നിമിഷം അവന്റെ ഹൃദയം നിന്ന് പോകുന്നത് പോലെ അർജുന് തോന്നി. “ഇതു ലെച്ചുവിന്റെ ആണോ? “,അർജുൻ അലറി കൊണ്ട് ചോദിച്ചത് കെട്ട് സത്യത്തിൽ പ്രിയയും അശ്വതിയും ഞെട്ടി.അവന് ദേഷ്യം വരും എന്ന് അറിയാമായിരുന്നു എങ്കിലും ഇങ്ങനെ അർജുൻ പെരുമാറും എന്ന് അവർ വിചാരിച്ചതെ ഇല്ല. അശ്വതിയും പ്രിയയും ഒരുപോലെ തലയാട്ടിയ അടുത്ത നിമിഷം അർജുൻ അവർ കൊണ്ട് വന്നതെല്ലാം അതെ കവറിൽ ഇട്ട് ശര വേഗത്തിൽ പുറത്തേക്ക് പോയി.

അത് കണ്ടു അവർ ഇരുവരും വിചാരിച്ച കാര്യം സാധിച്ച സന്തോഷത്തിൽ മനുവിനെ കാണാൻ ആയി പോയി. അർജുന്റെ കാർ അത് വരെ ഇല്ലാത്ത സ്പീഡിൽ വീടിന്റെ മുറ്റത്തു കൊണ്ട് നിർത്തുമ്പോൾ ഇന്ദു അമ്മ ലെച്ചുവിന് കഞ്ഞി കൊടുക്കുകയായിരുന്നു.പനി കുറച്ചു കുറഞ്ഞു എങ്കിലും നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്. “അച്ചു ആണല്ലോ വന്നത്…എന്താണാവോ സംഭവം “,കാറിന്റെ ശബ്ദം കെട്ട് ഇന്ദു അമ്മ പറഞ്ഞു കഴിയുന്നതിനു മുന്നേ തന്നെ കൊടും കാറ്റ് പോലെ അർജുൻ അവിടെ എത്തിയിരുന്നു.

ദേഷ്യം കൊണ്ട് ചുവന്ന മുഖവും ഷർട്ടിന്റെ രണ്ടു കൈയും കയറ്റി കൊണ്ടുള്ള അവന്റെ നടത്തവും എല്ലാം കണ്ടു എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട് എന്ന് അവർക്ക് രണ്ടു പേർക്കും മനസിലായി. ഒരുപക്ഷെ ഇന്നലെ രാത്രി പുറത്തു പോയത് അവൻ അറിഞ്ഞിരിക്കും എന്നാണ് ലെച്ചുവും അമ്മയും ഒരുപോലെ വിചാരിച്ചത്.അങ്ങനെ എങ്ങാനും ആണെങ്കിൽ എന്ത് മറുപടി അവനോട് പറയും എന്ന് ഓർത്ത് ലെച്ചു ശരിക്കും വിയർക്കാൻ തുടങ്ങി. ഡൈനിങ്ങ് ടേബിളിൽ ലെച്ചുവിന് ഓപ്പോസിറ്റ് ആയി അർജുൻ വന്നിരുന്നു.എന്നിട്ട് കുറച്ചു സമയം അവളെ തന്നെ നോക്കി നിന്നു.

അവന്റെ പ്രവർത്തികൾ എല്ലാം തന്നെ ലെച്ചുവിൽ നല്ല പേടി ഉണ്ടാക്കി.അവൾ പതുക്കെ ഇന്ദു അമ്മയെ നോക്കിയപ്പോൾ അമ്മയും അന്താളിച്ചു നിൽക്കുകയായിരുന്നു. ഒരു രണ്ടു സെക്കന്റ്‌ കഴിഞ്ഞു അർജുൻ പെട്ടെന്ന് ചെയറിൽ നിന്ന് ചാടി എഴുന്നേൽക്കുന്നത് കണ്ടു എന്താണ് സംഭവം എന്ന് ചോദിക്കാൻ ഇന്ദു അമ്മ തുടങ്ങുന്നതിനു മുന്നേ ലെച്ചുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു ആദ്യ അടി കൊടുത്തിരുന്നു അർജുൻ. അത് കണ്ടു ഇന്ദു അമ്മ പേടിച്ചു വിറച്ചു നിൽക്കേ തന്നെ അടുത്ത നിമിഷം അർജുൻ ലെച്ചുവിനെ വലിച്ചടുപ്പിച്ച് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു….. അതും കൂടി കണ്ടപ്പോൾ ഇന്ദു അമ്മക്ക് സത്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് പോലും മനസിലായില്ല.

എന്നാൽ അപ്പോഴേക്കും ലെച്ചു അർജുനെ തള്ളി മാറ്റി കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടിയിരുന്നു… “എന്താണ് നീ ഈ കാണിക്കുന്നത് അച്ചു…ഇങ്ങനെ ആണോ ഒരു പെൺകുട്ടിയോട് പെരുമാറുക “, ആദ്യത്തെ പകപ്പിൽ നിന്ന് പുറത്തു വന്നു ഇന്ദു അമ്മ ദേഷ്യത്തിൽ ചോദിച്ചത് കെട്ട് അർജുൻ ഒന്നും മിണ്ടിയില്ല. “ഭാര്യ ആയിട്ട് നീ ഇന്ന് വരെ അവളെ കണ്ടിട്ടില്ലല്ലോ…പിന്നെ പെട്ടെന്ന് എന്താ ഉണ്ടായത്…നിന്നോട് ആണ് ഞാൻ ചോദിച്ചത്”, അർജുൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടു അമ്മ വീണ്ടും ചോദിച്ചത് കെട്ട് അർജുൻ ഒന്ന് ചിരിച്ചു…

“അത് ഇന്ന് രാവിലെ വരെ അല്ലേ അമ്മ…ഇപ്പോൾ മുതൽ അവൾ മാത്രം ആണ് എന്റെ ഭാര്യ…”,കള്ളച്ചിരിയോടെ അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് അർജുൻ ദൃതിയിൽ റൂമിലെക്ക് പോകുന്നത് കണ്ടു ഇന്ദു അമ്മയുടെ കിളി പാറി എങ്കിലും അവരും അവന്റെ കൂടെ പോകാൻ ആയി ചെന്നു. “അതെ, അമ്മ ഇപ്പോൾ അങ്ങോട്ട് വരേണ്ട…അവളോട് എനിക്ക് കുറച്ചധികം കണക്കുകൾ തീർക്കാൻ ഉണ്ട്…അതൊക്കെ തീർത്തു വരുമ്പോഴേക്കും നേരത്തെ കൊടുത്തത് പോലെ എന്തെങ്കിലും ഒക്കെ കൊടുക്കേണ്ടി വരും…അതൊന്നും കാണുന്നത് അമ്മക്ക് കുഴപ്പം ഇല്ലെങ്കിൽ മാത്രം വന്നാൽ മതി “,തിരിഞ്ഞു നിന്ന് അർജുൻ പറഞ്ഞത് കെട്ട് ഒന്നും മനസിലാവാതെ ഇന്ദു അമ്മ അവിടെ തന്നെ നില്കുമ്പോഴേക്കും അവൻ മുറിയിലേക്ക് പോയിരുന്നു.

: ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ മാറി അർജുൻ അപ്പോഴേക്കും സാധാരണ പോലെ ആയിരുന്നു.ഓഫീസ് റൂമിന്റെ വാതിൽ അടച്ചത് റൂമിൽ കയറിയപ്പോൾ തന്നെ അവൻ കണ്ടിരുന്നു. ലെച്ചു അതിനുള്ളിൽ ആവും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൻ നേരെ അങ്ങോട്ട് തന്നെ ചെന്നു. “ടി,പെണ്ണെ…മര്യാദക്ക് വാതിൽ തുറന്നു പുറത്തു വന്നോ…ഇല്ലെങ്കിൽ വാതിൽ ചവിട്ടി പൊളിച്ചു ഞാൻ അകത്തു വരും…”, അർജുൻ ഉറക്കെ വിളിച്ചു പറയുന്നത് കെട്ട് ലെച്ചു ശരിക്കും പേടിച്ചു.രൂപത്തിലും ഭാവത്തിലും സംസാരത്തിലും ഒക്കെ അവന് വന്ന മാറ്റം കണ്ടു അന്താളിച്ചു നിൽക്കുകയായിരുന്നു ലെച്ചു.

സത്യത്തിൽ അവൾക്ക് അപ്പോഴും എന്താണ് സംഭവിച്ചത് എന്നൊന്നും മനസിലായിരുന്നില്ല. കുറച്ചു സമയം ആലോചിച്ചു എന്തും വരട്ടെ എന്ന് കരുതി ലെച്ചു വാതിൽ തുറക്കാൻ ആയി എഴുന്നേറ്റപ്പോഴേക്കും പുറത്ത് നിന്നും ഉള്ള അവന്റെ തട്ടൽ വളരെ ശക്തി പ്രാപിച്ചിരുന്നു. വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ലെച്ചുവിനെ കുറച്ചു സമയം ചുമരിൽ ചാരി രണ്ട് കൈയും കെട്ടി അർജുൻ നോക്കി നിന്നു.പനിയുടെ ക്ഷീണം അവളുടെ മുഖത്ത് കാണാം എങ്കിലും വല്ലാത്ത ഒരു സൗന്ദര്യം തോന്നി അവൾക്ക്അപ്പോൾ… “സ്വന്തം ലവ് സ്റ്റോറി എന്നെ കൊണ്ട് പറയിപ്പിച്ചതും പോരാതെ ഒരു ഭാവ മാറ്റവും ഇല്ലാതെ അത് കേട്ടിരിക്കുകയും ചെയ്തല്ലോ മഹാപാപി നീ… “,

ലെച്ചുവിന്റെ അടി കൊണ്ട കുനിഞ്ഞ മുഖത്തിനോട്‌ ചുണ്ടുകൾ ചേർത്ത് അർജുൻ പറഞ്ഞത് കെട്ട് കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ ലെച്ചു ഞെട്ടി തരിച്ചു അവനെ നോക്കി. “അതിന് ഈ ജന്മം മാത്രം അല്ല,അടുത്ത 7 ജന്മവും എന്റെ ഭാര്യയാക്കി നിന്നെ സ്നേഹിച്ചു കൊന്ന് ഞാൻ പ്രതികാരം ചെയ്യും…അർജുൻ ആണ് പെണ്ണെ പറയുന്നത്… “,ലെച്ചുവിനെ അരയിലൂടെ കൈ ഇട്ട് പിടിച്ചു കൊണ്ട് അർജുൻ പറഞ്ഞത് കേട്ടു ലെച്ചുവിന് തിരിച്ചു എന്ത് പറയണം എന്ന് അറിയാതെ അവസ്ഥയായിരുന്നു. “ഒരിക്കലും വേദനിപ്പിക്കില്ല എന്ന് നിനക്ക് ഞാൻ വാക്ക് തന്നിരുന്നു.

പക്ഷെ തിരിച്ചറിഞ്ഞ അന്ന് തന്നെ അത് തെറ്റിക്കേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു…ഇനി പറ ഇത്രയും നല്ല തെളിവ് ഉണ്ടായിട്ടും എന്താണ് ലെച്ചു ഒന്നും നീ പറയാതെ ഇരുന്നത്”, അർജുൻ ഒരു നോട്ട് ബുക്ക്‌ അവൾക്ക് കൊടുത്തു കൊണ്ട് ചോദിച്ചു. അപ്പോഴേക്കും മറച്ചു വെച്ചത് എല്ലാം അർജുൻ അറിഞ്ഞു എന്ന് ലെച്ചുവിന് മനസിലാക്കി.അവൾ ഉടനെ തന്നെ അവനെ തള്ളി മാറ്റി കൈ കൂപ്പി നിലത്തിരുന്നു. “എനിക്ക് അതിനുള്ള അർഹത ഇല്ല സാർ…എല്ലാം മറന്നേക്ക്…എനിക്ക് അങ്ങനെ ഒരു ജീവിതം വേണ്ടാത്തത് കൊണ്ടാണ് ഒന്നും പറയാതെ ഇരുന്നത് “,പൊട്ടിക്കറഞ്ഞു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ടു അർജുന്റെ ഭാവം വീണ്ടും മാറി.

“നിന്റെ ഇഷ്ടം പോലെ നീ ഓരോന്ന് ചെയ്യുമ്പോൾ ഞാൻ ഇവിടെ കിടന്ന് ഉരുകുന്നത് നീ കാണുന്നില്ലേ മോളെ…ഞാനും ഒരു മനുഷ്യ ജീവി അല്ലേ…എന്താണ് പ്രശ്നം എന്ന് പറയു…നമുക്കത് പരിഹരിക്കാം “, നിലത്തു നിന്നും ലെച്ചുവിനെ എഴുന്നേൽപ്പിച്ച് അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ഒരു ഭ്രാന്തനെ പോലെ അർജുൻ അത് ചോദിക്കുമ്പോൾ തന്നെ ലെച്ചു കുഴഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണിരുന്നു.

(തുടരും ) മനസ്സിൽ വേറെ ഒരു തരത്തിൽ ആയിരുന്നു കഥ…ബട്ട്‌ തത്കാലം ഞാൻ അതൊക്കെ മാറ്റി വേറെ ഒരു ട്വിസ്റ്റ്‌ ഇട്ടിട്ടുണ്ട്…നമുക്ക് ഹാപ്പി ആയി ഇരുന്നാൽ മതിയല്ലോ 😎

ലയനം : ഭാഗം 10

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!