എന്ന് സ്വന്തം മിത്ര… : ഭാഗം 24

Share with your friends

എഴുത്തുകാരി: പാർവതി പാറു

അവിടെ തീർന്നു എല്ലാം എന്നാണ് വിചാരിച്ചത് പക്ഷെ ദൈവം വീണ്ടും ഒരു ചാൻസ് തന്നു…. പറഞ്ഞു നിർത്തി മിത്ര മിഥുനിനെ നോക്കി അവന്റെ കണ്ണുകൾ അവളിൽ തറഞ്ഞു നിൽക്കുകയാണ്…. മുറി അടച്ചിരിക്കുന്നത് പന്തിയല്ലെന്ന് തോന്നിയപ്പോൾ വാതിൽ ചവിട്ടി തുറന്ന് കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു… പ്ലസ്‌ ടു പരീക്ഷ എങ്ങനെ ഒക്കെയോ എഴുതി….

വീട്ടിൽ ഒറ്റക്ക് നിന്നാൽ വീണ്ടും വല്ല ബുദ്ധിമോശവും കാട്ടിയാലോ എന്ന് കരുതി കിരണേട്ടൻ ഒരു സ്ത്രീയെ വീട്ടിൽ നിർത്തി… പക്ഷെ എന്റെ ഉള്ളിൽ ഒറ്റക്കായി പോയ മനസിന് തുണയായി ആരും ഇല്ലായിരുന്നു… ഇടക്കൊക്കെ കിരണേട്ടൻ വരും… എല്ലാം അന്വേഷിക്കും.. പോവാൻ ഇറങ്ങുമ്പോൾ ഒന്നും ഓർത്ത് വിഷമിക്കരുതെന്ന് പറയും… ആ വാക്കുകൾ എന്റെ വേദന കൂട്ടുകയല്ലാതെ ഒരിക്കലും കുറച്ചില്ല…. ഏട്ടന്റെ ഓർമ്മകൾ ഉള്ള ആ വീട്ടിൽ എനിക്ക് ശ്വാസം മുട്ടി തുടങ്ങിയിരുന്നു..

അങ്ങനെ ഡിഗ്രിക്ക് ദൂരെ ഉള്ള കോളേജിൽ അഡ്മിഷൻ വാങ്ങിയത്…. പക്ഷെ ആക്കാലമത്രയും ഒറ്റക്കായി എന്ന് കരുതി വേദനിച്ച എന്റെ മനസിനെ അല്പ്പം എങ്കിലും ആശ്വസിപ്പിക്കാൻ അമറിന് കഴിഞ്ഞു… ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ വെച്ച് സ്വന്തം കുടുംബം നഷ്ടം ആയ എന്റെ വേദന കുടുംബമേ ഇല്ലാതെ ജനിച്ച അവൻ തിരിച്ചറിഞ്ഞു… വലിയൊരു ആശ്വാസം ആയിരുന്നു അവൻ… വീണ്ടും ജീവിക്കാനും സ്വപ്‌നങ്ങൾ കാണാനും… ചിരിക്കാനും എല്ലാം എനിക്ക് കഴിയും എന്ന് അവൻ ഓർമിപ്പിച്ചു….

മിത്ര ബെഞ്ചിലേക്ക് ചാരി ഇരുന്നു… കിരൺ അവൻ ഒരിക്കലും തന്നെ മനസിലാക്കിയില്ലേ…. “ചിലപ്രണയങ്ങൾ വസൂരി പോലെ ആണ്… പൊട്ടുന്നത് കുളിരോ കുറവോ എന്നറിയാതെ നാം പരിഭ്രമിക്കുന്നു.. പ്രണയത്താപത്തിൽ ശരീരം ചുട്ട് പഴുത്തു ചുവക്കുന്നു… നാം അതിജീവിച്ചേക്കാം… പക്ഷെ പാടുകൾ ബാക്കിയാവുന്നു.. ആയുസ്സ് മുഴുവൻ നാം ആ ഓർമ്മകൾ ഉടലിൽ പേറുന്നു… ” അത്തരം ഒന്നാണ് കിരണേട്ടന്റെ പ്രണയം എനിക്ക്.. അപ്പോൾ താനിന്നും കിരണിന്റെ ഓർമ്മകളിൽ ജീവിക്കുകയാണ്…

പിന്നെ എന്തിനാണ് അമർ തനിക്ക് വേണ്ടി ആനിയെ തള്ളിപ്പറയുന്നത്…?? മിഥുൻ ചോദിച്ചു ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ട് ആണ് ഡോക്ടർ…. അതെന്നും ഉത്തരം ഇല്ലാത്ത കടംകഥ പോലെ നിലകൊള്ളുന്നു…. മിത്ര കണ്ണുകൾ അടച്ചു.. ഡോക്ടർ ചെല്ലൂ… മിഥില ഒറ്റക്കല്ലേ… മിഥുൻ എഴുന്നേറ്റ് നടന്നു… കുറച്ചു നടന്ന് അവൻ തിരിഞ്ഞു നോക്കി… മുഖം കൈകളിൽ ഒളിപ്പിച്ചു ഇരിക്കുകയാണ് മിത്ര… അവൾ വിതുമ്പി കരയുകയാണെന്ന് അവൻ തിരിച്ചറിഞ്ഞു… ……….

സുദർശൻ മിഥിലയെ കൂട്ടി വീട്ടിലേക്ക് പോയി.. കാറിൽ അവർ രണ്ടുപേരും നിശ്ശബ്ദരായിരുന്നു… ആരവ് മിഥിലയുടെ നെഞ്ചിൽ തലചേർത്ത് ഉറങ്ങിയിരുന്നു…. ഒടുവിൽ മൗനത്തെ ബേധിച്ചുകൊണ്ട് മിഥില ചോദിച്ചു… ആനിയെ ഇഷ്ടം ആയിരുന്നു അല്ലേ…. മ്മ്…. അവൻ മൂളി.. ഇപ്പോളും ഇഷ്ടം ആണോ….അവൾ വീണ്ടും ചോദിച്ചു. ഇഷ്ടം ആണ്…. പക്ഷെ പ്രണയം അല്ല… അതെന്താ….. അവളോട്‌ എനിക്ക് പ്രണയം ആയിരുന്നു…. പക്ഷെ അവൾ മറ്റൊരാളെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ തന്നെ അതിനെ കുഴിച്ചുമൂടി…

അവൾ സ്നേഹിച്ചിരുന്ന അമർ അവളെ ഉപേക്ഷിച്ചു മിത്രയെ സ്വീകരിച്ചു എന്ന് അറിഞ്ഞപ്പോൾ വേദന തോന്നി… മിത്ര എന്നും എന്നോട് ആനിയോടൊപ്പം വേണം എന്ന് പറഞ്ഞപ്പോൾ എന്നോ ഉള്ളിൽ കുഴിച്ചുമൂടിയ പ്രണയം വീണ്ടും പൊടി തട്ടി എടുക്കാൻ ശ്രമിച്ചതാണ് ഞാൻ… പക്ഷെ അവളുടെ ഹൃദയത്തിൽ നിന്ന് അമർ ഒരിക്കലും ഇല്ലാതാവില്ല… ആ ഹൃദയത്തിൽ ഒരിക്കലും എനിക്ക് ഒരു സ്ഥാനവും ലഭിക്കില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.. അത്രത്തോളം ആനി അമറിനെ സ്നേഹിക്കുന്നു….

മിഥില പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു … റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ അവൾ സുദർശന്റെ മുഖത്തേക്ക് പാളി നോക്കി… വിഷമം ഉണ്ടോ… അവൾ ചോദിച്ചു.. ഇല്ല… കാരണം എനിക്ക് അവളോട്‌ തോന്നിയിരുന്നത് ഒരു പ്രണയം ആയിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നില്ല… അവളെ ഓർക്കാതെ എത്രയോ വർഷങ്ങൾ കടന്ന് പോയി… വീണ്ടും അവളെ കണ്ടപ്പോൾ അല്ലേ അവളോട് വീണ്ടും എന്തോ വികാരം തോന്നിയത്.. അപ്പോൾ അത് പ്രണയം ആണോ… പിന്നെ പ്രണയം എങ്ങനെ ആണ്.

മിഥില ചോദിച്ചു… സുദർശൻ അവളെ കൂർപ്പിച്ചു നോക്കി.. എനിക്ക് അറിയാത്തതോണ്ടല്ലേ.. ഞാനാരെയും ഇത് വരെ പ്രണയിച്ചിട്ടില്ല.. മിഥില ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.. എന്നാൽ എന്നെ പ്രേമിച്ചോ.. സുദർശൻ കണ്ണിറുക്കി പറഞ്ഞു… കളിയാക്കിയതാണല്ലേ.. അവൾ വേദനയോടെ മുഖം താഴ്ത്തി… സുദർശൻ കാർ റോഡരികിൽ ഒതുക്കി… പ്രണയം എന്ന് പറഞ്ഞാൽ പലർക്കും പല പോലെ ആണ് മിഥില…. എന്നെ സംബന്ധിച്ചാണെങ്കിൽ പ്രണയം ഒരു സ്വപ്നം പോലെ ആണ്.. ഉറക്കത്തിൽ പോലും നമുക്ക് പ്രിയപ്പെട്ട മുഖം നമുക്കൊപ്പം ഉണ്ടാവും…

ഓർക്കാൻ സുഖമുള്ള സ്വപ്നം.. പല രാത്രികളിലും നമ്മുടെ ഉറക്കം കെടുത്തുന്ന സ്വപ്നം… അങ്ങനെ ഒരു സ്വപ്നം ആണ് എനിക്കിന്ന് നീ… അതൊരിക്കലും പ്രണയം അല്ല സഹതാപം ആണ്.. എന്നോടുള്ള സഹതാപം പ്രണയം ആയി തെറ്റിദ്ധരിക്കരുത്… ഒരിക്കലും അല്ല.. ഒരാൾക്ക് മറ്റൊരാളോട് സഹതാപം തോന്നിയാൽ അയാൾ ആദ്യം ശ്രമിക്കുന്നത് മറ്റേ ആളെ രക്ഷിക്കാൻ ആണ്… ഞാൻ എന്നെ പ്രണയിച് വിവാഹം ചെയ്ത് വലിയൊരു റിസ്ക് എടുക്കാൻ ആണ് തന്നോട് പറയുന്നത്.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അവൾ അവനെ കണ്ണെടുക്കാതെ നോക്കി… ഞാൻ കാര്യം ആയി പറഞ്ഞതാണ്… കുറച്ചു ദിവസങ്ങൾ ആയി എന്റെ സ്വപ്നങ്ങളിൽ എല്ലാം നീ ആണ്.. നീ മാത്രം അല്ല ഇവനും.. മിഥുൻ ആരാവിന്റെ മുടിയിൽ തലോടി…. എന്നെ കാണുമ്പോൾ ഉള്ള ആ കുഞ്ഞിക്കണ്ണുകളിലെ തിളക്കം എന്നെ വല്ലാതെ അടിമപ്പെടുത്തുന്നു… അച്ഛൻ ഇല്ലാത്തതിന്റെ വേദന ആവോളം അറിഞ്ഞവൾ അല്ലേ താൻ… ഇവനെങ്കിലും അത് കിട്ടട്ടെ എന്നിലൂടെ… എനിക്ക് ഉറപ്പുണ്ട്… നിനക്ക് മനസിന് യോജിച്ച പുരുഷൻ ആയില്ലെങ്കിലും ഇവന് മനസിനോട് ചേർന്ന് നിൽക്കുന്ന അച്ഛൻ ആയിരിക്കും ഞാൻ എന്നും.. മിഥില തല കുനിച്ചു വേണ്ട….

ഒരിക്കൽ ഒരാൾ കടിച്ചു തുപ്പിയ ശരീരം ആണ് ഇത്.. ഒരിക്കലും മായാത്ത കളങ്കം ഏറ്റ ശരീരം… നിങ്ങൾക്ക് നൽകാൻ ശുദ്ധമായ ഒരു ശരീരം പോലും ഇല്ലാത്തവൾ ആണ് ഞാൻ… വേണ്ട… അശുദ്ധി നിന്റെ കണ്ണുകളിൽ ശരീരത്തിന് അല്ലേ.. എനിക്ക് വേണ്ടത് നിന്റെ ശുദ്ധം ആയ മനസ് ആണ്… ഒരിക്കൽ പോലും ആരാലും കളങ്കപ്പെടാത്ത ആ മനസ്… അത് ആദ്യമായും അവസാനം ആയും എനിക്ക് തന്നൂടെ… മിഥിലയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ പൊങ്ങി വന്ന തേങ്ങൽ കടിച്ചു പിടിച്ചു.. പെട്ടന്നൊരു മറുപടി വേണ്ട.. നല്ലോണം ആലോചിച്ചോളൂ..

കാത്തിരിക്കാൻ ഞാൻ ഒരുക്കം ആണ്… സുദർശൻ കാർ സ്റ്റാർട്ട്‌ ചെയ്തു… വീടെത്തും വരെ അവർ പരസ്പരം സംസാരിച്ചില്ല…. വീടെത്തി കാറിൽ നിന്ന് ഇറങ്ങി സുദർശൻ കുഞ്ഞിനെ വാങ്ങി.. മിഥില ലോക്ക് തുറന്നു.. അവൻ കുഞ്ഞിനെ മുറിയിൽ കൊണ്ട് കിടത്തി അവന്റെ കവിളിൽ ചുംബിച്ചു.. എല്ലാം കണ്ടുകൊണ്ട് മിഥില വാതിൽക്കൽ നിന്നു.. താൻ കിടന്നോ.. ഞാൻ പുറത്ത് ഉണ്ടാവും മിഥുൻ വന്നിട്ടേ ഞാൻ പോവൂ..അവൻ പുറത്തേക്ക് നടന്നു… ഒന്ന് നിൽക്കൂ.. അവൾ വിളിച്ചു.. അവൻ തിരിഞ്ഞു നോക്കി… എനിക്ക് ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ വയ്യ..

എന്റെ മനസ് അതിന് വഴങ്ങിയിട്ടില്ല… മിഥില പറഞ്ഞു… എന്നെങ്കിലും ഒരിക്കൽ വഴക്കം വന്നാലോ.. കാത്തിരിക്കാം.. അത് വരെ തന്നെ ഞാൻ ഇത് പറഞ്ഞു ശല്യം ചെയ്യില്ല.. അത് വേണ്ട.. അവൾ പറഞ്ഞു.. സുദര്ശന് ഉള്ളിൽ വേദന തോന്നി… എന്നെ കാത്തിരിക്കണ്ട.. മനസ് വഴങ്ങും വരെ എന്നെ പ്രണയിച്ചാൽ മതി… അവൾ തലകുനിച്ചു പറഞ്ഞു.. അവളുടെ ചുണ്ടുകളിൽ ഒളുപ്പിച്ച നാണം കലർന്ന ചിരി അവൻ കണ്ടു … അത് മനസിലാക്കി അവൻ ചോദിച്ചു.. എന്താ.. എന്താ പറഞ്ഞേ ഞാൻ കേട്ടില്ല.. ഒന്നുല്ല… അവൾ പറഞ്ഞു.. അല്ലല്ല.. എന്തോ പറഞ്ഞു.. അവൻ അവൽക്കരികിലേക്ക് വന്നു..

അവൾ മുഖം ഉയർത്തതെ നിന്നു.. അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു.. ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. അവൻ പെരുവിരൽ കൊണ്ട് അവ തുടച്ചു… വലിയ പ്രദീക്ഷകൾ ഒന്നും നൽകുന്നില്ല.. എന്നാലും ഒന്നറിയാം… ഞാൻ കാരണം ഈ കണ്ണുകൾ നിറയില്ലെന്ന് വാക്ക് തരാം.. എന്റെ മരണം വരെ… കുറേ കരഞ്ഞതല്ലേ ടോ.. ഇനി ഉള്ള ജീവിതം എങ്കിലും അൽപ്പം ചിരിക്കാം..

നമുക്കൊരുമിച്… നമ്മുടെ മാത്രം ലോകത്ത്… തനിക്ക് ഒരു നല്ല പങ്കാളി ആയി.. ആരാവിന് നല്ലൊരു അച്ഛനായി… അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവൾ അവനെ കെട്ടിപിടിച്ചു.. അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ചപ്പോൾ അവൾക്ക് തോന്നി ഈ ലോകത്തെ ഏറ്റവും മനോഹരമായ ഇടം സ്നേഹിക്കുന്ന പുരുഷന്റെ ഇടംനെഞ്ച് ആണെന്ന്…

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 23

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!