നാഗമാണിക്യം: ഭാഗം 9

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

പുലർച്ചെ തന്നെ എഴുന്നേറ്റു കുളിച്ചു കാവിലേക്ക് നടക്കുമ്പോൾ അച്ഛനും അമ്മയും പിറകെ വരുന്നുണ്ടായിരുന്നു. കാവിലേക്ക് കടക്കുമ്പോൾ മനയ്ക്കൽ നിന്നുള്ള വഴിയിലൂടെ അനന്തനും മറ്റുള്ളവരും വരുന്നത് കണ്ടു. ഒൻപതു മണിയാവുമ്പോഴേക്കും തിരുമേനി മഠത്തിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ നാഗകാവിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കണമെന്നും പറഞ്ഞിരുന്നു. കാവിൽ എത്തുന്നതിനു മുൻപേ അഞ്ജലി അനന്തന് നേരേ തിരിഞ്ഞു. “അല്ല അനന്തൂ, ഈ നാഗക്കാവെന്ന് പറയുന്നത് നീ വാങ്ങിയ പ്രോപ്പർട്ടിയിൽ ഉൾപെടുന്നതല്ലേ.

പിന്നെന്താ ആ പെണ്ണും കുടുംബവും അവിടെ അടയിരിക്കുന്നേ? അവളുടെ കളിയൊക്കെ കണ്ടാൽ തോന്നും ഇതൊക്കെ അവരുടെ സ്വന്തമാണെന്ന് ” എല്ലാവരും അനന്തനെ നോക്കി.. “അഞ്ജു, ഞാൻ എത്ര തവണ പറഞ്ഞു ഇതൊരു സാധാരണ തറവാട് വീടല്ല. പണ്ട് മുതൽക്കേ നാഗാരാധനയും മന്ത്രതന്ത്രങ്ങളുമൊക്കെ നടന്നു കൊണ്ടിരുന്ന ഒരു ഇല്ലമാണ്. ഇവിടെ കാണുന്ന പലതിനും ലോജിക്കലായി ഒരു എക്സ്പ്ലനേഷൻ ഇല്ലെന്നതാണ് സത്യം. പിന്നെ മാധവേട്ടന്റെ കുടുംബം തലമുറകളായി ഇവിടെയാണ്. ഇവരെല്ലാം ജനിച്ചു വളർന്ന ഈ സ്ഥലത്തിനെ പറ്റി നമ്മളെക്കാൾ അറിവ് അവർക്കാണ്.

വെറുതെ അവരോട് മത്സരിക്കാൻ നിൽക്കുന്നത് നമുക്ക് ദോഷമേ വരുത്തുകയുള്ളൂ… ” “അതും ശരിയാ, ഇവിടെ ഇവരാണൊരു സഹായം. എന്റെ അനന്താ, വെറുതെ നീ ഇവളുടെ വാക്കും കേട്ട് അവരെ വെറുപ്പിക്കാൻ നിൽക്കണ്ട ” അരുൺ പറഞ്ഞത് കേട്ട് അഞ്ജലി അവനെ രൂക്ഷമായി നോക്കി. “എടാ കാട്ടുകോഴി, ആ പെണ്ണിനെ കണ്ടപ്പോഴേ നിനക്കൊരു ഇളക്കം ഞാൻ ശ്രദ്ധിച്ചതാ ” അഞ്ജലി പറഞ്ഞത് കേട്ട് അരുൺ അവളെ നോക്കി. “എന്റെ പൊന്നു മോളേ, അതെനിക്ക് താങ്ങാവുന്ന ഇനത്തിൽപ്പെട്ടതല്ല.

അതാ ഞാൻ വേഗം അവളെ പിടിച്ചു പെങ്ങളാക്കിയത്.. ” ” ഈ സംസാരം ഇവിടെ വച്ച് നിർത്തിക്കോ, ഇല്ലെങ്കിൽ രണ്ടിനേയും പിടിച്ചു ഞാൻ വെളിയിൽ കളയും” അനന്തന്റെ സ്വരത്തിലെ ഗൗരവം മനസ്സിലാക്കി വിനയും ഗൗതമും തമ്മിൽ തമ്മിൽ നോക്കി.. അവർ കാവിനുള്ളിലേക്ക് എത്തുമ്പോഴേക്കും പത്മ തിരി തെളിച്ചു കഴിഞ്ഞിരുന്നു.അനന്തൻ പത്മയുടെ തൊട്ടു പുറകിലാണ് നിന്നത്. കണ്ണടച്ച് തൊഴുതു നിൽക്കുന്നതിനിടെ മുടിയിൽ ആരോ പിടിച്ചത് പോലെ തോന്നിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.

മുടിയിൽ തപ്പി നോക്കി കൊണ്ടാണ് അനന്തനെ നോക്കിയത്. ആള് കൊണ്ടു പിടിച്ച പ്രാർത്ഥനയിലാണ്. മുല്ലപ്പൂ കൈയിൽ തടഞ്ഞതും പത്മ വീണ്ടും അനന്തനെ നോക്കി. അവൻ കണ്ണു തുറന്നതേയില്ല, പക്ഷേ ആ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചാണ് പുറത്തേക്ക് നടന്നത്. അഞ്ജലി ചുറ്റും പരതി നോക്കി കൊണ്ടു നടക്കുന്നത് കണ്ടിട്ടാണ് പത്മ മുന്നിൽ നടന്നത്. ശ്രീക്കുട്ടന്റെ തോളിൽ കൈയിട്ടു നടക്കുന്നതിനിടയിലും അനന്തന്റെ കണ്ണുകൾ പത്മയിലായിരുന്നു. നീണ്ടിടതൂർന്ന മുടിയിൽ അവൻ ഇട്ട മുല്ലപ്പൂക്കൾ കുരുങ്ങി കിടന്നിരുന്നു.

“ഒൻപതു മണിയ്ക്കല്ലേ അദ്ദേഹം എത്തുക, അപ്പോഴേക്കും ഞങ്ങൾ അങ്ങോട്ടെത്താം ” മാധവൻ അനന്തനെ നോക്കി പറഞ്ഞു, അവൻ തലയാട്ടി. അനന്തനെ നോക്കാതെ, അവനരികിൽ നിൽക്കുന്ന അരുണിനെ നോക്കി ചിരിച്ചിട്ട് പത്മ വീട്ടിലേക്കുള്ള വഴിയേ നടന്നു. അടക്കിപ്പിടിച്ച ചിരിയോടെ അരുൺ അനന്ത നോട് പറഞ്ഞു ” ചുമ്മാതല്ല അളിയാ, നാരീ ശാപമാ, നാരി ശാപം.. എന്തോരം പെങ്കൊച്ചുങ്ങളാ നിന്റെ പുറകെ നടന്നിട്ടുള്ളത്. നീ ആർക്കും പിടി കൊടുത്തില്ല. അതിന്റെയൊക്കെ ശാപമാ ഇപ്പോ ദേ ആ രൂപത്തിൽ പോയത്.. ” “ഡാ കാട്ടുകോഴി, എന്റെ ഒരു കൈയ്യകലത്തിൽ നടന്നാൽ നിനക്ക് ഇനിയും ജീവിക്കാം..

അല്ലേൽ പഞ്ഞിക്കിടും ഞാൻ ” അനന്തൻ കൈ ഉയർത്തിയതും അരുൺ ചിരിയോടെ ഓടിമാറി. “എന്നാലും പറയാതിരിക്കാൻ വയ്യളിയാ, നിങ്ങൾ രണ്ടും പെർഫെക്ട് മാച്ചാ. രണ്ടുംകൂടി ചേരുമ്പോഴുള്ള പൊട്ടിത്തെറിയിൽ നിന്ന് നാഗകാളി മഠത്തിനെ മാത്രമല്ല ഈ നാടിനെ രക്ഷിക്കാൻ ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. രണ്ടിന്റെയും കയ്യിലിരിപ്പിന് ഒന്നുകിൽ അവളെ നീ കൊല്ലും, അല്ലെങ്കിൽ അവൾ നിന്നെ കൊല്ലും” “ഡാ, നിന്നെ ഞാൻ ഇന്ന് കൊല്ലുമെടാ..” അനന്തൻ പിന്നാലെ എത്തിയതും അരുൺ ചിരിയോടെ താമരക്കുളത്തിന്റെ അരികിലൂടെ നാഗകാളി മഠത്തിലേക്കുള്ള വഴിയേ ഓടി.

ഇതൊക്കെ കണ്ട് എല്ലാവരും ചിരിച്ചെങ്കിലും അഞ്ജലിയുടെ കണ്ണുകൾ പകയോടെ പത്മ പോയ വഴിയിലേക്ക് ആയിരുന്നു. കാവിൽ ആളൊഴിഞ്ഞതും നാഗത്തറയിൽ വീണു കിടന്നിരുന്ന മഞ്ഞൾ പൊടിയിലൂടെ ഇഴഞ്ഞെത്തിയ നാഗങ്ങൾ പത്തി വിരിച്ചാടി തുടങ്ങിയിരുന്നു. നാഗപ്രതിഷ്ഠയിൽ ചുറ്റിയ മണിനാഗത്തിനു ചുറ്റിലും അവ ഇഴഞ്ഞു നീങ്ങി. അവിടമാകെ ചുറ്റിയടിച്ച കാറ്റിന് മാദകഗന്ധമായിരുന്നു. ആലിലകളെ തലോടി സർപ്പഗന്ധിയുടെ ഇലകളിലൂടെ കടന്നു പോയ ആ ഇളംകാറ്റ് താമരക്കുളത്തിനോളം ചെന്നെത്തിയിരുന്നു.. വീട്ടിലെത്തിയതും പത്മ കണ്ണാടിയുടെ മുമ്പിലേക്ക് ആണ് പോയത്.

കുളിപ്പിന്നലിട്ട മുടിയിഴകളിൽ തങ്ങി കിടന്ന മുല്ലപ്പൂക്കൾ അവൾ കണ്ടു. ചിരിയോടെ മനസ്സിലോർത്തു. അനന്തേട്ടനാവും… അനന്തേട്ടൻ??? അല്ല അനന്തൻ, അത് മതി.. അതാണ് വേണ്ടത്. പത്മ ഒരു നേരമ്പോക്കായി തീരില്ല.. ആരുടെ ജീവിതത്തിലും… ദത്തന്റെ കാർ മഠത്തിലെ പടിപ്പുരവാതിലിനപ്പുറത്തെ ഗേറ്റിലേക്ക് തിരിയുകയായിരുന്നു. പിൻസീറ്റിൽ ചാരി കിടന്നിരുന്ന ഭദ്രൻ തിരുമേനിയുടെ കണ്ണുകൾ പടിപ്പുരവാതിലിൽ സ്വർണ്ണവർണ്ണമാർന്ന ലിപികളാലെഴുതിയ’ നാഗകാളി മഠം ‘എന്ന പേരിലായിരുന്നു.ഇല്ലത്തിന്റെ മുറ്റത്ത്‌ കാർ നിർത്തി ദത്തൻ ഇറങ്ങിയിട്ടും ഭദ്രൻ തിരുമേനി ഇറങ്ങിയില്ല.

കാറിൽ ഇരുന്നു കൊണ്ടു ചുറ്റും കണ്ണോടിക്കുകയായിരുന്നു അദ്ദേഹം. ആ കണ്ണുകൾ എത്തി നിന്നത് തെല്ലകലെയായി കണ്ട താമരക്കുളത്തിലും അതിനുമപ്പുറത്തെ നാഗക്കാവിലുമാണ്… ദത്തൻ ഡോർ തുറന്നപ്പോൾ, പുറത്തേക്കിറങ്ങുന്നതിനിടയിലാണ് ഇല്ലത്തിന്റെ മുഖപ്പിൽ പകുതിയും മറഞ്ഞ മണി നാഗത്തിനെ അദ്ദേഹം കണ്ടത്. ഒരു നിമിഷം നെഞ്ചിൽ കൈവെച്ചു ശിരസ്സ് കുനിച്ചു ഭദ്രൻ തിരുമേനി. മറുപടിയെന്നോണം മുഖപ്പിനുള്ളിൽ നിന്ന് ആ ശിരസ്സൊന്നു പൊങ്ങി, നീലക്കണ്ണുകൾ തിളങ്ങി…. മുടിയും താടിയും പൂർണ്ണമായും നരച്ചിരുന്നു.

തീഷ്ണതയേറിയ കണ്ണുകളും, കൂട്ട് പുരികങ്ങൾക്കിടയിൽ നീട്ടി വരച്ച ഭസ്മക്കുറിയുടെ നടുവിലായി ചെറിയൊരു ചുവന്ന വൃത്തം. ഐശ്വര്യം നിറഞ്ഞ മുഖത്ത് വിട്ടു മാറാത്ത ഗൗരവത്തിനിടയിൽ തെളിയുന്ന പുഞ്ചിരി. ദീർഘകായനായ ഭദ്രൻ തിരുമേനിയിലായിരുന്നു അനന്തന്റെ കണ്ണുകൾ. അനന്തനെ കണ്ടതും, ആദ്യകാഴ്ചയിൽ എന്നത് പോലെ തന്നെ, ആ കണ്ണുകളിൽ തെളിഞ്ഞ ആശ്‌ചര്യത്തിന്റെ കണികകൾ അനന്തന്റെ കണ്ണിൽ പെട്ടിരുന്നു. പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അനന്തൻ, തിരുമേനിയുടെ കാലിൽ നമസ്കരിച്ചപ്പോൾ, ആ കണ്ണുകളിൽ തെളിഞ്ഞത് വാത്സല്യമായിരുന്നു.

മഠത്തിലെ പൂമുഖത്തെ കസേരയിലേക്കിരിക്കുമ്പോൾ തിരുമേനി ഓർക്കുകയായിരുന്നു. വിഷ്ണുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം നാഗകാളി മഠത്തിൽ കാല് കുത്തിയിട്ടില്ല. ഭാഗീരഥി മരിച്ചിട്ടു പോലും വന്നിട്ടില്ല. ജാതവേദനോളം പോന്നവനായിരുന്നു വിഷ്ണു നാരായണനും.അവന്റെ ശക്തിയായി സുഭദ്രയും. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് നാഗകാളി മഠത്തിനുണ്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഇപ്പോൾ…. സമയമായിരിക്കുന്നു…. “കാവിൽ തിരി വെക്കുന്ന കുട്ടിയെവിടെ? മാധവന്റെ മകൾ… പത്മ? ” മാധവനെ നോക്കിയാണ് തിരുമേനി ചോദിച്ചത്. “അത്, അവർ ഇപ്പോഴെത്തും.. ”

പരുങ്ങലോടെ പറയുമ്പോൾ മാധവന്റെ കണ്ണുകൾ വഴിയിലേക്കായിരുന്നു. നാഗക്കാവിൽ മാത്രം അപ്പോഴും കാറ്റ് വീശുന്നുണ്ടായിരുന്നു.കാഞ്ഞിരമരത്തിന്റെ ഒരു ശിഖരം ഒടിഞ്ഞു വീണു. നാഗത്തറയ്ക്കരികിലെ സർപ്പഗന്ധിയുടെ ചില്ലകൾ കാറ്റിലുലഞ്ഞു. പത്തി വിരിച്ചാടുന്ന നാഗങ്ങൾക്ക് മുൻപിൽ അപ്പോഴും പത്മ കത്തിച്ച കൽവിളക്കിലെ തിരി തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു… നാഗകാളി മഠത്തിന്റെ ഇരുളടഞ്ഞ നിലവറയിൽ, തണുപ്പിനൊപ്പം, പണ്ടെന്നോ കരിന്തിരി കത്തി തീർന്ന കെടാവിളക്കും ശാപമോക്ഷത്തിനായി കാത്തിരിക്കുകയായിരുന്നു.

അവിടെ കാവലായിരുന്ന നാഗത്താന്മാരും എന്നോ അരങ്ങൊഴിഞ്ഞിരുന്നു.. “ന്റെ കുട്ട്യേ നീ ഇത് വരെ റെഡി ആയില്ല്യേ.? തിരുമേനി വരുന്നതിനു മുൻപേ അങ്ങെത്തണം ന്ന് പ്രത്യേകം പറഞ്ഞിട്ടാണ് അച്ഛൻ പോയത് ” പത്മ നേര്യേതിന്റെ തുമ്പുയർത്തി മുഖം തുടച്ചിറങ്ങുമ്പോഴാണ് സുധയുടെ വിളി കേട്ടത്. അവളെ കണ്ടതും സുധർമ്മ മനയ്ക്കലേക്കുള്ള ഗേറ്റ് കടന്നിരുന്നു. പത്മ അമ്മയുടെ പിന്നാലെ ഓടിയെത്തി. മുറ്റത്ത് കിടക്കുന്ന കാർ കണ്ടതോടെ അവരെത്തിയെന്ന് മനസ്സിലായി. സുധയുടെ വഴക്ക് കേട്ടു കൊണ്ടാണ് പൂമുഖത്തെത്തിയത്.

പേടിയോടെ പൂമുഖത്തേക്ക് കയറിയ സുധർമ്മയുടെ പിന്നാലെ കയറിയ പത്മയ്ക്ക് പക്ഷേ ഭാവഭേദമൊന്നും ഇല്ലായിരുന്നു. മാധവന്റെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ ഒന്ന് പരുങ്ങിയെങ്കിലും അവൾ അമ്മയ്ക്ക് പുറകിൽ നിന്നു. പൂമുഖപ്പടികൾ കയറി വന്ന പത്മയെ കണ്ടതും ഭദ്രൻ തിരുമേനി അറിയാതെ എഴുന്നേറ്റു നിന്നു പോയി. അദ്ദേഹം മാധവന് നേരേ കണ്ണയച്ചു. അപ്പോഴാണ് പത്മ ഭദ്രൻ തിരുമേനിയെ കണ്ടത്. എത്രയോ കാലമായി പരിചയമുള്ള ആളെപോലെ അവൾക്കു തോന്നി. അച്ഛൻ പറഞ്ഞു കേട്ട കഥകളിലെ ഗൗരവക്കാരനായ തിരുമേനിയെ അല്ലായിരുന്നു അവൾ കണ്ടത്.

മാധവൻ കണ്ണുകാണിച്ചപ്പോൾ തെല്ലൊന്ന് ശങ്കിച്ചിട്ടാണ് അവൾ അദ്ദേഹത്തിന്റെ കാലിൽ തൊട്ടത്. അവളുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ച തിരുമേനി, പത്മ നിവർന്നതും ഒരു ഞെട്ടലോടെ അവളെ നോക്കി.. പത്മയുടെ കഴുത്തിലെ മാലയിൽ കോർത്ത നാഗരൂപം പുറത്തായിരുന്നു. തിളങ്ങുന്ന നീലക്കല്ല് അദ്ദേഹത്തിന് കാണാമായിരുന്നു. “ഇത്… ഇതെങ്ങിനെ നിനക്ക് കിട്ടി? ” തിരുമേനിയുടെ ചോദ്യം കേട്ടതും എല്ലാവരുടെയും കണ്ണുകൾ ആ ലോക്കറ്റിൽ ആയിരുന്നു. അത് കണ്ടതും മാധവനും സുധർമ്മയും അനങ്ങാനാവാതെ നിന്നു പോയി.

പത്മ വിയർത്തൊഴുകുകയായിരുന്നു, ഒന്നും പറയാനാവാതെ. സുധ അവൾക്കരികെ എത്തി പത്മയെ പിടിച്ചു കുലുക്കി.. “ന്താ കുട്ട്യേ നീയൊന്നും പറയാത്തെ?, തിരുമേനി ചോദിച്ചത് കേട്ടില്ല്യേ? ” “സുധ പത്മയെ പേടിപ്പിക്ക്യോന്നും വേണ്ട.. അവള് പറഞ്ഞോളും ” ഭദ്രൻ തിരുമേനിയുടെ വാക്കുകൾ കേട്ടതും പത്മ ആ മുഖത്തേക്ക് നോക്കി. “അത്.. അത് നിക്ക് മനയ്ക്കലെ പറമ്പിൽ നിന്ന് കിട്ടിയതാ.. ” “എപ്പോൾ..? ” “കുറച്ചു ദിവസായി.. ” “അനന്തൻ ഇവിടെ വന്നതിന് മുൻപോ ശേഷമോ? ” പത്മയുടെ കണ്ണുകൾ അനന്തനിൽ എത്തി. കൈ കെട്ടി നിൽക്കുന്ന അനന്തന്റെ നോട്ടവും പത്മയിലായിരുന്നു.

അവൻ അവളെ നോക്കിയൊന്ന് കണ്ണുകൾ ചിമ്മി. അടുത്ത നിമിഷം പതർച്ചയേതുമില്ലാതെ പത്മ പറഞ്ഞു. “അനന്തേട്ടൻ വന്നതിന് ശേഷം. താമരക്കുളത്തിനപ്പുറത്തെ പറമ്പിൽ പുല്ലരിയുമ്പോൾ. നിക്ക് അത് കാണിച്ചു തന്നത് നാഗത്താനാണ്.. ” പ്രതീക്ഷിച്ച മറുപടി ആയത് കൊണ്ടാവാം ഭദ്രൻ തിരുമേനിയുടെ മുഖത്ത് ഭാവമാറ്റമൊന്നുമുണ്ടായില്ല. സുധ ധൃതിയിൽ പത്മയുടെ കഴുത്തിൽ നിന്നും അത് അഴിച്ചു മാറ്റാനൊരുങ്ങി. “വേണ്ടാ, അത് മാറ്റണ്ട, അവൾക്കത് സമ്മാനമായി കിട്ടിയതാണ്. അവൾക്കു അവകാശപ്പെട്ടത്.. അതവിടെ കിടക്കട്ടെ ” തിരുമേനി തിരികെ കസേരയിൽ ഇരുന്നു. പത്മ അനന്തനെ നോക്കി.

അവൻ ചിരിക്കുന്നുണ്ടായിരുന്നു. പത്മയുടെ മുഖം ചുവന്നു. “ദോഷങ്ങൾ ഒട്ടനവധിയാണ്. എതിരിടുന്നത് അവനോടാണ്.. പക്ഷേ അവന് കവചമായി നിൽക്കുന്നത് അവളാണ്..ഒരു പക്ഷേ അവനെക്കാൾ ശക്ത…ഭദ്ര.. മേലേരിയിലെ സർപ്പകന്യക… എന്റെ ഇല്ലത്തെ ചോര…” മാധവനെ നോക്കിയാണ് തിരുമേനി പറഞ്ഞത്. കണ്ണുകളിൽ സംശയവുമായി നിൽക്കുന്ന അനന്തനോടായി അദ്ദേഹം പറഞ്ഞു. “നടക്കില്ലെന്നു വിചാരിച്ച കാര്യങ്ങൾക്കായി വീണ്ടും തുനിഞ്ഞിറങ്ങുന്നതിന് കാരണങ്ങൾ പലതാണ്. അനന്തന് ഇനിയും സംശയങ്ങൾ ബാക്കിയാണെന്നറിയാം. എല്ലാം പതിയെ അറിയാം അതാത് സമയങ്ങളിൽ ” ഒന്ന് നിർത്തി അദ്ദേഹം തുടർന്നു.

“ഏകദേശം രണ്ടാഴ്ച നീളുന്ന കർമ്മങ്ങളുണ്ട്. യാത്ര ചെയ്യാൻ വയ്യെനിക്ക്. താമസം ഇവിടെ ഒരുക്കിയാൽ നന്നാവും… പിന്നെ… ” പത്മയെ നോക്കി തിരുമേനി പറഞ്ഞു. “പത്മയും വേണം ഇവിടെ…നാഗകാളി മഠത്തിൽ തന്നെ എല്ലാത്തിലും പങ്കാളിയായി” “ഞാൻ… ” പകപ്പോടെ നിൽക്കുന്ന പത്മയോടായി അദ്ദേഹം പറഞ്ഞു. “നാഗചൈതന്യമുള്ള പത്മയുടെ സാന്നിധ്യം കർമ്മങ്ങൾക്കാവിശ്യമാണ്. കാവിൽ വെറുതെ ആർക്കും തിരി തെളിയിക്കാനാവില്ലെന്ന് ഇത് വരെ മനസ്സിലായിട്ടില്ല്യേ കുട്ടിയ്ക്ക്? ” പത്മ ഒന്നും മനസ്സിലാകാതെ നിന്നു. “കുട്ടിയോട് ഒന്നും പറഞ്ഞിട്ടില്ല്യേ സുധേ? ” ഭദ്രൻ തിരുമേനി സുധർമ്മയോടായി ചോദിച്ചു.

“ഇല്ല്യാ…. ” സുധർമ്മ തല താഴ്ത്തി.. “അത് പാടില്ല്യ , പത്മ അറിയണം എല്ലാം..” മാധവനും സുധയും തലയാട്ടി. “ഇവരൊക്കെ അനന്തന്റെ സുഹൃത്തുക്കൾ ആണല്ലേ..? ” മറ്റുള്ളവരെ നോക്കി അദ്ദേഹം പറഞ്ഞപ്പോൾ അനന്തൻ മറുചോദ്യം ചോദിച്ചു . “അതേ.. ഇവർ ഇവിടെ നിൽക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ” “എന്തായാലും വന്നു പെട്ട സ്ഥിതിക്ക് ഇവർ ഇവിടെ നിൽക്കട്ടെ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാൻ നിൽക്കരുതെന്ന് പ്രത്യേകം പറഞ്ഞു മനസ്സിലാക്കണം ” അനന്തൻ തല കുലുക്കി. ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാവരുടെയും ഉള്ളിൽ പേടി തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് അവരുടെ മുഖങ്ങളിൽ നിന്നറിയാമായിരുന്നു.

“എനിക്കൊന്ന് വിശ്രമിക്കണം. യാത്ര പതിവില്ലാത്തതാണിപ്പോൾ..കർമ്മങ്ങൾക്ക് വേണ്ട കാര്യങ്ങളെല്ലാം ദത്തനുമായി ആലോചിച്ചു ചെയ്‌താൽ മതി, എല്ലാം ദത്തനറിയാം ” തിരുമേനി വിശ്രമിക്കാനായി പോയതും സുധയ്ക്ക് പിറകെ പത്മ അടുക്കളയിലേക്ക് നടന്നു.. ശാന്തമ്മയോടൊപ്പം സുധയും ജോലികളിൽ മുഴുകിയപ്പോൾ പത്മയ്ക്കവിടെ ശ്വാസം മുട്ടി തുടങ്ങിയിരുന്നു. ഇത്തിരി കഴിഞ്ഞു സുധ ഗ്ലാസ്സുകളിലാക്കി കൊടുത്ത സംഭാരവുമായി ഉമ്മറത്തേക്ക് നടക്കുന്നതിനിടെ അഞ്ജലി എതിരെ വന്നു.

രൂക്ഷമായി പത്മയെ നോക്കി ഒന്ന് മൂളി കൊണ്ടു അഞ്ജലി കടന്നു പോയപ്പോൾ മുഖം കോട്ടി കൊണ്ടു പത്മ പുറത്തേക്ക് നടന്നു. ദത്തനും മാധവനും തിരക്കിട്ട ചർച്ചയിലായിരുന്നു. മറ്റുള്ളവർക്കൊപ്പം അനന്തനെ അവിടെ കണ്ടില്ല. ദത്തൻ തിരുമേനി വെള്ളം ചോദിച്ചപ്പോൾ പത്മ തിരികെ അകത്തേക്ക് നടന്നു. ഇരുട്ട് വീണ അകത്തളങ്ങളിലൂടെ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് പെട്ടന്ന് മുന്നിൽ അനന്തൻ എത്തിയത്. അറിയാതെ ഒന്നു പിന്നോക്കം മാറി പോയി അവൾ. “ഓ, ഭദ്രകാളിയ്ക്ക് അപ്പോൾ പേടിയൊക്കെയുണ്ടോ ? ” “പെട്ടെന്നിങ്ങനെ മുൻപിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരായാലും പേടിക്കും ” അനന്തൻ ചിരിച്ചു.

തെളിഞ്ഞു വന്ന ആ നുണക്കുഴികളിലേക്ക് കണ്ണെത്തവേ അവൻ പറഞ്ഞു. “ഓ അങ്ങിനെ.. ” “ആ അങ്ങിനെ.. ” അതേ ഈണത്തിൽ തന്നെയാണ് പത്മ പറഞ്ഞത്. ആ പതിഞ്ഞ ചിരിയായിരുന്നു ആദ്യം. കാണുന്നതിനോളം തന്നെ ഭംഗിയാണ് ആ ശബ്ദത്തിനും… കൃഷ്ണയെ ഓർത്തു പോയി അവളുടെ തലയിലെ കിളികളെല്ലാം പോയേനെ ഈ ചിരി കേട്ടാൽ. ” യൂ ആർ അമേസിങ്.. ” ചിരിയോടൊപ്പം ആ ശബ്ദവും കൂട്ടിനെത്തിയിരുന്നു. പത്മ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങുമ്പോൾ അനന്തൻ പറഞ്ഞു. “അന്ന് ഞാൻ കള്ളിയെന്ന് വിളിച്ചപ്പോൾ എന്തായിരുന്നു പ്രകടനം ” പത്മയുടെ കഴുത്തിലേക്ക് നോക്കി കൊണ്ടാണ് അനന്തൻ ചോദിച്ചത്. “ഞാൻ കട്ടെടുത്തതൊന്നുമല്ല..” “പിന്നെ?

ഒരാളുടെ സ്ഥലത്ത് നിന്ന് വിലപിടിപ്പുള്ള ഒരു സാധനം കിട്ടിയിട്ട് അയാളെ അറിയിക്കാതെ കൊണ്ടു പോവുന്നതിനു ഈ നാട്ടിൽ പറയുന്ന പേരെന്താ? ” പത്മയുടെ ഭാവം മാറി. അനന്തൻ നോക്കുമ്പോഴേക്കും അവൾ ആ ലോക്കറ്റിലെ കൊളുത്ത് ഊരിയിരുന്നു. ഒറ്റക്കുതിപ്പിന് അവളുടെ കൈ പിടിച്ചു മാറ്റി ആ കൊളുത്ത് മുറുക്കിയിടുമ്പോൾ അനന്തന്റെ നിശ്വാസം പത്മയുടെ കവിളിൽ തട്ടുന്നുണ്ടായിരുന്നു. പത്മയുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു. “ഇനി ഇത് ഈ കഴുത്തിൽ വേണം എന്നും, ഞാനെന്നല്ല ആര് പറഞ്ഞാലും ഇത് അഴിക്കാൻ പാടില്ല. ഇത് നീ വണങ്ങുന്ന നാഗത്താന്മാരുടെ സമ്മാനമാണ് ”

“സത്യത്തിൽ ആ കൊലുസ്സ് കാലിലിട്ട് തരാനാണ് ഞാൻ ആഗ്രഹിച്ചത് … പക്ഷേ ” ചിരിയോടെ അവളിൽ നിന്നകന്നു കൊണ്ടു അനന്തൻ പറഞ്ഞു. “വൈകാതെ ആ ഒറ്റകൊലുസ്സും ഞാൻ ആ കാലിൽ അണിയിക്കും ” പത്മ അപ്പോഴും അതേ നിൽപ്പ് തന്നെയായിരുന്നു. “അതേയ് പോയ കിളികളൊക്കെ തിരിച്ചു വരാൻ സമയമെടുക്കും, ഇപ്പോൾ തമ്പുരാട്ടി അകത്തോട്ടു ചെല്ല് ” ചിരിച്ചു കൊണ്ടു അനന്തൻ പുറത്തേക്ക് നടന്നു. പത്മ അടുക്കളയിലേക്ക് നടന്നു, കഴുത്തിലെ നീലക്കല്ല് മിന്നി തിളങ്ങുന്നുണ്ടായിരുന്നു. വാതിലിനു പിറകിൽ നിന്ന് പുറത്തേക്കിറങ്ങിയ അഞ്ജലിയുടെ പക നിറഞ്ഞ കണ്ണുകളിൽ നീർത്തുള്ളികൾ തിളങ്ങി.

ഉച്ചയൂണിന് ശേഷം ഭദ്രൻ തിരുമേനിയ്ക്കരികിൽ എത്തിയപ്പോൾ അനന്തന്റെ മനസ്സിൽ ഒന്നേയുണ്ടായിരുന്നുള്ളൂ. പൂട്ടിയിട്ട ആ അറയുടെ താക്കോൽ… ചെറിയൊരു ചിരിയോടെയാണ് തിരുമേനി പറഞ്ഞത്. “അത് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സമയമാവുമ്പോൾ അതിന്റെ അവകാശിയ്ക്ക് മുന്നിൽ അത് തുറക്കപ്പെടും ” “അവിടെയാണോ നിലവറ? ” “അല്ല, അത് വിഷ്ണുവിന്റെ മുറിയാണ്. വിഷ്ണു നാരായണന്റെ… ” ഒന്ന് നിർത്തി അദ്ദേഹം പറഞ്ഞു. “പിന്നെ ഇടയ്ക്കെപ്പോഴോ അവന്റെയും.. ആദിത്യന്റെ… ” ആ കണ്ണുകളിൽ മാറി മറിയുന്ന ഭാവങ്ങൾ കാണുകയായിരുന്നു അനന്തൻ. “നിലവറയിലേക്കുള്ള വഴി അനന്തനുടനെ കാണാം.

അവിടത്തെ കെടാവിളക്കിൽ തിരി തെളിയിക്കണം. പത്മാ ദേവിയുടെ കൈകൾ കൊണ്ട്… ” അനന്തന്റെ കണ്ണിലേക്കു നോക്കി അദ്ദേഹം പറഞ്ഞു. “അനന്തപത്മനാഭൻ ഇങ്ങോട്ട് വഴി തെറ്റി വന്നതല്ലെന്ന് എനിക്കറിയാം. നിന്റെ ലക്ഷ്യങ്ങളും..അവൻ എത്തും… ഉടനെ…. പക്ഷേ അവൾ… അവളെ തടുക്കാൻ ഇനിയും ശക്തി നേടേണ്ടിയിരിക്കുന്നു… ” ഭഗവതിക്കാവിൽ തൊഴുതു നിൽക്കുന്ന അതി സുന്ദരിയായ ഒരു യുവതിയുടെയും അവൾക്കരികെ കൈകൾ കൂപ്പി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെയും ജീവസ്സുറ്റ ചിത്രത്തിലായിരുന്നു ആ അറയിലെ കുഞ്ഞു നാഗം അപ്പോൾ…

(തുടരും )

നാഗമാണിക്യം: ഭാഗം 8

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!