സുൽത്താൻ : ഭാഗം 16

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

അതിഥികളെ സ്വീകരിച്ചിരുത്താൻ എത്തിയ ഫിദയുടെ മമ്മിക്കും സുലുവാന്റിക്കും ഡാഡിയുടെ ഭാവപ്പകർച്ചയും മുഖത്തിന്റെ മുറുക്കവും പെട്ടെന്ന് മനസിലായെങ്കിലും അത്‌ കാര്യമാക്കാതെ അവരെ ഇരുവരും ക്ഷണിച്ചിരുത്തി…. ഇരിപ്പുറക്കാതെ ഫർദീന്റെ അങ്കിൾ നൗഷാദ് അവിടെയിരുന്നു…. ഡാഡി മറ്റെങ്ങോ നോക്കിയിരിക്കുകയായിരുന്നു…. കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ടായിരുന്നു…. ഇതൊന്നുമറിയാതെ അകത്തെ മുറിയിൽ നിന്നും ഫിദ ഒരുങ്ങി ഇറങ്ങുകയായിരുന്നു… ഫിദ അവിടേക്കു വന്നതും ഫർദീൻ അങ്കിളിനെ മെല്ലെ ഒന്ന് തോണ്ടി…

അയാൾ പതിയെ അവളെ ഒന്ന് നോക്കി.. തന്നെ നോക്കി ഹൃദ്യമായി ചിരിക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചെന്നു വരുത്തി വീണ്ടും അവളുടെ ഡാഡിയുടെ മുഖത്തേക്ക് നോക്കി… ആ മുഖം അപ്പോഴും വലിഞ്ഞു മുറുകിയിരിക്കുകയായിരുന്നു… ഫിദയുടെ മമ്മിയും സുലുവാന്റിയും ചേർന്ന് അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു… എഴുന്നേൽക്കുന്നതിനിടക്ക് ‘ഡാഡി വരുന്നില്ലേ’ എന്ന് ചോദിച്ച ഫർദീനോട് ‘ചെന്ന് കഴിക്ക്’എന്ന് മറുപടി പറഞ്ഞു ഡാഡി മുറ്റത്തേക്കിറങ്ങി… അവരുടെ ഒപ്പം ഫിദയും കഴിക്കാനിരുന്നിരുന്നു ….

അവൾ കഴിച്ചു തുടങ്ങിയപ്പോഴേക്കും ഡാഡി അവളെ വന്നു പുറത്തേക്ക് വിളിച്ചു…. “എന്താ ഡാഡി.. “കൈ കഴുകി തുടച്ചു കൊണ്ട് അവൾ ഡാഡിയുടെ അടുത്തേക്ക് വന്നു… “നീ അവരുടെ ഒപ്പം ഇരുന്നു കഴിക്കണ്ട.. അവർ കഴിച്ചിട്ട് വരട്ടെ… “ഡാഡിയുടെ മുഖം കണ്ടു എന്തോ കുഴപ്പമുണ്ടെന്നു അവൾക്കു തോന്നിയെങ്കിലും പേടിച്ചിട്ട് ഒന്നും ചോദിച്ചില്ല… കുറച്ചു നേരം കൂടി അവിടെ ചെലവഴിച്ചിട്ട് അവർ തിരിച്ചു പോരാനിറങ്ങി… ഈ നേരമത്രയും ഡാഡി വലിയ അടുപ്പം കാട്ടാതെ തന്നെ നിൽക്കുകയായിരുന്നു..

ഫർദീനു ചെറിയ പന്തികേട് തോന്നിയെങ്കിലും അപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല…. അവർ ഇറങ്ങിക്കഴിഞ്ഞതും ഡാഡി എല്ലാവരെയും വിസിറ്റിങ് റൂമിലേക്ക്‌ വിളിപ്പിച്ചു… ഫിദുവിന്റെ മമ്മിയുടെ ആങ്ങളയുടെ കുടുംബവും ഉണ്ടായിരുന്നു അവിടെ… എല്ലാവരും ആകാംഷയോടെ ഡാഡിക്ക് എന്താണ് പറയുവാനുള്ളത് എന്നറിയാൻ കാത് കൂർപ്പിച്ചു നിന്നു… എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ഡാഡി ഹാളിൽ ഇരുന്ന ലാൻഡ് ഫോൺ സ്റ്റാൻഡിനു അരികിൽ ചെന്ന് റിസീവർ കയ്യിലെടുത്തു…

ഡാഡി ഡയൽ ചെയ്യുന്ന നമ്പർ ഫർദീന്റെ വീട്ടിലെ നമ്പർ ആണെന്ന് ഫിദ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു .. ……………..❤️ ഫർദീനും അങ്കിളും തിരികെ വീട്ടിലേക്കു കയറുമ്പോഴേക്കും ഉമ്മായും ഉപ്പായും നൗഷാദ് അങ്കിളിന്റെ ഭാര്യ നസിയയും ഒക്കെ സിറ്റ് ഔട്ടിൽ തന്നെ നിൽപ്പുണ്ടായിരുന്നു… അവർ കാറിൽ നിന്നിറങ്ങിയതും ഫർദീന്റെ ഉമ്മാ ഓടിച്ചെന്നു നൗഷാദിന്റെ കൈകളിൽ പിടിച്ചു… “എന്താ നൗഷി.. എന്താ ഉണ്ടായത്.. “? “എന്ത് പറ്റി… എന്താണുമ്മാ…

ഉമ്മാ എന്താ വല്ലാതെ ഇരിക്കുന്നെ..? “ഫർദീൻ പരിഭ്രമത്തോടെ ചോദിച്ചു …. “ഒന്നുമില്ലേ… എന്നിട്ട്… ഫിദയുടെ ഡാഡി വിളിച്ചു പറഞ്ഞതോ…? “അവർ വാക്കുകൾക്കായി പരതി.. “എന്ത് പറഞ്ഞു.. “? ഫർദീൻ വേവലാതിപ്പെട്ടു !!!ഈ നിക്കാഹ് നടക്കില്ലാന്ന്…. കാര്യം നൗഷാദ് പറയുമെന്ന്… !!!”കാര്യമെന്താ നൗഷി ..??? ഉമ്മായുടെ കണ്ണുകൾ കലങ്ങി മറിഞ്ഞു… അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരിലും അതേ ദുഃഖം കാണാമായിരുന്നു… ഞെട്ടിപ്പിടഞ്ഞു ഫർദീൻ നൗഷാദ് അങ്കിളിനെ നോക്കി…

തളർച്ചയോടെ സിറ്റ് ഔട്ടിന്റെ പടികളിലേക്ക് ഇരുന്നു കൊണ്ട് നൗഷാദ് ഒരു ആശ്രയത്തി നെന്ന വണ്ണം സിറ്റ് ഔട്ടിന്റെ വലിയ ഉരുളൻ തൂണിൽ മുറുകെ പിടിച്ചു… “നസി.. ഇത്തിരി വെള്ളം… “അയാൾ പുറകിലേക്ക് നോക്കി ഭാര്യയോട് അപേക്ഷിച്ചു… നസിയ കൊണ്ട് കൊടുത്ത വെള്ളം കുടിച്ചിട്ട് നൗഷാദ് എല്ലാവരെയും നോക്കി… “അത്‌… അത്‌.. അവന്റെ ഫാമിലിയാ..അൻസാറിന്റെ… അവന്റെ ചേട്ടനാ ഫിദയുടെ ഡാഡി അഷറഫ്.. ” എല്ലാ കണ്ണുകളിലും ഞെട്ടൽ പ്രകടമായി…

ഫർദീനിലും ഒരു ഇടിമുഴക്കം ഉണ്ടായി… വലിയ ഓർമ്മയൊന്നും ഇല്ലെങ്കിലും എല്ലാവരാലും പറഞ്ഞു കേട്ട ആ കാര്യം… വീട്ടിൽ ആരും ഓർക്കുവാൻ ആഗ്രഹിക്കാത്ത ആ കാര്യം…. …………………… “ഡാഡി…….” ഫിദയുടെ അലറിക്കരച്ചിലിന്റെ ഒച്ച നാലു ചുവരുകളിലും തട്ടി നിന്നു… “ഇല്ല… എനിക്ക് പറ്റില്ല ഡാഡി … എനിക്കതിനു കഴിയില്ല… “കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്ന അവളെ ഒരു വശത്തു സുലുവാന്റിയും മറുവശത്തു നിദയും വന്നിരുന്നു ആശ്വസിപ്പിച്ചു… ഫിദയുടെ മമ്മി ഭീത്തിയോട് ചേർന്ന് തറഞ്ഞു നിന്നതേയുള്ളു….

“കഴിഞ്ഞേ പറ്റൂ… എൻഗേജ്‌മെന്റല്ലേ കഴിഞ്ഞുള്ളു.. നിക്കാഹ് കഴിഞ്ഞില്ലല്ലോ… ഈ നിക്കാഹ് ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നടക്കില്ല.. നീ എന്റെ മകളാണ്… ഞാൻ പറയുന്നത് നീ അനുസരിച്ചേ പറ്റൂ… ഇല്ലെങ്കിൽ അനുസരിപ്പിക്കാൻ എനിക്കറിയാം… ” നിയന്ത്രിക്കാനാവാത്ത മിഴികൾ മുട്ടിലേക്കു ചേർത്ത് വെച്ചു രണ്ടു കൈകൾ കൊണ്ടും തല താങ്ങി വെറും തറയിൽ ഫിദ കൂനിപ്പിടിച്ചിരുന്നു… ഡാഡി പുറത്തു പോയി സന്ധ്യക്ക്‌ തിരികെ വന്നപ്പോഴും ഫിദ അവിടെ തന്നെ ഇരിക്കുകയായിരുന്നു…

സുലുവാന്റിയും നിദയും കൂടി അവളെ എത്രയേറെ ആശ്വസിപ്പിച്ചിട്ടും അവൾ അടങ്ങുന്നില്ലായിരുന്നു…. എല്ലാവരും അവിടവിടെ മാറിമാറി ഇരിപ്പുണ്ടായിരുന്നു… ഫിദയുടെ മമ്മിയുടെ വീട്ടിൽ നിന്നു വന്നവർ തിരികെ പോയിരുന്നു… കാലു കുഴഞ്ഞു കയറി വന്ന ഡാഡി അകത്തേക്ക് കയറി ലൈറ്റിട്ടു… അവിടവിടെയായി മാറി മാറി ഇരുന്നവർ ഞെട്ടി പിടഞ്ഞെഴുന്നേറ്റു… ഫിദ മാത്രം ഇരുന്നിടത്തു തന്നെ കൂനി പിടിച്ചിരുന്നു… “ഇതെന്താ ഇവിടാരെങ്കിലും ചത്തോ…

എല്ലാവരും കൂടി ചത്ത വീട്ടിൽ കുത്തിയിരിക്കുന്ന പോലെ കുത്തിയിരിക്കാൻ… എന്താടി മുറ്റത് വെട്ടം പോലും ഇടാത്തെ… “ഡാഡി മമ്മിയെ നോക്കി ആക്രോശിച്ചു ആ സമയം തന്നെ ഫിദയുടെ റൂമിൽ നിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു .. ഒന്നെഴുന്നേൽക്കാൻ ആഞ്ഞ ഫിദയെ ഒന്നിരുത്തി നോക്കിയിട്ട് ഡാഡി നിദയോട് ഫോൺ എടുത്തു കൊണ്ട് വരാൻ ആവശ്യപ്പെട്ടു… ഫോൺ എടുത്ത് ഡിസ്പ്ലേയിലേക്ക് ഒന്ന് നോക്കിയിട്ട് നിദ വിറയ്ക്കുന്ന കൈകളോടെ ഫോൺ ഡാഡിക്ക് കൈമാറി… “ഫർദി കോളിങ്.. “എന്ന പേരിലേക്ക് ഒന്ന് നോക്കിയിട്ട് ഡാഡി കോൾ ബട്ടനിൽ വിരലമർത്തി…

ഹലോ പറയാതെ അല്പം വീറോടെ തന്നെ ഡാഡി പറഞ്ഞു “ഹാ .. ഫർദീൻ.. കാര്യങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ.. ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു.. ഇത് നടക്കില്ല.. ഇനി മേലിൽ ഫിദയെ വിളിക്കരുത്… അവൾക്കായിട്ട് ഒന്നും പറയാനില്ല… എന്റെ തീരുമാനം തന്നെയാണ് അവളുടേതും… അപ്പോ ഗുഡ്‌ബൈ.. ഇനി ഒരു വിളി ഉണ്ടാവരുത് .. നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം വേണമെങ്കിൽ പറഞ്ഞാൽ മതി… എത്രയാണെങ്കിലും എനിക്കത് വിഷയമല്ല… നിശ്ചയിച്ച തിയതിക്ക് തന്നെ ഞാൻ അവളുടെ നിക്കാഹ് നടത്തിയിരിക്കും…

” ഡാഡിയുടെ അന്തിമ വാക്കുകൾ കേട്ട് ഫിദ വിറങ്ങലിച്ചു പോയി.. പക്ഷെ ഇനിയൊരു നിലവിളിക്കായി അവളുടെ പക്കൽ കണ്ണുനീരോ ശബ്ദമോ ബാക്കിയില്ലായിരുന്നു… മുട്ടിന്മേലോട്ട് മുഖം ചേർത്ത് വെച്ചു അവൾ വിങ്ങി വിങ്ങി കരഞ്ഞു… മുറിയിലേക്ക് കയറിയ ഡാഡിയുടെ പുറകെ ഫിദയുടെ മമ്മിയും ചെന്നു.. “എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടിയെ… പണ്ടെങ്ങോ നടന്ന ആ കാര്യം… അതിപ്പോഴും മനസ്സിൽ വെച്ചിട്ട് ഫിദുവിനെ വിഷമിപ്പിക്കണോ… അതൊക്കെ കഴിഞ്ഞ കാര്യമല്ലേ…

മരിച്ചവർ മരിച്ചു… ഇനി തിരിച്ചു വരുവോ.. ഈ നിക്കാഹ് നടക്കാതിരുന്നാൽ… എല്ലാത്തിനും നമ്മുടെ മോൾ എന്ത് പിഴച്ചു… അവൾ എത്രമാത്രം ആഗ്രഹിച്ചതാ…. എനിക്ക് വയ്യ എന്റെ കുഞ്ഞ് വിഷമിക്കുന്നത് കാണാൻ…” മമ്മിയുടെ ശബ്ദം ഇടറി…. “എനിക്കും അവൻ മകനാരുന്നെടി… എന്റനിയൻ.. ഉപ്പാ മരിക്കുമ്പോൾ അവൻ കൈക്കുഞ്ഞാ.. പിന്നീട് പത്തു വയസ്സുള്ളപ്പോൾ ഉമ്മായും മരിച്ചു… അവനെ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞിട്ടാ ഉമ്മാ പോയത്…ഞാനും സുലുവും കൂടി പൊതിഞ്ഞു പിടിച്ചാ അവനെ വളർത്തിയത്..

എന്നിട്ട് എനിക്ക് അവനെ കാക്കാൻ പറ്റീല്ലല്ലോ ന്റെ പടച്ചോനെ…”ഡാഡി കുഴയുന്ന ശബ്ദത്തിൽ പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു… പുറത്ത് ഇതൊക്കെ കേട്ടു കൊണ്ട് നിന്ന സുലേഖയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി… ആരോ വന്നു കൈകളിൽ തൊട്ടപ്പോൾ അവർ കണ്ണുകൾ മെല്ലെ തുറന്നു… നിദയായിരുന്നു അത്‌.. “എന്താ.. എന്താ സുലുവാന്റി പ്രശ്നം..? ” അവർ നിദയുടെ കൈകൾ പിടിച്ചു കൊണ്ട് അടുത്ത് കിടന്നിരുന്ന കസേരയിലേക്കിരുന്നു…

സാവകാശം അവളുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു.. “ഇന്ന് ഫർദീന്റെ ഒപ്പം വന്നില്ലേ അവന്റെ അങ്കിൾ… നൗഷാദ്… അയാളാണ് നിങ്ങളുടെ അൻസി അങ്കിളിനെ കൊന്നത്… ” “യ്യോ… “നിദ ഞെട്ടിപ്പോയി… കുറച്ചകലെ അത് കേട്ടു കൊണ്ടിരുന്ന ഫിദയിലും ഒരു ഞെട്ടൽ പ്രകടമായി…. “അയാൾ മുൻപ് സൗദിയിലായിരുന്നു… അൻസി അങ്കിളും അവിടാരുന്നല്ലോ… അവിടെ വെച്ചുണ്ടായ ഒരു വഴക്കിൽ.. പെട്ടെന്നുണ്ടായ പ്രകോപനത്താൽ നൗഷാദ് അവനെ കുത്തുകയായിരുന്നു…

ഡാഡി ആ സമയം നാട്ടിലായിരുന്നു.. അറിഞ്ഞു ഓടി ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു… പിന്നീട് ഇയാൾക്ക് വേണ്ടി ഇയാളുടെ ഭാര്യ നിങ്ങൾ മുൻപ് താമസിച്ചിരുന്ന വീട്ടിലൊക്കെ വന്നിരുന്നു… അൻസിയുടെ ഭാര്യയെ കാണാൻ… അന്നാട്ടിലെ നിയമം അനുസരിച്ചു കൊല്ലപ്പെട്ടവരുടെ വേണ്ടപ്പെട്ടവർ മാപ്പ് കൊടുത്താൽ ശിക്ഷയിൽ നിന്നു ഇളവ് ലഭിക്കും…അന്നിവിടെ ഭയങ്കര വഴക്കൊക്കെയായിരുന്നു.. നിങ്ങള്ക്ക് ഓർമയുണ്ടാവില്ല… നിങ്ങൾ അന്ന് കുഞ്ഞുങ്ങളാ..

പത്തു പതിനഞ്ചു വർഷം മുൻപത്തെ കാര്യമല്ലേ… “സുലേഖ പറഞ്ഞു നിർത്തി… “അതാണോ ആന്റി… മമ്മി പറഞ്ഞു കേട്ടിട്ടുണ്ട്… അൻസി അങ്കിളിന്റെ ഭാര്യ മാപ്പ് കൊടുത്തു എന്നൊക്കെ അവർക്ക് എഴുതി കൊടുത്ത കാര്യം… “നിദ ആ കാര്യം ഓർത്തെടുത്തു… “മ്മ്.. അതേ… അവൾ മാപ്പ് കൊടുത്തു.. അതിന്റെ പേപേഴ്സിൽ അവൾ.. ഷെറീന സൈൻ ചെയ്തു കൊടുത്തു… ഡാഡി ഭയങ്കര ബഹളമായിരുന്നു ഇവിടെ… അവളെയും മോനെയും ഇവിടുന്നു ഇറക്കി വിട്ടു.. അവൾക്കൊരു പ്രായമായ ഉമ്മാ മാത്രേ ഉണ്ടായിരുന്നുള്ളു… ഇപ്പൊ എവിടാണോ… ഒന്ന് തിരക്കാൻ പോലും ഡാഡി സമ്മതിച്ചിട്ടില്ല…

കുഞ്ഞിനിപ്പോ പതിനഞ്ചു വയസ്സൊക്കെ കഴിഞ്ഞ് കാണും.. അപ്പൊ പിന്നെ അതിനു കാരണമായവന്റെ വീട്ടിൽ നിന്നുള്ള ഒരു ബന്ധം ഡാഡിയുടെ മോൾക്ക്‌ വേണ്ടി ഡാഡി സമ്മതിക്കുമോ…അതങ്ങു മറന്നേക്കുന്നതാ നല്ലത്… നമുക്ക് വേണ്ടാ ഫിദൂ ഇത് “ആന്റി ഫിദയെ നോക്കി നിറയുന്ന കണ്ണുകളോടെ പറഞ്ഞു… പുകഞ്ഞു നീറിയ ഹൃദയവുമായി വെന്തുരുകി ഫിദ ഇരുന്നിടത്തു തന്നെ ഇരുന്നു… നിറമുള്ള സ്വപ്‌നങ്ങൾ മാഞ്ഞുപോകുന്നതറിഞ്ഞു കൊണ്ട്…..

തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 15

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!