തനിയെ : ഭാഗം 9

Share with your friends

Angel Kollam

ജിൻസി ഒരിക്കൽക്കൂടി ആ കാർഡിലെ വരികളിലേക്കും പ്രസാദിന്റെ മുഖത്തേക്കും നോക്കി. തന്റെ മറുപടിക്ക് പ്രതീക്ഷയോടെ കാത്ത് നിൽക്കുന്ന അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. “ഇതിൽ എഴുതിയിരിക്കുന്നത് പോലെ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും, എന്റെ ബാധ്യതകളെല്ലാം തീർത്തു ഞാനൊന്ന് സ്വതന്ത്ര്യയാകാൻ ” “ഞാൻ തമാശ പറഞ്ഞതല്ല ജിൻസി, കാര്യമായിട്ട് തന്നെ പറഞ്ഞതാണ്. വർഷങ്ങൾ എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് ” “ഇയാൾ കരുതുന്നത് പോലെ എളുപ്പമല്ല അതൊന്നും..

ഒന്നുമില്ലായ്മയിൽ നിൽക്കുകയാണ് ഞാനും അമ്മയും എന്റെ അനിയത്തിമാരും. നന്നായിട്ട് പഠിച്ചൊരു ജോലി വാങ്ങിയിട്ട്, അവളുമാരുടെ വിവാഹം നടത്തിയിട്ടേ എനിക്കൊരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിക്കുകയെങ്കിലും ചെയ്യുകയുള്ളൂ ” “തന്റെ എല്ലാ ആഗ്രഹത്തിനും സപ്പോർട്ടായിട്ട് ഞാൻ കൂടെ തന്നെയുണ്ടാകും. ജീവിതത്തിൽ താൻ ആഗ്രഹിച്ചതെല്ലാം സാധ്യമാക്കിയിട്ട് താൻ എന്റെ അരികിലെത്തുന്നത് വരെ ഞാൻ കാത്തിരിക്കും.. പക്ഷേ അതിനൊക്കെ മുൻപ്, തനിക്കെന്നെ ഇഷ്ടമാണോ എന്നറിയണം, അല്ലാതെയുള്ള ഈ കാത്തിരിപ്പിനു ഒരർത്ഥവുമില്ലല്ലോ?”

“ഞാൻ ഇയാളെ ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല. പക്ഷേ ഒരു നിബന്ധന ഉണ്ട്, ഒരിക്കലും എന്റെ അമ്മയെ വേദനിപ്പിച്ചു കൊണ്ടായിരിക്കരുത് നമ്മുടെ വിവാഹം. അമ്മയ്ക്ക് സമ്മതമില്ലെന്ന് പറഞ്ഞാൽ പിന്നേ ഞാനൊരിക്കലും അമ്മയെ ഒന്നിനും നിർബന്ധിക്കില്ല” “അത് മതി, നിന്റെ ഈ വാക്ക് മാത്രം മതി.. ഞാൻ കാത്തിരുന്നോളാം ” പ്രസാദ് തിരിഞ്ഞു നടക്കുമ്പോൾ ജിൻസി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. “അതേ, ഒന്ന് നിന്നേ.. ഒരു കാര്യം പറയട്ടെ..” പ്രസാദ് അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.

“സാധാരണ പയ്യന്മാർ പ്രണയം ഉണ്ടായാൽ, കൂട്ടുകാരോട് മുഴുവൻ പറയാറുണ്ട്. അത് പോലെ ഇയാളും ചെയ്യരുത്. ഇപ്പോൾ നമുക്ക് രണ്ടാൾക്കും പഠിക്കാനുള്ള സമയമാണ്, ഈ ഇഷ്ടം മനസ്സിൽ തന്നെയിരുന്നാൽ മതി. സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കാം ” “ഓക്കേ ” പ്രസാദ് നടന്നാകന്നതും ജിൻസി സ്വയം ആലോചിച്ചു, താൻ ഈ ചെയ്യുന്നത് ശരിയാണോ? ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്, തന്നെയുമല്ല തന്റെ വിവാഹത്തെപ്പറ്റി തീരുമാനം എടുക്കുന്നത് അമ്മയാണ്, താനല്ല.

പിന്നെ എന്ത് ധൈര്യത്തിലാണ് താൻ പ്രസാദിനെ ഇഷ്ടമാണെന്ന് പറഞ്ഞത്? ഒരിക്കലെടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ ജീവിതകാലം മുഴുവൻ അതോർത്തു ദുഖിക്കേണ്ടി വരും. ജിൻസിയുടെ മനസ്സിൽ പല ആശങ്കകളും കടന്ന് വന്നു. സ്കൂളിൽ ആർക്കും പറഞ്ഞ് നടക്കാൻ അവസരം കൊടുക്കാതെ ആ പ്രണയം മുന്നോട്ട് പോയി. പ്രസാദ് അവൾക്ക് വാക്കു കൊടുത്തത് പോലെ അവളുടെ ജീവിതത്തിലെ പല പ്രതിസന്ധികളിലും അവൻ താങ്ങായി നിന്നു. അവന്റെ സ്നേഹത്തണലിൽ ആശ്വാസം കണ്ടെത്തുമ്പോളും അമ്മയോട് തെറ്റ് ചെയ്യുന്നുവെന്ന കുറ്റബോധവും അവളുടെ മനസിനെ വേട്ടയാടി.

ദിവസങ്ങൾ പിന്നെയും കടന്നു പോയി, ഒരു ദിവസം സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ പ്രസാദ് ജിൻസിടൊപ്പം ബസിൽ കയറി, അവളുടെ ടിക്കറ്റ് കൂടി എടുത്തതിനു ശേഷം, അതവളുടെ കയ്യിൽ കൊടുത്തു. മിക്കവാറും വൈകുന്നേരങ്ങളിൽ അവനാണ് ജിൻസിയുടെ ടിക്കറ്റ് എടുക്കാറുള്ളത്. കവലയിൽ ബസിറങ്ങിയപ്പോളാണ് ആ ബസിൽ ലീലയും ഉണ്ടായിരുന്നത് ജിൻസിയുടെ കണ്ണിൽപ്പെട്ടത്, അവർ അമ്മയോട് പറഞ്ഞ് കൊടുത്താലോ എന്നോർത്തപ്പോൾ ജിൻസിയ്ക്ക് ശരീരം തളരുന്നത് പോലെ തോന്നി.

ജിൻസിയെ നോക്കി അർത്ഥഗർഭമായിട്ടൊന്ന് മൂളിയിട്ട് ലീല നടന്നകന്നു. വൈകുന്നേരം അന്നമ്മ ജോലി കഴിഞ്ഞു വരുമ്പോൾ, മതിലിന്റെ അരികിൽ നിന്നും ലീല അവളെ വിളിച്ചു. “അന്നമ്മേ ” ലീല അങ്ങനെ കാത്ത് നിൽക്കുക പതിവില്ലാത്തതിനാൽ ആകാംഷയോടെ അന്നമ്മ ചോദിച്ചു. “എന്ത്‌ പറ്റി ലീലേ?” ലീല ശബ്ദം താഴ്ത്തി അന്നമ്മയോട് പറഞ്ഞു. “ഞാനിന്ന് ടൗണിൽ പോയിട്ട് ജിൻസി വന്ന ബസിലാണ് വന്നത്. അപ്പോൾ ജിൻസിയുടെ ടിക്കറ്റ്‌ ഒരു പയ്യനെടുക്കുന്നത് കണ്ടു ” ഒരു നിമിഷത്തേക്ക് അന്നമ്മയുടെ മുഖം വല്ലാതായി, പെട്ടന്ന് തന്നെ മുഖത്തെ പ്രസാദം വീണ്ടെടുത്തു കൊണ്ടവൾ പറഞ്ഞു.

“ലീലേ, പണ്ടത്തെ കാലമൊന്നുമല്ല ഇപ്പോൾ, ഒരുമിച്ച് പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സൗഹൃദം ഉണ്ടാകുന്നതൊക്കെ സ്വഭാവികമാണ്. പിള്ളേരുടെ അപ്പന്റെ സ്വഭാവം ഇങ്ങനെ ആയിട്ടും അവരെ ഞാൻ കഷ്ടപെട്ടാണ് പഠിപ്പിക്കുന്നതെന്ന് അവർക്കറിയാം. എന്റെ മക്കൾ എന്നെ വേദനിപ്പിക്കുന്നതൊന്നും ചെയ്യില്ല. എനിക്കുറപ്പുണ്ട് ” “ഞാൻ പറയാനുള്ളത് പറഞ്ഞെന്നേയുള്ളൂ അന്നമ്മേ, നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ നീയെന്നോട് ചോദിക്കാൻ പാടില്ലല്ലോ, ലീലേ നീയെങ്കിലും അറിഞ്ഞിട്ട് എന്നോടൊന്നും സൂചിപ്പിക്കുക പോലും ചെയ്തില്ലല്ലോയെന്ന് ”

“ഉം ” അന്നമ്മ വീട്ടിനുള്ളിലേക്ക് കയറിപ്പോയി, തന്റെ റൂമിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊണ്ടിരിക്കുകയായിരുന്നെങ്കിലും ജിൻസി എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം ഭയം കൊണ്ട് വിളറി. ട്യൂഷൻ കഴിഞ്ഞു കുട്ടികളെല്ലാം പോകുന്നത് വരെ അന്നമ്മ കാത്ത് നിന്നു. എല്ലാവരും പോയതും അന്നമ്മ തന്റെ മക്കൾ മൂന്നുപേരെയും അടുത്തേക്ക് വിളിച്ചു, അവരെ മൂന്നാളെയും തന്റെ നെഞ്ചോട് ചേർത്തു നിർത്തി. “നിങ്ങൾ അമ്മയെ വിഷമിപ്പിക്കില്ലെന്ന് എനിക്കറിയാം. അമ്മയും ഈ പ്രായമൊക്കെ കടന്ന് വന്നതാണ്. ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ മനസ്സ് എങ്ങനെയായിരിക്കുമെന്ന് അമ്മയ്ക്കറിയാം.

എന്റെ ജീവിതം ഇങ്ങനെ നശിച്ചു പോയിട്ടും ഞാൻ പിടിച്ചു നിൽക്കുന്നത് എന്റെ മക്കളുടെ ജീവിതം എന്റേത് പോലെ ആകാതിരിക്കാനാണ്.. നിങ്ങളുടെ ജീവിതത്തിലെ ഏത് കാര്യത്തിലും നല്ല തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അതൊരിക്കലും ആരെയും വേദനിപ്പിച്ചു കൊണ്ടായിരിക്കരുതെന്ന് മാത്രം ” ജിൻസി എന്തോ മറുപടി പറയാൻ തുനിഞ്ഞതും അന്നമ്മ അവളെ വിലക്കി. “ഇപ്പോൾ പഠിക്കേണ്ട സമയമാണ്, അതിനെക്കുറിച്ചു മാത്രം ചിന്തിക്ക്, ബാക്കിയൊക്കെ പിന്നെ…” പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ അവൾ പ്രസാദിനോട് അമ്മ തന്നോട് പറഞ്ഞതൊക്കെ അറിയിച്ചു.

പ്രസാദ് അവളെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു. “എടോ, പ്ലസ് ടു കഴിഞ്ഞിട്ട്, ആർമി റിക്രൂട്ട്മെന്റ് ക്യാമ്പിനു പോകാനാണ് എന്റെ പദ്ധതി. അതിലെനിക്ക് സെലെക്ഷൻ കിട്ടിയാൽ ഞാൻ തന്നെ തന്റെ അമ്മയോട് സംസാരിക്കാം ” “പൊക്കോണം അവിടുന്ന്, ഇപ്പോൾ അമ്മയോട് ഒന്നും സംസാരിക്കണ്ട. ഞാൻ പറഞ്ഞല്ലോ, ഒരുപാട് ലക്ഷ്യങ്ങൾ എന്റെ മുന്നിലുണ്ട്, അതിന് വേണ്ടിയെനിക്ക് ഒരുപാട് സമയവും ആവശ്യമുണ്ട്. അതെല്ലാം കഴിഞ്ഞു ഞാൻ സ്വതന്ത്രയാകുമ്പോളും പ്രസാദിന്റെ മനസ്സ് മാറിയിട്ടില്ലെങ്കിൽ, അപ്പോൾ നമുക്ക് അമ്മയോട് സംസാരിക്കാം ”

“എന്റെ മനസ്സ് അങ്ങനെയൊന്നും മാറത്തില്ല ജിൻസി ” “മനുഷ്യരുടെ കാര്യമല്ലേ, ചിലപ്പോൾ മാറിയാലോ?” “ഞാൻ പറഞ്ഞത് പോലെ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും, അവസാനം നീ വാക്ക് മാറ്റാതിരുന്നാൽ മതി ” “ഞാൻ വാക്കൊന്നും മാറ്റില്ല ” “എങ്കിൽ ഞാൻ കാത്തിരുന്നോളാം.. എത്ര വർഷങ്ങൾ വേണമെങ്കിലും ” മാസങ്ങൾ കടന്ന് പോയി. പ്ലസ് ടു എക്സാം കഴിഞ്ഞു, റിസൾട്ട്‌ വന്നപ്പോൾ ജിൻസിയ്ക്കും പ്രസാദിനും നല്ല മാർക്ക് ലഭിച്ചു. പ്രസാദിന് ആർമിയിലേക്ക് സെലെക്ഷൻ കിട്ടി, അവൻ ട്രെയിനിങ്നു പോകുന്നതിനു മുൻപ് യാത്ര പറയാൻ വേണ്ടി ജിൻസിയുടെ വീട്ടിലെത്തി.

പ്രസാദ് വീട്ടിലെത്തുമ്പോൾ ജിൻസിയും അന്നമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജോസഫ് പണിക്ക് പോയിരുന്നു, ഇളയ കുട്ടികൾ പള്ളിയിലെ വെക്കേഷൻ ക്ലാസ്സിന് പോയിരിക്കുകയായിരുന്നു. പ്രസാദ് വീടിന്റെ മുറ്റത്ത് വന്നു മുരടനക്കിയപ്പോൾ ജിൻസി പുറത്തേക്ക് വന്നു. അപ്രതീക്ഷിതമായി അവനെ കണ്മുന്നിൽ കണ്ടപ്പോൾ അവൾ അമ്പരന്നു. പിന്നെ പതർച്ചയോടെ അന്നമ്മയോട് പറഞ്ഞു. “അമ്മേ എന്റെ ഒരു കൂട്ടുകാരൻ വന്നിരിക്കുന്നു ” അന്നമ്മ തിടുക്കത്തിൽ പുറത്തേക്കിറങ്ങി വന്നു, പുഞ്ചിരിയോടെ പറഞ്ഞു. “വാ മോനെ, കയറിയിരിക്ക് ” പ്രസാദ് അകത്തേക്ക് കയറിയതും,

അന്നമ്മ ആ വീട്ടിൽ ആകെയുള്ള കസേര ഒരു തുണിയെടുത്തു തുടച്ചു വൃത്തിയാക്കിയിട്ട്, അവനോടിരിക്കാൻ പറഞ്ഞു. പ്രസാദ് അന്നമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു. “അമ്മേ, എനിക്ക് പട്ടാളത്തിൽ സെലെക്ഷൻ കിട്ടി, ഞാൻ ട്രെയിനിങ്ന് പോവാണ്, അതിനു മുൻപ് ഇവളോട് യാത്ര പറയാൻ വന്നതാണ് ” “യാത്ര പറച്ചിലൊക്കെ പിന്നെയാകാം, മോൻ ആദ്യായിട്ട് ഈ വീട്ടിൽ വന്നതല്ലേ, ഭക്ഷണം കഴിച്ചിട്ടു പോയാൽ മതി ” അന്നമ്മ തിടുക്കത്തിൽ ചോറും കറിയും ഉണ്ടാക്കിയപ്പോൾ പ്രസാദ് അത്ഭുതത്തോടെ ജിൻസിയോട് പറഞ്ഞു. “നിന്റെ അമ്മ ഇത്രയും പുരോഗമന ചിന്താഗതിയുള്ള ആളാണെന്ന് എനിക്കറിയില്ലായിരുന്നു.

എന്നെ വഴക്ക് പറയുമോ എന്ന് പേടിച്ചാണ് ഞാൻ ഇങ്ങോട്ട് വന്നത് പോലും ” “ഞാനും പേടിച്ചു.. പക്ഷേ അമ്മ അത്ഭുതപെടുത്തിക്കളഞ്ഞു ” ഭക്ഷണം റെഡി ആയപ്പോൾ, ഒരു പായ എടുത്ത് നിലത്ത് വിരിച്ചിട്ട്, അന്നമ്മ പ്രസാദിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. സ്നേഹത്തോടെ വിളമ്പി തരുന്ന അന്നമ്മയെ അവൻ അത്ഭുതത്തോടെ നോക്കി. താൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും സ്വാദുള്ള ഭക്ഷണം കഴിക്കുന്നതെന്ന് പ്രസാദിന് തോന്നി. യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രസാദ് അന്നമ്മയുടെ കാൽ തൊട്ട് വന്ദിച്ചു കൊണ്ടു പറഞ്ഞു.

“അമ്മയെന്നെ അനുഗ്രഹിക്കണം ” “എന്റെ പ്രാർത്ഥനയും അനുഗ്രഹവും നിന്നോടൊപ്പം ഉണ്ടാകും ” ജിൻസിയുടെ നേർക്ക് നോക്കി മൗനമായി യാത്രാനുമതി ചോദിച്ചിട്ട് പ്രസാദ് തിരിഞ്ഞു നടന്നു. അന്നമ്മ അവൻ പോകുന്നത് നോക്കി നിന്നുകൊണ്ട് പറഞ്ഞു. “നല്ല പയ്യനാണ്, നല്ല ഗുരുത്വമുള്ള പയ്യൻ” ജിൻസിയ്ക്ക് സന്തോഷം കൊണ്ട് തന്റെ ഹൃദയം നിറഞ്ഞു തുളുമ്പുന്നത് പോലെ തോന്നി. ഒരുവാക്ക് പോലും തന്നോട് ചോദിക്കാതെ അമ്മ തങ്ങളെ മനസിലാക്കിയതും അവളെ അമ്പരപ്പിച്ചു. ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ പ്രസാദ്, ബാംഗ്ലൂരിലെ ട്രെയിനിങ് ക്യാമ്പിലേക്ക് പോയി.

പ്ലസ് ടു കഴിഞ്ഞപ്പോൾ നഴ്സിംഗ് പഠിക്കണമെന്ന മോഹമല്ലാതെ അതിന് വേണ്ടി എന്ത് ചെയ്യണമെന്ന് ജിൻസിയ്ക്ക് അറിയില്ലായിരുന്നു. അവൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കാനും ആരുമില്ലായിരുന്നു. സഭയുടെ പേരിലുള്ള നഴ്സിംഗ് കോളേജിൽ പാവപെട്ട കുട്ടികൾക്ക് അഡ്മിഷൻ കിട്ടുമെന്ന് ആരോ പറഞ്ഞത് കേട്ടാണ് അവൾ അപേക്ഷിച്ചത്. രണ്ടു ലക്ഷം രൂപ ഡോനെഷൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജിൻസി ആ ആഗ്രഹം ഉപേക്ഷിച്ചു. നഴ്സിംഗ് എന്നുള്ള തന്റെ ആഗ്രഹം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് അവൾക്ക് തോന്നി. ഒരുദിവസം തങ്കച്ചായന്റെ പലചരക്കു കടയിൽ നിന്നും സാധനങ്ങൾ പൊതിഞ്ഞു തന്ന പത്രത്തിലാണ് അവൾ ആ വാർത്ത കണ്ടത്.

‘ബാംഗ്ലൂരിലെ പ്രിയദർശിനി കോളേജ് ഓഫ് നഴ്സിങ്ങിൽ സീറ്റ് ഒഴിവ്, ഫീസ് എഡ്യൂക്കേഷൻ ലോൺ കിട്ടിയതിനു ശേഷം അടച്ചാൽ മതി ‘. ജിൻസി ആ കടലാസ് കഷ്ണം അന്നമ്മയെ കാണിച്ചു. അന്നമ്മയ്ക്ക് സ്വന്തമായിട്ട് തീരുമാനം എടുക്കാൻ തോന്നിയില്ല, സഹോദരൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്, അയാളോട് കൂടി അഭിപ്രായം ചോദിക്കാമെന്ന് കരുതി ജിൻസിയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് ചെന്നു. അന്നമ്മയെ കണ്ടതും സ്നേഹത്തോടെ കെട്ടിപിടിച്ചു കൊണ്ട് ജോൺ പറഞ്ഞു. “അന്നമ്മേ, ഞാൻ അങ്ങോട്ട് വരണമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. എനിക്ക് സമയം കിട്ടിയില്ല ” “അച്ചാച്ചാ..

ഞാൻ ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കാൻ വേണ്ടി വന്നതാണ് ” “എന്താ കാര്യം?” “ജിൻസിയ്ക്ക് നഴ്സിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ട്.. പ്ലസ് ടുവിന് അവൾക്ക് നല്ല മാർക്കും ഉണ്ടായിരുന്നു. സഭയിലെ കോളേജിൽ കൊടുത്തെങ്കിലും അവർ രണ്ടുലക്ഷം രൂപയാണ് ഡോനെഷൻ ചോദിച്ചത്, അതുകൊണ്ട് ബാംഗ്ലൂരിലെ ഒരു കോളേജിൽ നോക്കിയാലോ എന്നാലോചിക്കുവാ ” “അന്നമ്മേ, നഴ്സിംഗ് പഠിപ്പിക്കാൻ വേണ്ടി ലക്ഷങ്ങൾ ചിലവാകും. എഡ്യൂക്കേഷൻ ലോൺ എടുത്താലും പലിശ സഹിതമാണ് തിരിച്ചടയ്‌ക്കേണ്ടത്. ബിഎസ്സി നഴ്സിംഗ് പഠിക്കുന്നതിന് എങ്ങനെ പോയാലും ഏഴു ലക്ഷം രൂപയെങ്കിലും ആകും.

നാല് വർഷത്തെ ഫീസും, ഹോസ്റ്റൽ ഫീസും, എക്സാം ഫീസും എല്ലാം കൂടി ചിലപ്പോൾ അതിലും കൂടും. പതിനായിരം രൂപ തികച്ചെടുക്കാൻ ഇല്ലാത്ത നീ എങ്ങനെ ഇവളെ നഴ്സിംഗ് പഠിപ്പിക്കും? അവനവന്റെ കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ പോരേ? പെണ്ണിനെ വല്ല ഡിഗ്രിയും പഠിപ്പിച്ചിട്ട്, കെട്ടിച്ചു വിടാൻ നോക്ക് ” തന്റെ സഹോദരൻ പറയുന്നത് കേട്ട് അന്നമ്മ ഒരുനിമിഷം സ്തംബ്ധയായി നിന്നു. പിന്നെ ഉറച്ച സ്വരത്തിൽ പറഞ്ഞു. “എനിക്കും പഠിപ്പും വിവരവും ഇല്ലാത്തത് കൊണ്ടാണ് അയാളുടെ ചവിട്ടും തുപ്പുമേറ്റ് അവിടെ കഴിയേണ്ടി വന്നത്.

എന്റെ ഗതികേട് എന്റെ മക്കൾക്ക് വരാൻ ഞാൻ സമ്മതിക്കില്ല.ജിൻസിയ്ക്ക് പഠിക്കാൻ ആഗ്രഹമുണ്ട്, അവൾ നന്നായിട്ട് പഠിക്കുകയും ചെയ്യും. ഞാൻ പട്ടിണി കിടന്നിട്ടായാലും എന്റെ മോളെ പഠിപ്പിക്കും ” “അന്നമ്മേ, നീ വല്യ ഒരു ബാധ്യതയാണ് എടുത്തു തലയിൽ വയ്ക്കാൻ പോകുന്നത്. പെൺപിള്ളേരെ പഠിപ്പിച്ചിട്ട് ഒരു പ്രയോജനവുമില്ല. ഇന്നല്ലെങ്കിൽ നാളെ മറ്റൊരുത്തന്റെ വീട്ടിലേക്ക് പറഞ്ഞു വിടേണ്ടതാണ് അവരെ.

നീ ഇപ്പോൾ ലക്ഷങ്ങൾ ലോണെടുത്തു അവളെ പഠിപ്പിച്ചാൽ, അവൾക്ക് കല്യാണം ആലോചിക്കുമ്പോളും അതുപോലെ യോഗ്യനായ ഒരു പയ്യനെ വേണ്ടി വരും. അപ്പോൾ സ്ത്രീധനം കൊടുക്കാൻ വീണ്ടും ലക്ഷങ്ങൾ വേണ്ടി വരും. നിനക്ക് ഒരു മോളുടെ കാര്യം മാത്രം നോക്കിയാൽ മതിയോ? ഇവൾക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടിയില്ലേ?” ജോൺ പറയുന്നത് കേട്ടപ്പോൾ മറുപടി പറയാനാകാതെ അന്നമ്മ ആലോചനയോടെ നിന്നു.

തുടരും.. 

തനിയെ : ഭാഗം 8

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!