ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 51

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 51

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

പുറത്തെത്തിയതും തന്നോട് എന്തോ ചോദിക്കാൻ ആഞ്ഞപ്പോഴാണ് അമ്മച്ചി വരുന്നത്.. പുറത്തുള്ളവരോട് വല്ല്യ അടുപ്പം അമ്മച്ചി കാണിക്കാത്തത് കൊണ്ട് തന്നെ വേഗം യാത്ര പറഞ്ഞു നടന്നു.. എന്തോ അമ്മച്ചി സിഷ്ഠയെ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.. അതെന്തായാലും നന്നായി.. അമ്മച്ചിക്കൊരു നല്ല സർപ്രൈസ് ആയിരിക്കും തനിക്ക് തന്റെ പെണ്ണിനെ തിരിച്ചു കിട്ടിയെന്നറിഞ്ഞാൽ.. അമ്മച്ചിയോടൊപ്പം ചുറ്റിയടിച്ചു വീട്ടിൽ വന്നു.. വൈകീട്ടായപ്പോഴേക്കും മാളവിക വിളിച്ചത് കൊണ്ട് അവളുടെ കൂടെ പോകാൻ പദ്ധതിയിട്ടു…

മാളിൽ എത്തിയതും ഹൃദയം മിടിക്കാൻ തുടങ്ങി.. പ്രിയമുള്ളതെന്തോ അരികിൽ ഉള്ളത് പോലെ.. പ്രതീക്ഷിക്കാതെയാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന സിഷ്ഠയെ കാണുന്നത്.. ശേഷം അവളുടെ കണ്ണുകൾ അത്ഭുതത്താൻ തിളങ്ങുന്നത് കണ്ടതും അവന്റെ കണ്ണുകളും ആ വഴിയെ സഞ്ചരിച്ചു.. ഭഗവാൻ കണ്ണന്റെ പടമുള്ള സാരിയിലാണ് അവളുടെ കണ്ണുകൾ എന്ന് കണ്ടതും അവനിൽ ഒരു ചിരി മിന്നിമാഞ്ഞു.. സിഷ്ഠ ഫോൺ വന്ന് പുറത്തു പോയതും അവൻ ആ സാരി വാങ്ങി ബില്ല് ചെയ്തു..

പോയി ഒട്ടൊരു നേരം കഴിഞ്ഞിട്ടും തിരികെ വരാത്തത് കൊണ്ട് അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് തന്റെ കൈകളിലേക്ക് വന്നു വീഴുന്നത്.. പരസ്പരം മിഴികൾ കൊരുത്തപ്പോൾ കണ്ടു ധ്രുതഗതിയിൽ മിടിക്കുന്ന ഹൃദയത്തിന്റെ താളത്തിനൊത്ത് ഓടുന്ന അവളുടെ കൃഷ്ണ മണികൾ. നോട്ടം മാറ്റി കണ്ണടച്ചപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നി.. കുഴപ്പമില്ലല്ലോ എന്ന ചോദ്യത്തിന് മനസ്സിൽ എന്തോ ഉത്തരമേകി എന്നിലേക്ക് തന്നെ അവൾ നോട്ടമയച്ചു..

മാളവിക ഫോൺ വന്ന് പോയത് കൊണ്ട് സിഷ്ഠയോട് തന്നെ സഹായിക്കാമോ എന്ന് ചോദിച്ചു.. ഉത്സാഹത്തോടെ തന്നോടൊപ്പം കടയിലേക്ക് കയറിയെങ്കിലും ഡിസ്‌പ്ലേയിൽ സാരി ഇല്ലെന്ന് അറിഞ്ഞതും ആ കണ്ണുകളിൽ നിരാശ പടരുന്നത് അനന്തൻ ആസ്വദിച്ചു. ഈ നിരാശ നിനക്ക് സമ്മാനമായി ഞാൻ അത് നൽകുമ്പോൾ തീരുന്നതേ ഉള്ളു സിഷ്ഠ. സിഷ്ഠ നന്ദന്റെ മാത്രമായി തീരുമ്പോൾ നിനക്കായി ഉള്ള എന്റെ സമ്മാനം.. വസ്ത്രങ്ങൾ എല്ലാം തിരയാൻ കൂടെ കൂടിയതും അവളുടെ നോട്ടം തന്നിൽ പാറി വീഴുമ്പോൾ ചേർത്തു നിർത്താൻ ഉള്ളം തുടിച്ചിരുന്നു..

എന്നാൽ ഉയർന്നു പൊങ്ങുന്ന വികാരങ്ങളെ കടിഞ്ഞാണിട്ട് കൊണ്ട് അവളോടൊപ്പം നിന്നു.. കഴിക്കാൻ കൂടെ കൂട്ടിയപ്പോഴാണ് ഓർമകളിൽ നിന്നും അവൾക്ക് നന്ദനേ മരിച്ചിട്ടുള്ളു എന്ന് ബോധ്യമായത്.. ഇളനീരും നൊങ്കും ഒരുമിച്ചാക്കി കഴിക്കുന്നത് കണ്ടപ്പോൾ ഇപ്പോഴും പഴയ ഇഷ്ടങ്ങൾ തങ്ങി നിൽക്കുന്നുണ്ടെന്ന് മനസിലായത്.. കൂട്ടുകാർക്ക് അവളെ പരിചയപെടുത്തി കൊടുത്തു.. താൻ ഇത്രയും നാൾ കാത്തിരുന്ന നിധിയാണ് കൈവശമുള്ളതെന്ന് എല്ലാവരോടും പറയണം..

പക്ഷേ എന്റെ സിഷ്ഠയാവുന്ന നാൾ.. അനന്ത് പദ്മനാഭന്റെ പേരിലുള്ള താലിയും സിന്തൂരവും അവളിൽ ഭംഗി വിടർത്തുന്ന നാൾ.. കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോഴാണ് സിഷ്ഠയുടെ വണ്ടി കാണുന്നത് പെട്ടന്ന് മനസ്സിൽ തോന്നിയ ഒരു കുഞ്ഞു കഥ എഴുതി എൻവലപ്പിൽ ആക്കി വണ്ടിയുടെ ഹാൻഡ്‌ലിൽ വെച്ചു.. മാളവികയോടൊപ്പം കാറിൽ ഇരുന്ന് അവളിൽ വിരിയുന്ന പുഞ്ചിരിയും തന്നെ തിരയുന്ന കണ്ണുകളും ഓർത്തു സംതൃപ്തിയോടെ യാത്ര തിരിച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രിയിൽ പതിവ് പോലെ അവൾക്കായി എഴുതുന്ന കുറിപ്പുകളിലെ വരികൾ തന്റെ പുസ്തകത്തിൽ പതിപ്പിക്കുകയായിരുന്നു അനന്തൻ.. പുഴുവിന്റെ പ്രണയത്തെ ആലോചിച്ചു വട്ടാകുന്ന അവളുടെ മുഖം.. ഒന്നുമില്ല പെണ്ണേ നിന്നെ ചുമ്മാ ചുറ്റിച്ചതാണ്.. അനന്തൻ മൃദുലമായി മൊഴിഞ്ഞു.. പക്ഷേ ആ പൂവിനെ പുഴുവിനോളം പ്രണയിച്ചൊരു ശലഭമുണ്ടെന്ന് അവൻ അറിഞ്ഞതേയില്ല..

അവളിലേക്കുള്ള ദൂരത്തെ അറിയാതെ തടസപെടുത്തിയ മുള്ളും അറിഞ്ഞുകൊണ്ട് തടസപെടുത്തുന്ന ഇലയും ഭാവിയിൽ ഉണ്ടാകുമെന്നും അവൻ അറിഞ്ഞില്ല. ഒഴുകി നീങ്ങിയ ദിവസങ്ങളിൽ അത്രയും സിഷ്ഠയെ ഒരുപാട് മിസ്സ് ചെയ്തിരുന്നു.. അധികം വൈകാതെ കൂടെ കൂട്ടണമെന്ന് ഹൃദയം സൂചന കൊടുത്തു കൊണ്ടിരുന്നു.. മാളവികയുടെ കല്ല്യാണത്തിന് അമ്മച്ചിയേയും കൂട്ടിയാണ് പോയത്.. വർഷങ്ങൾക്ക് ശേഷം അമ്മച്ചി ആ വീട്ടിൽ കാലുകുത്തി.. അച്ഛനില്ലാതെ അമലേച്ചി ഇല്ലാതെ..

എല്ലാവരുടെയും മുഖങ്ങളിൽ തെളിഞ്ഞു നിന്നത് എന്നോടുള്ള കുറ്റബോധമോ വാത്സല്യമോ ഒക്കെയാണ്.. മിഥുനയെ കണ്ടെങ്കിലും കൂടുതലായി അടുക്കാൻ നിന്നില്ല.. താനായി ഒരു പ്രതീക്ഷ നൽകരുതല്ലോ.. മാളവിക എല്ലാം തുറന്ന് പറയുമെന്ന പ്രതീക്ഷയിൽ ഇരുന്നു.. ഒരു നല്ല കൂട്ടുകാരനായി അവളോട് പെരുമാറി. പിന്നീടുള്ള ദിവസങ്ങൾ ആഘോഷത്തിന്റേതായിരുന്നെങ്കിൽ കൂടി രാത്രിയിൽ ഏകാന്തതയുടെ തടവറയിൽ നന്ദൻ സിഷ്ഠയോടൊപ്പം വിഹരിച്ചു കൊണ്ടിരുന്നു അവരുടെ പ്രണയതീരങ്ങളിൽ..

പ്രണയത്തിന്റെ മാധുര്യത്താലും വിരഹത്തിന്റെ ചവർപ്പിനാലും തള്ളിനീക്കപെട്ട ദിവസങ്ങൾ.. അധ്യാപക ദിനത്തോടെ ക്ലാസുകൾ വീണ്ടും ആരംഭിച്ചു.. ആഘോഷങ്ങൾ സിഷ്ഠയുടെ ക്ലാസ്സിൽ ഉണ്ടെന്ന് പറഞ്ഞു ക്ഷണം കിട്ടിയതും അവളെ കാണാൻ ഉള്ളു തുടികൊട്ടി.. കേക്ക് കഴിച്ചു കയ്യിൽ പുരണ്ടിരുന്ന ക്രീം തുടക്കാനായി കർച്ചീഫ് നീട്ടിയപ്പോൾ ജലദോഷത്തിന്റെ കാര്യം പറഞ്ഞവളെ ചൊടിപ്പിച്ചു.. മറുപടിയായി കാതോരം ഉയർന്നു പൊങ്ങിക്കൊണ്ടവൾ ഹാപ്പി ബർത്ഡേയ് നന്ദൻ സർ എന്ന് മൊഴിഞ്ഞപ്പോൾ വീണ്ടും പ്രണയം തടയണഭേദിച്ചവളിലേക്ക് ഒഴുകി കൊണ്ടേയിരുന്നു..

തനിക്കായി സമ്മാനപൊതി നീട്ടിയപ്പോൾ ഇത്രയും നല്ലൊരു ദിവസം സമ്മാനിച്ചതിന് നന്ദി പറഞ്ഞു.. എങ്ങനെ പിറന്നാൾ അറിഞ്ഞെന്ന ചോദ്യത്തിന് ഫോൺ ഉയർത്തി കാണിച്ചപ്പോൾ എവിടെയോ നൊന്തു. പ്രതീക്ഷകൾ കരിഞ്ഞുണങ്ങിയത് പോലെ തോന്നി. ക്രീം ഇരുകവിളിലും പുരട്ടിയപ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം.. കൈകളാൽ അവളത് തുടച്ചു മാറ്റിയപ്പോഴും അവളെ പുണരാനായി തന്റെ ഹൃദയവും ബുദ്ധിയും മൊഴിഞ്ഞു കൊണ്ടിരുന്നു..

കയ്യുയർത്തിയപ്പോഴാണ് തങ്ങളെ നോക്കുന്ന ഹരിപ്രിയയെയും സൗപർണികയെയും കാണുന്നത്.. കർചീഫ് വാങ്ങി സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ ഒളിച്ചുവെച്ച പുഞ്ചിരി പുറത്തേക്ക് ചാടി കൊണ്ടിരുന്നിരുന്നു. അന്നത്തെ രാത്രിയിൽ എന്തെന്നില്ലാത്ത സന്തോഷത്തിൽ നിദ്രയെ പുല്കുമ്പോഴും മനസും ശരീരവും ഒരുപോലെ അവളുടെ സാമിപ്യത്തിനായി മുറവിളി കൂട്ടിയത് അവൻ അറിഞ്ഞിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

യൂണിയൻ ഡേ ആയത് കൊണ്ട് തന്നെ കാര്യമായ ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല.. പരിപാടി കാണാമെന്ന ധാരണയിൽ അങ്ങോട്ടേക്ക് ചെന്നപ്പോൾ കാണുന്നത് നിറഞ്ഞ കയ്യടിക്കു നടുവിൽ മൈക്കിൽ കൈചേർത്തു നിൽക്കുന്ന സിഷ്ഠയെ ആണ്.. തേടി നടന്നതെന്തോ കണ്മുന്നിൽ എത്തിയപ്പോൾ ആ കണ്ണുകൾ തിളങ്ങിയത്.. എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം.. അവളിൽ നിന്നും കണ്ണുകൾ പറിച്ചെറിയാൻ കഴിയാതെ അങ്ങനെ നിന്നു..

വിരഹത്തിനറുതിയിൽ കണ്ണോട് കൺ നോക്കി നിൽക്കുന്നതാണെന്റെ സ്വർഗം.. സ്വരത്തോടൊപ്പം അവളുടെ കണ്ണുകളും അനന്തനിൽ ഉടക്കിയപ്പോൾ അനന്തനും അറിയുകയായിരുന്നു ആ പിടപ്പ്.. അവളിൽ നിന്നുതിരുന്ന പ്രണയം. അഭിനന്ദനങ്ങളാൽ അവളുടെ കൂട്ടുകാർ അവളെ മൂടുമ്പോഴവൻ ശാന്തമായി നടന്നകന്നു.. ചില തിരക്കുകളിൽ പെട്ട് പോയത് കൊണ്ട് സിഷ്ഠ പോയതൊന്നും നന്ദൻ കണ്ടിരുന്നില്ല.. മഴ ചെറുതായി ചാറി കൊണ്ടിരുന്നപ്പോഴാണ് അവൻ കോളേജിൽ നിന്നിറങ്ങിയത്..

വഴിയിൽ സിഷ്ഠയുടെ വണ്ടി കണ്ടതും ഒന്ന് സംശയിച്ചു.. കാർ കുറച്ചു മാറി ഒതുക്കിയപ്പോഴാണ് ശ്രദ്ധയില്ലാത്ത റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന അവളെ കാണുന്നത്.. ഒരുകയ്യിൽ ഫോണും എതിർവശത്തു നിന്ന് വരുന്ന വാഹനം കണ്ട് തരിച്ചു നിന്നതാണെന്ന് മനസിലായി.. അവളെ വലിച്ചു തന്റെ നെഞ്ചോട് ചേർത്തു വെള്ളക്കെട്ടിലേക്ക് വീഴുമ്പോഴും അവളെ തന്നോട് സുരക്ഷിതമാക്കിപിടിച്ചിരുന്നു.. ഹൃദയം അതിന്റെ ഉച്ചസ്ഥായിയിൽ മിടിച്ചുകൊണ്ടിരുന്നു.. സമചിത്തത വീണ്ടെടുത്ത് എഴുന്നേൽക്കാൻ ശ്രമിച്ചു..

കണ്ണുതുറന്ന സിഷ്ഠ ചാടിയെഴുന്നേറ്റു. മേലാകെ ചെളി തെറിച്ചിരുന്നത് കണ്ട് അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് വണ്ടിയിൽ കയറി.. ആൾക്കൂട്ടത്തിനിടയിൽ കണ്ണനും നോക്കി കാണുകയായിരുന്നു സിഷ്ഠയെയും അവളെ പൊതിഞ്ഞു പിടിച്ച കൈകളെയും പ്രണയം സ്ഫുരിക്കുന്ന കണ്ണുകൾക്കുടമയായ അനന്തനെയും.. അവന്റെ കണ്ണുകളിൽ തലോടലുകളിൽ തന്നെ അറിയാം സിഷ്ഠ അവന്റെ പ്രാണൻ ആണെന്ന്.. അവളിലും ആ പ്രണയവും തിളക്കവും തന്നെ മുന്നിട്ട് നിൽക്കുന്നു..

ആൾകൂട്ടത്തിൽ നിന്നും ഉൾവലിഞ്ഞു പോകുമ്പോൾ കണ്ണനിൽ നിരാശയും വേദനയും കലർന്നിരുന്നു.. തന്നെ നോക്കി നിന്നിരുന്ന ലെച്ചുവിൽ ഒരിക്കലും കാണാത്ത തിളക്കം തുടിപ്പ് എല്ലാം അവളിൽ നിറഞ്ഞു നിൽക്കുന്നത് ഓർത്തതും അവനിൽ വേദനയാൽ ഒരു പുഞ്ചിരി നിറഞ്ഞു.. കാർ അനന്തന്റെ വീടിനു മുന്നിൽ കൊണ്ട് നിർത്തിയതും അമ്പരപ്പോടെ കാര്യങ്ങൾ ചോദിച്ചറിയുന്ന സിഷ്ഠയോട് മറുപടി നൽകി വീട്ടിലേക്ക് നടന്നു.. ഇങ്ങനെ ഒന്നുമല്ല സിഷ്ഠ നിന്നെ ഇവിടെ കൊണ്ടു വരാൻ ഞാൻ ആഗ്രഹിച്ചത്..

മനസിൽ പറഞ്ഞുകൊണ്ടവൻ അകത്തു കയറി ബാത്ത് ടവൽ അവൾക്ക് നീട്ടി.. പുറത്തു ചെന്നിരുന്നതും കുളിച്ചിറങ്ങി സിഷ്ഠ അങ്ങോട്ടേക്കെത്തി.. മാളവികയുടെ വിവാഹകാര്യമൊക്കെ അന്വേഷിച്ചു.. കുളിക്കാൻ കയറി.. ശരീരത്തിൽ വെള്ളം വീഴുന്നതിനനുസരിച്ചു മനസിലും സന്തോഷത്തിന്റെ മഴ പെയ്തൊഴിയുന്നത് അവൻ അറിയുകയായിരുന്നു.. കുളിച്ചിറങ്ങിയതും അടുക്കളയിൽ നിഴലനക്കം കണ്ടു.. ചെന്നു നോക്കിയപ്പോൾ കണ്ടു വെള്ളത്തിൽ കൈകഴുകുന്ന സിഷ്ഠയെ..

എന്ത് പറ്റിയെന്ന് ചോദിച്ചരികിലേക്ക് ചെന്നു പൊള്ളിയ വിരൽ കണ്ടതും കണ്ണുകൾ ഒന്ന് പിടഞ്ഞോ? ഒന്നും നോക്കാതെ വിരൽ തന്റെ കയ്യിൽ സുരക്ഷിതമാക്കി വെച്ചുകൊണ്ട് ഊതി കൊടുത്തു.. ഉള്ളം കയ്യിലെ പാടിലേക്ക് നോക്കിയതും എന്തോരം നൊന്തു കാണുമെന്ന് അവനു മനസിലായി.. മരുന്നെടുക്കാനായി നടന്നതും കയ്യിൽ അവളുടെ പിടിമുറുകിയവൾ മുന്നിൽ കയറി തടസം നിന്നു.. അവളുടെ ചോദ്യങ്ങൾക്ക് മുൻപിൽ നിറഞ്ഞു തൂവുന്ന മിഴികൾക്കു മുൻപിൽ നിസ്സഹാനായി നിന്നു..

നന്ദൻ ഞാൻ ആണെന്ന് പറയാനായി തുടങ്ങിയതും അവൾ കൈകളാൽ തന്റെ വാ മറച്ചു… തന്റെ മിഴികളിൽ കൊരുത്തുകൊണ്ടവളുടെ മിഴികൾ.. അവ തിരയുന്നതത്രയും താനാണ് നന്ദൻ എന്ന ഉത്തരവും തന്റെ പ്രണയവുമാണെന്ന് മനസിലായി.. പുണരാനായി കൈകളും ചുംബിക്കാനായി അധരങ്ങളും കൊതിച്ചു.. തന്റെ പ്രണയം അവളിലേക്ക് ഒഴുകുമ്പോൾ ചെവിയിൽ ആർദ്രമായി.. നിന്റെ നന്ദനാണ് സിഷ്ഠ എന്ന് മന്ത്രിക്കാനായി മനസിനെ സജ്ജമാക്കി.. പറയാനാഞ്ഞതും കാളിംഗ് ബെൽ മുഴങ്ങി ഞെട്ടിമാറി സിഷ്ഠ തന്നെ നോക്കി..

പുറത്തോട്ട് ചെന്നപ്പോൾ കണ്ടു സുദേവ് ആണ് അതെന്ന് കണ്ടതും ഉള്ളിലുള്ളത് മറച്ചുവെച്ചു ക്ഷണിച്ചിരുത്തി.. അവന് നന്ദൻ എന്ന പേര് മാത്രമേ അറിയൂ എന്നത് സിഷ്ഠ കുഞ്ഞിലേ പറഞ്ഞത് ഓർമ്മ വന്നു.. പക്ഷേ ഇപ്പോൾ അതും മറന്നു കാണും.. അന്വേഷിച്ചവരുടെ മുന്നിൽ എത്തിയിട്ട് വര്ഷങ്ങളായില്ലേ? അവനോടൊപ്പം യാത്ര പറഞ്ഞിറങ്ങിയ സിഷ്ഠ ഫോൺ എടുക്കാൻ തിരിച്ചു വന്നതും പുറകിൽ നിന്നും വിളിച്ചവളോട് പറഞ്ഞു.. അവളുടെ ചോദ്യങ്ങൾക്ക് നാളെ മറുപടി തരാമെന്ന്..

രാത്രിയിൽ അവളുടെ മണം പേറുന്ന ബാത്ത് ടവൽ കയ്യിലെടുത്തു വിരലോടിച്ചു.. കുറിപ്പുകൾ എഴുതാനായി പേപ്പർ എടുത്തതും കണ്മുന്നിൽ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ തെളിഞ്ഞു വന്നു.. ഇനിയും പറ്റിക്കില്ല പെണ്ണേ.. നിന്നിൽ ഓർമ്മകൾ പൂക്കാൻ കാത്തിരിക്കുന്നില്ല.. ഞാൻ അധ്യാപകനും നീ വിദ്യാർത്ഥിയുമാണെന്നത് മറക്കാം.. മിഥുനയുടെ മനസ് മാറേണ്ട.. നിന്നോട് ഇഷ്ടം പറഞ്ഞു ബിസിനെസ്സ് ഏറ്റെടുത്തോളം.. ഒരു ചീത്തപ്പേര് നിനക്കുണ്ടാക്കുന്നില്ല.. മതി എല്ലാം അവസാനിപ്പിക്കാം..

നേരിട്ട് നിന്റെ മുന്നിൽ എത്തിയിരിക്കും ഞാൻ.. നാളെ… നാളെ തന്നെ ഇനിയൊട്ടും വൈകില്ല.. ചുമരിലുള്ള അവളുടെ ഫോട്ടോയിൽ വിരലുകളോടിച്ചവളോട് മന്ത്രിച്ചു.. പുസ്തകത്തിൽ ഇരുന്ന കുറിപ്പെടുത്തു നോക്കി .. നന്ദാ ഞാൻ ഇന്ന് ആഗ്രഹിക്കുന്നത് എന്താണെന്നറിയാമോ? എന്റെ പ്രാണൻ ആണ് നന്ദാ നീ.. എന്റെ ആത്മാവ്.. ജന്മങ്ങൾക്കപ്പുറവും ചെമ്പകഗന്ധമേറ്റ് കിടക്കുന്ന മണ്ണിനെ പുൽകാൻ ആണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്.. നിന്നോടൊപ്പം തൊട്ടരികിൽ.. മരണത്തിലും എന്നെ വേർപെടുത്തരുത് നന്ദാ.. നന്ദന്റെ മാത്രം സിഷ്ഠ.. മറുപടി എന്നോണം അവനിൽ ചെറുചിരി മുന്നിട്ട് നിന്നു..

നന്ദാ എന്ന വിളിയിൽ സകലതും സ്മരിച്ചവൻ ഇരുന്നു.. ഇല്ല സിഷ്ഠ നിന്നെ മറന്നൊരു ജീവിതവും മരണവും നിന്റെ നന്ദനുണ്ടാവില്ല.. നിന്നിലേക്കെത്താനുള്ള തടസങ്ങൾ ഒന്നും തന്നെ ഇപ്പോഴെന്നെ അലട്ടുന്നില്ല സിഷ്ഠ.. ചെറുപുഞ്ചിരിയോടെ നന്ദൻ ആകാശത്തേക്ക് കണ്ണും നട്ട് നിന്നു.. നമുക്കായ് മാത്രം ചെമ്പകം പൂക്കും സിഷ്ഠ.. നമ്മുടെ മാത്രം ചെമ്പകം പൂക്കും യാമങ്ങൾ.. ❤ കാർമേഘം മൂടിയ വാനം കണ്ടതും അവനിൽ അസ്വസ്ഥത വിരിഞ്ഞു.. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നത് പോലെ അവനിൽ ഉൾഭയം വന്നു മൂടി.. കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി..

അഷിത കൃഷ്ണ (മിഥ്യ )

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 50

Share this story