നാഗമാണിക്യം: ഭാഗം 15

നാഗമാണിക്യം: ഭാഗം 15

എഴുത്തുകാരി: സൂര്യകാന്തി

സന്ധ്യയ്ക്ക് കാവിൽ തിരി വെയ്ക്കാൻ പോവുന്നതിനു മുൻപായി കുളിക്കാൻ അനന്തന്റെ റൂമിലെ ബാത്‌റൂമിൽ കയറിയതായിരുന്നു പത്മ. റൂമിന്റെ വാതിൽ കൂടെ ലോക്ക് ചെയ്തിട്ടാണ് അവൾ ബാത്‌റൂമിൽ കയറിയത്. ദേഹത്തു വെള്ളം ഒഴിക്കുമ്പോഴാണ് പത്മ അത് കണ്ടത്. പൊക്കിൾ ചുഴിയ്ക്ക് മുകളിലുള്ള ആ മങ്ങിയ പാടിന് പകരം വെള്ളിനിറത്തിൽ തിളങ്ങുന്ന നാഗരൂപം. ഞെട്ടലോടെ അവളതിൽ തൊട്ടു. ഒരു മാറ്റവും സംഭവിച്ചില്ല… ആരോ വരച്ചു ചേർത്ത രൂപം പോലെ അതങ്ങിനെ തിളങ്ങി നിന്നു. പത്മ വെള്ളവും സോപ്പുമൊക്കെ ഉപയോഗിച്ച് കഴുകിയെങ്കിലും അത് മാഞ്ഞു പോയില്ല.

വെപ്രാളത്തോടെയാണ് അവൾ കുളിച്ചിറങ്ങിയത്. എടുത്തു വെച്ച ചുവന്ന കരയുള്ള മുണ്ടും നേര്യേതും അണിഞ്ഞു കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി കോതിയുണക്കുമ്പോൾ അറിയാതെ കണ്ണുകൾ നെഞ്ചിൽ ചേർന്നു കിടക്കുന്ന താലിയിലെത്തി. ഒരു ദീർഘ നിശ്വാസത്തോടെ, ഡ്രസ്സിങ് ടേബിളിന്റെ മുകളിൽ ചെപ്പിൽ വെച്ചിരുന്ന സിന്ദൂരം എടുത്തു തൊടുമ്പോൾ കൈ വിറച്ചു. ഒരു നിമിഷം കണ്ണാടിയിൽ നോക്കി നിന്നു പത്മ. ഒരു ഭാര്യയാണ് താൻ എന്നത് വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും…അതും അനന്തപത്മനാഭന്റെ… വാതിലിൽ മുട്ട് കേട്ടു. പത്മ ചെന്നു വാതിൽ തുറന്നു.

അനന്തൻ… “തനിക്കെന്തായിരുന്നെടോ ഇവിടെ പരിപാടി? കുറെ സമയമായല്ലോ കതകടച്ചിരിക്കുന്നു ” അപ്പോഴാണ് അനന്തൻ അവളെ അടിമുടി നോക്കിയത്, ആ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു. “ഓ അപ്പോൾ എന്നെ ഒട്ടും വിശ്വാസമില്ലല്ലേ എന്റെ ഭാര്യയ്ക്ക്..? ” പത്മ ഒന്നും പറഞ്ഞില്ല. അനന്തൻ അവളെ തന്നെ നോക്കി നിന്നു. “നിക്ക് പോണം.. ” മെല്ലെ അവളുടെ മുൻപിൽ നിന്ന് നീങ്ങി നിന്ന് രണ്ടു കൈകൾ കൊണ്ടും വാതിൽക്കലേക്ക് കാണിച്ചു അനന്തൻ. പത്മ ധൃതിയിൽ പുറത്തേക്ക് നടക്കുന്നത് ചിരിയോടെ നോക്കി നിന്നു അവൻ. പത്മ കണ്ണിൽ നിന്ന് മറഞ്ഞിട്ടും താലിയും സിന്ദൂരവും അണിഞ്ഞു നിന്ന അവളുടെ മുഖമായിരുന്നു അനന്തന്റെ കണ്ണിൽ…

അനന്തനെ കണ്ടതോടെ മറ്റെല്ലാം മറന്നു പോയിരുന്നു പത്മ. പൂമുഖത്തെത്തിയതോടെ തന്റെ ദേഹത്ത് തെളിഞ്ഞ അടയാളത്തെ പറ്റി ഓർത്തതേയില്ല അവൾ. കാവിലേയ്ക്ക് അനന്തനൊപ്പം തന്നെയാണ് ഇറങ്ങിയത്. നടക്കുന്നതിനിടെ അനന്തനിൽ നിന്നെത്തിയ നേർത്ത പെർഫ്യൂമിന്റെ സുഗന്ധം തന്നെയായിരുന്നു ആ മുറിയിലുമെന്ന് പത്മ മനസ്സിലോർത്തു. ഇടം കണ്ണിട്ടൊന്ന് നോക്കിയപ്പോൾ അപ്പോഴും നനവ് മാറാത്ത താടി രോമങ്ങളും നീണ്ട മുടിയിഴകളും കണ്ടു. രണ്ടു കൈകളും പിറകിൽ കെട്ടി മുണ്ടിന്റെ താഴത്തെ അറ്റം തെല്ലുയർത്തിപ്പിടിച്ചാണ് നടത്തം. ഇടയ്ക്കിടെ പാളി വീഴുന്ന നോട്ടത്തിന്റെ ദൈർഘ്യം കുറഞ്ഞപ്പോഴാണ് ആ പതിഞ്ഞ ചിരി കാതിലെത്തിയത്.

“ഇങ്ങനെ ഒളിഞ്ഞു നോക്കാതെടോ, ഒന്നുമില്ലേലും ഞാനിപ്പോൾ തന്റെ സ്വന്തമല്ലേ” പത്മയുടെ മുഖം ചുവന്നു. തർക്കിച്ചിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് പത്മ താഴേയ്ക്ക് നോക്കി നടന്നു. താമരക്കുളത്തിനരികിൽ എത്തിയപ്പോൾ നിറയെ വിരിഞ്ഞു നിൽക്കുന്ന പൂക്കളിലേക്കായിരുന്നു പത്മയുടെ കണ്ണുകൾ. പത്മയും അനന്തനും മുൻപോട്ട് നടന്നപ്പോൾ താമരക്കുളത്തിലെ വെള്ളം ഇളകി മറിയുന്നുണ്ടായിരുന്നു. കാവിലേയ്ക്കു കടക്കുമ്പോൾ പടിയിലെ കല്ലിൽ കാൽ തട്ടിയതും അനന്തൻ അവളുടെ കൈയിൽ പിടിച്ചു. കാവിനുള്ളിൽ കയറിയതും പത്മ അനന്തൻ പിടിച്ച കൈയിലേക്ക് നോക്കി.

ആൾക്ക് ഒരു കൂസലുമുണ്ടായില്ല. അവളെ ശ്രദ്ധിക്കാതെ കൈയിൽ പിടിച്ചു തന്നെയാണ് നാഗത്തറയ്ക്ക് മുൻപിലെത്തിയത്. കൽവിളക്കിൽ എണ്ണയൊഴിച്ചതും തിരി വെച്ചതുമെല്ലാം അനന്തനാണ്. പത്മ തിരി തെളിയിച്ചതും രണ്ടുപേരും കണ്ണുകളടച്ചു തൊഴുതു നിന്നു. കാവിൽ ചുറ്റിയടിച്ച ഇളംകാറ്റിൽ പൂക്കളുടെ സുഗന്ധം നിറയുന്നുണ്ടായിരുന്നു. കാവിനുള്ളിൽ അപ്പോഴും പോകാൻ മടിച്ചു നിന്ന നേർത്ത പ്രകാശത്തിൽ നാഗത്തറയിലെ ജ്വലിക്കുന്ന തിരി നാളവും മരങ്ങളും വള്ളിപ്പടർപ്പുകളും എല്ലാം ചേർന്നൊരു അഭൗമ സൗന്ദര്യമായിരുന്നു നാഗക്കാവിനപ്പോൾ. ചേക്കേറാനണയുന്ന പക്ഷികളുടെ നാദം അവിടമാകെ അലയടിക്കുന്നുണ്ടായിരുന്നു.

കണ്ണു തുറക്കാൻ തുടങ്ങുമ്പോഴാണ് ആ സീൽക്കാരം കാതിലെത്തിയത്. പത്മയും അനന്തനും ഒരേ സമയത്താണത് കണ്ടത്. നാഗത്തറയ്ക്കപ്പുറം കാഞ്ഞിര മരത്തിന് താഴെ ചുറ്റി പിണഞ്ഞു ഇണ ചേരുന്ന കരിനാഗങ്ങൾ. പത്മ എന്തോ പറയുവാനായി വായ തുറന്നപ്പോഴേക്കും അനന്തൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു. മറുകൈയാൽ പത്മയുടെ കൈ പിടിച്ചു കരിയിലകളിൽ ചവിട്ടാതെ പതിയെ പുറത്തേക്കിറങ്ങി. “നാഗങ്ങൾ ഇണ ചേരുന്നത് നോക്കി നിൽക്കാൻ പാടില്ല.. ” പത്മ വീണ്ടുമെന്തോ പറയാൻ തുടങ്ങിയെങ്കിലും അനന്തന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവൾ ഒന്നും പറയാതെ മുൻപോട്ട് നടന്നു. ചുണ്ടിലൊരു ചിരിയുമായി അനന്തനും. താമരക്കുളത്തിനരികെ എത്തിയപ്പോൾ പത്മ അതിലേക്കൊന്ന് നോട്ടമയച്ച് നടക്കാൻ തുടങ്ങിയതും അനന്തൻ വിളിച്ചു.

“പത്മാ..വാ.. ” പത്മ ഒന്ന് സംശയിച്ചു നിന്നതും അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അനന്തൻ പറഞ്ഞു. “വാടോ.. ” കൈ പിടിച്ചു കൊണ്ട് തന്നെയാണ് പടവുകൾ ഇറങ്ങിയത്. താഴെ വെള്ളത്തിൽ കാൽ തൊട്ടതും അനന്തൻ പറഞ്ഞു. “താൻ ഇവിടെ നിന്നോ.. ” വെള്ളത്തിലേക്ക് രണ്ടു പടവ് കൂടെയിറങ്ങി അനന്തൻ വിരിഞ്ഞു നിൽക്കുന്ന പൂവുകൾക്കായി കൈ നീട്ടി. രണ്ടു മൂന്നെണ്ണം പൊട്ടിച്ച് നിവർന്നതും അവന്റെ കാലൊന്നു തെന്നി. പത്മ ഒരാന്തലോടെ അനന്തന്റെ കൈയിൽ കയറി പിടിച്ചു. നേരേ നിന്ന് അനന്തൻ ചിരിയോടെ അവളെ നോക്കിയതും, പത്മ കൈയിലെ പിടി വിട്ടു. ചിരിയോടെ തന്നെയാണ് അനന്തൻ താമരപ്പൂക്കൾ നീട്ടിയത്. അത് വാങ്ങിയപ്പോൾ അവളുടെ മുഖം തുടുത്തതോടൊപ്പം ചുണ്ടിലൊരു പുഞ്ചിരി മിന്നി മാഞ്ഞത് അനന്തൻ കണ്ടു.

അവന്റെ നോട്ടം കണ്ടതും ഒരു പിടയലോടെ പത്മ ധൃതിയിൽ പടവുകൾ കയറി നടന്നു. അനന്തൻ കുളത്തിലെ വെള്ളത്തിലേക്കൊന്ന് തിരിഞ്ഞു നോക്കി. അവിടെ വെള്ളത്തിൽ പരന്നു കിടക്കുന്ന താമരവള്ളികൾക്കും ഇലകൾക്കും പൂക്കൾക്കുമിടയിലായി ശിരസ്സുയർത്തി നിന്നിരുന്ന മണി നാഗത്തെ അനന്തൻ കണ്ടിരുന്നു. പതിയെ കണ്ണുകളൊന്ന് ചിമ്മി കാണിച്ചു അനന്തൻ പടവുകൾ കയറി. അനന്തനും പത്മയും നടന്നകന്നതും സ്വർണ്ണനാഗം പതിയെ വെള്ളത്തിൽ നിന്നും താമരയിലകൾക്കിടയിലൂടെ പടവിലേക്ക് കയറി… കുളത്തിലെ വെള്ളം പിന്നെയും ഇളകി മറിഞ്ഞു. ആടിയുലഞ്ഞ താമരപ്പൂവുകളിൽ ചിലതെല്ലാം വെള്ളത്തിൽ മറഞ്ഞു…

“എടോ ഞാനിന്ന് തന്റെ കഴുത്തിലല്ലേ താലി കെട്ടിയത്, പിന്നെ എങ്ങിനെ ഈ നാവിനു അനക്കമൊന്നുമില്ലാതായി.. ശേ ബോറടിക്കുന്നു, ഇതൊരു മാതിരി അവാർഡ് പടം മാതിരിയുണ്ട് ” “ഞാൻ ആദ്യമായിട്ടാണ് കല്യാണം കഴിക്കുന്നേ… അതാവും ” അറിയാതെ പത്മയുടെ നാവിൽ നിന്നും വീണുപോയതാണ്, ഒന്ന് പകച്ചെങ്കിലും പിന്നൊരു പൊട്ടിച്ചിരിയായിരുന്നു അനന്തൻ ” “ആഹാ അങ്ങിനെയാണോ.. ഇതിൽ ഇത്ര ടെൻഷൻ അടിക്കാനൊന്നുമില്ലാന്നേ.. ഒരു ആദ്യരാത്രി, പിന്നെയൊരു അഞ്ചാറ് ഹണിമൂൺ ട്രിപ്പ്‌.. പിന്നെ ഒരാറേഴ്‌ പിള്ളേരുമായിട്ട് നമുക്ക് ലൈഫങ്ങു അടിപൊളിക്കാന്നേ , കൊച്ചു വിഷമിക്കാതിരി.. ” പത്മ അനന്തനെ തുറിച്ചു നോക്കി.

“ഇങ്ങനെ നോക്കല്ലേ പെണ്ണേ, ആ ഉണ്ടക്കണ്ണു തള്ളി താഴെ വീഴും ” നല്ല മറുപടിയൊരെണ്ണം വായിൽ വന്നെങ്കിലും കല്യാണം ഇന്ന് കഴിഞ്ഞതേയുള്ളൂ എന്നോർത്തപ്പോൾ പത്മ മുഖം വെട്ടി തിരിച്ചങ്ങു നടന്നു. ഒപ്പം ചിരിയടക്കാനാവാതെ അനന്തനും. എല്ലാവരുടെയും നോട്ടം താൻ രണ്ടു കൈകൊണ്ടും മാറോട് ചേർത്തു പിടിച്ച താമരപ്പൂക്കളിലാണെന്ന് പൂമുഖത്തേയ്ക്ക് കയറുമ്പോഴാണ് പത്മ ശ്രദ്ധിച്ചത്. ചമ്മലോടെ അവളത് തെല്ലു താഴ്ത്തി പിറകിലേക്കാക്കിയതും അരുന്ധതി ചിരിയോടെ പത്മയെ ചേർത്തു പിടിച്ചു. “നിന്റെ കുട്ടിക്കളി ഇനിയും തീർന്നില്യേ..” സുധ അവൾക്കരികിലേക്ക് വന്നതും അരുന്ധതി കൈ കൊണ്ട് വേണ്ടാന്ന് കാട്ടി.

“എത്ര പറഞ്ഞാലും കേൾക്കില്ല്യ, കാണുന്നത് പോലെയല്ല നല്ല താഴ്ചയാ ആ കുളത്തിന് ” “അവളല്ല അമ്മേ ഞാനാ പറച്ചു കൊടുത്തത്” “ആഹാ.. ” അനന്തൻ പറഞ്ഞതും എല്ലാരും ചിരിച്ചു, പത്മ മെല്ലെ അകത്തേക്ക് നടന്നു. നടുമുറ്റത്തെ ഓട്ടുരുളി കണ്ടതും പത്മ താമരപ്പൂക്കൾ അതിലെ വെള്ളത്തിൽ കൊണ്ടു വെച്ചു. തെല്ലു സമയം അതിന്റെ ഭംഗി നോക്കി നിന്നു തിരിഞ്ഞു നടന്നതും കണ്ടു ഉരുളൻ കൽതൂണുകളിൽ പടർന്നു കയറിയ മുല്ലവള്ളികൾക്കരികെ ഫോണിൽ സംസാരിച്ചു നിൽക്കുന്ന അനന്തൻ. അവന്റെ കണ്ണുകൾ അവളിലായിരുന്നു. ആ നോട്ടം കണ്ടില്ലെന്ന് നടിച്ചു പത്മ നടന്നു. എല്ലാം കണ്ടു നിന്ന അഞ്ജലി കടപ്പല്ലു ഞെരിച്ചു, അവളുടെ കണ്ണുകളിൽ നിറയെ പകയായിരുന്നു. എല്ലാവരും അത്താഴം കഴിക്കാനിരുന്നെങ്കിലും അഞ്ജലി തലവേദനയാണെന്ന് പറഞ്ഞു.

പത്മ അനന്തനരികെയാണ് ഇരുന്നത്. അറിയാതെ പോലും നോട്ടം അവനിലേക്ക് എത്താതിരിക്കാനായി അവൾ തല കുനിച്ചിരിക്കുന്നത് കണ്ടു അനന്തന് ചിരി വരുന്നുണ്ടായിരുന്നു. കോഫി വേണമെന്ന് പറഞ്ഞു കൊണ്ട് അഞ്ജലി ശാന്തമ്മയോടൊപ്പം അടുക്കളയിലേക്ക് പോവുന്നത് പത്മ കണ്ടു. കഴിച്ചു കഴിഞ്ഞിട്ടും പത്മ അടുക്കളയിൽ സുധയും ശാന്തമ്മയും ജോലികളൊതുക്കുന്നത് നോക്കി ചുറ്റി പറ്റി നിന്നു. “ആഹാ മോളിവിടെ നിൽക്കായിരുന്നോ.. ” അങ്ങോട്ട്‌ വന്ന അരുന്ധതി പത്മയോടായി പറഞ്ഞിട്ട് ശാന്തയെ നോക്കി. “ശാന്തേച്ചി ആ പാല് എടുത്തു വെച്ചില്ലായിരുന്നോ ” ശാന്തമ്മ എടുത്തു കൊടുത്ത പാൽ ഗ്ലാസ്സ് പത്മയുടെ കൈയിലേക്ക് വെച്ചു ചിരിയോടെ അരുന്ധതി പറഞ്ഞു.

“സമയം ഒത്തിരിയായി, മോള് ചെല്ല്.. ” പരുങ്ങലോടെ പാൽ ഗ്ലാസ് കൈയിൽ വാങ്ങി പത്മ നടന്നു. ഇരുളടഞ്ഞ ഗോവണിപ്പടിയുടെ മുകളിൽ അവളെയും നോക്കി നിന്ന അഞ്ജലിയുടെ മുഖം മുറുകി.. ആദ്യരാത്രിയെയും വിവാഹജീവിതത്തെയും പറ്റിയൊക്കെ ശ്രുതിയും കൃഷ്ണയുമൊക്കെ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കൊപ്പം അനന്തന്റെ മുഖം കൂടെ മനസ്സിൽ വന്നതോടെ പത്മയ്ക്ക് അടിമുടി വിറയലനുഭവപ്പെട്ടു. മനസ്സില്ലാമനസ്സോടെ ചാരിയിട്ട വാതിൽ തള്ളി തുറന്ന് അകത്തു കടന്ന് പത്മ ചുറ്റും നോക്കി.ആളെ കാണാനില്ല. ദീർഘനിശ്വാസത്തോടെ പാൽഗ്ലാസ്സ് കട്ടിലിനരികെയുള്ള മേശപ്പുറത്ത് വെച്ചപ്പോഴാണ് അത് കണ്ടത്. ഒരു കുഞ്ഞുരുളിയിൽ നിറയെ പാതി വിരിഞ്ഞു തുടങ്ങിയ മുല്ലമൊട്ടുകൾ.. അതിലൊന്നെടുത്തപ്പോഴാണ് ബാത്റൂമിന്റെ വാതിൽ തുറന്നത്.

പത്മയുടെ കൈയിൽ നിന്നത് താഴെ പോയി. തല തുവർത്തികൊണ്ട് മൂളിപ്പാട്ടോടെ പുറത്തിറങ്ങിയ അനന്തൻ അവളെ കണ്ടു ഒരു നിമിഷം നിന്നു. പിന്നെ പത്മയെ നോക്കി ഒരു കള്ളച്ചിരിയോടെ കൈയിലെ ബാത്ത് ടവൽ സ്റാൻഡിലേക്കിട്ട് കണ്ണാടിയ്ക്ക് മുൻപിലേക്ക് നീങ്ങി നിന്നു. “ഇയാൾക്കാ ടവ്വൽ എടുത്തൊന്ന് പുതച്ചൂടെ, മസിലും കാണിച്ചു നില്ക്കാണ്… നാണമില്ലാത്തവൻ ” പത്മ പിറുപിറുത്തതാണെങ്കിലും കൃത്യമായി അത് അനന്തന്റെ ചെവിയിലെത്തി. “അതേടി എനിക്ക് നാണം കുറച്ചു കുറവാ.. എന്റെ വീട്, എന്റെ ബെഡ്‌റൂം, എന്റെ ഭാര്യ.. ഞാൻ വേണേൽ തുണിയില്ലാണ്ടും നടക്കും ” മുടി ചീകാൻ ചീർപ്പ് എടുക്കുന്നതിനിടെയാണ് അനന്തൻ പറഞ്ഞു.

“ഛെ.. ” അവനെ നോക്കാനായി മുഖമുയർത്തിയപ്പോഴാണ് പത്മ അത് ശ്രദ്ധിച്ചത്. അനന്തന്റെ ഇടത്തേകൈയിൽ ഷോൾഡറിന് താഴെയായി വെള്ളി നിറത്തിൽ തിളങ്ങുന്ന നാഗരൂപം. സ്വയമറിയാതെ അവൾ അവനരികെ എത്തി അതിൽ തൊട്ടു. “ഇത്…? ” പത്മയുടെ നീക്കത്തിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും അനന്തനും അവൾ തൊട്ടയിടത്തേക്ക് നോക്കി. ആ അടയാളം കണ്ടപ്പോൾ മുഖത്തുണ്ടായ ഭാവം സമർത്ഥമായി മറച്ചു കൊണ്ട് അവൻ ചോദിച്ചു. “ഇതിനെന്താ…? ” “ഇത്.. ഇത് ടാറ്റൂ ചെയ്തതാണോ..? ” “ആണെങ്കിൽ..? ” “അത്.. ഇത് പോലൊരെണ്ണം എന്റെ ദേഹത്തുമുണ്ട് ” ഞെട്ടൽ പുറത്തു കാണിക്കാതെ അനന്തൻ ചോദിച്ചു.

“നീയും ടാറ്റൂ ചെയ്തോ? ആട്ടെ നിന്റെ കൈയിലാണോ? ” “ഞാൻ ടാറ്റൂ ഒന്നും ചെയ്തില്ല.. ” “പിന്നെ? എവിടെ കാണിച്ചേ.. ” നേര്യേത് വയറ്റിലേക്ക് വലിച്ചു പിടിച്ചു കൊണ്ട് പത്മ രണ്ടടി പിറകോട്ടു വെച്ചു. അനന്തൻ സംശയത്തോടെ അവളെ നോക്കി. “എന്റെ.. എന്റെ വയറിലാ.. ” അനന്തന്റെ പതിഞ്ഞ ചിരി കേട്ടതും പത്മ പിറകിലേക്ക് നടന്നു. അവൻ അടിവെച്ചു അരികിലെത്തുന്നതിനനുസരിച്ച് അവളുടെ നേര്യേത്തിലെ പിടുത്തം മുറുകി. ” ആഹാ.. ഞാനൊന്ന് കാണട്ടെ.. ” പത്മ അവനെ തുറിച്ചു നോക്കി പിറകോട്ടു നടന്നു വാതിലിൽ തട്ടി നിന്നു. അനന്തൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിയോടെ അവൾക്കരികിലെത്തി.

“ന്നെ തൊട്ടാൽ ഞാൻ ഒച്ചയെടുക്കും.. ” അനന്തൻ ഒട്ടും ധൃതിയില്ലാതെ രണ്ടു കൈകളും വാതിലിൽ പത്മയുടെ വശങ്ങളിലായി വെച്ചു. അവളുടെ കാതോരം ചോദിച്ചു. “എന്നിട്ട് എല്ലാരും വരുമ്പോൾ എന്റെ ഭാര്യ എന്ത് പറയും.. ഊം.. ഞാൻ നിന്നെ തൊടാൻ നോക്കീന്നോ? ” പത്മ ഒന്നും പറഞ്ഞില്ല. അനന്തൻ ചേർന്നു നിന്നപ്പോൾ ഒരു വെള്ളത്തുള്ളി അവന്റെ ദേഹത്ത് നിന്ന് അവളുടെ കഴുത്തിൽ വീണു. പത്മ ഒരു പിടച്ചിലോടെ കണ്ണുകൾ ഇറുകെയടച്ചു.ചെവിയ്ക്ക് താഴെയാണ് ആദ്യം ആ നിശ്വാസം പതിഞ്ഞത്. പത്മയുടെ ഹൃദയമിടിപ്പ് അവൾക്കു കേൾക്കാമായിരുന്നു. ഒന്നുരണ്ടു നിമിഷം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതായപ്പോൾ പത്മ പതിയെ കണ്ണുകൾ തുറന്നു.

അവളുടെ ഭാവം കണ്ട് നെഞ്ചിൽ കൈകൾ പിണച്ചു വെച്ചു മേശമേൽ ചാരി നിന്ന് ചിരിക്കുകയായിരുന്നു അനന്തൻ. അനന്തനെ കൂർപ്പിച്ചൊന്നു നോക്കിയിട്ട് പത്മ കട്ടിലിനരികിലേക്ക് നടന്നു. മേശവലിപ്പിൽ നിന്ന് എന്തോ കൈയിലെടുത്തിട്ടാണ് അനന്തൻ അവൾക്കരികിൽ എത്തിയത്. പത്മ പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അവൻ അവളെ കോരിയെടുത്തു. ഒന്ന് കുതറാൻ പോലും സമയം കിട്ടുന്നതിന് മുൻപേ കട്ടിലിൽ ഇരുത്തിയിരുന്നു. താഴെ അവൾക്കരികെ മുട്ടുകാൽ മടക്കിയിരുന്നു അനന്തൻ പത്മയുടെ ഇടതുകാൽപ്പാദം അവന്റെ മടിയിലേക്ക് വെച്ചു. പത്മയെ നോക്കിയൊന്നു കണ്ണിറുക്കി ആ കൊലുസ്സ് അവളുടെ കാലിൽ മുറുക്കിയിട്ടു.

പത്മ കാൽ വലിച്ചതും അനന്തൻ എഴുന്നേറ്റു അവൾക്കു നേരേ മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു. “പറഞ്ഞ വാക്ക് പാലിക്കുകയെന്നെതൊരു വീൿനെസ്സ് ആയിപ്പോയി കൊച്ചേ,ഒന്നും വിചാരിക്കരുത് ” ഇതിനിടെ പൂർണ്ണമായും ചാരാത്ത വാതിലിനിടയിലൂടെ ഇഴഞ്ഞെത്തിയ കുഞ്ഞു കരി നാഗത്തെ അവർ കണ്ടില്ല.. മേശപ്പുറത്തെ പാൽ ഗ്ലാസ്സിൽ അത് സ്പർശിച്ചു. പിന്നെ പതിയെ പുറത്തേക്കിഴഞ്ഞു നീങ്ങി. “ഓ വാതിൽ അടച്ചില്ലായിരുന്നോ.. ” വാതിൽ ലോക്ക് ചെയ്തു തിരിഞ്ഞപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന പാൽ അനന്തൻ കണ്ടത്. “ഇങ്ങനെയൊരു സംഭാവമുണ്ടായിരുന്നല്ലോ അല്ലേ? ” പാൽ ഗ്ലാസ്സ് കൈയിലെടുത്തപ്പോഴാണ് അവനത് കണ്ടത്. ഗ്ലാസിലെ പാലിന് നീല നിറം.

പത്മയെ ഒന്ന് നോക്കി അവൻ ആ ഗ്ലാസും കൈയിലെടുത്ത് ബാത്റൂമിലേക്ക് നടന്നു. പാൽ ഒഴിച്ച് കളഞ്ഞു ഗ്ലാസ് കഴുകിയിട്ടാണ് അവൻ പുറത്തേക്ക് വന്നത്. ഗ്ലാസ്‌ മേശപ്പുറത്തു വെച്ച് അനന്തൻ കട്ടിലിനരികിൽ എത്തിയപ്പോഴും പത്മ അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു. “സ്വപ്നം കണ്ടിരിക്കാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ ” ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കാൻ തുടങ്ങുമ്പോൾ, എന്തോ ഓർത്തത്‌ പോലെ ബെഡ്ലാമ്പിന്റെ സ്വിച്ചിട്ട് കൊണ്ട് അനന്തൻ പറഞ്ഞു. പത്മ ഒരറ്റത്തേക്ക് ഒതുങ്ങി കിടന്നു. തൊട്ടടുത്തു നിന്ന് അനന്തൻ ഓരോ തവണ അനങ്ങുമ്പോഴും അവളുടെ ഹൃദയമിടിപ്പ് കൂടി. പത്മ ഒന്ന് കൂടി ഒതുങ്ങിക്കൂടുന്നതിനിടയിലാണ് ആ നിശ്വാസം പുറകിൽ പതിച്ചത്, ചെവിയിൽ ആ വാക്കുകളും.

“ഇങ്ങനെ ടെൻഷനടിച്ചാൽ വല്ല ഹാർട്ട്‌ അറ്റാക്കും വരും പെണ്ണേ. കഴുത്തിൽ താലി ചാത്തിയെന്ന് വെച്ച് അധികാരം കാണിക്കാൻ വരില്ല ഞാൻ. തന്റെ സമ്മതത്തോടെയേ സ്വന്തമാക്കൂ ” ഒരു പുതപ്പ് തന്റെ മേൽ വന്നത് അറിയുമ്പോഴും പത്മ കണ്ണുകളിറുക്കിയടച്ച് കിടക്കുകയായിരുന്നു. അവരുടെ മുറിയുടെ പുറത്ത് വാതിൽ പടിയിൽ പത്തി വിടർത്തിയ കരിനാഗം അപ്പോഴുമുണ്ടായിരുന്നു… കാവലായി… ………………………………………………………………….. “നീ എന്തിനാ മോളെ അങ്ങനെ ചെയ്തത്.. അത് അനന്തനും കുടിക്കില്ലേ, നിന്നോട് ഞാൻ പറഞ്ഞതല്ലേ കുറച്ചു കൂടെ കാത്തിരിക്കാൻ ” “എനിക്ക് സഹിച്ചില്ല മമ്മി, എനിക്ക് കിട്ടിയില്ലെങ്കിൽ അവനെ ആർക്കും കിട്ടരുതെന്ന് വിചാരിച്ചു പോയി ഞാൻ ഒരു നിമിഷം..അതാണ്‌ ഞാൻ ആ പാലിൽ വിഷം കലർത്തിയത്. പക്ഷേ എനിക്ക് പേടിയാവുന്നു മമ്മി.. എനിക്ക്.. എനിക്ക് അനന്തിനെ വേണം മമ്മി.. ” “നീ തന്നെ എല്ലാം ചെയ്തു വെച്ചു.

ഇനി പറഞ്ഞിട്ടെന്താ, എന്തായാലും രാവിലെ നോക്കാം..എന്ത് സംഭവിച്ചാലും നീ ഒന്നും അറിഞ്ഞതായി ഭവിക്കണ്ട, കേട്ടല്ലോ ” കാൾ കട്ടായിട്ടും ഇരുട്ടിൽ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു അഞ്ജലി, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ………………………………………………………………………… പന്തങ്ങളുടെ വെളിച്ചത്തിൽ ആ കരിനീല മിഴികൾ ജ്വലിച്ചു. സർപ്പസൗന്ദര്യം നിറഞ്ഞു നിന്ന മുഖത്ത് തെളിഞ്ഞത് ക്രൗര്യമായിരുന്നു. ആ നിലവറയ്ക്കപ്പുറത്തെ ഇടനാഴിയിലൂടെ കടന്നു വന്ന ഇളം കാറ്റ് പോലും അവളെ പേടിച്ചെന്ന പോലെ അങ്ങോട്ട്‌ കടക്കാൻ മടിച്ചു നിന്നു. “ഞാൻ അന്നേ പറഞ്ഞതല്ലേ നിങ്ങളോട്.. അവൻ ബുദ്ധിരാക്ഷസനാണെന്ന്. ആ ജാതവേദന്റെ കുരുട്ടു ബുദ്ധിയോടൊപ്പം വിഷ്ണുനാരായണന്റെ സാമർഥ്യവും അവന് കിട്ടിയിട്ടുണ്ട്.

അനന്തപത്മനാഭനെ തോൽപ്പിക്കാൻ എളുപ്പമല്ല. ഭദ്രൻ തിരുമേനി പറയുന്നത് പോലും അവന്റെ നിർദേശങ്ങളാണ്. ഒരുങ്ങി തന്നെയാണ് അവൻ നാഗകാളി മഠത്തിൽ അവതരിച്ചിട്ടുള്ളത്… കൂട്ടിനു അവളും.. സുഭദ്രയുടെ ജന്മം.. ” മാന്ത്രികക്കളത്തിൽ പത്തി വിടർത്തിയാടുന്ന കരിമൂർഖനെ നോക്കിക്കൊണ്ട് ആ സർപ്പസുന്ദരിയ്ക്കു അഭിമുഖമായി പീഠത്തിലിരുന്ന ആജാനബാഹുവായ മനുഷ്യൻ ഒന്ന് ചിരിച്ചു.. പുച്ഛമായിരുന്നു അതിൽ നിറയെ. “നാഗകാളി മഠത്തിന്റെ ഉടയോൻ എന്റെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ. എനിക്ക് വേണ്ടത് അവളെയാണ്. ആരും മോഹിക്കുന്ന നാഗക്കാവിലമ്മയെ… പൂർത്തിയാക്കാൻ കഴിയാത്ത എന്റെ മോഹം. നമ്മൾ ഒന്ന് ചേർന്നു തന്നെ നാഗകാളി മഠത്തിലെ വംശ പരമ്പരകളെ മുച്ചൂടും മുടിക്കും..

” അയാളുടെ ശബ്ദം നിലവറയുടെ കരിങ്കൽ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു.. അവളുടെ കരിനീല കണ്ണുകൾ തിളങ്ങി.. അതിലെ പകയും… ………………………………………………………………. “എന്തൊരു ഉറക്കമാ പെണ്ണേ ഇത്? ഇക്കണക്കിനു ഉറക്കത്തിലാരെങ്കിലും എടുത്തോണ്ട് പോയാൽ അറിയില്ലല്ലോ ” അനന്തൻ ചുമലിൽ കുലുക്കി വിളിച്ചപ്പോഴാണ് പത്മ കണ്ണു തുറന്നത്. “നിങ്ങൾ… നിങ്ങളെന്താ ഇവിടെ..? ” പെട്ടെന്തോ ഓർത്ത പോലെ പത്മ പിടഞ്ഞെഴുന്നേറ്റു. പതിഞ്ഞ ചിരിയോടൊപ്പം ആ ശബ്ദവും കാതിൽ പതിച്ചു. “ഞാനിന്നലെ ചെറിയൊരു കല്യാണം കഴിച്ചിരുന്നു… തമ്പുരാട്ടിയെ.. ” അവളെ നോക്കി കൊണ്ട് അനന്തൻ പറഞ്ഞു.

“പോയി കുളിച്ചിട്ട് വാ പെണ്ണേ… ” അനന്തന് ഒരു കൂർത്ത നോട്ടം നൽകിക്കൊണ്ട് പത്മ മാറാനുള്ള ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി. നാഗക്കാവിൽ വിളക്ക് വെച്ച് കഴിഞ്ഞു, നിലവറയുടെ മുൻപിൽ പൂജ ചെയ്തിട്ട് അനന്തനോടും പത്മയോടും നിലവറയ്ക്കുള്ളിൽ കടക്കാൻ ഭദ്രൻ തിരുമേനി പറഞ്ഞു. നാഗക്കാവിൽ തൊഴുതു തിരിഞ്ഞു നടക്കുന്നതിനിടെ പൊടുന്നനെയാണ് അനന്തൻ പത്മയോട് അത് പറഞ്ഞത്. “ഈ കാവിനുള്ളിലേക്ക് മറ്റൊരു വഴി കൂടെയുണ്ട്…വർഷങ്ങളായി ആരും സഞ്ചരിക്കാത്ത ഒരു വഴി…” പത്മ അത്ഭുതത്തോടെ, അതിലേറെ അവിശ്വാസത്തോടെ അവനെ നോക്കി…

(തുടരും )

നാഗമാണിക്യം: ഭാഗം 14

Share this story