നാഗമാണിക്യം: ഭാഗം 17

Share with your friends

എഴുത്തുകാരി: സൂര്യകാന്തി

“എത്ര പറഞ്ഞതാ ഞാൻ അവിടെ പോയി ഇരിക്കരുതെന്ന്.. പറഞ്ഞാലും കേൾക്കില്ല്യാന്ന്ച്ചാൽ ന്താ ചെയ്യാ.. അതിലേ പോവുമ്പോൾ തന്നെ ബാക്കിയുള്ളോരുടെ നെഞ്ചിൽ തീയാ.. ” സുധർമ്മ പറയുന്നതിനൊന്നും പകരം പറയാതെ മുറിയിലെ കട്ടിലിൽ മുട്ടുകാലിൽ മുഖം ചേർത്ത് കണ്ണടച്ചിരിക്കുകയായിരുന്നു പത്മ. “സാരല്ല്യ സുധേ ഒന്നും പറ്റിയില്ലല്ലോ, ഇനിയും അവളെ വഴക്ക് പറയണ്ട…” പത്മയുടെ അരികിലിരുന്ന അരുന്ധതി അവളുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു. ഷെൽഫിൽ നിന്ന് എന്തോ എടുക്കാനെന്ന വ്യാജേന മുറിയിൽ നിന്ന അനന്തന്റെ കണ്ണുകൾ പത്മയിലായിരുന്നു. അവൾ കണ്ണുകൾ തുറന്നില്ല “വാ സുധേ, മോള് കുറച്ചു റസ്റ്റ്‌ എടുത്തോട്ടെ..” വാതിൽക്കൽ എത്തിയപ്പോൾ അരുന്ധതിയൊന്നു തല തിരിച്ച് അനന്തനെ നോക്കി.

അവൻ കണ്ണ് ചിമ്മി കാണിച്ചു. അവർ പോയതും അനന്തൻ ഷെൽഫ് അടച്ചു പതിയെ കട്ടിലിൽ പത്മയ്ക്കരികിലിരുന്നു. “സോറി… ” ചെവിയിലാണ് പറഞ്ഞത്. പക്ഷേ പത്മ മുഖമുയർത്തുകയോ അനന്തനെ നോക്കുകയോ ചെയ്തില്ല. “നിക്കൊന്ന് കിടക്കണം….. തനിച്ച്… ” കണ്ണുകൾ തുറക്കാതെ തന്നെയാണവൾ പറഞ്ഞത്. അനന്തൻ പത്മയെ ഒന്ന് നോക്കി എഴുന്നേറ്റു. “കിടന്നോളൂ… ” പത്മ പതിയെ ചരിഞ്ഞു കിടന്നു കണ്ണുകൾ അടച്ചു. അവളുടെ മുഖത്ത് നിർവികാരതയായിരുന്നു. അനന്തൻ പുതപ്പെടുത്ത് അവളുടെ മേലിട്ടു. ഒരു നിമിഷം കണ്ണടച്ചു കിടക്കുന്ന അവളെ നോക്കി നിന്നിട്ട് കുനിഞ്ഞു മെല്ലെ പത്മയുടെ നെറ്റിയിൽ ചുണ്ടമർത്തി. ഒന്നു ഞെട്ടിയെങ്കിലും പത്മ കണ്ണുകൾ ഇറുകെ അടച്ചു തന്നെ കിടന്നു.

അവളെ ഒന്ന് കൂടെ നോക്കിയിട്ട് അനന്തൻ പുറത്തേക്ക് നടന്നു.. ക്ഷീണം കാരണം അവൾ മയങ്ങിപ്പോയി. പിന്നെ കണ്ണുകൾ തുറന്നപ്പോൾ കട്ടിലിൽ ചാരി അവൾക്കരികെ അനന്തനുമുണ്ടായിരുന്നു. കൈയിൽ മൊബൈലും… സമയം സന്ധ്യയാവാറായതു കണ്ടു ധൃതിയിൽ എഴുന്നേറ്റു ഡ്രസ്സുമായി അവൾ ബാത്റൂമിലേക്ക് നടക്കുമ്പോഴാണ് അനന്തൻ പറഞ്ഞത്. “വയ്യെങ്കിൽ റസ്റ്റ്‌ എടുത്തോളൂ, കാവിൽ ഇന്ന് ഞാൻ തിരി വെച്ചോളാം.. ” പത്മ അവനെ നോക്കിയതുമില്ല, ഒന്നും പറഞ്ഞതുമില്ല… ബാത്‌റൂമിൽ കയറി ഡോർ അടച്ചു. അടഞ്ഞ വാതിലിനു നേരേ ഒന്ന് നോക്കിയിട്ട് അനന്തൻ തലയാട്ടി.. ഇത്തിരി കഴിഞ്ഞു അവൾ പുറത്തിറങ്ങിയപ്പോൾ ബാത്‌റൂമിലേക്ക് നടന്നു കൊണ്ട് അനന്തൻ പറഞ്ഞു. “രണ്ടു മിനിറ്റ്.. ഞാനും വരാം… ”

കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി കോതിയൊതുക്കുകയായിരുന്ന പത്മയിൽ നിന്നും അതിനും പ്രതികരണമൊന്നുമുണ്ടായില്ല. അനന്തൻ പൂമുഖത്തെത്തുമ്പോൾ പത്മ അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു. അവിടെ എല്ലാവരും ഉണ്ടായിരുന്നത് കൊണ്ടും ഒറ്റയ്ക്ക് പോയാൽ വഴക്ക് പറയുമെന്ന് അറിയാവുന്നത് കൊണ്ടുമാണ് അവൾ കാത്തു നിന്നതെന്ന് അനന്തന് അറിയാമായിരുന്നു. അനന്തനൊപ്പം നടക്കുമ്പോഴും പത്മ അവനെ നോക്കിയതേയില്ല. അനന്തൻ ഇടയ്ക്കിടെ അവളെ നോക്കി കൊണ്ടേയിരുന്നു. കുളത്തിൽ മുങ്ങി പൊങ്ങുന്ന അവളെ കണ്ടപ്പോഴുണ്ടായ നെഞ്ചിലെ പിടച്ചിൽ ഈ ജന്മം മറക്കാനാവില്ലെന്നവനറിയാം.. പത്മയെ തിരഞ്ഞു തന്നെയാണ് മുറ്റത്തേക്കിറങ്ങിയത്. പിണക്കമാവുമെന്നറിയാം. അഞ്ജലിയും പത്മയും തമ്മിൽ സംസാരിച്ചതൊന്നും കേട്ടില്ലെങ്കിലും പത്മ അവളെ അടിക്കാൻ കൈയ്യുയർത്തുന്നത് കണ്ടപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

അവർ തമ്മിലൊരു ശത്രുത വേണ്ടെന്നു തോന്നി. അഞ്ജലിയുടെ മനസ്സ് അറിയാഞ്ഞിട്ടല്ല. ആദ്യമായി തന്നെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ ഞെട്ടലായിരുന്നു. അവളോടെന്നല്ല മറ്റൊരു പെണ്ണിനോടും അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല, തനിക്കായി പിറന്നവൾ എവിടെയോ ഉണ്ടെന്നത് കൗമാരത്തിലേ മുത്തച്ഛന്റെ വാക്കുകളിൽ നിന്നറിഞ്ഞതാണ്. പല തവണ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അഞ്ജലിയ്ക്ക് ഒരു തരം വാശി പോലെയായിരുന്നു.പിന്നെ പിന്നെ താനും അത് ശ്രദ്ധിക്കാതെയായി. തന്റെ കാര്യത്തിൽ അവൾ കാണിച്ചു കൊണ്ടിരുന്ന പിടിവാശികൾ അമ്മയ്ക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാവുന്നതുമാണ്. തന്റെ വിവാഹത്തോടെ അവളുടെ മനസ്സ് മാറുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു..

തന്നോളം തന്നെ ദേഷ്യവും വാശിയുമെല്ലാം പത്മയ്ക്കുമുണ്ട്. അതിനെ മെരുക്കിയെടുക്കാൻ ഇച്ചിരി പാടാണ്. ഒന്ന് റെഡി ആയി വന്നു എന്ന് വിചാരിക്കുമ്പോഴേക്കും പിന്നെയും പിടി വിട്ടു പോകും. പത്മയില്ലെങ്കിൽ അനന്തനുമില്ലെന്ന് എന്നാണോ ആ കുരിപ്പ് മനസിലാക്കുന്നത്… അകത്തെവിടെയും കാണാഞ്ഞിട്ടാണ് പുറത്തേക്കിറങ്ങിയത്. പെട്ടെന്നൊന്നും ഇണങ്ങില്ലെന്ന് ഉറപ്പാണ്.. പെട്ടെന്നാണ് തൊട്ടു മുൻപിലൂടെ ധൃതിയിൽ പോയ ആളെ കണ്ടത്.. പത്മയുടെ തോഴൻ.. കാവിലെ കരിനാഗം.. പിന്നാലെ ഓടിയെത്തിത് താമരക്കുളത്തിനരികിലേക്കാണ്. പൊങ്ങി താഴുന്ന കൈകളിൽ പിടുത്തമിടുമ്പോൾ ഉള്ളിൽ അലറി കരയുകയായിരുന്നു. കാലിൽ ചുറ്റി പിണയുന്ന താമരവള്ളികൾക്കിടയിലൂടെ അവളെയും കൊണ്ട് പടവുകളിലേക്ക് കയറുമ്പോഴും താഴെ പടവിൽ പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു നാഗത്താൻ..

പടവിൽ കിടത്തുമ്പോൾ വാടിയ ചേമ്പിൻ താളു പോലെ കിടക്കുകയായിരുന്നു പെണ്ണ്. വയറിൽ കൈയ്യമർത്തിയപ്പോൾ ഉള്ളിൽ കയറിയ വെള്ളം മുഴുവൻ പുറത്തേക്ക് വന്നു. എന്നിട്ടും കണ്ണു തുറക്കാതായപ്പോൾ തൊട്ടരികെ വന്നു നിന്ന അവളുടെ കൂട്ടുകാരനെ ഒന്ന് നോക്കി. പതിയെ അവളുടെ മുഖത്തിന്‌ നേരേ മുഖം കുനിച്ചപ്പോഴേക്കും പെണ്ണ് കണ്ണു തുറന്നു. ഞെട്ടലായിരുന്നു ആ മുഖത്ത് അപ്പോഴും.. തളർന്നിട്ടും അവളുടെ വാശിയ്ക്ക് കുറവൊന്നുമില്ലായിരുന്നു. അത് കണക്കിലെടുക്കാതെ ഇത്തിരി ബലമായി തന്നെ കൈകളിൽ ചേർത്തെടുത്താണ് മനയ്ക്കലേക്ക് നടന്നത്. കണ്ണുകൾ ഇറുകെ അടച്ചു വെച്ച ആ മുഖത്തേക്ക് നോക്കി നടക്കുമ്പോഴും അവളുടെ ഹൃദയതാളമറിഞ്ഞിരുന്നു.

മുറ്റത്തെത്തിയിട്ടും പോവാൻ കൂട്ടാക്കാതിരുന്ന അവളുടെ കൂട്ടുകാരൻ, തെല്ലു സംശയിച്ചു നിന്നിട്ടാണ് മുറ്റത്തെ അരളിച്ചുവട്ടിലേക്ക് ഇഴഞ്ഞു നീങ്ങിയത്. നനഞ്ഞ ഡ്രസ്സ്‌ മാറ്റാൻ സുധ സഹായിക്കാൻ ചെന്നിട്ടും സമ്മതിക്കാതെ, വയ്യെങ്കിലും ഡ്രസ്സുമെടുത്ത് ബാത്‌റൂമിൽ കയറി കതകടച്ചു പത്മ. എന്നിട്ടും ഈ നിമിഷം വരെ തന്റെ മുഖത്ത് നോക്കുകയോ ഒരക്ഷരം ഉരിയാടുകയോ ചെയ്തിട്ടില്ലവൾ.. അമ്മയടക്കം ചോദിച്ചവരോടെല്ലാം കാല് തെന്നി വീണതാണെന്ന് പറയുന്നത് കേട്ടു.. കാവിലേക്ക് നടക്കുന്നതിനിടയിൽ പത്മ കുളത്തിലേക്കൊന്നു നോക്കി. പടവുകളിൽ താമരവള്ളികളും ഇലകളുമൊക്കെ വാടി കിടപ്പുണ്ടായിരുന്നു. എന്തിനെന്നറിയാതെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. ആരോടും പറഞ്ഞില്ലെങ്കിലും ആരോ പിറകിൽ എത്തിയതും ആഞ്ഞു തള്ളിയതും അറിഞ്ഞതാണ്…

കാവിലേക്കുള്ള പടിയിലേക്ക് കയറുമ്പോൾ അനന്തൻ കൈ നീട്ടിയെങ്കിലും അവനെ നോക്കാതെ പത്മ ഉള്ളിലേക്ക് കയറിപ്പോയി. വിളക്ക് വെച്ച് തൊഴുതു തിരിച്ചെത്തിയിട്ടും പത്മ അനന്തനെ മൈൻഡ് ചെയ്തില്ല. ഭക്ഷണം കഴിക്കാനിരുന്നപ്പോഴും എല്ലാവരോടും ഒന്ന് ചിരിച്ചെങ്കിലും അവൾ ആരോടും ഒന്നും സംസാരിച്ചില്ല. എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്കിൽ മറുപടി ഒതുക്കി. പത്മ കഴിക്കുന്നതിനിടെ എഴുന്നേറ്റ് പോവുന്നതും അരുന്ധതി ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറയുന്നതുമൊക്കെ അനന്തൻ ശ്രദ്ധിച്ചിരുന്നു.അവളുടെ മനസ്സിൽ മറ്റെന്തൊക്കെയോ ഉണ്ടെന്ന് അനന്തന് തോന്നി തുടങ്ങിയിരുന്നു. റൂമിലേക്ക് പോവാൻ തുടങ്ങുമ്പോഴാണ് ഭദ്രൻ തിരുമേനി വിളിക്കുന്നുവെന്ന് അരുന്ധതി വന്നു പറഞ്ഞത്. പത്മ റൂമിലേക്ക് ചെന്നപ്പോൾ അനന്തനും അവിടെ ഇരിപ്പുണ്ടായിരുന്നു.

“കുട്ടിയ്ക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ? ” തിരുമേനിയുടെ ചോദ്യത്തിന് അനന്തനെ ഒന്ന് നോക്കിയിട്ടാണ് അവൾ നിഷേധാർത്ഥത്തിൽ തലയാട്ടിയത്. “ഇല്ല്യാ… ” “പത്മ എങ്ങിനെയാ കുളത്തിലേക്ക് വീണത്…? ” അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം അവരെ രണ്ടു പേരെയും നോക്കാതെ നിലത്തേക്ക് നോക്കി പതിയെയാണ് പത്മ പറഞ്ഞത്. “പടവുകളിരുന്ന ന്നെ പിറകിൽ നിന്നും ആരോ തള്ളിയിട്ടതാണ്… ” അവൾ പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ അനന്തൻ ചാടിയെഴുന്നേറ്റിരുന്നു. ഒന്ന് ഞെട്ടിയെങ്കിലും ഭദ്രൻ തിരുമേനി ശാന്തമായാണ് ചോദിച്ചത്. “പത്മയ്ക്ക് അങ്ങനെ തോന്നാൻ കാരണമെന്താ, കുട്ടി ആരെയെങ്കിലും കണ്ടുവോ? ” “തോന്നിയതല്ല.. ന്റെ പുറകിൽ ആരോ ഉണ്ടായിരുന്നു.. അനന്തേട്ടനാവുമെന്ന് കരുതി ഞാൻ… ”

അനന്തന്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് പത്മ തുടർന്നു. “തിരിഞ്ഞു നോക്കാൻ തുടങ്ങുമ്പോഴാണ് ആരോ ന്നെ ശക്തിയായി തള്ളിയത്… ” “എന്നിട്ട്.. എന്നിട്ടെന്താ ഇത് വരെ താനൊന്നും പറയാതിരുന്നത്…? ” അവളെ പിടിച്ചുലച്ചു കൊണ്ടാണവൻ ചോദിച്ചത്. അനന്തന്റെ മുഖത്ത് പത്മ ഇത് വരെ കാണാത്തൊരു ഭാവമായിരുന്നു. തീക്ഷ്ണമായ, വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവം… പത്മ ഒന്നും പറഞ്ഞില്ല. അൽപ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം തിരുമേനി പറഞ്ഞു. “പത്മ ഇനി തനിയെ എവിടെയും പോവരുത്, അനന്തൻ എപ്പോഴും കൂടെ വേണം.. ” പതിയെ തലയാട്ടിക്കൊണ്ട് അവൾ ചോദിച്ചു. “ഇനി.. ഇനി ഞാൻ പൊയ്ക്കോട്ടെ.. ” “ശരി.. കുട്ടി പോയി കിടന്നോളൂ.. ”

ഭദ്രൻ തിരുമേനി പറഞ്ഞതും പത്മ അനന്തനെ ഒന്ന് നോക്കി. അവൻ അപ്പോഴും അവളുടെ കൈയിലെ പിടുത്തം വിട്ടിരുന്നില്ല.അനന്തൻ കൈയെടുത്തപ്പോൾ പത്മ അവനെ നോക്കാതെ പുറത്തേക്ക് നടന്നു. “എന്താടോ ഇത്, ശീതസമരം ഒന്നവസാനിച്ചോട്ടേന്ന് കരുതിയാണ് ഇത്രയും പെട്ടെന്നു വേളി നടത്തിയത്.. എന്നിട്ടിപ്പോൾ അവൾ തന്റെ മുഖത്ത് പോലും നോക്കണില്ല്യാലോ..? ” “ഇത് ഇത്രേം ബുദ്ധിമുട്ടുള്ളൊരു കാര്യമാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ആ പോയത് ഒരു ഇരുതല മൂർച്ചയുള്ള വാളാണ്, എവിടെ പിടിച്ചാലും മുറിയും.. ” ഭദ്രൻ തിരുമേനി പൊട്ടിച്ചിരിച്ചു. “ഈ പുറമെ കാണിക്കുന്ന കുറുമ്പൊക്കെയേ ഉള്ളെടോ .തന്നെ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഇപ്പോൾ. താലി കെട്ടിയവന് വേണ്ടി ജീവൻ പോലും ത്യജിക്കാനുള്ള മനസ്സുണ്ട് അവൾക്ക്.. ” അറിയാതെ തന്നെ അനന്തന്റെ കണ്ണുകൾ വിടർന്നു, ചിരി തെളിഞ്ഞു.

“എന്നാലും താൻ അഞ്ജലിയുടെ മുൻപിൽ വെച്ച് പത്മയോട് അങ്ങനെ പറയേണ്ടതില്ലായിരുന്നു ” “പറ്റിപ്പോയി, അവർ തമ്മിൽ സംസാരിച്ചതൊന്നും ഞാൻ കേട്ടില്ല, അഞ്ജലിയ്ക്ക് നേരേ പത്മ കൈയോങ്ങുന്നതാണ് ഞാൻ കണ്ടതും. അവൾ അടിച്ചിരുന്നെങ്കിൽ എത്ര കാലം കഴിഞ്ഞാലും അഞ്ജലി അത് മറക്കില്ല. അത് വേണ്ടെന്നു തോന്നി. അപ്പോൾ അങ്ങനെയൊക്കെ പറഞ്ഞു പോയി ” “അനന്തന് ഞാനൊരു ഉപദേശം തരാം. നിങ്ങൾ മാത്രമുള്ളപ്പോൾ പരസ്പരം വഴക്ക് കൂടാം..മിണ്ടാതിരിക്കാം. പക്ഷേ മൂന്നാമതൊരാളുടെ മുൻപിൽ വെച്ച് ദേഷ്യപ്പെടുമ്പോൾ അതിന്റെ പരിണിതഫലം നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും, കാരണം അതവര് പെട്ടെന്നൊന്നും മറക്കാനോ പൊറുക്കാനോ തയ്യാറാവില്ല…” ഭദ്രൻ തിരുമേനി ചിരിച്ചു.

കൂടെ അനന്തനും… “പക്ഷേ കുരുക്കുകൾ മുറുകുകയാണല്ലോ.. ഇനി സമയമേറെയില്ല, അതോർമ്മ വേണം.. ” അനന്തൻ പതിയെ തലയാട്ടി. പിന്നെ സാവധാനം പറഞ്ഞു. “എന്റെ പെണ്ണിനെ വേദനിപ്പിച്ചവൻ.. അതാരായാലും അവൻ അതിനനുഭവിച്ചിരിക്കും ” അനന്തൻ മുഷ്ടി ചുരുട്ടി കൊണ്ട് കടപ്പല്ലുകൾ ഞെരിച്ചു. ആ കണ്ണുകളൊന്ന് കുറുകി… അവൻ റൂമിൽ തിരികെ എത്തിയപ്പോഴേക്കും പത്മ ഉറങ്ങിയിരുന്നു. അവൾക്കരികെ ചേർന്നു കിടന്നു അനന്തൻ പതിയെ അവളുടെ വലതു ചെവിയ്ക്ക് താഴെ ചുണ്ടുകൾ ചേർത്തു. “ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാം… സോറി.. ” പത്മ അനങ്ങിയില്ല. “ആഹാ.. വാശിയ്ക്കും ഒട്ടും പിന്നിലല്ല ല്ലെ എന്റെ കുട്ടി ” പത്മ ഒന്നും പറയാതിരുന്നപ്പോൾ അനന്തൻ അവളെയും ചേർത്തു പിടിച്ച് തന്നെ ഉറങ്ങി പോയി…. പത്മയും…

രാവിലെ കണ്ണു തുറന്നപ്പോൾ അനന്തന്റെ കൈക്കുള്ളിലായിരുന്നു അവൾ. ശാന്തമായി ഉറങ്ങുന്ന അവന്റെ നീണ്ട മുടിയിഴകൾ പാറിപറക്കുന്നുണ്ടായിരുന്നു. കട്ടി കൂടിയ പുരികങ്ങൾക്ക് താഴെയുള്ള ഇടതൂർന്ന പീലികൾ ഇടയ്ക്കൊന്ന് ചിമ്മിയടഞ്ഞു.നെഞ്ചിലെ രോമരാജികളിൽ ചേർന്നു കിടന്നിരുന്ന മാലയിലെ ഓം എന്നെഴുതിയ ലോക്കറ്റിന് പിറകിലൊരു തിളക്കം കണ്ടു പത്മ പതിയെ കൈ നീട്ടിയതും അനന്തൻ ഒന്നിളകിയതും ഒരുമിച്ചായിരുന്നു . ഒരു നനുത്ത പുഞ്ചിരി ആ അധരങ്ങളിലുള്ള പോലെ പത്മയ്ക്ക് തോന്നി… ഇത്തിരി പണിപ്പെട്ടാണ് ആ കൈകൾക്കുള്ളിൽ നിന്ന് അനന്തനെ ഉണർത്താതെ അവൾ പുറത്തു കടന്നത്.. പത്മ കുളിച്ചിറങ്ങിയപ്പോഴേക്കും അനന്തൻ ഉണർന്നിരുന്നു. ബാത്റൂമിലേക്ക് കയറാൻ തുടങ്ങുന്നതിനു മുൻപേ അനന്തൻ തിരിഞ്ഞു നോക്കി പറഞ്ഞു.

“ഞാനും കൂടെ വന്നിട്ട് നിലവറയിലേക്ക് പോയാൽ മതി ” പത്മയൊന്നും പറഞ്ഞില്ല. “ഡോ.. തന്നോടാണ് പറഞ്ഞത്… ” അവന്റെ ശബ്ദം മുറുകിയിരുന്നു. പത്മ പതിയെ തലയാട്ടി. കതകടക്കുമ്പോൾ അനന്തന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു. അനന്തൻ ബാത്‌റൂമിൽ നിന്നിറങ്ങുമ്പോൾ പത്മ കട്ടിലിലിരിപ്പുണ്ടായിരുന്നു. നിലവറയിലേക്ക് നടക്കുമ്പോൾ അനന്തന് പിന്നിലായിരുന്നു അവൾ. കെടാവിളക്കിൽ എണ്ണ പകർന്നു തൊഴുതു കഴിഞ്ഞു പടികളിലെ സിന്ദൂരച്ചെപ്പിന് പത്മ കൈ നീട്ടിയപ്പോഴേക്കും അനന്തൻ അതെടുത്തിരുന്നു. അവന്റെ കൈകൾ സിന്ദൂരം ചാർത്തുമ്പോൾ ആ കണ്ണുകൾ കൂമ്പിയടയുന്നത് അനന്തൻ കണ്ടു. അനന്തൻ ചെപ്പ് തിരികെ വെക്കുമ്പോഴേക്കും അവൾ തിരിഞ്ഞു നടന്നിരുന്നു.

കൈ തുടച്ചു പിറകെ നടക്കുമ്പോൾ അനന്തൻ പറഞ്ഞു. “ഡോ അവിടെ നില്ക്ക്, ഞാനും അങ്ങോട്ട്‌ തന്നെയാ” ധൃതിയിൽ നടന്നു നിലവറയിൽ നിന്ന് മുകളിലേക്കുള്ള പടികൾ കയറുമ്പോഴാണ് പത്മയുടെ കൈയിൽ പിടുത്തം വീണത്. “നിന്നോടല്ലെടി പുല്ലേ നിൽക്കാൻ പറഞ്ഞത്..” അവളോട് മുഖമടുപ്പിച്ച് കൊണ്ടാണവൻ പറഞ്ഞത്. “സോറി പറഞ്ഞിങ്ങനെ പിന്നാലെ നടത്തിക്കാൻ നല്ല രസം തോന്നുന്നുണ്ടല്ലേ..” തെല്ലു നേരം മുഖം താഴ്ത്തി നിന്നിട്ടാണ് പത്മ പൊടുന്നനെ ചോദിച്ചത്. “നിങ്ങളും അഞ്ജലിയും പ്രണയത്തിലാണോ?” അനന്തൻ അവളെ നോക്കി നിന്നതേയുള്ളൂ. അവന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ കണികകൾ ഉറഞ്ഞു കൂടുന്നത് പത്മ കണ്ടില്ല.

“ഇവിടുത്തെ പൂജകൾക്ക് വേണ്ടി മാത്രാണോ ന്നെ വിവാഹം ചെയ്തത്..? ” അതിനും അനന്തൻ മറുപടിയൊന്നും പറഞ്ഞില്ല.പത്മ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിലായിരുന്നു അധരങ്ങൾ കവർന്നത്… ആദ്യചുംബനം.. അതിൽ പക്ഷേ ദേഷ്യവും സങ്കടവുമെല്ലാം കൂടി കലർന്നിരുന്നു. പത്മയുടെ വിരലുകൾ അറിയാതെ തന്നെ അനന്തന്റെ ചുമലിൽ മുറുകി. ഒടുവിൽ അനന്തന്റെ അധരങ്ങൾ വേർപിരിഞ്ഞിട്ടും ശ്വാസം എടുക്കാൻ മറന്നു പോയിരുന്നു പത്മ. ഒന്നു രണ്ടു നിമിഷം കഴിഞ്ഞപ്പോൾ കേട്ടു മുറുകിയ ആ ശബ്ദം. “ഇങ്ങനെ എനിക്ക് തോന്നിയിട്ടുള്ളത് തന്നോട് മാത്രമാണ്… മറ്റു പലതും….ഈ താലി കെട്ടി സ്വന്തമാക്കിയതും അതുകൊണ്ട് തന്നെയാണ്.അത് പക്ഷേ തന്റെയീ ശരീരത്തോടുള്ള അഭിനിവേശം കൊണ്ടോ നാഗകാളി മഠത്തിനു വേണ്ടിയോ അല്ല. അത് മനസ്സിലാക്കാൻ തനിക്ക് ഈ ജന്മം കഴിയുമെന്ന് തോന്നുന്നില്ല…”

അവളുടെ മുടി പുറകിൽ കൂട്ടി പിടിച്ചു മുഖമുയർത്തി കണ്ണുകളിലേക്ക് നോക്കി അനന്തൻ പറഞ്ഞു. “അതുകൊണ്ട് ഇനി മേലാൽ ആരെങ്കിലും പറയുന്നത് കേട്ട് എന്റെ സ്നേഹത്തെ സംശയിക്കരുത്.ഇങ്ങിനെയാവില്ല ഞാൻ പ്രതികരിക്കുക.. നേരിൽ കാണുന്നതിലും മുൻപേ പ്രണയിക്കാൻ തുടങ്ങിയതാണ് എന്റെ മനസ്സ്….” പത്മയെ തള്ളി മാറ്റി അവൻ പടികൾ കയറി പോയിട്ടും അനങ്ങാനാവാതെ ചുമരിൽ ചാരി നിൽക്കുകയായിരുന്നു അവൾ. പത്മയുടെ കാലുകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു… തിരികെ റൂമിലെത്തിയപ്പോൾ അനന്തൻ അവിടെ ഉണ്ടായിരുന്നില്ല. പടർന്ന സിന്ദൂരം കഴുകി കളഞ്ഞു സാരി നേരെയിട്ട് പത്മ അടുക്കളയിലേക്ക് നടന്നു.

ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ അടുക്കളയിൽ നിന്നും ഒരു ബൗളിൽ കറിയുമായി വരികയായിരുന്നു. അനന്തന്റെ പൊട്ടിച്ചിരി കേട്ട് മുഖമുയർത്തി നോക്കുമ്പോൾ അരുണിനോട് എന്തോ പറഞ്ഞിട്ട് വിനയിനെ നോക്കി കണ്ണിറുക്കി കാണിക്കുകയായിരുന്നു അനന്തൻ. ഒരു നിമിഷം ആ ചിരി നോക്കി സ്വയമറിയാതെ നിന്നുപോയ പത്മ ആ കണ്ണുകൾ തന്റെ നേർക്കു തിരിഞ്ഞപ്പോൾ വെപ്രാളത്തോടെ നോട്ടം മാറ്റി കൈയിലെ ഡിഷ്‌ ടേബിളിലേക്ക് വെച്ചു. ചുറ്റുമൊന്ന് കണ്ണോടിച്ച അനന്തനും ഒന്ന് ചിരിച്ചു. പിന്നെ ഒന്നുമറിയാത്ത പോലെ നിൽക്കുന്ന പത്മയെ നോക്കി. പത്മ അടുക്കളയിൽ നിൽക്കുമ്പോഴാണ് അനന്തൻ വിളിച്ചത്. പുറത്തേക്ക് ചെന്നപ്പോൾ നടുമുറ്റത്തിപ്പുറമുള്ള വരാന്തയിലെ തൂണിനടുത്ത് നിന്ന് ഫോണിൽ സംസാരിക്കുകയാണ് ആൾ.

ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്. ആരോടാണ് ഇങ്ങനെ കൊഞ്ചി കുഴയുന്നതെന്നോർത്താൻ അടുത്തേക്ക് ചെന്നത്. “ഞാൻ കൊടുക്കാം.. ” ഫോണിൽ പറഞ്ഞിട്ട് അനന്തൻ ഫോൺ അവളുടെ നേരേ നീട്ടി. പത്മ സംശയത്തോടെ അവനെയൊന്ന് നോക്കിയിട്ടാണ് ഫോൺ വാങ്ങിയത്. “ഹെലോ.. ” “ഡീ അലവലാതി.. ഡാഷേ.. കോടീശ്വരപത്നിയായപ്പോഴേക്കും നീ ഞങ്ങളെ മറന്നല്ലേ… ” “കൃഷ്ണാ.. ” “ഓ തമ്പുരാട്ടിയ്ക്ക് ഞങ്ങളുടെ പേരൊക്കെ ഓർമ്മയുണ്ടോ? ” പിന്നെയൊരു മലവെള്ള പാച്ചിലായിരുന്നു. ശ്രുതിയും കൃഷ്ണയും മാറി മാറി അവളെ അറിയാവുന്ന പേരുകളെല്ലാം വിളിച്ചു. ഇന്നലെയും അനന്തന്റെ ഫോണിൽ വിളിച്ചിരുന്നത്രേ അവർ. പത്മ തലവേദന ആയിട്ട് കിടക്കുവാണെന്ന് അനന്തൻ പറഞ്ഞുവെന്ന് ശ്രുതി പറഞ്ഞു. “അല്ല ഇനിയെന്താ പ്ലാൻ..

നീ എക്സാം എഴുതുന്നില്ലേ, അതോ ഹണിമൂണിന്റെ തിരക്കിലാണോ കൊച്ചേ ” “ഒന്ന് പോടീ.. എക്സാം എഴുതണം.. ” “ന്നാൽ നീ നാളെ വന്നു റെക്കോർഡും നോട്സുമൊക്കെ വാങ്ങി കൊണ്ട് പോ.. ” “ഞാൻ നോക്കട്ടടീ.. ” പിന്നെയും ഒത്തിരി വിശേഷങ്ങൾ പറഞ്ഞാണ് വെച്ചത്. കാൾ കട്ട്‌ ചെയ്തതിനു ശേഷം റൂമിലേക്ക് നടക്കുന്നതിനിടെയാണ് പത്മ ഫോണിലേക്ക് നോക്കിയത്. അവളുടെ ചിത്രമായിരുന്നു ഡിസ്പ്ലേയിൽ. പത്മ ഞെട്ടലോടെ ഒന്ന് കൂടെ നോക്കി. അന്ന് ആദ്യമായി അനന്തനെ കണ്ട ദിവസം.. അവൾ iമാവിൽ കയറി ഇറങ്ങാൻ ശ്രമിക്കുന്ന സീൻ… മഞ്ഞ പാവാടയും ചുവപ്പ് ദാവണിയുമിട്ട, ഇലകൾക്കിടയിലൂടെയുള്ള, ആ ഫോട്ടോ നല്ല ഭംഗിയുണ്ടായിരുന്നു.

എന്നാലും അന്ന് താൻ പോലും അറിയാതെ.. പത്മ ഫോണുമായി ചെന്നപ്പോൾ അനന്തൻ മുറിയിലുണ്ടായിരുന്നു. ഫോൺ കൈയിലേക്ക് കൊടുക്കുന്നതിനിടെ പത്മ പറഞ്ഞു. “നാളെ എനിക്കൊന്ന് കോളേജിൽ പോവണം.. ” അനന്തൻ തലയാട്ടി. “ഞാൻ കൃഷ്ണയോട് ട്രീറ്റ്‌ തരാമെന്ന് പറഞ്ഞിട്ടുണ്ട്. നാളെ പോവാം.. ” എന്റെ ദേവി, ഇങ്ങേരും വരുന്നുണ്ടോ.. വിമൻസ് കോളേജാണ്, മൊത്തം പിടക്കോഴികളുമിളകും.. പത്മ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അനന്തൻ അവൾക്കരികെ എത്തി. “എന്ത് പറ്റി തമ്പുരാട്ടിയ്ക്ക്, എന്നെ ഹസ്ബൻഡ് എന്ന് പറഞ്ഞു പരിചയപ്പെടുത്താൻ നാണക്കേട് വല്ലതുമുണ്ടോ ” ഞാൻ പരിചയപ്പെടുത്തേണ്ടി വരില്ല എല്ലാതുങ്ങളും കൂടെയങ്ങു ഇടിച്ചു കയറി പരിചയപ്പെട്ടോളും. പത്മ പിറുപിറുക്കുന്നത് കണ്ടാണവൻ ചോദിച്ചത് “എന്താ..? ”

“അത്… ” അപ്പോഴാണ് അനന്തന്റെ കൈയിലെ മൊബൈൽ പത്മയുടെ കണ്ണിൽ പെടുന്നത്. “ന്തിനാ അന്നെന്റെ ഫോട്ടോ എടുത്തത്..? ” അവളെ ഒന്ന് നോക്കി അനന്തൻ ഫോണിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു. “വര്ഷങ്ങളായി കാണണമെന്നു ആഗ്രഹിച്ച ആളെ ആദ്യമായി കണ്ട സീനാണിത്… ” പത്മ പതിയെ മുഖമുയർത്തി അനന്തനെ നോക്കി. ആ കണ്ണുകളിൽ കണ്ട പ്രണയത്തിന്റെ തീവ്രത അവൾ ജീവിതത്തിൽ ആദ്യമായി കാണുന്നതായിരുന്നു… ആ കണ്ണുകളുടെ തീക്ഷ്ണത നേരിടാനാവാതെ വന്നപ്പോഴാണ് അവൾ മെല്ലെ തിരിഞ്ഞു നിന്ന് പറഞ്ഞത്. “ആരെങ്കിലും വിളിച്ചാൽ അത് ന്നോട് പറയണതാണ് മര്യാദ ” പെട്ടെന്നുള്ള അവളുടെ വിഷയമാറ്റത്തിൽ ഒന്ന് പകച്ചെങ്കിലും ഇത്തിരി പരിഹാസം കലർത്തിയായിരുന്നു മറുപടി.

“ആഹാ അന്തസ്സ്… ഞാൻ സോറി പറഞ്ഞു പിന്നാലെ നടന്നപ്പോഴൊന്നും മാഡത്തിന് ഈ മര്യാദ കണ്ടില്ല? ” “ആ സോറി ഞാൻ പ്പോഴും സ്വീകരിച്ചിട്ടില്ല ” “കാരണം…? ” “ന്റെ കഴുത്തിലെ താലി പൊട്ടിയ്ക്കാൻ നോക്കിയാൽ ഞാൻ ഇനിയും അങ്ങനെയേ ചെയ്യൂ…അതാരായാലും… ” പത്മയുടെ കണ്ണുകൾ നിറഞ്ഞെങ്കിലും വാക്കുകൾ ഉറച്ചതായിരുന്നു. അവൾ വെട്ടിത്തിരിഞ്ഞു നടക്കാൻ ശ്രമിച്ചപ്പോഴേക്കും അനന്തൻ പിറകിൽ നിന്നും ചേർത്ത് പിടിച്ചിരുന്നു. ആ നിശ്വാസവും താടിരോമങ്ങളും പത്മയുടെ പിൻ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു. “അത് ഈ താലിയോടുള്ള ഇഷ്ടം കൊണ്ടാണോ അതോ അത് കെട്ടി തന്ന ആളോടുള്ളതോ? ” പത്മയുടെ മുഖം ചുവന്നു. അടുത്ത നിമിഷം അവന്റെ കൈക്കുള്ളിൽ നിന്ന് തെന്നി മാറി അവൾ പുറത്തേക്കോടി, അതിനിടയിൽ പറഞ്ഞു. “ഈ താലി നിക്ക് അത്രയ്ക്കും ഇഷ്ടമാ.. ”

അനന്തൻ അവളുടെ സാരിത്തുമ്പിൽ പിടിക്കാൻ നോക്കിയെങ്കിലും കിട്ടിയില്ല, കൈ കുടഞ്ഞു കൊണ്ടവൻ പറഞ്ഞു. “ഈ പെണ്ണ്…ബ്ലഡി അൺറോമാന്റിക് ഗ്രാമവാസി ” വാതിൽ കടന്നിട്ട് പത്മ പതിയെ തല ചെരിച്ചു ചിരിയോടെ അനന്തനെ നോക്കി കണ്ണിറുക്കി. ഒരു കൈ എളിയിൽ കുത്തി താടി തടവി മീശയുടെ അറ്റം കടിച്ചു പിടിച്ചു ചിരിക്കുന്ന അനന്തനെ കണ്ടതും പത്മ ഒരു നിമിഷം അങ്ങനെ നിന്നു പോയി. ആ നുണക്കുഴിയിൽ കണ്ണോടിച്ച് നിൽക്കുന്നതിനിടെ അവനൊന്നു മുന്നോട്ടാഞ്ഞപ്പോൾ പത്മ ചിരിയോടെ ഇടനാഴിയിലൂടെ പുറത്തേക്കോടി. ചെന്നെത്തിയത് അരുന്ധതിയുടെ മുൻപിലാണ്. അവരുടെ ചിരി കണ്ടതും അവളുടെ മുഖം ഒന്ന് കൂടെ തുടുത്തു. എല്ലാം കണ്ടു കൊണ്ട് ഹാളിന്റെ ഒരു കോണിൽ നിന്നയാളെ അവർ കണ്ടില്ല…

(തുടരും )

നാഗമാണിക്യം: ഭാഗം 16

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!